പഴയനിയമത്തിലെ അപ്പോക്രിഫ വിഭാഗത്തിൽ പെടുന്ന ഒരു ഗ്രന്ഥമാണ് യൂദിത്തിന്റെ പുസ്തകം. എബ്രായബൈബിളായ തനക്കിൽ ഉൾപ്പെടാത്ത ഈ കൃതി യഹൂദവിശുദ്ധലിഖിതങ്ങളുടെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിന്റെ ഭാഗമാണ്. കത്തോലിക്കാരും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഇതിനെ പഴയനിയമത്തിലെ ഒരു ഉത്തരകാനോനിക രചനയായി അംഗീകരിക്കുന്നു. എന്നാൽ യഹൂദരും പ്രൊട്ടസ്റ്റന്റ് സഭകളും ഈ ഗ്രന്ഥത്തെ അവരുടെ ബൈബിൾ സംഹിതകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ചരിത്രസംബന്ധിയായ ഒട്ടേറെ അബദ്ധങ്ങൾ ഈ കൃതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതിനാൽ പല ചരിത്രകാരന്മാരും ഇതിനെ ചരിത്രപരമായ രചനായായി കണക്കാക്കാതെ, ഒരു അന്യാപദേശമോ, ചരിത്രനോവലോ ആയി കരുതുന്നു.[1]

ഹൊളോഫർണസിന്റെ ശിരസുമായി യൂദിത്ത്, ലണ്ടണിലെ രാജകീയ ശേഖരത്തിലുള്ള ക്രിസ്റ്റൊഫാനോ അല്ലോറിയുടെ 1613-ലെ ചിത്രം

"യൂദിത്തിന്റെ പുസ്തകം" യഹൂദ ദേശസ്നേഹികളെ ആകർഷിക്കാൻ കാരണം അതിന്റെ പശ്ചാത്തലത്തിലെ രാഷ്ട്രീയ സംഘർഷവും മോശെയുടെ നിയമത്തോടു വിശ്വസ്തത പുലർത്തേണ്ടതിന്റെ ആവശ്യകതയിലുള്ള ഊന്നലും ആകാം. എങ്കിലും അതിന്റെ സ്ഥായിയായ ജനപ്രീതിക്കു പിന്നിൽ അതിലെ കഥയുടെ അസാമാന്യമായ നാടകീയതയാണ്.

കഥ തിരുത്തുക

 
ഹൊളോഫർണസിന്റെ ശിരഛേദം, കരവാജിയോയുടെ ഭാവനയിൽ

വിദേശികളായ ആക്രമണകാരികളിൽ നിന്ന് തങ്ങളെ രക്ഷിക്കാനുള്ള യഹോവയുടെ കഴിവിനെ സംശയിച്ച ജനങ്ങളുടെ മനോഭാവത്തെ ചോദ്യം ചെയ്ത ഭക്തയും സുന്ദരിയുമായ യൂദിത്ത് എന്ന യുവവിധവയാണ് ഈ കഥയിലെ നായിക. എബ്രായ ഭാഷയിൽ വാഴ്ത്തപ്പെട്ടവൾ" എന്നോ "യൂദത്തി" അർത്ഥം വരുന്ന യൂദിത്ത് എന്ന പേര് യൂദാ എന്ന പേരിന്റെ സ്ത്രീലിംഗമാണ്.

സമരിയായിലെ ബതൂലിയാ നഗരം ഉപരോധിച്ചിരുന്ന അസീറിയൻ സൈന്യാധിപനായ ഹൊളോഫർണസിന്റെ സങ്കേതത്തിലേക്ക് തന്റെ വിശ്വസ്തയായ പരിചാരികക്കൊപ്പം പോയ യൂദിത്ത് ഇസ്രായേൽക്കാരുടെ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകി ക്രമേണ സൈന്യാധിപന്റെ പ്രീതി നേടിയെടുക്കുന്നു. ഒടുവിൽ അവളെ പൂർണ്ണമായി വിശ്വസിച്ച ഹൊളോഫർണസിന്റെ കൂടാരത്തിൽ പ്രവേശനം കിട്ടിയ യൂദിത്ത് മദ്യലഹരിയിൽ ബോധംകെട്ടു കിടന്ന അയാളെ ശിരഛേദം ചെയ്യുകയും മുറിച്ചെടുത്ത തല, ഭയപ്പാടിൽ കഴിഞ്ഞിരുന്ന സ്വജനങ്ങളുടെ അടുത്തേക്കു കൊണ്ടുപോവുകയും ചെയ്യുന്നു. നേതാവിനെ നഷ്ടപ്പെട്ട് അങ്കലാപ്പിലായ അസീറിയൻ സൈന്യം ചിതറിപ്പോയതോടെ ഇസ്രായേൽ രക്ഷപെടുന്നു.

തുടർന്നുള്ള കാലത്ത് പലരും യൂദിത്തിനെ വിവാഹം കഴിക്കാനാഗ്രഹിച്ചെങ്കിലും അവൾ ജീവിതാവസാനം വരെ അവിവാഹിതയായി തുടരുന്നു. എല്ലാവരാലും ബഹുമാനിക്കപ്പെട്ട് പക്വവാർദ്ധക്യത്തോളം ജീവിച്ച അവൾ 105 വയസ്സുള്ളപ്പോൾ മരിച്ചു. ഭർത്താവിനെ സംസ്കാരിച്ചിരുന്ന കല്ലറയിൽ അവൾ സംസ്കരിക്കപ്പെട്ടു. ഇസ്രായേൽക്കാർ അവൾക്കു വേണ്ടി ഏഴുദിവസം ദുഃഖം ആചരിച്ചു.

പാഠങ്ങൾ തിരുത്തുക

യൂദിത്തിന്റെ മൂലം എഴുതപ്പെട്ടത് എബ്രായഭാഷയിലോ ഗ്രീക്കിലോ എന്നു നിശ്ചയിക്കുക വയ്യ. ഇപ്പോൾ ലഭ്യമായതിൽ ഏറ്റവും പഴയതായ ഗ്രീക്കു സെപ്ത്വജിന്റ് പാഠം എബ്രായഭാഷയിൽ നിന്നുള്ള പരിഭാഷയോ മൂലപാഠം തന്നെയോ ആകാം. പദസംഹിതയുടേയും ശൈലിയുടേയും വിശദാംശങ്ങളിൽ തെളിയുന്നത്, സെപ്ത്വജിന്റിൽ ഉൾപ്പെട്ട മറ്റു ഗ്രന്ഥങ്ങളുടെ പരിഭാഷയിലൂടെ വികസിച്ചു വന്ന ഗ്രീക്കു ശൈലിയാണ്.[2] ഗ്രീക്കു പാഠത്തിനു സമാന്തരമായ സമ്പൂർണ്ണപാഠങ്ങളും സംക്ഷേപങ്ങളുമായി ഇപ്പോൾ നിലവിലുള്ള എബ്രായപാഠങ്ങളെല്ലാം മദ്ധ്യയുഗങ്ങൾക്കപ്പുറം പഴക്കമില്ലാത്തവയാണ്. എബ്രായപാഠങ്ങൾ സെലൂക്കിയ രാജാവായ അന്തിയോക്കോസ് എപ്പിഫാനസിനെപ്പോലുള്ള ചരിത്രപുരുഷന്മാരെ പേരെടുത്തു പറയുകവഴി കഥയെ, യഹൂദർ സെലൂക്കിയ രാജാക്കന്മാരോട് സമരം ചെയ്ത മക്കബായ യുഗത്തിൽ വ്യക്തതയോടെ പ്രതിഷ്ഠിക്കുന്നു. ബാബിലോൺ സാമ്രാട്ടായിരുന്ന നെബുക്കെദ്നസർ ഗ്രീക്കു പാഠത്തിൽ നിനവേയിൽ ഭരണം നടത്തിയ അസീറിയർ സാമ്രാട്ടാവുന്നു. ചരിത്രദൃഷ്ടിയിൽ അബദ്ധമായ ഈ പരാമർശം ഏതോ പകർപ്പെഴുത്തുകാരന്റെ കൂട്ടിച്ചേർക്കലാണെന്നും, സുവിശേഷങ്ങൾ ജൂലിയസ് സീസറിന്റെ പിൻഗാമിയായ തിബേരിയസ് ചക്രവർത്തിയെ 'സീസർ' എന്നു വിളിക്കുന്നതു പോലെ ബാബിലോൺ രാജാവിന് മനഃപൂർവം നൽകിയ സ്ഥാനപ്പേരാണെന്നും മറ്റും വിശദീകരണമുണ്ട്.

പ്രശ്നങ്ങൾ തിരുത്തുക

യൂദിത്തിന്റെ പുസ്തകത്തിൽ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഒന്നാം അദ്ധ്യായത്തിലെ ആദ്യവാക്യത്തിൽ തന്നെ, ബാബിലോൺ സാമ്രാട്ടായിരുന്ന നെബുക്കദ്നെസ്സറെ, നിനവേ ആസ്ഥാനമാക്കി ഭരിച്ച അസീറിയൻ സാമ്രാട്ടാക്കുന്നതാണ് ഈ തെറ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. നെബുക്കദ്നെസ്സർ മേദിയായിലെ രാജാവ് അർഫാക്സാദിനെ വധിക്കുന്നതായും അദ്ദേഹം സ്ഥാപിച്ച എക്ബത്താനാ നഗരം നശിപ്പിക്കുന്നതായും പറയുന്നതും അബദ്ധമാണ്. എക്ബത്താനയുടെ സ്ഥാപകൻ ദിയോസസ് രാജാവും അതിനെ കീഴടക്കിയത് നെബുക്കദ്നെസ്സറിനെ കാലശേഷം, ക്രി.മു. 554-ൽ സൈറസ് ചക്രവർത്തിയുമാണ്. രണ്ടാം അദ്ധ്യായത്തിൽ ഹൊളോഫർണസിന്റെ സൈന്യം നിനെവേയിൽ നിന്ന് ഉത്തര സിലീസിയ വരെയുള്ള 800 കിലോമീറ്റർ യാത്ര ചെയ്യുന്നത് വെറും മൂന്നു ദിവസം കൊണ്ടാണ്. തുടർന്ന് അവർ ആഫ്രിക്കയും ഏഷ്യാമൈനറും പിന്നിട്ട ശേഷം യൂഫ്രട്ടീസ് നദി കടന്ന് മെസൊപൊട്ടേമിയയിലൂടെ സിലീസിയായിൽ തന്നെ എത്തുന്നു.[3]

ഈ കൃതിയിൽ പ്രഘോഷിക്കപ്പെടുന്ന യൂദിത്തിന്റെ പ്രവൃത്തികൾ ധാർമ്മികവും സദാചാരപരവുമായ പ്രശ്നങ്ങൾ ഇതുയർത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഹൊലോഫർണസുമായുള്ള ഇടപെടലിൽ യൂദിത്ത് കാണപ്പെടുന്നത് കാര്യലാഭത്തിനുവേണ്ടി മുഖസ്തുതിയും, നുണയും സമൃദ്ധിയായി ഉപയോഗിച്ച് ഒടുവിൽ ചതിയിലൂടെ കൊലപാതകം നടത്തുന്നവളായാണ്. പ്രേമത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണെന്നും ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നും ഉള്ള വിവാദപരമായ തത്ത്വങ്ങളിൽ വിശ്വസിക്കുന്നവളായാണ് ഇതിലെ നായിക കാണപ്പെടുന്നെന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹായി പറയുന്നു.[3]

കാനോനികത തിരുത്തുക

 
ഹൊളൊഫർണസിന്റെ തലയുമായി യൂദിത്ത്, 17-ആം നൂറ്റാണ്ടിൽ സൈമൺ വൗറ്റ് വരച്ച ചിത്രം - മ്യൂനിക്കിലെ പഴയ പിനാകോതെക് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്)

ജെറോമിന്റെ ലത്തീൻ പരിഭാഷയ്ക്കു മുൻപ്, യൂദിത്തിന്റെ പുസ്തകത്തിന്റെ ചരിത്രപരമായ ആധികാരികതയും കാനോനികതയും ആദ്യകാല ക്രിസ്തീയസഭയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ക്രിസ്തീയ ലിഖിതങ്ങളിൽ ആ കൃതിയിൽ നിന്നുള്ള ആദ്യത്തെ ഉദ്ധരണിയ്ക്ക് ഒന്നാം നൂറ്റാണ്ടിലെ ക്ലെമന്റിന്റെ ആദ്യലേഖനത്തോളം പഴക്കമുണ്ട്.[4] അദ്ദേഹം ഈ കഥ പറയുന്നത് ഹ്രസ്വമായാണ്, യൂദിത്തിന്റെ നഗരമായ ബെത്തൂലിയയുടെ കാര്യവും നിനവേ നഗരത്തിന്റെ കാര്യവും മറ്റും അദ്ദേഹം ഒഴിവാക്കുന്നു. കാനോനികമായ എസ്തേറിന്റെ പുസ്തകത്തിനൊപ്പം സമാനമായ കാനോനികതയുള്ള ചരിത്രാഖ്യാനം എന്ന നിലയിലാണ് ക്ലെമന്റ് യൂദിത്തിന്റെ പുസ്തകത്തെക്കുറിച്ചു പറയുന്നത്. എബ്രായബൈബിളിൽ ഉൾപ്പെടാത്തതെങ്കിലും കാനോനികമായ ഗ്രന്ഥങ്ങൾ ചേർന്ന "അനാഗിനോസ്കോമേന" എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതായി ആ കൃതി കണക്കാക്കപ്പെട്ടു പോന്നു. പിൽക്കാലത്ത് ആ വിഭാഗം ഗ്രന്ഥങ്ങൾ ഉത്തരകാനോനികങ്ങൾ എന്നു വിളിക്കപ്പെട്ടു. മിലാലിനെ മെത്രാനായിരുന്ന സഭാപിതാവ് അംബ്രോസും ഈ കൃതിയെ കാനോനികമെന്ന മട്ടിൽ പരാമർശിക്കുന്നു.[5] നെബുക്കദ്നസറുടെ ചരിത്രപശ്ചാത്തലം സഭാപിതാക്കന്മാർക്ക് അറിയില്ലായിരുന്നു. എങ്കിലും അവരിൽ ചിലർ അദ്ദേഹവും പേർഷ്യയിലെ അർടാസെർക്സസ് മൂന്നാമൻ രാജാവും ഒരാളാണെന്നു കരുതി. അവരിരുവരുടേയും സ്വഭാവങ്ങൾ തമ്മിലുള്ള സാധർമ്മ്യത്തിന്റെ ആടിസ്ഥാനത്തിലായിരുന്നില്ല ഈ നിഗമനം. യൂദിത്തിന്റെ കഥയിൽ പരാമർശിക്കപ്പെടുന്ന ഹൊളോഫർണസിന്റേയും ബഗോവാസിന്റേയും പേരുകളുള്ളവർ അർട്ടാസെർക്സസിന്റെ സൈന്യത്തിലും ഉണ്ടായിരുന്നതായിരുന്നു അവരുടെ ന്യായം.

പഴയനിയമഗ്രന്ഥങ്ങളുടെ ആധികാരികതയ്ക്ക് എബ്രായഭാഷയിലുള്ള സാക്ഷ്യം ആവശ്യമാണെന്ന "വേരിറ്റാസ് ഹെബ്രായിക്കാ" (Veritas Hebraica) ന്യായത്തിൽ, ജെറോം ഉത്തരകാനോനികരചനകളുടെ ദൈവനിവേശിതസ്വഭാവത്തെ ചോദ്യം ചെയ്യാൻ മുതിർന്നെങ്കിലും ഗെലാസിയസ് ഒന്നാമൻ മാർപ്പാപ്പ ആ നിലപാടിനെ അംഗീകരിച്ചില്ല. ക്രി.വ. 397-ൽ ഹിപ്പോയിലെ അഗസ്റ്റിന്റെ നേതൃത്വത്തിൽ ആഫ്രിക്കയിലെ കാർത്തേജിൽ നടന്ന സഭാസമ്മേളനം ആ കൃതികൾക്കു കല്പിച്ച ആധികാരികതയെ മാനിക്കാനുള്ള മാർപ്പാപ്പയുടെ തീരുമാനത്തിന് ജെറോം വഴങ്ങിയതോടെ ഇതര ഉത്തരകാനോനിക രചനകൾക്കൊപ്പം യൂദിത്തും ജെറോമിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തയുടെ ഭാഗമായി. എങ്കിലും യൂദിത്തിന്റെ പരിഭാഷയ്ക്ക് ജെറോം ഉപയോഗിയിച്ചത് പഴയ ലത്തീൻ പരിഭാഷയുടെ മൂലമായിരുന്ന സെപ്ത്വജിന്റ് പാഠത്തിനു പകരം ഒരു കൽദായഭാഷ്യം ആയിരുന്നു. കാർത്തേജിലെ സഭാസമ്മേളനത്തിന്റെ തീരുമാനം പിൽക്കാലത്ത് ക്വിനിസെക്സ്റ്റിലെ സൂനഹദോസ് അംഗീകരിച്ചതിനാൽ, യൂദിത്ത് ഓർത്തഡോക്സ് സഭയുടെ ബൈബിൾ സംഹിതയിലും ഉൾപ്പെട്ടു. കത്തോലിക്കാസഭയിൽ, യൂദിത്ത് ഉൾപ്പെടെയുള്ള ഉത്തരകാനോനിക ഗ്രന്ഥങ്ങളുടെ ആധികാരികതയ്ക്ക് ത്രെന്തോസിലെ സൂനഹദോസും പിന്നീട് അടിവരയിട്ടു.

യൂദിത്തിന്റെ പുസ്തകം യഹൂദരചനകളുടെ അംഗീകൃതസംഹിതയുടെ ഭാഗമല്ലെങ്കിലും, യഹൂദരുടെ തിരുനാളായുടെ ഹനൂക്കായിൽ അനുസ്മരിക്കപ്പെടുന്ന സൈനികവിജയത്തെയാണ് അതിലെ കഥ സൂചിപ്പിക്കുന്നതെന്ന് യാഥാസ്ഥിതികയഹൂദരിൽ പലരും കരുതുന്നു.

അവലംബം തിരുത്തുക

  1. യൂദിത്തിന്റെ പുസ്തകത്തിലെ ആഖ്യാനം ചരിത്രമാണെന്നു വാദിക്കുന്ന കത്തോലിക്കാവിജ്ഞാനകോശം പോലും ആ ചരിത്രം ഗുരുതരമായ പൊരുത്തക്കേടുകൾ ഉള്ളതാണെന്നു സമ്മതിക്കുന്നു.
  2. Schmitz, Barbara (2010). "Holofernes's Canopy in the Septuagint". In Kevin R. Brine, Elena Ciletti and Henrike Lähnemann (ed.). The Sword of Judith. Judith Studies across the Disciplines. Open Book Publishers. ISBN 978-1-906924-15-7.
  3. 3.0 3.1 യൂദിത്തിന്റെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹായി (പുറങ്ങൾ 399-402) "...a shameless flatterer, a bold-faced liar and a ruthless assassin who seemingly follows two highly popular but debatable axioms: "all is fair in lover and war" and "the end justifies the means".
  4. "തന്റെ നഗരം ഉപരോധിക്കപ്പെട്ടപ്പോൾ, അനുഗൃഹീതയായ യൂദിത്ത് അപരിചിതരുടെ സങ്കേതത്തിലെക്കു പോകാൻ മൂപ്പന്മാരുടെ സമ്മതം വാങ്ങി; ആക്രമിക്കപ്പെട്ടിരുന്ന തന്റെ ദേശത്തോടും ജനതയോടുമുള്ള സ്നേഹത്തിന്റെ പേരിൽ, അപകടം വകവയ്ക്കാതെ അവൾ പോയി; കർത്താവ് ഹൊളോഫർണസിനെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു." ക്ലെമന്റിന്റെ ഒന്നാം ലേഖനം, അദ്ധ്യായം 55)
  5. "പരിശുദ്ധയായ യൂദിത്തും, ദീർഘമായ പ്രായശ്ചിത്തങ്ങളിലും ദിവസേനയുള്ള ഉപവാസത്തിൽ ഏർപ്പെട്ട്, ലൗകികസുഖങ്ങൾ തേടാതിരിക്കുകയും അപകടങ്ങളെ അവഗണിക്കുകയും മരണത്തെ പുച്ഛിക്കുകയും ചെയ്തു." അംബ്രോസ്, വിധവകളെ സംബന്ധിച്ച്, 7:38
"https://ml.wikipedia.org/w/index.php?title=യൂദിത്തിന്റെ_പുസ്തകം&oldid=4022910" എന്ന താളിൽനിന്ന് ശേഖരിച്ചത്