യേശുവിന്റെ അജ്ഞാത വർഷങ്ങൾ
ബൈബിളിലോ ഇതര ശ്രോതസ്സുകളിലോ ഒന്നും തന്നെ പരാമർശിക്കപ്പെട്ടുകാണാത്ത യേശുവിന്റെ കൗമാര കാലത്തെയാണ് " അജ്ഞാത വർഷങ്ങൾ" "കാണാതായ വർഷങ്ങൾ "(lost years of Jesus, unknown years ) എന്ന് വിളിക്കുന്നത് [1].
ബൈബിൾ വിവരണം
തിരുത്തുകയേശുവിന്റെ ജനനത്തെക്കുറിച്ചും , ബാല്യത്തെക്കുറിച്ചും സൂചനകൾ നൽകുന്ന ബൈബിൾ, "അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി."[2]എന്നും പറയുന്നുണ്ട്.
പിന്നീട് "യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വന്നു .""[3]വെന്നു മാത്രമേ പറയുന്നുള്ളൂ.അതിനു ശേഷം പ്രേഷിത പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന യുവാവിനെയാണ് സുവിശേഷങ്ങൾ അവതരിപ്പിക്കുന്നത്
"യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;"[4]
12വയസ്സിനും 30 വയസ്സിനു ഇടയിൽ യേശു സ്വന്തം നാട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നു തന്നെയാണ് ഭൂരിഭാഗം ക്രൈസ്തവ വിശ്വാസികളും കരുതിപ്പോരുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ അദ്ദേഹം ദേശാടനത്തിലായിരുന്നുവെന്നും കരുതുന്നവരുണ്ട്.
യേശുവിന്റെ പൗരസ്ത്യയാത്ര
തിരുത്തുകയഹൂദ മതസ്ഥനായിരുന്ന യേശുവിന്റെ പിൽക്കാല പ്രബോധനങ്ങൾ പലതും യഹൂദമത ചിന്തയ്ക്ക് അന്യവും , ചിലതൊക്കെ വൈരുദ്ധ്യാത്മകവുമായിരുന്നു. "കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു."[5]
എന്ന വേദപാഠത്തിനു വിരുദ്ധമായി "നിന്റെ വലത്തു കരണത്തടിക്കുന്നവനു നിന്റെ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക."എന്നായിരുന്ന യേശു ഉപദേശിച്ചത്.
വ്യഭിചാരിണിയെ ............അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം[6]എന്ന പഴയ നിയമത്തിനു വിരുദ്ധമായി, പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയട്ടെ എന്നായിരുന്നു യേശു പഠിപ്പിച്ചത്.
തന്റെ ജനതയ്ക്ക് തീർത്തും അന്യമായിരുന്നു ഇത്തരം ശാന്തോപദേശങ്ങൾ (pacifist teachings) ഭരണ കർത്താക്കളായിരുന്ന റോമാക്കാരിൽ നിന്നോ , അയൽദേശക്കാരായ പേർഷ്യക്കാരിൽ നിന്നോ അല്ലെന്നതു വ്യക്തമാണ്. ആയതിനാൽ അന്യ ദേശക്കാരിൽ നിന്നായിരിക്കണം ഈ ആശയം അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയത് എന്നാണ് "അജ്ഞാത വർഷങ്ങൾ" സൈദ്ധാന്തികരുടെ വീക്ഷണം. പക്ഷെ അങ്ങനെ ഉപദേശം കൊടുത്ത അന്യദേശക്കാർ ആരാണ് എന്നത് ഇന്നും ദുരൂഹം.
ബൗദ്ധ സ്വാധീനം
തിരുത്തുകക്രൈസ്തവ മതം യൂറോപ്പിൽ ആധിപത്യം സ്ഥാപിക്കുന്നതിനും ഏറെമുമ്പ് തന്നെ, ബുദ്ധമതത്തെക്കുറിച്ച് യൂറോപ്പ്യന്മാർക്ക് അറിവുണ്ടായിരുന്നു.ആദ്യകാല ക്രൈസ്തവ ആരാധനാക്രമങ്ങളും , വിശ്വാസാനുഷ്ഠാനങ്ങളും ബുദ്ധമതത്തിന്റേതിനോട് അതിശയിപ്പിക്കുന്ന സമാനത പുലർത്തുന്നു എന്ന് പിൽക്കാല ചരിത്രകാരന്മാർ കണ്ടെത്തുകയായിരുന്നു. 13ആം നൂറ്റാണ്ടിൽ ഏഷ്യൻ രാജ്യങ്ങളിൽ വിപുലമായി സഞ്ചരിച്ച് സുദീർഘമായി യാത്രാവിവരണങ്ങൾ എഴുതിയ യൂറോപ്യന്മാരുടെ കൃതികൾ ബൗദ്ധ ക്രൈസ്തവ സമാനതകളെ എടുത്തു കാട്ടുന്നവയായിരുന്നു ആശ്രമ ജീവിതം , പുണ്യാളന്മാരുടെ കഥകൾ, ആരാധനാ സമ്പ്രദായം,ധ്യാനാതിഷ്ടിത , തുടങ്ങിയ ധാരാളം കാര്യങ്ങളിലുള്ള ബൗദ്ധ/ക്രൈസ്തവ സാമ്യതകൾ യൂറൊപ്യന്മാരെ അതിശയിപ്പിക്കുക തന്നെ ചെയ്തു. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് യേശു തന്റെ അജ്ഞാത വർഷങ്ങൾ ചെലവഴിച്ചത് പൗരസ്ത്യനാടുകളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ ആയിരുന്നു എന്നാണ് അജ്ഞാത വർഷ കുതുകികളിൽ ഒരു കൂട്ടരുടെ വാദം. പഴയ പേർഷ്യൻ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഇന്നത്തെ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ,നേപ്പാൾ , ലഡാക്ക്, തിബറ്റ് എന്നിവിടങ്ങളായിരുന്നു യേശു സന്ദർശിച്ചതത്രെ.
നിക്കോളയ് നോട്ടൊവിച്ച്
തിരുത്തുക19ആം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ നിക്കോളയ് നൊട്ടൊവിച്ച് എന്ന റഷ്യൻ യാത്രികൻ രചിച്ച "The Unknown Life of Jesus Christ" എന്ന കൃതിയിലൂടെയാണ്.യേശുവിന്റെ ഇന്ത്യാ ജീവിതത്തിനു ഏറെ പ്രചാരവും പ്രസിദ്ധിയും ലഭിച്ചത്.[7]1887ൽ യൂറോപ്പിൽ നിന്നും യാത്ര തിരിച്ച നൊട്ടൊവിച്ച് മധ്യേഷ്യ, പേർഷ്യ , അഫ്ഘാനിസ്ഥാൻ, വഴി ഇന്ത്യയിലെത്തി. റാവൽപിണ്ടി, അമൃത്സർ , ലാഹോർ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കാഷ്മീരും തുടർന്നു ലഡാക്കും സന്ദർശിച്ചു. നാട്ടിലേക്ക് മടങ്ങാനിരിക്കെ ഒരു വീഴ്ചയിൽ കാലൊടിഞ്ഞു, ലഡാക്കിലെ ഹിമിസ് ബുദ്ധാശ്രമത്തിൽ സുഖം പ്രാപിച്ചുവരവെ, യേശുവിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിക്കുന്ന ബുദ്ധമത ലിഖിതങ്ങൾ വായിച്ചു കേട്ടു. ഒരു പരിഭാഷകന്റെ സഹായത്തോടെ അവ വിവർത്തനം ചെയ്ത് കുറിച്ചെടുത്തു. നാട്ടിൽ തിരിച്ചെത്തി 1890ൽ "The Unknown Life of Jesus Christ" പ്രസിദ്ധീകരിച്ചു. വിവാദങ്ങളുടേയും കോലാഹലങ്ങളുടേയും പെരുമഴ തന്നെയായിരുന്നു പിന്നീട്. നൊട്ടൊവിച്ച് വ്യാജനെന്നും കള്ളനെന്നും മുദ്രകുത്തപ്പെട്ടു. യേശുപോയിട്ട്, നൊട്ടൊവിച്ച് തന്നെയും ഇന്ത്യ സന്ദർശിച്ചുണ്ടായിരുന്നില്ല എന്നു തന്നെയും ആരോപിക്കപ്പെട്ടു. മാക്സ് മുള്ളർ ആയിരുന്നു നൊട്ടൊവിച്ച് കൃതിയുടെ ഏറ്റവും കടുത്ത വിമർശകൻ. നൊട്ടൊവിച്ചിന്റെ യാത്രയുടെ സത്യാവസ്ഥ അറിയാൻ മറ്റു പലരും ഇറങ്ങി പുറപ്പെടുകയുണ്ടായി. പല നിഗമനങ്ങളിലാണ് അവർ എത്തിച്ചേർന്നത്. ബൈബിളിന്റെയും ക്രൈസ്തവ മതത്തിന്റെയും അടിത്തറ ഇളകുന്ന ചർച്ചകൾക്ക് യേശുവിന്റെ ഇന്ത്യാ സന്ദർശന വാദം വഴിവെച്ചു.
കുരിശുസംഭവാനന്തര ഇന്ത്യാസന്ദർശനം
തിരുത്തുകഇസ്ലാമിലെ അഹമദിയ്യ പ്രസ്ഥാന സ്ഥാപകനായ മിർസ ഗുലാം അഹമദ് (1835-1908) നൊട്ടൊവിച്ചിന്റെ സമകാലികനായിരുന്നു. 1890-ൽ ഗുലാം അഹമദ് മസീഹ് ഹിന്ദുസ്ഥാൻ മേം (യേശു ഇന്ത്യയിൽ )[8]എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി. ക്രൂശിതനായ യേശു പക്ഷേ കുരിശ്ശിൽ മരിച്ചില്ല എന്നും പിന്നീട് സുഖം പ്രാപിച്ചു സ്വദേശത്തിൽ നിന്നും പലായനം ചെയ്യുകയായിരുന്നെന്നുമാണ് അഹമദിയ്യ വാദം. കാണാതെ പോയ ആട്ടിൻ പറ്റം എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന യഹൂദ ഗോത്രങ്ങളിലേക്ക് തന്റെ സന്ദേശമെത്തിക്കുക എന്നതായിരുന്നു യേശുവിന്റ പൗരസ്ത്യ യാത്രയുടെ ലക്ഷ്യമായി മിർസ ഗുലാം അഹമദ് ചൂണ്ടിക്കാട്ടിയത്. കശ്മീരിൽ എത്തിച്ചേർന്ന യേശു 120 വയസ്സുവരെ ജീവിച്ചിരുന്നു എന്നും കശ്മീരിലെ കാന്യാറിലുള്ള യൂസ് അസഫിന്റെ കബറിടം , റോസ ബൽ കുടീരം എന്നെല്ലാം അറിയപ്പെടുന്ന കുടീരം യേശുവിന്റേതാണെന്നും ഗുലാം അഹമദ് പ്രഖ്യാപിച്ചു.യേശുവിന്റെ അജ്ഞാത വർഷങ്ങളെപ്പറ്റി ഗുലാം അഹമദിന്റെ പുസ്തകം മൗനം പാലിക്കുന്നു. ബൗദ്ധസ്വാധീനം നേരെ വിപരീത ദിശയിലാണ് സംഭവിച്ചത് എന്നാണ് ഗുലാം അഹമദ് പിന്നീട് പ്രസ്താവിച്ചത് . യേശുവിന്റെ പ്രബോധനങ്ങളിൽ ആകൃഷ്ടരായ ബൗദ്ധമുനികൾ അവരുടെ ലിഖിതങ്ങളിലും, അധ്യാപനങ്ങളിലും അത് ഉൾക്കൊള്ളിക്കുകയായിരുന്നു എന്ന് ഗുലാം അഹമദ് ചൂണ്ടിക്കാട്ടി.
വർത്തമാനകാല ചർച്ചകൾ
തിരുത്തുകനൊട്ടൊവിച്ചിന്റെയും മിർസ ഗുലാം അഹമദിന്റെയും സമശീർഷ്യനായിരുന്ന ലെവി.എച്ച്.ഡൗലിംഗ് 1908ൽ "The Aquarian Gospel of Jesus Christ" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.ക്രൈസ്തവ പുരോഹിതനും മിസ്റ്റ്ക്ക് ചിന്തകനുമായിരുന്നു ഡൗലിംഗ്. യേശു തന്റെ അജ്ഞാത വർഷങ്ങളിൽ ഇന്ത്യ ,ടിബറ്റ്, പേർഷ്യ, അസ്സിറിയ, ഗ്രീസ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതായാണ് ഡൗലിംഗ് എഴുതിയത്. ജഗന്നാഥ ക്ഷേത്രത്തിലെ പുരോഹിതന്മാരുമായി യേശു സംവദിച്ചിരുന്നെന്നും , തുടർന്നു ബൗദ്ധമതസ്ഥരുമായും ഇടപഴകിയിരുന്നെന്നും അക്വാറിയൻ സുവിശേഷങ്ങൾ വാദിക്കുന്നു.[9]ഡൗലിംഗിന്റെ സുവിശേഷങ്ങൾ ദൈവപ്രചോദിതമായിരുന്നത്രെ.അക്വാറിയിൻ സുവിശേഷങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ അക്വാറിയൻ ക്രിസ്റ്റീൻ ചർച്ച് ഇന്നും അമേരിക്കയിൽ സജീവമാണ്.
വെള്ളിത്തിരയിൽ
തിരുത്തുക1976-ൽ lost years of Jesus എന്ന പേരിൽ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഹോളിവുഡ് സിനിമ പുറത്തിറങ്ങിയിരുന്നു. റിച്ചാർഡ് ബോക്ക് ആയിരുന്നു അതിന്റെ സംവിധായകൻ. 2010ൽ ഡ്രൂ ഹെറിയട്ട് എന്ന സംവിധായകൻ "അക്വാറിയൻ ഗോസ്പൽ "എന്ന സിനിമ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയുണ്ടായി. ചിത്രീകരണം അറബ് രാജ്യങ്ങളിലും , ഇറാൻ, ഇന്ത്യ , ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭിനേതാക്കളെയും ഉൾപ്പെടുത്തിയായിരിക്കുമെന്നു കരുതുന്നു.ചിത്രത്തിൽ യേശു ഇന്ത്യയിൽ പരിചയപ്പെടുന്ന ഒരു വനിതാ സുഹൃത്തിന്റെ വേഷത്തിനു ബോളിവുഡ് നടി മല്ലിക ഷേറാവത്ത് പരിഗണിക്കപ്പെടുന്നു എന്നത് വാർത്ത ആയിരിക്കുകയാണ്.
ഇതും കൂടി കാണുക
തിരുത്തുകയേശു ഗലീലിയിൽ തന്നെ ഉണ്ടായിരുന്നു !
തിരുത്തുകഅധികം ആരാലും അറിയപ്പെടാതെ യേശു ഗലീലിയിൽ തന്നെ ഉണ്ടായിരുന്നു എന്ന കാര്യം ബൈബിളിൽ നിന്ന് പ്രബലമാണ്.
1. അമ്മയുടെ ഒപ്പം
ലൂക്കോ.2:51 “പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള് എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.”
12 വയസ്സ് മുതൽ യേശുക്രിസ്തു നസറേത്തിൽ തൻറെ മാതാപിതാക്കൾക്ക് കീഴടങ്ങിയിരുന്നു എന്ന് ബൈബിൾ പറയുന്നു. എങ്ങോട്ടെങ്കിലും യേശുക്രിസ്തു പോയതായി ബൈബിളിൽ പറഞ്ഞിട്ടുമില്ല.
2. പതിവായി നസ്രത്തിലെ സിനഗോഗിൽ പോകുന്ന വ്യക്തി
ലൂക്കോ.4:16 : യേശു താൻ വളർന്ന സ്ഥലമായ നസറത്തിൽ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ പ്രവേശിച്ച് വായിക്കാൻ എഴുന്നേറ്റുനിന്നു.
“അവൻ വളർന്ന സ്ഥലമായ നസറത്തിൽ” എന്ന് വളരെ വ്യക്തമായിത്തന്നെ പറഞ്ഞിരിക്കുന്നു. മാത്രമല്ല, “പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ” എന്നും പറഞ്ഞിരിക്കുന്നു. പതിവായി ചെയ്യുന്ന ഒരു കാര്യമായിട്ടാണ് അത് പറഞ്ഞിരിക്കുന്നത്. അതുവരെ നാട്ടിൽ ഇല്ലാതിരുന്ന ആൾ ആയിരുന്നെങ്കിൽ “തൻറെ പതിവ് പോലെ” എന്നെഴുതുകയില്ല.
3. അറിവിൽ ആശ്ചര്യം
യോഹ.7:14,15 “പെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു”
12 വയസ്സു മുതൽ 30 വയസ്സ് വരെ തങ്ങളുടെ ഇടയിൽ ഇല്ലാതിരുന്ന ഒരാളെക്കുറിച്ച് അവർക്കങ്ങനെ ആശ്ചര്യപ്പെടെണ്ടി വരില്ല. മാത്രമല്ല, അങ്ങനെ വേറെ എവിടെയെങ്കിലും പോയ ഒരാൾ ആയിരുന്നു യേശു എങ്കിൽ അവർ പറയുന്നത്: “ഇവൻ എവിടെയൊക്കെയോ പോയി എന്തൊക്കെയോ പഠിച്ചു വന്നിരിക്കുന്നു” എന്നായിരിക്കും!
4. തങ്ങളുടെ ഒപ്പം ഉണ്ടായിരുന്നവൻ
“അവൻ അവിടെ നിന്നു പുറപ്പെട്ടു, തൻറെ പിതൃനഗരത്തിൽ ചെന്നു; അവൻറെ ശിഷ്യന്മാരും അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവൻറെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവൻറെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി” (മർക്കോസ്.6:1-3)
ഇവിടെയും ജനം അത്ഭുതപ്പെടുകയാണ്. തങ്ങളുടെ ഇടയിൽ ആശാരിപ്പണി ചെയ്തു നടന്ന ചെറുക്കൻ ആണ് ഇത്രേം വല്യ വല്യ കാര്യങ്ങൾ പറയുന്നത് എന്നാണ് അവർ അത്ഭുതപ്പെടുന്നത്. യേശുക്രിസ്തു പുറത്ത് എവിടെയെങ്കിലും പോയിട്ട് വന്ന ആളായിരുന്നെങ്കിൽ ഒരിക്കലും ജനം അങ്ങനെ അത്ഭുതപ്പെടുകയില്ല. തങ്ങൾക്കു ശരിക്കും അറിയാവുന്ന, തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ആയതുകൊണ്ടാണ് അവർ അത്ഭുതപ്പെട്ടത്.
അവലംബം
തിരുത്തുക- ↑ പി.ഓ.സി. ബൈബിൾ ലൂക്കായുടെ സുവിശേഷം
- ↑ ലുക്കോസ് 2:42
- ↑ ലുക്കോസ് 2:52
- ↑ ലുക്കോസ് 3:23
- ↑ ലേവ്യപുസ്തകം, അദ്ധ്യായം 24:20
- ↑ ആവർത്തന പുസ്തകം, അദ്ധ്യായം 22 :20,21
- ↑ നൊട്ടോവിച്ച് കൃതിയുടെ ഇ പതിപ്പ്
- ↑ "മിർസ ഗുലാം അഹമദ് രചിച്ച യേശു ഇന്ത്യയിൽ എന്ന പുസ്തകതിന്റെ ഇംഗ്ലീഷ് പരിഭാഷ". Archived from the original on 2009-08-31. Retrieved 2011-01-02.
- ↑ അക്വാറിയൻ സുവിശേഷങ്ങൾ വിക്കിഗ്രന്ഥശാലയിൽ