പുരുഷോത്തം ദാസ് ടണ്ടൻ

ഉത്തർ‌പ്രദേശിൽ നിന്നുമുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയാണ്‌ പുരുഷോത്തം ദാസ് ടണ്ടൻ

ഉത്തർ‌പ്രദേശിൽ നിന്നുമുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയാണ്‌ പുരുഷോത്തം ദാസ് ടണ്ടൻ (ഹിന്ദി:पुरुषोत्तम दास टंडन ഓഗസ്റ്റ് 1, 1882 - ജൂലൈ 1, 1962). രാജർ‌ഷി എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‌ 1961-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു [1]. ഹിന്ദി, ദേശീയഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ച പുരുഷോത്തം ദാസ് ടണ്ടൻ, ഹിന്ദി പ്രചാരസഭയുടെ സജീവപ്രവർത്തനുമായിരുന്നു [2].

പുരുഷോത്തം ദാസ് ടണ്ടൻ

ആദ്യകാല ജീവിതം

തിരുത്തുക

അലാഹാബാദിലെ ഒരു ഇടത്തരം ഖത്രി കുടുംബത്തിൽ ഷാലി ഗ്രാം ടണ്ഡന്റെ പുത്രനായി 1882 ആഗ. 1-ന് പുരുഷോത്തമ് ദാസ് ജനിച്ചു. ബാല്യകാല വിദ്യാഭ്യാസം വീട്ടിൽവച്ചു പൂർത്തിയാക്കി. ഹൈസ്ക്കൂൾ പരീക്ഷ ജയിച്ചശേഷം ഇദ്ദേഹം 1897-ൽ ചന്ദ്രമുഖീ ദേവിയെ വിവാഹം കഴിച്ചു. നിസ്വാർഥതയും അർപ്പണബോധവും ഒത്തുചേർന്ന ടണ്ഡന്റെ ഋഷിതുല്യമായ ജീവിതചര്യയ്ക്ക് സർവഥാ ഇണങ്ങുന്ന സ്വഭാവമഹിമ ഇദ്ദേഹത്തിന്റെ പത്നിക്കുണ്ടായിരുന്നു. അലാഹാബാദിലെ മ്യൂർ സെൻട്രൽ കോളജിൽ പഠിച്ച് ടണ്ഡൻ 1904-ൽ ബിരുദം സമ്പാദിച്ചു. പിന്നീട് അലാഹാബാദ് സർവകലാ ശാലയിൽ നിന്ന് നിയമ ബിരുദവും നേടി. ചരിത്രത്തിലും ഇദ്ദേഹം ബിരുദമെടുത്തിട്ടുണ്ട്. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ സ്വാതന്ത്യഭിവാഞ്ഛ വളരുകയും 1899-ൽ കോൺഗ്രസിൽ അംഗമായിക്കൊണ്ട് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ചെയ്തു. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയും ലാലാ ലജപത് റായിയും പൊതുപ്രവർത്തനരംഗത്ത് ടണ്ഡന്റെ മാർഗദർശികളായിരുന്നു. പിൽക്കാലത്ത് ലജപത് റായിയുടെ നേതൃത്വത്തിൽ രൂപവത്കൃതമായ 'ലോക് സേവക് മണ്ഡൽ' എന്ന സാമൂഹിക സേവനസംഘത്തിൽ ചേർന്നു പ്രവർത്തിക്കുകയും അധികം വൈകാതെതന്നെ അതിന്റെ മുന്നണിയിലെത്തിച്ചേരുകയും ചെയ്തു.

ടണ്ഡൻ 1906-ൽ അഭിഭാഷകവൃത്തി സ്വീകരിച്ചു. പിൽക്കാലത്ത് ദേശീയതലത്തിൽ അറിയപ്പെട്ട തേജ് ബഹാദൂർ സപ്രുവിന്റെ കീഴിൽ അലാഹാബാദ് ഹൈക്കോടതിയിലായിരുന്നു പ്രാക്ടീസ് ആരംഭിച്ചത് (1908). ധിഷണാ ശാലിയും പരിശ്രമശീലനു മായിരുന്ന ഇദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട് അഭി ഭാഷകനെന്ന നിലയിൽ കീർത്തി നേടി. പക്ഷേ അധികകാലം ആ മണ്ഡലത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചില്ല. ടണ്ഡൻ രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർ ത്തിച്ചു തുടങ്ങി. 1910-ഓടെ ഹിന്ദി പ്രചാരണരംഗത്തേക്കിറങ്ങി. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ഉപദേശപ്രകാരം 1914 മുതൽ '17 വരെ ഇദ്ദേഹം 'നഭ' എന്ന ചെറിയ നാട്ടുരാജ്യത്തിന്റെ നിയമവകുപ്പു മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1917-ൽ മന്ത്രിസ്ഥാനം രാജിവച്ച് ഹിന്ദി പ്രചാരണത്തിലേക്കു മടങ്ങിപ്പോയി.

ഇന്ത്യയിലെ കർഷകരുടെ ശോച്യാവസ്ഥയിൽ വ്യഥിതനായിരുന്നു ടണ്ഡൻ. ഇവിടത്തെ ജമീന്ദാർസമ്പ്രദായമാണ് ഈ അവസ്ഥയുടെ കാരണമെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. ഈ ദുരിതങ്ങൾക്ക് അറുതി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 1918 മുതൽ അലാഹാബാദിൽ കർഷകരെ സംഘടിപ്പിച്ചുതുടങ്ങി. ജാലിയൻവാലാബാഗ് കൂട്ടക്കൊല(1919)യെപ്പറ്റി അന്വേഷണം നടത്തിയ കോൺഗ്രസ് കമ്മിറ്റിയിൽ ടണ്ഡൻ സജീവാംഗമായിരുന്നു. ഇദ്ദേഹം 1919-ൽ പ്രയാഗ് മുനിസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവർത്തനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനായി 1921-ൽ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിൽ അക്കാലത്തു ദേശീയതലത്തിൽ ശക്തിയാർജിച്ചു വന്ന നിസ്സഹകരണസമരത്തിൽ പങ്കെടുത്തതിന്റെ ഫലമായി ഇദ്ദേഹം 1921-ൽ തടവിലായി. ജയിൽ മോചിതനായശേഷം ലജ്പത് റായിയുടെ ഉപദേശപ്രകാരം കുറച്ചുകാലത്തേക്ക് ലാഹോറിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ജനറൽ മാനേജരായി ജോലി നോക്കി. 1923-ൽ യുണൈറ്റഡ് പ്രോവിൻസിലെ കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ലജ്പത് റായിയുടെ മരണശേഷം ടണ്ഡൻ 'ലോക് സേവക് മണ്ഡലി'ന്റെ അധ്യക്ഷനായി. 1931-ലെ കറാച്ചി കോൺഗ്രസ് സമ്മേളനത്തിൽ ടണ്ഡൻ കൂടുതൽ ശ്രദ്ധേയനായിത്തീരുകയും പ്രവർത്തകസമിതി അംഗമായി ഉയരുകയും ചെയ്തു.

കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കുവേണ്ടി ഇദ്ദേഹം 1930-ൽ 'കേന്ദ്രീയ കിസാൻ സംഘ്' രൂപവത്ക്കരിച്ചു. കർഷകസംഘടനയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനായതോടെ ഇദ്ദേഹത്തോട് ബ്രിട്ടിഷ് സർക്കാരിനുള്ള അപ്രിയം വർധിച്ചു. ഇതു മൂലവും നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതുകൊണ്ടും പല തവണ അറസ്റ്റു ചെയ്യപ്പെട്ടു. ഇക്കാലത്തോടെ ടണ്ഡൻ അയിത്താചാരത്തിനും ഹരിജനപീഡനത്തിനുമെതിരായി രംഗത്തു വന്നു. 1937-ൽ യുണൈറ്റഡ് പ്രോവിൻസിലെ നിയമസഭാസ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടൂ. സ്പീക്കറെന്ന നിലയിലുള്ള പ്രവർത്തനശൈലി സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായി ഗാന്ധിജിയോടൊത്തു പ്രവർത്തിച്ച കാലത്തും ടണ്ഡൻ പൊലീസിന്റെ പീഡനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തേയും തൊഴിലാളി-കർഷക പ്രസ്ഥാനങ്ങളേയും തകർക്കുന്ന തരത്തിൽ പൌരസ്വാതന്ത്യ്രങ്ങൾ അടിച്ചമർത്തുന്ന ബ്രിട്ടീഷ് നയത്തെ ഇദ്ദേഹം ശക്തിയായി വിമർശിച്ചിരുന്നു. ഇന്ത്യാവിഭജനത്തെ ടണ്ഡൻ എതിർത്തിരുന്നു. 1946-ൽ ഇദ്ദേഹം കോൺ സ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ അംഗമായി. 1950-ൽ കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റാകുവാനും ഒരവസരമുണ്ടായി. പക്ഷേ, രൂക്ഷമായ അഭിപ്രായഭിന്നതമൂലം 1951-ൽ ആ പദവി രാജിവച്ചു. 1952-ൽ ലോക്സഭയിലേക്കും 1956-ൽ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ഹിന്ദിഭാഷയുടെ പ്രചാരണത്തിനുവേണ്ടി നിസ്തന്ദ്രം യത്നിച്ച ഒരു ഭാഷാപ്രേമികൂടിയായിരുന്നു ടണ്ഡൻ. സംസ്കൃതനിഷ്ഠമായ ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷയാകണമെന്ന ഉറച്ച അഭിപ്രായമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. അലാഹാബാദ് ഹിന്ദി സാഹിത്യ സമ്മേളൻ, വാർധാ രാഷ്ട്രഭാഷാ പ്രചാരസമിതി എന്നീ സംഘടനകളിൽ ഇദ്ദേഹം ദീർഘകാലം പ്രവർത്തിക്കുകയും വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തു. അഭ്യുദയ എന്ന ഹിന്ദി പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ എന്ന നിലയിൽ നൽകിയ സേവനങ്ങളും വിസ്മരിക്കാവതല്ല. ഹിന്ദി സാഹിത്യത്തിന്റെ വളർച്ചയിലും ഇദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. 1932-ൽ അഖില ഭാരതീയ ഹിന്ദി സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷനായി. സമ്മേളനത്തിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ 'വിദ്യാപീഠ'ത്തെ ഒരു സ്വതന്ത്ര സ്ഥാപനമായി വളർത്തിയെടുക്കുന്നതിലും ടണ്ഡൻ മുഖ്യപങ്കു വഹിച്ചു. ഹിന്ദിക്ക് അനുയോജ്യമായത് ദേവനാഗരി ലിപിതന്നെയാണ് എന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഗദ്യകാരൻ, നിരൂപകൻ, മാർഗദർശി, പ്രേരണാസ്രോതസ്സ് എന്നീ നിലകളിലാണ് ഹിന്ദി സാഹിത്യരംഗത്ത് ടണ്ഡൻ ചിരസ്മരണീയനായത്. ഹിന്ദിഭാഷ പ്രോത്സാഹിപ്പിക്കാൻവേണ്ടി ശ്രമിച്ചിരുന്നപ്പോഴും ഭാരതത്തിലെ മറ്റു പ്രാദേശികഭാഷകൾക്ക് അർഹമായ പദവി നൽകാൻ ഇദ്ദേഹം വിമുഖത കാട്ടിയിരുന്നില്ല. ബഹുഭാഷാപണ്ഡിതൻ കൂടിയായിരുന്നു ഇദ്ദേഹം. ഹിന്ദിപോലെതന്നെ ഉർദു, പേർഷ്യൻ തുടങ്ങിയ ഭാഷകളും അനായാസം കൈകാര്യം ചെയ്തിരുന്നു. മികച്ച വിദ്യാഭ്യാസവിചക്ഷണനെന്ന നിലയിലും ടണ്ഡൻ വിഖ്യാതനായിരുന്നു. വിദ്യാഭ്യാസം മാതൃഭാഷയിലൂടെയായിരിക്കണമെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള അറിവ് വിദ്യാർഥികൾക്ക് അവശ്യം ഉണ്ടായിരിക്കണമെന്ന് ഇദ്ദേഹം അസന്ദിഗ്ധമായി സമർഥിച്ചിരുന്നു. ഹിന്ദുമതത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദു -മുസ്ലീം മൈത്രിക്കുവേണ്ടി നടത്തിയ പ്രയത്നവും അവിസ്മരണീയമാണ്. കർഷകരുൾപ്പെടെയുള്ള അധഃസ്ഥിതവർഗത്തിന്റെ ഉന്നമനം തന്റെ ജീവിതത്തിലെ ഒരു പ്രധാന ലക്ഷ്യമായി ഈ മനുഷ്യസ്നേഹി കണക്കാക്കിയിരുന്നു. അനാരോഗ്യംമൂലം 1956-നു ശേഷം സജീവപൊതു പ്രവർത്തനത്തിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ടണ്ഡൻ നിർബന്ധിതനായി.

ഡോ. രാജേന്ദ്രപ്രസാദ്, ജവാഹർലാൽ നെഹ്റു, ഗോവിന്ദ വല്ലഭ് പന്ത് തുടങ്ങിയ ദേശീയ നേതാക്കളോടൊപ്പം പ്രവർത്തിച്ചിരുന്ന ടണ്ഡൻ 'മറ്റൊരു ഗാന്ധിജി' എന്ന നിലയിലാണ് ആദരിക്കപ്പെട്ടിരുന്നത്. ഗാന്ധിജിയെപ്പോലെ ലളിതജീവിതവും ആദർശമഹിമയും ആത്മനിയന്ത്രണവും സമുന്നതചിന്തയും ഇദ്ദേഹം സ്വായത്തമാക്കിയിരുന്നു. ഇക്കാരണത്താൽ മഹാത്മാഗാന്ധി ഇദ്ദേഹത്തെ 'രാജർഷി' എന്നു വിശേഷിപ്പിച്ചു. 1960 ഒ. 3-ന് അലാഹാബാദിലെ ഒരു പൊതുചടങ്ങിൽവച്ച് രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് ഇദ്ദേഹത്തിന് ടണ്ഡൻ അഭിനന്ദൻ ഗ്രന്ഥ് സമർപ്പിച്ചു. ഇദ്ദേഹത്തിന്റെ സേവനങ്ങൾക്കുള്ള അംഗീകാരമായി 1961-ൽ ഭാരതസർക്കാർ 'ഭാരതരത്ന' ബഹുമതി നൽകി ടണ്ഡനെ ആദരിച്ചു.

സ്വാതന്ത്ര്യ സമരത്തിൽ

തിരുത്തുക

1899-ൽ വിദ്യാർഥിയായിരിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ അദ്ദേഹം 1906-ൽ എ.ഐ.സി.സി. യിൽ അലഹബാദിനെ പ്രതിനിധീകരിച്ചു. 1919-ൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കോൺഗ്രസ് പാർട്ടി കമ്മറ്റിക്ക് വേണ്ടി പ്രവർത്തിച്ചു. 1920-കളിലും 1930-കളിലും നിസ്സഹകരണപ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം എന്നിവയിൽ പ്രവർത്തിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെട്ടു. 1937 ജൂലൈ 31 മുതൽ 1950 ഓഗസ്റ്റ് 10 വരെ ഉത്തരപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കർ ആയി പ്രവർത്തിച്ചിരുന്നു. 1946-ൽ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയിൽ

തിരുത്തുക

1952-ൽ ലോക്‌സഭയിലേക്കും 1956-ൽ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1952ൽ അലഹാബാദ്(സൗത്ത്) മണ്ഡലത്തിൽ നിന്നും എതിരില്ലാതെയാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.[3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-15. Retrieved 2010-07-05. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. http://www.liveindia.com/freedomfighters/13.html
  3. http://www.expressindia.com/latest-news/two-withdraw-papers-dimple-set-to-be-elected-without-contest-today/959852/[പ്രവർത്തിക്കാത്ത കണ്ണി]


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



"https://ml.wikipedia.org/w/index.php?title=പുരുഷോത്തം_ദാസ്_ടണ്ടൻ&oldid=4084583" എന്ന താളിൽനിന്ന് ശേഖരിച്ചത്