പി. ഗോവിന്ദപിള്ള
മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ് പി.ജി. എന്ന പി.ഗോവിന്ദപിള്ള(മാർച്ച് 25 1926- നവംബർ 22 2012).
പി. ഗോവിന്ദപിള്ള | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | കെ.എം. ചാക്കോ |
പിൻഗാമി | പി.ഐ. പൗലോസ് |
മണ്ഡലം | പെരുമ്പാവൂർ |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | കെ.എം. ചാക്കോ |
മണ്ഡലം | പെരുമ്പാവൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 26, 1926 |
മരണം | 22 നവംബർ 2012 | (പ്രായം 86)
രാഷ്ട്രീയ കക്ഷി | സി.പി.എം |
പങ്കാളി | എം.ജെ. രാജമ്മ |
കുട്ടികൾ | ഒരു മകൻ, ഒരു മകൾ |
മാതാപിതാക്കൾ |
|
As of നവംബർ 5, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകഎറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി ഗ്രാമത്തിൽ 1926 മാർച്ച് 25-ന് ആണ് പി.ജി.എന്ന പരമേശ്വരൻ പിള്ള ഗോവിന്ദപ്പിള്ളയുടെ ജനനം. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2012 നവംബർ 22 ന് രാത്രി 11.15 നോടെ അദ്ദേഹം അന്തരിച്ചു.[1] അച്ഛൻ എം.എൻ.പരമേശ്വരൻ പിള്ള. അമ്മ കെ.പാറുക്കുട്ടി അമ്മ. യാഥാസ്ഥിതിക ചുറ്റുപാടിലായിരുന്നു ജനിച്ചതെങ്കിലും കുട്ടിക്കാലം തൊട്ടേ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളിൽ പി.ജി. തൽപരനായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ രാജ്യമെങ്ങും ആഞ്ഞടിച്ചിരുന്ന കാലത്താണ് അദ്ദേഹം തന്റെ ബാല്യം ചിലവഴിച്ചത്.
വിദ്യാഭ്യാസം
തിരുത്തുകസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു.സി.കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. ഇതിനിടയിൽ കാലടി അദ്വൈതാശ്രമത്തിൽ നിന്ന് സ്വാമി ആഗമാനന്ദന്റെ കീഴിൽ ബ്രഹ്മസൂത്രം അഭ്യസിച്ചിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്ത് പി.ജി. ദേശീയപ്രസ്ഥാനവുമായി അടുത്തു. കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു അദ്ദേഹം. 1942-ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു. പി.കെ. വാസുദേവൻ നായർ, മലയാറ്റൂർ രാമകൃഷ്ണൻ മുതലായവരുമായുള്ള സുഹൃദ്ബന്ധം പി.ജി.യെ കമ്യൂണിസവുമായി അടുപ്പിച്ചു. ഇക്കാലത്ത് പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയെ കാണാനും സംസാരിക്കാനുമിടയായി. തുടർന്ന് പി.ജി. യും കമ്യൂണിസത്തിലേയ്ക്ക് തിരിഞ്ഞു[2]. ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കിയപ്പോഴേയ്ക്ക് തന്നെ പി.ജി. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിൽ വ്യാപൃതനായിക്കഴിഞ്ഞിരുന്നു.1946-ൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി അംഗമായി.
മകനെക്കുറിച്ച് വലിയ പ്രതീക്ഷകൾ വച്ച് പുലർത്തിയിരുന്ന അച്ഛൻ പരമേശ്വരൻ പിള്ള ഉപരിപഠനത്തിനായി പി.ജി.യെ മുംബൈയിലെ വിഖ്യാതമായ സെൻറ് സേവ്യേഴ്സ് കോളേജിലേയ്ക്കയച്ചു. സെൻറ് സേവ്യേഴ്സിൽ ബി.എ.(ഓണേഴ്സ്)-ന് ചേർന്നു. ഇക്കാലത്തും പി.ജി. പാർട്ടി പ്രവർത്തനം തുടർന്നിരുന്നു. കമ്യൂണിസ്റ്റ് സമരങ്ങളിൽ പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. പതിനാറു മാസത്തെ തടവു ശിക്ഷയ്ക്കു ശേഷം പാർട്ടി നിർദ്ദേശപ്രകാരം ബിരുദപഠനം പൂർത്തിയാക്കാതെ പി.ജി. കേരളത്തിൽ തിരിച്ചെത്തി.
പൊതുജീവിതം
തിരുത്തുകകേരളത്തിൽ തിരിച്ചെത്തിയ പി.ജി. കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു.1951-ൽ പെരുമ്പാവൂരിൽ നിന്ന് തിരു-കൊച്ചി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു[3]. 25-ആം വയസ്സിൽ അദ്ദേഹം സി.പി.ഐ. സംസ്ഥാന സമിതി അംഗമായി. 1954-ൽ പാർട്ടി പി.ജി.യെ ദൽഹിയിലേയ്ക്കയച്ചു. അവിടെ വച്ച് ഇ.എം.എസ്., എ.കെ.ജി. എന്നിവരുമായി അടുത്ത് പ്രവർത്തിച്ചു. പാർട്ടി പ്രസിദ്ധീകരണമായിരുന്ന ന്യൂ ഏജ്-ലും പ്രവർത്തിച്ചു. ഇതായിരുന്നു പത്രപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ.
ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം 1957-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് പി.ജി. നിയമസഭാംഗമായി. ഇ.എം.എസ്.-ന്റെ നേതൃത്വത്തിൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു. നിയമസഭയ്ക്കകത്തും പുറത്തും പി.ജി. പ്രവർത്തനനിരതനായിരുന്നു. വിമോചന സമരത്തെ തുടർന്ന് 1959-ൽ നിയമസഭ പിരിച്ചു വിട്ടു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെട്ടു. പെരുമ്പാവൂരിൽ നിന്ന് മത്സരിച്ച പി.ജി. കോൺഗ്രസിലെ കെ.എം.ചാക്കോയോട് പരാജയപ്പെട്ടു. 1960-കളുടെ തുടക്കത്തിൽ പാർട്ടി നിർദ്ദേശപ്രകാരം പി.ജി. വീണ്ടും ദൽഹിയിലേയ്ക്ക് പോയി. പാർടിയുടെ കീഴിൽ പീപ്പിൾസ് പബ്ളിഷിംഗ് ഹൌസ്(പി.പി.എച്ച്)-ൽ പ്രവർത്തിച്ചു.1964-ൽ പാർട്ടി പിളർന്നപ്പോൾ പി.ജി. സി.പി.ഐ(എം) ൽ നിലകൊണ്ടു. പി.പി.എച്ച്. സി.പി.ഐ. യുടെ കീഴിൽ ആയതിനാൽ ഉടൻ തന്നെ അദ്ദേഹം കേരളത്തിലേയ്ക്ക് മടങ്ങി.1962-ലെ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ചൈനാ ചാരൻമാർ എന്ന പേരിൽ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ട സി.പി.ഐ(എം) നേതാക്കളുടെ കൂട്ടത്തിൽ പി.ജി.യും ഉണ്ടായിരുന്നു. ജയിൽമോചിതനായ ശേഷം സി.പി.ഐ(എം) മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. 1967-ൽ പെരുമ്പാവൂരിൽ നിന്നു തന്നെ വീണ്ടും നിയമസഭാംഗമായി.
1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന് ഭൂരിഭാഗം സി.പി.ഐ(എം) നേതാക്കളും അറസ്റ്റിലായി[അവലംബം ആവശ്യമാണ്]. ജനാധിപത്യാവകാശങ്ങൾ പൂർണ്ണമായും നിഷേധിക്കപ്പെട്ടിരുന്ന ആ സമയത്ത് സ്വതന്ത്ര പത്രപ്രവർത്തനം സാദ്ധ്യമായിരുന്നില്ല. അതിനാൽ പാർട്ടി അനുവാദത്തോടു കൂടി നാടൻ കലകളേക്കുറിച്ചു പഠിയ്ക്കാൻ പി.ജി. മൈസൂർ സർവ്വകലാശാലയിൽ ചേർന്നു. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടപ്പോൾ ദേശാഭിമാനി എഡിറ്ററായിരിക്കെത്തന്നെ പാർട്ടിയുടെ കീഴിൽ നടന്ന സാംസ്കാരിക പ്രവർത്തനങ്ങളിലും മറ്റും അദ്ദേഹം പ്രധാന പങ്കു വഹിച്ചു. സി.പി.ഐ(എം-എൽ) നേതാവായിരുന്ന കെ.വേണുവിന് അഭയം നൽകിയതിനെത്തുടർന്ന് പി.ജി. പാർട്ടിയുടെ അച്ചടക്ക നടപടികൾക്ക് വിധേയനായി. തുടർന്ന് 1983൩-ൽ അദ്ദേഹം ദേശാഭിമാനി എഡിറ്റർ സ്ഥാനം ഒഴിഞ്ഞു.
1980-കളുടെ മധ്യത്തോടെ പി.ജി. തിരുവനന്തപുരത്ത് എ.കെ.ജി. പഠന-ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലത്തു തന്നെ കേരള പ്രസ്സ് അക്കാദമി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.1987-ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനായി. സി-ഡിറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.1998-ൽ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പ്രസ് അക്കാദമി ചെയർമാൻ, ജേർണൽ ഓഫ് ആർട് ആന്റ് ഐഡിയാസ് ത്രൈമാസികയുടെ പത്രാധിപസമിതി അംഗം. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ, സി ഡിറ്റിന്റെ സ്ഥാപക ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള- കാലിക്കറ്റ് സർവകലാശാലകളുടെ ഭരണ സമിതിയിലും ബോർഡ് ഓഫ് സ്റ്റഡീസിലും ഫാക്കൽറ്റികളിലും അംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. വീര ചരിതയായ വിയറ്റ്നാം, ഇസങ്ങൾക്കിപ്പുറം, വിപ്ലവപ്രതിഭ, മാർക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാർവദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങൾ, മഹാഭാരതം മുതൽ മാർക്സിസം വരെ, കേരള നവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം, ആഗോളവൽക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികൾ. നിരവധി കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂർണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണൻതമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2003-ൽ മാധ്യമപ്രവർത്തകനായ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിൽ പാർട്ടിയെക്കുറിച്ചും ഇ.എം.എസിനെക്കുറിച്ചും വിമർശനാത്മകമായ ചില പരാമർശങ്ങൾ നടത്തിയതിൻറെ പേരിൽ പി.ജി.യെ പാർട്ടി പരസ്യമായി ശാസിച്ചു. അച്ചടക്ക നടപടികളുടെ ഭാഗമായി അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും തരം താഴ്ത്തുകയും 'ഇ.എം.എസ്. സമ്പൂർണ്ണ കൃതികളു'ടെ എഡിറ്റർ സ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്തു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിനും നിസ്തുല സംഭാവനകൾ നൽകിയ പി.ജി. മികച്ചൊരു ഗ്രന്ഥകാരനും വാഗ്മിയും കൂടിയാണ്. നിരവധി പുസ്തകങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1998 | മുകുന്ദപുരം ലോകസഭാമണ്ഡലം | എ.സി. ജോസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി. ഗോവിന്ദപിള്ള | സി.പി.എം., എൽ.ഡി.എഫ്. | ||
1967 | പെരുമ്പാവൂർ നിയമസഭാമണ്ഡലം | പി. ഗോവിന്ദപിള്ള | സി.പി.ഐ.എം. | കെ.ജി.ആർ. കർത്ത | ഐ.എൻ.സി. | സി.പി. പൗലോസ് | കേരള കോൺഗ്രസ് |
1965 | പെരുമ്പാവൂർ നിയമസഭാമണ്ഡലം | പി. ഗോവിന്ദപിള്ള | സി.പി.ഐ.എം. | സി.പി. പൗലോസ് | കേരള കോൺഗ്രസ് | എസ്. നാരായണൻ നായർ | കോൺഗ്രസ് (ഐ.) |
1960 | പെരുമ്പാവൂർ നിയമസഭാമണ്ഡലം | കെ.എം. ചാക്കോ | ഐ.എൻ.സി. | പി. ഗോവിന്ദപിള്ള | സി.പി.ഐ. | ||
1957 | പെരുമ്പാവൂർ നിയമസഭാമണ്ഡലം | പി. ഗോവിന്ദപിള്ള | സി.പി.ഐ. | കെ.എ. ദാമോദര മേനോൻ | ഐ.എൻ.സി. |
കൃതികൾ
തിരുത്തുക- കാട്ടുകടന്നൽ (വിവർത്തനം)
- കേരളം ഇന്ത്യയിലെ ഒരധകൃത സംസ്ഥാനം (1968)
- വീരചരിതയായ വിയറ്റ്നാം(1969)
- ഇസങ്ങൾക്കിപ്പുറം(1975)
- വിപ്ലവപ്രതിഭ(1979)
- ശാസ്ത്രം നൂറ്റാണ്ടുകളിലൂടെ(1980)
- സാഹിത്യവും രാഷ്ട്രീയവും (1982)
- ഭഗവദ് ഗീത, ബൈബിൾ, മാർക്സിസം(1985)
- മാർക്സും മൂലധനവും (1987)
- മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളർച്ചയും(1987-കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി[6][7])
- സ്വാതന്ത്ര്യത്തിന്റെ സാർവദേശീയത(1989)
- ലോക യുവജന പ്രസ്ഥാനം (1991)
- സാഹിത്യം :അധോഗതിയും പുരോഗതിയും (1992)
- ആർ എസ് എസ് – ഫാസിസത്തിന്റെ ഇന്ത്യൻ പ്രതിരൂപം (1993)
- ചരിത്ര ശാസ്ത്രം – പുതിയ മാനങ്ങൾ
- ഇ.എം. എസും മലയാളസാഹിത്യവും(2006)
- ഫ്രെഡറിക് എംഗൽസ് (2006)
- മുൽക്ക് രാജ് മുതൽ പവനൻ വരെ (2007)
- 'വൈജ്ഞാനിക വിപ്ലവം - ഒരു സാംസ്‌കാരികചരിത്രം'
- വർഗീയതയും ചരിത്രരചനയും (2000)
- Cultural Studies (പാഠപുസ്തകം)
- ചാൾസ് ഡാർവിൻ – ജീവിതവും കാലവും (2009 )
- സ്വദേശാഭിമാനി പ്രതിഭാവിലാസം (2010 )
- സംസ്കാരവും നവോത്ഥാനവും - 2011
- പൂന്താനം മുതൽ സൈമൺ വരെ - 2016
ഇവക്ക് പുറമേ ഇ.എം.എസുമായി ചേർന്ന് 'ഗ്രാംഷിയൻ വിചാരവിപ്ളവം'
സി. ഭാസ്കരനുമായി ചേർന്നെഴുതിയവ
തിരുത്തുക- മേയ് ദിനം
- * വിപ്ലവങ്ങളുടെ ചരിത്രം (1992) – പി ഗോവിന്ദപ്പിള്ള, സി. ഭാസ്കരൻ
കുടുംബം
തിരുത്തുകപ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന എം.എൻ. ഗോവിന്ദൻ നായരുടെ അനന്തരവളും കോളേജ് അദ്ധ്യാപികയുമായിരുന്ന എം.ജെ. രാജമ്മയാണ് ഭാര്യ. മാധ്യമപ്രവർത്തകരായ എം.ജി. രാധാകൃഷ്ണൻ (പത്രപ്രവർത്തകൻ) (ഇൻഡ്യാ ടുഡെ മലയാളം ഡെപ്യൂട്ടി എഡിറ്റർ), ആർ. പാർവതി ദേവി എന്നിവരാണ് മക്കൾ. തിരുവനന്തപുരം ഈസ്റ്റ് നിയമസഭാമണ്ഡലത്തിൽ നിന്നുള്ള സാമാജികനും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മുൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറുമായ വി. ശിവൻകുട്ടിയാണ് മരുമകൻ.
പി ഗോവിന്ദപ്പിള്ള റെഫറൻസ് ലൈബ്രറി
തിരുത്തുകപി.ജി.യുടെ തിരുവനന്തപുരത്തെ പെരുന്താന്നി മുളക്കൽ വീട്ടിലാണ് 17500 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്.[8] പുസ്തകങ്ങൾക്കു പുറമേ പി.ജി.യുടെ സ്വകാര്യ ശേഖരത്തിലുള്ള മലയാളത്തിലെയും ഇംഗ്ളീഷിലെയും ആനുകാലികങ്ങളുടെ ശേഖരവും ഇവിടെ വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്. വേദങ്ങളും ഉപനിഷത്തുകളും മുതൽ മാർക്‌സിന്റെയും ഏംഗൽസിന്റെയും ഗ്രാംഷിയുടെയും മുഴുവൻ പുസ്തകങ്ങളും ശേഖരത്തിലുണ്ട്. 18-ാം നൂറ്റാണ്ടുമുതലുള്ള കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം പറയുന്ന പുസ്തകങ്ങളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. അപൂർവ കൈയെഴുത്തുപ്രതികളും ആധുനിക വൈജ്ഞാനിക ഗ്രന്ഥങ്ങളും ബാലസാഹിത്യകൃതികളും ശേഖരത്തിലുണ്ട്. സി.പി.എം. തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പി.ജി. സംസ്‌കൃതി കേന്ദ്രമാണ് റഫറൻസ് ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പി ഗോവിന്ദപ്പിള്ളയുടെ കൃതികളും സമാഹരിക്കപ്പെടാത്ത ലേഖനങ്ങളും കെെയെഴുത്തും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. [9] ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന ‘ഗ്രന്ഥപ്പുര’യിലൂടെ സൗജന്യമായി ലഭ്യമാകും.[10]
-
ലൈബ്രറിയിലെ മൂവായിരത്തോളം വരുന്ന സുഗതകുമാരിയുടെ ഗ്രന്ഥശേഖരം
-
ലൈബ്രറി
-
ലൈബ്രറി
-
ലൈബ്രറി
-
ലൈബ്രറി
അവലംബം
തിരുത്തുക- ↑ http://news.keralakaumudi.com/news.php?nid=8a6d15b5d1650377d1766a672531e49c[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "വായിച്ചുതീരില്ല, ഈ ജീവിതപുസ്തകം" (PDF). മലയാളം വാരിക. 2012 ഡിസംബർ 07. Retrieved 2013 ഫെബ്രുവരി 14.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 738. 2012 ഏപ്രിൽ 16. Retrieved 2013 മെയ് 05.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-03.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.keralaassembly.org
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ രാകേഷ് കെ.നായർ (23.11.2021). "പി.ജി.യുടെ വായനാലോകം ഇനി എല്ലാവർക്കും സ്വന്തം". www.mathrubhumi.com. Retrieved 19.08.2024.
{{cite web}}
: Check date values in:|access-date=
and|date=
(help) - ↑ https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-26-08-2024/1133878
- ↑ "ഗ്രന്ഥപ്പുര'യിൽ വായിക്കാം പി ജി കൃതികൾ". www.deshabhimani.com. www.deshabhimani.com. 19.08.2024. Retrieved 19.08.2024.
{{cite web}}
: Check date values in:|access-date=
and|date=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പി. ഗോവിന്ദപ്പിള്ള വെബ് ഫോളിയോ Archived 2014-12-18 at the Wayback Machine.
- മലയാളം വാരിക, 2012 ഡിസംബർ 7 Archived 2016-03-06 at the Wayback Machine.
- മലയാളം വാരിക, 2012 ഏപ്രിൽ 06 Archived 2016-03-06 at the Wayback Machine.
- പി.ജി മാർക്സിസം വായിച്ചത് ഇങ്ങനെ (പി.പി. സത്യൻ) (മാധ്യമം ആഴ്ചപ്പതിപ്പ്,ലക്കം 772, 2012 ഡിസംബർ 10)