മലയാറ്റൂർ രാമകൃഷ്ണൻ
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ (1927 മേയ് 27 – 1997 ഡിസംബർ 27). കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്നു അദ്ദേഹം. വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.
മലയാറ്റൂർ രാമകൃഷ്ണൻ | |
---|---|
![]() | |
ജനനം | കെ.വി. രാമകൃഷ്ണ അയ്യർ |
Pen name | മലയാറ്റൂർ |
Occupation | നോവലിസ്റ്റ്, ഐ.എ.എസ്. ഓഫീസർ, കാർട്ടുണിസ്റ്റ്, തിരക്കഥാകൃത്ത് |
Nationality | ![]() |
Genre | നോവൽ, ചെറുകഥ |
Notable awards | കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ് |
Spouse | കൃഷ്ണവേണി (1935-1999) |
ജീവിതരേഖതിരുത്തുക
പാലക്കാട് ജില്ലയിലെ പുതിയ കല്പാത്തിയിൽ 1927 മേയ് 27-നാണ് അദ്ദേഹത്തിന്റെ ജനനം. കെ.വി. രാമകൃഷ്ണ അയ്യർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. കെ.ആർ. വിശ്വനാഥ അയ്യരും ജാനകി അമ്മാളുമായിരുന്നു മാതാപിതാക്കൾ. തിരുവനന്തപുരം, മൂവാറ്റുപുഴ, കൊല്ലം, തിരുവല്ല, പെരുമ്പാവൂർ എന്നിവിടങ്ങളിലായി അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1944-ൽ ആലുവ യു.സി. കോളേജിൽ നിന്നും ഇന്റർമീഡിയേറ്റും ജയിച്ചു. 1946-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും സസ്യശാസ്ത്രവും ജന്തുശാസ്ത്രവും ഐച്ഛികമായെടുത്ത് ബി.എസ്‍സി. ജയിച്ച മലയാറ്റൂർ അതിനുശേഷം ഏതാനും മാസം ആലുവ യു.സി. കോളേജിൽ ഇംഗ്ലീഷ് ട്യൂട്ടറായി. 1949-ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി.എൽ. ബിരുദം നേടി അദ്ദേഹം വക്കീലായി പ്രാക്ടീസ് തുടങ്ങി. ചിത്രകാരൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു മലയാറ്റൂർ. 1952-ൽ പി.ടി. ഭാസ്കരപ്പണിക്കർ, ഇ.എം.ജെ. വെണ്ണിയൂർ, ടി.എൻ. ജയചന്ദ്രൻ എന്നിവർക്കൊപ്പം ചിത്രകലാപരിഷത്ത് ആരംഭിക്കാൻ മലയാറ്റൂരും നേതൃത്വം നൽകി. 1954-ൽ മലയാറ്റൂർ ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെ സ്വതന്ത്രനായി തിരു-കൊച്ചി നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതിനുശേഷം കൃഷ്ണവേണിയുമായുള്ള വിവാഹത്തെത്തുടർന്ന് പൊതുജീവിതത്തിൽനിന്നും പിന്മാറിയ മലയാറ്റൂർ കുറച്ചുകാലം മുംബൈയിൽ ഫ്രീ പ്രസ് ജേർണലിൽ പത്രപ്രവർത്തകനായും ജോലി നോക്കി.
1955-ൽ മട്ടാഞ്ചേരിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേട്ടായതു മുതലാണ് മലയാറ്റൂരിന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. 1958-ൽ അദ്ദേഹത്തിന് ഐ.എ.എസ്. ലഭിച്ചു. സബ് കളക്ടർ (ഒറ്റപ്പാലം), ജില്ലാ കളക്ടർ (കോഴിക്കോട്), ഗവ. സെക്രട്ടറി, റവന്യൂ ബോർഡ് മെമ്പർ, ലളിത കല അക്കാദമി ചെയർമാൻ തുടങ്ങിയ പദവികളിൽ ജോലി ചെയ്ത അദ്ദേഹം 1981 ഫ്രെബ്രുവരിയിൽ ഐ.എ.എസ്സിൽ നിന്നും രാജിവെച്ചു. ഔദ്യോഗികജീവിതത്തിലെ സ്മരണകൾ സർവ്വീസ് സ്റ്റോറി - എന്റെ ഐ.എ.എസ്. ദിനങ്ങൾ എന്ന കൃതിയിൽ അദ്ദേഹം വിവരിക്കുന്നു.
നോവൽ, തിരക്കഥ, കാർട്ടൂൺ തുടങ്ങിയ ബഹുമുഖ മേഖലകളിൽ വ്യാപിച്ചുനിൽക്കുന്നതാണ് മലയാറ്റൂരിന്റെ സർഗാത്മകജീവിതം. തുടക്കം ഒടുക്കം എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പല ചലച്ചിത്രങ്ങളുടെ തിരക്കഥാരചനയും മലയാറ്റൂർ നിർവ്വഹിച്ചിട്ടുണ്ട്. യക്ഷി, ചെമ്പരത്തി, അയ്യർ ദി ഗ്രേറ്റ് എന്നിവയായിരുന്നു ഇവയിൽ പ്രശസ്തമായവ. തമിഴ് ബ്രാഹ്മണ സമുദായത്തിന്റെ ജീവിതവും ബ്യൂറോക്രസിയുടെ ആന്തരലോകവുമാണ് മലയാറ്റൂരിന്റെ നോവലുകളിലെ പ്രധാന പ്രമേയങ്ങൾ. വേരുകൾ, നെട്ടൂർമഠം, യന്ത്രം എന്നിവ ഇതിന്റെ മികച്ച മാതൃകകളാണ്. നിഗൂഢമായ മാനസിക പ്രവർത്തനങ്ങളാണ് യക്ഷിയുടെ ഇതിവൃത്തം. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി മലയാറ്റൂർ രചിച്ച നോവലാണ് പൊന്നി (1967). ബ്രിഗേഡിയർ വിജയൻ മേനോൻ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി മലയാറ്റൂർ എഴുതിയ ബ്രിഗേഡിയർ കഥകൾ പ്രസിദ്ധമാണ്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും, ഷെർലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് തർജ്ജമ ചെയ്തതും ഇദ്ദേഹമാണ്. വേരുകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും (1967) യന്ത്രത്തിന് വയലാർ അവാർഡും (1979) ലഭിച്ചു.
1997 ഡിസംബർ 27-ന് തന്റെ 70-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മരണസമയത്ത് അദ്ദേഹം പുതിയൊരു നോവലിന്റെ പണിപ്പുരയിലായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
കുടുംബംതിരുത്തുക
ഭാര്യ: കൃഷ്ണവേണി (1935-1999). രണ്ടു മക്കളുണ്ട്. പ്രശസ്ത മലയാളചലച്ചിത്രനടനായ ജയറാം ഇദ്ദേഹത്തിന്റെ അനന്തരവനാണ്.
പുരസ്കാരങ്ങൾതിരുത്തുക
- കേരള സാഹിത്യ അക്കാദമി പുരസ്കാരം - വേരുകൾ (1967)
- വയലാർ പുരസ്കാരം - യന്ത്രം (1979)
കൃതികൾതിരുത്തുക
നോവൽതിരുത്തുക
- ഡോക്ടർ വേഴാമ്പൽ (1964)
- വേരുകൾ (1966)
- യക്ഷി (1967)
- പൊന്നി (1967)
- ദ്വന്ദ്വയുദ്ധം (1970)
- യന്ത്രം (1976)
- അനന്തചര്യ (1988)
- നെട്ടൂർ മഠം (1988)
- മൃതിയുടെ കവാടം (1989)
- ആറാം വിരൽ
- സ്വരം
- മുക്തിചക്രം
- മനസ്സിലെ മാണിക്യം
- അമൃതം തേടി
- അഞ്ചു സെന്റ്
- തുടക്കം ഒടുക്കം
- അനന്തയാത്ര
- രക്തചന്ദനം
- രാത്രി
- മൃദുലപ്രഭു
- ശിരസ്സിൽ വരച്ചത്
- വിഷബീജം
ചെറുകഥതിരുത്തുക
- ആദ്യത്തെ കേസ് (1952)
- അവകാശി (1956)
- സൂചിമുഖി (1957)
- വേരുകൾക്കൊരനുബന്ധം
- ബ്രിഗേഡിയർ കഥകൾ
- ബ്രിഗേഡിയറും പെൺമറുകും
- തെരഞ്ഞെടുത്ത കഥകൾ
- അറബിയും ഒട്ടകവും
- പറക്കുന്ന തളിക
- നാല് അഞ്ച്
- മലബാർ ഹില്ലും ഫൊറാഡ് റോഡും
- പാമ്പ്
- സ്ഫുട്നിക്കും ഗോട്ടി തോമസും
- ഷെർലക്ഹോംസ് കഥകൾ
സ്മരണകൾതിരുത്തുക
- സർവ്വീസ് സ്റ്റോറി - എന്റെ ഐ.എ.എസ്. ദിനങ്ങൾ
- ഓർമ്മകളുടെ ആൽബം
ഭരണഘടനതിരുത്തുക
- നമ്മുടെ ശിക്ഷാനിയമം
വിവർത്തനംതിരുത്തുക
- മഞ്ഞമുഖം
- നാടോടിക്കപ്പലിൽ നാലുമാസം
അവലംബംതിരുത്തുക
- മഹച്ചരിതമാല, വാല്യം 3 (കേരളം) - ഡി.സി. ബുക്സ്
- "Malayalam writer Malayattoor was an officer and a gentleman"
- "Malayattoor foresaw his death?"
- "In memory of Malayatoor" Archived 2012-10-23 at the Wayback Machine.
- "Desiccated roots" Archived 2012-10-23 at the Wayback Machine.