പള്ളിക്കര ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ പെടുന്ന ഒരു പഞ്ചായത്താണ് പള്ളിക്കര ഗ്രാമപഞ്ചായത്ത്. കീക്കാൻ, പള്ളിക്കര, പനയാൽ എന്നീ മൂന്നു വില്ലേജുകൾ ഉൾപ്പെട്ടാണ് ഈ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്നത്. ഇക്കേരിയൻ കാലഘട്ടത്തിന്റെ ശക്തി വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. കാസർഗോഡു ജില്ലയിൽ ഏറ്റവും കൂടുതൽ പുകയില കൃഷി നടത്തുന്ന പ്രദേശങ്ങൾ ഈ പഞ്ചായത്തിലാണ്.
പള്ളിക്കര ഗ്രാമപഞ്ചായത്ത് | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കാസർഗോഡ് | ||
ജനസംഖ്യ | 15,540 (2001—ലെ കണക്കുപ്രകാരം[update]) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
അതിരുകൾ
തിരുത്തുക39.09 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പള്ളിക്കര പഞ്ചായത്തിന്റെ അതിരുകൾ പങ്കിടുന്നത് ഇപ്രകാരമാണ്:
- പടിഞ്ഞാറ് - അറബിക്കടൽ, ഉദുമ പഞ്ചായത്ത്,
- കിഴക്ക് - പുല്ലൂർപെരിയ, ബേഡഡുക്ക പഞ്ചായത്തുകൾ,
- തെക്ക് - അജാനൂർ പഞ്ചായത്ത്,
- വടക്ക് - ബേഡഡുക്ക, ചെമ്മനാട് പഞ്ചായത്തുകൾ
പള്ളിക്കര പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് കടലിലേക്ക് ഉന്തി നിൽക്കുന്ന ഒറ്റപ്പെട്ട കുന്നിൻ മുകളിലാണ് ബേക്കൽ കോട്ട സ്ഥിതിചെയ്യുന്നത്.
ഭൂപ്രകൃതി
തിരുത്തുകസമുദ്രനിരപ്പിൽ നിന്ന് 75 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത്, വടക്കൻ കാർഷിക കാലാവസ്ഥാമേഖലയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ്. ഉയർന്ന സമതലങ്ങൾ, കുന്നുകൾ, വിശാലമായ കടൽത്തീരം എന്നിങ്ങനെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് പള്ളിക്കര പഞ്ചായത്തിന്റേത്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയിൽ പത്തു ശതമാനത്തോളം കടൽതീരമാണ്. തെക്ക് ചിത്താരിപ്പുഴ മുതൽ വടക്ക് ബേക്കൽപുഴ വരെ നീണ്ടു കിടക്കുന്ന ശരാശരി എട്ട് മീറ്റർ ഉയരത്തിൽ അറബിക്കടലിനു സമാന്തരമായി കിടക്കുന്ന ഒരു കുന്നുണ്ട്. ഈ കുന്നിനോടു ചേർന്നാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയ്ക്ക് പടിഞ്ഞാറു നിന്ന് വടക്കുദിക്കിലേക്ക് ക്രമമായി ചെരിയുന്ന പീഠഭൂമി പിന്നീട് മൂന്ന് പ്രധാന കുന്നിൻനിരകളായി വേർപിരിയുന്നു. ആലക്കോട് ഇരട്ടക്കുന്ന് മയിലാട്ടിമൊട്ട, തോക്കാനം മൊട്ട, മഞ്ഞങ്ങാട്ടുമൊട്ട, ഉദുമ, പള്ളിക്കര പഞ്ചായത്ത് അതിരിൽ പെടുന്ന വെടിക്കുന്ന് എന്നിവയാണ് ഏറ്റവും ഉയരമുള്ള കുന്നുകൾ. തീരദേശങ്ങളിൽ മണലും മണൽകലർന്ന മണ്ണുമാണു കാണുന്നതെങ്കിൽ ആലക്കോട് മയിലാട്ടിമൊട്ട തുടങ്ങിയ പ്രദേശങ്ങൾ നല്ല മണ്ണുള്ള പ്രദേശങ്ങളാണ്. പഞ്ചായത്തിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന മഞ്ഞങ്ങാട്ടുമൊട്ടയാണ് ഏറ്റവും ഉയർന്ന കുന്ന്. കാഞ്ഞങ്ങാട്-ചന്ദ്രഗിരി റോഡ് തീരദേശത്തെ കുന്നിൽ നിന്ന് വേർതിരിക്കുന്നു. പഞ്ചായത്തിൽ അങ്ങിങ്ങായി ഒട്ടേറെ ചെറിയ കുളങ്ങളുണ്ട്. പഞ്ചായത്തിന്റെ ജലസമൃദ്ധിയെ കാത്തു സൂക്ഷിക്കുന്ന ഇത്തരം കുളങ്ങളെ കൂവ്വലുകൾ എന്നാണ് ഇവിടെ ഉള്ളവർ പറയുന്നത്. തികച്ചും ഒരു കാർഷിക ഗ്രാമമാണ് പള്ളിക്കര പഞ്ചായത്ത്.
വിദ്യഭ്യാസ രംഗം
തിരുത്തുകപനയാൽ, കീക്കാൻ, ബേക്കൽ എന്നിവിടങ്ങളിൽ വാസമുറപ്പിച്ച കർണ്ണാടക വിഭാഗക്കാരാണ് ഈ പ്രദേശത്ത് ആദ്യമായി സ്കൂളുകൾ ആരംഭിച്ചത്. 1865-ലാണ് നെല്ലിയടുക്കത്ത് ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവൺമെന്റ് എൽ.പി. സ്‌ക്കൂൾ, പനയാൽ . തുടർന്ന് അഗസറഹൊളെ, ഏത്താംകോട്ട (ഇന്നത്തെ കീക്കൻ) എന്നീ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിതമായി. ഇവിടെ അധ്യയനം നടന്നിരുന്നത് കന്നടഭാഷയിലായിരുന്നു. പനയാൽ ശ്രീമഹാലിംഗേശ്വര സ്കൂളിന്റെ സ്ഥാപനത്തോടെയാണ് ഈ പ്രദേശത്തെ പൊതു വിദ്യാഭ്യാസത്തിന്റെ വ്യാപനം ശക്തമായത്.
ചരിത്രം
തിരുത്തുകബ്രിട്ടീഷ് ഭരണകാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ദക്ഷിണ കാനറ ജില്ലയിൽ ഉൾപ്പെട്ടിരുന്ന ഈ പ്രദേശത്ത് മലയാളം, കന്നട, തുളു, കൊങ്ങിണി, ഹിന്ദുസ്ഥാനി ഭാഷകൾ സംസാരിക്കുന്ന അനേകം ജനവിഭാഗങ്ങൾ താമസിച്ചു വരുന്നു. അന്നത്തെ ബേക്കൽ താലൂക്കിലുൾപ്പെട്ടിരുന്ന പള്ളിക്കര ഒന്ന്, പള്ളിക്കര രണ്ട്, പനയാൽ, കീക്കാൻ എന്നീ വില്ലേജുകളാണ് ഈ ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്നത്. 1964-ൽ പഞ്ചായത്തിന്റെ പുനരേകീകരണം നടക്കുന്നതുവരെ പള്ളിക്കര, പനയാൽ, കീക്കാൻ ഗ്രാമപഞ്ചായത്തുകളാണ് ഈ പ്രദേശത്ത് ഭരണം നടത്തിയിരുന്നത്. ജന്മിത്ത സമ്പ്രദായത്തിന്റെ ഭാഗമായ വെച്ചു കാണല്‍, പാട്ടം, വാരം, കങ്കാണി, വാശി, നുരി, ശീലക്കാശ് എന്നിവയെല്ലാം ശക്തമായി തന്നെ നിലവിലുണ്ടായിരുന്നൊരു പ്രദേശമാണ് ഇന്നത്തെ പള്ളിക്കര പഞ്ചായത്ത്. ടിപ്പുവിന്റെ പടയോട്ട കാലത്ത് പടയാളികളായും കോട്ടയുടെ സംരക്ഷകരായും ഇവിടെ എത്തിച്ചേർന്ന മുസ്ളീങ്ങൾ, ഹനഫികൾ, രജപുത്രർ തുടങ്ങിയവർ കോട്ടയ്‌ക്കു സമീപം താമസമുറപ്പിക്കുകയും പിന്നീട് ആ പ്രദേശങ്ങളുടെ അവകാശം നേടി സ്ഥിരതാമസക്കഅരാവുകയും ചെയ്തു. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്ത ദേശക്കാരുമായ രാജാക്കൻമാരുടേയും പടയോട്ടങ്ങൾക്ക് വളരെക്കാലം സാക്ഷിയാകേണ്ടി വന്ന ഒരു പ്രദേശമാണ് പള്ളിക്കര. ബദനൂർ വംശക്കാരായ നായക്കന്മാരുടെയും അതുപോലെ, ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടനീക്കങ്ങളും പിടിച്ചെടുക്കലുകളും ഇവിടെ നടന്നിട്ടുണ്ട്. വിവിധ ജാതിമതങ്ങളുടെ ആചാരവിശേഷങ്ങളും, ആഘോഷങ്ങളും ഉത്സവങ്ങളും തനിമ നഷ്ടപ്പെടാതെ ഇന്നും ഇവിടെ നിലനിൽക്കുന്നു. പള്ളിക്കരയിലെ ഹോളി സ്പിരിറ്റ് ചർച്ച്, ബേക്കൽ ഹൈദ്രോസ് ജുമാ മസ്ജിദ്, പനയാൽ മഹാലിംഗേശ്വര ക്ഷേത്രം, പള്ളിപ്പുഴ മൊഹയദ്ദീൻ പള്ളി, അരവത്ത് സുബ്രഹ്മണ്യക്ഷേത്രം, മവ്വൽ രിഫാഇയ്യ ജുമാമസ്ജിദ്, പാക്കം മഹാവിഷ്ണുക്ഷേത്രം, ആലക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, പെരുന്തട്ട ചാമുണ്ഡേശ്വരിക്ഷേത്രം, ബേക്കൽ ആജ്ഞനേയക്ഷേത്രം എന്നിവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട ദേവാലയങ്ങൾ. തെയ്യം, കോൽക്കളി, പൂരക്കളി, ദഫ്‌മുട്ട്, തിടമ്പു നൃത്തം, തുടിപ്പാട്ട് തുടങ്ങിയവയാണ് പഞ്ചായത്തിൽ പ്രചാരത്തിലുള്ള പ്രധാന കലാരൂപങ്ങൾ.
പുറമേ നിന്നുള്ള കണ്ണികൾ
തിരുത്തുക- പള്ളിക്കര പഞ്ചായത്ത് Archived 2020-11-23 at the Wayback Machine.