കുറിയേടത്ത് താത്രി

സ്മാർത്തവിചാരങ്ങളിൽ ഏറ്റവും വിവാദമായ ഒന്നിൽ വിചാരണ ചെയ്യപ്പെട്ട നമ്പൂതിരി യുവതി
(താത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ നടന്ന സ്മാർത്തവിചാരങ്ങളിൽ ഏറ്റവും വിവാദമായ ഒന്നിൽ വിചാരണ ചെയ്യപ്പെട്ട നമ്പൂതിരി യുവതി ആയിരുന്നു കുറിയേടത്ത് താത്രി അഥവാ കുറിയേടത്ത് സാവിത്രി. അതിനു മുൻപ് പല സ്മാർത്തവിചാരങ്ങളും, ശേഷം ഒരു സ്മാർത്തവിചാരവും[1][2] നടന്നിട്ടുണ്ടെങ്കിലും കേരളത്തിൽ വളരെ അധികം കോളിളക്കങ്ങൾ സൃഷ്‌ടിക്കുകയും ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുകയും ചെയ്ത സ്മാർത്തവിചാരമായിരുന്നു കുറിയേടത്തു താത്രിയുടെത്.

ആദ്യകാല ജീവിതം

തിരുത്തുക

ഇന്നത്തെ തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ കൽപകശ്ശേരി ഇല്ലത്ത് അഷ്ടമൂർത്തി നമ്പൂതിരിയുടെ മകളായി താത്രി ജനിച്ചത്. രേഖകൾ അനുസരിച്ച് അവർ1885-ൽ ജനിച്ചതായി പറയപ്പെടുന്നു. താത്രിയുടെ ജനനം വിപത്ത് വരുത്താനും കുടുംബത്തിന്റെ മാനം നശിപ്പിക്കാനും വിധിക്കപ്പെട്ടതാണെന്ന് അവളുടെ ജനനത്തിനുശേഷം ഒരു ജ്യോതിഷി അവളുടെ പിതാവിനോട് പറഞ്ഞതായി പറയപ്പെടുന്നു. ഒൻപതാം വയസ്സിൽ നമ്പീശനിൽ നിന്ന് പാട്ട് പഠിക്കാൻ താത്രി കുന്നംകുളത്തിനടുത്തുള്ള അമ്മായിയുടെ വീട്ടിൽ പോയി. പതിമൂന്നാം വയസ്സിൽ തലപ്പള്ളിയിലെ തന്നെ കുന്നംകുളം സമീപമായ ചെമ്മന്തിട്ടെ കുറിയേടത്തു മനയിലെ രാമൻ നമ്പൂതിരിയുമായി വിവാഹിതയായി.[3] 1905-ന്റെ ആദ്യ പകുതിയിലാണ് കുറിയേടത്തു താത്രിയുടെ സ്മാർത്ത വിചാരം ആരംഭിച്ച് പൂർത്തീകരിച്ചത്. താത്രിയുടെ സ്മാർത്ത വിചാരത്തിനൊടുവിൽ താത്രിയും ഭർത്താവും അടക്കം 66 പേർക്ക് ഭ്രഷ്ടുണ്ടായതായി രേഖപെടുത്തിയിട്ടുണ്ട്.

സ്മാർത്തവിചാരം

തിരുത്തുക

താത്രിയുടെ നടപ്പുദോഷം / അടുക്കളദോഷത്തെക്കുറിച്ച് (സ്വഭാവദോഷം) അറിവ് ലഭിച്ചതിനെത്തുടർന്ന് സ്മാർത്ത വിചാരം നടത്തുകയുമായിരുന്നു. അയൽവാസിയായ നമ്പൂതിരി ബന്ധപ്പെട്ട നമ്പൂതിരിയോഗത്തിൽ അക്കാര്യം അറിയിച്ചതിനെത്തുടർന്ന് അന്വേഷണമാരംഭിക്കുകയാണുണ്ടായത്. 1904 അവസാനം തന്നെ താത്രിയുടെ സ്മാർത്തവിചാരം ഒരു വട്ടം കഴിഞ്ഞിരുന്നു, എന്നാൽ വിവാദങ്ങളെത്തുടർന്ന് ഒരു പ്രാവശ്യം കൂടി സ്മാർത്തവിചാരം നടത്താൻ രാജാവ് കല്പിക്കുകയായിരുന്നു. 1905 ജനുവരി 2-നു ആണ് സ്മാർത്ത വിചാരത്തിനുള്ള രാജകൽ‌പ്പന ഉണ്ടായത്. പട്ടച്ചോമയാരത്ത് ജാതവേദൻ നമ്പൂതിരിയായിരുന്നു സ്മാർത്തൻ.[4] മറ്റു നാലു സഹായികളും രാജാവിന്റെ പ്രതിനിധിയും സ്മാർത്ത വിചാരത്തിൽ പങ്കാളികളായി.

സ്മാർത്തവിചാരത്തിൽ താത്രി 65 ആൾക്കാരുടെ പേരാണ് പറഞ്ഞത്. താനുമായി ബന്ധം പുലർത്തിയിരുന്നതായി താത്രി പറഞ്ഞവരിൽ പലരും, അവരുടെ അച്ഛനും (കല്പകശ്ശേരി അഷ്ടമൂർത്തി നമ്പൂതിരി), അച്ഛനു മറ്റൊരു വേളിയിലുണ്ടായ സഹോദരനും (കല്പകശ്ശേരി നാരായണൻ നമ്പൂതിരി) ഉൾപ്പെടെ, അവരുടെ അടുത്ത ബന്ധുമിത്രാദികളിൽ പെടുന്നവരായിരുന്നു. 65 ആൾക്കാരെയും നോട്ടീസ് അയച്ചു വിളിപ്പിച്ചിരുന്നുവെങ്കിലും 60 പേർ മാത്രമാണ് വിചാരത്തിന്റെ സമയത്ത് ഹാജരുണ്ടായിരുന്നത്. ശേഷിച്ച അഞ്ചു പേരിൽ രണ്ടു പേർ അപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു (തോന്നല്ലൂർ കൃഷ്ണവാരിയരും ഞാറക്കൽ അച്ചുതപ്പിഷാരടിയും).

പാറത്തിൽ ശ്രീധരൻ നമ്പൂതിരിയ്ക്ക് അതിയായ ക്ഷീണമാണെന്നും ആറങ്ങോട്ടു ശേഖരവാരിയർ തീർഥാടനത്തിനു പോയിരിക്കുന്നതായും പുഷ്പകത്ത് കുഞ്ഞിരാമൻ നമ്പീശൻ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതായും അറിവ് കിട്ടിയതിനെ തുടർന്ന് അവർ വിചാരത്തിൽ പങ്കെടുത്തിട്ടില്ല എന്നാണു രേഖകളിലുള്ളത്. കുറ്റം ചാർത്തപ്പെട്ട 60-ൽ 59 പേരും കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്. തെക്കേമടത്തിൽ ശാമു രാമു പട്ടർ കുറ്റം സമ്മതിച്ചുവെങ്കിലും വേഴ്ച നടന്ന സമയത്ത് തനിക്കു പ്രായ പൂർത്തിയായിട്ടുണ്ടായിരുന്നില്ലെന്നു വാദിച്ചു. പ്രായപൂർത്തിയാവാത്തത് കുറ്റം ചെയ്തിട്ടില്ല എന്നോ അത് ചെയ്യാൻ പ്രാപ്തിയുണ്ടായിരുന്നില്ല എന്നോ അർത്ഥമാക്കുന്നില്ല എന്നായിരുന്നു സ്മാർത്തൻ ഈ അവസരത്തിൽ നിരീക്ഷിച്ചത്.[5] തുടർന്ന് വിചാരണ ചെയ്യപ്പെട്ടവരെല്ലാം ഭ്രഷ്ടരാക്കപ്പെടുകയുണ്ടായി.

രേഖകൾ പ്രകാരം കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം 1904-ന്റെ അവസാന കാലത്ത് തന്നെ ആചാരപ്രകാരം അവസാനിച്ചിരുന്നതാണ്. താത്രിക്കുട്ടിയും ദോഷം ചെയ്തതായി ആരോപിക്കപ്പെട്ട 65 പുരുഷന്മാരും ഭ്രഷ്ട് കൽപ്പിക്കപ്പെട്ട് പുറത്താക്കപ്പെടുകയും ചെയ്തിരുന്നതാണ്. എന്നാൽ അന്നത്തെ പ്രത്യേക സാമൂഹികാന്തരീക്ഷത്തിൽ സ്മാർത്തവിചാരം വീണ്ടും, രാജാവിന്റെ പ്രത്യേക മേൽനോട്ടത്തിൽ, നടത്തപ്പെടണം എന്ന ആവശ്യം പരക്കെ ഉന്നയിക്കപ്പെടുകയുണ്ടായി.[5] രേഖകൾ പ്രകാരം രാജാവിനു താത്രിയുടെ സ്മാർത്തവിചാരത്തിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു എന്ന് കാണാം. താത്രിയുമായി സംസർഗം ഉണ്ടായവരിൽ രാജാവോ രാജാവിന്റെ ഒരു അടുത്ത ബന്ധുവോ ഉൾപ്പെട്ടിട്ടുണ്ട് എന്ന ഒരു ആരോപണം ആ കാലത്തു വ്യാപകമായിരുന്നു എന്നതിനാലാകണം ഇത് എന്നാണു് ഭാസ്കരനുണ്ണി തന്റെ പുസ്തകത്തിൽ ഇതിനെക്കുറിച്ച് പറയുന്നത്. അതല്ലാതെ തന്നെ താത്രിയുടെ സ്മാർത്തവിചാരം ഒരു വലിയ വാർത്തയായിക്കഴിഞ്ഞിരുന്നു.

1904-ൽ ആദ്യവിചാരം കഴിഞ്ഞ ഉടനെത്തന്നെ ഉണ്ടായ ഇത്തരം വാദകോലാഹലങ്ങൾക്കൊടുവിലാണ് ആചാരങ്ങളിൽ ചെറിയ തിരുത്തുകളുമായി താത്രിയുടെ വിചാരം വീണ്ടും നടത്താനുള്ള തീരുമാനം ഉണ്ടായത്.[5] സ്മാർത്തവിചാരത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ആരോപണ വിധേയരായ പുരുഷന്മാർക്ക് തങ്ങളുടെ വാദങ്ങൾ കേൾപ്പിക്കുവാനുള്ള അവസരം ഉണ്ടായത് അങ്ങനെയാണ്. നടപ്പാചാരമാനുസരിച്ച് വിചാരണ ചെയ്യപ്പെട്ടിരുന്ന അന്തർജ്ജനത്തിനെയും (സാധനം എന്നാണു് സ്മാർത്തവിചാരത്തിനു വിധേയമാകുന്ന സ്ത്രീയെ വിളിച്ചിരുന്നതു്. ആ ഘട്ടത്തിൽ സ്വന്തം പേരു പോലും അവർക്കു നഷ്ടമാകുന്നു) അവർ ചൂണ്ടി കാണിക്കുന്ന ആളുകളെയും പുറത്താക്കുക എന്നതാണ് അന്നോളം അനുഷ്ടിച്ചു പോന്നിരുന്ന കീഴ്‌വഴക്കം.[6] നീതി-ന്യായ വ്യവസ്ഥകളിൽ സമൂലം മാറ്റങ്ങൾ വന്നു കൊണ്ടിരുന്ന അന്നത്തെ കാലത്തു ഇതിനെതിരെ കാര്യമായ എതിർപ്പുകൾ ഉയരുകയും തദ്ഫലമായി പുരുഷവിചാരം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

താത്രിക്കുട്ടിയുടെ സ്വഭാവദൂഷ്യം ചെമ്മന്തിട്ടയിലും കല്പകശ്ശേരിയിലും പരക്കെ അറിയപ്പെട്ടിരുന്ന ഒന്നാണ് എന്ന് രേഖകളിൽ കാണുന്നു. താത്രിയുമായി സ്ഥിരം സംസർഗ്ഗം ഉണ്ടായതായിപ്പറയപ്പെട്ടിരുന്ന പാലത്തോൾ രവി നമ്പൂതിരിയും (61-ാം പ്രതി ആയ ഇട്ടീരി) കൂട്ടുകാരും താത്രിക്കുട്ടിയുമായി നടന്ന സംഭാഷണങ്ങളിൽ നിന്നും വരാൻ പോവുന്ന വിചാരണയെക്കുറിച്ചു പരാമർശം ഉണ്ട്. അങ്ങനെ വരുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെ കുറിച്ച് താത്രിയോടു തന്നെ അവർ നേരിട്ട് സംസരിച്ചിരുന്നതായും കാണാം.[5] മേല്പറഞ്ഞ സംഭാഷണം നടന്നത് ഉദ്ദേശം 1898-99 ആയി വരുമെങ്കിലും ആരും കൃത്യമായി മുൻകൈ എടുക്കാതിരുന്നതിനാലാവണം വിചാരം വീണ്ടും മുന്നോട്ടു പോവുകയുണ്ടായത്. ഏതായാലും കുറിയേടത്ത് താത്രിയുടെ അടുക്കളദോഷം വിചാരണ ചെയ്യപ്പെടേണ്ടതിലേക്ക് സ്വീകരിക്കേണ്ടതായ മേൽനടപടികൾ 1904-ന്റെ പ്രാരംഭ കാലത്തുതന്നെ ആരംഭിച്ചിരുന്നു.

ആചാരവിധി പ്രകാരം നടന്ന ആദ്യവിചാരത്തിൽ താത്രി ഉൾപ്പെടെയുള്ള എല്ലാവർക്കും ഭ്രഷ്ട് കല്പിച്ചെങ്കിലും വിചാരം ഒന്ന് കൂടി വിപുലമായും നീതിനിഷ്ടമായും നടത്താൻ തീരുമാനിച്ചതിനെ തുടർന്ന് താത്രിയെ ആദ്യവിചാരം നടന്ന ഇരിഞ്ഞാലക്കുടയിൽ നിന്നും കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിലേക്ക് കൊണ്ടു വരികയാണ് ഉണ്ടായത്. താത്രിയുടെ നേരെ വധ ഭീഷണിയുണ്ട്, അവരെ തട്ടിക്കൊണ്ടു പോകാൻ ചിലർ ശ്രമിക്കുന്നു എന്ന വാർത്തകളെ ചൊല്ലി താത്രിയെ അതീവ സുരക്ഷാ സൗകര്യങ്ങളോടു കൂടി തൃപ്പൂണിത്തുറയിലെ കുന്നുമ്മൽ ബംഗ്ലാവിൽ (ഹിൽ പാലസ്) ആണു താമസിപ്പിച്ചത്. രണ്ടാം തവണയാണ് താത്രിയുടെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചത്. ആദ്യവിചാരം നടക്കുന്ന വേളയിൽ ഇതേ കാരണത്താൽ താത്രിയെ വിചാരണ നടന്നിരുന്ന ഭർത്താവിന്റെ നാടായ ചെമ്മന്തിട്ടയിൽ നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് കൊണ്ടു വന്നിരുന്നു.

പരപുരുഷബന്ധത്തിനു ശേഷവും താത്രിയുമായി ബന്ധപ്പെട്ടതിനാലാണ് അവരുടെ ഭർത്താവിനെതിരെയും ഭ്രഷ്ട് കല്പിച്ചത്. ഭ്രഷ്ട് കല്പിക്കുമ്പോൾ ഭ്രഷ്ടരാക്കപ്പെട്ടവരുടെ മക്കളും സമുദായത്തിൽ നിന്നും പുറത്താക്കപ്പെടും എന്നതിനാൽ, ചിലരുടെ കുട്ടികളും ഭ്രഷ്ടരായി. സാധനവുമായി വേഴ്ച നടന്ന കാലത്ത് ഉണ്ടായ സന്താനങ്ങൾക്കാണു ഇത്തരത്തിൽ ഭ്രഷ്ട് കല്പ്പിച്ചിരുന്നത്. ഇട്ടീരിയും താത്രിയുമായി വിചാരത്തിനു മുൻപ് നടന്ന സംഭാഷണത്തിൽ ഇതായിരുന്നു പരാമർശ വിഷയം. തന്റെ സന്താനങ്ങൾക്ക് കോട്ടം തട്ടാത്ത രീതിയിൽ വേഴ്ച തീയതികൾ സ്മാർത്തനു മുന്നിൽ അവതരിപ്പിക്കണം എന്ന് ഇട്ടീരി തന്നോടു ആവശ്യപ്പെട്ടതായിട്ടാണ് താത്രി തന്റെ മൊഴിയിൽ പറയുന്നത്. അവരുടെ ജനനസമയത്തൊന്നും തന്നെ തനിക്കു ഇട്ടീരിയുമായി വേഴ്ചയുണ്ടായിട്ടില്ലെന്നു താത്രി പിന്നീട് പറയുകയും ചെയ്യുന്നുണ്ട്.[5]

1905 ജൂലൈ 13-നു ആണ് ഭ്രഷ്ട് കൽപ്പനയുണ്ടായത്. 30 നമ്പൂതിരിമാർ, 10 അയ്യർ, 13 അമ്പലവാസികൾ, 11 നായന്മാർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഭ്രഷ്ടരായി.[2] ബാലികയായിരിക്കെ, പിന്നീട് ഭർത്താവിന്റെ ജ്യേഷ്ഠനായിത്തീർന്ന നമ്പൂതിരി ബലാത്സംഗം ചെയ്തതിനും മറ്റു പലഭാഗത്തു നിന്നും ഉണ്ടായ ലൈംഗിക പീഡനത്തിനും പകരം വീട്ടിയാണ് താത്രി ഇങ്ങനെ ചെയ്തതെന്നും നിരവധി പേരുകൾ പറഞ്ഞതെന്നും പറയപ്പെടാറുണ്ട്. മുമ്പുണ്ടായിട്ടുള്ള സ്മാർത്തവിചാരങ്ങളിൽ പേരുകൾ പറയിക്കുവാൻ പലതരം പീഡനങ്ങൾ സ്മാർത്തൻ ചെയ്തിരുന്നുവെന്നും, എന്നാൽ താത്രിയുടെ സ്മാർത്തവിചാരത്തിൽ യാതൊരുവിധ പീഡനങ്ങളും ഉണ്ടായിട്ടില്ലന്നും പറയപ്പെടുന്നു. ഒരവസരത്തിലും പറഞ്ഞ കാര്യങ്ങൾ താത്രി മാറ്റിപ്പറഞ്ഞിരുന്നില്ല. ഓത്തുള്ള നമ്പൂതിരിമാർ 28, ഓത്തില്ലാത്തവർ 2, പട്ടന്മാർ 10, പിഷാരോടി 1, വാരിയർ 4, പുതുവാൾ 2, നമ്പീശൻ 4, മാരാർ 2, നായർ 12 എന്നിങ്ങനെയാണ് ഭ്രഷ്ടായവരുടെ ജാതി തിരിച്ചുള്ള കണക്കുകൾ എന്നും പറയപ്പെടുന്നു.[7]

താത്രി പേരെടുത്തുപറഞ്ഞ പ്രമുഖർ

തിരുത്തുക
  • മല്ലിശ്ശേരി വലിയ കൃഷ്ണൻനമ്പൂതിരിപ്പാട്
  • ദേശമംഗലത്ത് നമ്പൂതിരിപ്പാട്
  • വി.കെ. നാരായണൻ ഭട്ടതിരിപ്പാട്
  • കാവുങ്ങൽ രാവുണ്ണിപ്പണിക്കർ(യഥാർത്ഥ നാമം - കാവുങ്ങൽ രാമനുണ്ണി പണിക്കർ)
  • അച്ചുതപ്പൊതുവാൾ
  • കൽപ്പാത്തി കല്യാണകൃഷ്ണ ഭാഗവതർ
  • കാവുങ്ങൽ ശങ്കരപ്പണിക്കർ[8]

താത്രീവിചാരത്തിൽ ഭ്രഷ്ടരാക്കപ്പെട്ടവരിൽ പ്രശസ്തനായ കഥകളി കലാകാരൻ കാവുങ്ങൽ ശങ്കരപണിക്കർ ഭ്രഷ്ട് നീക്കി നാട്ടിൽ തിരിച്ചെത്തി. മറ്റൊരാൾ വി.കെ. നാരായണ ഭട്ടതിരി പത്തു വർഷത്തിനു ശേഷം 1915-ൽ വടക്കാഞ്ചേരി ആസ്ഥാനമാക്കി, പിൽക്കാലത്ത് പ്രശസ്ത വേദപണ്ഡിതനായി.

കിംവദന്തികൾ

തിരുത്തുക

1905 ജൂൺ 7-നു മലയാള മനോരമ ദിനപത്രത്തിൽ വന്ന വാർത്തയിൽ "65 ആളുകൾക്കും സാധനത്തിനെ നേരിട്ട് ചോദ്യം ചെയ്യുവാനുള്ള അവസരം ലഭിച്ചു. അവൾ ഒരു ബാരിസ്ടരെ പോലെ എല്ലാവർക്കും മറുപടി കൊടുത്തു" എന്നുണ്ട്. പിൽക്കാലത്ത് ഇത്തരത്തിൽ സത്യാവസ്ഥ ഉറപ്പാക്കാനാവാത്ത കഥകൾ താത്രിയെക്കുറിച്ചുണ്ടായി. ഭ്രഷ്ടനാക്കപ്പെട്ട കാവുങ്ങൽ പണിക്കർ തന്റെ ഭ്രഷ്ട് നീക്കുവാനായി പരിശ്രമിക്കുമ്പോൾ തന്നെ നാട്ടിൻപുറങ്ങളിലും പാടത്തും പറമ്പുകളിലും കഥകളിയാടി, കളിയോടുള്ള തന്റെ സ്നേഹവും ആവേശവും വീണ്ടും വീണ്ടും ഊട്ടിയുറപ്പിച്ച കഥ കെ.പി.എസ്. മേനോൻ തന്റെ കഥകളി രംഗത്തിൽ വിവരിക്കുന്നുണ്ട്. ഭ്രഷ്ട് കല്പിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ആ കാലഘട്ടം തന്നെ കാവുങ്ങലിന്റെ പേരിൽ അറിയപ്പെടുമായിരുന്നു എന്നാണ് മേനോൻ നിരീക്ഷിക്കുന്നത്.[9] കാവുങ്ങലിന്റെ പൗരുഷത്തോട് താത്രിക്കുണ്ടായ അഭിനിവേശത്തെ കുറിച്ചും കാവുങ്ങലിനോടു കീചകവേഷത്തിൽ തന്നെ താത്രിയെ സന്ദർശിക്കുവാൻ ആവശ്യപ്പെട്ടതായും മറ്റും പറയുന്ന കഥകൾ ധാരാളമുണ്ട്[10]. സ്മാർത്തവിചാരത്തിന്റെ ഒരു ഘട്ടത്തിൽ താത്രി സ്മാർത്തന്റെയോ, രാജാവിന്റെ തന്നെയോ പേര് പറയും എന്ന് കരുതി, സ്മാർത്തൻ കൂടുതൽ പേരുകൾ പറയുന്നത് വിലക്കുകയായിരുന്നുവെന്നും പരാമർശിക്കപ്പെടാറുണ്ട്.

താത്രീകഥകളിൽ തെറ്റും ശരിയും വേർതിരിച്ചു പറയുവാൻ പറ്റാത്ത അവസ്ഥയാണ് ഇന്നും ഉള്ളതെങ്കിലും താത്രിയുടെ വിവാഹ രാത്രിയെ കുറിച്ചും ചില കഥകൾ പ്രചരിച്ചിട്ടുണ്ട്. ആദ്യരാത്രിയിൽ താത്രിയെ പ്രാപിക്കുവാൻ ജ്യേഷ്ഠൻ നമ്പൂതിരിയും അനുജൻ നമ്പൂതിരിയും തമ്മിൽ നടന്നതായി പറയപ്പെടുന്ന കലഹം ആദ്യമായി പരാമർശിക്കപ്പെടുന്നത് 1960-കളുടെ അവസാനം എഴുതപ്പെട്ട മാടമ്പ് കുഞ്ഞുക്കുട്ടന്റെ ഭ്രഷ്ട് എന്ന നോവലിലാണ്.[11] എന്നാൽ കഥയുടെ സന്ദർഭത്തിനു വേണ്ടത്ര പൊലിപ്പ് നൽകുവാൻ ഉദ്ദേശിച്ചു ചേർത്ത ഈ ഭാഗം ചരിത്ര സത്യമായി പലപ്പോഴും കണക്കാക്കാൻ തുടങ്ങിയതോടെ, നോവലിന്റെ പിന്നീടുള്ള എഡീഷനുകൾ, ഈ ഭാഗം വെറും ഭാവന മാത്രമാണെന്നും അതിനെ ഒരു യാഥാർത്ഥ്യമായി കാണരുത് എന്നുമുള്ള ഗ്രന്ഥകാരന്റെ അറിയിപ്പോടെയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ സംഭവം ഇന്നും ഒരു പാട് സന്ദർഭങ്ങളിൽ നമ്പൂതിരി സമുദായത്തിന്റെ അങ്ങേയറ്റം മ്ലേച്ഛമായിരുന്ന അവസ്ഥകൾക്ക് ഉദാഹരണമായി കാണിക്കപെടാറുണ്ട്.

1905-ലെ സ്മാർത്തവിചാരത്തിൽ താത്രിയുടെ പിതാവ് അഷ്ടമൂർത്തിയും ഭ്രഷ്ടാക്കപ്പെട്ടതോടെ താത്രിയുടെ ജന്മദേശമായ ആറങ്ങോട്ട് കരയിൽ, അഷ്ടമൂർത്തി പൂജ ചെയ്തിരുന്ന കാർത്യായനി ക്ഷേത്രത്തിലെ കളിമൺ വിഗ്രഹം ഉടഞ്ഞുപോയെന്നാണ് വിശ്വാസം, വിഗ്രഹത്തിന്റെ സ്ഥാനത്ത് മുളച്ചുപൊന്തിയ 'മാധവീലത' എന്ന മരത്തിനാണ് ഇപ്പോൾ പൂജ ചെയ്യുന്നത്.[7] പിന്നീട് പ്രേതമായിത്തീർന്ന താത്രിയെ, താത്രിയെ വിവാഹം ചെയ്തയച്ച കല്പകശേരിയില്ലത്ത്, കല്ലിൽ ആവാഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു.[7]

വിചാരണയ്ക്കു ശേഷമുള്ള ജീവിതം

തിരുത്തുക

സർക്കാർ രേഖകളിൽ താത്രിയെ ഭ്രഷ്ടിനു ശേഷം ചാലക്കുടിപ്പുഴയുടെ സമീപത്തുള്ള സർക്കാർ മഠത്തിലേയ്ക്ക് കൊണ്ടുപോയി എന്നാണ് അവസാനം രേഖപ്പെടുത്തിയിട്ടുള്ളത്. അതിനു ശേഷമുള്ള അവരുടെ ജീവിതത്തെ കുറിച്ച് യാതൊരു രേഖകളും ലഭ്യമല്ല. എന്നാൽ ഇക്കാര്യത്തിൽ ധാരാളം കേട്ടുകേൾവികൾ ഉണ്ട്. ഭ്രഷ്ടായ താത്രി ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്ത്യാനിയായ ഒരാളെ വിവാഹം കഴിച്ചുവെന്നാണ് ഏറെ പ്രശസ്തിയുള്ള വിശ്വാസം. പ്രശസ്ത സിനിമാനടി ഷീലയുടെ അമ്മയുടെ അമ്മയാണിവരെന്നും പറയപ്പെടുന്നുണ്ട്. മുമ്പ് ഷീല ഇക്കാര്യം സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്.[4]

ഒമ്പതു മുതൽ 23 വയസ്സുവരെയുള്ള കാലയളവിൽ നിരവധി പുരുഷന്മാരുമായി നിരന്തരം ബന്ധപ്പെട്ടിട്ടും താത്രി ഗർഭിണിയായതായോ ഗർഭച്ഛിദ്രം നടത്തിയതായോ ആരും പറഞ്ഞുകേട്ടിട്ടില്ലന്നും അതേസമയം, ഭ്രഷ്ടിനുശേഷം പുനർവിവാഹിതയായതോടെ രണ്ടുപെൺകുട്ടികൾക്കും ഒരാൺകുട്ടിക്കും ജന്മം നൽകിയതായും പറയുന്നു.[7] ഇത് താത്രിയ്ക്ക് ഒരുതരം രോഗാവസ്ഥയാണുണ്ടായിരുന്നതെന്നതിന് ഉദാഹരണമായി കാണിക്കപ്പെടാറുണ്ട്.

സമൂഹത്തിൽ ചെലുത്തിയ സ്വാധീനം

തിരുത്തുക

നമ്പൂതിരി ജീവിതത്തിന്റെ അധഃപതനത്തിന്റെ അന്ത്യത്തിന്റേയും അന്തർജ്ജനങ്ങളുടെ മറക്കുടയിൽ നിന്നുള്ള മോചനത്തിന്റേയും തുടക്കമായി താത്രിയെ വി.ടി. ഭട്ടതിരിപ്പാട് വിലയിരുത്തിയിട്ടുണ്ട്. ബ്രാഹ്മണമേധാവിത്വത്തിനു തന്നെ തകർച്ചയുടെ ആരംഭം താത്രിയുടെ സ്മാർത്തവിചാരവും, അതിന്റെ വിധിയോടുള്ള പുരോഗമന ചിന്താഗതിക്കാരായ നമ്പൂതിരി യുവാക്കളുടേയും, യുവതികളുടെയും എതിർപ്പിനാലും ആയിരുന്നുവെന്നാണ് ദേവകി നിലയങ്ങോട് അഭിപ്രായപ്പെടുന്നത്.[12] മറ്റ് സമുദായങ്ങളിൽ തുടങ്ങിയ നവോത്ഥാന ചിന്ത നമ്പൂതിരി സമുദായത്തിലേയ്ക്ക് വ്യാപിക്കുന്നത് കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തോടെയാണെന്ന് പ്രേംജി തുടങ്ങിയവരും കണക്കാക്കുന്നു.

കവി ആലങ്കോട് ലീലാകൃഷ്ണൻ താത്രിയെ വേശ്യയായി കണക്കാക്കുന്നതിൽ വേദനിക്കുന്നുണ്ട്. എന്നാൽ താത്രി മനോരോഗിയായിരുന്നുവെന്നും ചെറുപ്പകാലങ്ങളിലേറ്റ പീഡനങ്ങളാണ് ജീവിതദുരന്തത്തിന് കാരണമായത് എന്നും ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കിൽ ജീവിതത്തിലേയ്ക്ക് മടങ്ങി വരുമായിരുന്നുവെന്നും കരുതുന്നവരുമുണ്ട്.[7] എന്നാൽ, ഇവരെ ഒരു രോഗിയായല്ലാതെ സ്ത്രീകളുടെ ലൈംഗിക സ്വതന്ത്യത്തിന്റെ കേരളത്തിലെ ആദ്യകാല പ്രതിനിധികളിൽ ഒരാളായും കണക്കാക്കുന്നവരുണ്ട്.

താത്രിയുടെ ജീവിതം നിരവധി കഥകൾക്കും, കവിതകൾക്കും, നോവലുകൾക്കും, നാടകങ്ങൾക്കും, ചലച്ചിതങ്ങൾക്കും പ്രേരണയായി. എം. ടി. വാസുദേവൻ നായരുടെ പരിണയം, ഷാജി എൻ കരുണിന്റെ വാനപ്രസ്ഥം, ഉണ്ണികൃഷ്ണൻ പുതൂരിന്റെ അമൃതമഥനം തുടങ്ങി നിരവധി സൃഷ്ടികൾ സ്മാർത്തവിചാരം പ്രമേയമാക്കി. എം.ടി. യുടെ പരിണയവും, ഷാജി എൻ. കരുണിന്റെ വാനപ്രസ്ഥവും അതേ പേരുകളിൽ തന്നെ (യഥാക്രമം പരിണയം, വാനപ്രസ്ഥം) ചലച്ചിത്രമായിട്ടുണ്ട്. അരവിന്ദൻ താത്രി സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാറാട്ടം എന്ന ചലച്ചിത്രമെടുക്കുകയും ദൂരദർശനിലൂടെ പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. മാടമ്പ് കുഞ്ഞുക്കുട്ടന്റെ ഇക്കൂട്ടത്തിൽ പെടുത്താവുന്ന എന്നാൽ കുറിയേടത്ത് താത്രിയെന്ന പേര് തന്നെ ഉപയോഗിക്കുന്ന ഭ്രഷ്ട് എന്ന സൃഷ്ടിയും, പിന്നീട് ചലച്ചിത്രമായി. തൃപ്രയാർ സുകുമാരൻ സംവിധാനം ചെയ്ത ഭ്രഷ്ടിൽ താത്രിയായി അഭിനയിച്ചത് സുജാത ആയിരുന്നു.[13]

1978-ൽ പുറത്തിറങ്ങിയ ഭ്രഷ്ടിലെ മറ്റൊരു നടൻ ജമിനി ഗണേശൻ ആയിരുന്നു.[14] നന്ദൻ കുറിയേടത്ത് താത്രി എന്ന പേരിൽ തന്നെ ഒരു നോവൽ എഴുതിയിട്ടുണ്ട്.[15] താത്രി പ്രധാനകഥാപാത്രമാകുന്ന, ഓരോരോ കാലത്തിലും എന്ന, ശ്രീജ കെ.വി. രചിച്ച നാടകം, 1999-ൽ മികച്ച രചനയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.ലളിതാംബിക അന്തർജ്ജനം എഴുതി, പിന്നീടു അതേ പേരിൽ ശ്യാമപ്രസാദ്‌ സംവിധാനം ചെയ്ത 'അഗ്നിസാക്ഷിയി'ലെ ദേവകി മാനമ്പള്ളി എന്ന കേന്ദ്ര കഥാപാത്രത്തിനു പ്രചോദനം താത്രി സംഭവമാണ്. താത്രിയുടെ ജീവിതത്തെക്കുറിച്ച് ഇരിഞ്ചയം രവി രചിച്ച താത്രീ ഭഗവതി എന്ന നോവൽ 2019-ൽ ഗ്രീൻബുക്സ് പുറത്തിറക്കിയിട്ടുണ്ട്.[16][17]

2012-ൽ കുറിയേടത്ത് താത്രി എന്ന പേരിൽ തന്നെ നാടകവുമുണ്ടായിട്ടുണ്ട്.[18] താത്രിയുടെ സ്മാർത്ത വിചാരത്തിന്റെ നൂറാം വാർഷികത്തോടടുത്ത് മലയാളം ആഴ്ചപ്പതിപ്പ് ഒരു പ്രത്യേക പതിപ്പ് തന്നെ 2004-ൽ ഇറക്കിയിരുന്നു.

  1. എ.എം.എൻ., ചാക്യാർ. അവസാനത്തെ സ്മാർത്ത വിചാരം. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. {{cite book}}: Cite has empty unknown parameter: |1= (help)
  2. 2.0 2.1 "Some "Bhrashtu" (Excommunication or Ostracism) Cases". നമ്പൂതിരി.കോം. Retrieved 25 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
  3. ഭാസ്കരനുണ്ണി, പി. സ്മാർത്ത വിചാരം. സാഹിത്യ പ്രവർത്തക സഹകരണ സംഘം: കോട്ടയം. {{cite book}}: Cite has empty unknown parameter: |1= (help)
  4. 4.0 4.1 എം.പി., ബഷീർ. "അനന്തരം താത്രി അവതാരമായി". ഇൻഡ്യാവിഷൻ. Archived from the original (എച്ച്.റ്റി.എം.എൽ. (ആസ്കി)) on 30 ഓഗസ്റ്റ് 2009. Retrieved 24 സെപ്റ്റംബർ 2009.
  5. 5.0 5.1 5.2 5.3 5.4 സ്മാർത്ത വിചാരം: Vol-1. Regional Archives: എറണാകുളം. {{cite book}}: Cite has empty unknown parameter: |1= (help)
  6. ലോഗൻ, വില്യം. മലബാർ മാനുവൽ. ഏഷ്യൻ എജുക്കേഷനൽ സർവീസസ് : ന്യൂ ഡൽഹി. {{cite book}}: Cite has empty unknown parameter: |1= (help)
  7. 7.0 7.1 7.2 7.3 7.4 ഡോ. രാജൻ ചുങ്കത്ത്‌ (2013 ജൂലൈ 13). "താത്രി: അവൾ തൊട്ടപ്പോൾ പൂക്കൾ പറന്നു". മാതൃഭൂമി. Archived from the original on 2013-08-13. Retrieved 2013 ഓഗസ്റ്റ് 13. {{cite news}}: Check date values in: |accessdate= and |date= (help)
  8. പേജ് 68-ചരിത്രത്തിൽ വിലയം പ്രാപിച്ച വികാരങ്ങൾ -ആണ്ടലാട്ട്
  9. കെ.പി.എസ്., മേനോൻ. കഥകളീ രംഗം. മാതൃഭൂമി ബുക്സ്. {{cite book}}: Cite has empty unknown parameter: |1= (help)
  10. വിജയകൃഷ്ണൻ. അനന്തരം താത്രിക്ക് എന്ത് സംഭവിച്ചു. മലയാളം ആഴ്ചപ്പതിപ്പ്. {{cite book}}: Cite has empty unknown parameter: |1= (help)
  11. മാടമ്പ്, കുഞ്ഞുകുട്ടൻ. ഭ്രഷ്ട്. ഡി.സി. ബുക്സ്. {{cite book}}: Cite has empty unknown parameter: |1= (help)
  12. ദേവകി നിലയങ്ങോട് (2008). കാലപ്പകർച്ചകൾ. ഡി.സി. ബുക്സ്. ISBN 9788182646155. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help)
  13. എസ്. സുന്ദർദാസ്. "കുറിയേടത്ത് താത്രിയുടെ മുഖം". മാധ്യമം. Retrieved 20 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
  14. "Bhrashtu (1978)". IMDB. Retrieved 20 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
  15. "കുറിയേടത്തു താത്രി (നോവൽ)". Archived from the original on 2016-03-04. Retrieved 26 ഒക്ടോബർ 2010.
  16. "താത്രിക്കുട്ടിയുടെ പുനരവതാരം". ദേശാഭിമാനി. 25 ഓഗസ്റ്റ് 2019. Archived from the original on 9 നവംബർ 2019. Retrieved 9 നവംബർ 2019.
  17. "താത്രീഭഗവതി – അമരത്വം വരിച്ച താത്രിക്കുട്ടിയുടെ കഥ". ജനയുഗം. 25 ഓഗസ്റ്റ് 2019. Archived from the original on 25 ഓഗസ്റ്റ് 2019. Retrieved 9 നവംബർ 2019.
  18. "എൻ.എൻ. പിള്ള സ്മാരക നാടകോത്സവം: 'കുറിയേടത്ത് താത്രി' മികച്ച നാടകം". മാതൃഭൂമി. 11 ജനുവരി 2013. Archived from the original on 2013-01-11. Retrieved 21 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കുറിയേടത്ത്_താത്രി&oldid=4107521" എന്ന താളിൽനിന്ന് ശേഖരിച്ചത്