കെ.ആർ. നാരായണൻ (1920 ഒക്ടോബർ 27 – 2005 നവംമ്പർ 9]] ഉഴവൂർ കോട്ടയം കേരളം) ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു.[1] നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ച നാരായണൻ, പിന്നോക്ക സമുദായത്തിൽനിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്‌.[2]

കോച്ചേരിൽ രാമൻ നാരായണൻ
ഇന്ത്യയുടെ 10 ആമത്തെ രാഷ്ട്രപതി
ഓഫീസിൽ
25 ജൂലൈ 1997 – 25 ജൂലൈ 2002
പ്രധാനമന്ത്രിഐ.കെ. ഗുജ്റാൾ
എ.ബി. വാജ്‌പേയി
Vice Presidentകൃഷൻ കാന്ത്
മുൻഗാമിശങ്കർ ദയാൽ ശർമ്മ
പിൻഗാമിഎ.പി.ജെ. അബ്ദുൽ കലാം
ഉപരാഷ്ട്രപതി
ഓഫീസിൽ
21 ഓഗസ്റ്റ് 1992 – 24 ജൂലൈ 1997
രാഷ്ട്രപതിശങ്കർ ദയാൽ ശർമ്മ
മുൻഗാമിശങ്കർ ദയാൽ ശർമ്മ
പിൻഗാമികൃഷൻ കാന്ത്
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-10-27)27 ഒക്ടോബർ 1920
ഉഴവൂർ, തിരുവിതാംകൂർ
മരണം9 നവംബർ 2005(2005-11-09) (പ്രായം 85)
ഡെൽഹി, ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
അൽമ മേറ്റർകേരള സർ‌വകലാശാല
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്

പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂർ വില്ലേജിലെ പെരുംതാനം എന്ന സ്ഥലത്താണ് നാരായണൻ ജനിച്ചത്.[3] ആദ്യകാല വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തകനായി ജോലി നോക്കിയെങ്കിലും, പിന്നീട് രാഷ്ട്രീയം പഠിക്കുവാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാരായണൻ നെഹ്രു സർക്കാരിന്റെ കാലത്ത് വിദേശകാര്യവകുപ്പിൽ ജോലി നോക്കി. ജപ്പാൻ, ഇംഗ്ലണ്ട്, തായ്‌ലാന്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഒരു നയതന്ത്രജ്ഞൻ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം നാരായണൻ രാഷ്ട്രീയത്തിലേക്കിറങ്ങുകയും, മൂന്ന് തവണ തുടർച്ചയായി ലോക സഭയിലേക്ക് വിജയിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. 1992 ൽ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു, 1997 ൽ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു.[4][5]

രാഷ്ട്രപതിയുടെ ഔദ്യോഗിക പദവി കഴിവോടേയും, അതിന്റെ എല്ലാ അധികാരങ്ങളേയും വിശാലമായ അർത്ഥത്തിലും ഉപയോഗിച്ച നിശ്ചയദാർഢ്യമുള്ള രാഷ്ട്രപതിയായിരുന്നു കെ.ആർ.നാരായണൻ എന്നു പറയപ്പെടുന്നു. പ്രവർത്തിക്കുന്ന ഒരു പ്രസിഡന്റ് എന്നായിരുന്നു നാരായണൻ സ്വയം വിശേഷിപ്പിച്ചിരുന്നത്. സർക്കാരിന്റെ തീരുമാനങ്ങളെ കണ്ണടച്ച് ഒപ്പിടുന്ന ഒരു റബ്ബർ സ്റ്റാംപായിരിക്കാൻ താൻ താൽപര്യപ്പെടുന്നില്ല എന്നും ഒരു മാസികയ്ക്കനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.[6] ഒരു പ്രസിഡന്റ് എന്ന തലത്തിൽ തനിക്കുള്ള എല്ലാ അധികാരങ്ങളും ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. 1999 ലെ കാർഗിൽ യുദ്ധസമയത്ത് ഒരു തൂക്കുമന്ത്രിസഭയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. സൈനിക തലവന്മാർ പ്രസിഡന്റെന്ന നിലയിൽ നാരായണനെ നേരിട്ടായിരുന്നു യുദ്ധത്തിന്റെ പുരോഗതി വിവരിച്ചിരുന്നത്.[7] 1997 ൽ ഉത്തർപ്രദേശിലെ കല്യാൺസിംഗ് സർക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനവും, ഒരുകൊല്ലത്തിനുശേഷം ബീഹാറിൽ റാബ്രിദേവി മന്ത്രിസഭയെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനവും രാഷ്ട്രപതി എന്ന നിലയിൽ നാരായണൻ തള്ളികളയുകയുണ്ടായി.[7][8] ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി വേളയിൽ കെ.ആർ.നാരായണൻ ആയിരുന്നു രാഷ്ട്രപതി. 2005 നവംബർ 9 ന് തന്റെ 85 ആമത്തെ വയസ്സിൽ കെ.ആർ.നാരായണൻ മരണമടഞ്ഞു.

ജീവിതരേഖ

തിരുത്തുക

കോച്ചേരിൽ രാമൻ വൈദ്യരുടെയും പാപ്പിയമ്മയുടെയും ഏഴുമക്കളിൽ നാലാമനായി 1921 ഫെബ്രുവരി 4-നാണ്‌ നാരായണൻ ജനിച്ചത്‌. [i][9][10] വാസുദേവൻ, നീലകണ്ഠൻ, ഗൗരി, ഭാസ്കരൻ, ഭാർഗ്ഗവി, ഭാരതി എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. കുറിച്ചിത്താനം സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉഴവൂർ ഔവർ ലേഡീസ്‌ സ്കൂൾ, വടകര (കൂത്താട്ടുകളം) സെന്റ് ജോൺസ്‌ സ്കൂൾ, കുറവിലങ്ങാട്‌ സെന്റ് മേരീസ്‌ സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച്‌ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിതത്തോടെയായിരുന്നു നാരായണൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. 18 കിലോമീറ്ററോളം ദൂരം നടന്ന് വേണമായിരുന്നു നാരായണന് വിദ്യാലയത്തിൽ എത്തിച്ചേരുവാൻ. പലപ്പോഴും ഫീസുകൊടുക്കാൻ പണമില്ലാതെ ക്ലാസ്സിനു പുറത്തു നിൽക്കേണ്ടി വന്നിട്ടുണ്ട്. പുസ്തകം വാങ്ങുവാൻ പണം തികയില്ലായിരുന്നു, അപ്പോഴൊക്കെ സഹോദരനായിരുന്ന കെ.ആർ. നീലകണ്ഠൻ മറ്റു കുട്ടികളുടെ കയ്യിൽ നിന്നും പുസ്തകം കടം വാങ്ങി നാരായണനു കൊടുക്കുമായിരുന്നു.

കോട്ടയം സി എം എസ്‌ കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായി ബിരുദ പഠനം പൂർത്തിയാക്കി. ഒന്നാം റാങ്കോടെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും പാസായ നാരായണൻ പക്ഷേ ബിരുദദാനച്ചടങ്ങ്‌ ബഹിഷ്കരിച്ചു. ലക്ചറർ ഉദ്യോഗത്തിനായി അന്നത്തെ തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യരെ സമീപിച്ചപ്പോൾ സഹിക്കേണ്ടിവന്ന അപമാനമായിരുന്നു ആ ബഹിഷ്കരണത്തിനു പിന്നിൽ. ഹരിജനായതുകൊണ്ടുമാത്രമാണ്‌ സി പി ഉദ്യോഗം നിരസിച്ചത്‌. ഏതായാലും ബിരുദദാനത്തിനെത്തിയ ശ്രീചിത്തിര തിരുനാൾ മഹാരാജാവ്‌ ഒന്നാം റാങ്കുകാരന്റെ അഭാവം ശ്രദ്ധിച്ചു. കാരണം തിരക്കിയ മഹാരാജാവിനോട്‌ തിരുവിതാംകൂറിൽ ജോലികിട്ടാത്ത കാര്യവും ഡൽഹിയിൽ ജോലി തേടിപ്പോകാനുള്ള ആഗ്രഹവും നാരായണൻ അറിയിച്ചു. തുടർ പഠനത്തിനായി മഹാരാജാവ്‌ 500 രൂപ വായ്പ അനുവദിച്ചു.

ഡൽഹി ജീവിതം

തിരുത്തുക

1945-ൽ നാരായണൻ ഡൽഹിയിലെത്തി. ഇന്ത്യൻ ഓവർസീസ്‌ സർവീസിൽ ജോലികിട്ടിയെങ്കിലും പത്രപ്രവർത്തനത്തോടുള്ള അഭിനിവേശംമൂലം ഇക്കണോമിക്സ്‌ വീക്കിലി ഫോർ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്ട്രിയിലെ ജോലി സ്വീകരിച്ചു. പിന്നീട്‌ ദ ഹിന്ദു, ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പത്രങ്ങൾക്കുവേണ്ടിയും ജോലിചെയ്തു. ടൈംസ്‌ ഓഫ്‌ ഇന്ത്യയിൽ ആയിരിക്കെ 1944 ഏപ്രിൽ 10നു ബിർള ഹൌസിൽ മഹാത്മാ ഗാന്ധിയുമായി അഭിമുഖം നടത്തി. ഗാന്ധി മൗനവ്രതമായതിനാൽ ഉത്തരം കടലാസ്സിൽ കുറിച്ച് നല്കുകയാണ് ചെയ്തത്.മാസങ്ങൾ മാത്രം നീണ്ടുനിന്ന പത്രപ്രവർത്തനത്തിൽ സുവർണ മുഹൂർത്തമായി മാറിയ ആ അഭിമുഖം പക്ഷെ, പത്രത്തിൽ അടിച്ചു വന്നില്ല.പകരം നാരായണിന്റെ ജീവചരിത്രത്തിൽ ഇടം പിടിച്ചു. ഇക്കാലയളവിലാണ്‌ നാരായണൻ പ്രമുഖ വ്യവസായിയായ ജെ ആർ ഡി ടാറ്റയെ കണ്ടുമുട്ടിയത്‌. വിദേശ സർവ്വകലാശാലയിൽ ഉപരിപഠനം നടത്താനുള്ള ആഗ്രഹം അദ്ദേഹം ടാറ്റയെ അറിയിച്ചു. ജെ ആർ ഡി, നാരായണനെ ലണ്ടൻ സ്കൂൾ ഓഫ്‌ ഇക്കണോമിക്സിൽ ചേർന്നു പഠിക്കാനുള്ള സ്കോളർഷിപ്പ്‌ നൽകി സഹായിച്ചു.

നയതന്ത്ര ഉദ്യോഗത്തിലേക്ക്‌

തിരുത്തുക

ലണ്ടനിലെ പഠനം പൂർത്തിയാക്കിയെത്തിയ നാരായണൻ തന്റെ അദ്ധ്യാപകനായിരുന്ന പ്രമുഖ രാഷ്ട്രമീമാംസകൻ ഹാരോൾഡ് ലാസ്കിയുടെ നിർദ്ദേശപ്രകാരം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സന്ദർശിച്ചു. നാരായണന്റെ കഴിവുകളിൽ ആകൃഷ്ടനായ നെഹ്രു അദ്ദേഹത്തെ വിദേശകാര്യ സർവീസിൽ നിയമിച്ചു. അയൽരാജ്യമായ ബർമ്മയിലെ ഇന്ത്യൻ വിദേശകാര്യാലയത്തിലായിരുന്നു നാരായണന്റെ പ്രഥമ നിയമനം. വിമത കലാപത്തിലകപ്പെട്ടിരുന്ന ബർമ്മയിൽ തന്നെ ഏൽപിച്ച ജോലികൾ അദ്ദേഹം ഭംഗിയായി പൂർത്തിയാക്കി. പിന്നീട്‌ ടോക്കിയോ(ജപ്പാൻ), തായ്‌ലാന്റ്, ടർക്കി എന്നിവിടങ്ങളിലെ ഇന്ത്യൻ വിദേശകാര്യ ഓഫീസുകളിലും ജോലിചെയ്തു.[11] 1976-ൽ ചൈനയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായി. ഇന്തോ - ചൈന ബന്ധം ഏറ്റവും പ്രശ്നഭരിതമായിരുന്ന നാളുകളായിരുന്നു അത്. 1962 ലെ ഇന്തോ-ചൈനാ യുദ്ധത്തിനുശേഷം ചൈനയിലേക്ക് പോകുന്ന ആദ്യത്തെ നയതന്ത്രപ്രതിനിധി കൂടിയായിരുന്നു നാരായണൻ. 1980ൽ അമേരിക്കൻ അംബാസഡറായി നിയമിതനായി. നാലുവർഷം ഈ സ്ഥാനംവഹിച്ച നാരായണൻ 1984-ൽ വിദേശകാര്യ വകുപ്പിലെ ജോലി മതിയാക്കി.

1978 ൽ നാരായണൻ വിദേശകാര്യവകുപ്പിൽ നിന്നും വിരമിച്ചു. പിന്നീട് ഡൽഹി ജവഹർലാൽ നെഹ്രു സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായി.[12] തന്റെ പൊതുജീവിതത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ച്ജെ.എൻ.യുവിലെ ജീവിതമാണെന്ന് പിന്നീട് നാരായണൻ പറയുകയുണ്ടായി. ഗുജറാത്ത് കലാപത്തിന്റെ പേരിൽ നാരായണൻ ബി.ജെ.പി നേതാവ് വാജ്പേയിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി[13] 1980-1984 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി സർക്കാർ അധികാരത്തിൽ വന്നപ്പോൾ നാരായണനെ വീണ്ടും വിദേശകാര്യവകുപ്പിലേക്ക് മടക്കി വിളിച്ചു. റൊണാൾഡ് റീഗന്റെ ഭരണകാലത്ത് ഇന്ദിരാ ഗാന്ധി നടത്തിയ അമേരിക്കൻ സന്ദർശനം കെ.ആർ.നാരായണന്റെ നയതന്ത്രബന്ധങ്ങളുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യ-അമേരിക്ക ബന്ധം മോശമായിരുന്ന കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് തന്നെ ഈ സന്ദർശനം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ത്യാ-അമേരിക്കാ നയതന്ത്രബന്ധം ഊഷ്മളമാക്കാൻ നാരായണൻ വഹിച്ച പങ്ക് ചെറുതല്ല.[14]

സജീവ രാഷ്ട്രീയത്തിലേക്ക്‌

തിരുത്തുക

അമേരിക്കയിൽ‍ നിന്നും തിരിച്ചെത്തിയ നാരായണനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് മുൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയായിരുന്നു.[15] 1984 ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് നാരായണൻ ആദ്യമായി മത്സരിച്ചത്.[16]. ഒറ്റപ്പാലം സംവരണമണ്ഡലത്തിൽ നിന്നായിരുന്നു നാരായണൻ ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചത്. സി.പി.ഐ.എമ്മിലെ എ.കെ.ബാലനെ പരാജയപ്പെടുത്തി നാരായണൻ ലോക്സഭയിലെത്തി.[17] പിന്നീട്‌ 1989, 1991 വർഷങ്ങളിലും ഇതേ മണ്ഡലത്തിൽനിന്ന് ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1989 ലും 1991 ലും സി.പി.ഐ.എമ്മിലെ ലെനിൻ രാജേന്ദ്രനെ ആണ് നാരായണൻ പരാജയപ്പെടുത്തിയത്.[18][19] 1991 ൽ രാജീവ്‌ ഗാന്ധി മന്ത്രിസഭയിൽ വിവിധ കാലയളവിലായി ആസൂത്രണം(1985), വിദേശകാര്യം(1985–86), ശാസ്ത്രസാങ്കേതിക സഹമന്ത്രിയായും (1986–89) നാരായണൻ നിയുക്തനായി[16]. പാർലമെന്റ് അംഗമായിരുന്ന കാലത്ത് പേറ്റന്റ് നിയമങ്ങൾ ശക്തമാക്കാനുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങളെ നാരായണൻ ശക്തമായി എതിർത്തിരുന്നു. 1991 ൽ കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ വന്നുവെങ്കിലും, നാരായണൻ മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [20]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1991* ഒറ്റപ്പാലം ലോകസഭാമണ്ഡലം കെ.ആർ. നാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ലെനിൻ രാജേന്ദ്രൻ സി.പി.എം., എൽ.ഡി.എഫ്.
1989 ഒറ്റപ്പാലം ലോകസഭാമണ്ഡലം കെ.ആർ. നാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ലെനിൻ രാജേന്ദ്രൻ സി.പി.എം., എൽ.ഡി.എഫ്.
1984 ഒറ്റപ്പാലം ലോകസഭാമണ്ഡലം കെ.ആർ. നാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.കെ. ബാലൻ സി.പി.എം., എൽ.ഡി.എഫ്.
  • 1992 ൽ ഉപരാഷ്ട്രപതിയായപ്പോൾ ലോകസഭാംഗത്വം രാജി വെച്ചു.

ഉപരാഷ്ട്രപതി

തിരുത്തുക

രാഷ്ട്രീയത്തിൽ ശോഭിച്ച നാരായണനെ കൂടുതൽ ഭാരിച്ച ചുമതലകൾ കാത്തിരുന്നു. 1992ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി വി.പി. സിംഗ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ നാരായണന്റെ പേരു നിർദ്ദേശിച്ചു. പിന്നോക്ക സമുദായാംഗമെന്ന നിലയിലാണ്‌ സിംഗ്‌ നാരായണനെ നിർദ്ദേശിച്ചത്‌. താമസിയാതെ അന്നത്തെ സർക്കാർ നയിച്ചിരുന്ന കോൺഗ്രസ്‌ പാർട്ടിയും ഈ സ്ഥാനാർത്ഥിത്വത്തെ പിന്താങ്ങി. ജനതാ ദളും, ഇടതുപക്ഷ കക്ഷികളും നാരായണന്റെ സ്ഥാനാർത്ഥിത്വത്തിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അവസാന ഘട്ടമായപ്പോൾ നാരായണന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കാൻ പ്രബലകക്ഷികൾ ആരുമുണ്ടായിരുന്നില്ല. 1992 ഓഗസ്റ്റ്‌ 21ന്‌ കെ. ആർ. നാരായണൻ ഡോ. ശങ്കർ ദയാൽ ശർമ്മയുടെ കീഴിൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.[21]

മഹാത്മാ ഗാന്ധിയുടെ മരണത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം എന്നാണ് ബാബരി മസ്ജിദ്‌ സംഭവത്തെ നാരായണൻ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഈ ദുഖകരമായ സംഭവം എന്ന് ഓൾ ഇന്ത്യാ റേഡിയോക്ക് അനുവദിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.[22]

രാഷ്ട്രപതി

തിരുത്തുക

1997 ജൂലൈ 17 ന് കെ.ആർ.നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.[23] രേഖപ്പെടുത്തിയ വോട്ടിന്റെ 95% നേടിയാണ് നാരായണൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ആകെയുള്ള എതിരാളി, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ കൂടിയായിരുന്ന ടി.എൻ.ശേഷൻ ആയിരുന്നു. ശിവസേന മാത്രമാണ് ശേഷനെ പിന്തുണച്ചത്. നാരായണൻ ദളിതനായതുകൊണ്ടാണ് മറ്റുള്ള പാർട്ടികൾ അദ്ദേഹത്തെ പിന്തുണച്ചതെന്ന ശേഷന്റെ പ്രസ്താവന അക്കാലത്ത് വിവാദമായിരുന്നു.[24]

സ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ

തിരുത്തുക

നാരായണൻ രാഷ്ട്രപതിയായിരിക്കുന്ന സമയത്താണ് ഭാരതം സ്വതന്ത്രമായതിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ നടക്കുന്നത്. ജനാധിപത്യത്തിലൂന്നിയുള്ള ഒരു ഭരണം സാധ്യമായതാണ് സ്വാതന്ത്ര്യംകൊണ്ടുണ്ടായ നേട്ടങ്ങളിലൊന്ന് എന്ന് പാർലിമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കവേ നാരായണൻ പറഞ്ഞു.[25] ഒരു ദളിതൻ രാഷ്ട്രപതിയാവുക എന്ന ഗാന്ധിജിയുടെ സ്വപ്നം നാരായണൻ ആ പദവിയിലെത്തിയതോടെ യാഥാർത്ഥ്യമായി എന്നാണ് പിറ്റേ ദിവസം ചെങ്കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധനചെയ്തു കൊണ്ട് സംസാരിക്കവേ പ്രധാനമന്ത്രി ഇന്ദർ കുമാർ ഗുജ്റാൾ പറഞ്ഞത്. നാം ഓരോരുത്തരും അതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു തിരഞ്ഞെടുപ്പുകളിലെ പങ്കാളിത്തം

തിരുത്തുക

1998 ലെ പൊതു തിരഞ്ഞെടുപ്പിൽ കെ.ആർ.നാരായണൻ വോട്ടു രേഖപ്പെടുത്തി. രാഷ്ട്രപതി സ്ഥാനത്തിരിക്കേ ഒരു പൊതു തിരഞ്ഞെടുപ്പിൽ സമ്മതീദാന അവകാശം വിനിയോഗിക്കുന്ന ആദ്യത്തെ പ്രഥമപൗരനായി മാറി കെ.ആർ.നാരായണൻ. രാഷ്ട്രപതി ഭവൻ സമുച്ചയത്തിനുള്ളിലുള്ള ഒരു സ്കൂളിൽ സാധാരണക്കാരേപ്പോലെ വരിയിൽ നിന്നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രപതിയുടെ പദവിയിലിരിക്കേ വോട്ടു ചെയ്യുക എന്ന കീഴ്വഴക്കം നടപ്പിലാക്കിയത് കെ.ആർ.നാരായണനാണ്.[26][27]

രാഷ്ട്രപതിയുടെ അധികാരങ്ങൾ

തിരുത്തുക

കെ.ആർ.നാരായണൻ രാഷ്ട്രപതിയുടെ പദവിയിലിരിക്കുമ്പോൾ രണ്ടു തവണ വിവിധ ലോക് സഭ പിരിച്ചുവിട്ടിട്ടുണ്ട്. 28 നവംബർ 1997 ൽ ഇന്ദർ കുമാർ ഗുജ്റാൾ മന്ത്രിസഭക്കുള്ള പിന്തുണ കോൺഗ്രസ്സ് നേതാവായ സീതാറാം കേസ്സരി പിൻവലിക്കുകയും, തന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശം ഉന്നയിക്കുകയും ചെയ്തു. ഇന്ദർ കുമാർ ഗുജ്റാൾ ഈ ലോക്സഭ പിരിച്ചു വിടാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. വിദഗ്ദ്ധാഭിപ്രായങ്ങളാരാഞ്ഞ ശേഷം നാരായണൻ ലോക്സഭ പിരിച്ചുവിടാൻ ഉത്തരവിട്ടു. ആർക്കും തന്നെ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് നാരായണൻ ആ തീരുമാനമെടുത്തത്.[28]

1998ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും, ബി.ജെ.പി നേതാവായിരുന്ന വാജ്പേയി മന്ത്രിസഭക്കുവേണ്ടി അവകാശം ഉന്നയിച്ചു. വ്യക്തമായ ഭൂരിപക്ഷം കാണിക്കുന്ന സമ്മതപത്രങ്ങൾ ഹാജരാക്കുവാൻ നാരായണൻ വാജ്പേയിയോടാവശ്യപ്പെട്ടു. അതനുസരിച്ച് വാജ്പേയി സമ്മതപത്രങ്ങൾ സമർപ്പിക്കുകയും സഭയിൽ 10 ദിവസത്തിനകം വിശ്വാസവോട്ടു തേടിയിരിക്കുമെന്ന് രാഷ്ട്രപതിയോട് സമ്മതിക്കുകയും ചെയ്തു. വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ വാജ്പേയി സഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. എന്നാൽ അപ്രതീക്ഷിതമായി ജയലളിതയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം വാജ്പേയി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്നു കാണിച്ച് രാഷ്ട്രപതിക്കു കത്തു നൽകി. വാജ്പേയിയോട് സഭയിൽ വിശ്വാസവോട്ടു തേടാൻ രാഷ്ട്രപതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രവർത്തിച്ച വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ.സർക്കാർ സഭയിൽ പരാജയപ്പെട്ടു. തുടർന്ന കോൺഗ്രസ്സും, ബി.ജെ.പിയും മന്ത്രിസഭാ രൂപീകരണത്തിനു ശ്രമിച്ചെങ്കിലും, രാഷ്ട്രപതി ലോക്സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.[29] തുടർന്നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ അധികാരത്തിലെത്തുകയും വാജ്പേയി പ്രധാനമന്ത്രിയായി നിയമിതനാവുകയും ചെയ്തു.

പ്രസിഡന്റ് ഭരണം

തിരുത്തുക

ഭരണഘടനയിലെ 356 ആമത്തെ വകുപ്പനുസരിച്ച്[൧] രണ്ട് തവണ രണ്ടു സംസ്ഥാനങ്ങളിലെ സർക്കാരുകളെ രാഷ്ട്രപതി പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം ഏർപ്പെടുത്താൻ കേന്ദ്രമന്ത്രിസഭയുടെ ഉപദേശങ്ങൾ രാഷ്ട്രപതി എന്ന നിലയിൽ നാരായണൻ മടക്കി അയക്കുകയുണ്ടായി. 22 ഒക്ടോബർ 1997 ന് ഐ.കെ. ഗുജ്റാൾ സർക്കാർ ഉത്തർപ്രദേശിലെ കല്യാൺസിംഗ് മന്ത്രിസഭയെ ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച് പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്തു. 25 സെപ്തംബർ 1998 ന് ബീഹാറിലെ രാബറി ദേവി സർക്കാരിനെ ഇതേ നിയമംകൊണ്ടു പിരിച്ചുവിടാൻ വാജ്പേയി നേതൃത്വത്തിലുള്ള സർക്കാർ രാഷ്ട്രപതിയോട് നിർദ്ദേശിച്ചു.[30] രണ്ടു തവണയും രാഷ്ട്രപതി കേന്ദ്രമന്ത്രിസഭകളുടെ നിർദ്ദേശങ്ങൾ നിരാകരിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ഒരു വിധിയെ അടിസ്ഥാനമാക്കിയായിരുന്നു നാരായണൻ ഈ തീരുമാനങ്ങൾ എടുത്തത്.[31]

കാർഗിൽ യുദ്ധം

തിരുത്തുക

1999 മെയ് മാസത്തിൽ പാകിസ്താൻ ഇന്ത്യയുടെ അതിർത്തി രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് അധിനിവേശ ശ്രമം നടത്തുകയുണ്ടായി. ഇന്ത്യൻ സൈന്യം ഇത് തടഞ്ഞതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈ സമയത്ത് ഇടക്കാല കേന്ദ്രമന്ത്രിസഭയാണ് നിലവിലുണ്ടായിരുന്നത്. വാജ്പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പുതിയ മന്ത്രിസഭ വരുന്നതുവരെ അധികാരത്തിൽ തുടരുകയായിരുന്നു. ഈ സമയത്ത് സുപ്രധാന തീരുമാനങ്ങളെടുക്കാൻ ഒരു ഉത്തരാവദിത്വപ്പെട്ട സർക്കാർ നിലവില്ലാതിരുന്ന സാഹചര്യത്തിൽ രാഷ്ട്രപതി നേരിട്ടാണ് മൂന്നു സൈനികതലവന്മാരോടും യുദ്ധത്തിന്റെ ഗതിവിഗതികൾ ചർച്ചചെയ്തിരുന്നത്. പുതുവർഷത്തിലെ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ നാരായണൻ കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള ആദരാഞ്ജലികളർപ്പിച്ചിരുന്നു.

സാമൂഹ്യസാമ്പത്തിക പ്രതിബദ്ധത

തിരുത്തുക

സമൂഹത്തിന്റെ താഴേക്കിടയിൽ കിടക്കുന്ന ദളിതരേയും, ആദിവാസികളേയും പോലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാരായണൻ തന്റെ എല്ലാ പ്രസംഗങ്ങളിലും പരാമർശിക്കുമായിരുന്നു.[32] സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അക്രമങ്ങൾ, അഴിമതി, അയിത്തം തുടങ്ങിയ സാമൂഹ്യവിപത്തുകൾ തുടച്ചെറിയാനുള്ള നടപടികൾ എടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് നാരായണൻ എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു.[33]

ഗ്രഹാം സ്റ്റെയിൻസിന്റെയും കുടുംബാംഗങ്ങളുടേയും കൊലപാതകം ഒരു കാടത്തരമായ പാതകമാണെന്നായിരുന്നു നാരായണൻ അഭിപ്രായപ്പെട്ടത്.[34] 2002 ഫെബ്രുവരിയിൽ രാഷ്ട്രപതി എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിക്കാറായ കാലഘട്ടത്തിലായിരുന്നു ഗുജറാത്തിൽ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇത് അദ്ദേഹത്തിൽ വേദനയും വിഷമവും ഉണ്ടാക്കിയിരുന്നു. ആഘോഷവേളകളിൽ നിന്നദ്ദേഹം ഒഴിഞ്ഞു നിന്നു.[35] സഹിഷ്ണുതയും, ക്ഷമയും കൊണ്ട് രാജ്യത്ത് സമാധാനവും, സ്നേഹവും നിലനിർത്താൻ ജനങ്ങൾ തയ്യാറാവാണമെന്ന് രാഷ്ട്രത്തോടായി ചെയ്ത ഒരു പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു.[36] രണ്ടാമതൊരു വട്ടം കൂടി രാഷ്ട്രപതി ഭവനിലേക്കെത്താൻ നാരായണൻ ശ്രമിച്ചിരുന്നില്ല. രാഷ്ട്രപതിയെന്ന നിലയിലുള്ള തന്റെ സേവനകാലം അവസാനിച്ചതിനുശേഷം സാമൂഹിക പ്രവർത്തനത്തിലേക്കാണ് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്.

2002-ലെ ഗുജറാത്ത് കലാപവേളയിൽ താൻ വേണ്ടത്ര ഉപദേശം കൊടുത്തിട്ടും പ്രധാനമന്ത്രിയായിരുന്ന വാജ്പേയി കലാപം അടിച്ചമർത്താൻ വേണ്ടതൊന്നും ചെയ്തില്ല എന്ന നാരായണൻ തന്റെ പ്രസിഡന്റ് കാലാവധി അവസാനിച്ചശേഷം ഒരു പത്രത്തിനായി നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. ഗുജറാത്തിലേക്ക് സൈന്യത്തെ അയച്ചിരുന്നുവെങ്കിലും അവർക്ക് പ്രവർത്തിക്കാനുള്ള അധികാരം സർക്കാർ നൽകിയിരുന്നില്ല. കേന്ദ്രസർക്കാരും, നരേന്ദ്രമോദിയുടെ കീഴിലുള്ള സംസ്ഥാന സർക്കാരും വേണ്ട രീതിയിൽ ശ്രമിച്ചിരുന്നുവെങ്കിൽ ഗുജറാത്ത് കലാപത്തിന്റെ കെടുതികളുടെ തോത് കുറക്കാമായിരുന്നുവെന്നും നാരായണൻ അഭിപ്രായപ്പെട്ടു. വേണ്ട സമയത്ത് പ്രധാനമന്ത്രിയെ ഉപദേശിക്കുക എന്ന കർത്തവ്യം താൻ നിറവേറ്റിയിരുന്നുവെന്നും നാരായണൻ കൂട്ടിച്ചേർത്തു.[37]

വിശേഷതകൾ

തിരുത്തുക
  • മലയാളിയായ ആദ്യ രാഷ്ട്രപതി.
  • രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവും ഏറ്റവും കൂടുതൽ വോട്ടും നേടിയ വ്യക്തി.
  • കാർഗിൽ യുദ്ധസമയത്തും പൊക്രാനിൽ
  • ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടന്ന സമയത്തും ഇന്ത്യൻ രാഷ്ട്രപതി.
  • ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്ട്രപതി.
  • , തുർക്കി, യു.എസ്.എ, ചൈന എന്നീ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധി, ജവഹർലാൽ നെഹ്രു സർവ്വകലാശാല വൈസ് ചാൻസലർ എന്നീ പദവികൾ വഹിച്ച രാഷ്ട്രപതി.

വ്യക്തി ജീവിതം

തിരുത്തുക

ബർമ്മയിൽ ഉദ്യോഗത്തിലിരിക്കുമ്പോൾ പരിചയപ്പെട്ട മാ ടിന്റ് എന്ന സ്ത്രീയെ നാരായണൻ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. മാ ടിന്റ് പിന്നീട് ഉഷ നാരായണൻ എന്ന നാമം സ്വീകരിച്ചു. ഉഷ നാരായണന് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഈ ദമ്പതികൾക്ക് രണ്ട് പുത്രിമാരാണുള്ളത്. സ്വിറ്റ്സർലന്റിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി ആയ ചിത്രാ നാരായണനും, അമൃതയും.[38]

പിൽക്കാല ജീവിതം

തിരുത്തുക

രാഷ്ട്രപതിസ്ഥാനത്തു നിന്നും വിരമിച്ച ശേഷം നാരായണനും പത്ന ഉഷയും ഡൽഹിയിൽ തന്നെയുള്ള മുൻ രാഷ്ട്രപതിമാർക്കുള്ള വസതികളിലൊന്നിലാണ് ശിഷ്ടകാലം ജീവിച്ചത്. 2004 ജനുവരി 21-ന് മുംബൈയിൽ നടന്ന വേൾഡ് സോഷ്യൽ ഫോറത്തിന്റെ സമാപനസമ്മേളനത്തിൽ നാരായണൻ പങ്കെടുത്ത് സംസാരിച്ചിരുന്നു. ലോകമെങ്ങുമുള്ള ജനങ്ങൾ മറ്റൊരു ലോകത്തിന്റെ സാധ്യതകൾക്കായി ശ്രമിക്കുന്നത് അങ്ങേയറ്റം ആഹ്ലാദകരമായ ആശയമാണെന്ന് സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് നാരായണൻ പറയുകയുണ്ടായി.[39]

2005 ഫെബ്രുവരിയിൽ ഉഴവൂരിലുള്ള നാരായണന്റെ തറവാട് പോത്തൻകോടുള്ള ശാന്തിഗിരി ആശ്രമത്തിനു അദ്ദേഹം ദാനം ചെയ്തു. ശ്രീകരുണാകരഗുരു ആയുർവേദ ഗവേഷണകേന്ദ്രത്തിനു ആസ്ഥാനം നിർമ്മിക്കാനായിരുന്നു ഇത്.[40] ഉഴവൂരിൽ അദ്ദേഹം നടത്തിയ അവസാന സന്ദർശനത്തിലായിരുന്നു ഇത്.[41]

വാർദ്ധക്യസഹജമായ നിരവധി അസുഖങ്ങൾ അലട്ടിയിരുന്ന നാരായണനെ, ന്യുമോണിയാബാധയെത്തുടർന്ന് 2005 ഒക്ടോബർ 29-ന് ഡൽഹിയിലെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിവരുകയും തുടർന്ന് നവംബർ 9-ന് വൈകീട്ട് 5:45-ന് അദ്ദേഹം അന്തരിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതികശരീരം സ്വവസതിയിൽ പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി കൊണ്ടുപോകുകയും യമുനാനദിയുടെ കരയിലുള്ള ഏക്താ സ്ഥൽ എന്ന സ്ഥലത്ത് സംസ്കരിയ്ക്കുകയും ചെയ്തു. രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാം, ഉപരാഷ്ട്രപതി ഭൈറോൺ സിങ് ശെഖാവത്ത്, പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്‌, മുൻ പ്രധാനമന്ത്രിമാരായ വി.പി. സിങ്, ചന്ദ്രശേഖർ, എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്റാൾ, അടൽ ബിഹാരി വാജ്പേയി തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.

കുറിപ്പുകൾ

തിരുത്തുക
  • ^ ഒരു സംസ്ഥാനത്തിലെ ഭരണം ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന വിധത്തിലല്ല നടക്കുന്നതെന്ന സംസ്ഥാന ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംസ്ഥാനത്തെ ഭരണനിർവ്വഹണം രാഷ്ട്രപതിക്കോ അതല്ലെങ്കിൽ അദ്ദേഹം അധികാരം നൽകുന്ന സംസ്ഥാന സർക്കാർ അല്ലാത്തെ മറ്റേതൊരു സംവിധാനത്തിനോ ഏറ്റെടുക്കാൻ അധികാരം നൽകുന്നതാണ് ഭരണഘടനയിലെ 356 ആം വകുപ്പ് [42]
  1. "ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതി". ഭാരതസർക്കാർ. Retrieved 02-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  2. "കെ.ആർ.നാരായണൻ". ജാമിയ മില്ലിയ ഇസ്ലാമിയ. Retrieved 02-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  3. ദർശൻ, സിങ് (1999). കെ.ആർ.നാരായണൻ - എ ജേണി ഫ്രം ഉഴവൂർ ടു റെയ്സിന ഹിൽസ്. യുണൈറ്റഡ് ചിൽഡ്രൻ മൂവ്മെന്റ്. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. "ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിമാർ". ഭാരത സർക്കാർ. Archived from the original on 2009-02-10. Retrieved 02-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  5. "ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ". ഭാരതസർക്കാർ. Retrieved 02-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  6. "കെ.ആർ.നാരായണനുമായി അഭിമുഖം" (PDF). ദ ഹിന്ദു. 14-ഓഗസ്റ്റ്-1998. Archived from the original (PDF) on 2006-02-03. Retrieved 2013-07-02. {{cite news}}: Check date values in: |date= (help)
  7. 7.0 7.1 ഹരീഷ്, പാണ്ഡേ (29-നവംബർ-2005). "കെ.ആർ.നാരായണന് ആദരാഞ്ജലികൾ". ഗാർഡിയൻ ദിനപത്രം. {{cite news}}: Check date values in: |date= (help)
  8. വെങ്കിടേഷ്, രാമകൃഷ്ണൻ (നവംബർ-1997). "എ ക്രൈസിസ് ഡിഫ്യൂസ്ഡ്". ഫ്രണ്ട്ലൈൻ. {{cite news}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)
  9. Burns, John F. (1997-07-26). "Lowest-Caste Hindu Takes Office as India's President". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2020-09-09.
  10. "Kocheril Raman Narayanan | president of India". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2020-09-09.
  11. "കെ.ആർ.നാരായണൻ, നയതന്ത്രജ്ഞൻ". കെ.ആർ.നാരായണൻ.ഇൻ. Retrieved 03-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  12. "ജെ.എൻ.യു - മുൻ വൈസ് ചാൻസിലർമാർ". ജവഹർലാൽ നെഹ്രു സർവകലാശാല. Retrieved 03-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  13. "നാരായണൻ ക്രിട്ടിസൈസ് വാജ്പേയി ഓൺ ഗുജറാത്ത് റയട്ട്". ദ ഹിന്ദു. 03-മാർച്ച്-2005. Archived from the original on 2012-09-18. Retrieved 2021-08-12. {{cite news}}: Check date values in: |date= (help)
  14. "നാരായണൻ സീക്ക്സ് യു.എസ്.ഡയറക്ട് സപ്പോർട്ട് ഫോർ സെക്യൂരിറ്റി കൗൺസിൽ സീറ്റ്". റീഡിഫ്ഓൺനെറ്റ്. 30-ഏപ്രിൽ-1998. {{cite web}}: Check date values in: |date= (help)
  15. ഹരീഷ്, പാണ്ഡേ (29-നവംബർ-2005). "കെ.ആർ.നാരായണന് ആദരാഞ്ജലികൾ". ഗാർഡിയൻ ദിനപത്രം. നാരായണൻ സജീവ രാഷ്ട്രീയത്തിലേക്ക് {{cite news}}: Check date values in: |date= (help)
  16. 16.0 16.1 "വറുതിയിൽ വിരിഞ്ഞ വിദ്യാപദ്മം" (PDF). മലയാളം വാരിക. 2012 ഫെബ്രുവരി 03. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 22. {{cite news}}: Check date values in: |accessdate= and |date= (help)
  17. "1984 ലെ ഒറ്റപ്പാലം മണ്ഡലം തിരഞ്ഞെടുപ്പു ഫലം" (PDF). കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ. Archived from the original (PDF) on 2014-07-18. Retrieved 03-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  18. "1989 ലെ ഒറ്റപ്പാലം മണ്ഡലം തിരഞ്ഞെടുപ്പു ഫലം" (PDF). കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ. Archived from the original (PDF) on 2014-07-18. Retrieved 03-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  19. "1991 ലെ ഒറ്റപ്പാലം മണ്ഡലം തിരഞ്ഞെടുപ്പു ഫലം" (PDF). കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ. Archived from the original (PDF) on 2014-07-18. Retrieved 03-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-05-06.
  21. "ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിമാർ". ഭാരത സർക്കാർ. Archived from the original on 2009-02-10. Retrieved 02-ജൂലൈ-2013. കെ.ആർ.നാരായണന് ഏകപക്ഷീയമായ സ്ഥാനാർത്ഥിത്വം {{cite web}}: Check date values in: |accessdate= (help)
  22. "കെ.ആർ.നാരായണനുമായി അഭിമുഖം" (PDF). ദ ഹിന്ദു. 14-ഓഗസ്റ്റ്-1998. Archived from the original (PDF) on 2006-02-03. Retrieved 2013-07-02. മഹാത്മാ ഗാന്ധിയുടെ മരണശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ബാബരി മസ്ജിദ് സംഭവം {{cite news}}: Check date values in: |date= (help)
  23. "കെ.ആർ.നാരായണൻ ഡിക്ലയേഡ് ഇലക്ടഡ് ഫോർ ഓഫീസ് ഓഫ് ദ പ്രസിഡന്റ് ഓഫ് ഇന്ത്യ". ഭാരതസർക്കാർ (ആർക്കൈവ് വഴി). Archived from the original on 1997-08-04. Retrieved 03-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  24. അംബരീഷ്, ദിവാൻജി. "ദ ഇംപോർട്ടൻസ് ഓഫ് എ ദളിത് പ്രസിഡന്റ്". റീഡിഫ്.കോം. Retrieved 03-ജൂൺ-2013. {{cite news}}: Check date values in: |accessdate= (help)
  25. "സ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി വേളയിൽ പ്രസിഡന്റ് രാഷ്ട്രത്തോടായി ചെയ്ത പ്രസംഗം". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ. 15-ഓഗസ്റ്റ്-1997. Archived from the original on 2006-06-30. Retrieved 2013-07-03. {{cite web}}: Check date values in: |date= (help)
  26. "എ റോൾ ഫോർ ദ പ്രസിഡന്റ്". ഫ്രണ്ട്ലൈൻ. 20-മാർച്ച്-1998. {{cite news}}: Check date values in: |date= (help)
  27. സുകുമാരൻ, മുരളീധരൻ (16-ഫെബ്രുവരി-2001). "എ പ്രസിഡൻഷ്യൽ ഇന്റർവെൻഷൻ". ഫ്രണ്ട്ലൈൻ. {{cite news}}: Check date values in: |date= (help)
  28. "പത്രക്കുറിപ്പുകൾ". ഭാരതസർക്കാർ (വെബ് ആർക്കൈവ്). 04-ഡിസംബർ-1997. Archived from the original on 1998-01-19. Retrieved 2013-07-03. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  29. "പത്രക്കുറിപ്പുകൾ". ഭാരതസർക്കാർ(വെബ് ആർക്കൈവ്). Archived from the original on 1999-02-18. Retrieved 03-ജൂലൈ-2013. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  30. "ദ ബി.ജെ.പി സ് ബീഹാർ ഫിയാസ്കോ". ഫ്രണ്ട്ലൈൻ. 23-ഒക്ടോബർ-1998. Archived from the original on 2012-11-06. Retrieved 2013-07-03. {{cite news}}: Check date values in: |date= (help)
  31. "എസ്.ആർ.ബൊമ്മൈ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ". ഇന്ത്യ സുപ്രീംകോടതി. Archived from the original on 2012-03-02. Retrieved 03-ജൂലൈ-2013. {{cite news}}: Check date values in: |accessdate= (help)
  32. "ലോക ദളിത് കൺവെൻഷൻ - കോലാലംപൂർ - ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം". 11-ഒക്ടോബർ-1998. Archived from the original on 2000-06-07. Retrieved 2013-07-04. ജാതിവിവേചനമില്ലാത്ത ഒരു സമൂഹമായിരിക്കണം നമ്മുടെ ലക്ഷ്യം - കെ.ആർ.നാരായണൻ - ഇന്ത്യയുടെ രാഷ്ട്രപതി {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  33. "കേരള നിയമസഭാസാമാജിക മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗം". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ. 22-മെയ്-1998. Archived from the original on 2006-06-30. Retrieved 04-ജൂലൈ-2013. {{cite news}}: Check date values in: |accessdate= and |date= (help)
  34. "രാഷ്ട്രപതിഭവൻ പത്രക്കുറിപ്പുകൾ". രാഷ്ട്രപതി ഭവൻ(വെബ് ആർക്കൈവ്). 24-ജനുവരി-1999. Archived from the original on 1999-11-16. Retrieved 04-ജൂലൈ-2013. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  35. "രാഷ്ട്രപതിഭവനിൽ നിന്നുള്ള പത്രക്കുറിപ്പുകൾ". 28-മാർച്ച്-2002. Archived from the original on 2002-08-21. Retrieved 2013-07-04. 2002 ലെ ഹോളി ആഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുത്തില്ല {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  36. "രാഷ്ട്രപതിഭവനിൽ നിന്നുള്ള പത്രക്കുറിപ്പുകൾ". 29-ഏപ്രിൽ-2002. Archived from the original on 2002-08-23. Retrieved 2013-07-04. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രത്തോടായി ചെയ്ത പ്രസംഗം {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  37. "കോൺസ്റ്റിറ്റ്യൂഷൻ ലിമിറ്റഡ് മൈ പവേഴ്സ്". ദ ഹിന്ദു. 04-മാർച്ച്-2005. Archived from the original on 2012-11-10. Retrieved 2021-08-12. രാഷ്ട്രപതി എന്ന നിലയിൽ വേണ്ട സമയത്ത് പ്രധാനമന്ത്രിയെ ഉപദേശിക്കുക എന്നതാണ് തന്റെ കർത്തവ്യം, അത് താൻ ചെയ്തിരുന്നു - നാരായണൻ {{cite news}}: Check date values in: |date= (help)
  38. "അമ്പാസഡർ ചിത്രാ നാരായണൻ". അമേരിക്കൻ നയതന്ത്രകാര്യാലയം. Archived from the original on 2013-02-18. Retrieved 04-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  39. "വേൾഡ് സോഷ്യൽ ഫോറം". ഇക്കണോമിക് ടൈംസ്. 22-ജനുവരി-2004. വേൾഡ് സോഷ്യൽ ഫോറത്തിന്റെ സമാപനസമ്മേളനത്തിൽ കെ.ആർ.നാരായണൻ സംസാരിക്കുന്നു {{cite news}}: Check date values in: |date= (help)
  40. "ശാന്തിഗിരി രാജ്യത്തിനു സമർപ്പിക്കുന്നു". ശാന്തിഗിരി. Archived from the original on 2013-09-13. Retrieved 2013-07-04.
  41. "നാരായണൻ ക്രിമേറ്റഡ് വിത്ത് ഫുൾ സ്റ്റേറ്റ് ഓഫ് ഹോണർ". ദ ഹിന്ദു. 11-നവംബർ-2005. {{cite news}}: Check date values in: |date= (help)
  42. "ഭരണഘടനയിലെ 356 ആം വകുപ്പ്". ഇന്ത്യൻ കാനൂൻ.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • നെഹ്രു ആന്റി ഹിസ് വിഷൻ, ഡി.സി.ബുക്സ്, കോട്ടയം, 1999. ISBN 8126400390
  • ഇന്ത്യ ആന്റ് അമേരിക്ക് എസ്സേയ്സ് ഇൻ അണ്ടർസ്റ്റാന്റിംഗ്, സെക്കന്റ് എഡിഷൻ, ഏഷ്യാ ബുക് കോർപ്പറേഷൻ അമേരിക്ക, 1998. ISBN 999764137X
  • ഇമേജസ് ആന്റ് ഇൻസൈറ്റ്സ്, ഡി.സി.ബുക്സ്, കോട്ടയം.
പദവികൾ
മുൻഗാമി ഉപരാഷ്ട്രപതി
1992–1997
പിൻഗാമി
രാഷ്ട്രപതി
1997–2002
പിൻഗാമി

കുറിപ്പുകൾ

തിരുത്തുക
  1. എന്നാൽ സ്കൂളിൽ ആദ്യ ദിവസം നാരായണനോടൊപ്പം വന്ന അമ്മാവൻ യഥാർത്ഥ ജനനത്തീയതി അറിഞ്ഞിരുന്നില്ല. അദ്ദേഹം 1920 ഒക്ടോബർ 27 എന്ന് ചേർത്തു. നാരായണൻ പിന്നീട് ഇത് ഔദ്യോഗികമായി തുടരാൻ തീരുമാനിച്ചു.
"https://ml.wikipedia.org/w/index.php?title=കെ.ആർ._നാരായണൻ&oldid=4072138" എന്ന താളിൽനിന്ന് ശേഖരിച്ചത്