എ.പി.ജെ. അബ്ദുൽ കലാം

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതി

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) 'അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാം' (1931 ഒക്ടോബർ 15 – 2015 ജൂലൈ 27).[3] പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.[4]. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഡോ. എ.പി.ജെ. അബ്ദുൽ കലാം
എ.പി.ജെ. അബ്ദുൽ കലാം

എ.പി.ജെ. അബ്ദുൽ കലാം, 2014 നവംബറിൽ തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ


ഇന്ത്യയുടെ 11-ആം രാഷ്ട്രപതി
പദവിയിൽ
ജൂലൈ 25, 2002 – ജൂലൈ 25, 2007
വൈസ് പ്രസിഡന്റ്   ഭൈറോൺ സിങ് ശെഖാവത്ത്
മുൻഗാമി കെ.ആർ. നാരായണൻ
പിൻഗാമി പ്രതിഭാ പാട്ടീൽ

ജനനം (1931-10-15)ഒക്ടോബർ 15, 1931[1]
ഇന്ത്യധനുഷ്കോടി, രാമേശ്വരം, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണം 27 ജൂലൈ 2015(2015-07-27) (പ്രായം 83)
ഷില്ലോങ്ങ്, മേഘാലയ, ഇന്ത്യ
രാഷ്ട്രീയകക്ഷി ഇല്ല
ജീവിതപങ്കാളി അവിവാഹിതൻ
മതം മുസ്ലിം[2]
ഒപ്പ് Abdul kalam autograph.jpg

2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ[3][5] ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

എ.പി.ജെ. അബ്ദുൽ കലാം പ്രഭാഷണത്തിനിടെ 2014

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു.[6]

2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു.[7] അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്. [8] apj@abdulkalam.com എന്ന തന്റെ ഇ-മെയിലിൽ എല്ലായ്പ്പോഴും സജീവമായിരുന്നുകൊണ്ട് അദ്ദേഹം ആളുകളുമായി, വിശിഷ്യാ വിദ്യാർത്ഥികളുമായി, നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.[9]

2015 ജൂലൈ 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആദ്യകാല ജീവിതം, വിദ്യാഭ്യാസംതിരുത്തുക

ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ധനുഷ്കോടി - രാമേശ്വരം യാത്രയ്ക്കുള്ള ബോട്ടുകൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു അദ്ദേഹത്തിന്റേത്. രാമേശ്വരത്തെ ഹൈന്ദവ മതനേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളമായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. അബ്ദുൾ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീൻ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി കടന്നുപോയിരുന്ന ട്രെയിനുകൾ അവിടെ നിർത്താതിരുന്ന അക്കാലത്ത് പത്രങ്ങൾ വണ്ടിയിൽ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകൾ എടുത്തുകൂട്ടുന്നതിൽ ഷംസുദ്ദീനെ അബ്ദുൾ കലാം സഹായിച്ചിരുന്നു.[10] ഈ സഹായത്തിന് ഷംസുദ്ദീൻ കലാമിന് ചെറിയ പാരിതോഷികം നൽകുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിൽ ഇന്നും കാണാവുന്നതാണ്. അദ്ദേഹത്തിന്റെ സഹോദരൻ നടത്തുന്ന അപൂർവകൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു കടയും ഇതിനോടുചേർന്നുതന്നെ കാണാം.

"സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ്"

ആത്മകഥയായ അഗ്നിച്ചിറകുകളിൽ നിന്നും ഒരു വാചകം[11]

രാമനാഥപുരത്തെ ഷെവാർട് സ്കൂളിലായിരുന്നു കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു.എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീൻ ആയിരുന്നു ആ ഗ്രാമത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരിൽ ഒരാൾ. ജലാലുദ്ദീൻ പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോടു പറയുമായിരുന്നു.[12] കലാമിന്റെ വിദ്യാഭ്യാസത്തിൽ ജലാലുദ്ദീൻ നല്ല പങ്കു വഹിച്ചിട്ടുണ്ട്.

രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954-ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു. 'ആകാശങ്ങളിൽ പറക്കുക' എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955-ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി.[13] അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു.[14] വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങൾ കലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പഠനത്തിന്റെ രണ്ടാം വർഷത്തിൽ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്.[15] 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. വിമാനങ്ങളുടെ പൈലറ്റാവാനായിരുന്നു കലാമിനു ആഗ്രഹം. വ്യോമസേനയുടെ പൈലറ്റ് പരീക്ഷയിൽ പരാജയപ്പെട്ടത് കലാമിനെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. എട്ട് ഒഴിവുകളിലേക്കുള്ള ഇൻറർവ്യൂവിൽ കലാമിൻെറ സ്ഥാനം ഒമ്പതാമതായിരുന്നു.

ശാസ്ത്രജ്ഞൻതിരുത്തുക

1960-ൽ ബിരുദം നേടിയ ശേഷം കലാം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി ജോലിക്കു ചേർന്നു.[16][17] ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം [18]. ഈ ഉദ്യോഗത്തിൽ കലാം പൂർണ്ണ സംതൃപ്തനല്ലായിരുന്നു.

ജലത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാനാകുന്ന ഹോവർക്രാഫ്ടിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു കലാമിനെ ഏല്പിച്ച അടുത്ത ദൗത്യം. ദിവസവും പതിനെട്ടു മണിക്കൂർ ജോലിചെയ്ത് മിഷൻ 'നന്ദി' അദ്ദേഹം പൂർത്തിയാക്കി. പ്രതിരോധമന്ത്രിയായ [[വി.കെ. കൃഷ്ണമേനോൻ]നന്ദി യെ കാണാൻ വന്നു. അദ്ദേഹത്തിന് നന്ദിയിൽ പറക്കണമെന്ന ആഗ്രഹം തോന്നി. മാത്രമല്ല കലാം തന്നെ അത് പറപ്പിക്കണമെന്നും മന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നു. കലാം മന്ത്രിയേയും കൊണ്ട് സുരക്ഷിതമായി പറന്ന് തിരിച്ചെത്തി. സാങ്കേതികമായി നന്ദി വിജയിച്ചെങ്കിലും സാമ്പത്തിക കാരണങ്ങളാൽ പദ്ധതി നിർത്തിവെച്ചു. തന്നെ ഒരുപാട് വേദനിപ്പിച്ച സംഭവങ്ങളിലൊന്നായി കലാം ഇത് രേഖപ്പെടുത്തിയിരിക്കുന്നു.

ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ പ്രൊഫ. എം.ജി.കെ. മേനോൻ ആയിടയ്ക്കാണ് എച്ച്.എ.എല്ലിൽ എത്തിയത്. മേനോനാണ് കലാമിലെ റോക്കറ്റ് എൻജിനീയറെ കണ്ടെത്തിയത്. തുടർന്ന് കലാമിന്റെ പ്രതിഭ കണ്ടറിഞ്ഞ പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ.വിക്രം സാരാഭായി താൻ നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം തുമ്പയിൽ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാൻ കലാമിനെ ഏല്പിച്ചു. 1962-ലായിരുന്നു അത്. തിരുവനന്തപുരത്തുള്ള തുമ്പയിൽ അബ്ദുൾകലാമിന് എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടിയിരുന്നു. "തിരുവനന്തപുരത്തെ തുമ്പ മേരി മഗ്ദലിൻ പള്ളിയിലെ പ്രാർഥനാമുറിയിലായിരുന്നു എന്റെ ആദ്യ ലബോറട്ടറി. ഡിസൈൻ ആൻഡ് ഡ്രോയിങ്‌റൂം ബിഷപ്പിന്റെ മുറിയായിരുന്നു" എന്ന് കലാം തന്റെ ആത്മകഥയായ അഗ്നിച്ചിറകുകളിൽ അനുസ്മരിക്കുന്നു. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്കി-അപാച്ചി, കലാമിന്റെ നേതൃപാടവത്തിന്റെ ഫലമായി, അധികം താമസിയാതെ, 1963 നവംബർ 1-ആം തീയതി തുമ്പയിൽ നിന്ന് ആകാശത്തിലേക്ക്കുതിച്ചു. 1967-ൽ സാരാഭായി കലാമിനെയും എയർ ഫോഴ്‌സിലെ ക്യാപ്റ്റൻ വി.എസ്. നാരായണനെയും വിളിച്ചുവരുത്തി ഉപഗ്രഹവിക്ഷേപിണികളേക്കുറിച്ച് സംസാരിച്ചു. ദില്ലി അശോകാ ഹോട്ടലിലെ ഈ ചർച്ചയാണ് ഇന്ത്യൻ റോക്കറ്റുകൾക്കും മിസൈലുകൾക്കും വഴിമരുന്നിട്ടത്. 1969-ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇതോടേ കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം വികസിപ്പിച്ചെടുക്കാനുള്ള സംഘത്തിന്റെ തലവനായി നിയമിക്കപ്പെട്ടു. ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ റേഞ്ച് സേഫ്റ്റി ഡയറക്ടർ ആയിരുന്ന കലാം, മനസ്സും ശരീരവും പൂർണമായി അർപ്പിച്ചു കൊണ്ട് തന്റെ സംഘത്തോടൊപ്പം എസ്.എൽ.വി. 3 എന്ന വിക്ഷേപണവാഹനം വികസിപ്പിച്ചെടുത്തു. പന്ത്രണ്ട് വർഷത്തെ കഠിനതപസ്യയുടെ ഫലമായി 1979 ആഗസ്ത് 10-ന് ശ്രീഹരിക്കോട്ടയിൽ എസ്.എൽ.വി-3 വിക്ഷേപണത്തിന് തയ്യാറായി. 23 മീറ്റർ നീളവും 17 ടൺ ഭാരവുമുള്ള റോക്കറ്റ് ഭ്രമണപഥത്തെ ലക്ഷ്യമാക്കി ഉയർന്നു. രാഷ്ട്രം മുഴുവൻ ഉറ്റുനോക്കിയ വിക്ഷേപണമായിരുന്നു അത്. എന്നാൽ, 317 സെക്കൻഡുകൾക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ റോക്കറ്റ് തകർന്ന് വീണു. വിക്ഷേപണപരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് തന്നിലേക്ക് ഒതുങ്ങിക്കൂടിയ കലാമിന്ന് അന്നത്തെ വി.എസ്.എസ്.സി. ഡയറക്ടർ ഡോ. ബ്രഹ്മപ്രകാശ് വീണ്ടും ആത്മവീര്യം പകർന്നു. തുടർന്ന് നടന്ന എസ്. എൽ. വി മൂന്നിന്റെ അടുത്ത പരീക്ഷണപ്പറക്കലിൽ, 1980 ജൂലായ് 17-ന് രോഹിണി എന്ന കൃത്രിമോപഗ്രഹത്തെ അദ്ദേഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു[19][20].

എസ്.എൽ.വി.-3യുടെ വിജയം കലാമിനെ ആഗോളപ്രശസ്തനാക്കി. ഹൈദരാബാദിലെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ തലവനായി കലാം 1982-ൽ ചുമതലയേറ്റത് ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയിലെ വഴിത്തിരിവാകുകയായിരുന്നു. ‘ ദീർഘകാലമായി സുഖനിദ്രയിലായിരുന്ന ഈ സ്ഥാപനത്തിന് പുതുജീവൻ കൈവരാൻ ഈ നിയമനം സഹായിക്കും ’ ഡി.ആർ.ഡി.ഒ തലവനായി കലാമിനെ തെരഞ്ഞെടുത്തതിനെപ്പറ്റി പ്രമുഖ ആണവ ശാസ്ത്രകാരൻ ഡോ. രാജാ രാമണ്ണ പറഞ്ഞത് പിന്നീട് ചരിത്രമായി.

കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. ടിപ്പു സുൽത്താൻ പീരങ്കി ഉപയോഗിച്ച് ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുന്ന ഒരു ചിത്രം നാസയിലെ ഒരു ഗവേഷണകേന്ദ്രത്തിൽ കണ്ടത് കലാം ഓർമ്മിക്കുന്നു. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു യോദ്ധാവിനെ മറ്റൊരു ഭൂഖണ്ഡത്തിന്റെ ഗവേഷണകേന്ദ്രത്തിൽ ആദരിക്കുന്നത് കലാം അതിശയത്തോടെ നോക്കി കാണുകയുണ്ടായി. ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി-III ന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ നിർമ്മാണത്തിലും ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു. ഈ രണ്ടു പദ്ധതികൾക്കും തുടക്കത്തിൽ പല തടസ്സങ്ങൾ നേരിട്ടെങ്കിലും ഒടുവിൽ അവ വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ.[21]

ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു [22]. ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388 കോടി രൂപ വകയിരുത്തുകയും ചെയ്തു.[23][24][25] ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഐ.ജി.ഡി.പി ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചെലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവെച്ചു[26]. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷൻ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തിൽ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ എന്ന ചുമതല കൂടിയുണ്ടായിരുന്നു.[27] ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടന്നത് കലാമിന്റേയും അറ്റോമിക് എനർജി കമ്മീഷൻ ചെയർമാനായിരുന്ന ഡോക്ടർ.ആർ.ചിദംബരത്തിന്റേയും മേൽനോട്ടത്തിലായിരുന്നു.[28]

രാഷ്ട്രപതിതിരുത്തുക

കെ.ആർ.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു.[29] സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാംവട്ടം സാധ്യത കൂടി കല്പിക്കപ്പെട്ടിരുന്ന കെ.ആർ. നാരായണൻ താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞ് കലാമിനുള്ള വഴി സുഗമമാക്കി.[30][31] ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ. കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.ശേഷം പ്രണബ് മുഖർജിക്കും ഭാരതരത്ന ലഭിച്ചു.

രാഷ്ട്രപതിയെക്കുറിച്ചുള്ള ചർച്ചകളിലെവിടെയും പരാമർശിക്കപ്പെടാതെ, ശാസ്ത്രത്തെക്കുറിച്ചുമാത്രം സംസാരിച്ച് കഴിഞ്ഞ അദ്ദേഹത്തിന്റെ രാഷ്ട്രപതിയായുള്ള സ്ഥാനാരോഹണത്തിനുപിന്നിൽ, രണ്ട് മലയാളികളുണ്ട്. ഇരുധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രീയനിലപാടുകളുള്ള ബി.ജെ.പി. നേതാവ് ഒ.രാജഗോപാലും കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയും. 2002-ൽ രാഷ്ട്രപതിഭവനിൽ കെ.ആർ.നാരായണന്റെ സേവനകാലാവധി തീരുന്നതിനുമുമ്പ് പുതിയ രാഷ്ട്രപതി ആരാകണമെന്ന ചർച്ച കേന്ദ്രത്തിൽ എ.ബി.വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ ആരംഭിച്ചിരുന്നു. കോൺഗ്രസ്സിനുകൂടി സ്വീകാര്യനായ ആളിനുമാത്രമേ സാധ്യതയുണ്ടായിരുന്നുള്ളു. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മലയാളിയായ പി.സി.അലക്‌സാണ്ടറെ നിർദ്ദേശിക്കാൻ ബി.ജെ.പി. തീരുമാനിച്ചു. ന്യൂനപക്ഷ സമുദായാംഗമാകണം പുതിയ രാഷ്ട്രപതി എന്ന തീരുമാനമാണ് മലയാളിയായ അലക്‌സാണ്ടറെ പരിഗണിക്കാൻ ബി.ജെ.പി.യെ പ്രേരിപ്പിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് അലക്‌സാണ്ടറുടെ പേരിനോട് താല്പര്യം കാട്ടിയില്ല. ശാസ്ത്രജ്ഞനും ദക്ഷിണേന്ത്യക്കാരനുമായ അബ്ദുൾ കലാമിന്റെ പേര് ആദ്യമായി മുന്നോട്ടുവെക്കുന്നത് വാജ്പേയ് ഗവൺമെന്റിൽ റെയിൽവേ വകുപ്പ് സഹമന്ത്രിയായിരുന്ന മലയാളിയായ ഒ.രാജഗോപാലാണ്. പ്രധാനമന്ത്രി വാജ്പേയിയെ നേരിൽക്കണ്ട് രാജഗോപാൽ നിർദ്ദേശം വെച്ചു. ന്യൂനപക്ഷ സമുദായാംഗം, ലോകം അംഗീകരിച്ച ശാസ്ത്രകാരൻ, 'കലാം അയ്യർ' എന്ന് വിളിപ്പേരു വീണ മതേതരവാദി തുടങ്ങിയ കാര്യങ്ങളൊക്കെ രാജഗോപാൽ പ്രധാനമന്ത്രിക്കുമുന്നിൽ വെച്ചു. രാഷ്ട്രീയം അറിയില്ല എന്നതായിരുന്നു ചിലർ കലാമിന്റെ ന്യൂനതയായി പറഞ്ഞിരുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യതകളിലൊന്നായി താൻ പ്രധാനമന്ത്രിക്കുമുന്നിൽ വെച്ചതെന്നും രാജഗോപാൽ പിന്നീട് പറഞ്ഞിരുന്നു. ഒ. രാജഗോപാലിന്റെ നിർദ്ദേശത്തെ, മറ്റൊരു മലയാളിയായ അന്നത്തെ കേരള മുഖ്യമന്ത്രി ആന്റണിയാണ്‌ കോൺഗ്രസ് പ്രതിനിധിയായി ആദ്യം ശരിവച്ചത്.[അവലംബം ആവശ്യമാണ്]

രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്.[32] ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.[33]

 
എ.പി.ജെ. അബ്ദുൽ കലാം

രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.[34] എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിൻവലിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രണ്ടാംവട്ടം എത്തുന്ന കാര്യം പറയുമ്പോൾ, കലാമിന് മുൻനിര രാഷ്ട്രീയപാർട്ടികളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലായിരുന്നു. കലാമിന്റെ പിൻഗാമി, പ്രതിഭാ പാട്ടീലിന്റെ ഭരണകാലഘട്ടം അവസാനിക്കാറായ സമയത്ത്, കലാമിന്റെ പേർ വീണ്ടും സജീവമായി ഉയർന്നു വന്നു. കലാം രാഷ്ട്രപതിയാവാൻ വീണ്ടും തയ്യാറാണെങ്കിൽ പിന്തുണ നൽകാൻ തയ്യാറാണെന്ന് ചില രാഷ്ട്രീയപാർട്ടികൾ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും, ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താനിനിയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞുകൊണ്ട് കലാം തന്നെ രംഗത്തെത്തി.[35]

അംഗീകാരങ്ങൾതിരുത്തുക

മുപ്പതോളം സർ‌വ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.[36] മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ,1997ൽ ഭാരത രത്നം [37] എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.[38]

പ്രധാന ആശയങ്ങൾ , പ്രഭാഷണങ്ങൾ, കൃതികൾതിരുത്തുക

വിഷൻ ഇന്ത്യ-2020തിരുത്തുക

2020 ൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ഒരു പദ്ധതി കലാം സ്വപ്നം കണ്ടിരുന്നു. വിഷൻ-2020 എന്ന തന്റെ പുസ്തകത്തിലൂടെ ഈ ചിന്തകൾ അദ്ദേഹം ഭാരതത്തിലെ ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.[52]

അതുപോലെ ആണവായുധ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം ഭാവിയുടെ വൻശക്തി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ കൂടുതൽ അടുപ്പിക്കുന്നു എന്നും അദ്ദേഹം ഉറപ്പിച്ചു.

സൗരോർജ്ജ പദ്ധതികൾതിരുത്തുക

സൗരോർജ്ജത്തിന്റെ അളവറ്റ ശക്തിയെക്കുറിച്ച് കലാം ഏറെ ബോധവാനായിരുന്നു. സൗരോർജ്ജത്തെ ഉപയോഗിച്ച് ബഹിരാകാശത്തുള്ള ഊർജ്ജപ്ലാന്റുകൾ എന്ന ആശയത്തെ ശക്തമായി പിന്തുണക്കുന്ന ഒരാൾ കൂടിയായിരുന്നു കലാം.[53] 2012ൽ കലാമിന്റെ ചൈനാ സന്ദർശനത്തിന്റെ ഭാഗമായി, ഇരുരാജ്യങ്ങളും ഒത്തു ചേർന്ന് ഒരു സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന ഒരു ഉപഗ്രഹം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതി ആരംഭിച്ചിരുന്നു.[54]

സ്വതന്ത്ര സോഫ്റ്റ്‌വെയർതിരുത്തുക

ശാസ്ത്രസാങ്കേതികരംഗത്തെ മറ്റ് മേഖലകളിലും അതീവ താല്പര്യം പ്രകടിപ്പിക്കുന്ന അബ്ദുൽ കലാം സ്വതന്ത്ര സോഫ്റ്റ്വെയറിനെ പിന്താങ്ങുകയും വൻതോതിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം കൂടുതൽ ജനങ്ങൾക്ക് വിവരസാങ്കേതിക വിദ്യ കൊണ്ടുള്ള പ്രയോജനം ലഭിക്കാൻ കാരണമാകും എന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു.[55]

പ്രഭാഷകൻ, അധ്യാപകൻതിരുത്തുക

 
ഗുവഹാട്ടി ഐ.ഐ.ടിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.
 
ഒരു പ്രസംഗവേദിയിൽ

പ്രധാനമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എന്ന സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം കലാം ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന സ്കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുകയുണ്ടായി.[56] അവരുടെ സൗഹൃദം എനിക്കിഷ്ടമാണ്. നാളെയുടെ ഇന്ത്യയെക്കുറിച്ച് അവർക്കുള്ള സ്വപ്നങ്ങളെ ഉത്തേജിപ്പിച്ച് അവരെ അത് നേടിയെടുക്കാൻ പ്രാപ്തരാക്കണം. ഇത് എന്റെ ലക്ഷ്യത്തിലൊന്നാണ്. ഇത്തരം സംവാദങ്ങളെക്കുറിച്ച് കലാമിന്റെ അഭിപ്രായമിതാണ്.[57] രാഷ്ട്രപതി കാലയളവിലും, അതിനു ശേഷവും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ചശേഷം തിരുവനന്തപുരത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ ചാൻസലർ ആയി കലാം സേവനമനുഷ്ഠിച്ചുവരികയായിരുന്നു.[58]

2005 ജൂലൈ 28-ന് കലാം കേരള നിയമസഭ സന്ദർശിച്ചിരുന്നു. കേരള വികസനത്തെക്കുറിച്ചു വ്യക്തവും യുക്തിഭദ്രവുമായ 10 പദ്ധതികളുടെ 52 മിനിറ്റ് നീണ്ട പ്രഖ്യാപനം ഇദ്ദേഹം നടത്തി. ഇരു രാഷ്ട്രീയമുന്നണികളും സ്വാഗതം ചെയ്ത ഈ പദ്ധതികൾ പത്ര മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

എഴുത്തുകാരൻതിരുത്തുക

നിരവധി കൃതികൾ അബ്ദുൾ കലാം രചിച്ചിട്ടുണ്ട്. മലയാളം അടക്കം വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് ഇവ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. അബ്ദുൾ കലാം രചിച്ച പുസ്തകങ്ങൾക്ക് ദക്ഷിണ കൊറിയയിൽ ധാരാളം വായനക്കാരുണ്ട്.[59]. അഗ്നിച്ചിറകുകൾ ആണ് കലാമിന്റെ ആത്മകഥ.

കൃതികളുടെ പട്ടികതിരുത്തുക

 
അബ്ദുൾ കലാമിന്റെ കൃതികളുടെ മലയാള പരിഭാഷ - ഡി.സി ബുക്സിന്റെ ഒരു വില്പനശാലയിൽ
 • ഇന്ത്യ2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം എ.പി.ജെ.അബ്ദുൾ കലാം, വൈ.എസ്.രാജൻ (പെൻഗ്വിൻ ബുക്ക്സ് ഇന്ത്യ, 2003) ISBN 0-14-027833-8
 • ഇന്ത്യ-മൈ-ഡ്രീം എ.പി.ജെ.അബ്ദുൾ കലാം (എക്സൽ ബുക്സ്, 2004) ISBN 81-7446-350-X
 • എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ: ടെക്നോളജി ഫോർ സൊസൈറ്റൽ ട്രാൻസ്ഫോർമേഷൻ എ.പി.ജെ.അബ്ദുൾ കലാം (ടാറ്റാ മക്ഗ്രോ-ഹിൽ, 2004) ISBN 0-07-053154-4
 • ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പർപ്പസ് ഓഫ് ലൈഫ് എ.പി.ജെ.അബ്ദുൾ കലാം, അരുൺ.കെ.തിവാരി, (ഓഷ്യൻ ബുക്സ്, 2005) ISBN 81-88322-73-3
 • ചിൽഡ്രൺ ആസ്ക് കലാം എ.പി.ജെ.അബ്ദുൾ കലാം (പിയേഴ്സൺ എഡ്യുക്കേഷൻ) ISBN 81-7758-245-3
 • വിംഗ്സ് ഓഫ് ഫയർ: ആൻ ഓട്ടോബയോഗ്രഫി ഓഫ് എ.പി.ജെ.അബ്ദുൾ കലാം എ.പി.ജെ.അബ്ദുൾ കലാം, അരുൺ തിവാരി (ഓറിയന്റ് ലോംങ്മാൻ, 1999) ISBN 81-7371-146-1
 • ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ എ.പി.ജെ.അബ്ദുൾ കലാം (പെൻഗ്വിൻ ബുക്സ്, 2003) ISBN 0-14-302982-7
 • സയന്റിസ്റ്റ് ടു പ്രസിഡന്റ് എ.പി.ജെ.അബ്ദുൾ കലാം (ഗ്യാൻ പബ്ലിഷിംഗ് ഹൗസ്, 2003) ISBN 81-212-0807-6

വ്യക്തിജീവിതംതിരുത്തുക

പൂർണ്ണ സസ്യഭുക്കായിരുന്ന കലാമിന് മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന അബ്ദുൽ കലാം പ്രകൃതിയുടെ സംഹാരസ്വഭാവത്തെ മനസ്സിലാക്കാനിടവന്ന ഒരു സംഭവത്തെപ്പറ്റി തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. 1964ൽ മണിക്കൂറിൽ 100മൈലിലധികം വേഗതയുള്ള കൊടുങ്കാറ്റ് പിതാവിന്റെ യാനത്തേയും സേതുക്കരയുടെ ഏതാനും ഭാഗങ്ങളേയും തകർത്തുകളഞ്ഞു എന്നും പാമ്പൻ പാലം, അതിലൂടെ ഓടിക്കൊണ്ടിരുന്ന യാത്രക്കാരുള്ള തീവണ്ടിസഹിതം തകർന്ന് സമുദ്രത്തിൽ പതിച്ചു എന്നും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.[60] അതുവരെ സമുദ്രത്തിന്റെ സൌന്ദര്യം മാത്രം ആസ്വദിച്ചിരുന്ന തനിക്ക് അതിന്റെ അനിയന്ത്രിതമായ ഊർജ്ജത്തെപറ്റി മനസ്സിലാക്കാൻ ഈ സംഭവം ഇടവരുത്തി എന്ന് കലാം ഓർമ്മിക്കുന്നു.[61]

തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (ടി.ഇ.ആർ.എൽ.എസ്) റോക്കറ്റ് എൻജിനിയറായി 1961ലാണ് ഡോ.എ.പി.ജെ. അബ്ദുൾകലാം ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ ഏതാണ്ട് ഒരു വർഷം പിന്നിട്ട സന്ദർഭത്തിൽ അക്കാലത്ത് ടി.ഇ.ആർ.എൽ.എസിന്റെ ടെസ്റ്റ് ഡയറക്ടറായിരുന്ന ഡോ.എച്ച്.ജി.എസ്. മൂർത്തിക്ക് തമിഴിലുള്ള ഒരു കത്ത് ലഭിച്ചു. ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ പിതാവ് ജൈനുലാബ്ദീൻ മരയ്ക്കാറുടേതായിരുന്നു കത്ത്. തന്റെ മകൻ അബ്ദുൾകലാം അവിടെ ജോലിയിൽ പ്രവേശിച്ചതായി അറിയാമെങ്കിലും ഏതാണ്ട് ഒരു വർഷമായി മകനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും അവൻ താങ്കളുടെ ഒപ്പം ജോലിയിലുണ്ടോ അതോ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു കത്ത്. ഉടൻ തന്നെ ഡോ.മൂർത്തി കലാമിനെ വിളിച്ച് പിതാവിന്റെ കത്ത് കൈമാറി. അപ്പോഴാണ് ജോലിയിൽ പ്രവേശിച്ച വിവരമറിയിച്ച ശേഷം താൻ വീട്ടിലേക്ക് ഒരു കത്തുപോലും അയച്ചിട്ടില്ലെന്ന കാര്യം കലാം പോലും ഓർക്കുന്നത്. നൂതനമായ റോക്കറ്റ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഠിനശ്രമത്തിൽ വിവാഹം കഴിക്കാൻ പോലും മറന്ന അദ്ദേഹത്തിന്റെ സമർപ്പിത മനസ്സിനെക്കുറിച്ച് വിശദമക്കുന്ന ഒരു ഉദാഹരണമാണ്‌ ഈ സംഭവം.

ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി [62] എന്നതിനു പുറമേ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ഏക അവിവാഹിതൻ എന്ന പദവിയും കലാമിന് സ്വന്തമാണ്. എസ്. രാധാകൃഷ്ണന് ശേഷം ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്. അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതിയും ഇദ്ദേഹമാണ്.[അവലംബം ആവശ്യമാണ്]

വിമർശനങ്ങൾ, വിവാദങ്ങൾതിരുത്തുക

രാഷ്ട്രപതി സ്ഥാനത്ത്തിരുത്തുക

രാഷ്ട്രപതിയുടെ മുമ്പിലെത്തിയ ദയാഹർജികളുടെ തീർപ്പുകൽപ്പിക്കുന്ന നടപടി വൈകിച്ചു എന്ന വിമർശനം അബ്ദുൾ കലാമിനെതിരേ ഉയർന്നിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ 72ആം വകുപ്പു പ്രകാരം വധശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളിയുടെ ശിക്ഷ ഇളവുചെയ്യാൻ രാഷ്ട്രപതിക്കു അധികാരം ഉണ്ട്.[63] അബ്ദുൾ കലാം രാഷ്ട്രപതിയായിരിക്കുന്ന കാലഘട്ടത്തിൽ ഇരുപത്തൊന്ന് ദയാഹർജികൾ അദ്ദേഹത്തിന്റെ പരിഗണനക്കായി വന്നുവെങ്കിലും, തീർപ്പു കൽപ്പിച്ചത് ഒന്നിൽ മാത്രമാണ്. പതിനാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ധനഞ്ജയ് ചാറ്റർജിയുടെ ദയാഹർജിയാണ് അബ്ദുൾ കലാം പരിഗണിച്ചത്. എന്നാൽ ഇയാൾക്ക് മാപ്പു നൽകാൻ കലാം തയ്യാറായില്ല, ചാറ്റർജിയെ പിന്നീട് വധശിക്ഷക്കു വിധേയനാക്കി.[64] 2001 ലെ ഇന്ത്യൻ പാർലിമെന്റ് ആക്രമണകേസിലെ കുറ്റവാളിയായ അഫ്സൽ ഗുരുവിന്റെ ദയാഹർജിയും ഉണ്ടായിരുന്നു ഇതിൽ. ദയാഹർജിയുടെ തീർപ്പു വൈകിക്കുക വഴി അഫ്സൽ ഗുരുവിന്റെ വധശിക്ഷ നീട്ടിയത് ഒരുപാട് വിമർശനങ്ങൾക്കിടയാക്കി (പിന്നീട് 2013 ഫെബ്രുവരിയിലാണ് അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നത്).[65]

ശാസ്ത്രജ്ഞൻ എന്ന സ്ഥാനത്ത്തിരുത്തുക

ഇന്ത്യയുടെ ആണവപദ്ധതിയിൽ കലാമിനുള്ള പങ്കിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ശാസ്ത്രജ്ഞർ രംഗത്തെത്തുകയുണ്ടായി. ഏയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഒരു വ്യക്തി എങ്ങനെയാണ് ആണവശാസ്ത്രത്തിന്റെ കുലപതിയായി അറിയപ്പെടുക എന്നവർ ചോദിക്കുന്നു. കലാം ആണവശാസ്ത്രത്തെക്കുറിച്ച് ഒരു ലേഖനം പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞനായ ഹോമി സെത്ന ചൂണ്ടിക്കാട്ടുന്നു.[66] ഹോമി സെത്ന അറിയപ്പെടുന്ന ഒരു ആണവശാസ്ത്രജ്ഞനും, രസതന്ത്രത്തിൽ എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. ന്യൂക്ലിയാർ ഫിസിക്സിൽ കലാമിനു ഒന്നും തന്നെ അറിയില്ല എന്ന് പൊക്രാൻ II പദ്ധതിയിൽ അംഗമായിരുന്ന ഈ ശാസ്ത്രജ്ഞൻ കലാമിനെ കുറ്റപ്പെടുത്തുന്നു.[67] ആണവനിലയങ്ങളിൽ പ്രവർത്തിച്ച പരിചയങ്ങളൊന്നുമില്ലാത്ത ഒരാളാണ് കലാമെന്നും, രാജാരാമണ്ണയുടെ കീഴിൽ പൂർത്തിയായ അണ്വായുധ പദ്ധതിയിൽ കലാം ഭാഗഭാക്കല്ലായിരുന്നു എന്നും ചിലർ തെളിവു സഹിതം സാക്ഷ്യപ്പെടുത്തുന്നു[68]

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിയിൽ കലാമിന്റെ പങ്കാളിത്തം ചില മുഖ്യധാരാ മാധ്യമങ്ങൾ ചോദ്യം ചെയ്യുകയുണ്ടായി. അഗ്നി, പൃഥി, ആകാശ് എന്ന മിസൈലുകൾ വികസിപ്പിച്ചത് മറ്റു ശാസ്ത്രജ്ഞരായിരുന്നു കലാം പദ്ധതിയുടെ ഏകോപനം മാത്രമേ ചെയ്തിരുന്നുള്ളു എന്നും ഈ പത്രങ്ങൾ അദ്ദേഹത്തിന്റെ സമകാലീനരായ ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. അഗ്നി മിസ്സൈലിന്റെ യഥാർത്ഥ സൂത്രധാരൻ അഡ്വാൻസ് സിസ്റ്റം ലാബോറട്ടറിയുടെ ചെയർമാനും അഗ്നി പ്രൊജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന രാം നാരായൺ അഗർവാളായിരുന്നു.[69][70] കലാം തന്റെ ആത്മകഥയിൽ അഗ്നിയുടെ വിജയത്തിനു രാം നാരായൺ അഗർവാളിന് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്.[71] ഇന്ദിരാഗാന്ധിയുടെ കാലത്ത് കലാമിന്റെ നേതൃത്വത്തിൽ തുടങ്ങിയ പ്രൊജക്ട് ഡെവിൾ, പ്രൊജക്ട് വേലിയന്റ് സാങ്കേതികമായി തികഞ്ഞ പരാജയമായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ സമ്മർദ്ദം കൊണ്ട് ഈ രണ്ടു പ്രൊജക്ടുകളും ഭാരത സർക്കാർ ഉപേക്ഷിക്കുകയായിരുന്നു[72]

2011 ൽ കൂടംകുളം ആണവവൈദ്യുത നിലയത്തെ സംബന്ധിച്ച കലാമിന്റെ നിലപാടുകൾ ഒരുപാട് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. കൂടംകുളം ആണവനിലയം സുരക്ഷിതമായ ഒന്നാണെന്നായിരുന്നു കലാം പത്രസമ്മേളനത്തിലൂടെ പറഞ്ഞത്. കേന്ദ്രസർക്കാരിന്റേയും, മറ്റേതെങ്കിലും ഒരു സ്ഥാപനത്തിന്റേയോ ഇടനിലക്കാരനായല്ല താനിതു പറയുന്നതെന്നും കലാം പറഞ്ഞിരുന്നു.[73] ആണവനിലയത്തിന്റെ അപകടസാദ്ധ്യതകളെക്കുറിച്ചു പറയാൻ മാത്രം വിജ്ഞാനം അബ്ദുൾ കലാമിന് ഈ വിഷയത്തിൽ ഇല്ല എന്നു പറഞ്ഞുകൊണ്ട് കൂടംകുളം സമരസമിതി നേതാക്കൾ കലാമിനെ ശക്തമായി വിമർശിക്കുന്നു.[74]

മരണംതിരുത്തുക

2015 ജൂലൈ 27ന് ഷില്ലോംഗിൽ വച്ച് കലാം അന്തരിച്ചു. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, 'വാസയോഗ്യമായ ഗ്രഹങ്ങൾ' എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീട് മൃതദേഹം ആദ്യം ഡൽഹിയിലെ വസതിയിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ജന്മനാടായ രാമേശ്വരത്തെത്തിച്ചു. അവിടെയുള്ള പൈക്കറുമ്പ് ശ്മശാനത്തിൽ വച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തു.

സ്മാരകങ്ങൾതിരുത്തുക

ഗൂഗിൾ അനുശോചനംതിരുത്തുക

കറുത്ത റിബൺ ധരിച്ചാണ്‌ എ.പി.ജെ.അബ്ദുൽ കലാമിന്റെ മരണത്തിന്‌ ഗൂഗിൾ അനുശോചനം നൽകിയത്.ഡൂഡിലിന്റെ മുകളിൽ കർസർ എത്തുമ്പോൾ ഇൻ മെമ്മറി ഓഫ് ഡോ.എ.പി.ജെ.അബ്ദുൽ കലാം എന്ന പോപ്പ് അപ്പും തെളിയും. സാധാരണ ഗതിയിൽ ഗൂഗിൾ സെർച്ച് എൻജിന്റെ ഹോം പേജിലെ ലോഗോയിൽ പരിഷ്കാരങ്ങൾ വരുത്തിയാണു ഡൂഡിൽ തയ്യാറാക്കുന്നത്. എന്നാൽ ലോഗോ പരിഷ്കരിക്കാതെ സെർച്ച് ബാറിനു താഴെ കറുത്ത റിബൺ കുത്തി വച്ച വ്യത്യസ്തമായ ഡൂഡിലാണ് ഗൂഗിൾ പുറത്തിറക്കിയത്[75][76]

കലാം സ്‌മാരകംതിരുത്തുക

അബ്‌ദുൽ കലാമിനെ കബറടക്കം നടത്തിയ തങ്കച്ചിമഠം പഞ്ചായത്തിലെ പേക്കരിമ്പിലെ ഒന്നരയേക്കർ ഭൂമിയിൽ സ്‌മാരകം നിർമ്മിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. മധുര–രാമേശ്വരം ദേശീയപാതയിൽ സഞ്ചരിച്ചാൽ, പാമ്പൻപാലം കടന്ന് 10 കിലോമീറ്ററിനുള്ളിലാണ് കലാം അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി. കലാം ഡെൽഹിയിൽ താമസിച്ചിരുന്ന രാജാജി നഗറിലെ വീട് കുട്ടികളുടെ മ്യൂസിയമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവന്നിട്ടുണ്ട്. കലാം അന്ത്യവിശ്രമംകൊള്ളുന്ന ഭൂമി ഒറ്റ രാത്രികൊണ്ടാണ് ജില്ലാഭരണകൂടം ഏറ്റെടുത്തത്. ബസ് ഡിപ്പോയ്‌ക്കായി പഞ്ചായത്ത് കണ്ടുവച്ചിരുന്ന സ്‌ഥലമായിരുന്നു അത്. ബസ് ഡിപ്പോയ്‌ക്കെതിരെ എതിർപ്പുമായി ആക്‌ഷൻ കൗൺസിൽ രംഗത്തുവന്നിരുന്നു. എന്നാൽ കലാമിന്റെ കബറിടത്തിനായി സ്‌ഥലം വിട്ടുകൊടുക്കണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടപ്പോൾ ആരും എതിർത്തില്ല. ഇതോടെ രാമേശ്വരം കലക്‌ടർ നന്ദകുമാർ ഇക്കാ കലാമിന്റെ ബന്ധുക്കളെ അറിയിച്ചു. അവർ സമ്മതം പ്രകടിപ്പിച്ചതോടെ ഒറ്റരാത്രിക്കുള്ളിൽ ഒന്നര ഏക്കർ ഭൂമി ഏറ്റെടുത്തു സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അബ്‌ദുൽ കലാമിന്റെ ജന്മഗൃഹത്തിൽ ഇപ്പോഴൊരു മ്യൂസിയമുണ്ട്. രാമേശ്വരത്തെ പ്രസിദ്ധമായ രാമനാഥക്ഷേത്രത്തിന്റെ കിഴക്കേനടയ്‌ക്കു സമീപമുള്ള ഹൗസ് ഓഫ് കലാമിൽ രണ്ടാംനിലയിലാണ് കലാമിന്റെ ജീവിതയാത്രകളെക്കുറിച്ചുള്ള മ്യൂസിയം ഒരുക്കിയിരിക്കുന്നത്.[77][78]

അബ്ദുൽ കലാം ദ്വീപ്തിരുത്തുക

പ്രധാന ലേഖനം: അബ്ദുൽ കലാം ദ്വീപ്

ഇന്ത്യയിലെ ഒറീസാ തീരത്തിന് ചേർന്നുള്ള ഭദ്രക് ജില്ലയിലെ ചെറു ദ്വീപാണ് വീലർ ദ്വീപ് എന്നറിയപ്പെട്ടിരുന്ന അബ്ദുൽ കലാം ദ്വീപ്. ഇന്ത്യയിലെ ഉപരിതല മിസൈൽ ടെസ്റ്റ് ഫയറിങ് ദ്വീപാണിത്. രാജ്യത്തിന്റെ പ്രധാനമായ ദീർഘദൂര ഉപരിതല മിസൈലുകൾ എല്ലാം ഇവിടെയാണ് പരീക്ഷിച്ചിട്ടുള്ളത്. എ.പി.ജെ അബ്ദുൽ കലാമിന് ആദരമർപ്പിച്ച് ഒഡീഷ സർക്കാറാണ് 2015-ൽ പേര് മാറ്റിയത്.[79]

ഇൻ മെമ്മറി ഓഫ് ഡോ. കലാംതിരുത്തുക

ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ട്വിറ്റർ അക്കൗണ്ട് അദ്ദേഹത്തിന്റെ മരണശേഷവും തുടർന്നും പ്രവർത്തിക്കുന്നുണ്ട്. കലാമിന്റെ ഔദ്യോഗിക അക്കൗണ്ട് പുതിയ രീതിയിലാകും പ്രവർത്തനം നടത്തുക. ഇൻ മെമ്മറി ഓഫ് ഡോ കലാം (Kalam Project) എന്ന പേരിലാണ് ഇപ്പോൾ അക്കൗണ്ട് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ ചിന്തകളും പഠിപ്പിക്കലുകളും ദൗത്യങ്ങളുമാകും ഇനി ഈ അക്കൗണ്ടിൽ കാണുക എന്ന് ഇന്ത്യ എക്സ്പ്രസ്സ്‌ റിപ്പോർട്ട്‌ ചെയ്യുന്നു.[80]

ഉദ്ധരണികൾതിരുത്തുക

 • മനുഷ്യനെ ദൈവത്തിൽനിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലർ പറയുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എനിക്ക് ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂർണതയുടെയും മാർഗ്ഗം മാത്രമാണ്.
 • സ്‌നേഹത്തിന്റെ വേദനയനുഭവിക്കുന്നതിനേക്കാൾ എനിക്കെളുപ്പം റോക്കറ്റുകൾ ഉണ്ടാക്കുന്നതാണ്.
 • ശാസ്ത്രം ദൈവത്തോടടുക്കാനുള്ള വഴി മാത്രം.
 • സ്വപ്‌നം കാണുക, ഊർജ്ജത്തോടെ പ്രവർത്തിക്കുക.
 • സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.
 • കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു.

ഇതും കൂടി കാണുകതിരുത്തുക

അദ്ദേഹത്തിന്റെ ശബ്ദം ഇവിടെ കേൾക്കാം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ അബ്ദുൾ കലാം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബംതിരുത്തുക

 1. മഹേഷ്, ശർമ്മ (2010). പ്രൈഡ് ഓഫ് ദ നേഷൻ. ഡയമണ്ട് പോക്കറ്റ് പബ്ലിഷേഴ്സ്. p. 9. ISBN 978-8128808067. Unknown parameter |coauthors= ignored (|author= suggested) (help)
 2. നജിദ്, ഹുസ്സൈൻ (2002-07-18). "കലാം ആന്റ് ഇസ്ലാം". ഔട്ട്ലുക്ക് ഇന്ത്യ.
 3. 3.0 3.1 "ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ". രാഷ്ട്രപതിയുടെ കാര്യാലയം. ശേഖരിച്ചത് 2013-11-24.
 4. "അബ്ദുൾ കലാം". ഫ്രണ്ട്ലൈൻ മാസിക. അബ്ദുൾകലാമിനെ ഐ.എസ്.ആർ.ഒ യിലെ സഹപ്രവർത്തകർ ഓർമ്മിക്കുന്നു Missing or empty |url= (help); |access-date= requires |url= (help)
 5. കവിത, ത്യാഗി; പത്മ, മിശ്ര. ബേസിക്ക് ടെക്നിക്കൽ കമ്മ്യൂണിക്കേഷൻ. p. 124. ISBN 978-81-203-4238-5. ശേഖരിച്ചത് 2012-03-02=പി.എച്ച്.ഐ.ലേണിംഗ്. Check date values in: |accessdate= (help)
 6. "കലാം അപ്പോയിന്റഡ് ഐ.എസ്.എസ്.ടി ചാൻസലർ". ദ ഹിന്ദു. 2008-09-09. ശേഖരിച്ചത് 2013-11-24.
 7. എ.പി.ജെ, അബ്ദുൾ കലാം (2002). ഇന്ത്യ 2020:എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം. ഇന്ത്യ: പെൻഗ്വിൻ ബുക്ക്സ്.
 8. "അബ്ദുൾ കലാം ഐ.ഐ.ടി ഖരഗ്പൂർ ചെയ്ത പ്രസംഗം". ഇന്റർനാഷണൽ സൈബർ ബിസിനസ്സ് സർവീസ്സസ്. ശേഖരിച്ചത് 2013-11-24. പ്രചോദിപ്പിക്കുന്ന പ്രസംഗങ്ങൾ
 9. എ.പി.ജെ, അബ്ദുൾ കലാം (2005). മിഷൻ ഇന്ത്യ. ഇന്ത്യ: പെൻഗ്വിൻ ബുക്ക്സ്. ISBN 9780143334996. Unknown parameter |coauthors= ignored (|author= suggested) (help)
 10. വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം. പുറം. 8.അദ്ധ്യായം ഒന്ന്
 11. വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം
 12. പ്രൈഡ് ഓഫ് നേഷൻ മഹേഷ് ശർമ്മ, പി.കെ.ദാസ്. പുറം. 15-16.അദ്ധ്യായം ഒന്ന്
 13. പ്രൈഡ് ഓഫ് നേഷൻ മഹേഷ് ശർമ്മ, പി.കെ.ദാസ്. പുറം. 16
 14. "അബ്ദുൾ കലാം, ബയോ ഡാറ്റ". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ. ശേഖരിച്ചത് 2013 നവംബർ 24.
 15. പ്രൈഡ് ഓഫ് നേഷൻ മഹേഷ് ശർമ്മ, പി.കെ.ദാസ്. പുറം. 16-17
 16. വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം. പുറം. 24
 17. "ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏറോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്". ഡി.ജി.എ.ക്യു.എ. ശേഖരിച്ചത് 2013-11-24. കലാമിന്റെ ശാസ്ത്രജീവിതത്തിന്റെ തുടക്കം
 18. [#wof99|വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം]. പുറം. 25
 19. "ശാസ്ത്രകാര്യ മന്ത്രാലയം, ഭാരതസർക്കാർ". ശേഖരിച്ചത് 2016-03-31.
 20. "അവുൾ പക്കീർ ജൈനലാബ്ദീൻ അബ്ദുൾ കലാം". വിഗ്യാൻപ്രസാർ വെബ് ഇടം. ശേഖരിച്ചത് 2013-11-24. അബ്ദുൾ കലാം ജീവചരിത്രം
 21. "ലോഞ്ച് വെഹിക്കിൾസ്". ബഹിരാകാശ ഗവേഷണ കേന്ദ്രം ഇന്ത്യ ഔദ്യോഗിക വെബ് ഇടം. ശേഖരിച്ചത് 2013-11-24. പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിൾ ചരിത്രം - പി.എസ്.എൽ.വി എന്ന ഭാഗം
 22. വെപ്പൺസ് ഓഫ് പീസ്. രാജ് ചെങ്കപ്പ. പുറം. 159.
 23. വെപ്പൺസ് ഓഫ് പീസ്. രാജ് ചെങ്കപ്പ. അദ്ധ്യായം - ആർസനൽ ഓഫ് ഗോഡ്സ് - പുറങ്ങൾ. 276-279
 24. വിംഗ്സ് ഓഫ് ഫയർ. എ.പി.ജെ.അബ്ദുൾ കലാം. അദ്ധ്യായം - പ്രോപിറ്റിയേഷൻ- പുറങ്ങൾ. 113-114
 25. "ഐ.ജി.ഡി.പി അബ്ദുൾ കലാം തലപ്പത്ത്". ഫ്രണ്ട്ലൈൻ. 1998-06-06. ശേഖരിച്ചത് 2013-11-24.
 26. "മിസ്സൈൽ പ്ലാൻ,സം ഹിറ്റ്സ്, മിസ്സസ്". ടൈംസ് ഓഫ് ഇന്ത്യ. 2008-01-09. ശേഖരിച്ചത് 2013-11-24. ഇന്ത്യയുടെ മിസൈൽ പദ്ധതി - ദുർചെലവുകൾ
 27. ഇന്തോ റഷ്യൻ മിലറ്ററി & ന്യൂക്ലിയർ കോ-ഓപ്പറേഷൻ ജെറോം.എം.കോൺലി. പുറം. 106
 28. പ്രൈഡ് ഓഫ് നേഷൻ മഹേഷ് ശർമ്മ, പി.കെ.ദാസ്. പുറം. 85-86
 29. "എൻ.ഡി.എ സ്മാർട്ട് മിസ്സൈൽ-അബ്ദുൾ കലാം". ദ ഇക്കണോമിക് ടൈംസ്. 2002-06-11. ശേഖരിച്ചത് 2013-11-25.
 30. "എൻ.സി.പി. സപ്പോർട്ട്സ് കലാം". റിഡിഫ് വാർത്ത. 2002-06-11. ശേഖരിച്ചത് 2013-11-25.
 31. "നാരായണൻ ഓപ്റ്റ്സ് ഔട്ട്, ഫീൽഡ് ക്ലിയർ ഫോർ കലാം". 2002-06-11. ശേഖരിച്ചത് 2013-11-25.
 32. പ്രൈഡ് ഓഫ് നേഷൻ മഹേഷ് ശർമ്മ, പി.കെ.ദാസ്. പുറം. 88
 33. പ്രൈഡ് ഓഫ് നേഷൻ മഹേഷ് ശർമ്മ, പി.കെ.ദാസ്. പുറം. 88-89
 34. പ്രഫുല്ല, മരാപക്വാർ (2012-04-23). "സെക്കന്റ് ഇന്നിംഗ്സ് കലാം ടു റിട്ടേൺ അസ് പ്രസിഡന്റ്". ടൈംസ് ഓഫ് ഇന്ത്യ. ശേഖരിച്ചത് 2013-11-28.
 35. "പ്രസിഡൻഷ്യൽ പോൾസ്, വി വിൽ നോട്ട് സപ്പോർട്ട് പ്രണബ് മുഖർജി, ബി.ജെ.പി സേയ്സ്". ടൈംസ് ഓഫ് ഇന്ത്യ. 2012-04-30. ശേഖരിച്ചത് 2013-11-28.
 36. "രാഷ്ട്രപതി വെബ്‌സൈറ്റിന്റെ ആർകൈവ്, വേബാക്ക് മെഷീനിൽ നിന്നും". ശേഖരിച്ചത് 2007-07-27.
 37. ആനന്ദ്, പാർത്ഥസാരഥി (1997 ഡിസംബർ 26). "അബ്ദുൾ കലാമിന് ഭാരതരത്ന പുരസ്കാരം". ഫ്രണ്ട്ലൈൻ. ശേഖരിച്ചത് 2013 നവംബർ 26.
 38. "ഭാരതരത്ന ജേതാക്കൾ". ന്യൂഡൽഹി ടെലിവിഷൻ. 2011 ജനുവരി 24. ശേഖരിച്ചത് 2013 നവംബർ 26.
 39. "ഓണററി ഡിഗ്രീസ് - കോൺവോകേഷൻ - സൈമൺ ഫ്രേസർ സർവ്വകലാശാല". സൈമൺ ഫ്രേസർ സർവ്വകലാശാല. ശേഖരിച്ചത് 2012-08-31. ഓണററി ബിരുദ ജേതാക്കളുടെ പേരു വിവരം
 40. "ഐ.ഇ.ഇ.ഇ ഓണററി അംഗത്വം ലഭിച്ചവർ" (PDF). ഐ.ഇ.ഇ.ഇ. ശേഖരിച്ചത് 2011-08-28.
 41. "യെറ്റ് അനദർ ഓണററി ഡോക്ടറേറ്റ് ഫോർ കലാം". റിഡിഫ്.കോം. 2010-10-06. ശേഖരിച്ചത് 2012-03-13.
 42. "ഫോർമർ പ്രസിഡന്റ് കലാം ചൂസൺ ഫോർ ഹൂവർ മെഡൽ". ന്യൂയോർക്ക്: ഇന്ത്യടൈംസ്. 2009-03-27. ശേഖരിച്ചത് 2010-10-30.
 43. "ഇന്റർനാഷണൽ വോൺ കാർമാൻ വിംഗ്സ് അവാർഡ്". കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ശേഖരിച്ചത് 2012-03-01.
 44. "ഡോ.അബ്ദുൾ കലാം, ഫോർമർ പ്രസിഡന്റ് ഓഫ് ഇന്ത്യ, റിസീവ്സ് ഓണററി ഡോക്ടർ ഓഫ് എഞ്ചിനീയറിംഗ്". നന്യാംഗ് ടെക്നോളജിക്കൽ സർവ്വകലാശാല. 2008 ഓഗസ്റ്റ് 26. ശേഖരിച്ചത് 2011 ഓഗസ്റ്റ് 28.
 45. ഹസ്സൻ, സുറൂർ (2007-07-12). "കിങ് ചാൾസ് II മെഡൽ ഫോർ പ്രസിഡന്റ്". ദ ഹിന്ദു. ശേഖരിച്ചത് 2012-03-01.
 46. "കിങ് ചാൾസ് II മെഡൽ ഫോർ കലാം". ദ ഇക്കോണോമിക്സ് ടൈംസ്. ഇന്ത്യ. 2007-07-11. ശേഖരിച്ചത് 2012-03-01.
 47. "റോയൽ സൊസൈറ്റി കിങ് ചാൾസ് II മെഡൽ". റോയൽ സൊസൈറ്റി. ശേഖരിച്ചത് 2012-11-14.
 48. "കലാം കൺഫേഡ് ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസ്". ദ ഇക്കോണോമിക്സ് ടൈംസ്. ഇന്ത്യ. 2007-10-23. ശേഖരിച്ചത് 2012-03-01.
 49. 49.0 49.1 49.2 49.3 49.4 "ഡോക്ടർ അബ്ദുൾ കലാം ഡൈവേഴ്സ് ഇൻട്രസ്റ്റ്സ്: പ്രൈസസ്/അവാർഡ്സ്". ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്. ശേഖരിച്ചത് 2012-03-01.
 50. "ഭാരതരത്ന പുരസ്കാര ജേതാക്കൾ" (പി.ഡി.എഫ്). ആഭ്യന്തര മന്ത്രാലയം , ഭാരത സർക്കാർ. ശേഖരിച്ചത് 2012-03-01.
 51. 51.0 51.1 "ഡോക്ടർ അബ്ദുൾ കലാമിന് ഭാരതരത്ന പുരസ്കാരം". റിഡിഫ്. 1997-11-26. ശേഖരിച്ചത് 2012-03-01.
 52. വിഷൻ2020 എ.പി.ജെ.അബ്ദുൾ കലാം ഇന്ത്യയുടെ ഭാവിയെക്കുറിച്ചുളള സ്വപ്നങ്ങൾ
 53. "കലാം സപ്പോർട്ട്സ് സ്പേസ് എനർജി". ഡി.എൻ.എ ഇന്ത്യ. 2012-01-09. ശേഖരിച്ചത് 2013-11-28.
 54. "ചൈന പ്രൊപോസസ് സ്പേസ് കൊളാബറേഷൻ വിത്ത് ഇന്ത്യ". ടൈംസ് ഓഫ് ഇന്ത്യ. 2012-11-02. ശേഖരിച്ചത് 2013-11-28.
 55. ഡേവിഡ്, ബെക്കർ (2003-05-29). "ഇന്ത്യൻ ലീഡർ അഡ്വക്കേറ്റ്സ് ഓപ്പൺ സോഴ്സ്". സിനെറ്റ്. ശേഖരിച്ചത് 2013-11-26.
 56. എ.പി.ജെ.അബ്ദുൾ കലാം: ദ വിഷണറി ഓഫ് ഇന്ത്യ - കെ.ഭൂഷൺ; ജെ.കത്യാൽ
 57. എ.പി.ജെ.അബ്ദുൾ കലാം : ദ വിഷണറി ഓഫ് ഇന്ത്യ - കെ.ഭൂഷൺ;ജെ.കത്യാൽ പുറം.100
 58. "മിഷൻ മൂൺ ആന്റ് മാർസ് ഔർ ഗോൾ-കലാം". ദ ഹിന്ദു. 2012-06-29. ശേഖരിച്ചത് 2013-11-28.
 59. "കലാം ദ ഓഥർ കാച്ചിംഗ് ഓൺ ഇൻ സൗത്ത് കൊറിയ". ഔട്ട്ലുക്ക് ഇന്ത്യ. 2006-02-09. ശേഖരിച്ചത് 2013-11-26.
 60. വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം പുറം.6
 61. വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം പുറം.6-7
 62. ജോയ്സി, ജോസഫ് (2002 ജൂലൈ 25). "എ.പി.ജെ.അബ്ദുൾ കലാം ഈസ് സ്വോൺ ഇൻ അസ് ഇന്ത്യാസ് ഇലവൺത്ത് പ്രസിഡന്റ്". റീഡിഫ് വാർത്ത. ശേഖരിച്ചത് 2013 നവംബർ 26.
 63. മനീഷ്, ചിബ്ബർ (2010-05-21). "ദ ജേണി ഓഫ് എ മെർസി പ്ലീ". ദ ഇന്ത്യൻ എക്സ്പ്രസ്സ്. ശേഖരിച്ചത് 2013-11-25.
 64. "ധനഞ്ജയ് ടു ബീ ഹാങ്ഡ്". ദ ഇന്ത്യൻ എക്സ്പ്രസ്സ്. 2004-08-05. ശേഖരിച്ചത് 2013-11-25.
 65. വി., വെങ്കിടേശൻ (2011-09-09). "വെയ്റ്റഅ ഫോർ മെർസി". ഫ്രണ്ട്ലൈൻ. ശേഖരിച്ചത് 2013-11-25.
 66. "പൊക്രാൻ II പദ്ധതിയെക്കുറിച്ച് അഭിപ്രായപ്പെടാൻ കലാം യോഗ്യനല്ല". റീഡിഫ് വാർത്ത. 2001-09-01. ശേഖരിച്ചത് 2013-11-25.
 67. "കലാം നോ അഥോറിറ്റി ഓൺ പൊക്രാൻ ടെസ്റ്റ്". ഐ.ബി.എൻ ലൈവ് - യുട്യൂബ്. ശേഖരിച്ചത് 2013-11-25. കലാമിനെതിരേ വിമർശനങ്ങൾ
 68. "പൊക്രാൻ II - എക്സ് എ.ഇ.സി ചീഫ് സ്ലാംസ് കലാം". സീ ന്യൂസ്. 2003-09-01. കലാം വിമർശിക്കപ്പെടുന്നു
 69. എം., സോമശേഖർ (2005 ജൂലൈ 25). "ഫ്രം ലോങ് റേഞ്ച് മിസ്സൈൽ ടു ലൈറ്റ് വെയിറ്റ് കാലിപ്പർസ്". ഹിന്ദു ബിസിനസ്സ് ലൈൻ. ശേഖരിച്ചത് 2013 നവംബർ 28.
 70. രാജ്, ചെങ്കപ്പ (2005 ഓഗസ്റ്റ് 08). "ചാരിയോട്ടർ ഓഫ് ഫയർ". ഇന്ത്യാ ടുഡേ. ശേഖരിച്ചത് 2013 നവംബർ 28.
 71. വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം പുറം.123
 72. "മിസ്സൈൽ-കൺട്രി പ്രൊഫൈൽ ഇന്ത്യ". ന്യൂക്ലിയർ ത്രെട്ട് ഇനിഷ്യേറ്റീവ്. ശേഖരിച്ചത് 2013 നവംബർ 25.
 73. "കൂടംകുളം പ്ലാന്റ് ഈസ് സേഫ്". ദ ഹിന്ദു. 2011-11-07. ശേഖരിച്ചത് 2013-11-25.
 74. "കലാം ബാറ്റ്സ് ഫോർ കൂടംകുളം, ബട്ട് പ്രൊട്ടസ്റ്റേഴ്സ് അൺഇംപ്രസ്സ്ഡ്". ടൈംസ് ഓഫ് ഇന്ത്യ. 2011-11-07. ശേഖരിച്ചത് 2013-11-25.
 75. "വിത് എ ബ്ലാക്ക് റിബ്ബൺ, ഗൂഗിൾ റിമംമ്പേഴ്സ് അബ്ദുൾ കലാം". എൻ.ഡി.ടി.വി. 2015-07-30. ശേഖരിച്ചത് 2013-03-31.
 76. "ഗൂഗിൾ ട്രൈബ്യൂട്ട്സ് ടു മിസ്സൈൽ മാൻ അബ്ദുൾകലാം". ബിസിനസ്സ് ടുഡേ. 2015-07-30. ശേഖരിച്ചത് 2016-03-31.
 77. "കലാം ഉറങ്ങുന്നിടം ഇനി ചരിത്രസ്മാരകം". മനോരമഓൺലൈൻ. ശേഖരിച്ചത് 2016-03-31.
 78. "പ്രിപ്പറേഷൻസ് ബിഗിൻസ് ഫോർ കലാംസ് ഫ്യൂനറൽ". ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്. ശേഖരിച്ചത് 2016-03-31.
 79. "ഒഡീഷയിലെ വീലർ ദ്വീപിന്‌ ഇനി അബ്‌ദുൾ കലാമിന്റെ പേര്‌". മംഗളം ഓൺലൈൻ. 2015-09-04. ശേഖരിച്ചത് 2015-09-08.
 80. "ഇൻ മെമ്മറി ഓഫ് കലാം, ഹിസ് ട്വിറ്റർ അക്കൗണ്ട് റിമെയിൻ എലൈവ്". ഇന്ത്യൻ എക്സ്പ്രസ്സ്. 2015-07-29. ശേഖരിച്ചത് 2016-04-01.
മുൻഗാമി
കെ.ആർ. നാരായണൻ
ഇന്ത്യയുടെ രാഷ്ട്രപതി
ജൂലൈ 25, 2002-ജൂലൈ 25, 2007
Succeeded by
പ്രതിഭാ പാട്ടീൽ


"https://ml.wikipedia.org/w/index.php?title=എ.പി.ജെ._അബ്ദുൽ_കലാം&oldid=3461835" എന്ന താളിൽനിന്ന് ശേഖരിച്ചത്