ധനുഷ്കോടി

തമിഴ്നാടിലെ ഗ്രാമം

ധനുഷ്കോടി ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്ത് രാമേശ്വരം എന്ന ദ്വീപിന്റെ തെക്കു കിഴക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ഉപേക്ഷിക്കപ്പെട്ട പട്ടണമാണ്. രാമേശ്വരത്തിന് തെക്കുകിഴക്കായി, ശ്രീലങ്കയിലെ തലൈമന്നാറിന് ഏകദേശം 18 മൈൽ (29 കിലോമീറ്റർ) പടിഞ്ഞാറായി ഇതു സ്ഥിതി ചെയ്യുന്നു. 1964 ൽ രാമേശ്വരത്ത് ഉണ്ടായ അതിഭയങ്കരമായചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഈ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ഇന്നും കാര്യമായ ജനവാസമില്ലാതെ ഒരു പ്രേതനഗരമായി തുടരുകയും ചെയ്യുന്നു.

ധനുഷ്കോടി
Former settlement
Dhanushkodi
Satellite view
Nickname(s): 
Ram Setu
Map showing location of Dhanushkodi within Tamil Nadu
Map showing location of Dhanushkodi within Tamil Nadu
ധനുഷ്കോടി
Location within Tamil Nadu
Coordinates: 9°09′07″N 79°26′45″E / 9.152011°N 79.445851°E / 9.152011; 79.445851
CountryIndia
StateTamil Nadu
DistrictRamanathapuram
Destroyed1964
ഉയരം
0 മീ(0 അടി)
സമയമേഖലUTC+05:30 (IST)
Telephone code+04567

തമിഴ്‌നാടിന്റെ കിഴക്കൻ തീരത്ത്, ഏകദേശം തെക്കോട്ടു മാറി മാന്നാർ ഉൾക്കടലിലേക്ക് നീണ്ടുകിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണിത്. ഇതിനു കിഴക്കു ഭാഗത്തെ സമുദ്രം ബംഗാൾ ഉൾക്കടലും പടിഞ്ഞാറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവുമാണ്. ഒരു പഴയ തുറമുഖ പട്ടണമായിരുന്നു മുൻകാലത്ത് ധനുഷ്കോടി. ഇവിടെനിന്നു രാമേശ്വരം പട്ടണത്തിലേയ്ക്ക് 18 കിലോമീറ്റർ ദൂരമുണ്ട്. വൻകരയുമായി ഈ ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ ഒരു പ്രധാന കണ്ണിയായിരുന്നു ഈ ചെറിയ തുറമുഖം. ഇന്ന് ഇവിടം മത്സ്യബന്ധനവ്യവസായത്തിന് പേരുകേട്ടതാണ്. പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്കോടിയും ഹിന്ദുക്കളുടെ പുണ്യ തീർഥാടനകേന്ദ്രമായിരുന്നു.

1964 ഡിസംബർ 22 മുതൽ 25 വരെ വീശിയടിച്ച ചുഴലിക്കാറ്റിൽ സമുദ്രനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെ ഒരു വലിയ മണൽത്തിട്ട പോലെ കിടക്കുന്ന ധനുഷ്‌കോടി പ്രദേശമാകെ തകർന്നടിഞ്ഞിരുന്നു. എന്നാൽ 2004 ഡിസംബർ 26-ലെ സുനാമി ധനുഷ്കോടിയെ ബാധിച്ചില്ല. വെള്ളം അല്പം ഉയർന്നശേഷം പിന്നിലേക്ക് പോകുകയാണുണ്ടായത്.[1]

ഭൂമിശാസ്ത്രം

തിരുത്തുക

പാമ്പൻ ദ്വീപിന്റെ അറ്റത്തായി സ്ഥിതിചെയ്യുന്ന ധനുഷ്കോടിയെ, പാക്ക് കടലിടുക്കാണ് പ്രധാന കരയുമായി വേർതിരിക്കുന്നത്. ശ്രീലങ്കയും ഇന്ത്യയും തമ്മിൽ കരമാർഗ്ഗമായുള്ളതും നാമാത്രയായതുമായ ഏക അതിർത്തി ഏകദേശം 45 മീറ്റർ (148 അടി) മാത്രം ദൈർഘ്യമുള്ളതും ലോകത്തിലെ ഏറ്റവും ചെറുതുമാണ്. ഇത് പാക്ക് ഉൾക്കടലിലെ ഒരു മണൽത്തിട്ടയിലാണ്.

പ്രധാനകരയിലെ മണ്ഡപത്തെയും ധനുഷ്കോടിയെയും ബന്ധിച്ച് മുമ്പ് ഒരു മീറ്റർഗേജ് റെയിൽപ്പാത നിലനിന്നിരുന്നു. 1964 ലെ ചുഴലിക്കാറ്റിൽ പാമ്പനേയും ധനുഷ്കോടിയേയും ബന്ധിപ്പിച്ചിരുന്ന മീറ്റർഗേജ് പാത തകർക്കപ്പെടുന്നതുവരെ ചെന്നൈ എഗ്മൂർ മുതൽ ധനുഷ്കോടി വരെയുള്ള ട്രെയിനും അതിന് അനുബന്ധമായി ശ്രീലങ്കയിലേയ്ക്കുണ്ടായിരുന്ന ബോട്ട് മെയിൽ എക്സ് പ്രസ് സർവ്വീസും (സംയോജിത റെയിൽവേ-ഫെറി സർവ്വീസ്) നിലനിന്നിരുന്നു. 'ഇർവിൻ', 'ഗോഷൻ' എന്നീ രണ്ട് ചെറിയ പാസഞ്ചർ ഫെറി ബോട്ടുകളാണ് അക്കാലത്ത് മദ്രാസിൽനിന്നും മറ്റു പ്രദേശങ്ങളിൽനിന്നും ധനുഷ്കോടിയിലെത്തുന്ന യാത്രക്കാരെ തലൈമനാറിലേക്ക് കൊണ്ടുപോയിരുന്നത്.[2] 

2003 ൽ ദക്ഷിണ റെയിൽവേ, രാമേശ്വരം മുതൽ ധനുഷ്കോടി വരെ 16 കിലോമീറ്റർ (9.9 മൈൽ) ദൈർഘ്യമുള്ള ഒരു റെയിൽവേ പാതയുടെ സാദ്ധ്യത ആരാഞ്ഞുകൊണ്ട് റെയിൽവേ മന്ത്രാലയത്തിന് ഒരു പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2010 ൽ ധനുഷ്കോടിയ്ക്കും രാമേശ്വരത്തിനുമിടയിൽ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കാനുള്ള പദ്ധതി പരിശോധിച്ചിരുന്നു. 2016 വരെ ധനുഷ്കോടിയിൽ എത്താനുള്ള മാർഗ്ഗം കടൽക്കരയിലൂടെ കാൽനടയായോ അല്ലെങ്കിൽ ദുർഘടമായ വഴിയിലൂടെയുള്ള ജീപ്പ് യാത്രയുമായിരുന്നു. 2016 ൽ മുകുന്ദരായർ ചതിരത്തിൽനിന്ന് ധനുഷ്കോടിയിലേയ്ക്ക് ഒരു റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി. 2017 ജുലൈ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആകെ 9.5 കിലോമീറ്റർ ദൂരത്തിൽ (മുകുന്ദരായർ ചതിരം മുതൽ ധനുഷ്കോടിവരെ 5 കിലോമീറ്ററും ധനുഷ്കോടി മുതൽ അരിച്ചൽമുനൈ വരെ 4.5 കിലോമീറ്ററും) ധനുഷ്കോടിയേയും പ്രധാന കരയേയും NH-49 (ഇപ്പോൾ പുതിയ NH 87) വഴി ബന്ധിപ്പിക്കുന്ന പൂർത്തിയായ പാത രാഷ്ട്രത്തിനു സമർപ്പിച്ചു.[3]

1964ലെ ചുഴലിക്കാറ്റ്

തിരുത്തുക

രാമേശ്വരത്തിനു ചുറ്റുമുള്ള തീരപ്രദേശം അത്യന്തം അപകട സാദ്ധ്യതയുള്ളതാണ്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ ഒരു പഠന റിപ്പോർട്ടനുസരിച്ച്, കടൽത്തീരത്തിനു ലംബമായി, ഭൂമിയുടെ പുറംതോടിലെ ടെക്റ്റോണിക് ചലനം കാരണമായി 1948 ലും 1949 ലുമായി ധനുഷ്ക്കോടിയുടെ തെക്കൻഭാഗത്ത് മാന്നാർ ഉൾക്കടലിനെ അഭിമുഖീകരിക്കുന്ന ഭാഗം ഏകദേശം 5 മീറ്ററോളം (16 അടി) മുങ്ങിപ്പോയിട്ടുണ്ടെന്നാണ്. ഇതിന്റെ ഫലമായി, 0.5 കിലോമീറ്റർ (0.31 മൈൽ) വീതിയിലും, വടക്കുനിന്നു തെക്കോട്ട് 7 കിലോമീറ്ററോളം (4.3 മൈൽ) നീളത്തിലുമായുണ്ടായിരുന്ന ഒരു ഭൂഭാഗം സമുദ്രത്തിലാണ്ടുപോയിരുന്നു.[4]

1964 ഡിസംബർ 17 ന് തെക്കൻ ആൻഡമാൻ കടലിൽ 5 ° N 93 ° E ദിശയിൽ ഒരു നിമ്നമർദ്ദം രൂപംകൊള്ളുകയും ഡിസംബർ 19 ന്, അതൊരു ഉഗ്രപ്രതാപിയായ ചുഴലിക്കൊടുങ്കാറ്റായി മാറുകയും ചെയ്തു. 1964 ഡിസംബർ 21 ന് അതു പടിഞ്ഞാറേയ്ക്കു ദിശ മാറി, ഏതാണ്ട് ഒരു നേർരേഖയിൽ ദിനേന  400 മുതൽ 550 കിലോമീറ്റർ വരെ (250 മുതൽ 340 മൈൽ വരെ) വേഗതയാർജ്ജിക്കുകയും ചെയ്തു. ഡിസംബർ 22 ന് അതു ശ്രീലങ്കയിലെ വാവുനിയ കടക്കുകയും 1964 ഡിസംബർ 22 - 23 വരെ അർദ്ധരാത്രിയിൽ ധനുഷ്കോടിയിൽ ആഞ്ഞടിക്കുകയും ചെയ്തു. ആ ദിവസത്തെ കാറ്റിന്റെ ചലനവേഗത  മണിക്കൂറിൽ 280 കിലോമീറ്ററും (170 മൈൽ) തിരമാലകൾ 7 മീറ്റർ (23 അടി) ഉയരത്തിലുമായിരുന്നു.[5]

ഡിസംബർ 22 നുണ്ടായ ചുഴലിക്കാറ്റിൽ കണക്കുകൂട്ടിയതു പ്രകാരം പട്ടണത്തിലുണ്ടായിരുന്ന ഏകദേശം 1,800 പേർ മരണമടയുകയും സ്റ്റേഷനിലേയ്ക്ക് അടുത്തുകൊണ്ടിരുന്ന പമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിനും അതിലെ 115 യാത്രക്കാർ ഉൾപ്പെടെ ഒലിച്ചുപോകുകയും ചെയ്തു.[6][7][8] പട്ടണം മുഴുവനായി ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രദേശം ജീവിതയോഗ്യമല്ലാത്തതിനാൽ മദ്രാസ് സർക്കാർ തനിഷ്കോടിയെ ഒരു ഗോസ്റ്റ് ടൌൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു.[9] 2004 ഡിസംബറിലെ സുനാമിയുടെ കാലത്ത്, ധനുഷ്കോടിയുടെ തീരത്തെ കടൽ 500 മീറ്ററോളം (1,600 അടി) പിൻവലിയുകയും സമുദ്രത്തിലാണ്ടുപോയ പഴയ പട്ടണത്തിൻ‌രെ ഭാഗങ്ങൾ ഏതാനും സമയത്തേയ്ക്കു വെളിവാകുകയും ചെയ്തിരുന്നു.[10][11]

പേരിനു പിന്നിലെ ഐതിഹ്യം

തിരുത്തുക

ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണ/ഇതിഹാസ ഗ്രന്ഥങ്ങൾ പ്രകാരം, സീതാ ദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും രാമഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.

പൗരാണികകാലത്ത് 'മഹോദധി' എന്നറിയപ്പെട്ടിരുന്ന ബംഗാൾ ഉൾക്കടലും, 'രത്നാകരം' എന്നറിയപ്പെട്ടിരുന്ന ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്നാനം (സേതുസ്നാനം) രാമേശ്വരതീർഥാടനത്തിന്റെ മുന്നോടിയാണ്. ശ്രീരാമൻ നിർമ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് വിശ്വസിക്കപ്പെടുന്ന, ഏകദേശം പതിനെട്ട് കിലോമീറ്റർ നീളത്തിൽ ശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.

ഭാരതത്തിലെ ഹിന്ദുവിശ്വാസപ്രകാരം, കാശി തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ രാമേശ്വരം ക്ഷേത്രദർശനവും സേതുസ്നാനവും കൂടി പൂർത്തിയാക്കേണ്ടതുണ്ട്. സംസ്കൃതത്തിൽ സേതു എന്ന വാക്ക് പാത, പാലം, മാർഗ്ഗം മുതലായവയെ സൂചിപ്പിക്കുന്നു. ആധുനികകാലത്ത് സേതു എന്ന വാക്ക് കൂടുതലായും 'ലങ്കയിലെത്താൻ ശ്രീരാമൻ നിർമ്മിച്ച പാലം' എന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു

ചിത്രശാല

തിരുത്തുക
 1. http://www.rediff.com/news/2005/jan/03nadar1.htm. Retrieved 07-December-2017. {{cite web}}: Check date values in: |access-date= (help); Missing or empty |title= (help)
 2. "Dhanushkodi reborn: PM unveils new NH to mainland". Jul 28, 2017, 1:40 am IST. Retrieved 07 December 2017. {{cite news}}: Check date values in: |access-date= and |date= (help)
 3. "Dhanushkodi road dedicated to nation". JULY 28, 2017 00:14 IST. Retrieved December 07, 2017. {{cite news}}: Check date values in: |access-date= and |date= (help)
 4. G. G. Vaz; M. Hariprasad; B. R. Rao; V. Subba Rao (10 March 2007). "Subsidence of southern part of erstwhile Dhanushkodi township, Tamil Nadu". Current Science. 92: 671–672.
 5. Shashi M Kulshreshta; Madan G Gupta (June 1966). "Satellite Study of the Rameswaram Cyclonic Storm of 20–23 December 1964". Journal of Applied Meteorology and Climatology. 5 (3): 373–376. doi:10.1175/1520-0450(1966)005<0373:ssotrc>2.0.co;2. ISSN 0021-8952.[പ്രവർത്തിക്കാത്ത കണ്ണി]
 6. "India Train, 150 Aboard, Swept Away By Big Wave". St. Petersburg Times. UPI. 26 December 1964. p. 3A.
 7. "1,800 Asians Feared Dead After Cyclone and Tidal Wave". Reading Eagle. UPI. 28 December 1964. p. 4.
 8. "Ships, Planes Search for Survivors". The Age. A.A.P.-Reuters. 28 December 1964. p. 4.
 9. "Eye-witness account of the cyclone". The Hindu.
 10. "Submerged temple tower visible in Dhanushkodi". Zee news.
 11. G. G. Vaz; M. Hariprasad; B. R. Rao; V. Subba Rao (March 2007). "Subsidence of southern part of erstwhile Dhanushkodi township, Tamil Nadu – evidences from bathymetry, side scan and underwater videography" (PDF). Current Science (PDF). 92 (5): 671–675. Archived from the original (PDF) on 2016-03-04. Retrieved 2017-12-07. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=ധനുഷ്കോടി&oldid=4084068" എന്ന താളിൽനിന്ന് ശേഖരിച്ചത്