രാജ രാമണ്ണ

ഇന്ത്യൻ ശാസ്ത്രജ്ഞൻ
(ഡോ. രാജാ രാമണ്ണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരത്തിലെ ആദ്യ ആണവ പരീക്ഷണത്തിന്റെ സൂത്രധാരനാണ്‌ (പൊഖ്‌റാൻ 1) ഡോ.രാജാ രാമണ്ണ (കന്നഡ: ರಾಜಾ ರಾಮಣ್ಣ) (ജനനം: 1925 - സെപ്റ്റംബർ 23, 2004). അണുവിഘടനം സംബന്ധിച്ച നൂതന സിദ്ധാന്തം അവതരിപ്പിച്ചു. അണുഭൗതികം എന്ന മേഖലയിൽ ശ്രദ്ധേയമായ പരീക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സംഗീതം[അവലംബം ആവശ്യമാണ്], സാഹിത്യം, രാഷ്‌ട്രീയം എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്‌ത്രജ്ഞനായിരുന്നു രാജാരാമണ്ണ. രാജസ്ഥാനിലെ പൊഖറാൻ മരുഭൂമിയിൽ 1974 മേയ് 18-ന് നടന്ന ആദ്യത്തെ അണുപരീക്ഷണപദ്ധതിയുടെ സൂത്രധാരായിരുന്നു ഇദ്ദേഹം.

ഡോ. രാജാ രാമണ്ണ
ജനനം(1925-01-08)8 ജനുവരി 1925
മരണം2004 സെപ്റ്റംബർ 24
ദേശീയതഇന്ത്യ

ജീവിതരേഖ

തിരുത്തുക

കർണ്ണാടക സംസ്ഥാനത്തെ തുംകൂറിൽ 1925 ജനുവരി 28ന്‌ ജനിച്ചു. ജില്ലാ മജിസ്‌ട്രേറ്റായിരുന്നു. പിതാവ്‌ ബി.രാമണ്ണ. അമ്മയുടെ പേര്‌ രുക്‌മിണിയമ്മ. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയത്‌ മൈസൂരിലായിരുന്നു. പിന്നീട്‌ ബാഗ്ലൂരിലേക്ക്‌ താമസം മാറി. സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ ബാംഗ്ലൂർ, മദ്രാസിലെ താംബരത്തുള്ള ക്രിസ്‌ത്യൻ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി കോളജ്‌ വിദ്യാഭ്യാസം നേടിയശേഷം ഗവേഷണബിരുദത്തിനായി ലണ്ടനിലെ കിംഗ്‌സ്‌ കോളേജിൽ ചേർന്നു. ലണ്ടനിൽ വച്ച്‌ ഹോമി ജെ ഭാഭയെ കാണാനും അതുവഴി ജെ.എൻ.ടാറ്റാ സ്‌കോളർഷിപ്പ്‌ ലഭിക്കാനായതും രാജാരാമണ്ണയുടെ ജീവിതത്തിലെ വഴിത്തിരിവായി. ന്യൂക്ലിയർ ഭൗതികത്തിലായിരുന്നു. ഇദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചത്‌.

1947 ൽ ഭാരത്തിൽ മടങ്ങിയെത്തിയപ്പോൾ ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റൽ റിസർച്ചിൽ (TIFR) ഗവേഷണത്തിനായി ചേർന്നു. ഇവിടെ ഹോമി ജെ ഭാഭയുടെ നേതൃത്വത്തിൽ നടന്നിരുന്ന ഗവേഷണ പരീക്ഷണ പ്രവർത്തനങ്ങൾ രാജാരാമണ്ണക്ക്‌ കൂടുതൽ ഉത്സാഹം പകർന്നു. ട്രോംബെയിലുള്ള ബാർക്കിന്റെ ഡയറക്‌ടറായി 1972 ൽ സ്ഥാനമേറ്റു.. ഇക്കാലയളവിലാണ്‌ ഭാരതം ആദ്യ ആണവ പരീക്ഷം നടത്തുന്നത്‌ (1974 മേയ്‌ 18ന്‌). ബുദ്ധന്റെ ചിരി എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ പരീക്ഷണം വിജയമായത്‌ ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമായി കണക്കാക്കുന്നു. 1978 ൽ പ്രതിരോധ ഗവേഷണവികസന കേന്ദ്രത്തിന്റെ (DRDO) മേധാവിയായി. 1981 ൽ ബാർക്കിലേക്ക്‌ തിരിച്ചെത്തിയ ഇദ്ദേഹം 1983 വരെ അവിടെ ഡയറക്‌ടറായി തുടർന്നു. ഇതിനു ശേഷം അണുശക്തി കമ്മീഷന്റെ ചെയർമാനായി .

ദേശീയ അന്തർദേശീയ ജേണലുകളിലും പ്രസിദ്ധീകരണങ്ങളിലും ഒട്ടേറെ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ശാസ്‌ത്രസാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ ചിന്തകളും എഴുത്തും. നല്ലോരു പിയാനോ വായനക്കാരൻ കൂടിയായിരുന്ന രാജാരാമണ്ണ എഴുതിയ The structure of Music in Raga and Western Systems സംഗീത്തിലുള്ള അഗാധ താത്‌പര്യം വ്യക്തമാക്കുന്നു.

തീർത്ഥാടന വർഷങ്ങൾ (Years of Pilgrimage) എന്ന ആത്മകഥയും (1991)പ്രസീദ്ധീകരിച്ചിട്ടുണ്ട്‌. ലണ്ടനിൽ ഗവേഷക വിദ്യാർത്ഥിയായിരിക്കെ തന്നെ റോയൽ സ്‌കൂൾ ഓഫ്‌ മ്യൂസിക്കിൽ നിന്ന്‌ സംഗീതത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിരുന്നു.ഒട്ടേറെ സമിതികളിൽ, സംഘടനകളിൽ അംഗമായും മുഖ്യസംഘാടകനായും പ്രവർത്തിച്ചിട്ടുണ്ട്‌. ഇന്റർനാഷണൽ അറ്റോമിക്‌ എനർജി ഏജൻസി അധ്യക്ഷൻ, ബാംഗ്ലൂർ ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസ്‌ ഭരണസമിതി ചെയർമാൻ, ബോംബെ ഐ.ഐ.ടി ബോർഡ്‌ ഓഫ്‌ ഡയറക്‌ടർ, പ്രതിരോധ മന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവ്‌, ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമി പ്രസിഡന്റ്‌ (1977-78) എന്നിവ അവയിൽ ചിലതുമാത്രം.

1990 ൽ വി.വി.സിംഗ്‌ സർക്കാരിൽ പ്രതിരോധ വകുപ്പ്‌ സഹമന്ത്രിയായി. 1997 ൽ രാജ്യസഭയിലേക്ക്‌ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗവുമായ ഇദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും സജീവതാത്‌പര്യം കാട്ടിയിരുന്നു. ഇറാഖ്‌ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈൻ തന്റെ രാജ്യത്തെ സാങ്കേതിക വിദ്യയുടെ വികാസത്തിന്‌ നേതൃത്വം നൽകാൻ (1978 ൽ) രാജാ രാമണ്ണയോട്‌ അഭ്യർത്ഥിച്ചിരുന്നു, പിന്നീടിദ്ദേഹം ഇത്‌ നിരസിച്ചു. 2004 സെപ്‌തംബർ 24 ന്‌ ഹൃദയാഘാതത്തെ തുടർന്ന്‌ അന്തരിച്ചു. അവസാന നാളുകൾ വരെ നിരവധി കർമമണ്ഡലങ്ങളിൽ ചുറുചുറുക്കോടെ വ്യാപൃതനായിരുന്ന പ്രതിഭാശാലിയായ ശാസ്‌ത്രജ്ഞനായിരുന്നു ഡോ. രാജാ രാമണ്ണ.

അംഗീകാരങ്ങൾ

തിരുത്തുക

ശാന്തിസ്വരൂപ്‌ ഭട്‌നഗർ പുരസ്‌കാരം (1963), നെഹ്‌റു അവാർഡ്‌ (1983), മേഘനാഥ്‌ സാഹാ സ്വർണ മെഡൽ (1984), വിശ്വഭാരതിയിൽ നിന്നും ബഹുമതി ഡോക്‌ടറേറ്റ്‌ (1993), അശുതോഷ്‌ മുഖർജി സ്വർണ മെഡൽ (1996),പദ്‌മശ്രീ,പദ്‌മഭൂഷൺ,പദ്‌മ വിഭൂഷണ്‍.

തീർത്ഥാടനത്തിന്റെ വർഷങ്ങൾ (Years of pilgrimage an Autobiography) എന്ന തന്റെ ആത്മകഥ 1991-ൽ അദ്ദേഹം പ്രസിദ്ധീകരിച്ചു.

പ്രശസ്‌തർ ഇദ്ദേഹത്തേക്കുറിച്ച്

തിരുത്തുക

'ഭാരതത്തിലെ ശ്രദ്ധേയ ശാസ്‌ത്രജ്ഞന്മാരുടെ ഗാലക്‌സിയിലെ തിളങ്ങുന്ന നക്ഷത്രം തന്നെയാണ്‌ ഡോ. രാജാ രാമണ്ണ. ഭാരതത്തിന്റെ വിഖ്യാത പുത്രനും' - ഡോ. മൻമോഹൻ സിംഗ്‌


കുറിപ്പുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=രാജ_രാമണ്ണ&oldid=2429441" എന്ന താളിൽനിന്ന് ശേഖരിച്ചത്