പി.കെ. വാസുദേവൻ നായർ

കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി.
(P. K. Vasudevan Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി. എന്ന് അറിയപ്പെട്ടിരുന്ന പി. കെ. വാസുദേവൻ നായർ അഥവാ പടയാട്ട് കേശവപിള്ള വാസുദേവൻ നായർ (മാർച്ച് 2, 1926, കോട്ടയത്തെ കിടങ്ങൂരിൽ - ജൂലൈ 12, 2005 എയിംസ് ആശുപത്രി, ന്യൂ ഡെൽഹി). ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായിരുന്നു. അധികാരത്തിലും അല്ലാത്തപ്പോഴും ലളിതജീവിതമായിരുന്നു പി.കെ.വി നയിച്ചിരുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം നാലു തവണ പാർലമെന്റംഗമായി ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പി.കെ. വാസുദേവൻ നായർ
P.K. Vasudevan Nair.jpg
പി.കെ. വാസുദേവൻ നായർ
കേരളത്തിന്റെ 9-ആമത്തെ മുഖ്യമന്ത്രി
ഓഫീസിൽ
ഒക്ടോബർ 29, 1978 - ഒക്ടോബർ 7, 1979
മുൻഗാമിഎ.കെ. ആന്റണി
പിൻഗാമിസി.എച്ച്. മുഹമ്മദ്കോയ
വ്യക്തിഗത വിവരങ്ങൾ
ജനനം
പടയാട്ട് കേശവപിള്ള വാസുദേവൻ നായർ

(1926-03-02)മാർച്ച് 2, 1926
കിടങ്ങൂർ, കോട്ടയം, കേരളം
മരണംജൂലൈ 12, 2005(2005-07-12) (പ്രായം 79)
ന്യൂ ഡെൽഹി
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളി(കൾ)കെ.പി. ലക്ഷ്മിക്കുട്ടി
വസതി(കൾ)കിടങ്ങൂർ, കോട്ടയം

സ്കൂൾ വിദ്യാഭ്യാസ കാലത്താണ് തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്നത്. കുടുംബത്തിൽ നിന്നുമുള്ള നിയന്ത്രണങ്ങൾ കാരണം താൽപര്യമുണ്ടായിട്ടും ദേശീയപ്രസ്ഥാനങ്ങളിൽ ഭാഗഭാക്കാകാൻ കഴിഞ്ഞില്ല. കോളേജ് വിദ്യാഭ്യാസകാലത്ത് സി.പി.ഐ.യുടെ യുവജനസംഘടനയായ എ.ഐ.എസ്.എഫിലൂടെ സജീവ വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കിറങ്ങി. പാർട്ടി നിരോധനത്തെത്തുടർന്ന് ഒളിവിൽപോയി. ജനയുഗത്തിന്റെ പത്രാധിപരായിരുന്നു. 1957 ൽ തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്നും പാർമെന്റിലെത്തി. 1962ലും 1967ലും പാർമെന്റംഗമായിരുന്നു. 1978 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനെതുടർന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2005 ജൂലൈ 12 ന് അന്തരിച്ചു.[1]

ആദ്യകാല ജീവിതംതിരുത്തുക

1926 മാർച്ച് രണ്ടിന് കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ പാമ്പം വീട്ടിൽ കേശവപിള്ളയുടേയും, നാണിക്കുട്ടി അമ്മയുടേയും മകനായി വാസുദേവൻ ജനിച്ചു. ഈ ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാളായിരുന്നു വാസുദേവൻ. പിതാവ് കേശവപിള്ള ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്നു. ഉഴവൂരിലെ മോനിപ്പള്ളി സർക്കാർ പ്രൈമറി സ്കൂളിലും, കിടങ്ങൂർ പ്രൈമറി സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൊൻകുന്നം വർക്കി അക്കാലത്ത് വാസുദേവന്റെ അദ്ധ്യാപകനായിരുന്നു. പൂഞ്ഞാർ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്നത്. അച്ഛന്റെ കർക്കശ്ശമായ നിലപാടുകൾ മൂലം പി.കെ.വാസുദേവന് അത്തരം സമരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ല. മന്നത്ത് പത്മനാഭന്റെ അനുയായികളായിരുന്നു വാസുദേവന്റെ കുടുംബം മുഴുവൻ.[2]

വിദ്യാഭ്യാസ കാലംതിരുത്തുക

ആലുവ യു.സി.കോളേജിൽ പഠിക്കുന്ന കാലത്താണ് പി.കെ.വിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എ. ഐ. എസ്. എഫ്. പ്രവർത്തകനായിട്ടാണ് അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു രംഗപ്രവേശം ചെയുന്നത്. കെ.സി.മാത്യു ആയിരുന്നു അവിടെ സംഘടനാ നേതാവ്. അദ്ദേഹമാണ് വാസുദേവനെ സംഘടനയിൽ ചേർത്തത്. സ്വാതന്ത്ര്യസമരത്തിന്റെ അവസാന കാണ്ഡമായിരുന്നു അത്. ഊർജ്ജതന്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം അദ്ദേഹം നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജിൽ ചേർന്നു. എ. ഐ. എസ്. എഫ് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന കാലമായിരുന്നു അത്.

അദ്ദേഹം 1945-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഒരു വിദ്യാ‍ർത്ഥിനേതാവായിരുന്ന അദ്ദേഹം 1947-ൽ തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1948-ൽ പി.കെ.വി. ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ‘വേൾഡ് ഫെഡെറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്ത്’ എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.

തിരുവിതാംകൂർ രാജഭരണത്തിനെതിരായി പ്രസംഗിച്ചതിനായിരുന്നു പി.കെ.വി.യുടെ ആദ്യത്തെ അറസ്റ്റ്. ഭരണകൂടത്തിനെതിരെ സായുധവിപ്ലവം ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കത്താ തീസീസിനെ തുടർന്ന് നൂറുകണക്കിന് കമ്യൂണിസ്റ്റുകാർ ഒളിവിൽ പോയി. അക്കൂട്ടത്തിൽ പി.കെ.വിയും ഉണ്ടായിരുന്നു. ഒളിവിലിരുന്ന് പാർട്ടിപ്രവർത്തനം തുടർന്ന അദ്ദേഹത്തെ 1951-ൽ വിദ്യാർത്ഥിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

രാഷ്ട്രീയംതിരുത്തുക

തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെയും അഖില കേരള വിദ്യാർത്ഥി യൂണിയന്റെയും അഖിലേന്ത്യാ വിദ്യാർത്ഥി സംഘടന (എ.ഐ.എസ്.എഫ്) യുടെയും സ്ഥാപകരിൽ ഒരാളായിരുന്നു പി.കെ.വി. 1964-ൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനുശേഷം അദ്ദേഹം സി.പി.ഐയിൽ തുടർന്നു. 1982-ൽ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ 2004 വരെ അദ്ദേഹം തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന് പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. സി.പി.ഐ. പാർട്ടി സെക്രട്ടറിയായി അദ്ദേഹം ഈ കാലയളവിൽ പ്രവർത്തിച്ചു.

അദ്ദേഹം നാലുതവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1957 (തിരുവല്ല), 1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004 (തിരുവനന്തപുരം)). രണ്ടു തവണ കേരള നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1977, 1980). സി.പി.ഐ. നിയമസഭാകക്ഷി നേതാവായിരുന്നു അദ്ദേഹം. നീണ്ട ലോക്സഭാ ജീവിതത്തിനു ശേഷം അദ്ദേഹം 1970-ൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. തന്റെ ലോക്സഭയിൽ ചിലവഴിച്ച കാലഘട്ടത്തിനിടയിൽ അദ്ദേഹം സി.പി.ഐ. യുടെ പാർലമെന്ററി പാർട്ടി സെക്രട്ടറി, അദ്ധ്യക്ഷൻ, എന്നിവരുടെ പാനലിൽ അംഗമായിരുന്നു.

1954 മുതൽ 1957 വരെ പാർട്ടി ദിനപത്രമായ ജനയുഗം ദിനപത്രത്തിന്റെ ലേഖകനായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിതിരുത്തുക

1977 മുതൽ 1978 വരെ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ വ്യവസായ മന്ത്രിയായിരുന്നു പി.കെ.വി. ഇന്ദിര ചിക്മംഗളൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് എതിർ സ്ഥാനാർത്ഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ച് എ.കെ.ആന്റണി 1978-ൽ മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവിൽ പി.കെ.വി. കേരള മുഖ്യമന്ത്രിയായി.[3] അദ്ദേഹം കേരളത്തിൽ സി.പി.എം. ഉം സി.പി.ഐ. യും കൂടിച്ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനു പാത തെളിക്കാൻ 1979 ഒക്ടോബർ 7-നു മുഖ്യമന്ത്രിപദം രാജിവെച്ചു.

ലളിതമായ ജീവിതരീതിയുടെയും ലാളിത്യമാർന്ന പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി.കെ.വി. മരിക്കുന്നതിന് ഒരുവർഷം മുൻപുവരെ തിരുവനന്തപുരത്തെ തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നു കെ.എസ്.ആർ.ടി.സി. ട്രാൻസ്പോർട്ട് ബസ്സുകളിൽ പി.കെ.വി. യാത്രചെയ്യുമായിരുന്നു.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2004 തിരുവനന്തപുരം ലോകസഭാമണ്ഡലം പി.കെ. വാസുദേവൻ നായർ സി.പി.ഐ., എൽ.ഡി.എഫ്. വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

മരണംതിരുത്തുക

ഏറെക്കാലം വാർദ്ധക്യസഹജവും അല്ലാത്തതുമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ പി.കെ.വി. ഹൃദ്രോഗം മൂലം 79-ആം വയസ്സിൽ 2005 ജൂലൈ 12-ന് വൈകീട്ട് മൂന്നേമുക്കാലോടെ ദില്ലി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ച് അന്തരിച്ചു. മരണസമയത്ത് അദ്ദേഹം തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യയും മൂന്ന് ആൺമക്കളും രണ്ട് പെണ്മക്കളുമുണ്ട് അദ്ദേഹത്തിന്. പി.കെ.വിയുടെ മരണത്തിനുശേഷം തിരുവനന്തപുരം മണ്ഡലത്തിൽ നടത്തിയ ഉപതിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ വിജയിച്ചു.

അവലംബംതിരുത്തുക

  1. "പി.കെ.വാസുദേവൻ നായർ - ലഘുജീവചരിത്രം". കേരള നിയമസഭ. ശേഖരിച്ചത് 01-ഒക്ടോബർ-2013. {{cite web}}: Check date values in: |accessdate= (help)
  2. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. പുറം. 496-497. ISBN 81-262-0482-6. പി.കെ.വാസുദേവൻ നായർ - ആദ്യകാലജീവിതം
  3. "കേരളത്തിന്റെ മുഖ്യമന്ത്രമാർ". കേരള നിയമസഭ. ശേഖരിച്ചത് 03-ഒക്ടോബർ-2013. {{cite web}}: Check date values in: |accessdate= (help)
  4. http://www.ceo.kerala.gov.in/electionhistory.html
  5. http://www.keralaassembly.org
മുൻഗാമി കേരളത്തിലെ മുഖ്യമന്ത്രിമാർ
1978– 1979
പിൻഗാമി
"https://ml.wikipedia.org/w/index.php?title=പി.കെ._വാസുദേവൻ_നായർ&oldid=3814955" എന്ന താളിൽനിന്ന് ശേഖരിച്ചത്