ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
ഇന്ത്യാ സമുദ്രമേഖലയിലെ വ്യാപാരകാര്യങ്ങൾക്കായി നെതർലൻഡ് സ്ഥാപിച്ച ഒരു കമ്പനിയാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി. നെതർലൻഡ്സിലെ അസംബ്ലിയായ സ്റ്റേററ്സ് ജനറൽ 1602 മാർച്ച് 20-ന് ചാർട്ടർ ചെയ്തതാണിത്. ഇന്ത്യാ സമുദ്രമേഖലയിലുള്ള രാജ്യങ്ങളിലെ ഡച്ച് വ്യാപാരം നിയന്ത്രിക്കുക, സ്പെയിനുമായുള്ള യുദ്ധത്തിൽ സഹായം നൽകുക എന്നിവയായിരുന്നു കമ്പനി സ്ഥാപിക്കുന്നതിനു പിന്നിലെ ആദ്യലക്ഷ്യം. പ്രധാനമായും വാണിജ്യകാര്യങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതായിരുന്നെങ്കിലും ഈ മേഖലയിലെ ഭൂപ്രദേശങ്ങൾ കയ്യടക്കുകയും അവിടെയെല്ലാം പരമാധികാര രാഷ്ട്രത്തിനു സമാനമായി കമ്പനി പ്രവർത്തിക്കുകയുമുണ്ടായി. 17-ഉം, 18-ഉം നൂറ്റാണ്ടുകളിൽ തെക്കുകിഴക്കേ ഏഷ്യയിൽ ഡച്ച് കൊളോണിയൽ സാമ്രാജ്യം സ്ഥാപിക്കുകയും നിലനിറുത്തുകയും ചെയ്യുന്നതിനും കമ്പനിക്കു കഴിഞ്ഞിരുന്നു.
Public company | |
വ്യവസായം | Trade |
Fate | Bankruptcy |
സ്ഥാപിതം | 20 മാർച്ച് 1602[1] |
നിഷ്‌ക്രിയമായത് | 17 മാർച്ച് 1798 |
ആസ്ഥാനം | , |
പടിഞ്ഞാറും കിഴക്കും തമ്മിൽ വ്യാപാരബന്ധം
തിരുത്തുകപടിഞ്ഞാറൻ രാജ്യങ്ങൾ (യൂറോപ്പിലെ ഇംഗ്ലണ്ട്, ഫ്രാൻസ്, നെതർലൻഡ്സ് തുടങ്ങിയവ) കിഴക്കൻ രാജ്യങ്ങളുമായി (ഇന്ത്യ, ഇന്തോനേഷ്യ ദ്വീപസമൂഹം, ചൈന, ബർമ, മലയ, സിലോൺ തുടങ്ങിയവ) വ്യാപാരം നടത്തുന്നതിന് അതീവതാത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി 1600-ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇംഗ്ലണ്ടിൽ രൂപവത്കൃതമായതോടെ ഡച്ചുകാർ അവരുടെ വാണിജ്യതാത്പര്യാർഥം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും സ്ഥാപിക്കുകയുണ്ടായി(1602). 1664-ൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും രൂപീകരിക്കപ്പെട്ടു. ഇന്തോനേഷ്യൻ ദ്വീപ സമൂഹങ്ങളിലായിരുന്നു ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യം കേന്ദ്രീകരിച്ചത്. ജാവ ദ്വീപിലെ ബത്തേവിയയിൽ (ജക്കാർത്ത) 1619-ൽ കമ്പനി അതിന്റെ ആസ്ഥാനം ഉറപ്പിച്ചു. നെതർലൻഡ്സ് സർക്കാർ ഈ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളുമായുള്ള വ്യാപാരകാര്യങ്ങളിൽ കുത്തകാവകാശം നൽകി. സേനയെ നിലനിറുത്താനും യുദ്ധം ചെയ്യാനും ഭരണകാര്യങ്ങൾ നിർവഹിക്കാനും ഇവർക്ക് അധികാരം നൽകിയിരുന്നു. കമ്പനിക്ക് കപ്പൽസേനാ രൂപീകരണാവകാശവും ലഭിച്ചിരുന്നു. 17-ആം നൂറ്റാണ്ടിൽ വ്യാപാര കാര്യങ്ങൾക്കായി കമ്പനിക്ക് നൂറോളം കപ്പലുകളാണ് ഉണ്ടായിരുന്നത്. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യാ മഹാസമുദ്രമേഖലയിലെ വാണിജ്യകാര്യങ്ങളുടെ കുത്തക കമ്പനി കയ്യടക്കുകയുണ്ടായി.
കമ്പനിയുടെ വ്യാപാര മേഖല
തിരുത്തുകമലയൻ ദ്വീപസമൂഹവും ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ പ്രദേശങ്ങളും കമ്പനിയുടെ വ്യാപാര മേഖലയിൽപ്പെട്ടിരുന്നു. കമ്പനിയുടെ ദക്ഷിണാഫ്രിക്കൻ കോളനി 1652-ൽ ഗുഡ്ഹോപ്പ് മുനമ്പിൽ സ്ഥാപിതമായി. 1669-ഓടെ കമ്പനിയുടെ വളർച്ച അതിന്റെ പാരമ്യതയിലെത്തി. 18-ആം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമായുണ്ടായിരുന്ന വ്യാപാരമത്സരം കമ്പനിയെ ക്രമേണ ദുർബലമാക്കി. നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കമ്പനിയുടെ ഋണബാദ്ധ്യതയും വളരെ വർധിച്ചു. ഇതര രാജ്യങ്ങളുമായി തുടരെത്തുടരെയുണ്ടായ ഡച്ച് പോരാട്ടങ്ങളും, കമ്പനിക്കുള്ളിലുണ്ടായിരുന്ന അഴിമതിയും അതിന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കി. ഇതിനെത്തുടർന്ന് ഡച്ച് ഗവൺമെന്റ് കമ്പനിയുടെ ചാർട്ടർ പിൻവലിക്കുകയും 1799-ൽ അതിന്റെ ആസ്തി ബാദ്ധ്യതകൾ ഏറ്റെടുക്കുകയും ചെയ്തു. കമ്പനിയുടെ കീഴിലുണ്ടായിരുന്ന ദ്വീപു രാജ്യങ്ങൾ പിൽക്കാലത്ത് ഡച്ച് നിയന്ത്രണത്തിലായി. ഇവ പിന്നീട് ഇന്ത്യോനേഷ്യ റിപ്പബ്ലിക്കായി രൂപാന്തരപ്പെട്ടു.
ഇവ കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "The Dutch East India Company (VOC)". Canon van Nederland. Archived from the original on 2010-12-01. Retrieved 19 March 2011.
പുറംകണ്ണികൾ
തിരുത്തുക- http://www.infoplease.com/ce6/history/A0816597.html
- http://www.gresham.ac.uk/lectures-and-events/the-dutch-east-indies-company-the-first-100-years
- http://people.hofstra.edu/geotrans/eng/ch2en/conc2en/map_VOC_Trade_Network.html Archived 2011-12-11 at the Wayback Machine.
- http://www.sahistory.org.za/topic/dutch-east-india-company-deicvoc
- http://entoen.nu/voc/en Archived 2010-12-01 at the Wayback Machine.
- http://history.howstuffworks.com/european-history/dutch-east-india-company.htm Archived 2013-03-20 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |