കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന രണ്ടാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1960) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു രണ്ടാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1960 ഫെബ്രുവരി ഒൻപതിനാണ് രണ്ടാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1] 1957-ൽ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ആദ്യ നിയമസഭയ്ക്കെതിരെ എൻ.എസ്.എസ്. സ്ഥാപകനേതാവ് മന്നത്തു പത്മനാഭന്റേയും കത്തോലിക്കസഭയുടെയും നേതൃത്വത്തിൽ 1958-ൽ ആരംഭിച്ച വിമോചനസമരത്തെ തുടർന്ന് ഒന്നാം നിയമസഭയെ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ്‌ പിരിച്ചുവിട്ടു. 1959 ജൂലൈ 31-ആം തീയതിയാണ് ഇന്ത്യൻ ഭരണഘടനയുടെ 356-ആം വകുപ്പനുസരിച്ച് രാഷ്ട്രപതി ഇ.എം.എസ് നിയമസഭ പിരിച്ചുവിട്ടത്. [2] [3]

രണ്ടാം നിയമസഭയിലെ പട്ടം താണുപിള്ള മന്ത്രിസഭ

തിരഞ്ഞടുപ്പ്, മന്ത്രിസഭ തിരുത്തുക

രണ്ടാം നിയമസഭയുടെ തിരഞ്ഞെടുപ്പ് നടന്നത് 1960 ഫെബ്രുവരി ഒന്നിനാണ്. ആദ്യമായി ഒരു ദിവസം തന്നെ പോളിംഗ് നടന്നുവെന്നുള്ളത് രണ്ടാം നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്, (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) പി.എസ്.പിയും മുസ്ലിം ലീഗുമായും മുൻ ധാരണയോടെ മുഖ്യ വലതുപക്ഷ പാർട്ടിയായും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ചില സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണയോടുകൂടി മുഖ്യ ഇടതുപക്ഷ പാർട്ടിയായും തിരഞ്ഞെടുപ്പിനെ നേരിട്ടു. കോൺഗ്രസ്സിനു 63 സീറ്റും പി.എസ്.പിയ്ക്ക് 20 സീറ്റും മുസ്ലിം ലീഗിനു 11 സീറ്റും സി.പി.ഐയ്ക്ക് 29 സീറ്റും സ്വതന്ത്രർക്ക് (ആർ.എസ്.പിയ്ക്ക് ഒന്നും, യു.കെ.എസിനു ഒന്നും ഉൾപ്പെടെ) 3 സീറ്റും ലഭിച്ചു. കോൺഗ്രസ്സ് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള് ഒറ്റകക്ഷിയായിരുന്നെങ്കിലും പി.എസ്.പിയിലെ പ്രമുഖനേതാവും തിരു-കൊച്ചി മുൻ മുഖ്യമന്ത്രിയുമായിരുന്ന പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കാൻ തത്ത്വത്തിൽ തീരുമാനിച്ചു. അതുകൊണ്ടുതന്നെ ഒരു കൂട്ടുമന്ത്രിസഭയാണ് രണ്ടാം മന്ത്രിസഭയായി അധികാരത്തിലേറിയത്.[4]

പട്ടം മന്ത്രിസഭ തിരുത്തുക

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് പട്ടം താണുപിള്ളയുടേയും കോൺഗ്രസ്സ് പാർട്ടി നേതാവ് ആർ. ശങ്കറും മുസ്ലിം ലീഗും നേതൃത്വം കൊടുത്ത ഭരണകക്ഷി പട്ടത്തിനെ മുഖ്യമന്ത്രിയായും ശങ്കറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ ധനകാര്യവകുപ്പു മന്ത്രിയായും തിരഞ്ഞടുത്ത് പതിനൊന്നുപേർ അടങ്ങുന്ന മന്ത്രിസഭ 1960 സെപ്റ്റംബർ 22-നു അധികാരത്തിലേറി. മുസ്ലിംലീഗിലെ കെ.എം. സീതി സാഹിബിനെ രണ്ടാം നിയമസഭയുടെ സ്പീക്കറായി (1960 മാർച്ച് 12-മുതൽ 1961 ഏപ്രിൽ 17-വരെ) നിയമിതനായി. 1961 ഏപ്രിൽ 17-നു അദ്ദേഹം അന്തരിക്കുകയും സി.എച്ച്. മുഹമ്മദ്കോയയെ 1961 ജൂൺ 9-നു നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കുകയും ചെയ്തു. 1961 നവംബർ 19-നു അദ്ദേഹം രാജിവച്ചു. സി.എച്ചിന്റെ രാജിയെ തുടർന്ന് 1961 ഡിസംബർ 13-നു അലക്സാണ്ടർ പറമ്പിത്തറ സ്പീക്കറാവുകയും ചെയ്തു.

1960-ലെ തിരഞ്ഞെടുപ്പ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ്സായിരുന്നെങ്കിലും കൂട്ടുകക്ഷി മന്ത്രിസഭയെ നയിക്കാൻ ഭരണ നൈപുണ്യമുള്ളയാൾ എന്ന നിലയിൽ പട്ടത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് സ്ഥിതിഗതികൾ തിരിഞ്ഞുമറിയുകയും അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയും കേരളാ ഗവർണർ വി.വി. ഗിരിയും ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയും ചേർന്നുണ്ടാക്കിയ പദ്ധതിയിൽ പട്ടം താണുപിള്ള പഞ്ചാബ് ഗവർണർ ആവാൻ തയ്യാറാവുകയും ചെയ്തു. [5] [6] അതിൻ പ്രകാരം പട്ടം താണുപിള്ള മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു.

ക്ര.നം. മന്ത്രി ചിത്രം വകുപ്പ് ക്ര.നം. മന്ത്രി ചിത്രം വകുപ്പ്
1 പട്ടം എ. താണുപിള്ള   മുഖ്യമന്ത്രി
സെപ്റ്റംബർ 26, 1962-നു രാജിവെച്ചു, പിന്നീട് പഞ്ചാബ് ഗവർണർ ആയി
2 ആർ. ശങ്കർ   ധനകാര്യം, ഉപമുഖ്യമന്ത്രി
3 പി.ടി. ചാക്കോ   അഭ്യന്തരം 4 കെ.എ. ദാമോദരമേനോൻ   വ്യവസായം
5 പി.പി. ഉമ്മർകോയ   വിദ്യാഭ്യാസം 6 കെ.ടി. അച്യുതൻ   ഗതാഗതം, തൊഴിൽ
7 ഇ.പി. പൗലോസ്   ഭക്ഷ്യം, കൃഷി 8 വി.കെ. വേലപ്പൻ   ആരോഗ്യം, ഊർജ്ജം
1962 ഓഗസ്റ്റ് 26-നു അന്തരിച്ചു
9 കെ. കുഞ്ഞമ്പു   ഹരിജനോദ്ധാരണം, ജലസേചനം 10 ഡി. ദാമോദരൻ പോറ്റി   പൊതുമരാമത്ത്
11 കെ. ചന്ദ്രശേഖരൻ   നിയമം, റവന്യു

ശങ്കർ മന്ത്രിസഭ തിരുത്തുക

1962-ൽ പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി പോയി; ധനകാര്യമന്ത്രിയായിരുന്ന ആർ. ശങ്കർ 1962 സെപ്റ്റംബർ 26-നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. രണ്ടു വർഷം അധികാരത്തിലിരുന്നു ശങ്കർ നേതൃത്വം നൽകിയ കോൺഗ്രസ് കൂട്ടുമന്ത്രിസഭ. മന്നത്ത് പത്മനാഭന്റേയും പി.ടി. ചാക്കോയുടേയും അധികാര വടംവലികൾ ഏറെ സ്വാധീനിച്ച സർക്കാറായിരുന്നു ശങ്കർ മന്ത്രിസഭയുടേത്. ഈ അധികാര വടംവലികൾ മന്ത്രിസഭ തകർച്ചയിലേക്ക് വഴിതെളിയിക്കുകയും തുടർന്ന് കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ ഭിന്നിപ്പ് 1964-ൽ ശങ്കർ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിൽ എത്തിചേർക്കുന്നതിലേക്കും നയിച്ചു. മന്ത്രിസഭ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെടുകയും 1964 സെപ്റ്റംബർ 10-ന് ആർ. ശങ്കർ രാജിവെക്കുകയും ചെയ്തു. 1960-കളിലുണ്ടായ രാഷ്ട്രിയപോരുകളും മുഖ്യമന്ത്രിയുടെ രാജിയിൽ അവസാനിച്ച അവിശ്വാസപ്രമേയവും ആർ. ശങ്കറിനെ ഏറെ സ്വാധീനിക്കുകയും തുടർന്ന് അദ്ദേഹം തന്റെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു.[7]

ക്ര.നം. മന്ത്രി ചിത്രം വകുപ്പ് ക്ര.നം. മന്ത്രി ചിത്രം വകുപ്പ്
1 ആർ. ശങ്കർ   മുഖ്യമന്ത്രി
2 പി.ടി. ചാക്കോ   ആഭ്യന്തരം, നിയമം, റവന്യു
1964, ഫെബ്രുവരി 20-നു രാജിവച്ചു
3 കെ.എ. ദാമോദര മേനോൻ   വ്യവസായം, തദ്ദേശസ്വയംഭരണം
4 പി.പി. ഉമ്മർകോയ   മത്സ്യബന്ധനം, പൊതുമരാമത്ത്
5 കെ.ടി. അച്യുതൻ   ഗതാഗതം, തൊഴിൽ
6 ഇ.പി. പൗലോസ്   ഭക്ഷ്യം, കൃഷി
7 കെ. കുഞ്ഞമ്പു   ഹരിജനോദ്ധാരണം, ജലസേചനം
8 ഡി. ദാമോദരൻ പോറ്റി   പൊതുമരാമത്ത്
1962, ഒക്ടോബർ 8-നു രാജിവച്ചു
9 കെ. ചന്ദ്രശേഖരൻ   നിയമം, റവന്യു
1962, ഒക്ടോബർ 8-നു രാജിവച്ചു
10 എം.പി. ഗോവിന്ദൻ നായർ   ആരോഗ്യം
1962, ഒക്ടോബർ 9-നു ചുമതലയേറ്റു
11 ടി.എ. തൊമ്മൻ   നിയമം, റവന്യു
1964, മാർച്ച് 2-നു ചുമതലയേറ്റു

കോൺഗ്രസിലെ രാജി തിരുത്തുക

1963-ലെ പീച്ചി സംഭവത്തേ തുടർന്ന് പി.ടി ചാക്കോ രാജിവയ്ക്കുകയും, അദ്ദേഹത്തിന്റെ നിര്യാണത്തേതുടർന്ന് കെഎം ജോർജ്, തോമസ് ജോൺ, കെ നാരായണക്കുറുപ്പ്, ടി കൃഷ്ണൻ, എംഎ ആന്റണി, പി ചാക്കോ, ആർ രാഘവമേനോൻ, ആർ ബാലകൃഷ്ണപിള്ള, ടിഎ ധർമരാജയ്യർ, എം രവീന്ദ്രനാഥ്, എൻ ഭാസ്‌കരൻ നായർ, സിഎ മാത്യു, വയലാ ഇടിക്കുള, കുസുമം ജോസഫ്, കെആർ സരസ്വതി എന്നിവർ കോൺഗ്രസിൽ നിന്ന് രാജിവച്ചു[8].

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2013-11-03.
  2. ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ട്. നാഷണൽ ബുക്സ്റ്റാൾ. {{cite book}}: Cite has empty unknown parameter: |1= (help)
  3. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
  4. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-12. Retrieved 2013-11-07.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-11-07.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-13. Retrieved 2013-11-07.
  8. "വീണ്ടും പിളർപ്പ്; ഇത്തവണ മാണിയില്ല- കേരള കോൺഗ്രസിന് എന്തു സംഭവിക്കും?" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-05.
"https://ml.wikipedia.org/w/index.php?title=രണ്ടാം_കേരളനിയമസഭ&oldid=3945647" എന്ന താളിൽനിന്ന് ശേഖരിച്ചത്