ഡി. ദാമോദരൻ പോറ്റി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ മുൻ നിയമസഭാ സ്പീക്കറും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ഡി. ദാമോദരൻ പോറ്റി (മേയ് 1921 - 15 നവംബർ 2002). തിരു - കൊച്ചി നിയമസഭയിലും രണ്ടും മൂന്നും കേരള നിയമസഭകളിലും അംഗമായിരുന്നു. രണ്ടാം കേരള നിയമസഭയിൽ പി.എസ്.പി സ്ഥാനാർത്ഥിയായി കൊട്ടാരക്കര നിന്നും മൂന്നാം കേരള നിയമസഭയിൽ ചടയമംഗലത്തു നിന്ന് എസ്.എസ്.പി സ്ഥാനാർത്ഥിയായുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.[1]

ഡി. ദാമോദരൻ പോറ്റി

ജീവിതരേഖതിരുത്തുക

ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന കെ. ദാമോദരൻ പോറ്റിയുടെയും ആര്യാദേവിയുടെയും മകനായി കൊട്ടാരക്കരയിൽ ജനിച്ചു. കൊട്ടാരക്കരയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി. കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിൽ പഠനം നടത്തി. പഠനകാലത്തുതന്നെ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചു. കേന്ദ്രസർക്കാർഉദ്യോഗം രാജിവച്ചാണ് ദാമോദരൻ പോറ്റി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തത്.

കോൺഗ്രസ്സിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ദാമോദരൻ പോറ്റി പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ (പി.എസ്.പി.) ചേർന്നു. 1954-ൽ തിരുവിതാംകൂർ-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1954 മാ. 24 മുതൽ 56 മാ. 23 വരെ സഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. 1960-ൽ കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ പൊതുമരാമത്തുവകുപ്പ് മന്ത്രിയായി (1960 ഫെ. 22 - സെപ്. 26). തുടർന്നുവന്ന ആർ. ശങ്കർ മന്ത്രിസഭയിലും ഇദ്ദേഹമായിരുന്നു പൊതുമരാമത്തുവകുപ്പ് മന്ത്രി. 1967-ൽ വീണ്ടും നിയമസഭാംഗമായ ദാമോദരൻ പോറ്റിക്ക് സ്പീക്കർസ്ഥാനം ലഭിച്ചു (1967 മാ. 15 - 1970 ഒ. 21). ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്ന ഇദ്ദേഹം പ്ലൈവുഡ് എംപ്ലോയീസ് യൂണിയൻ, ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ (കൊട്ടാരക്കര), മധ്യകേരള കാഷ്യൂ ഫാക്റ്ററി വർ ക്കേഴ്സ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. കൂടാതെ, ലോക് കാര്യ ക്ഷേത്ര കമ്മിറ്റിയുടെ (കേരള ഘടകം) ചെയർമാൻ പദവിയും കേരള ഗ്രന്ഥശാലാ സംഘത്തിന്റെ വൈസ് ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്.

20 വർഷത്തോളം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്നു. അഖില ഭാരത അയ്യപ്പ സേവാസംഘം, തുഞ്ചൻ സ്മാരക സമിതി എന്നിവയിൽ പ്രവർത്തിച്ചിരുന്നു.

2002 ൽ ഇദ്ദേഹം അന്തരിച്ചു.

അവലംബംതിരുത്തുക

  1. http://www.niyamasabha.org/codes/members/m134.htm
"https://ml.wikipedia.org/w/index.php?title=ഡി._ദാമോദരൻ_പോറ്റി&oldid=3486974" എന്ന താളിൽനിന്ന് ശേഖരിച്ചത്