മത്സ്യം (അവതാരം)

മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ഒന്നാമത്തെ അവതാരം
(മത്സ്യാവതാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവ ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.[1]

മത്സ്യം
മത്സ്യാവതാരം
ദേവനാഗരിमत्स्य
Sanskrit Transliterationमत्स्य
Affiliationമഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്ന്.
ഗ്രഹംകേതു
ആയുധം സുദർശന ചക്രം , കൗമോദകി , പാഞ്ചജന്യം , താമര
ജീവിത പങ്കാളിലക്ഷ്മീ ദേവി

മത്സ്യത്തെക്കുറിച്ചുള്ള ആദ്യ വിവരണം ശതപഥ ബ്രാഹ്മണത്തിലാണ് കാണപ്പെടുന്നത്, എന്നാൽ അതിൽ മത്സ്യം ഏതെങ്കിലും പ്രത്യേക ദേവതയുമായി ബന്ധപ്പെട്ടിട്ടില്ല. പിന്നീട് മത്സ്യാവതാരം ബ്രഹ്മാവിന്റേതായി കണക്കാക്കുകയും എന്നാൽ അതിനും ശേഷം വിഷ്ണുവിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തിരിക്കുന്നു.

വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. [2] മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു . മത്സ്യാവതാര കഥ ഭംഗ്യന്തരേണ വിശുദ്ധബൈബിളിലും കാണുന്നു . ബൈബിളിൽ യോനാ പ്രവാചകനെ തിമിംഗിലം വിഴുങ്ങിയ കഥയിലും പ്രളയത്തെക്കുറിച്ച് സൂചിപ്പിക്കുന്നു . ബൈബിളിൽ മാത്രമല്ല, ഖുർആനിലും നൂഹ് നബിയോട് പ്രളയം വരുന്നതായിട്ടും ഉടൻ തന്റെ അനുയായികളോടൊപ്പം കപ്പലിൽ രക്ഷപ്പെടാൻ കൽപിക്കുന്നുണ്ട്. അതേ പോലെ , തിമിംഗിലത്തിന്റെ വയറ്റിൽ പെട്ട യൂനുസ് നബിയുടെ കഥയും ഖുർആനിൽ പറയപ്പെടുന്നു.

മത്സ്യാവതാരം


[3]

ക്ഷേത്രങ്ങൾ

തിരുത്തുക

മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം കേരളത്തിലെ ഏക മത്സ്യാവതാര പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് . വയനാട്‌ ജില്ലയിൽ മീനങ്ങാടി പഞ്ചായത്തിലാണ്‌ പുരാതനമായ മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം. ആദ്യത്തെ അവതാരമായ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏകക്ഷേത്രമെന്ന പ്രസിദ്ധിയും ഈ മഹാക്ഷേത്രത്തിനുണ്ട്‌. ദേശീയപാതയ്ക്കരുകിലായി ക്ഷേത്രം. മത്സ്യാവതാരമഹാവിഷ്ണുക്ഷേത്രത്തിന്‌ പുറമെ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രം, മലക്കാട്‌ ശിവക്ഷേത്രം, മാനിക്കാവ്‌ മഹാദേവ ക്ഷേത്രം തുടങ്ങിവ ക്ഷേത്രങ്ങളുമുണ്ട്‌. മത്സ്യാവതാരക്ഷേത്രമുറ്റത്തായി പന്തൽ. പന്തലിനുള്ളിൽ ബലിക്കല്ല്‌. അകത്ത്‌ കടന്നാൽ ശ്രീകോവിലിൽ ചതുർബാഹുവായ മഹാവഷ്ണു. കിഴക്കോട്ട്‌ ദർശനം, കന്നിമൂലയിൽ അയ്യപ്പൻ, തൊട്ടടുത്ത്‌ ഗണപതി, ദുർഗ. ക്ഷേത്രക്കുളം മുന്നിലെ അകലെയാണ്‌. നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ ഇതുവഴി പോയ ഒരു ഋഷിവര്യൻ സമീപത്ത്‌ കണ്ട ജലാശയത്തിൽ ദേഹശുദ്ധി വരുത്താനായി ഇറങ്ങിയത്രേ. അദ്ദേഹം കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ നിന്നൊരു മത്സ്യം വായുവിലേക്ക്‌ ഉയർന്ന്‌ നൃത്തമാടി കുളത്തിലേക്ക്‌ താഴ്‌ന്നുപോയി. പലതവണ ഇതാവർത്തിച്ചപ്പോൾ സംശയാലുവായ ആ താപസൻ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഈ സ്ഥലത്തുണ്ടെന്ന്‌ ദിവ്യദൃഷ്ടിയിൽ അറിഞ്ഞു. ഉടനെ കരയ്ക്കുകയറി ജലാശയത്തിന്റെ പടിഞ്ഞാറുവശത്ത്‌ ഉയർന്നൊരുസ്ഥലത്ത്‌ മത്സ്യാവതാര സങ്കൽപത്തിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. പിന്നെ നാട്ടുമുഖ്യന്മാരെ വിളിച്ച്‌ വിവരം അറിയിക്കുകയും ക്ഷേത്രം നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അന്ന്‌ മീനാടിയ സ്ഥലമാണ്‌ ഇന്ന്‌ മീനങ്ങാടിയായത്‌. മീനാടി, മീൻ അങ്കിടി, എന്നൊക്കെ പഴയപേരുകൾ. ഈ പേരുകളാണ്‌ പിന്നീട്‌ മീനങ്ങാടിയായി മാറിയതെന്ന്‌ പഴമ. അന്ന്‌ നിർമ്മിച്ചക്ഷേത്രം പിൽക്കാലത്ത്‌ അഗ്നിക്കിരയായി. അത്‌ വീണ്ടും പുതുക്കിപണിയുകയും ചെയ്തു. ഇത്‌ ടിപ്പുവിന്റെ പടയോട്ടക്കാലത്തായിരുന്നുവെന്ന്‌ ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. പാൽപ്പായസവും നെയ്പായസവും കൂടാതെ പുഷ്പാജ്ഞലിയും മറ്റും വഴിപാടായി നടത്തിവരുന്നു. മംഗല്യഭാഗ്യത്തിന്‌ ഇവിടെ വഴിപാടുകൾ നടത്തുന്നത്‌ ഫലവത്താണെന്ന്‌ അനുഭവസ്ഥർ. കുംഭമാസത്തിലെ പൂരുട്ടാതി, ഉത്രട്ടായി നാളുകളിലാണ്‌ ഉത്സവം. തിടമ്പുനൃത്തവും തായമ്പകവും നടക്കുന്നു. ആദ്യദിവസം കൂട്ടക്കാവിൽ നിന്നും എഴുന്നെള്ളത്ത്‌ ഉണ്ടാകും. അന്നുരാത്രിയിൽ വെള്ളാട്ടും നടക്കും. കരുമൻകാവിൽ നിന്നുള്ളതാണ്‌ പിറ്റേദിവസത്തെ പ്രധാന ചടങ്ങ്‌. രാത്രിയിൽ തിറ വെള്ളാട്ടമായി പരിപാടിക്ക്‌ കൊഴുപ്പേകും. അടുത്തദിവസം ഭഗവതിയുടെ തിറ ഉച്ചയ്ക്കാണ്‌. മറ്റ്‌ തിറകളും ഉണ്ടാകും. കൂടാതെ ആദിവാസി സമൂഹം അവതരിപ്പിക്കുന്ന തോറ്റം, പട്ടക്കളി, കോൽക്കളി എന്നിവയും ഉത്സവപരിപാടിക്ക്‌ മാറ്റുകൂട്ടും. ആയിരക്കണക്കിന്‌ ആദിവാസികളും ഉത്സവത്തിനായി ഇവിടെ എത്താറുണ്ട് .[4] മത്സ്യാവതാരത്തിനുവേണ്ടി സമർപ്പിച്ചിരിക്കുന്ന വളരെ കുറച്ച് ക്ഷേത്രങ്ങളെ ഉള്ളൂ . ബേട്ട് ദ്വാരകയിലെ ശംഖൊദര ക്ഷേത്രം , ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാഗലപുരത്തിലെ വേദനാരായണക്ഷേത്രം , ശ്രീലങ്കയിലെ ത്രിങ്കോമാലിയിലെ കോനേശ്വരം മത്സ്യകേശ്വരം ക്ഷേത്രം എന്നിവ പ്രധാനപ്പെട്ടണ് . മത്സ്യ നാരായണ ക്ഷേത്രം , ബാംഗ്ലൂരിൽ സ്ഥിതി ചെയ്യപ്പെടുന്നു .


 
കണ്ണൂർ ജില്ലയിലെ കൂടാളി താറ്റിയോട്ട് അമ്പലത്തിലെ മത്സ്യാവതാര പ്രതിഷ്ഠ
 
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാഗലപുരത്തിലെ വേദനാരായണക്ഷേത്രം / മത്സ്യനാരായണ ക്ഷേത്രം
 
ശ്രീലങ്കയിലെ ത്രിങ്കോമാലിയിലെ കോനേശ്വരം മത്സ്യകേശ്വരം ക്ഷേത്രം


മത്സ്യവതാരം (കഥ)

തിരുത്തുക

മഹാഭാരതത്തിലെ വനപർവ്വം മത്സ്യോപാഖ്യാനം എന്ന അദ്ധ്യായത്തിൽ മത്സ്യകഥ കാണപ്പെടുന്നു. ഒരിക്കൽ മഹാഭക്തനായ സത്യവ്രതൻ എന്ന തെക്കൻ പ്രദേശത്തെ രാജാവ് കൃതമാലാ നദിയിൽ കുളിച്ചു തർപ്പണം നടത്തുമ്പോൾ നദിയിൽ നിന്ന് ഒരു കുഞ്ഞുമത്സ്യം രാജാവിന്റെ കൈയിലകപ്പെട്ടു . അതിനെ രാജാവ് ഒരു കുടത്തിലെ വെള്ളത്തിലിട്ടു . ദിവസംപ്രതി മത്സ്യം വളർന്നുവന്നു . കുടത്തിൽ നിന്നും കലശത്തിലും അതിൽ നിന്നും കിണറ്റിലും അവിടെനിന്നു പിന്നീട് പൊയ്കയിലും മാറ്റി വിട്ടെങ്കിലും എങ്ങുംകൊള്ളാതെ വന്നപ്പോൾ അതിനെ പുഴയിലേക്കു മാറ്റാൻ നിശ്ചയിച്ചു . അന്നേരം മത്സ്യം പറഞ്ഞു - അയ്യോ മഹാരാജാവേ പുഴയിൽ എന്നെക്കാൾ വലിയ മുതലകളുണ്ടാവും , എനിക്ക് പേടിയാ . പിന്നീട് അതിനെ സമുദ്രത്തിൽ നിക്ഷേപിക്കാൻ രാജാവ് ഒരുങ്ങി. മനുവിനാൽ സമുദ്രത്തിൽ ആക്കപ്പെട്ട മത്സ്യം അദ്ദേഹത്തോട് പറഞ്ഞു - 'താമസിയാതെ മൂന്ന് ലോകവും പ്രളയസമുദ്രത്തിൽ മുങ്ങും. പ്രളയസമുദ്രത്തിൽ അകപ്പെടുന്നതിനു മുൻപായി കെട്ടുവാനുള്ള കയറോട് കൂടിയ ഒരു തോണി ഭവാൻ ഉണ്ടാക്കണം. അതിൽ താങ്കൾ സപ്തർഷികളോട് കൂടി കയറണം. മുമ്പ് ദ്വിജന്മാർ പറഞ്ഞു വച്ചിട്ടുള്ള എല്ലാ ബീജങ്ങളും അതിൽ കയറ്റണം. തോണിയിൽ കയറിയ ഉടനെ എന്നെ സ്മരിക്കണം. ഞാൻ എത്തിക്കൊള്ളാം. ഇങ്ങനെ അരുളിച്ചെയ്തിട്ട് മത്സ്യമൂർത്തി സമുദ്രാന്തർഭാഗത്ത് മറഞ്ഞു . രാജാവ് ഭഗവാൻ്റെ നിർദ്ദേശമനുസരിച്ച് വിത്തുകൾ ശേഖരിച്ചു . ഏഴാംദിവസം ലോകമാകെ പ്രളയസമുദ്രത്തിൽ മുങ്ങാൻ തുടങ്ങി . തിരമാലകൾക്കിടയിൽ കാണപ്പെട്ട തോണിയിൽ രാജാവ് സപ്തർഷികളോടൊപ്പം കയറി . മുനിമാരുടെ നിർദ്ദേശമനുസരിച്ച് രാജാവ് മത്സ്യാവതാരമൂർത്തിയെ ധ്യാനിച്ചു . അപ്പോൾ കൊമ്പോട് കൂടിയ മത്സ്യമൂർത്തി അവിടെ പ്രത്യക്ഷനായി . നേരത്തേ നിർദ്ദേശിച്ചിരുന്നതനുസരിച്ച് തോണിയെ മത്സ്യത്തിൻ്റെ കൊമ്പിൽ രാജാവ് ബന്ധിച്ചു . ആ പാശത്താൽ കൊമ്പിൽ കെട്ടിയ മത്സ്യം ഉപ്പുവെള്ളത്തിൽ ഊക്കോടെ തോണിയും വലിച്ചു കൊണ്ട് പോയി.പിന്നെ ഹിമവാന്റെ ഉയർന്ന ശൃംഗത്തിലേക്ക് നീങ്ങിയ മത്സ്യം ഉടൻ തന്നെ തോണി ഹിമവൽശൃംഗത്തിൽ കെട്ടുവാൻ പറഞ്ഞു . പിന്നീട് ആ മത്സ്യം പറഞ്ഞു - മുനിമാരേ, ഞാൻ പ്രജാപതിയായ ബ്രഹ്മാവാകുന്നു , ഞാനല്ലാതെ മറ്റൊന്നും ഇല്ല. ഞാൻ മത്സ്യ രൂപമെടുത്ത്‌ നിങ്ങളെ ഭയത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു(വനപർവ്വം - മത്സ്യോപാഖ്യാനം ).[5]

മത്സ്യപുരാണം മത്സ്യമൂർത്തിയെ ബ്രഹ്മാവിനുപകരം വിഷ്ണുവായി കാണുന്നു. മത്സ്യത്തിൽ നിന്നാണ് പുരാണത്തിന് ഈ പേര് ലഭിച്ചത്, മനുവിന്റെ കഥയിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്.

പദോത്‌പത്തിവർണ്ണന

തിരുത്തുക
 
മത്സ്യാവതാരം

മത്സ്യം ഒരു സംസ്കൃത വാക്കാണ് . "മീൻ" എന്നാണിതിന്റെ അർഥം . റിഗ്വേവേദത്തിൽ മത്സ്യം എന്ന പദം പ്രയോഗിച്ചിട്ടുണ്ട് .

മത്സ്യാവതാരത്തിന്റെ കഥയിൽ പരാമർശിക്കപ്പെടുന്ന സ്ഥലം

തിരുത്തുക

സത്യവ്രത രാജാവിന് ഭഗവാന്റെ അവതാരമായ മത്സ്യത്തെ ലഭിച്ച കൃതമാലാ നദി തമിഴ്നാട്ടി ലെ മധുരയിൽ കൂടാണ് ഒഴുകുന്നത് . കൃതമാലാ നദി മധുര നഗരത്തെ ഒരു മാല പോലെ ചുറ്റി ഒഴുകുന്നു . സത്യവ്രതരാജാവ് ദക്ഷിണേന്ത്യയിലുളളയാളാണ് . കേരളത്തിലെ സഹ്യപർവ്വത(മലയ)ത്തിലായിരുന്നു അദ്ദേഹത്തിന്റെ ആശ്രമം .

ലോകത്തിന്റെ ഉൽപത്തി

തിരുത്തുക

ഭാഗവതപ്രകാരം ഒരു മഹാപ്രളയത്തിൽ അതുവരെയുണ്ടായിരുന്നതെല്ലാം നശിച്ചു നാമാവശേഷമായി . അതിനുശേഷം ഈശ്വരൻ ആദ്യം ജലം സൃഷ്ടിച്ചു . പിന്നെ ,ആകാശവും ഭൂമിയും ഉണ്ടാക്കി . കുറേ കാലം കഴിഞ്ഞപ്പോൾ ആദിനാരായണന്റെ പൊക്കിൾക്കൊടിയിൽ നിന്ന് ഒരു താമര മുളച്ചു . ആ താമരയിലാണ് ബ്രഹ്മാവ് പിറന്നത് . ഒരിക്കൽ മധു എന്നും കൈടഭൻ എന്നും പേരുള്ള രണ്ടു രാക്ഷസന്മാർ ബ്രഹ്മാവിനെ ആക്രമിക്കാൻ ചെന്നു . തപസിലായിരുന്ന ബ്രഹ്മാവ് അസുരന്മാരെ കണ്ട് വെളളത്തിൽ ചാടി മുങ്ങി . വെളളത്തിലൂടെ ഊളിയിട്ടു ചെന്ന ബ്രഹ്മാവ് അടിത്തട്ടിൽ കിടന്നുറങ്ങുന്ന ഒരു മഹാപുരുഷനെ കണ്ടു . അത് മഹാവിഷ്ണുവായിരുന്നു . മഹാവിഷ്ണുവിന്റെ പൊക്കിൾക്കൊടിയിൽ നിന്നാണ് താൻ ഉണ്ടായതെന്ന് ബ്രഹ്മാവിനു മനസ്സിലായി . അവിടെ വച്ച് ബ്രഹ്മാവ് രാക്ഷസന്മാരെ വധിച്ചു . അപ്പോൾ മഹാവിഷ്ണു ബ്രഹ്മാവിന് സൃഷ്ടി നടത്താനുള്ള അനുമതി കൊടുത്തു . അന്നുമുതൽ ബ്രഹ്മാവ് സ്രഷ്ടാവായി മാറി . പിന്നീട് ബ്രഹ്മാവ് ജീവജാലങ്ങളെ സൃഷ്ടിച്ചു . സൃഷ്ടിക്കുള്ള വരം ലഭിച്ച ബ്രഹ്മാവ് ആദ്യം സപ്തർഷികളെ സൃഷ്ടിച്ചു .

മത്സ്യാവതാര പ്രാർത്ഥന

തിരുത്തുക

അമ്പോടു മീനായി വേദങ്ങൾ വീണ്ടിടും അമ്പുജനാഭനെ കൈതൊഴുന്നേൻ .

മത്സ്യ പുരാണം

തിരുത്തുക

18 മഹാപുരാണങ്ങളിൽ വച്ച് പതിനാറാമത്തെ പുരാണമാണ് മത്സ്യപുരാണം . പ്രാചീനവും , പ്രാമാണികവും പ്രാധാന്യവുമുള്ള ഈ പുരാണം മറ്റു പുരാണങ്ങളെപ്പോലെയല്ല . ഇതര പുരാണങ്ങളിലെ കാര്യങ്ങൾ പോലും ഇതിൽ വിശദീകരിച്ചിരിക്കുന്നു . ബ്രഹ്മപുരാണം , വായുപുരാണം എന്നിവയാണ് ഇതിനു തത്തുല്യമായ മറ്റു പുരാണങ്ങൾ . മഹാവിഷ്ണു തന്റെ മത്സ്യാവതാര രൂപത്തിൽ ആദിമ മനുഷ്യനായ വൈവസ്വത മനുവിന് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ഇതിവൃത്തമെന്നാണ് സൂതമുനി പറയുന്നത് .

ശ്ളോകസംഖ്യയും പുരാണഘടനയും

ഈ പുരാണത്തിനു രണ്ടു ഭാഗങ്ങളുണ്ട് . മൊത്തത്തിൽ 291 അദ്ധ്യായങ്ങളും 14000 ശ്ളോകങ്ങളും ഈ പുരാണത്തിനുണ്ട് . ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് ഒന്നാം നൂറ്റാണ്ടു ആണെന്ന് കരുതപ്പെടുന്നു .

ആഖ്യാനം കാലഘട്ടം

കാര്യങ്ങൾ വളച്ചുകെട്ടിലാതെ പറഞ്ഞിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത . നൈമിശാരണ്യത്തിൽ വച്ച് സൂതപൗരാണികൻ മുനിമാർക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം .മനുവും വിഷ്ണുവിന്റെ അവതാരമായ മത്സ്യവുമായുള്ള സംഭാഷണത്തോടെ പുരാണം ആരംഭിക്കുന്നു .

ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് ഒന്നാം നൂറ്റാണ്ടു ആണെന്ന് കരുതപ്പെടുന്നു .മത്സ്യപുരാണത്തിന്റെ പഴയ ചില കൈയെഴുത്തു പ്രതികളിൽ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആന്ധ്ര രാജാവായ ശതകർണ്ണിയുടെ ഭരണകാലത്തെക്കുറിച്ചു പരാമർശമുണ്ട് . അപ്പോൾ രണ്ടാം നൂറ്റാണ്ടിനു അടുപ്പിച്ചാകും ഇതിന്റെ രചനയെന്നും പറയാം

മത്സ്യ ജയന്തി

തിരുത്തുക

എല്ലാ വർഷവും 8 ഏപ്രിൽ മത്സ്യ ജയന്തിയായി ആഘോഷിക്കപ്പെടുന്നു . മത്സ്യാവതാരം പിറവിയെടുത്തത് ഈ ദിനത്തിലാണ് .

നാരായണീയത്തിലെ മത്സ്യാവതാര വർണന

തിരുത്തുക

ദശകം 32

32.1 പുരാ ഹയഗ്രീവമഹാസുരേണ ഷഷ്ഠാന്തരാന്തോദ്യദകാണ്ഡകൽപേ നിദ്രോന്മുഖബ്രഹ്മമുഖാത്‌ ദൃതേഷു വേദേഷ്വധിത്സഃ കില മത്സ്യരൂപം

32.2 സത്യവ്രതസ്യ ദ്രമിഡാധിഭർതുർനദീജലേ തർപയതസ്തദാനീം കരാഞ്ജലൗ സഞ്ജ്വലിതാകൃതിസ്ത്വമദൃശ്യഥാഃ കശ്ചന ബാലമീനഃ

32.3 ക്ഷിപ്തം ജലേ ത്വാം ചകിതം വിലോക്യ നിന്യേƒൻബുപാത്രേണ മുനിഃ സ്വഗേഹം സ്വൽപൈരഹോഭിഃ കലശീം ച കൂപം വാപീം സരശ്ചാനശിഷേ വിഭോ ത്വം

32.4 യോഗപ്രഭാവാദ്ഭവദാജ്ഞയൈവ നീതസ്തതസ്ത്വം മുനിനാ പയോധിം പൃഷ്ടോƒമുനാ കൽപദിദൃക്ഷുമേനം സപ്താഹമാസ്വേതി വദന്നയാസീഃ

32.5 പ്രാപ്തേ ത്വദുക്തേƒഹനി വാരിധാരാപരിപ്ലുതേ ഭൂമിതലേ മുനീന്ദ്രഃ സപ്തർഷിഭിഃ സാർദ്ധമപാരവാരിണ്യുദ്ഘൂർണമാനഃ ശരണം യയൗ ത്വാം

32.6 ധരാം ത്വദാദേശകരീമവാപ്താം നൗരൂപിണീമാരുരുഹുസ്തദാ തേ തത്കമ്പകമ്പ്രേഷു ച തേഷു ഭൂയസ്ത്വമംബുധേരാവിരഭൂർമഹീയാൻ

32.7 ഝഷാകൃതിം യോജനലക്ഷദീർഘാം ദധാനമുച്ചൈസ്തരതേജസം ത്വാം നിരീക്ഷ്യ തുഷ്ടാ മുനയസ്ത്വദുക്ത്യാ ത്വത്തുംഗഷൃംഗേ തരണിം ബബന്ധുഃ

32.8 ആകൃഷ്ടനൗകോ മുനിമണ്ഡലായ പ്രദർശയന്വിശ്വജഗദ്വിഭാഗാൻ സംസ്തൂയമാനോ നൃവരേണ തേന ജ്ഞാനം പരം ചോപദിശന്നചാരീഃ

32.9 കൽപാവധൗ സപ്ത മുനീൻപുരോവത്പ്രസ്താപ്യ സത്യവ്രതഭൂമിപം തം വൈവസ്വതാഖ്യം മനുമാദധാനഃ ക്രോധാദ്ധയഗ്രീവമഭിദ്രുതോƒഭൂഃ

32.10 സ്വതുംഗശൃംഗക്ഷതവക്ഷസം തം നിപാത്യ ദൈത്യം നിഗമാൻ ഗൃഹീത്വാ വിരിഞ്ചയേ പ്രീതഹൃദേ ദദാനഃ പ്രഭഞ്ജനാഗാരപതേ പ്രപായാഃ

മനു ക്ഷേത്രം

തിരുത്തുക

ഹിമാലയമേഖലകളിലാണ് നമ്മുടെ കഥയനുസരിച്ച് കര ആദ്യം കാണപ്പെട്ടത് . മണാലിയിൽ തോണിയുറച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മലയുണ്ട് . അവിടെ മനുവിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു .

മത്സ്യാവതാരം മനുവിനു നൽകിയ ഉപദേശവും മനുവിന്റെ പ്രാർഥനയും

തിരുത്തുക

സത്യവ്രതൻ ഭഗവാനോട് പറഞ്ഞു : " ഭഗവാനേ , അനാദിയാണ് അവിദ്യ . അവിദ്യാബാധകൊണ്ട് ആത്മ സ്വരൂപം അറിയുന്നില്ല . ദേഹവും ഇന്ദ്രിയങ്ങളുമാണ് ആത്മാവെന്ന് തെറ്റിദ്ധരിക്കുന്നു . പുണ്യ പാപകർമ്മങ്ങൾ ചെയ്യുന്നു . സംസാരദുഃഖം തുടർന്നും അനുഭവിക്കുന്നു . ജീവാത്മാക്കളുടെ പുണ്യംകൊണ്ട് നിന്തിരുവടിയെ ശരണം പ്രാപിക്കാനിടവരുന്നു . അവർക്ക് ശാശ്വതമായ ആനന്ദം ലഭിക്കുന്നു . ഞങ്ങളുടെ ഭാഗ്യം കൊണ്ട് ഞങ്ങളിപ്പോൾ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു . ഞങ്ങളെ ഈ സംസാരസമുദ്രത്തിൽനിന്ന് കര കയറ്റേണമേ . അങ്ങ് പരമഗുരുവാണ് . പുണ്യപാപകർമ്മഫലങ്ങൾ അനുഭവിക്കാനാണ് പ്രാണികൾ ജനിക്കുന്നത് . അവർ ആത്മസ്വരൂപം അറിയുന്നില്ല . സ്വസ്വരൂപമായ ആനന്ദത്തെ മറയ്ക്കുന്ന വിഷയങ്ങൾ സുഖകരമാണ് എന്ന് അവർ ധരിക്കുന്നു . സുഖഭോഗങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുന്നു . അതിനുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്നു . ലൗകികകർമ്മങ്ങളും വൈദികകർമ്മങ്ങളും ചെയ്യുന്നത് സുഖമുണ്ടാകാനാണ് . എന്നാൽ ദുഃഖമാണ് അനുഭവം . വിഷയങ്ങളാണ് സുഖത്തിനാധാരം എന്ന തെറ്റായ തോന്നൽ ഭക്തിയുണ്ടായാൽ നശിക്കുന്നു . അങ്ങയെ സേവിക്കുന്നതിൽ ഞങ്ങൾക്ക് ആനന്ദമുണ്ടാകുന്നു . കർമ്മ വാസനാരുപമായ ഞങ്ങളുടെ ഹൃദയഗ്രന്ഥികളെ നശിപ്പിച്ചാലും അങ്ങ് ഞങ്ങളുടെ പരമഗുരുവാണ് . വെളളിയിലോ സ്വർണ്ണത്തിലോ പറ്റിയ ചെളി തീയിലിട്ടു പഴുപ്പിച്ചാൽ നീങ്ങിപ്പോകും . പല ജന്മങ്ങളിൽ ചെയ്ത കർമ്മഫലങ്ങൾകൊണ്ടുണ്ടായ വാസന എന്ന ചെളി ഞങ്ങളുടെ ഹൃദയങ്ങളിൽ വ്യാപിച്ച് ആത്മസ്വരൂപത്തെ മറച്ചിരിക്കുന്നു . അജ്ഞാനരൂപമായ ഈ അന്ധകാരം അങ്ങയുടെ ഭജനയാകുന്ന തീയുടെ സഹായത്താൽ നശിപ്പിക്കേണമേ . ഇരുട്ടു മാറാൻ വെളിച്ചം വേണം . യജ്ഞവും ദാനവും ഭജനയ്ക്കുപകരിക്കും . എങ്കിലും അവ അജ്ഞാനാന്ധകാരത്തെ അകറ്റുന്നില്ല . ഞങ്ങൾക്ക് അങ്ങയുടെ പാദപദ്മങ്ങളിൽ ഭക്തിയുണ്ടാകേണമേ . അങ്ങെല്ലാത്തിനും സമർത്ഥനാണ് . നാശമില്ലാത്തവനാണ് . ഗുരുക്കന്മാരുടേയും ഗുരുവാണ് . പരമ ഗുരുവാണ് . മറ്റു ദേവന്മാരുടെ അനുഗ്രഹത്തിന് അങ്ങയുടെ അനുഗ്രഹത്തിന്റെ ഒരു ചെറിയ അംശംപോലും ശക്തിയില്ല . അങ്ങാണ് സർവ്വേശ്വരൻ . അങ്ങാണ് പരമഗുരു . അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു . കണ്ണു കാണാത്തവനെ ശരിയായ വഴി കാണിക്കാൻ മറ്റൊരന്ധന് കഴിവില്ല . അതുപോലെ ശിഷ്യനെ നേർവഴിക്ക് നയിക്കാൻ അറിവില്ലാത്ത ഒരാചാര്യന് സാധ്യമല്ല . അതുകൊണ്ട് ഞങ്ങൾ സ്വയം പ്രകാശിക്കുന്നവനും മറ്റുളളവയെയെല്ലാം പ്രാകാശിപ്പിക്കുന്നവനുമായ അങ്ങയെ ഗുരുവായി വരിച്ചിരിക്കുന്നു . ഗുരു ആത്മസാക്ഷാത്കാരം നേടിയവനാകണം , പ്രാകൃതനാണ് ഗുരുവെങ്കിൽ ശിഷ്യനെ സംസാരബന്ധത്തിൽനിന്ന് കരകയറ്റാൻ സമർത്ഥനാകുന്നില്ല . അങ്ങനെയുളള ഗുരു അർത്ഥകാമങ്ങൾ സമ്പാദിക്കാനുളള ഉപായങ്ങൾ മാത്രമേ ഉപദേശിക്കുകയുളളൂ . അങ്ങ് പരമഗുരുവാണ് . ഒരിക്കലും നശിക്കാത്തതും , ജന്മം സഫലമാക്കുന്നതുമായ ആത്മതത്ത്വം ഉപദേശിച്ചുതന്നാലും . ജ്ഞാനം കിട്ടിയവൻ തന്റെ യഥാർത്ഥസ്വരൂപം അറിയുന്നു . ജീവന്മുക്കനായി അവസാനം കൈവല്യം നേടുന്നു . അങ്ങ് എല്ലാവർക്കും ഹിതം ചെയ്യുന്നവനാണ് . എല്ലാവരുടെയും പ്രിയനാണ് . ഈശ്വരനാണ് , ആഗ്രഹങ്ങളെല്ലാം സാധിപ്പിക്കുന്ന പരിശുദ്ധ ജ്ഞാനമാണ് അങ്ങയുടെ സ്വരൂപം . എല്ലാവരിലും വ്യാപിച്ചിരിക്കുന്ന ആത്മാവ് ആ ജ്ഞാനംതന്നെയാണ് . പരമഗുരുവാണങ്ങ് . അങ്ങ് ശിഷ്യനെ ഈ ജ്ഞാനം അനുഭവപ്പെടുത്തി അവനെയും ആത്മസ്വരൂപനാക്കുന്നു . എന്നാൽ നിസാരമായ വിഷയസുഖങ്ങൾ ആഗ്രഹിക്കുന്ന മൂഢന്മാർ ദേഹവും ഇന്ദ്രിയങ്ങളുമാണ് ആത്മാവ് എന്ന് തെറ്റിദ്ധരിക്കുന്നു . അവരങ്ങയെ അറിയുന്നില്ല . "ഞാനങ്ങയെ ശരണം പ്രാപിക്കുന്നു . എനിക്കങ്ങ് ജ്ഞാനം ഉപദേശിക്കണമേ . അങ്ങ് ദേവശ്രേഷ്ഠനാണ് , ജീവാത്മാക്കളെ അനുഗ്രഹിക്കാൻ സമർത്ഥനായ ഈശ്വരനാണ് , എന്റെ അജ്ഞാനാന്ധകാരത്തെ , ഹൃദയഗ്രന്ഥികളെ നശിപ്പിച്ച് പരമാത്മഭാവത്തെ ധരിപ്പിക്കേണമേ" . രാജാവിന്റെ പ്രാർത്ഥന കേട്ട മത്സ്യമൂർത്തിയായ ഭഗവാൻ അദ്ദേഹത്തിന് പരമാത്മതത്ത്വം ഉപദേശിച്ചു . ആത്മരഹസ്യം മുഴുവൻ അടങ്ങിയതും ജ്ഞാനം , കർമ്മം , ഭക്തി , എന്നിവയുടെ സ്വരൂപങ്ങൾ പ്രതിപാദിക്കുന്നതും ഭഗവാനാൽ പറയപ്പെട്ടതാകയാൽ ദിവ്യവുമായ പുരാണസംഹിത ഭഗവാൻ സത്യവ്രതന് ഉപദേശിച്ചു . അതാണ് മത്സ്യ പുരാണം . ആത്മസ്വരൂപത്തെക്കുറിച്ച് സംശയവും വിപരീതഭാവനയും തീരെ നശിക്കുന്ന വിധത്തിലുള്ള ആ പുരാണം സപ്തർഷികളും സത്യവ്രതനും കേട്ടു .

പ്രളയം മറ്റ് ഐതിഹ്യങ്ങൾ

തിരുത്തുക

ഒരു വലിയ പ്രളയത്തിന്റെ കഥ ഭൂമിയിലെ പല സംസ്കാരങ്ങളിലും കാണപ്പെടുന്നു . നോഹയുടെ പെട്ടകം ഉൽപ്പത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു . ബൈബിളിലെ യോനാ പ്രവാചകനും തിമിംഗിലവും മത്സ്യാവതാരത്തെക്കുറിച്ച് വായനക്കാരെ ഓർമ്മിപ്പിക്കുന്നു . ഈ മത്സ്യത്തെക്കുറിച്ചുള്ള വിവരണവും ഒരു ഭൂതത്തിൽ നിന്നുമുള്ള തിരുവെഴുത്തുകളുടെ സംരക്ഷണവും വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഹിന്ദു പുരാണങ്ങളിലെ കഥകൾ ശരിയാണെന്ന് തെളിയിക്കുന്നു . പുരാതന സുമേറിയൻ , ബാബിലോണിയൻ , ഗ്രീസ് , അമേരിക്കയിലെ മായൻ , ആഫ്രിക്കയിലെ യൊറൂബാ കഥകളിലും സമാനമായ പ്രളയകഥകൾ നിലവിലുണ്ട് . എല്ലാ ജനങ്ങൾക്കും ഓർമ്മയിൽ മായാത്ത ഒരു പ്രളയമുണ്ട് . അസ്സീറിയരും യഹൂദരുമൊക്കെ നമ്മേപ്പോലെതന്നെ പ്രളയസ്മൃതി മനസ്സിൽ സൂക്ഷിക്കുന്നു . നോഹയുടെ കാലത്തെ പ്രളയം 370-ഓളം ദിവസം നീണ്ടു നിന്നു . പശ്ചിമേഷ്യയിലെ അരാഫത്ത് പർവത നിരകളിലാണ് വെളളമിറങ്ങിയപ്പോൾ തോണി ഉറച്ചത് .

ദശാവതാരത്തിലെ ഒന്നാമത്തെ അവതാരം - മത്സ്യാവതാരം

തിരുത്തുക

വിഷ്ണുവിന്റെ ആദ്യത്തെ അവതാരമായി മത്സ്യത്തെ കരുതുന്നു പ്രത്യേകിച്ച് ദശാവതാരത്തിൽ ( വിഷ്ണുവിന്റെ പത്തു പ്രധാന അവതാരങ്ങളിൽ ) . എന്നിരുന്നാലും , എല്ലായ്പോഴും അങ്ങനെയായിരുന്നില്ല . ചിലതിൽ ആദ്യത്തെ അവതാരമായി മത്സ്യത്തെ കണക്കാക്കിയിരുന്നില്ല . പിന്നീടാണ് ആദ്യത്തെ അവതാരമായി മത്സ്യത്തെ കണക്കാക്കുന്ന പ്രവണത ആരംഭിക്കുന്നത് . എന്തുകൊണ്ടാണ് മത്സ്യാവതാരം തന്നെ ആദ്യം? സംസാരസാഗരത്തിൽ ഉഴറുന്ന നമ്മെ തന്നെ മത്സ്യമായി കണ്ടാൽ മതിയാകും.. .. സാധാരണ ഭാഷയിൽ പറഞ്ഞാൽ ഏതൊരു വ്യക്തിയും ശുദ്ധതത്ത്വത്തെ മനസ്സിലാക്കുവാൻ ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രാണനെ സ്വാധീനീക്കുക എന്നതാണ്. ഈ സംസാരസാഗരത്തിൽ നിന്ന് ഉയരുവാനുള്ള ആഗ്രഹം വരുമ്പോൾ ആദ്യം വേണ്ടത് പ്രാണനെ അടക്കുക എന്നതാണ്.. യോഗദർശനത്തെ ആധാരമാക്കി നോക്കുയാണെങ്കിൽ ഇഡ-പിംഗള നാഡികളെയാണ് മത്സ്യം കാണിക്കുന്നത്. കാരണം ശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം തന്നെ ഇവയെ ഗംഗയും യമുനയുമായി ആണ് പറയുന്നത്.. അതിലെ മത്സ്യങ്ങളായി ആണ് ഈ രണ്ട് നാഡിയെ തുലനം ചെയ്യുന്നത്.. ഇവിടെയും കുണ്ഡലിനിശക്തിയെ ഉയർത്തുന്നതിനുള്ള ആദ്യ പടിയായി നാഡി ശുദ്ധി ചെയ്യുക എന്നർത്ഥം .

കുറിപ്പുകൾ

തിരുത്തുക

1 . രണ്ട് രാജകുടുംബങ്ങളുടെ പൂർവികനായി മനു അവതരിക്കപ്പെടുന്നു . (സൂര്യവംശം അഥവാ മകനെ അടിസ്ഥാനമാക്കിയുള്ള , ചന്ദ്രവംശം അഥവാ മകളെ അടിസ്ഥാനമാക്കിയുള്ള ) . 2 . മനു തോണിയിൽ കൊണ്ടു പോകുന്ന വസ്തുക്കളുടെ പട്ടിക മത്സ്യ പുരാണത്തിന്റെ പല പതിപ്പുകളിൾ വ്യത്യാസപ്പെടുന്നു .

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Bonnefoy, Yves (15 May 1993). Asian Mythologies. University of Chicago Press. ISBN 978-0-226-06456-7. {{cite book}}: Invalid |ref=harv (help)
  • Krishna, Nanditha (2009). The Book of Vishnu. Penguin Books India. ISBN 978-0-14-306762-7. {{cite book}}: Invalid |ref=harv (help)
  • Rao, T.A. Gopinatha (1914). Elements of Hindu iconography. Vol. 1: Part I. Madras: Law Printing House. {{cite book}}: Invalid |ref=harv (help)
  • George M. Williams (2008). Handbook of Hindu Mythology. Oxford University Press. ISBN 978-0-19-533261-2. {{cite book}}: Invalid |ref=harv (help)
  • Mani, Vettam (1975). Puranic Encyclopaedia: a Comprehensive Dictionary with Special Reference to the Epic and Puranic Literature. Motilal Banarsidass Publishers. ISBN 978-0-8426-0822-0.

ഇതും കാണുക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
  1. http://www.britannica.com/EBchecked/topic/369611/Matsya
  2. മഹാഭാഗവതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ
  3. http://www.britannica.com/EBchecked/topic/369611/Matsya
  4. http://www.janmabhumidaily.com/news76390[പ്രവർത്തിക്കാത്ത കണ്ണി]
  5. https://ia600302.us.archive.org/34/items/TheMahabharataOfKrishna-dwaipayanaVyasa/MahabharataOfVyasa-EnglishTranslationByKMGanguli.pdf. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=മത്സ്യം_(അവതാരം)&oldid=4101789" എന്ന താളിൽനിന്ന് ശേഖരിച്ചത്