ഡെൽഹിയുടെ ചരിത്രം

(ദില്ലിയിലെ ഏഴു പുരാതനനഗരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കേ ഇന്ത്യയിലെ ചരിത്രപ്രദേശം
ഡെൽഹി
പഴയഡെൽഹിയുടെ ഒരു ചിത്രം
സ്ഥലം ഡെൽഹി
സ്ഥാപിക്കപ്പെട്ടത്: 736 AD
ഭാഷ ഖരിബോളി, ഹരിയാനവി
വംശങ്ങൾ തോമർ-ചൌഹാൻ (736-1192)
മം‌മ്ലൂക്കുകൾ (1206-90)
ഖിൽജി (1290-1320)
തുഗ്ലക്ക് (1320-1413)
സയ്യിദ്ദ് (1414-51)
ലോധികൾ (1451-1526)
മുഗൾ (1526–1857)
ബ്രിട്ടീഷ്‌ (1857-1947)
സ്വാതന്ത്ര്യം നേടിയത് (1947-)
ചരിത്ര തലസ്ഥാനം ഡെൽഹി

ഇന്ത്യയിൽ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ് തലസ്ഥാനനഗരിയായ ഡെൽഹി. ലോകത്തിലെത്തന്നെ ഏറ്റവും ചരിത്രപ്രാധാന്യമേറിയ നഗരങ്ങളിലൊന്നാണ് ഇതെന്നും വിലയിരുത്തപ്പെടാറുണ്ട്.[൧] ഡെൽഹിയുടെ ചരിത്രം തുടങ്ങുന്നത് ഏകദേശം 300 ബി.സിയിൽ മൗര്യ രാജവംശത്തിന്റെ കാലത്താണ്. 1966 ൽ മൌര്യ വംശജനായ അശോക ചക്രവർത്തിയുടെ (273-236 BC) കാലഘട്ടത്തെ ചില മുദ്രണങ്ങൾ നോയിഡക്കടുത്തുള്ള ശ്രീനിവാസ് പുരിയിൽ കണ്ടെടുത്തിരുന്നു. ഗുപ്ത വംശജരുടെ (320-540) രാജാവായിരു‍ന്ന ഒന്നാം കുമാരഗുപ്തന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട പ്രസിദ്ധമായ ഇരുമ്പുസ്തംബങ്ങൾ, പിന്നീട് 10 ആം നൂറ്റാണ്ടിൽ ഡെൽഹിയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. ഇപ്പോൾ ഇത് ഖുത്ബ് മീനാറിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു.

ഡെൽഹി മൊത്തത്തിൽ എട്ട് നഗരങ്ങൾ ഉൾപ്പെടുന്നതാണ്. ഇതിൽ പ്രധാന നാല് നഗരങ്ങൾ ഇപ്പോഴത്തെ ഡെൽഹിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ദില്ലിയിലെ എട്ട് പുരാണനഗരങ്ങൾ

തിരുത്തുക

ഇപ്പോഴത്തെ ഡെൽഹി നഗരം പഴയ എട്ട് നഗരങ്ങളിൽ നിന്നു വികസിച്ചതാണ്. ഇവ താഴെ പറയുന്നവയാണ്.

  1. 'ദില്ലി' - കവി വിഭൂത ശ്രീധറിന്റെ അഭിപ്രായത്തിൽ, തോമര രജപുത്രവംശത്തിലെ അനംഗപാലയാണ്‌ ഈ നഗരം സ്ഥാപിച്ചത്[1].
  2. ലാൽ കോട്ട് - ഇന്ന് ഖുത്ബ് മിനാർ നിലനിൽക്കുന്നയിടത്ത് തോമര രജപുത്രർ സ്ഥാപിച്ച നഗരമാണിത്. പിന്നീട് ഇത് ഖില റായി പിത്തൊര എന്ന് പൃഥ്വിരാജ് ചൌഹാന്റെ കാലത്ത് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതു ഏഴ് വാതിലുകളുള്ള ഡെൽഹിയിലെ ഒരു കോട്ടയായിരുന്നു. പൃഥ്വിരാജ് ചൌഹാൻ ഡെൽഹിയുടെ അവസാനത്തേതിനു തൊട്ടു മുൻപുള്ള ഹിന്ദു രാജാവായിരുന്നു.
  3. സിരി - 1303-ൽ ഖിൽജി രാജവംശത്തിലെ അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ചു.
  4. തുഗ്ലക്കാബാദ് - സ്ഥാപിച്ചത് ഘിയാസ് ഉദ് ദിൻ തുക്ലക് ഷാ ഒന്നാമൻ (1321-1325)
  5. ജഹാൻപന - സ്ഥാപിച്ചത് മുഹമ്മദ് ബിൻ തുക്ലക്
  6. കോട്‌ല ഫിറോസ് ഷാ- സ്ഥാപിച്ചത് ഫിറോസ് ഷാ തുക്ലക് (1351-1388);
  7. പുരാന കില- സ്ഥാപിച്ചത് ഷേർഷാ സൂരി , ദിനാപഥ് - സ്ഥാപിച്ചത് ഹുമയൂൺ, (1538-1545);
  8. ഷാജഹാബാദ് - ചുമരുകളുള്ള ഈ നഗരം സ്ഥാപിച്ചത് ഷാജഹാൻ ആണ് 1638 നും 1649 ഇടക്ക്. ഇതിൽ ഡെൽഹിയിലെ പ്രസിദ്ധമായ ചെങ്കോട്ടയും ചാന്ദ്‌നി ചൌക്കും ഉൾപ്പെടുന്നു. ഇത് ഷാജഹാന്റെ കാലത്ത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. ഈ സ്ഥലത്തെയാണ് ഇപ്പോഴത്തെ പഴയ ഡെൽഹി എന്ന പേരിൽ അറിയപ്പെടുന്നത്.
  9. 'നയി ദില്ലി' (New Delhi) - സ്ഥാപിച്ചത് ബ്രിട്ടീഷ്‌ ഭരണകൂടം. ഇതിൽ പഴയ ഡെൽഹിയിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നു.

ആദ്യകാല ചരിത്രം

തിരുത്തുക

ഐതിഹ്യമനുസരിച്ച് ഡെൽഹി, 2500 ബി.സി കാലഘട്ടത്തിൽ മഹാഭാ‍രതത്തിലെ പാണ്ഡവരുടെ തലസ്ഥാനമായിരുന്ന ഇന്ദ്രപ്രസ്ഥം ആയിരുന്നു. ഭാരതീയേതിഹാസങ്ങളിൽ പരാമർശിക്കപ്പെടുന്ന ഹസ്തിനപുരി ഡെൽഹിയുടെ പഴയ പേരാണെന്നു കരുതപ്പെടുന്നു. ഹസ്തിനപൂരി എന്നാൽ ആനകളുടെ നഗരം എന്നാണ് അർത്ഥം. ഈ നാമത്തിൽ ഒരു ഗ്രാമവും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം വരെ നിലനിന്നിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ ന്യൂ ഡെൽഹി പണിതപ്പോൾ ഈ ഗ്രാമം നിരത്തുകയായിരുന്നു. ഇന്നത്തെ പഴയ കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്താണ്‌ ഇന്ദ്രപ്രസ്ഥം സ്ഥിതി ചെയ്തിരുന്നത് എന്നാണ്‌ പുരാവസ്തുഗവേഷണങ്ങളിൽ നിന്നുള്ള അനുമാനം.

ഡെൽഹി എന്ന പേര് വന്നത് ദില്ലിക എന്ന വാക്കിൽ നിന്നാണ് എന്നാണ് പ്രധാന വാദം. പക്ഷേ, ഇത് കൂടാതെ മറ്റ് വാദങ്ങളും ഇതിനെ പറ്റി നില നിൽക്കുന്നു. ആര്യസമാജസ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതി 1875-ൽ പ്രസിദ്ധീകരിച്ച സത്യാർഥ് പ്രകാശ് എന്ന പുസ്തകത്തിൽ പറയുന്നത്, പൌരാണിക രാജാവാ‍യ രാജ ദില്ലു ബി.സി. 800-ൽ ദില്ലി സ്ഥാപിച്ചു എന്നാണ്. ചില പുരാനലേഖകർ ഇതിനെ പിൻ താങ്ങുന്നു. [2] മറ്റൊരു എഴുത്തുകാരനായ വിബുധ് ശ്രീധർ (1189-1230) ഡെൽഹിയുടെ ഉത്ഭവത്തെ പറ്റി ഇങ്ങനെ പറയുന്നു. [3].


हरियाणए देसे असंखगाम, गामियण जणि अणवरथ काम|
परचक्क विहट्टणु सिरिसंघट्टणु, जो सुरव इणा परिगणियं|
रिउ रुहिरावट्टणु बिउलु पवट्टणु, ढिल्ली नामेण जि भणियं|


വിവർത്തനം: ഹരിയാനയിൽ ധാരാളം ഗ്രാമങ്ങൾ ഉണ്ടായിരുന്നു. ഇവിടുത്തെ ഗ്രാമവാസികൾ കഠിനാധ്വാനികളായിരുന്നു. ഇവർ മറ്റുള്ളവരുടെ മേൽകോയ്മ അംഗീകരിച്ചിരുന്നില്ല. അവർ തന്റെ ശത്രുക്കളെ തുരത്തുന്നതിൽ വിദഗ്ദ്ധരായിരുന്നു. ഇന്ദ്രൻ തന്റെ രാജ്യത്തെ സ്വയം പ്രകീർത്തിച്ചിരുന്നു. ഈ രാജ്യത്തിന്റെ തലസ്ഥാനം ദില്ലിയാണ്.

जहिं असिवर तोडिय रिउ कवालु, णरणाहु पसिद्धउ अणंगवालु ||
वलभर कम्पाविउ णायरायु, माणिणियण मणसंजनीय ||

വിവർത്തനം: അനംഗപാൽ ഭരണാധികാരി പ്രശസ്തനായിരുന്നു. തന്റെ ശത്രുക്കളെ വാളിനിരയാക്കിയിരുന്നു. ഈ ഭാരം നാഗരാ‍ജനെ വരെ ഇളക്കിയിരുന്നു. (The ruler Anangapal is famous, he can slay his enemies with his sword. The weight (of the Iron pillar) caused the Nagaraj to shake.)

1383 വിക്രമി വർഷത്തക്കാലത്തെ ഒരു മുദ്രണം ഡെൽഹിയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഡെൽഹി സ്ഥാപിച്ചത് തോമർ വംശജരാണെന്ന് ഇങ്ങനെ പറയുന്നു.

देशोऽस्ति हरियानाख्यो पॄथिव्यां स्वर्गसन्निभः |
ढिल्लिकाख्या पुरी तत्र तोमरैरस्ति निर्मिता ||

മറ്റൊരു എഴുത്തുകാരനായ പ്രിഥ്വിരാജ് റാസൊയും ഇതു തന്നെ പറയുന്നു.

हुं गड्डि गयौ किल्ली सज्जीव हल्लाय करी ढिल्ली सईव |
फिरि व्यास कहै सुनि अनंगराइ भवितव्य बात मेटी न जाइ ||

8 മുതൽ 16 നൂറ്റാണ്ട് വരെ

തിരുത്തുക
 
ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ മീനാർ ആണ് 72.5 മീ. ഉയരമുള്ള ഖുത്ബ് മീനാർ

736-ആമാണ്ടിൽ ഇന്ന് ഖുത്ബ് മിനാർ സ്ഥിതി ചെയ്യുന്നയിടത്ത് തോമര രജപുത്രർ ലാൽ കോട്ട് എന്ന നഗരം സ്ഥാപിച്ചു. തോമര രജപുത്രവംശത്തിലെ അനംഗപാൽ ആണ്‌ ലാൽ കോട്ട് സ്ഥാപിച്ചതെന്ന് പ്രിഥ്വിരാജ് റാസോയും പറയുന്നു.

1180 ൽ അജ്‌മേറിലെ രജപുത്രന്മാരായിരുന്ന ചൗഹാന്മാർ‍ ലാൽ കോട്ട് കീഴടക്കി[4] ഇതിന്‌ ഖില റായ് പിത്തോറ എന്ന പേരിടുകയും ചെയ്തു.

തോമരരുടേയും ചൗഹാന്മാരുടേയും കാലത്ത് ദില്ലി ഒരു പ്രധാന വാണിജ്യ കേന്ദ്രമായി. ധനാഢ്യരായ നിരവധി ജൈനവ്യാപാരികൾ ഇക്കാലത്ത് ദില്ലിയിൽ ജീവിച്ചിരുന്നു. അനേകം ക്ഷേത്രങ്ങളും ജൈനർ പണി കഴിപ്പിച്ചു. അന്നത്തെ ദെഹ്‌ലിവാൻ എന്നറിയപ്പെട്ടിരുന്ന ഇവിടുത്തെ നാണയങ്ങൾക്ക് അക്കാലത്ത് വളരെ പ്രചാരമുണ്ടായിരുന്നു[4]. രജപുത്രർ ഇത് ഒരു രണ്ടാം തലസ്ഥാനം എന്ന നിലയിലായിരുന്നു ഉപയോഗിച്ചിരുന്നത്[5]‌.

ചൗഹാന്മാരിലെ ഒരു രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെ (പ്രിഥ്വിരാജ് മൂന്നാമൻ) 1192 ൽ അഫ്ഗാൻ പോരാളിയായിരുന്ന മുഹമ്മദ് ഘോറി രണ്ടാം തരാവോറി യുദ്ധത്തിൽ (second battle of Taraori) പരാജയപ്പെടുത്തി. രജപുത്രരുടെ പ്രധാനതലസ്ഥാനമായിരുന്ന അജ്മീറും ഘോറി പിടിച്ചെടുത്ത് കൊള്ളയടിച്ചു[5].

1206-ൽ, അനന്തരാവകാശികളില്ലാതെ മുഹമ്മദ് ഘോറി മരിച്ചതിനു ശേഷം, ഘോറിയുടെ സൈന്യാധിപനായിരുന്ന ഖുത്ബ്ദ്ദീൻ ഐബക് തന്റെ എതിരാളികളോട് യുദ്ധം ചെയ്ത് മുഹമ്മദ് ഘോറിയുടെ ഇന്ത്യൻ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ദില്ലി ആസ്ഥാനമാക്കിയുള്ള ഈ സാമ്രാജ്യം അടിമ വംശം അഥവാ മംലൂക്ക് രാജവംശം എന്നറിയപ്പെടുന്നു. അജ്മീറിലെത്താൻ മരുഭൂമിയിലൂടെ കുറേ ഉള്ളിലേക്ക് സഞ്ചരിക്കണമെന്നതിനാലായിരിക്കണം തലസ്ഥാനമായി ദില്ലി തെരഞ്ഞെടുത്തത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കു പുറമേ രാഷ്ട്രീയകാരണങ്ങളും ദില്ലി തലസ്ഥാനമായി തെരഞ്ഞെടുക്കാൻ കാരണമായിരിക്കണം. മുസ്ലിങ്ങൾ, സാധനങ്ങൾക്കും മറ്റുമായി തങ്ങളുടെ മുൻ വാസസ്ഥലങ്ങളെ നിരന്തരമായി ആശ്രയിച്ചിരുന്നു. ഇതിനു പുറമേ പുതിയ പ്രദേശത്ത് തോൽപ്പിക്കപ്പെട്ടവരുടെ നേതൃത്വത്തിലുള്ള തിരിച്ചടികളേയും അവർ ഭയന്നിരുന്നു. അതിനാൽ കൂടുതൽ വിദൂരമായ പ്രദേശങ്ങളിലേക്ക് തലസ്ഥാനം മാറ്റാൻ അവർ താല്പര്യപ്പെട്ടിരുന്നില്ല. ബംഗാളിനും പേർഷ്യയുടെ കിഴക്കൻ അതിർത്തിക്കും ഇടയിൽ ഏതാണ്ട് മദ്ധ്യത്തിലായാണ് ദിലിയുടെ സ്ഥാനം. സിന്ധുവിന്റെയും, ഗംഗയുടേയും സമതലങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുനതിനാൽ ഈ രണ്ടു ഫലഭൂയിഷ്ടമേഖലകളിൽ നിന്നും നികുതി ഈടാക്കാനും ഇവർക്ക് സാധിച്ചു[5].

അടിമ‌വംശത്തിന്റെ കീഴിൽ ദില്ലി ഒരു സ്വതന്ത്രതലസ്ഥാനമായി[5]. ഇതും ഇതിനെത്തുടർന്നുള്ള മുസ്ലീം ഭരണാധികാരികളുടേയും വംശങ്ങളെ പൊതുവായി ദില്ലി സുൽത്താനത്ത് എന്നറിയപ്പെടുന്നു. സുൽത്താനത്തിന്റെ സ്ഥാപനത്തോടെയാണ്‌ ഉപഭൂഖണ്ഡത്തിന്റെ ഒരു വലിയ ഭാഗം നിയന്ത്രിക്കുന്ന തലസ്ഥാനനഗരമായി ദില്ലി മാറിയത്.[4] പിന്നീട് ചെറിയ കാലയളവുകളിലൊഴികെ, ദില്ലി തന്നെയായിരുന്നു ഉത്തരേന്ത്യയുടെ രാഷ്ട്രീയകേന്ദ്രം.

ഖുത്ബ്ദീൻ ഐബക് ആണ്‌ രജപുത്രരുടെ പഴയ കോട്ട നിലനിന്നിരുന്നിടത്ത് ഖുത്ബ് മീനാർ പണിതുടങ്ങിയത്. പക്ഷേ, ഇതിന്റെ പണി തീരും മുൻപ് 1210-ൽ അദ്ദേഹം മരണമടഞ്ഞു. തുടർന്നുവന്ന സുൽത്താൻ ഇൽത്തുമിഷാണ്‌ 1229-ൽ ഇതിന്റെ പണി പൂർത്തിയാക്കിയത്[6].


യഥാക്രമം ഖിൽജി രാജവംശം, തുഗ്ലക് രാജവംശം, സയ്യിദ് രാജവംശം, ലോധി രാജവംശം എന്നിവയാണ്‌ ദില്ലി സുൽത്താനത്തിലെ തുടർന്നു വന്ന രാജവംശങ്ങൾ. ഇവർ ഇവിടെ ധാരാളം പട്ടണങ്ങൾ പണി കഴിപ്പിച്ചു.[7]

പതിനാലാം നൂറ്റാണ്ടിൽ, തുഗ്ലക് വംശത്തിലെ മുഹമ്മദ് ബിൻ തുഗ്ലക്, ഡെക്കാനിലെ ദൌലതാബാദിലേക്ക് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചു. ദില്ലിയിലെ ജനങ്ങളേയും അദ്ദേഹം തന്നോടൊപ്പം വരാൻ നിർദ്ദേശിച്ചു. നിരവധിയാളുകൾ ഈ പലായനത്തിൽ മരണമടഞ്ഞു. എന്നാൽ ഉടൻ തന്നെ തന്റെ തെറ്റ് തിരിച്ചറിഞ്ഞ തുഗ്ലക്, തലസ്ഥാനവും, ജനങ്ങളേയും തിർച്ച് ദില്ലിയിലേക്ക് മാറ്റി[5].

തുഗ്ലക് രാജവംശത്തിന്റെ അന്ത്യഘട്ടത്തിൽ 1398 ഡിസംബർ 17-ന്‌ തിമൂർ ദില്ലി ആക്രമിച്ചു കീഴടക്കി പട്ടണം കൊള്ളയടിച്ച് നശിപ്പിച്ചു. ദില്ലിയിലെ മുസ്ലീം സുൽത്താന്മാർ തങ്ങളുടെ രാജ്യത്തെ ഹിന്ദുക്കളോട് കാണിക്കുന്ന മൃദുമനോഭാവവും സഹിഷ്ണുതയാണ്‌ ദില്ലി ആക്രമിക്കാൻ തിമൂറിന്‌ പ്രേരകമായത്. ഏകദേശം ഒരുലക്ഷത്തോളം പേരെ തിമൂർ കൊലപ്പെടുത്തി. പിടിക്കപ്പെട്ടവരിൽ അവശേഷിക്കുന്ന മിക്കവാറും ദില്ലി നിവാസികളേയും തിമൂർ അടിമകളാക്കുകയും ചെയ്തു. 1399-ഓടെ തിമൂർ ദില്ലി വിട്ടു തന്റെ രാജ്യത്തേക്ക് മടങ്ങി. തിമൂറിന്റെ ആക്രമണത്തോടെ ദില്ലി സുൽത്താന്മാരുടെ സാമ്രാജ്യത്തിനു മേലുള്ള കേന്ദ്രീകൃതാധിപത്യത്തിന്‌ കാര്യമായ ക്ഷയം സംഭവിച്ചു[8]. ഇതിനെത്തുടർന്നാണ്‌ സയ്യിദ്, ലോധി രാജവംശങ്ങൾ അധികാരത്തിലെത്തിയത്.

1526 ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ശേഷം മുൻ ഫെർഗാന ഭരണാധികാരിയായിരുന്ന സഹിറുദ്ദീൻ ബാബർ, ഡെൽഹിയിലെ അവസാനത്തെ ലോധി സുൽത്താനായിരുന്ന ഇബ്രാഹിം ലോധിയെ തോൽപ്പിക്കുകയും മുഗൾ സാമ്രാജ്യത്തിന്‌ അടിത്തറ പാകുകയും ചെയ്തു. ഇവർ ആഗ്ര, ലാഹോർ, ഡെൽഹി എന്നിവ മുഴുവനായി അടക്കി ഭരിച്ചു.

17 മുതൽ 18 നൂറ്റാണ്ട് വരെ

തിരുത്തുക
 
ഒന്നാം ലോക മഹായുദ്ധത്തിലും, അഫ്ഗാൻ യുദ്ധത്തിലും മരിച്ച 90,000 ഇന്ത്യൻ പടയാളികളുടെ ഓർമ്മക്കായി സ്ഥാപിച്ച ഡെൽഹിയിലെ ഇന്ത്യാ ഗേറ്റ്

പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ഭരണത്തിന്‌ ഒരു ഇടവേളയുണ്ടായത്, ബാബറിന്റെ മകനായ ഹുമയൂണിനെ ഷേർഷാ സൂരി തോൽപ്പിക്കുകയും അദ്ദേഹത്തെ അഫ്ഗാനിലേക്ക് നാടുകടത്തുകയും ചെയ്തപ്പോഴാണ്. പിന്നീട് ഷേർഷാ സുരിയുടെ ഭരണ കാലത്ത് അദ്ദേഹം പല പരിഷ്കാരങ്ങളും നടപ്പിലാക്കി. പുരാന കില പണിയിപ്പിച്ചത് അദ്ദേഹമാണ്. പക്ഷെ, അദ്ദേഹത്തിന്റെ മരണത്തിനു ശേഷം, പേർഷ്യൻ സഹായത്തോടെ ഹുമയൂൺ ഡെൽഹി ഭരണം തിരിച്ചു പിടിച്ചു. മൂന്നാം മുഗൾ രാജാവായിരുന്ന അൿബർ 1556-ൽ തലസ്ഥാന നഗരം ആഗ്രയിലേക്ക് മാറ്റി. ഇതു മൂലം ഡെൽഹിയുടെ പ്രാധാന്യം അല്പം കുറഞ്ഞെങ്കിലും 1650-ൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ (1628-1658) ദില്ലിയിൽ, ഷാജഹനാബാദ് എന്ന നഗരം നിർമ്മിച്ചു. ഇത് ഡെൽഹിയിലെ ഏഴാമത്തെ പ്രധാന നഗരമായിരുന്നു. ഇന്ന് പുരാണ ദില്ലി എന്ന് ഈ പ്രദേശം അറിയപ്പെടുന്നു. ഇവിടെ ധാരാളം വാസ്തുവിദ്യയുടെ മികവ് തെളിയിക്കുന്ന സ്മാരകങ്ങൾ നിലനിൽക്കുന്നു. ഇവിടെയാണ് ചെങ്കോട്ട, ജുമാ മസ്ജിദ് എന്നിവ സ്ഥിതി ചെയ്യുന്നത്. ഷാജഹാനാബാദ് ആയിരുന്നു 1638 മുതൽ മുഗൾ വംശത്തിന്റെ തലസ്ഥാനമായിരുന്നത്.

1707-ലെ ഔറംഗസേബിന്റെ മരണത്തോടെത്തന്നെ മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയിരുന്നു. 1739-ൽ ഷാജഹനാബാദിലെ ജനങ്ങൾ, പേർഷ്യയിലെ നാദിർഷായുടെ കുറച്ചു ഭടന്മാരെ കൊലപ്പെടുത്തി. ഇതിൽ കുപിതനായ നാദിർ ഷാ, വൻ സന്നാഹങ്ങളുമായെത്തി ദില്ലി ആക്രമിച്ചു.[5] 1739 ൽ പ്രസിദ്ധമായ കർണ്ണാൽ യുദ്ധത്തിൽ നാദിർ ഷാ മുഗളരെ തോൽപ്പിക്കുകയും ഡെൽഹി കീഴടക്കുകയും ചെയ്തു.[9] നഗരം കൊള്ളയടിച്ച് അവിടത്തെ ജനങ്ങളെയെല്ലാം കൊന്നൊടുക്കി.[5] തുടർന്ന് പ്രാദേശികഭരണാധികളും മറാഠകളും മുഗൾ അധീനപ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ദില്ലിയടക്കമുള്ള മേഖല മറാഠകളുടെ ആധിപത്യത്തിലായി. എങ്കിലും പേരിനു മാത്രം മുഗൾ ചക്രവർത്തി 1857 വരേയും ദില്ലിയിലുണ്ടായിരുന്നു. 1761 ൽ മൂന്നാം പാനിപത്ത് യുദ്ധാനന്തരം‍ അഹമ്മദ് ഷാ അബ്ദലിയും ദില്ലി ആക്രമിച്ചു കൊള്ളയടിച്ചു.

ബ്രിട്ടീഷ് ഭരണത്തിൽ

തിരുത്തുക

1803-ൽ ഡെൽഹിയിലെ മുഗൾ ചക്രവർത്തിയായ ഷാ ആലത്തിന്റെ അഭ്യർത്ഥനപ്രകാരം മറാഠകളെ തുരത്തുന്നതിനാണ് ലേക്ക് പ്രഭുവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം ഡെൽഹിയിലെത്തിയത്. 1803 ലെ ഡെൽഹി യുദ്ധത്തിൽ പട്പഡ്ഗഞ്ചിൽ വച്ച് ബ്രിട്ടീഷ് പട മറാഠകളെ പരാജയപ്പെടുത്തി, ദില്ലി നിയന്ത്രണത്തിലാക്കി. ക്ഷയിച്ചുകൊണ്ടിരുന്ന മുഗൾശക്തിയുടെ അന്ത്യത്തിനും ഇത് വഴിവച്ചു. ഷാ ആലത്തിനെ ഭരണകർത്താവ്, നികുതിപിരിവിന്റെ ചുമതലക്കാരൻ എന്നീ സ്ഥാനങ്ങളിൽ നിന്ന് മാറ്റി, ഡേവിഡ് ഒക്റ്റർലോണി ഡെൽഹിയിലെ റെസിഡെന്റും ചീഫ് കമ്മീഷണറുമായി ചുമതലയേൽക്കുകയും ഡെൽഹിയെ ബ്രീട്ടീഷ് ഇന്ത്യയുടെ അതിർത്തിതലസ്ഥാനമാക്കുകയും ചെയ്തു.[10]

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും തകർന്ന ചരിത്രാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായി ഡെൽഹി മാറിയിരുന്നു. പരമ്പരാഗത രാജകീയ ആഡംബരങ്ങളും ജീവിതരീതികളിലും ആകൃഷ്ടരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മാത്രമേ തുടക്കത്തിൽ ഡെൽഹിയിലേക്ക് നിയമനം വാങ്ങിയിരുന്നുള്ളൂ.[11] ഒക്റ്റർലോണിയെപ്പോലുള്ളവർ മുഗൾ ജീവിതശൈലിയും വസ്ത്രധാരണവുമൊക്കെ സ്വീകരിച്ചാണ് ഇവിടെ ജീവിച്ചിരുന്നത്. ഹിന്ദു മറാഠകളുടെ സ്വാധീനത്തെ ഇല്ലായ്മ ചെയ്യാനായി എന്നതിനാൽ ബ്രിട്ടീഷുകാരുടെ വരവിനെ ഡെൽഹിയിലെ തദ്ദേശീയരായ മുസ്ലീം പണ്ഡിതർ പലരും സ്വാഗതം ചെയ്യുകയും ചെയ്തു. മുസ്ലീങ്ങൾ കമ്പനിയുടെ ജോലിയിൽ വക്കീലന്മാരും മുൻഷിമാരും അദ്ധ്യാപകരുമൊക്കെയാകുകയും ചെയ്തു. ചില മുൻനിര മൗലവികളും ബ്രിട്ടീഷ് സ്ത്രീകളുമായി വിവാഹമുണ്ടാകുകയും ചെയ്തു. ഈ സ്ത്രീകൾ മിക്കവരും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. ഡെൽഹിയിലെ പണ്ഡിതർക്കിടയിൽ ക്രിസ്തുമതത്തോടും താൽപര്യമുണ്ടായിരുന്നു. ഡെൽഹിയിലെ ഇസ്ലാമികപണ്ഡിതരിൽ പലരും ഇന്ത്യാതൽപരരായ യൂറോപ്യൻ ഉദ്യോഗസ്ഥന്മാരുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. ഒക്റ്റർലോണിയുടെ അസിസ്റ്റന്റായിരുന്ന വില്ല്യം ഫ്രേസറും ഡെൽഹിയിലെ പണ്ഡിതനായിരുന്ന ഷാ അബ്ദുൽ അസീസും നല്ല ചങ്ങാതിമാരായിരുന്നു.[12]

ബ്രിട്ടീഷ് ഭരണത്തിന്റെ തുടക്കത്തിൽ ഡെൽഹിയെ ഒരു പ്രവിശ്യയായി കണക്കാക്കിയിരുന്നു 249 മൈൽ നീളവും 180 മൈൽ വീതിയും ഉള്ള ഈ പ്രവിശ്യയുടെ അതിർത്തികൾ വടക്ക് പാനിപ്പത്തും കർണാലും, പടിഞ്ഞാറ് രോഹ്തക്, ഹിസാർ എന്നിവയും തെക്കുപടിഞ്ഞാറ് ഗുഡ്ഗാവും ആയിരുന്നു. 1832-ൽ ഡെൽഹിയെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ഭാഗമാക്കി. ആഗ്ര കേന്ദ്രമാക്കിയുള്ള റെവന്യൂ ഹൈക്കോടതി ബോർഡിന്റെ കീഴിൽ ഡെൽഹിയെ കമ്മീഷണർ ഭരിച്ചു. ഇക്കാലത്ത് വടക്കേ ഇന്ത്യയുടെ നയതന്ത്രകേന്ദ്രമായി ദില്ലി മാറിയിരുന്നു. തങ്ങളുടെ ആശ്രിതനായിരുന്ന മുഗൾ ചക്രവർത്തിയുടെ പേരിൽ ദില്ലിയിലൂടെ ലാഹോർ, കാബൂൾ, രജപുത്താന തുടങ്ങിയ രാജ്യങ്ങളുമായും മാൾവ പോലുള്ള ചെറിയ നാട്ടുരാജ്യങ്ങളുമായും ബ്രിട്ടീഷുകാർ നയതന്ത്രബന്ധം സ്ഥാപിച്ചു. 1832-ൽ ഡെൽഹിയിലെ കമ്മീഷണർക്ക് തന്റെ അധീനപ്രദേശത്ത് സ്വന്തംവഴിക്ക് ഭരണം നടത്തുന്നതിന് സ്വാതന്ത്ര്യം നൽകുകയും ചെയ്തു. ലുധിയാനയിലെ അതിർത്തി കേന്ദ്രത്തിലുടെ ബ്രിട്ടീഷ് സ്വാധീനം, പഞ്ചാബിൽ സത്ലുജിന്റെ തീരത്തുള്ള ഫിറോസ്പൂർ വരെയെത്തി. തന്റെ പ്രവിശ്യയുടെ പരിധിക്കപ്പുറത്തുള്ള രാജ്യസഭകളിൽ രാഷ്ട്രിയപ്രതിനിധികളെയും ദൂതന്മാരെയും നിയോഗിച്ച് അദ്ദേഹം ആസൂത്രിതമായ ഇന്റലിജൻസ് വിഭാഗം നടത്തിപ്പോന്നു.[10]

രാഷ്ട്രീയപ്രാധാന്യം വർദ്ധിച്ചെങ്കിലും ഡെൽഹിയിൽ നൂറിൽത്താഴെ യൂറോപ്യന്മാർ മാത്രമേ വസിച്ചിരുന്നുള്ളൂ. ദില്ലിയിലെ ചെങ്കോട്ടക്ക് വടക്ക് കശ്മീരി ഗേറ്റിനടുത്തുള്ള ലോധിയൻ റോഡിനരികിലുള്ള ഒക്റ്റർലോണി റെസിഡെൻസി, സെയിന്റ് ജെയിംസ് പള്ളി, ബ്രിട്ടീഷ് മാഗസിൻ എന്നിവയാണ് ഇക്കാലത്തെ പുരാനി ദില്ലി മതിൽക്കെട്ടിനകത്തുണ്ടായിരുന്ന ബ്രിട്ടീഷ് നിർമ്മിതികൾ.[13] കശ്മീരി ഗേറ്റിന് വടക്കുഭാഗത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിനായി സിവിൽ ലൈൻസ് എന്ന പ്രദേശവും ഇക്കാലത്ത് വികസിപ്പിക്കപ്പെട്ടു.[10]

തുടക്കത്തിൽ ഡെൽഹിയിലെ തദ്ദേശീയരും ബ്രിട്ടീഷുകാരുമായുണ്ടായിരുന്ന സഹവർത്തിത്വം പത്തൊമ്പതാം നൂറ്റാണ്ട് പുരോഗമിച്ചതോടെ ഇല്ലാതായി. ബ്രിട്ടീഷുകാർക്കെതിരെ നടന്ന 1857-ലെ ലഹളയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു ഡെൽഹി. ഇതിനുശേഷം ലഹളയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന അവസാ‍നത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറിനെ പുറത്താക്കി ബ്രിട്ടീഷുകാർ ഡെൽഹിയുടെ നിയന്ത്രണം സമ്പൂർണ്ണമായി കരസ്ഥമാക്കി.

ഇരുപതാം നൂറ്റാണ്ടിൽ

തിരുത്തുക
 
മഹാത്മാഗാന്ധിയെ അടക്കം ചെയ്തിരിക്കുന്ന രാജ്‌ഘട്ട്

1911-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്ന് ഡെൽഹിയിലേക്ക് മാറ്റി. ഇതിനു ശേഷം, പഴയ ഡെൽഹിയുടെ ചിലഭാഗങ്ങൾ ന്യൂ ഡെൽഹിയുടെ നിർമ്മാണത്തിനു വേണ്ടി പൊളിക്കുകയും ചെയ്തു. ഇതിന്റെ പണി 1920-ൽ ആരംഭിച്ച് 1930-ൽ അവസാനിച്ചു[5]. ബ്രിട്ടീഷ് വാസ്തുശിൽപ്പിയായ ഏഡ്വിൻ ല്യൂട്ടേൻസ് ആണ് ന്യൂ ഡെൽഹിയിലെ പ്രധാന ഭാഗങ്ങളും കെട്ടിടങ്ങളും രൂപകൽപ്പന ചെയ്തത്. അതുകൊണ്ട് ന്യൂ ഡെൽഹി മേഖലയെ ഇന്നും ല്യൂട്ടൻസ് ഡെൽഹി എന്നും വിളിക്കാറുണ്ട്[14].

ബ്രിട്ടീഷ് ഭരണകാലത്ത് ദില്ലിയെ മൂന്നു ജില്ലകളായാണ് വിഭജിച്ചിരുനത്[5]:-

  • ഷാജഹനാബാദ് എന്ന പഴയ നഗരം (പുരാണ ദില്ലി) - ഇവിടെയായിരുന്നു സാധാരണ ജനങ്ങൾ പാർത്തിരുന്നത്.
  • സിവിൽ ലൈൻസ് - ബ്രിട്ടീഷ് ഭരണാധികാരികളും ധനികരും ഇവിടെയായിരുന്നു വസിച്ചിരുന്നത്.
  • കന്റോണ്മെന്റ് - സൈന്യത്തിനായുള്ള പ്രദേശം


പിന്നീട് 1947-ൽ ഇന്ത്യക്ക് സ്വാതന്ത്യവും വിഭജനവും കഴിഞ്ഞതിനു ശേഷം ഇന്ത്യ സർക്കാറിന്റെ തലസ്ഥാനമായി ന്യൂ ഡെൽഹി പ്രഖ്യാപിക്കപ്പെട്ടൂ.

ഇതുകൂടി കാണുക

തിരുത്തുക


ചിത്രശാല

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. An Early Attestation of the Toponym Ḍhillī, by Richard J. Cohen, Journal of the American Oriental Society, 1989, p. 513-519
  2. Satyarth Prakash - Swami Dayananda Saraswati.
  3. An Early Attestation of the Toponym Ḍhillī, by Richard J. Cohen, Journal of the American Oriental Society, 1989, p. 513-519
  4. 4.0 4.1 4.2 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 (The Delhi Sultans) , Page 30, ISBN 817450724
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 5.8 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 161–163. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 60, ISBN 81 7450 724
  7. "Battuta's Travels: Delhi, capital of Muslim India". Archived from the original on 2008-04-23. Retrieved 2008-10-02.
  8. "The Islamic World to 1600: The Mongol Invasions (The Timurid Empire)". Archived from the original on 2009-08-16. Retrieved 2008-10-02.
  9. Iran in the Age of the Raj
  10. 10.0 10.1 10.2 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 52–53. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
  11. 11.0 11.1 ലാസ്റ്റ് മുഗൾ[൨], താൾ: 8
  12. ലാസ്റ്റ് മുഗൾ[൨], താൾ: 64
  13. ലാസ്റ്റ് മുഗൾ[൨], താൾ: 33
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-04-29. Retrieved 2009-05-17.
  15. http://news.google.com/newspapers?id=u_MNAAAAIBAJ&sjid=RHkDAAAAIBAJ&pg=4765,1141957&dq=jama+masjid+largest+mosque[പ്രവർത്തിക്കാത്ത കണ്ണി]

ഗ്രന്ഥങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡെൽഹിയുടെ_ചരിത്രം&oldid=3941952" എന്ന താളിൽനിന്ന് ശേഖരിച്ചത്