പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദില്ലിയിൽ ജീവിച്ചിരുന്ന നക്ഷബന്ധി സൂഫി സരണിയിൽ പെട്ട ഒരു ഇസ്ലാമികപണ്ഡിതനായിരുന്നു ഷാ അബ്ദുൽ അസീസ് (ജീവിതകാലം: 1745- 1823[1][2]) (അറബി: المحدث شاه عبدالعزيز دهلاوي). തന്റെ പിതാവായിരുന്ന ഷാ വാലിയുള്ള ഖാന്റെ പാത പിന്തുടർന്ന ഇദ്ദേഹം മുഗൾ ദില്ലിയിലെ ഉപരിവർഗ്ഗം പിന്തുടർന്നിരുന്ന സാമ്പ്രദായിക ഇസ്ലാമികമാർഗ്ഗത്തെ എതിർക്കുകയും മൗലിക ഇസ്ലാമികചര്യക്കുവേണ്ടി വാദിക്കുകയും ചെയ്തു.

ഇസ്ലാം മതവിശ്വാസികളല്ലാത്തവരോടും പ്രത്യേകിച്ച് അന്ന് ദില്ലിയിൽ വാസമുറപ്പിച്ചിരുന്ന ബ്രിട്ടീഷുകാരോടും ഒത്തൊരുമിച്ചു പോകാൻ അബ്ദുൽ അസീസ് ആഹ്വാനം ചെയ്തിരുന്നു. ഇംഗ്ലീഷുകാർ മനുഷ്യക്കുരങ്ങിന്റെയും ശ്രീലങ്കൻ സ്ത്രീകളുടെയും അല്ലെങ്കിൽ പന്നികളുടെയും സന്തതികളാണെന്ന ഒരു വിശ്വസം ഡെൽഹിക്കാർക്കിടയിലുണ്ടായിരുന്നു. ഖുറാനിലും ഹദീസുകളിലുമുള്ള വിവരങ്ങളനുസരിച്ച് ഈ വിശ്വാസം ശരിയല്ലെന്ന് കാണിച്ചുകൊണ്ട് ഷാ അബ്ദുൽ അസീസ്(റ) ഒരു ഫത്വ പുറപ്പെടുവിക്കുക വരെ ചെയ്തിരുന്നു. മദ്യവും പന്നിയും വിളമ്പുന്നില്ലെങ്കിൽ അവരോടൊപ്പം ഭക്ഷണം പങ്കുവച്ചു കഴിക്കുന്നതിലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇംഗ്ലീഷുകാർക്കു കീഴിൽ ജോലി ചെയ്യുന്നതിലും യാതൊരു തെറ്റുമില്ലെന്ന് അദ്ദേഹം സമർത്ഥിച്ചു.[3] ബ്രിട്ടീഷ് റെസിഡന്റിന്റെ അസിസ്റ്റന്റും പിൽക്കാല റെസിഡന്റുമായിരുന്ന വില്യം ഫ്രേസറുമായി നല്ല ചങ്ങാത്തവും പുലർത്തിയിരുന്നു.[4]

തന്റെ പിതാവടക്കമുള്ള നക്ഷ്ബന്ദിയ വിഭാഗക്കാർ സംഗീതത്തോട് എതിർപ്പ് പുലർത്തിയിരുന്നെങ്കിലും ഷാ അബ്ദുൽ അസീസ് സംഗീതത്തോട് ആഭിമുഖ്യം പുലർത്തിയിരുന്നു എന്ന പ്രത്യേകതയുണ്ട്.[5]

മുഗൾ പ്രഭുക്കൻമാർ ചിശ്ത്തിയ മാർഗ്ഗം പിന്തുടർന്നപ്പോൾ മദ്ധ്യവർഗ്ഗക്കാരായ പഞ്ചാബി കച്ചവടക്കാരായിരുന്നു ഷാ അബ്ദുൽ അസീസിന്റെ പിന്നണിയിലുണ്ടായിരുന്നത്. കച്ചവടവുമായി ബന്ധപ്പെട്ട നിരവധി ഫത്വകൾ ഷാ അബ്ദുൽ അസീസ് പുറത്തിറക്കിയിരുന്നതിനാൽ ഈ സമൂഹത്തിന് അദ്ദേഹവുമായുള്ള ബന്ധം ദൃഢമായിരുന്നു. ഡെൽഹിയിലെ മൗലികവാദത്തിലൂന്നിയ നിരവധി മദ്രസകൾ ഇവരുടെ ധനസഹായം കൊണ്ട് പ്രവർത്തിച്ചിരുന്നു. എല്ലാ അനിസ്ലാമികഘടകങ്ങളെയും പിഴുതുമാറ്റി ഒരു ഇസ്ലാമികസമൂഹം സൃഷ്ടിക്കണമെന്ന് ഈ മദ്രസകൾ പഠിപ്പിച്ചിരുന്നു.[6]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-08.
  2. www.intisaarul.netfirms.com/vol_1_no_3_al-farouq_newsletter.htm
  3. ലാസ്റ്റ് മുഗൾ[൧], താൾ: 33
  4. ലാസ്റ്റ് മുഗൾ[൧], താൾ: 64
  5. ലാസ്റ്റ് മുഗൾ[൧], താൾ: 507
  6. ലാസ്റ്റ് മുഗൾ[൧], താൾ: 83

ഗ്രന്ഥങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷാ_അബ്ദുൽ_അസീസ്&oldid=3956286" എന്ന താളിൽനിന്ന് ശേഖരിച്ചത്