ഇന്ദ്രപ്രസ്ഥം
ഇന്ദ്രന്റെ നഗരം എന്നർഥം വരുന്ന ഇന്ദ്രപ്രസ്ഥം (Pali: Indapatta, സംസ്കൃതം: इन्द्रप्रस्थ or Indraprastha) ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിലെ പാണ്ഡവരുടെ ഭരണകൂടമായിരുന്നു. യമുന നദിയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്തിരുന്നത്. ഇപ്പോഴത്തെ ഡെൽഹിയുടെ അടുത്തായിരുന്നതുകൊണ്ട് ഡെൽഹിയെ ഇന്ദ്രപ്രസ്ഥം എന്നും വിശേഷിപ്പിക്കാറുണ്ട്.
ഇന്ത്യയുടെ കേന്ദ്രഭരണകൂടമായ ഡെൽഹിക്ക് ഇന്ദ്രപ്രസ്ഥം എന്ന വിശേഷണം നൽകി പറയാറുണ്ട്.
പാണ്ഡവരുടെ രാജധാനിയായിരുന്നു ഇന്ദ്രപ്രസ്ഥം. ആധുനിക ഭാരതത്തിന്റെ തലസ്ഥാനമായിരിക്കുന്ന ഡൽഹി തന്നെയായിരുന്നു പഴയ ഇന്ദ്രപ്രസ്ഥം എന്നും ഒരു വാദമുണ്ട് .
ഇന്ദ്രപ്രസ്ഥത്തിന്റെ നിർമ്മാണം
തിരുത്തുകധൃതരാഷ്ട്രരുടെ അഭിപ്രായപ്രകാരം അർദ്ധരാജ്യാവകാശിയായ ധർമ്മപുത്രർ അനുജൻമാരോടുകൂടി ഖാണ്ഡവപ്രസ്ഥം എന്ന വനത്തിലേക്കുപോയി . ശ്രീകൃഷ്ണൻ അവർക്കു സഹായിയായി നിന്നു . വ്യാസനും മറ്റു മഹാമുനിമാരും അവരെ സന്ദർശിച്ചുകൊണ്ടിരുന്നു . ഇവരുടെയൊക്കെ സഹായത്തോടെ പാണ്ഡവർ അവിടെ ഇന്ദ്രപ്രസ്ഥം എന്ന ഒരു നഗരം നിർമ്മിച്ചു . ആ നഗരം ഇന്ദ്രലോകം പോലെ സുന്ദരമായിരുന്നു . [ മഹാഭാരതം , സഭാപർവ്വം , അദ്ധ്യായങ്ങൾ 1 ,2 ,3 ].
ഇന്ദ്രപ്രസ്ഥത്തിലെ സഭാനിർമ്മാണം
തിരുത്തുകഒരിക്കൽ അഗ്നി ഖാണ്ഡവവനം ദഹിപ്പിച്ചു. ആ വനത്തിൽ കുടിപ്പാർത്തിരുന്ന അസുരശില്പിയായ മയനേയും വേറെ അഞ്ചുപേരെയും അർജ്ജുനൻ രക്ഷിച്ചു. തന്നെ അഗ്നിയിൽ നിന്നും രക്ഷിച്ച അർജ്ജുനന് പ്രത്യുപകാരം ചെയ്യുന്നതിനായി മയൻ ഖാണ്ഡവപ്രസ്ഥത്തിൽ വരികയുണ്ടായി. അസുരശില്പിയായ മയൻ കൃഷ്ണന്റെ നിർദ്ദേശപ്രകാരം ധർമ്മപുത്രർക്കുവേണ്ടി വലിയൊരു കൊട്ടാരം നിർമ്മിച്ചു .
അതിനായി ആദ്യം മയൻ ഒരു വലിയ ബ്രാഹ്മണഭോജനം നടത്തി. അതിനു ശേഷം പതിനായിരം "കിഷ്ക്കം" ചുറ്റളവിലായി സഭാനിർമ്മാണത്തിനായി കുറ്റിയടിച്ചു . [ കിഷ്ക്കം = മുഴം("കിഷ്ക്കൂർ ഹസ്തേ" എന്ന് അമരകോശം പറയുന്നു )]
അതിനുശേഷം മയൻ കൈലാസത്തിനു വടക്കുള്ള മൈനാകപർവ്വതത്തിൽ ചെല്ലുകയും അവിടെ പണ്ട് അസുരന്മാർ യജ്ഞം ചെയ്തപ്പോൾ താൻ സൂക്ഷിച്ചുവച്ച രത്നങ്ങൾ എടുത്തുകൊണ്ടുവരികയും ചെയ്തു . ആ രത്നങ്ങളും ദേവദത്തമെന്ന പേരുള്ള ശംഖവും മറ്റു പദാർത്ഥങ്ങളും മയൻ കൊണ്ടുവന്നിരുന്നു . ദേവദത്തം അർജ്ജുനന് നൽകി . കൂട്ടത്തിലുണ്ടായിരുന്ന ഒരുഗ്രൻ ദിവ്യശക്തിയുള്ള ഗദ ഭീമന് നൽകി . കൈലാസസാനുക്കളിൽ നിന്നും കൊണ്ടുവന്ന വസ്തുക്കളുപയോഗിച്ച് മയൻ അതിസുന്ദരമായ ഒരു സഭ ഇന്ദ്രപ്രസ്ഥത്തിൽ തീർത്തു . അതിനുള്ളിൽ പലമാതിരിയുള്ള പൊയ്കകളും പാർശ്വങ്ങളിൽ സ്ഫടിക സോപാനങ്ങളും നിർമ്മിച്ചു . കാണികൾക്കു സ്ഥലജലവിഭ്രാന്തിയുണ്ടാകത്തക്ക വിധത്തിൽ അവിടം കമനീയമായിരുന്നു . പതിനാലു മാസം കൊണ്ടാണ് മയൻ ഈ പണി പൂർത്തിയാക്കിയത് .[ മഹാഭാരതം , സഭാപർവ്വം , അദ്ധ്യായങ്ങൾ 1 ,2 ,3 ]
ലോകത്തിലെ സകല സഭകളിലും വച്ച് അത് അതീവ സുന്ദരമായിരുന്നു . ദേവന്മാരുടെ മക്കളായ പാണ്ഡവർ ആ മഹാസഭയിൽ ദേവന്മാരെപ്പോലെ കഴിഞ്ഞു .
ഇന്ദ്രപ്രസ്ഥത്തിൽ വച്ചായിരുന്നു ദുര്യോധനൻ ഇളിഭ്യനായതും , അതിന്റെ പകരമായി ഘോരയുദ്ധത്തിനു കാരണമായ ചൂതുകളിക്കു ദുര്യോധനൻ മുതിർന്നതും . ദുര്യോധനൻ ചൂതുകളിയിലൂടെ പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥവും മറ്റുള്ള രാജ്യങ്ങളും തട്ടിയെടുത്തു ഭീഷ്മദ്രോണകർണ്ണാദികളായ ബന്ധുക്കളോട് കൂടി രാജ്യം ഭരിച്ചു . തുടർന്ന് ഭാരതയുദ്ധശേഷം പാണ്ഡവർ രാജ്യഭരണമേറ്റെടുത്തുവെങ്കിലും അവർക്കു സുഖമായി ഇന്ദ്രപ്രസ്ഥത്തിൽ വാഴുവാൻ സാധിച്ചില്ല . ബന്ധുക്കളൊക്കെ മരിച്ചു ശൂന്യമായ രാജയമാണ് പാണ്ഡവർ ഭരിച്ചത് . അടുത്തടുത്തു തന്നെ പാണ്ഡവമാതാവായ കുന്തിയും , വിദുരരും , ഗാന്ധാരിയും, വല്യച്ഛനായ ധൃതരാഷ്ട്രരുമൊക്കെ വാനപ്രസ്ഥരായി മരണപ്പെട്ടു . ദുഃഖിതരായ പാണ്ഡവർ പിന്നീട് അധികകാലം ജീവിച്ചിരുന്നുമില്ല .
ഇന്ദ്രപ്രസ്ഥേ ദദൗ രാജ്യം വജ്രായ പരവീരഹാ [മഹാഭാരതം , മൗസലപർവ്വം , അദ്ധ്യായം 7 , ശ്ളോകം 72 , ആദ്യവരി ] (ഭാഷാ അർത്ഥം) ഇന്ദ്രപ്രസ്ഥം എന്ന രാജ്യം വീരനായ വജ്രനു നൽകപ്പെട്ടു .
ഇതനുസരിച്ചു പാണ്ഡവരുടെ കാലശേഷം ഇന്ദ്രപ്രസ്ഥം യാദവരാജകുമാരനും , കൃഷ്ണന്റെ പൗത്ര പുത്രനുമായ വജ്രൻ സ്വന്തമാക്കി .അർജ്ജുനനാണ് വജ്രനെ അവിടെ അവരോധിച്ചത് .