ബ്രിട്ടീഷ് മാഗസിൻ, ഡെൽഹി
പുരാനി ദില്ലിയിൽ കശ്മീരി ഗേറ്റിനും ചെങ്കോട്ടക്കും ഇടക്കായി ലോതിയൻ റോഡിൽ ഡെൽഹി ജനറൽ പോസ്റ്റ് ഓഫീസിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രസ്മാരകമാണ് ബ്രിട്ടീഷ് മാഗസിൻ. ബ്രിട്ടീഷ് ആധിപത്യകാലത്തെ വെടിക്കോപ്പുസംഭരണശാലയായിരുന്നു ഇത്. 1857-ലെ ലഹളസമയത്ത്, ഈ കെട്ടിടവും അതിലെ വെടിക്കോപ്പുകളും ലഹളക്കാരുടെ കൈവശം അകപ്പെടാതിരിക്കാൻ, കെട്ടിടത്തിന്റെ ചുമതലയുണ്ടായിരുന്ന ലെഫ്റ്റനന്റ് ഡോബ്സൺ വില്ലോബിയും സഹപ്രവർത്തകരും ഇത് സ്ഫോടനം നടത്തി തകർക്കുകയായിരുന്നു.[1]
പണ്ടുണ്ടായിരുന്ന വൻകെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ, റോഡിന്റെ ഡിവൈഡറിൽ ഏതാണ്ട് 100 മീറ്ററോളം ഇടവിട്ട് തെക്കും വടക്കുമായി ഒരേമാതിരിയുള്ള രണ്ട് കവാടങ്ങൾ പോലെ ഇന്ന് സ്ഥിതിചെയ്യുന്നു. ലഖോറി ചുടുകട്ടകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കെട്ടിടങ്ങളുടെ കമാനത്തിനു മുകളിൽ ഓരോ ചെറിയ പീരങ്കികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ വടക്കുവശത്തുള്ള കെട്ടിടത്തിന് വടക്കോട്ട് നീളുന്ന അറകളുടെ ഒരു ചേർപ്പുണ്ട്. ഈ കെട്ടിടത്തിനു മുകളിൽ 1857 മേയ് 11-ൽ ഈ കെട്ടിടം തകർക്കാനിടയായ സംഭവത്തെക്കുറിച്ച് വിവരണമുള്ള മാർബിൾ ഫലകമുണ്ട്. ഈ ഫലകത്തിൽ വിമതർ എന്നും ലഹളക്കാർ എന്നും പരാമർശിച്ചിരിക്കുന്നത് വിദേശസർക്കാറിനെ ഇന്ത്യയിൽ നിന്നും സ്ഥാനഭ്രഷ്ടരാക്കാൻ ശ്രമിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യൻ സൈനികരാണെന്ന് വിശദമാക്കുന്ന മറ്റൊരു ഫലകവും ഇതിനു താഴെയായി പിൽക്കാലത്ത് സ്ഥാപിച്ചിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "ബ്രിട്ടീഷ് മാഗസിൻ ഡെൽഹി". സന്ദർശിക്കേണ്ട സ്ഥലങ്ങൾ. www.indfy.com. Archived from the original on 2012-11-20. Retrieved 2012 ഡിസംബർ 31.
{{cite web}}
: Check date values in:|accessdate=
(help) - ↑ ബ്രിട്ടീഷ് മാഗസിന് മുകളിലുള്ള ഫലകങ്ങൾ - ശേഖരിച്ചത് 2012 ഡിസംബർ 8