പാണ്ഡവർ

മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളാണ്

ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ ഒന്നായ വ്യാസൻ രചിച്ച മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളാണ് പാണ്ഡവർ. പാണ്ഡുവിനു കുന്തിയിലും, മാദ്രിയിലും ജനിച്ച പുത്രന്മാരാണ് പാണ്ഡവർ എന്ന് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇവർ പാണ്ഡുവിന്റെ പുത്രർ അല്ല, മുനിശാപത്താൽ പാണ്ഡുവിന് സ്ത്രീ സംസർഗ്ഗം നിഷിധമായതിനാൽ പുത്രസമ്പാദനത്തിനു കുന്തിയും, മാദ്രിയും മറ്റു ദേവന്മാരെ ആശ്രയിച്ചു. ദുർവ്വാസാവ് മഹർഷി കുന്തിക്ക് തന്റെ ബാല്യകാലത്ത് ഉപദേശിച്ചു കൊടുത്ത മന്ത്രത്തിന്റെ ശക്തിയാലാണ് കുന്തി ഇത് സാധ്യമാക്കിയത്. മൂന്നു മന്ത്രങ്ങൾ ഉപയോഗിച്ച് കുന്തി യമധർമ്മൻ, വായുദേവൻ, ദേവേന്ദ്രൻ എന്നീ ദേവന്മാരിൽ നിന്നും മൂന്നു പുത്രന്മാരെ (യഥാക്രമം യുധിഷ്ഠിരൻ, ഭീമൻ, അർജ്ജുനൻ) സമ്പാദിച്ചു. അവസാന മന്ത്രം മാദ്രിക്ക് ഉപദേശിക്കുകയും മാദ്രി അശ്വിനീദേവന്മാരിൽ നിന്നും ഇരട്ട സന്താനങ്ങളെയും (നകുലൻ, സഹദേവൻ) സമ്പാദിച്ചു. ഇങ്ങനെ പാണ്ഡുവിനു അഞ്ചു പുത്രന്മാർ ജനിച്ചു, ഇവർ പഞ്ചപാണ്ഡവർ എന്നറിയപ്പെട്ടു. കുന്തിക്ക് ഈ മൂന്നു പുത്രന്മാരെ കൂടാതെ ഒരു പുത്രൻ കൂടിയുണ്ട്. തന്റെ ബാല്യകാലത്ത് ദുർവ്വാസാവ് ഉപദേശിച്ച ദിവ്യമന്ത്രത്താൽ സൂര്യനിൽ നിന്നും കർണ്ണൻ എന്ന പുത്രൻ ഉണ്ടായി. പഞ്ചപാണ്ഡവർ ഒരോ വയസിനു വ്യത്യാസം മാത്രമെ ഉള്ളു. അതായത് നകുല-സഹദേവന്മാർ ജനിക്കുമ്പോൾ അർജ്ജുനനു ഒന്നും, ഭീമനു രണ്ടും, യുധിഷ്ഠിരനും മൂന്നും വയസായിരുന്നു.[1]

ദ്രൗപദിയും പാണ്ഡവന്മാരും

പഞ്ച പാണ്ഡവർ (പ്രായത്തിന്റെ ക്രമത്തിൽ)

തിരുത്തുക

പാണ്ഡവർ കേരളത്തിൽ എന്ന ഐതിഹ്യം

തിരുത്തുക

പാണ്ഡവരുമായി കേരളത്തിൽ വളരേയധികം ബന്ധിപ്പിച്ച കഥകളുണ്ട്.

  1. നിലമ്പൂരിനടുത്തുള്ള എടക്കര എന്നത് ഏകചക്ര എന്ന പേരിന്റെ രൂപമാണെന്ന് ആ നാട്ടുകാർ വിശ്വസിക്കുന്നു. ഇവിടെ വച്ചാണത്രേ ഭീമൻ ബകനെ കൊന്നത്. ബകനെ പേടിച്ച് അവിടുത്തുകാർ അവിടുത്തെ പരദേവതയായ അയ്യപ്പനുമൊന്നിച്ച മഞ്ചേരിക്കടുത്തെത്തി കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ ദേവനെ പ്രതിഷ്ഠിച്ച് അവിടെ താമസമാക്കി എന്നും പറയുന്നു.
  2. പാണ്ഡവൻ പാറ: ചെങ്ങന്നൂരിനടുത്തും പാണ്ഡവരുമായി ബന്ധപ്പെട്ട കഥകളും സ്ഥാനങ്ങളും ഉണ്ട്. പാണ്ഡവർ ഇവിടെ താമസിച്ചതായും വിശ്വാസങ്ങളുണ്ട്. ചെങ്ങന്നൂരിനടുത്തുള്ള ദിവ്യദേശങ്ങളായ അഞ്ച് അമ്പലങ്ങൾ പാണ്ഡവർ പ്രതിഷ്ഠിച്ചതായാണ് ഐതീഹ്യം. അതിൽ യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമൻതൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു.

ചിത്രശാല

തിരുത്തുക


പഞ്ചപാണ്ഡവ കുടുംബം

തിരുത്തുക

പഞ്ച പാണ്ഡവന്മാർക്ക്‌ ആകെ കൂടി 9 പത്‌നിമാരും 14 മക്കളും ആണ് ഉള്ളത്.

ദ്രൗപദി പഞ്ച പാണ്ഡവർ അഞ്ചു പേരുടെയും ധർമ പത്നി ആയതിനാൽ 5 പേരിൽ നിന്നായി 5 ആൺമക്കൾ ജനിച്ചു

യുധിഷ്ഠിരൻ - പ്രതിവിന്ധ്യൻ

ഭീമൻ - സുത സോമൻ

അർജ്ജുനൻ - ശ്രുത്തകർമൻ

നകുലൻ - ശതാണീകൻ

സഹദേവൻ - ശ്രുതസേണൻ

എന്നിവരാണ് അവർ.അത് കൂടാതെ ഇവർക്ക് മുൻപായി യുധിഷ്ഠിരൻ ദ്രൗപദി ബന്ധത്തിൽ സുതാണൂ എന്ന ഒരു മകളും ജനിച്ചതായി ഹരിവംശത്തിൽ പറയപ്പെടുന്നു.ഇവൾ കൃഷ്ണ - സത്യഭാമ പുത്രനായ അശ്വഭാനുവിനെ ആണ് വിവാഹം ചെയ്തത്.ഇതിൽ ഭനുപ്രിയ , വജ്രാംഗദൻ എന്നിങ്ങനെ രണ്ട് മക്കളും ഉണ്ടായി.

യുധിഷ്ഠിരൻ പിന്നീട് ശിബി രാജാവിന്റെ വംശത്തിൽ പിറന്ന ദ്രാവിഡ രാഷ്ട്ര രാജാവ് ഗോവ സേണന്റെ രണ്ടാമത്തെ മകളായ ദേവികയെ വിവാഹം ചെയ്തു.ആദ്യ പുത്രിയായ അഭയ/ശൈബ്യ ശ്രീകൃഷ്ണന്റെ 16000 ഉപ പത്‌നിമാരിൽ പ്രധാനി ആണ്. ഈ ബന്ധപ്രകാരം കൃഷ്ണൻ പറഞ്ഞാണ് ദേവികയും യുധിഷ്ഠിരൻ തമ്മിലുള്ള വിവാഹം നടന്നത്.ഇതിൽ യൌദ്ധേയന് എന്ന ഒരു പുത്രൻ അവർക്ക് ജനിച്ചു.ഇവൻ പിന്നീട് മാതൃ രാജ്യത്തിലെ രാജാവായി.ഇദ്ദേഹത്തിന്റെ ഭാര്യ ബ്രാഹ്മണ കുമാരി ആയ സുബലാ ആയിരുന്നു. ഈ ബന്ധത്തിൽ ജയന്തൻ, സാമ്രാജന്‌ എന്നീ രണ്ടു മക്കളും ജനിച്ചു.ഇവർ യഥാകാലം ദ്രാവിഡ - ശിവി രാഷ്ട്രങ്ങളുടെ രാജ്യാധികാരം കൈക്കൊണ്ടു.


ഭീമന്റെ ആദ്യ ഭാര്യ ഹിടുംബി എന്ന രാക്ഷസ സ്ത്രീ ആയിരുന്നു.ജന്മമെടുത്ത ഉടനെ യൗവനം പ്രാപിച്ച ഇവരുടെ പുത്രന്റെ പേര് ഘടോൽഘജൻ എന്നാണ്.അജ്ഞാത വാസ കാലത്ത് ഹിടിമ്പ രാക്ഷസനെ വധിച്ച ശേഷമാണ് ഈ വിവാഹം നടന്നത്.ഘടോൽഘജൻ പിന്നീട് മൗരവി/അഹിലാവാതി എന്ന രാക്ഷസ സ്ത്രീയെ വിവാഹം ചെയ്തു.കൃഷ്ണൻ വധിച്ച മുരന്റെ പുത്രി ആയിരുന്നു മൌരവി.പിതാവിന്റെ മരണത്തിന് കാരണമായ ആളെ കൊല്ലാൻ എത്തിയ അവളെ സമാധാനിപ്പിച്ച് സ്വപുത്രിയായി വളർത്തി കൃഷ്ണൻ അഹിലാവതി എന്ന് പേര് നൽകി. സ്വയം വരത്തില് വച്ച് ഘടോൽഘജൻ മൗരവിയെ വിവാഹം ചെയ്തു.ഇതിൽ ബർബരീകണ്, അഞ്ജനപർവാവ്,മേഖവർണൻ എന്നീ മൂന്നു പുത്രന്മാർ ജനിച്ചു.വീർ ബാർബരിക് മഹാഭാരതത്തിലെ വീര യോദ്ധക്കളിൽ ഏറ്റവും മിടുക്കനായ യോദ്ധാവ്. ഭാരത യുദ്ധം മൂന്ന് നിമിഷം കൊണ്ട് അവസാനിപ്പിക്കാൻ കഴിവുള്ളവൻ. പക്ഷേ അതേ കേട്ട കഥകളിലെ നായകന്മാർ അർജുനനും കർണ്ണനും, ഭീഷ്മരും, കൃപരും, ദ്രോണരും, ദ്രുപദനും ദൃഷ്ടധ്യുമ്യനും, ഭീമനും, ദുര്യോധനനും, അഭിമന്യുവും ദുശ്ശാസനനും ഒക്കെ ആണെങ്കിലും സൗകര്യപൂർവും ഇതിഹാസം പോലും ഒളിപ്പിച്ച് നിർത്തിയ യോദ്ധാവ് ആയിരുന്നു ബാർബരീകൻ.ചെറുപ്പത്തിലേ അമ്മയിൽ നിന്നും ആയോധന കലയിലും അച്ഛനിൽ നിന്നും മായ യുദ്ധത്തിലും കഴിവ് തെളിയിച്ച അതിസമർത്ഥനായ ബാർബറിക് തന്റെ രാക്ഷസശക്തി വർദ്ധിപ്പിക്കുന്നതിനും ശ്രേഷ്ഠ സ്ഥാനത്തിനും വേണ്ടി ദ്വാരകയിൽ ചെല്ലുന്നു. ശ്രീകൃഷ്ണന്റെ നിർദേശ പ്രകാരം അഷ്ടലക്ഷ്മിമാരെ തപസ്സു ചെയ്തു മൂന്ന് ദിവ്യാസ്ത്രങ്ങൾ നേടുന്നു. ആദ്യത്തെ അസ്ത്രം ശത്രുക്കളെ തിരഞ്ഞെടുക്കുമ്പോൾ, രണ്ടാമത്തെ അസ്ത്രം വേണ്ടപ്പെട്ടവർക്ക് സുരക്ഷിതത്വം കൊടുക്കുന്നു, മൂന്നാമത്തെ അസ്ത്രം ശത്രുക്കളെ ഒരുമിച്ച് നിഗ്രഹിക്കുകയും ചെയ്യും. എന്നിട്ടു ഈ മൂന്ന് അസ്ത്രവും തിരികെ ബാർബേരികെന്റെ പക്കലെത്തും.

കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിന് മുമ്പ് സേനാബലം കൂട്ടാൻ ഭീമൻ മകൻ ഘടോൽകചനെ ക്ഷണിക്കാൻ വനാന്തർ ഭാഗത്തേക്ക് യാത്രയാകുന്നു. വായുപുത്രനായ വൃകോദരന് വനമധ്യത്തിൽ വെച്ച് ആരോഗ്യ ദൃഡഗാത്രനായ ഒരു വനവാസി യുവാവിനോട് യുദ്ധം ചെയ്യേണ്ടി വരുന്നു. ഹസ്തബലത്തിലും മല്ലയുദ്ധത്തിലും കുന്തിപുത്രന് പകരം ഒരു നാമമില്ലെന്ന ഹുങ്കിൽ യുദ്ധമാരംഭിച്ച മധ്യപാണ്ഡവനെ വളരേ വേഗം തന്നെ ആ യുവാവ് കീഴടക്കി. അൽഭുത പരവശനായ ഭീമസേനൻ യുദ്ധം നിർത്തി തന്നെ നേരിട്ട യോദ്ധാവിന്റേ കുലവും രാജ്യവും വിശദമാക്കാൻ പറഞ്ഞു.

ആ പരിചയപെടലിൽ അവര് ആ സത്യം മനസിലാക്കി. പൗത്രനും മുത്തശ്ശനും നടത്തിയ യുദ്ധമായിരുന്നു അതെന്ന്. ക്ഷമ ചോദിച്ച ബർബരീകനേ വാൽസല്യത്തോടേ നെഞ്ചോടമർത്തി ആശംസകൾ ചൊരിഞ്ഞ കുന്തീപുത്രൻ വരവിന്റേ ഉദ്ദേശവും വരാനിരിക്കുന്ന യുദ്ധത്തേക്കുറിച്ചും വിശദമായി പറഞ്ഞു. ദ്വാരകപതിയായ വാസുദേവൻ തേരാളിയായി വരുന്ന കുരുക്ഷേത്രത്തിൽ പിതാവ് ഘടോൽകചനൊടൊപ്പം പോകണം എന്ന് അപ്പോഴേ തീരുമാനിച്ച ബർബരീകൻ യുദ്ധത്തിനുള്ള തയ്യാറെടുപ്പും നടത്തി തുടങ്ങി.

യുദ്ധത്തിന് പോകാൻ അനുഗ്രഹം തേടി അമ്മയുടെ അടുത്ത് ചെന്ന ബർബരീകരനോട് അമ്മ ഏത് പക്ഷത്ത് യുദ്ധം ചെയ്യാനാണ് താൽപര്യം എന്ന് ചോദിച്ചു.

“എവിടെയാണ് ദുർബലർ ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് താല്പര്യം എന്ന് അമ്മയോട് വാക്കു പറഞ്ഞു. ആ സമയത്ത് പാണ്ഡവ പക്ഷം അക്ഷൗണിയുടെ എണ്ണം വെച്ച് നോക്കുമ്പോൾ ദുർബലർ ആയിരുന്നു. അതായിരുന്നു ബാര്ബരീകരൻ ഉദ്ദേശ്ശിച്ചതും.

കുരുക്ഷേത്ര യുദ്ധത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാണ്ഡവ പക്ഷത്ത്‌ ചർച്ചകൾ കൊടുമ്പിരിക്കൊണ്ടപ്പോൾ യുധിഷ്ട്ടിരനോട് അർജുനൻ പറഞ്ഞു വെറും മൂന്ന് ദിവസം കൊണ്ട് ഞാൻ ഈ യുദ്ധം അവസാനിപ്പിച്ചു തരാം എന്തിനാണ് വെറുതെ ആകുലനാകുന്നത്.

ഇത് കേട്ട ബർബറീകൻ പെട്ടെന്ന് ചാടി എഴുന്നേറ്റ്‌ പറഞ്ഞു. മഹാരാജാവേ എനിക്ക് ഇതിനു മൂന്ന് ബാണങ്ങൾ തൊടുക്കാനുള്ള നിമിഷങ്ങൾ മതി.

ബാര്ബരീകരന്റെ വെറും വീരവാദം എന്ന് കരുതി ബാക്കിയുള്ളവർ പഞ്ചിരിച്ചപ്പോൾ കൃഷ്ണൻ മാത്രം അർത്ഥഗർഭമായി ബർബറീകനെ നോക്കി മന്ദഹസിച്ചു. എന്നിട്ടു അർജുനനോട് പറഞ്ഞു “അവനതിനു കഴിയും. അവനു മാത്രം ”

ഇതുകേട്ട പാണ്ഡവപക്ഷത്തെ പേരുകേട്ട യോദ്ധാക്കൾ കാര്യങ്ങൾ വിശദമായി കൃഷ്ണനോട് അന്വേഷിച്ചു. ബര്ബരികന്റെ വരബലം അതുവരെ ആർക്കും അറിയില്ലായിരുന്നു.

ഒമ്പതിനായിരം രാക്ഷസന്മാരെ ഒരുമിച്ച് വധിച്ച കഥയും പറഞ്ഞു കൊടുത്തു.

അസൂയയോടെ ആണെങ്കിലും യുദ്ധം ജയിക്കാൻ ഇതുമതിയാകും എന്ന് ഉറച്ചു വർധിത വീര്യത്തോടെ രാജാക്കന്മാർ പിരിഞ്ഞു. പക്ഷെ കൃഷ്ണൻ മാത്രം ചിന്താ നിമഗ്നനായി ഇരുന്നു. ഈ യുദ്ധത്തിന്റെ കാരണക്കാരനും ആവശ്യക്കാരനും ഭഗവത് സ്വരൂപനു ത്രികാലജ്ഞാനിയുമായ വാസുദേവന് സംഭവിക്കാൻ പോകുന്ന കാര്യങ്ങളും എന്തെല്ലാം സംഭവിക്കണം എന്നതിൽ വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

ബാര്ബരീകരനെ പരീക്ഷിക്കാനായി ഭഗവാനും ചോദിച്ചു. നിനക്കു ഏതു പക്ഷത്തു യുദ്ധം ചെയ്യാനാണ് താല്പര്യം!!

അമ്മയോട് പറഞ്ഞത് പോലെ തന്നെ “എവിടെയാണ് ദുർബലർ ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് താല്പര്യം”ഭഗവാനോടും പറഞ്ഞു. പാണ്ഡവപക്ഷം എന്ന് എടുത്ത് പറഞ്ഞില്ല.

അതായത്

യുദ്ധം ആരംഭിച്ചു കഴിയുമ്പോൾ അമ്മയോട് പറഞ്ഞത് പോലെ ആദ്യത്തെ തവണ ദുർബലരായ പാണ്ഡവർക്ക് വേണ്ടി കൗരവരേ എല്ലാം വധിച്ചു കഴിഞ്ഞാൽ പാണ്ഡവപക്ഷം കരുത്തരാകും. അപ്പോൾ പശ്ചാത്തപത്തിൽ അടുത്ത തവണ ദുർബലരായ മരണപ്പെട്ട കൗരവർക്കു വേണ്ടി പാണ്ഡവരെ എല്ലാം ഇല്ലാതാക്കും. പിന്നെ അവശേഷിക്കുന്നത് ബാർബറിക് മാത്രമാകും. പിന്നെ സമസ്ത നാടും ബാർബറിക് എന്ന രാക്ഷസന്റെ അധീനതയിൽ ആവും. ഭീമപുത്രൻ ആയതുകൊണ്ട് യുവരാജാവ് ആവാനും തടസമില്ല. അങ്ങനെ വന്നാൽ ധർമ്മ സംസ്ഥാപനത്തിനു വേണ്ടി നടത്തുന്ന ഈ യുദ്ധം രാക്ഷസ ഭരണത്തിലേക്ക് പോകും, അത് ഭൂമിക്ക് വളരെ ദോഷം ചെയ്യുകയും ചെയ്യും. അപ്പോൾ ബാര്ബറുകിനെ മാറ്റി നിർത്തുക തന്നെ വേണം.

ഇത് മനസിൽ വെച്ചു കൊണ്ടു ഭഗവൻ ഒരു ആൽമരം കാണിച്ചു കൊണ്ട് ബാര്ബറിക്കിനോട് ഒരു അസ്ത്രം ഉപയോഗിച്ച് അതിലെ എല്ലാ ഇലയ്ക്കും സുഷിരം ഇടാൻ പറയുന്നു. എന്നിട്ടു ബാർബരികെൻ കാണാതെ ഒരില സൂത്രത്തിൽ ചവിട്ടിപ്പിടിക്കുന്നു. എല്ലാ ഇലയിലും സുഷിരമിട്ടു അസ്ത്രം ഭഗവാന്റെ കാലിനടിയിലെ ഇലയ്ക്ക് വേണ്ടി മുന്നിൽ വന്നു. പക്ഷേ ആ അസ്ത്രത്തിനു ഭഗവാന്റെ കാലിൽ തുളഞ്ഞു കയറാൻ കഴിയാതെ വന്നു. കാലുമാറ്റാൻ ആവശ്യപ്പെട്ട ബാർബറികനോട് ഭഗവാൻ യുദ്ധത്തിനു മുൻപ് യുദ്ധത്തിന് തയാറായി വന്ന ഒരു യോദ്ധാവിന്റെ ബലി ചോദിക്കുന്നു. ഭഗവാന്റെ കാലിൽ തുളച്ച് അസ്ത്രം കയറിയാൽ അത് പ്രശ്നമാകും എന്നു കണ്ട ബാർബരികെൻ സ്വന്തം ബലി ഭഗവൽ സുദർശന ചക്രത്തൽ സംഭവിക്കണം എന്ന് പറയുന്നു. അപ്രകാരം തന്നെ ഭഗവാൻ ചെയ്യുകയും ചെയ്തു.

യുദ്ധം ചെയ്യാൻ വന്ന ബാർബരികെൻ അവസാനം ഭഗവാനോട് ഈ യുദ്ധം കാണാനുള്ള അവസരം തരണം എന്ന് അഭ്യർത്ഥിക്കുന്നു. തലയറ്റിട്ടും ഭഗവൻ ബാർബരികെനെ കുരുക്ഷേത്ര ഭൂമി മുഴുവൻ കാണാൻ സാധിക്കുന്ന ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിച്ചിട്ടു ഇങ്ങനെ അരുളി ചെയ്തു.

ധർമ്മാധർമ്മങ്ങൾ കൂട്ടിമുട്ടുന്ന ഈ മഹായുദ്ധ ഭൂമിയിൽ എല്ലാം കാണാൻ സാധിക്കുന്ന ഒരേ ഒരാൾ നീ മാത്രമായിരിക്കും. നീ ആണ് ഈ യുദ്ധത്തിന്റെ ഏകസാക്ഷിയും.

ഭാരത യുദ്ധം അവസാനിക്കാറായപ്പോൾ ഗാന്ധാരി ഭഗവാനെ ശപിക്കുമ്പോൾ ഭഗവൻ ഗാന്ധാരിയോട് പറയുന്നുണ്ട് ബാർബരികെനെ കുറിച്ച്. ധർമ്മസംസ്ഥാപനത്തിനു വേണ്ടി മാത്രമേ ഞാൻ നിലകൊണ്ടിട്ടുള്ളൂ എന്നും അതുകൊണ്ടാണ് ഞാൻ ബാർബേരികെനെ മുക്തി നൽകി സാക്ഷിയാക്കിയതും. അല്ലെങ്കിൽ ഏകപക്ഷീയമായി ഈ യുദ്ധത്തിൽ ബാർബരികെൻ കാലം നിറഞ്ഞേനേ എന്നും.

പിന്നീട് ഗാന്ധാരി ബാർബരികെനോട് സാക്ഷി വിസ്താരം നടത്തുമ്പോൾ ബാർബരികെൻ പറയുന്ന ഒരു കാര്യമുണ്ട്.

” ഈ യുദ്ധത്തിൽ ഒരാളുടെ രൂപം മാത്രമേ ഞാൻ കണ്ടുള്ളൂ. രണ്ടുപക്ഷത്തും യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്കു ഒരേ ഒരു രൂപമായിരുന്നു. അവിടെ അർജുനനും ഭീമനും ദുര്യോധനും ഒന്നും ഇല്ലായിരുന്നു. എല്ലാം ഭഗവാൻ മാത്രമായിരുന്നു. എല്ലാവരും ഭഗവാന്റെ പ്രതിരൂപങ്ങളുമായിരുന്നു. വേദനിക്കുന്നതു വിജയഭേരി മുഴുക്കുന്നവനും ഒരാൾ തന്നെ.

അഞ്ചനപർവാവു അശ്വതാമവിന്റെ കയ്യാൽ മരണമടഞ്ഞു. മേഘ്‌വർണൻ മാത്രം ശേഷിച്ചു.


ഭീമന്റെ മൂന്നാം ഭാര്യ ആയിരുന്നു വലാന്ധര.കാശിയിലെ ശേനക രാജാവിന്റെ മകൾ ആയിരുന്നു ബലന്ധര.ഏറ്റവും ശക്തനായ വ്യക്തിക്ക് മാത്രമേ തന്റെ പുത്രിയെ വിവാഹം ചെയ്ത് തരൂ എന്ന് കാശി രാജാവ് പ്രഖ്യാപിച്ചു. ഭീമൻ മത്സരിച്ചു വിജയിക്കുകയും ബലന്ധരയെ വിവാഹം ചെയ്യുകയും ചെയ്തു.ഇവരുടെ പുത്രൻ ധർമത്രാത്തൻ/സർവഗൻ ആയിരുന്നു.ഇദ്ദേഹവും തന്റെ മാതൃ രാജ്യം ഭരിച്ചു കഴിഞ്ഞ് കൂടി.ഇദ്ദേഹത്തിന്റെ പത്നി ഇന്ദു ആയിരുന്നു.ഇവരുടെ പുത്രിയുടെ പുത്രിയായ വപുഷ്ടമയെ ആണ് അർജുന പ്രപൗത്രൻ ആയ പരീക്ഷിത്ത് പുത്രൻ ജനമേജയൻ വിവാഹം ചെയ്തത്.


അർജ്ജുനന്റെ ആദ്യ പത്നി ദ്രൗപദിയുെ രണ്ടാം പത്നി ഉലൂപ്പിയും ആയിരുന്നു.അർജ്ജുനൻ പാണിഗ്രഹണം ചെയ്‌തെങ്കിലും മാതാവായ കുന്തിയുടെ വാക്കിനാൽ പഞ്ചപാണ്ഡവരുടെയും പത്നിയായി ദ്രൗപദി കഴിയുന്ന കാലം. (മുജ്ജന്മത്തിൽ ദ്രൗപദി ശിവനോട് വരം ആവശ്യപ്പെട്ടതായി കഥയുണ്ട്. അതിവിശിഷ്ടമായ 14 ഗുണങ്ങൾ തന്റെ ഭർത്താവിന് വേണമെന്ന് ചോദിച്ചു. എന്നാൽ ഇത്രയും ഗുണങ്ങൾ ഒരാളിൽ ഉണ്ടാവില്ലെന്നും ,എല്ലാം സമ്മേളിക്കുന്ന അഞ്ചുപേരെ ഭർത്താവായി തരാമെന്നും ശിവൻ ഉത്തരം നൽകി എന്നും കഥ ) മൂപ്പുമുറപ്രകാരം ആദ്യ ഊഴം യുധിഷ്ഠിരനായിരുന്നു. ഒരുവർഷക്കാലം മറ്റുനാലുപേർ കൃഷ്ണയ്ക്ക് സഹോദരന്മാരായിരിക്കണമെന്നതാണ് നിഷ്ഠ. പഞ്ചപാണ്ഡവരിൽ ഒരാളുടെ കൂടെ ദ്രൌപദി കഴിയുന്ന കാലഘട്ടത്തിൽ, മറ്റൊരാൾ അവിടെ ചെന്നാൽ, ഒരു വർഷം തീർത്ഥയാത്രക്ക് പോകണം എന്നാണ്‌ വ്യവസ്ഥ. ഒരിക്കൽ ധർമ്മപുത്രരോടൊപ്പം പാഞ്ചാലി കഴിയുന്ന സമയം അർജ്ജുനന് ആ കൊട്ടാരത്തിൽ ചെല്ലേണ്ടിവരികയും, തത്ഫലമായി ഗംഗാതടത്തിലേക്കു തീർത്ഥയാത്ര ചെയ്യേണ്ടിയും ചെയ്തു.

അതിരാവിലെ ഗംഗാസ്നാനത്തിനെത്തുന്ന പാർത്ഥനെ  ഉലൂപി എന്ന നാഗരാജകന്യക കാണുവാനിടയായി. ഗംഗാനദിയുടെ അടിത്തട്ടിലുള്ള നാഗലോകത്തിന്റെ അധിപനായ നാഗരാജാവായ കൗരവ്യയുടെ പുത്രിയായിരുന്നു ഉലൂപി. സുന്ദരകളേബരനും അരോഗദൃഢഗാത്രനുമായ  ആ യുവകോമളനെ ഉലൂപി പ്രഥമദൃഷ്ട്യാ പ്രണയിച്ചുപോയി. അവൾ അർജുനനെ തന്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു. പക്ഷേ പന്ത്രണ്ടുദിനങ്ങളിലെ തന്റെ കഠിനവ്രതങ്ങൾക്കുശേഷം മാത്രമേ ഉലൂപിയുടെ ആതിഥ്യം സ്വീകരിക്കാൻ അർജുനൻ തയ്യാറായുള്ളു. അവൾ പ്രണയപാരവശ്യത്തോടെയെങ്കിലും  ക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ  പന്ത്രണ്ടുനാൾ കഴിഞ്ഞ് ഉലൂപിയുടെ കൊട്ടാരത്തിലെത്തിയ അർജുനൻ അവളുടെ ആതിഥ്യവും ഗാഢപ്രണയവും  സ്വീകരിച്ചു. കാലം തികഞ്ഞപ്പോൾ ഉലൂപി തേജോരൂപനായ ഒരാൺകുഞ്ഞിനു ജന്മം നൽകി. ഇരാവാൻ  എന്ന നാമധേയവും അവനു നൽകി.  സകലകലകളിലും വൈദഗ്ദ്ധ്യം നേടിയിരുന്ന ഉലൂപി ഇരാവാനെ വളർത്തിയത് സർവ്വജ്ഞാനങ്ങളും  പകർന്നുനൽകിയാണ്.

ഒരിക്കൽ ശ്രീകൃഷ്ണൻ, വിഷാസ്ത്രങ്ങൾക്കു മൂർച്ചകൂട്ടിക്കൊണ്ടിരുന്ന ഇരാവാനെ കാണാനിടയായി. ഉജ്ജ്വലമായ തേജോകാന്തിയുള്ള ആ യുവാവിനോട് എന്തുചെയ്യുകയാണെന്നാരാഞ്ഞപ്പോൾ ഇനി വരാൻപോകുന്ന കുരുക്ഷേത്രയുദ്ധത്തിന് ആയുധങ്ങൾ കരുതിവെക്കുകയാണെന്നായിരുന്നു മറുപടി. അർജുനപുത്രനായ തനിക്ക് പിതാവിനെ യുദ്ധത്തിൽ സഹായിക്കേണ്ടിവരുമെന്നും സൂചിപ്പിച്ചു. ഇരാവാന്റെ ത്രിലോകജ്ഞാനത്തെക്കുറിച്ചോർത്ത് ശ്രീകൃഷ്ണൻ അത്ഭുതചിത്തനായി. കുരുക്ഷേത്രയുദ്ധം പതിനെട്ടു ദിവസങ്ങളിലായി കല്പിക്കപ്പെട്ടതാണ്. ആ പതിനെട്ടു ദിനങ്ങളിലെ വിജയവും തോൽവിയും അർഹതപ്പെട്ടവരുടെ മൃത്യുവും പാണ്ഡവരുടെ അന്ത്യവിജയവും എല്ലാം മുമ്പേ കുറിക്കപ്പെട്ടതാണ്. പക്ഷേ അതിസമർത്ഥനായ ഇരാവാൻ യുദ്ധത്തിൽ പങ്കെടുത്താൽ അത് പതിനെട്ടു നാഴികകൾപോലും നീണ്ടുനിൽക്കില്ല എന്ന് എല്ലാമറിയുന്ന കൃഷ്ണനറിഞ്ഞു. അതുകൊണ്ട് അവനെ എങ്ങനെയും യുദ്ധഭൂമിയിൽനിന്നൊഴിവാക്കണമെന്നു തീരുമാനിച്ചു.

സംഭവബഹുലമായി കാലം കടന്നുപോയി. ഒടുവിൽ കുരുക്ഷേത്രയുദ്ധവും വന്നെത്തി. ഇരാവാനെ യുദ്ധത്തിൽനിന്നൊഴിവാക്കാൻ തന്ത്രശാലിയായ കൃഷ്ണൻ ഒരു സൂത്രം പ്രയോഗിച്ചു. പാണ്ഡവരുടെ യുദ്ധവിജയത്തിനായി കാളിദേവിക്ക് ഒരു ബലിദാനം താന്ത്രികവിധിപ്രകാരം നിശ്ചയിച്ചു. കൃത്യമായി ഭാവി പ്രവചിക്കുന്നതിൽ പ്രഗത്ഭനായിരുന്ന സഹദേവനാണ് കവടിനിരത്തി ബലിദാനം നിശ്ചയിച്ചത്. ശരീരത്തിൽ മുപ്പത്തിയാറു പുണ്യചിഹ്നങ്ങളുള്ള, സർവ്വഗുണങ്ങളുമുള്ള, ഒരു വീരവര്യനെയാവണം ബാലികഴിക്കേണ്ടത്. ശ്രീകൃഷ്ണനും അർജുനനുമാണ് ആ തികവുള്ളവർ. പക്ഷേ പാണ്ഡവപക്ഷത്തിന്റെ നെടുംതൂണുകളായ ഇവരെ ബലിയർപ്പിക്കാനാവില്ലല്ലോ. പിന്നെയാര് എന്നതായി ചോദ്യം. അത് ഇരാവാനല്ലാതെ മറ്റാരുമായിരുന്നില്ല. ബ്രാഹ്മണനോ ക്ഷത്രിയനോ പുരോഹിതനോ രാജ്യാവകാശിയോ അല്ല. അതുകൊണ്ടുതന്നെ അവനെ ബലികൊടുക്കുന്നതിൽ അപാകതയില്ല. ഒട്ടും താമസിക്കാതെ ശ്രീകൃഷ്ണൻ ഇരാവാനെ സമീപിച്ചു കാര്യം അവതരിപ്പിച്ചു. ധീരനും ധർമ്മചാരിയുമായ ഇരാവാന് തന്റെ പിതാവിനും രാജ്യത്തിനും വേണ്ടി സ്വയം സമർപ്പിക്കാൻ മടിയുണ്ടായിരുന്നില്ല. അർജുനനാവട്ടെ തന്റെ പുത്രനെ ബാലിവസ്തുവാക്കുന്നതിൽ ഒരു സങ്കോചവുമുണ്ടായതുമില്ല. താൻ തന്റെ പിതാവിനെ സ്നേഹിക്കുന്നതുപോലെ അദ്ദേഹം തന്നെ സ്നേഹിക്കുന്നില്ല എന്ന പരമാർത്ഥം ഇരാവാൻ തിരിച്ചറിയുകയായിരുന്നു ആ നിമിഷങ്ങളിൽ.

തന്റെ ബലിക്കായി  പുലർന്നുവരുംമുമ്പുള്ള  രാത്രിയിൽ ഭാര്യാസമേതം കഴിയാൻ അവസരമുണ്ടാക്കണമെന്ന് ഇരാവാൻ അഭ്യർത്ഥിച്ചു. മാതാവല്ലാതെ സ്നേഹിക്കാനാരുമില്ലാത്ത  തന്റെ വേർപാടിൽ  മനംനൊന്തുകരയാൻ പത്നി ഒപ്പമുണ്ടാവണമെന്ന് അയാൾ അതിയായി ആഗ്രഹിച്ചു.   എന്നാൽ  അതത്ര എളുപ്പത്തിൽ സാധ്യമാക്കാവുന്ന കാര്യമല്ലല്ലോ. ഒരുരാത്രിമാത്രം സുമംഗലിയായി, പുലരുമ്പോൾ വൈധവ്യം സ്വീകരിക്കാൻ ഏതുപെൺകൊടിയാണു തയ്യാറാവുക! തങ്ങളുടെ  ഓമനപ്പുത്രിയെ ഇങ്ങനെയൊരു നിർഭാഗ്യത്തിലേക്കു തള്ളിവിടാൻ ഏതു മാതാപിതാക്കളാണ് തയ്യാറാവുക!    തികച്ചും അസാധ്യമെങ്കിലും   ആ ആഗ്രഹം  സാധിച്ചുകൊടുത്തേ  മതിയാകൂ. കുശാഗ്രബുദ്ധിയായ ഇരാവാന്റെ വാക്കുകളുടെ അന്തരാർത്ഥം മനസ്സിലാക്കിയ ശ്രീകൃഷ്ണൻതന്നെ അതിനും പരിഹാരം കണ്ടെത്താമെന്നായി.

ഒരിക്കൽ മഹേശ്വരനെപ്പോലും മോഹിപ്പിച്ച മായാമോഹിനിരൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഭഗവാൻ സ്വയം ഇരാവാന്റെ പത്നിയാകാൻ ആഗ്രഹമറിയിച്ചു . വസ്തുതകൾ സത്യമായിത്തന്നെ അറിയുമായിരുന്നെങ്കിലും അയാൾ മോഹിനിയെ ഭാര്യയായി സ്വീകരിച്ചു. ഒരേയൊരു രാവുമാത്രം ഒന്നിച്ചുകഴിഞ്ഞ് പുലർച്ചെതന്നെ ഇരാവാൻ ബലിവസ്തുവാകാൻ സന്നദ്ധനായി. തന്റെ വേർപാടിൽ അങ്ങേയറ്റം മനംനൊന്ത് അലമുറയിട്ടുകരയുന്ന മോഹിനിയെക്കണ്ട് ഇരാവാന്റെ ആത്മാവ് കൃതാർത്ഥനായി.. മഹാഭാരതകഥയിൽ ഒട്ടുംതന്നെ പ്രാധാന്യത്തോടെ പറഞ്ഞുകേട്ടിട്ടിട്ടില്ലാത്തൊരു നാമമാണ് ഇരാവാൻ. വിദ്യകൊണ്ടും കർമ്മംകൊണ്ടും മഹത്വംകൊണ്ടും ഏറെ ഉന്നതനെങ്കിലും അവഗണനയുടെ തമോഗർത്തങ്ങളിലേക്കെറിയപ്പെട്ടൊരു ശ്രേഷ്ടതാരകമായിരുന്നു ഇരാവാൻ.


അർജ്ജുനന്റെ മൂന്നാം ഭാര്യ ആയിരുന്നു ചിത്രാംഗത.മഹാരാജാവ് ചിത്രവാഹനന്റെ പൂവ്വികർ ശിവനെ പ്രസാദിപ്പിച്ച് വരം നേടിയിരുന്നു- തങ്ങളുടെ വംശത്തിൽ പുത്രന്മാർ മാത്രമേ ജനിക്കൂ എന്ന്. പല തലമുറകളോളം വരം ഫലിച്ചെങ്കിലും ചിത്രവാഹനന്റെ കാര്യത്തിൽ അതു പിഴച്ചു. നിരാശനാകാതെ മഹാരാജാവ് പുത്രിയെ പുത്രനായി അംഗീകരിച്ച് പുരുഷോചിതമായ എല്ലാ വിദ്യകളും അഭ്യസിപ്പിച്ചു. ചിത്രാംഗദ യുദ്ധമുറകളിൽ അതി സമർഥയായിത്തീന്നു. യാദൃച്ഛികമായി അർജുനനെ കാണാനിടവന്ന ചിത്രാംഗദ അയാളിൽ അനുരക്തയായി. അർജുനനുമായുളള വിവാഹത്തിന് ചിത്രവാഹനൻ ഒരു നിബന്ധന വെച്ചു അവർക്കുണ്ടാകുന്ന പുത്രൻ മാതാവിനോടൊത്ത് മണിപ്പൂരിൽ താമസിക്കുമെന്നും പ്രായപൂർത്തിയാവുമ്പോൾ മണിപ്പൂരിലെ രാജാവാകുമെന്നും. ഈ നിബന്ധന അർജുനൻ അംഗീകരിച്ചു. ചിത്രാംഗദയുടേയും അർജുനന്റേയും മകനാണ് ബഭ്രുവാഹനനൻ.[1]

അശ്വമേധിക പർവ്വത്തിൽ ഈ മൂന്നു കഥാപാത്രങ്ങളും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ബഭ്രുവാഹനൻ അർജുനനെ അമ്പെയ്തു കൊല്ലുകയും പിന്നീട് ഉലൂപി മൃതസഞ്ജീവിനി രത്നമുപയോഗിച്ച് അർജുനനെ പുനരുജ്ജീവിപ്പിക്കയുമുണ്ടായി. ചിത്രാംഗദ അർജുനനോടൊപ്പം പാണ്ഡവരാജധാനിയിലേക്കു ചെന്നു. അവിടെ ചിത്രാംഗദയുടെ പ്രധാന ചുമതല ഗാന്ധാരിയെ സേവിക്കലായിരുന്നു. പാണ്ഡവരുടെ മഹാപ്രസ്ഥാനത്തിനു ശേഷം ചിത്രാംഗദ മണിപ്പൂരിലേക്കു തിരിച്ചു പോയെന്ന് മഹാപ്രസ്ഥാന പർവ്വത്തിൽ പറയുന്നു. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം പാപനിവാരണതിനും ദോഷണിവൃത്തിക്കുമായി യുധിഷ്ഠിരൻ അശ്വമേധയാഗം നടത്തി.യാഗാശ്വമായ ‘ശ്യാമകർണൻ' ജൈത്രയാത്ര പുറപ്പെട്ടു.കർണപുത്രൻ വൃഷകേതു,ഘടോത്കച്ച പുത്രൻ മേഘവർണൻ, പ്രദ്യുംനൻ,ശ്രീകൃഷ്ണൻ എന്നിവർ അർജുന,ഭീമ, നകുല സഹദേവൻമാരോടൊപ്പം യാഗാശ്വത്തെ അനുഗമിച്ചു.പലരാജ്യങ്ങൾ കീഴടക്കിയ ശേഷം അശ്വാം മഹിഷ്മതിയിൽ എത്തി.അവിടെ വച്ച് രാജാ പ്രവീരൻ യാഗശ്വത്തെ ബന്ധിക്കുകയും അർജ്ജുനന് മായി യുദ്ധം ചെയ്ത് പരാജയപ്പെട്ടു.കാര്യം അറിഞ്ഞ പ്രവീര പിതാവായ നിലധ്വജൻ,അമ്മ ജ്വലമുഖി എന്നിവർ കൃദ്ധരായി. ജ്വലാമുഖി തന്റെ മകൾ സ്വാഹയുടെ പതിയായ അഗ്നിയോട് അർജ്ജുനനെ വെല്ലുവിളിക്കാൻ നിർദ്ദേശിച്ചു.അഗ്നി പരാജയപ്പെട്ടു.ജ്വലമുഖിയുടെ സഹോദരനായ ഉന്മുക്തൻ ആകട്ടെ യുദ്ധത്തിന് തയാറായതുമില്ല. മാനഹാനി സംഭവിച്ച ജ്വലാമുഖി ഭീഷ്മ മാതാവായ ഗംഗയെ സമീപിച്ചു.ഭീഷ്മ മൃത്യുവിൽ അർജ്ജുനൻ ചതി പ്രയോഗിച്ചത് ഓർമിപ്പിച്ച് ഗംഗയെ പ്രകോപിപ്പിച്ചു.ഗംഗ അർജ്ജുനനെ 6 മാസത്തിനുള്ളിൽ സ്വപുത്രനാൽ വധിക്കപ്പെടുമെന്ന് ശപിച്ചു.

കാര്യം അറിഞ്ഞ അർജ്ജുനന്റെ രണ്ടാം ഭാര്യ ഉലൂപി ഗംഗയെ തന്റെ പിതാവിനോടൊപ്പം സമീപിക്കുകയും ശാപമോക്ഷം നൽകാൻ അപേക്ഷിക്കുകയും ചെയ്തു. ശാപം പിൻവലിക്കുക അസാധ്യമെന്നു പറയുകയും അർജുന മൃത്യുവിന് ശേഷം ഉലൂപി തപശക്തിയിലൂടെ നേടിയ മൃത സഞ്ജീവിക മണി ഉപയോഗിച്ച് പുനർ ജനിപ്പികാമെന്ന് മോക്ഷം നൽകി.

പ്രമീളാദേവി യുമായുള്ള വിവാഹത്തിന് ശേഷം അർജ്ജുനൻ മണിപ്പൂരിൽ എത്തി.അവിടെ വച്ച് ഉലൂപി താൻ വളർത്തുകയും വിദ്യ പ്രദാനം ചെയ്യുകയും ചെയ്ത അർജുന ചിത്രംഗദാ പുത്രനായ ബഭ്രുവാഹനനോട് അർജ്ജുനന് നേരെ ആയുധമെടുത്ത് യുദ്ധം ചെയ്യാൻ കല്പിച്ചു. മാതാവിനേക്കാൾ താൻ സ്നേഹിച്ച ജ്യേഷ്ടമാതാവിന്റെ ആഗ്രഹ പ്രകാരം അർജുന നോട് യുദ്ധം ചെയ്യാൻ വന്നു.ആദ്യം വന്നത് ഭീമനും നകുല സഹദേവന്മാരും മേഘവർണനും ആയിരുന്നു.പണ്ടവപത്‌നിമാരിൽ ഏറ്റവും ശക്തി ശാലിയായ ഉലൂപി വളർത്തിയവനല്ലെ,ഏവരും പരാജയപ്പെട്ടു.അവസാനം കർണ പുത്രൻ വൃഷകെതൂ വരികയും ബഭ്രുവാഹനനുമായി ധീരമായി പോരാടി മരണമടഞ്ഞു.തന്റെ പ്രിയ ജ്യേഷ്ഠനായ കർണന്റെ മകൻ എന്നതിലുപരി അർജ്ജുനൻ അഭിമന്യുവിനെ യും ഇറാവനെയും കാൾ താൻ സ്നേഹിച്ച തന്റെ ദത്തുപുത്രൻ വധിക്കപ്പെട്ടത് കണ്ട് അർജ്ജുനൻ രുദ്രനായി തന്റെ മകനെ അക്രമിക്കാണായി വന്നു. ഘോരയുദ്ധം നടക്കുകയും ബഭ്രുവാഹനൻ അർജ്ജുനന്റെ ശിരച്ഛേദം നടത്തുകയും ചെയ്തു.അങ്ങനെ ഗംഗാ ശാപം ഫലിച്ചു.

ഉലൂപികയുടെ മായാപ്രയോഗം തിരുത്തുക അർജ്ജുനന്റെ മരണ ശേഷം അതീവ ദുഃഖിതനായ ബഭ്രുവാഹനൻ ആത്മാഹുതി ചെയ്യാൻ പുറപ്പെട്ടു. ഈ സമയം കൃഷ്ണനും ഉലൂപിയും ആഗതരാവുകയും സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. ഉലൂപി തന്റെ മന്ത്രി പുണ്ടരീക്നോട് നാഗമണി കൊണ്ടുവരാൻ കല്പിച്ചു.അർജുന നോടു ഏറെ ശത്രുതയുള്ൾ ചണ്ടക ധൃതരാഷ്ട്ര നാഗത്തിന്റെ പുത്രനായ ദുർബുദ്ദി നാഗമാണി അപഹരിക്കുകയും തടയാനായി വന്ന ഭാര്യ ധാമിനിയെ കൊല്ലുകയും ചെയ്തു.കാര്യമറിഞ്ഞ ബഭ്രുവാഹനന് ദുർബുദ്ദിയെ പരാജയപ്പെടുത്തി നാഗമനി കൈക്കലാക്കി.എന്നാല് ദുർഭുധി അർജ്ജുനന്റെ ശിരാസുമായി പലായനം ചെയ്തു.ശ്രീകൃഷ്ണൻ അവനെ കൊന്നു ശിരസ്സുമായി തിരിച്ചെത്തി മൃത സഞ്ജീവികയാൽ അർജുന വൃഷകേതൂ മാരെ പുനർജീവിപ്പിച്ച്.കുടുംബം ഒന്നടങ്കം സംഗമിച്ചതോടെ അർജ്ജുനൻ ഭാര്യമാരോടും മകനോടുമൊപ്പം ഹസ്തിനപുറിയിലേക്ക്‌ മടങ്ങി [1]


അർജ്ജുനന്റെ നാലാം ഭാര്യ ആയിരുന്നു സുഭദ്ര. അർജ്ജുനനും സുഭദ്രയുടെ സഹോദരനായ ഗഡയും ദ്രോണർക്ക് കീഴിൽ പഠനം നടത്തിയവരായിരുന്നു. ഒരു വർഷത്തേക്ക് നാടുകടത്തപ്പെട്ടപ്പോൾ അർജ്ജുനൻ ദ്വാരകയിലെത്തുകയും സുഭദ്രയുമായി പ്രണയത്തിലാവുകയും ചെയ്തു. തുടർന്ന് അർജ്ജുനൻ സുഭദ്രയെ വിവാഹം ചെയ്തു. ശ്രീകൃഷ്ണൻറെ അർദ്ധ സഹോദരിയായിരുന്നു സുഭദ്ര. സുഭദ്രയെ അപഹരിച്ചുകൊണ്ടുപോകാൻ ശ്രീകൃഷ്ണൻ അർജ്ജുനനോട് ആവശ്യപ്പെട്ടു. ദ്രൗപതിയുമായി കണ്ടുമുട്ടിയപ്പോൾ ഉടൻ തന്നെ അർജ്ജുനനെ വിവാഹം ചെയ്ത കാര്യം അവൾ പറഞ്ഞില്ല. ഒരു മണിക്കൂറിന് ശേഷം, അവർ സുഹൃത്തുക്കളായി കഴിഞ്ഞ ശേഷം ഇക്കാര്യം അവൾ ഏറ്റു പറയുകയും ദ്രൗപതി അവളെ സ്വീകരിക്കുകയും ചെയ്തു.


മഹാഭാരതത്തിലെ ഒരു ദുരന്തകഥാപാത്രമാണ് അഭിമന്യു. പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രൻറെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യു അച്ഛനോളം പോന്ന വില്ലാളിയാണ്.

ഗർഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂർമ്മവ്യൂഹം, സർപ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികൾ അർജ്ജുനൻ പത്നിയെ സവിസ്തരം വിവരിച്ചുകേൾപ്പിച്ചു. വ്യൂഹങ്ങളിൽ പ്രധാനമായ ചക്രവ്യൂഹത്തിൽ കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അർജ്ജുനൻ വിവരണം നിർത്തി. അതിനാൽ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കിയ അഭിമന്യുവിന് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴിവരെ മാത്രമേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തിൽനിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാൻ സാധിക്കാത്തത് പിൽക്കാലത്ത് മഹാഭാരതയുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.

അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണൻറെ പ്രത്യേകശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാടരാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അർജ്ജുനൻ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്.

മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.

എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു.

പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.

തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രൻ ലക്ഷ്മൺ, അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മാരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു. കർണ്ണൻ അഭിമന്യുവിൻറെ മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോൾ ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു. മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.

ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്. ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു. ഭരതൻ വീണ്ടും യുദ്ധമുഖത്തെത്തിയപ്പോൾ അഭിമന്യു നിരായുധനായി അർദ്ധജീവനുമായി നിന്നു പോരാടുന്നതാണ്. ഈ സമയം ഒട്ടും പാഴാക്കാതെ ഗദയുമായി എത്തിയ ഭരതൻ അഭിമന്യുവിനെ വധിച്ചു.

മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ.


അർജ്ജുനന്റെ നാലാം ഭാര്യ പ്രമീളാ ദേവി ആയിരുന്നു.യുധിഷ്ഠിരന്റെ അശ്വമേധ യാഗത്തിൽ അശ്വത്തെ അനുഗമിച്ചു ദിഗ്വിജയം നടത്തിയ അർജ്ജുനൻ എത്തിച്ചേർന്നത് സ്ത്രീരാജ്യമായ നാരീ പുരത്താണ്.

അവിടെയുള്ളവരെല്ലാം സ്ത്രീകളായിരുന്നു .  ഈ നാരീപുരത്തിന്റെ രാജ്ഞിയായിരുന്നു പ്രമീളാ റാണി.

ഇത്തരത്തിൽ നാരീപുരത്തിൽ എത്തിച്ചേർന്ന യുധിഷ്ടിരന്റെ അശ്വത്തെ രാജ്ഞി പിടിച്ചു കെട്ടുകയും , അതിനെത്തുടർന്നു അർജുനനും സൈന്യവും പ്രമീളയോട് യുദ്ധം ചെയ്യുകയും ചെയ്യുന്നു. ഒരു ലക്ഷത്തോളം സ്ത്രീകൾ കൊലകൊമ്പനാനകളിലു, ഒരു ലക്ഷം പേർ കുതിരകളിലും, ഒരു ലക്ഷം പേർ തേരുകളിലും വന്നെത്തി. അവരും അർജുനന്റെ സൈന്യവും തമ്മിൽ യുദ്ധമുണ്ടായി. എന്നാൽ അർജ്ജുനൻ പ്രമീളയോട് ഏറ്റുമുട്ടി പരാജിതനാകുകയായിരുന്നു . ഒടുവിൽ പ്രമീളയെ വധിക്കാനായി ദിവ്യാസ്ത്രം പ്രയോഗിക്കാനൊരുങ്ങിയ അർജുനനെ, ഒരു അശരീരി അതിൽ നിന്നും പിന്തിരിപ്പിക്കുകയും , പ്രമീളയെ വിവാഹം കഴിക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു. ആ അശരീരി വാക്യം അനുസരിച്ച് അർജുനൻ പ്രമീളയെ വിവാഹം ചെയ്തു യുദ്ധം അവസാനിപ്പിച്ചു. തുടർന്ന് വീണ്ടും ദിഗ്വിജയം ചെയ്തു.

പ്രമീള അതിശക്തയായ ഒരു യുവതിയായിരുന്നു . തന്റെ മന്ത്രിണിയായിരുന്ന മന്മഥമഞ്ജരി എന്ന സ്ത്രീരത്നത്തിന്റെ സഹായത്തോടെ യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിൽ ദിഗ്‌വിജയത്തിനു ഇറങ്ങിത്തിരിച്ച അർജ്ജുനന്റെ സേനയെ യുദ്ധത്തിലേർപ്പെട്ട് തോൽപ്പിക്കുകയും അർജ്ജുനനെ നിസ്സഹായനാക്കുകയും ചെയ്തുവത്രേ. ആയുധപ്രയോഗത്തിൽ സമർത്ഥയായ പ്രമീള നല്ലൊരു അശ്വസവാരിക്കാരിയും അസ്ത്രജ്ഞയുമായിരുന്നു. തനിക്കേർപ്പെട്ട തോൽവിയുടെ മാനക്കേട് മറയ്ക്കാനാണ് അർജ്ജുനൻ ഇവരെ വിവാഹം ചെയ്തത് .


നകുലന്റെ രണ്ടാം ഭാര്യ ചേധിയിലേ രാജകുമാരി കരേനുമതീ ആയിരുന്നു. അശ്വോത്സവത്തിനായി പോയ നകുലനെ കരെനുമതീ കാമിക്കുകയും പിതാവും ശിശുപാല സോദരനുമായ ദശഗ്രീവന്റെ സമ്മതത്തോടെ രാഷ്ട്രീയ സഖ്യ രൂപത്തിൽ വിവാഹം ചെയ്യുകയും ഉണ്ടായി.നകുലന് ചേദിരാജകുമാരിയായ കരേണുമതിയിൽ ജനിച്ച പുത്രനാണ് നിരമിത്രൻ . ഭാരതയുദ്ധത്തിൽ വച്ച് ഇദ്ദേഹത്തെ ദ്രോണാചാര്യർ വധിച്ചു .

മദ്രദേശത്തെ രാജാവായ ദ്യുതിമാന്റെ പുത്രിയാണ് വിജയ .

ഈ വിജയയെ പഞ്ചപാണ്ഡവരിൽ ഇളയവനായ സഹദേവൻ വിവാഹം കഴിച്ചു .

സഹദേവന് ഇവളിൽ "സുഹോത്രൻ" എന്നൊരു ഉത്തമ പുത്രനുണ്ടായി .

സഹദേവന്റെ പുത്രനാണ് സുഹോത്രൻ.

ഇദ്ദേഹം സഹദേവന് മദ്രദേശത്തെ രാജാവായ ദ്യുതിമാന്റെ പുത്രിയായ , വിജയയിൽ ജനിച്ച പുത്രനാണ് .

ഇദ്ദേഹം പാണ്ഡവരുടെ രാജസൂയത്തിൽ സംബന്ധിച്ചിരുന്നു .

പഞ്ചപാണ്ഡവ - ദ്രൗപദീ ധാർമിക വിവാഹം

തിരുത്തുക

ഒരു സ്ത്രീ അഞ്ചു പുരുഷന്മാരെ വിവാഹം ചെയ്യുന്നത് ധർമം ആണോ എന്ന് ചിന്തിച്ചേക്കാം.എന്നാല് ദ്രൗപതി ബഹുഭർതൃത്വം സ്വീകരിച്ചു.

ആരെ എങ്ങനെ എപ്പോൾ എത്ര എന്നിങ്ങനെ വിവാഹം കഴിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്.

എന്നാല് പുരുഷ കേന്ദ്രീകൃതമായ ഒരു പൂർവ സംസ്കാരത്തിൽ സ്ത്രീകൾ ഈ വ്യക്തി സ്വാതന്ത്ര്യം വിനിയോഗിക്കാറില്ല. എന്നാല് പുരുഷന്മാർക്ക് ഇതിന് അർഹത ഉണ്ട് താനും.

ഇനി ഉണ്ടെങ്കിൽ തന്നെ അനേകം ഭാര്യമാരെ സംരക്ഷിക്കുന്നത് പോലെ ഒരു സ്ത്രീ അനേകം പുരുഷന്മാരെ സംരക്ഷിക്കുക എന്നത് വളരെ കഠിനകരം ആണ്.

എങ്കിലും ദ്രൗപദി,മാധവി, വർഷി,മരീഷ, ജടില, ഭമാസ്വി എന്നിങ്ങനെയുള്ള ശക്തരായ പൗരാണിക സ്ത്രീകൾ ഈ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുണ്ട്.

പതിവ്രത എന്ന വാക്കിനർത്ഥം പതിയെ വ്രതമായി കാണുന്നവൾ എന്നാണ്. ഇതിന് നിശ്ചിതമായ എണ്ണം പരാമർശിച്ചിട്ടില്ല. അതിനാൽ വരണമാല്യം ചാർത്തിയ ഭർ്താക്കന്മാരെ വ്രതമായി കണ്ടാലും പതിവ്രത തന്നെ.

പതിമാർക്കും പത്നിയും പൂർണ സമത മാണെകിൽ ബഹുഭർതരുത്വം ധർമം തന്നെ.

ദ്രൗപദി വിവാഹ ശപതഅങ്ങൾ


പഞ്ച പാണ്ഡവർ പൂർണമായും ദ്രൗപദി സ്വന്തം ശരീരവും മനസ്സും സമർപ്പിക്കണം.

ഒരോ വർഷവും ഓരോ പാണ്ഡവരുടെ കൂടെ മാത്രമേ വസിക്കവൂ.

അവരിരുമിച്ചിരിക്കെ മറ്റു പാണ്ഡവർ അരയിൽ പ്രവേഷ ഇക്കരുത്ത്.

വർഷാവർഷം അഗ്നി സമക്ഷം വ്രതം അനുഷ്ഠിക്കുക.

ജീവിതത്തെ തപസ്സാക്കി മാറ്റുക

പാണ്ഡവരുടെ മറ്റു സപത്നിമാർ ദ്രൗപതി യും പാണ്ഡവരും വസിക്കുന നഗരത്തിൽ പ്രവേ ശനം നിഷിദ്ധമാണ്.

ദ്രൗപതി ജീവിക്കുന്നിടത് ദ്രൗപതി അല്ലാതെ മറ്റൊരു മഹാറാണി ഉണ്ടാകരുത്.


  1. മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്


മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ      
യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ
"https://ml.wikipedia.org/w/index.php?title=പാണ്ഡവർ&oldid=3922185" എന്ന താളിൽനിന്ന് ശേഖരിച്ചത്