മയിൽപ്പീലി (ആൽബം)
എസ്. രമേശൻ നായരുടെ രചനയിലും ജയവിജയന്മാരിലെ ജയന്റെ സംഗീത സംവിധാനത്തിലും മലയാളത്തിൽ തരംഗിണി പുറത്തിറക്കിയ ഒരു ഭക്തിഗാന ആൽബമാണ് മയിൽപ്പീലി.[2] ശ്രീ ഗുരുവായൂരപ്പനെ സ്തുതിച്ച് ഇറക്കിയ ഈ ആൽബത്തിൽ 9 ഗാനങ്ങളായിരുന്നു അടങ്ങിയിരുന്നത്. എല്ലാ ഗാനങ്ങളും ആലപിച്ചത് കെ.ജെ. യേശുദാസായിരുന്നു.[3][4] ഇറങ്ങിയ സമയത്തു തന്നെ വളരെയധികം വിറ്റഴിഞ്ഞ ഈ ആൽബം മലയാള സംഗീതശാഖയിലെ ഒരു ക്ലാസിക്കായി പരിഗണിക്കപ്പെടുന്നു. ഇന്നും ഇതിലെ ഗാനങ്ങൾ ഹിറ്റായി നിൽക്കുന്നു.
മയിൽപ്പീലി | |
---|---|
Compilation album by എസ്. രമേശൻ നായർ, ജയൻ (ജയ-വിജയൻ), കെ.ജെ. യേശുദാസ് | |
പുറത്തിറങ്ങിയത് | 1988[1] |
വിഭാഗം | ഭക്തിഗാനങ്ങൾ |
ലേബൽ | തരംഗിണി |
ഗാനങ്ങൾ
തിരുത്തുക# | ഗാനം | ദൈർഘ്യം | |
---|---|---|---|
1. | "രാധതൻ പ്രേമത്തോടാണോ കൃഷ്ണാ..." | ||
2. | "അണിവാകച്ചാർത്തിൽ ഞാൻ..." | ||
3. | "ചന്ദനചർച്ചിതനീലഗളേവരം..." | ||
4. | "ചെമ്പൈക്കു നാദം നിലച്ചപ്പോൾ..." | ||
5. | "ഗുരുവായൂരപ്പാ നിൻ..." | ||
6. | "ഹരികാംബോജി രാഗം..." | ||
7. | "നീയെന്നെ ഗായകനാക്കി..." | ||
8. | "ഒരു പിടി അവിലുമായി..." | ||
9. | "യമുനയിൽ ഖരഹരപ്രിയയായിരുന്നെങ്കിൽ..." |
ആൽബത്തിന്റെ ഉദ്ഭവം
തിരുത്തുകജയവിജയന്മാരിലെ ജയൻ ഒറ്റയ്ക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യത്തെ ആൽബമായിരുന്നു മയിൽപ്പീലി. ഇരട്ടസഹോദരനായിരുന്ന വിജയന്റെ അകാലമരണത്തെത്തുടർന്ന് സംഗീതലോകത്തോട് വിടപറഞ്ഞ ജയനെ ആത്മസുഹൃത്തായ യേശുദാസ് നിർബന്ധിച്ച് മടക്കിക്കൊണ്ടുവരികയായിരുന്നു. അന്ന് തിരുവനന്തപുരം ആകാശവാണി നിലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന എസ്. രമേശൻ നായരുടെ വീട്ടിലേയ്ക്ക് യേശുദാസ് ജയനെ കൂട്ടിക്കൊണ്ടുപോയി. അപ്പോൾ തന്നെ ഗാനസൃഷ്ടിയ്ക്കുള്ള പരിപാടികൾ തുടങ്ങാൻ യേശുദാസും രമേശൻ നായരും ചേർന്ന് തീരുമാനിച്ചു. തുടർന്ന് രമേശൻ നായർ വരികൾ എഴുതിത്തുടങ്ങുകയും ജയൻ അവയ്ക്ക് ഈണം നൽകാൻ തുടങ്ങുകയും ചെയ്തു. അന്ന് അർദ്ധരാത്രിയായപ്പോഴേയ്ക്കും എട്ടുപാട്ടുകൾ എഴുതി ചിട്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു.
അവസാനമായി ഒരു ഗാനം ആദ്യം ഈണമിട്ട് അതിന് അനുസരിച്ച് എഴുതാമെന്ന് രമേശൻ നായർ തീരുമാനിയ്ക്കുകയായിരുന്നു. അതിനുമുമ്പ് അദ്ദേഹം കുറച്ചുനേരം ടി.വി. കാണാനായി ഇരുന്നു. അപ്പോൾ അദ്ദേഹം കണ്ടത് ഒരു ഗസൽ പരിപാടിയാണ്. അതിൽ കേട്ട ഒരു ഗസലിന്റെ ഈണം ജയനെ വളരെയധികം സ്വാധീനിയ്ക്കുകയും അപ്പോൾത്തന്നെ പ്രസ്തുത ഗസലിന്റെ രാഗത്തിൽ ഒരു ഈണം തയ്യാറാക്കുകയും ചെയ്തു. ആഭേരി രാഗത്തോട് സാദൃശ്യം തോന്നുന്ന ഒരു ഹിന്ദുസ്ഥാനിരാഗമായിരുന്നു അത്. രമേശൻ നായർ അപ്പോൾ തന്നെ വരികൾ എഴുതിച്ചേർത്തു. ആ ഗാനമാണ് രാധതൻ പ്രേമത്തോടാണോ കൃഷ്ണാ.. എന്ന പ്രസിദ്ധ ഗാനം. അങ്ങനെ ഒറ്റരാത്രി കൊണ്ടാണ് ആ ആൽബത്തിലെ ഒമ്പതുഗാനങ്ങളും പിറവിയെടുത്തത്. പിറ്റേന്നുതന്നെ ആ ഗാനങ്ങൾ തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുകയും 1988 നവംബറിൽ പുറത്തിറക്കുകയും ചെയ്തു.
സ്വീകരണം
തിരുത്തുകപുറത്തിറങ്ങിയ സമയത്തുതന്നെ വൻ ജനപ്രീതിയാണ് മയിൽപ്പീലിയിലെ ഗാനങ്ങൾക്ക് ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോയിരുന്നു. ജാതിമതഭേദമില്ലാതെ കേരളീയർ ഈ ആൽബം ഏറ്റുവാങ്ങി. കേരളമെമ്പാടുമുള്ള ഭക്തിഗാനമേളകളിൽ മയിൽപ്പീലിയിലെ ഗാനങ്ങൾ നിത്യസാന്നിദ്ധ്യമായി. കാസറ്റ് യുഗം കഴിഞ്ഞ് സിഡിയും പെൻ ഡ്രൈവുമെല്ലാം വന്നിട്ടും മയിൽപ്പീലിയ്ക്ക് ഇന്നും ശ്രോതാക്കൾക്കിടയിൽ വൻ ജനപ്രീതിയാണ്.
അവലംബം
തിരുത്തുക- ↑ "മയിൽപ്പീലി ആൽബം". m3db.com. 26 May 2015. Retrieved 18 ഏപ്രിൽ 2016.
- ↑ ഷാജൻ.സി.മാത്യു (2016-04-09). "രാധതൻ പ്രേമത്തോടാണോ കൃഷ്ണാ..." manoramaonline.com. Archived from the original on 2016-04-17. Retrieved 2016-04-17.
- ↑ "About Mayilppeeli". MSIdb.org. Retrieved 18 October 2014.
- ↑ "Mayilppeeli". MusicIndiaOnline. Archived from the original on 2016-03-04. Retrieved 18 October 2014.