എസ്. രമേശൻ നായർ
മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവുമാണ് എസ്. രമേശൻ നായർ. ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്[1], അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും[2] ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും[3] ആശാൻ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്[4]. 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു. [5]
എസ്. രമേശൻ നായർ | |
---|---|
![]() | |
ജനനം | മേയ് 3, 1948 |
തൊഴിൽ | ഗാനരചയിതാവ്, റേഡിയോ പ്രക്ഷേപകൻ,തിരക്കഥാകൃത്ത്, കവി, കഥാകൃത്ത് |
1948 മേയ് 3-ന് മേടമാസത്തിലെ ചതയം നക്ഷത്രത്തിൽ കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ജനിച്ചു. പരേതരായ ഷഡാനനൻ തമ്പിയും പാർവ്വതിയമ്മയുമാണ് മാതാപിതാക്കൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ നിലവിലെ സംസ്ഥാന പ്രസിഡണ്ടാണ് ഇദ്ദേഹം. തൃശ്ശൂർ വിവേകോദയം സ്കൂൾ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്.