ഭജ ഗോവിന്ദം

(ഭജഗോവിന്ദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശങ്കരാചാര്യർ രചിച്ച കവിതകളിലൊന്നാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഇതിന്റെ പൂർണ്ണരൂപത്തിൽ മുപ്പത്തിരണ്ടു ശ്ലോകങ്ങൾ ഉണ്ട്. പാദാകുലകം (തരംഗിണി) വൃത്തത്തിലാണ് ഇത് എഴുതിയിരിക്കുന്നത്.

പേരിനു പിന്നിൽ

തിരുത്തുക

ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത കാണിക്കുന്ന വരികളിലൂടെ മോഹത്തെ ദൂരികരിക്കുന്നതിനാലാണ്‌ ഇതിനെ മോഹമുദ്ഗരയെന്ന്‌ പറയുന്നത്‌. ഭജന പോലെ പാടുമ്പോൾ ഓരോ ശ്ലോകത്തിനും ശേഷം ഒന്നാമത്തെ ശ്ലോകം ആവർത്തിക്കുന്നതുകൊണ്ട്‌ ഇതിന്‌ എറെ കേട്ടറിവുള്ള പേരാണ്‌ ഭജഗോവിന്ദം

ഐതിഹ്യം

തിരുത്തുക

ദേശാടനം ചെയ്യുന്നവേളയിൽ ആദി ശങ്കരൻ വ്യാകരണ സംബന്ധിയായ സംസ്കൃത ശ്ലോകങ്ങൾ വളരെ പ്രയാസപ്പെട്ട്‌ ഹൃദിസ്ഥമാക്കാൻ ശ്രമിക്കുന്ന ഒരു വിദ്യാർത്ഥിയെ കാണുവാനിടയായി. അദ്ദേഹം ഉപദേശരൂപേണ പാടിയ നാലു വരികളാണ്‌ പിന്നീട്‌ മുപ്പത്തി രണ്ടു ശ്ലോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്‌ എന്നാണ് ഐതിഹ്യം. എന്നാൽ ഇത് യാഥാർത്ഥ്യമല്ല. വ്യാകരണപണ്ഡിതനായ ഒരു കവി ഒരിക്കലും വ്യാകരണപഠനത്തെയും ലൗകികജീവിതത്തെയുംതമ്മിൽ താരതമ്യപ്പെടുത്തുകയില്ല. ഗോവിന്ദം ഭജ എന്നും ഭജ ഗോവിന്ദം എന്നും ഉപസർഗ്ഗവും (Suffix) പ്രത്യയവും (Prefix) പരസ്പരം മാറ്റിമാറ്റിപ്പാടിയാൽ മരണനേരത്ത് യാതൊരു രക്ഷയും ലഭിക്കില്ല എന്നാണ് ആദ്യത്തെ ശ്ളോകത്തിൻ്റെ അർത്ഥം. മൂഢമതിന്ദം എന്ന പദം തിരുത്തി മൂഢമതേ എന്നും മരണേ എന്ന പദം തിരുത്തി കാലേ എന്നുമാക്കി തിരുത്തിച്ചേർത്ത് ശ്ളോകത്തിൻ്റെ അർത്ഥം കീഴ്മേൽ മറിച്ചു. ഗോവിന്ദനെ ഭജിക്കാത്തവർ മൂഢന്മാരാണ് എന്ന അർത്ഥത്തിൽ അതു കലാശിച്ചു. കൂടാതെ ധാരാളം തിരുത്തലുകളും വരുത്തി.

ചരിത്രം

തിരുത്തുക

പാദാകുലകം എന്ന വൃത്തത്തിൽ അന്ത്യപ്രാസത്തോടുകൂടിയതാണ് മോഹമുദ്ഗരം. മലയാളത്തിലെ തരംഗിണിവൃത്തത്തിനു സമാനമാണ് സംസ്കൃതത്തിലെ പാദാകുലകം വൃത്തം. ശങ്കരാചാര്യർ എഴുതിയ മോഹമുദ്ഗരത്തെ വികലമാക്കാൻ നിരവധി കോണുകളിൽനിന്ന് ഗൂഢമായ ശ്രമം നടന്നിട്ടുണ്ട്. കവി AD 700 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സംസ്കൃതഭാഷാവൈയാകരണനാണ്. അദ്ദേഹം അദ്വൈതവാദിയായ യുക്തിവാദിയായിരുന്നു. ലൗകികജവിതം ത്യജിച്ചാൽമാത്രമേ ഒരു മനുഷ്യന് മോഹത്തിൽനന്നെല്ലാം മുക്തി ലഭിക്കുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. അക്കാലത്തെ മതാചാരങ്ങളെയും മതപുരോഹിതന്മാരെയും കണക്കിനു കളിയാക്കുന്നതാണ് ഭജ ഗോവിന്ദം. എന്നാൽ കാവ്യത്തിൽ പ്രകടമായ തിരുത്തുകൾ വരുത്തി ഭക്തികാവ്യമാക്കി ചില തത്പരകക്ഷികൾ മാറ്റിയെഴുതിയതിൻ്റെ ഫലമായി പലയിടങ്ങളിലും അർത്ഥത്തിലും വ്യാകരണത്തിലും വൃത്തത്തിലും പ്രാസത്തിലും കാതലായ തെറ്റുകൾ കടന്നുകൂടി. ഇതിനായി ഐതിഹ്യം എന്ന പേരിൽ ഒരു കെട്ടുകഥതന്നെ ചമച്ചുവച്ചു.

ചിലശ്ലോകങ്ങളും വ്യാഖ്യാനങ്ങളൂം

തിരുത്തുക

ഇതിലെ വരികളുടെ അർത്ഥം ഹ്രസ്വമായി അതത്‌ ശ്ലോകങ്ങൾക്കു ചുവടെ കൊടുത്തിരിക്കുന്നു. അദ്വൈതിയായ ഒരു സന്യാസിയുടെ വീക്ഷണകോണിൽ നിന്നു വേണം കുറുക്കിയെഴുതിയിരിക്കുന്ന വ്യാഖ്യാനവും നോക്കിക്കാണാൻ.

ദ്വാത്രിംശഞ്ജനികാഭിരു സ്തോത്രം


ഹേ മൂഢാ, ധനാഗമത്തിന്റെ തൃഷ്ണ നീ ത്യജിച്ച്‌ മനസ്സിൽ നല്ല വിചാരം വളർത്തൂ. നിന്റെ കർമ്മത്തിന്റെ ഫലമായി നിനക്ക്‌ എന്ത്‌ ലഭിക്കുന്നുവോ, അതുകൊണ്ട്‌ മനസ്സിനെ തൃപ്തിപ്പെടുത്തൂ.

സ്ത്രീയുടെ സുന്ദരമായ ശരീരഭംഗി കണ്ട്‌ മനസ്സിൽ മോഹാവേശം കൊള്ളാതിരിക്കൂ. ഇത്‌ മജ്ജ, മാംസം, കൊഴുപ്പ്‌ ആദിയായവയുടെ സമ്മേളനം മാത്രമാണെന്ന്‌ മനസ്സിൽ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിക്കൂ.

താമരപ്പൂവിന്റെ ദളത്തിലിരിക്കുന്ന നീർത്തുള്ളിയോളം അതിശയമാം വണ്ണം ചപലമാണ്‌ ജീവിതവും. വ്യാധിയും അഹങ്കാരവും കൊണ്ട്‌ സമസ്ത ലോകവും ശോകത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നുവെന്ന്‌ നീ അറിയൂ. [1]

എത്രത്തോളം കാലം നിനക്ക്‌ ധനം ആർജ്ജിക്കാൻ കഴിയുന്നുവോ അത്രത്തോളം കാലം മാത്രമേ നിനക്ക്‌ പരിവാരവും ഉണ്ടാകൂ. പിന്നീട്‌ ദുർബല ദേഹവുമായി ജീവിക്കുമ്പോൾ ഒരു വാക്ക്‌ പോലും ചോദിക്കാൻ ആരും ഉണ്ടാവുകയില്ല.

എത്രത്തോളം കാലം ദേഹത്ത്‌ പ്രാണൻ നിൽക്കുന്നുവോ അത്രത്തോളം കാലമേ നിന്റെ ക്ഷേമം നിന്റെ വീട്ടുകാർ നോക്കുകയുള്ളൂ. പ്രാണൻ പോയി ദേഹം ചീഞ്ഞു തുടങ്ങിയാൽ ഭാര്യ പോലും ആ ദേഹം കണ്ട്‌ ഭയക്കുന്നു.

ഒരുവൻ ബാലനായിരിക്കുന്നിടത്തോളം കാലം കളികളിൽ ആസക്തനായിരിക്കുന്നു. ഒരുവൻ യുവാവായിരിക്കുന്നിടത്തോളം കാലം യുവതിയിൽ ആസക്തനായിരിക്കുന്നു. ഒരുവൻ വൃദ്ധനായിരിക്കുന്നിടത്തോളം കാലം വ്യാകുലചിന്തകളിൽ ആസക്തനായിരിക്കുന്നു. എന്നാൽ ഒരു കാലത്തും ഒരാളും സർവ്വേശ്വരനിൽ ആസക്തനാകുന്നില്ല.

ആരാണു നിന്റെ ഭാര്യ, ആരാണു നിന്റെ പുത്രൻ, ഈ ലോക ജീവിതം അതീവ വിചിത്രമാണ്‌. ആരാണു നീ, എന്താണു നീ, എവിടെ നിന്നും വന്നു എന്നു നീ ചിന്തിക്കൂ സഹോദരാ. [2]

സത്‌സംഗത്തിൽ (നല്ല കൂട്ടുകെട്ട്‌) നിന്നും നിസ്സംഗത ഉണ്ടാവുന്നു. നിസ്സംഗതയിൽ നിന്ന്‌ മോഹശൂന്യത ഉണ്ടാവുന്നു. നിർമോഹത്തിൽ നിന്ന്‌ (മനസ്സിന്റെ) നിശ്ചലതത്വം ഉണ്ടാവുന്നു. ഇത്‌ ജീവിത മോക്ഷത്തിന്‌ വഴിയൊരുക്കുന്നു.

വയസ്സായിക്കഴിഞ്ഞാൽ കാമമെവിടെ, വെള്ളം വറ്റിപ്പോയാൽ തടാകമെവിടെ, ധനം ശോഷിച്ചുപോയാൽ പരിവാരമെവിടെ, പരമ തത്ത്വമറിഞ്ഞാൽ ലൌകിക ദുഃഖമെവിടെ.

നിന്റെ ധനം, പരിജനം, യൌവനം എന്നിവയിൽ ഒരിക്കലും ഗർവ്വിക്കാതിരിക്കൂ. ഒരു നിമിഷം കൊണ്ട്‌ കാലം സർവവും തകർക്കും. ഇതു മുഴുവനും മായയാണെന്നറിഞ്ഞ്‌ ബ്രഹ്മപദം മനസ്സിലാക്കി അതിലേക്ക്‌ പ്രവേശിക്കൂ.

ജടാ ധാരി, തല മുണ്ഡനം ചെയ്തയാൾ, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാൾ (ബുദ്ധ സന്യാസിമാർക്കിടയിൽ ഇത്തരം രീതിയുണ്ട്‌) ഇങ്ങനെ കാഷായ വേഷം ധരിച്ച പല വിധ വേഷങ്ങൾ. (സത്യമെന്തെന്ന്‌)കാണുന്നുണ്ടെങ്കിലും (സത്യം) കാണത്ത മൂഢൻമാർ - തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പല വിധ വേഷം ധരിച്ചവർ

ചതുർദശ മഞ്ജരികാസ്തോത്രം
ആചാര്യരുടെ പതിന്നാലു ശിഷ്യൻമാർ ഓരോ ശ്ളോകം വീതം എഴുതിയത്‌.

ദിനവും യാമിനിയും സന്ധ്യയും പ്രഭാതവും ശിശിരവും വസന്തവും എല്ലാം വീണ്ടും വരും. കാലം കഴിയും, ആയുസ്സും (വയസ്സും) പോകും, അപ്പോൾ പോലും ആശയെന്ന വായു വിട്ടു പോകുന്നില്ല

മുന്നിൽ തീ, പിന്നിൽ സൂര്യൻ, രാത്രി താടി കാൽമുട്ടിലേറ്റി കൂനിയുള്ള ഇരിപ്പ്‌, കൈക്കുമ്പിളിൽ ഭിക്ഷ, മരച്ചോട്ടിൽ താമസം, (എത്രത്തോളം നിർധനനാണെന്ന്‌ സൂചന) അപ്പോൾ പോലും ആശയെന്ന പാശം വിട്ടു പോകുന്നില്ല.

അംഗം തളർന്നു തലയും നരച്ചു വായ പല്ലില്ലാത്തതായി മാറി. വടി കുത്തിപ്പിടിച്ച്‌ വൃദ്ധൻ നടന്നു നീങ്ങുന്നു, അപ്പോൾ പോലും ആശാപിണ്ഡം കൈവിടുന്നില്ല.

ഗംഗയിലേക്കും സാഗരത്തിലേക്കും (രാമേശ്വരം പോലെ) (തീർത്ഥാടനത്തിനു) പോകുന്നു, വ്രതം നോക്കുന്നു അല്ലെങ്കിൽ ദാനം ചെയ്യുന്നു. പക്ഷെ അറിവില്ലെങ്കിൽ സർവമതപ്രകാരവും നൂറു ജൻമമെടുത്താലും മോക്ഷം ലഭിക്കുകയില്ല.

ഭഗവദ്‌ഗീത കുറച്ചെങ്കിലും പഠിച്ചിട്ടൂള്ളവൻ, ഗംഗാ ജലം കുറച്ചെങ്കിലും പാനം ചെയ്തവൻ, മുരാരിക്ക്‌ (കൃഷ്ണന്‌) ഒരിക്കലെങ്കിലും മനസ്സറിഞ്ഞ്‌ അർച്ചന ചെയ്തവൻ, അവനോട്‌ യമൻ ചർച്ചക്ക്‌ (വഴക്കിന്‌) നിൽക്കുന്നില്ല.

യോഗാഭ്യാസത്തിൽ മുഴുകുന്നവനോ ഭോഗവിലാസത്തിൽ മുഴുകുന്നവനോ സംഘം ചേർന്നവനോ സംഘം ചേരാത്തവനോ (ഏകന്തനോ), ആരുടെ ചിത്തം ബ്രഹ്മത്തിൽ രമിക്കുന്നുവോ അവൻ ആനന്ദിക്കുന്നു, അവൻ ആനന്ദിക്കുന്നു, അവൻ മാത്രം അനന്ദിക്കുന്നു.

അമ്പലത്തിലും വൃക്ഷത്തണലിലും താമസം ഭൂമിയിൽ കിടന്ന്‌ മാൻതോലും ഉടുക്കുന്നു. സർവസമ്പത്തും സുഖഭോഗവും ത്യജിച്ചവന്‌ വൈരാഗ്യം സുഖം പ്രദാനം ചെയ്യാതിരിക്കുമോ.

എന്തിനു ഭാര്യയേയും ധനത്തെയും കുറിച്ച്‌ ചിന്തിക്കുന്നു, വ്യതിചലിക്കപ്പെട്ട മനസ്സുള്ളവനേ, നിനൊക്കൊരു നിയന്താവില്ലേ. മൂന്നു ലോകത്തിലും സജ്ജനങ്ങളുമായി കൂട്ടുകൂടൽ മാത്രമാണ്‌ ലൌകിക ജീവിതമെന്ന കടൽ തരണം ചെയ്യാനുള്ള നൌകയാകുന്നത്‌.

ഒരിക്കൽക്കൂടി ജനനം ഒരിക്കൽക്കൂടി മരണം ഒരിക്കൽക്കൂടി അമ്മയുടെ ഗർഭപാത്രത്തിലുള്ള ശയനം. ഈ ലൌകിക ജീവിതം (സംസാരം) മറികടക്കാൻ വളരേ കഷ്ടമാണ്‌, കൃപയോടെ കനിഞ്ഞ്‌ രക്ഷിച്ചാലും ഹേ മുരാരേ (കൃഷ്ണാ)

കീറത്തുണിക്കുപ്പായം ധരിച്ചിട്ടുള്ളവൻ, പുണ്യത്തിനും അപുണ്യത്തിനും (പാപത്തിനും) അപ്പുറത്തുള്ള പന്ഥാവിലൂടെ ചരിക്കുന്നവൻ, യോഗഭ്യാസത്തിലൂടെ യോജിച്ച ചിത്തത്തോടെയുള്ളവൻ ബാലനെപ്പോലെയോ ഉൻമത്തനെപ്പോലെയോ രമിക്കുന്നു.

ആരാണു നീ ആരാണു ഞാൻ, എവിടെ നിന്നും വന്നു, ആരാണെന്റെ അമ്മ, ആരാണെന്റെ അച്ഛൻ. ഇപ്രകാരം ചോദിക്കൂ, അസാരമായ (അർത്ഥമില്ലത്തതായ) സർവ ലോകത്തേയും സ്വപ്ന വിചാരമായി ത്യജിച്ചിട്ട്‌.

നിന്നിലും എന്നിലും മറ്റെല്ലായിടത്തും ഒരേയൊരു വിഷ്ണുവാണുള്ളത്‌. പിന്നെ വ്യർത്ഥമായി എന്നോട്‌ കോപിച്ച്‌ അസഹിഷ്ണുവാകുന്നു. സമചിത്തനായിഭവിച്ച്‌ സർവവും നീയെന്നറിഞ്ഞ്‌ പെട്ടെന്നു തന്നെ വിഷ്ണുത്വം പ്രാപിക്കൂ.

കാമം ക്രോധം ലോഭം (അത്യാഗ്രഹം) മോഹം എന്നിവ ത്യജിച്ച്‌ സ്വയം 'അതാണു ഞാൻ' എന്നു മനസ്സിലാക്കൂ. ആത്മജ്ഞാനമില്ലെങ്കിൽ, മൂഢാ, നീ നരകത്തിൽ പചിക്കപ്പെടും (ചുട്ടെടുക്കപ്പെടും).

ഗീതയും (ഭഗവാന്റെ) സഹസ്ര നാമങ്ങളും പാടുക, ശ്രീയ്ക്ക്‌ (ലക്ഷ്മിക്ക്‌) പതിയായവന്റെ രൂപം ഇടവിടാതെ ധ്യാനിക്കുക. സജ്ജന സമ്പർക്കത്തിലേക്ക്‌ മനസ്സിനെ നയിക്കുക, ദീനജനത്തിന്‌ ധനം ദാനം ചെയ്യുക.

ഉപദേശ രൂപേണ ആചാര്യർ അവസാനം എഴുതിച്ചേർത്തത്‌

സുഖകരങ്ങളായ ഭോഗക്രിയകളിൽ രമിച്ച്‌ പിന്നീട്‌ ശരീരത്തിന്‌ രോഗവും വരുത്തിവെയ്ക്കുന്നു. ഇഹലോകത്തിന്‌ അവസാനം (ശരണം) മരണമാണെങ്കിലും അപ്പോഴും പാപം ആചരണം (പാപ പ്രവൃത്തികൾ) വിട്ടുകളയുന്നില്ല.

അർത്ഥം എന്നും അനർത്ഥം ഉണ്ടാക്കുന്നു. അതിൽ അൽപം പോലും സുഖമില്ല എന്നതാണു സത്യം. പുത്രനിൽ നിന്നു പോലും ധനം പൊയ്പ്പോകുമോ എന്ന ഭീതി ഉണ്ടാകുന്നു. എല്ലായിടത്തും ഈ രീതി തന്നെ കാണുന്നു.

പ്രാണായാമം പ്രത്യാഹാരം (ഇന്ദ്രിയങ്ങളെ അതത്‌ വിഷയങ്ങളിൽ നിന്നും പിൻ വലിക്കുക), നിത്യവും അനിത്യവും ഏതെന്ന്‌ വിവേകത്തോടെ വിചാരം ചെയ്യുക, ജപത്തോടെ സമാധിയിലേക്ക്‌ വിലയിക്കുക, ഇവ ശ്രദ്ധയോടെ ചെയ്യൂ, മഹത്തായ ശ്രദ്ധയോടെ ചെയ്യൂ.

ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ നിർഭരമായ ഭക്‌തിയുള്ളവനേ, ഈ ലൌകിക ജീവിതത്തിൽ നിന്നും പെട്ടെന്നു തന്നെ നീ മുക്‌തനായിത്തീരും. നിന്റെ ഇന്ദ്രിയങ്ങളുടേയും മനസ്സിണ്റ്റേയും നിയന്ത്രണത്തിലൂടെ മാത്രമേ നിന്റെ ഹൃദയത്തിൽ ദേവൻ വിളങ്ങുകയുള്ളൂ.

https://m.facebook.com/story.php?story_fbid=pfbid02G7sAuPc3vSncNE8ax5VxTW4cgMESubZTTwytoFNbQo72QqnevL3f3eBffw8v4XrCl&id=100001315581715&mibextid=Nif5oz

കുറിപ്പുകൾ

തിരുത്തുക

मोहमुद्गरं

भज गोविन्दं भज गोविन्दं गोविन्दं भज मूढमतिन्दं | सम्प्राप्ते सन्निहिते मरणे नहि नहि रक्षति डुक्रिङ्करणे ||

मूढ जहीहि धनागमतृष्णां कुरु सद्बुद्धिम् मनसि वितृष्णाम् | यल्लभसे निज कर्मोपात्तं वित्तं तेन विनोदय चित्तम् ‖

नारी स्तनभर नाभीदेशं दृष्ट्वा मा गा मोहावेशम् | एतन्मांस वसादि विकारं मनसि विचिन्तय वारं वारम् ‖

नलिनी दलगत जलमति तरलं तद्वज्जीवित मतिशय चपलम् | विद्धि व्याध्यभिमान ग्रस्तं लोकं शोकहतं च समस्तम् ‖

यावद्-वित्तोपार्जन सक्तः तावन्-निजपरिवारो रक्तः | पश्चाज्जीवति जर्जर देहे वार्तां कोऽपि न पृच्छति गेहे ‖

यावत्-पवनो निवसति देहे तावत्-पृच्छति कुशलं गेहे | गतवति वायौ देहापाये भार्या बिभ्यति तस्मिन् काये ‖

बाल स्तावत् क्रीडासक्तः तरुण स्तावत् तरुणीसक्तः | वृद्ध स्तावत्-चिन्तामग्नः परमे ब्रह्मणि कोऽपि न लग्नः

का ते कान्ता कस्ते पुत्रः संसारोऽयमतीव विचित्रः | कस्य त्वं वा कुत आयातः तत्वं चिन्तय तदिह भ्रातः ‖

सत्सङ्गत्वे निस्सङ्गत्वं निस्सङ्गत्वे निर्मोहत्वम् | निर्मोहत्वे निश्चलतत्त्वं निश्चलतत्त्वे जीवन्मुक्त्वं ||

वयसि गते कः कामविकारः शुष्के नीरे कः कासारः | क्षीणे वित्ते कः परिवारः ज्ञाते तत्त्वे कः संसारः ||

मा कुरु धनजन यौवन गर्वं हरति निमेषात्-कालः सर्वम् | मायामयमिदम्-अखिलं भूत्वा ब्रह्मपदं त्वं प्रविश विदित्वा ‖

दिन यामिन्यौ सायं प्रातः शिशिर वसन्तौ पुनरायातः | कालः क्रीडति गच्छत्यायुः तदपि न मुञ्चत्याशावायुः ‖

का ते भ्रान्ता धन गत चिन्ता वातुल किं तव नास्ति नियन्ता | त्रिजयति सज्जन सङ्गतिरेका भवति भवार्णव तरणे नौका ‖

जटिलो मुण्डी लुञ्जित केशः काषायान्बर वञ्चित वेशः | पश्यन्नपि च न पश्यति मूढः उदर निमित्तं बहुकृत गूढः ‖

अङ्गं गलितं पलितं मुण्डं दशन विहीनं जातं तुण्डम् | वृद्धो याति गृहीत्वा दण्डं तदपि न मुञ्चत्याशा पिण्डम् ‖

अग्रे वह्निः पृष्ठे भानुः रात्रौ चुबुक समर्पित जानुः | करतल भिक्षस्-तरुतल वासः तदपि न मुञ्चत्याशा प्रासः ‖

कुरुते गङ्गा सागर गमनं व्रत परिपालनम्-अथवा दानम् | ज्ञान विहीनः सर्वमतेन भजति न मुक्तिं जन्म शतेन ‖

सुरमन्दिर तरु मूल निवासः शय्या भूतलम्-अजिनं वासः | सर्व परिग्रह भोगत्यागः कस्य सुखं न करोति विरागः ‖

योगरतो वा भोगरतो वा सङ्गरतो वा संगरहित्व | यस्य ब्रह्मणि रमते चित्वा नन्दति नन्दति नन्दत्येव ‖

भगवद्गीता किञ्चिदधीता गङ्गा जललव कणिका पीता | सकृदपि येन मुरारि समर्चा क्रियते तस्य यमेन न चर्चा ‖

पुनरपि मरणं पुनरपि जननं पुनरपि जननी जठरे शयनम् | इह संसारे बहु दुस्तारे कुहनापाये पाहि मुरारे ‖

रथ्या चर्पट विरचित कन्थः पुण्यापुण्य विवर्जित पन्थः | योगी योग नियोजित चित्वा रमते बालोन्मत्तवदेव ‖

कस्त्वं कोऽहं कुत आयातः का मे जननी को मे तातः | इति परिभावय निज संसारं सर्वं त्यक्त्वा स्वप्न विचारम् ‖

त्वयि मयि चान्यत्रैको विष्णुः व्यर्थं कुप्यसि मय्यसहिष्णुः | भव समचित्तः सर्वत्र त्वं वाञ्छस्यचिराद्-यदि विष्णुत्वम् ‖

शत्रौ मित्रे पुत्रे बन्धौ मा कुरु यत्नं विग्रह सन्धौ | सर्वस्मिन्नपि पश्यात्मानं सर्वत्रोत्-सृज भेदाज्ञानम् ‖

कामं क्रोधं लोभं मोहं त्यक्त्वाऽऽत्मानं पश्यति सोऽहम् | आत्मज्ञ्नान विहीना मूढाः ते पच्यन्ते नरक निगूढाः ‖

गेयं गीता नाम सहस्रं ध्येयं श्रीपति रूपम्-अजस्रम् | नेयं सज्जन सङ्गे चित्तं देयं दीनजनाय च वित्तम् ‖

सुखतः क्रियते रामाभोगः पश्चाद्धन्त शरीरे रोगः | यद्यपि लोके मरणं शरणं तदपि न मुञ्चति पापाचरणम् ‖

अर्थमनर्थं भावय नित्यं नास्ति ततः सुख लेशः सत्यम् | पुत्रादपि धनभाजां भीतिः सर्वत्रैषा विहिता रीतिः ‖

प्राणायामं प्रत्याहारं नित्यानित्य विवेक विचारम् | जाप्यसमेत समाधि विधानं कुर्व वधानं महद्-अवधानम् ‖

गुरु चरणाम्बुज निर्भरभक्तः संसाराद्-अचिराद्-भव मुक्तः | सेन्दिय मानस नियमादेवं द्रक्ष्यसि निज हृदयस्थं देवम् ‖

द्वात्रिंशञ्जनिकाभिरु शेषः कथितो वैयाकरणतिशेषः उपदेशोद् भूद् विद्या निपुणैः बोधित आसीच्छोदित करणै इति मोहमुद्गरः संपूर्णः

श्रीशङ्कराचार्य

(സംസ്കൃതത്തിലുള്ള മോഹ മുദ്ഗരത്തിലെ തെറ്റുകൾ തിരുത്തിയത് സന്ദീപ് വേരേങ്കിൽ)

മൊഴിമാറ്റം


മോഹ മുദ്ഗരം - പരിഭാഷ

ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢാനന്ദം മരണം മുട്ടുന്നൊരു നാൾ മുഴുവൻ ഭജനയിരുന്നിട്ടില്ലൊരു ഫലവും.

ആർത്തി പണത്തോടരുതേ മണ്ടാ ശാന്തമനത്താലറിയുന്നുണ്ടോ? അന്നന്നുള്ളദ്ധ്വാനത്തിൻഫല- മെത്തും നിന്നിലതെന്തായാലും.

മുലയിണ തിങ്ങിനിറഞ്ഞൊരു ദേശം നോക്കിമയങ്ങുകയരുതേ ലേശം! മാംസമെഴുന്ന കൊഴുപ്പും ചെന്നിണ- മെന്നതു മനമേ ഓർത്തീടേണം.

താമരയിലമേലുരുളുംതുള്ളി, ജീവിതകഥപോലുരുകും തുള്ളി വ്യാധിയുമാധിയുമുള്ളിലഹന്തയു- മായിഹലോകം മാറിയതറിയൂ.

ധനമുണ്ടാക്കുംകാലത്തോളം ബന്ധുക്കൾക്കൊട്ടില്ലവതാളം ക്ഷീണംവന്നുകിടന്നതറിഞ്ഞാൽ ബന്ധുജനങ്ങൾക്കുണ്ടാം പഞ്ഞം!

ജീവശ്വാസം ദേഹത്തുണ്ടേൽ ക്ഷേമാന്വേഷണമുണ്ടേ പണ്ടേ, വായു നിലച്ചൊരു ദേഹം കണ്ടാൽ പ്രിയതമപോലും പേടിത്തൊണ്ടി!

കുട്ടിക്കാലം കളിയിൽപ്പെട്ടു, യൌവനകാലം പെണ്ണിൽപ്പെട്ടു, വാർദ്ധക്യത്തിൽ ചിന്തയിലാണ്ടു, ആത്മീയതയിൽ കണ്ടവരുണ്ടോ?

ആരാ പത്നി? ഏതാ പുത്രൻ? ലൌകികജീവിതമെത്ര വിചിത്രം! ആരുടെയാൾ നീ? എവിടെനിന്നും? തത്ത്വം ചിന്തിക്കനുജാ നന്നായ്

സത്സംഗത്താൽ വന്ന വിരക്തി നിർമോഹത്തിൽ എത്തും ശക്തി നിർമോഹത്താൽ സുദൃഢം തത്ത്വം ദൃഢതത്ത്വത്താലെത്തും മുക്ത്വം.

വൃദ്ധർക്കെന്തിനു കാമഭ്രാന്ത്? വറ്റിവരണ്ടൊരു കായലിലെന്ത്? കാശില്ലാത്തോർക്കുറ്റവരുണ്ടോ? തത്ത്വജ്ഞാനിയ്ക്കുലകവുമുണ്ടോ?

ഒരു നിമിനേരംകൊണ്ടു നശിക്കും ധന,ജന,യൌവനഗർവ്വരുതാർക്കും മായാമയമീ ലോകം വിട്ട് പരമാത്മാവിലുറഞ്ഞീടട്ടേ.

ദിനരാത്രങ്ങൾ, വിഭാതം, സന്ധ്യ വീണ്ടും ശിശിര,വസന്തം സന്ധി കാലം കഴിയും പ്രായം കൂടും ആശകളേറുന്നാളും കൂടും.

ധനഗതചിന്തയിതെന്തൊരു ഭ്രാന്ത് ? ചിത്തഭ്രമമനിയന്ത്രിതമെന്തേ ? സജ്ജനസംഗം വിജയിക്കുമ്പോൾ ജീവിതസാഗരനൗകയിലിമ്പം!

മൊട്ടയടിച്ചും ജടമുടിയായും കാഷായാംബരവേഷവുമായും കണ്ടാലൊട്ടറിയാത്തവരിതിനാ- ലുദരനിമിത്തം ബഹുകൃതനടനം!

കൈകാൽവലിവും തലയിൽ നരയും പല്ലില്ലാത്തിരുമോണകളായും കൈവടിയൂന്നിയ വൃദ്ധൻപോലും കൈവശമാക്കിയൊരാശ വിടില്ല

പൊരിവെയിലത്തു നടത്തം നിത്യം കൂനിക്കൂടിയുറക്കം രാത്രം വൃക്ഷത്തണലിൽ ഭിക്ഷാവാസം കളയില്ലന്നുമൊരാശാപ്രാസം!

ഗംഗയൊരാഴിയിലണയുംനാട്ടിൽ നോമ്പും നോറ്റൊരു ദാനം കൂട്ടർ! ജന്മം നൂറു ബലിച്ചോറിട്ടാൽ ജ്ഞാനവിഹീനർക്കുണ്ടോ നേട്ടം?

അമ്പലമുറ്റത്താൽത്തറതന്നിൽ മാന്തോലിട്ടതിലെന്നും ശയനം സുഖഭോഗങ്ങളുപേക്ഷിച്ചോർക്കാ ത്യാഗവുമാസ്വാദനമായോർക്കാം.

യോഗം, ഭോഗം, സംഘം പലതും യുക്തിയിലുള്ളോരാളതുമേതും നന്മയിലുള്ള മനം മതി മനുജാ നന്മകൾ നന്മകൾ നന്മകളനുജാ

ഭഗവദ്ഗീത കുറച്ചു പഠിച്ചാൽ ഗംഗാജലമൊരു തുള്ളി കുടിച്ചാൽ സന്മനമായുള്ളർച്ചനപോലും യമനൊരു ചർച്ചാവിഷയമതല്ല!

ജനിമൃതി ജഗതിയിലതിവേഗേന ധരയുടെ മടിയിലുറങ്ങാനെന്നും ജീവിതമെന്നും കഠിനം കഠിനം ദൈവംപോലും കപടവുമെന്നും!

തെരുവോരത്തെ പഴന്തുണിയണിയും ഗുണദോഷങ്ങളുമില്ലാതലയും യോഗീശൻ്റെ മനോബലമായും ബാലോന്മത്തവനായൊരു തനയൻ.

ഞാനും നീയും എവിടെനിന്നും!അമ്മയുമച്ഛനുമാരാണെന്നും! ചിന്തിക്കുക നാമെല്ലാം വ്യർത്ഥം സ്വപ്നംപോലുള്ളുലകമനാഥം!

നിന്നിലുമെന്നിലുമെല്ലാം വിഷ്ണു കോപവുമസഹിഷ്ണുതയും വേണോ? സമഭാവനയോടുള്ള മനത്താൽ വിഷ്ണുത്വം പ്രാപിക്കാമത്രേ

ശത്രു-മിത്രം, പുത്രൻബന്ധം സന്ധിയുമരുതേ ഛേദവുമന്ധം, എല്ലാവരിലുമതുണ്ടഭിമാനം എല്ലായിടവും ഭിന്നാഖ്യാനം.

കാമം, ക്രോധം, ലോഭം, മോഹം ത്യാഗം ചെയ്യാനിവയിൽ വിരഹം, ആത്മജ്ഞാനമതില്ലാമടയാ അറിയാത്താലയിലുലയിൽ മൊരിയാം!

ഗീതയിലുള്ളൊരനേകം ഭജനയി- ലാടിക്കുന്ന ഭവാനൊരു മായ! സജ്ജനമെങ്ങുമുണർന്നീടേണം ദീനജനങ്ങളെ കൺപാർക്കേണം.

പെണ്ണുംകെട്ടി മദിച്ചുനടന്നോൻ വ്രണവുംകേറി മരിച്ചുകിടന്നു, ലോകം മുഴുവൻ മരണം ശരണം! ലോകർക്കെന്നും പാപാചരണം

പണമതിദോഷം ചെയ്യും നിത്യം സുഖമേകുകയില്ലതുതാൻ സത്യം സ്വന്തം പുത്രഭയത്താൽ ധനവാൻ കാവലിനാക്കിയയാളൊരു ബലവാൻ!

ശ്വസനനിയന്ത്രണ,മിന്ദ്രിയമൗനേ നിത്യാനിത്യതിയുക്തിയുമായ് നാം ജപവും വ്രതവും ശീലിക്കേണം പൂർണ്ണമനസ്സാലർപ്പിക്കേണം.

ഗുരുചരണാംബുജനിർഭരഭക്തൻ ലൌകികജീവിതഭാവനമുക്തൻ പഞ്ചേന്ദ്രിയതലസംയമനത്താൽ ദർശിക്കാം തവദൈവം ഹൃത്താൽ.

മുപ്പത്തൊന്നു ചിലച്ചൊരു പല്ലി വൈയാകരണനു നൽകിയൊരല്ലി, അറിവുള്ളവരുടെയറിവിൽച്ചെല്ലാൻ ബോധിപ്പിക്കും ബോധനമല്ലോ.


ശ്രീശങ്കരാചാര്യർ രചിച്ച മോഹ മുദ്ഗരം എന്ന ഭജ ഗോവിന്ദം മലയാളത്തിലേക്കു മൊഴി മാറ്റിയത് സന്ദീപ് വേരേങ്കിൽ

,


"https://ml.wikipedia.org/w/index.php?title=ഭജ_ഗോവിന്ദം&oldid=3910909" എന്ന താളിൽനിന്ന് ശേഖരിച്ചത്