ചെവി

(കോക്ലിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓരോ ജീവിയിലും ശ്രവണശേഷിക്ക് വ്യത്യാസങ്ങളുണ്ട്. ചില ജീവികളിൽ ചെവി ശബ്ദതരംഗങ്ങളെ ആഗിരണം ചെയ്യുന്ന ശരീരഭാഗമാണ്. മനുഷ്യരിൽ കേ‌ൾവിയ്ക്കു പുറമേ ശരീരത്തിന്റെ തുലനാവസ്ഥ പാലിക്കാനും ചെവി സഹായിക്കുന്നുണ്ട്[1]. മുയൽ, ആന തുടങ്ങിയ ജീവികളിൽ ശരീരം തണുപ്പിക്കുക എന്ന ധർമ്മവും ചെവി വഹിക്കുന്നുണ്ട്[2][3].

ചെവി
മനുഷ്യന്റെ ചെവി
Details
SystemAuditory system
Identifiers
Latinഓറിസ്
MeSHD004423
NeuroLex IDbirnlex_1062
TAA01.1.00.005
A15.3.00.001
FMA52780
Anatomical terminology

130 ഡെസിബെലിനേക്കാൾ കൂടുതലുള്ള ശബ്ദം ചെവിയ്ക്ക് തകരാറുണ്ടാക്കും.[4]

 
മനുഷ്യരുടെ ചെവിയുടെ ഛേദം

ചെവിക്കുട മാത്രമാണ്‌ ചെവിയുടെ പുറമേ കാണാവുന്നതെങ്കിലും സങ്കീർണ്ണങ്ങളായ ഭാഗങ്ങൾ ചെവിയ്ക്കുള്ളിലുണ്ട്. ഈ പ്രധാന ഭാഗങ്ങൾ തലയോടിനുള്ളിൽ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ കർണ്ണത്തിന്‌ ബാഹ്യകർണ്ണം, മദ്ധ്യകർണ്ണം, ആന്തരകർണ്ണം എന്ന് മൂന്നു ഭാഗങ്ങളുണ്ട്.

ബാഹ്യകർണ്ണം

തിരുത്തുക

ചെവിയുടെ പുറമേ കാണാവുന്ന ഭാഗമാണ് ബാഹ്യകർണ്ണം. ചെവിക്കുട, കർണ്ണനാളം, കർണ്ണപടം എന്നിവയാണ് ബാഹ്യകർണ്ണഭാഗങ്ങൾ. തലയ്ക്ക് പുറത്തേയ്ക്ക് പരന്നു നിൽക്കുന്ന ചെവിക്കുട എന്ന ഭാഗം ശബ്ദവീചികളെ തടഞ്ഞ് അവയെ ചെവിയ്ക്കുള്ളിലേയ്ക്ക് നയിക്കാൻ പ്രാപ്തമാണ്‌. ചെവിയ്ക്കുള്ളിലേയ്ക്കുള്ള നാളമാണ്‌ കർണ്ണനാളം അഥവാ ശ്രവണനാളം. കർണ്ണനാളത്തിന്റെ ഭിത്തിയിൽ മെഴുകു(ചെവിക്കായം) സ്രവിക്കുന്ന ഗ്രന്ഥികളുണ്ട്. ഈ മെഴുക് ചെവിക്കുള്ളിൽ പ്രവേശിച്ചേയ്ക്കാവുന്ന ചെറുകീടങ്ങളേയും, ബാക്റ്റീരിയങ്ങളേയും നശിപ്പിക്കാൻ കഴിവുള്ളതാണ്‌. ഈ നാളത്തിന്റെ പ്രവേശനദ്വാരത്തിലായി സ്ഥിതിചെയ്യുന്ന മൃദുലരോമങ്ങൾ പൊടിയും പ്രാണിയുമൊന്നും ചെവിയ്ക്കുള്ളിലേയ്ക്ക് പ്രവേശിക്കാതെ സൂക്ഷിക്കുന്നു. കർണ്ണപടം എന്നത് ചെവിയ്ക്കുള്ളിലുള്ള ഒരു നേർത്ത സ്തരമാണ്‌. കർണ്ണനാളത്തിനൊടുവിൽ അല്പം ചെരിഞ്ഞ് കർണ്ണപടം സ്ഥിതിചെയ്യുന്നു. ശബ്ദതരംഗങ്ങൾ വന്നുതട്ടുമ്പോൾ കമ്പനം ചെയ്യത്തക്ക തരത്തിലാണ് കർണ്ണപടം നിലനിൽക്കുന്നത്.

മദ്ധ്യകർണ്ണം

തിരുത്തുക

ചെവിയിൽ പതിക്കുന്ന ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന മൂന്ന് അസ്ഥികളുൾപ്പെട്ട ഒരു ചെറിയ അറയെ ആണ്‌ മദ്ധ്യകർണ്ണം എന്നു വിളിക്കുന്നത്. കർണ്ണപടവുമായി ബദ്ധപ്പെട്ടിരിക്കുന്ന ഈ മൂന്നസ്ഥികൾ കർണ്ണപടത്തെ തൊട്ട് ചുറ്റികയുടെ ആകൃതിയിലുള്ള അസ്ഥിയാണ്‌ മാലിയസ് (Malleus), മാലിയസുമായി ചേർന്ന് കാണപ്പെടുന്ന ഇൻകസ് (Incus), ഇതിനോട് ചേർന്നുള്ള കുതിരസവാരിക്കാർ കാലുറപ്പിച്ചുവെക്കുന്ന സ്റ്റിറപ്പിന്റെ ആകൃതിയിലുള്ള സ്റ്റേപിസ് (Stapes)എന്നിവയാണ്‌. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ്‌ സ്റ്റേപിസ്[5]. മദ്ധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധപ്പെടുത്തുന്ന യൂസ്റ്റേഷ്യൻ നാളി എന്ന ഒരു കുഴലുണ്ട്. കർണ്ണപടത്തിനിരുവശവുമുള്ള മർദ്ദം സമമായി നിർത്തുകയാണ്‌ യൂസ്റ്റേഷ്യൻ നാളിയുടെ ധർമ്മം. മദ്ധ്യകർണ്ണത്തിനും ആന്തരകർണ്ണത്തിനും ഇടയിലായി അണ്ഡാകാര ജാലകം (എലിപ്റ്റിക്കൽ അഥവാ ഓവൽ ജാലകം), വൃത്തജാലകം എന്നീ രണ്ട് രന്ധ്രങ്ങളുണ്ട്. നേർത്ത സ്തരങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന ഇവയിൽ എലിപ്റ്റിക്കൽ ജാലകവുമായി സ്റ്റേപിസ് ബന്ധപ്പെട്ടിരിക്കുന്നു.

ആന്തരകർണ്ണം

തിരുത്തുക

സങ്കീർണ്ണങ്ങളായ നാഡികളും, നാളികളും, സഞ്ചികകളും ചേർന്നുള്ള ഈ ഭാഗത്തെ സ്തരജാലിക (Membranous Labyrinth) എന്നും വിളിക്കാറുണ്ട്. അസ്ഥികൊണ്ടുള്ള ഇടുങ്ങിയ അറയിൽ നിലകൊള്ളുന്ന ഈ ഭാഗം മുഴുവനും പെരിലിംഫ് (Perilymph) എന്ന ദ്രാവകം നിറഞ്ഞിരിക്കുന്നു. വെസ്റ്റിബ്യൂൾ (Vestibule), കോക്ലിയ (Cochlea), അർദ്ധവൃത്താകാരത്തിലുള്ള മൂന്നു കുഴലുകൾ എന്നിവയാണ്‌ ആന്തരകർണ്ണത്തിലെ സ്തരജാലികയുടെ പ്രധാന ഭാഗങ്ങൾ. വെസ്റ്റിബ്യൂൾ എന്നത് മുകളിലുള്ള യൂട്രിക്കിൾ (Utricle),താഴെയുള്ള സാക്യൂൾ (Saccule) എന്നിവ ചേർന്നതാണ്. യൂട്രിക്കിൾ മൂന്ന് അർദ്ധവൃത്താകാരക്കുഴലുകളിലേക്കുമുള്ള ഘടനയാണ്‌. അർദ്ധവൃത്താകാരകുഴലുകളിൽ ഒരെണ്ണം തിരശ്ചീനമായും, മറ്റുരണ്ടെണ്ണം ലംബമായും നിലകൊള്ളുന്നു. ഇവ മൂന്നും പരസ്പരം സമകോണിലാണുള്ളത്. ഓരോ കുഴലിന്റെയും ഒരഗ്രം ഉരുണ്ടിരിക്കുന്നു. ഉരുണ്ടിരിക്കുന്ന അഗ്രത്തെ ആമ്പ്യുള്ള (Ampulla) എന്നു വിളിക്കുന്നു. ആമ്പ്യൂള്ളയിൽ സം‌വേദന നാഡികൾ സ്ഥിതിചെയ്യുന്നു. വെസ്റ്റിബ്യൂളിന്റെ സാക്യൂൾ എന്ന ഭാഗം ആന്തരകർണ്ണത്തിലെ കോക്ലിയ എന്ന ഭാഗവുമായി യോജിച്ചിരിക്കുന്നു. ഒച്ചിന്റെ തോട് പോലുള്ള ഒരു ഭാഗമാണ്‌ കോക്ലിയ. കോക്ലിയയുടെ മദ്ധ്യഅറയുടെ ആന്തരഭിത്തിയിൽ നിറയെ സം‌വേദ കോശങ്ങളുണ്ട്. ഈ സംവിധാനം അതിസങ്കീർണ്ണമാണ്. ഓർഗൻ ഓഫ് കോർട്ടി (Organ of corti) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഇതുപയോഗിച്ചാണ് ശബ്ദഗ്രഹണം നടക്കുന്നത്. ഇവയിൽ നിന്നുള്ള ആവേഗങ്ങൾ ശ്രവണനാഡിവഴി മസ്തിഷ്കത്തിലേയ്ക്ക് പ്രവഹിക്കപ്പെടുന്നു. ബേസിലാർസ്തരം എന്ന സ്തരമാണ് കോക്ലിയയെ മൂന്ന് അറകളായി തിരിക്കുന്നത്. മധ്യഅറയിൽ എൻഡോലിംഫ് എന്ന ദ്രാവകവും മറ്റുരണ്ടറകളിൽ പെരിലിംഫ് (Perilymph) എന്ന ദ്രാവകവും നിറഞ്ഞിരിക്കുന്നു. വെസ്റ്റിബ്യൂൾ, അർദ്ധവൃത്താകാരകുഴലുകൾ, എന്നിവിടങ്ങളിലും പെരിലിംഫ് എന്ന ദ്രവം നിറഞ്ഞിരിക്കുന്നു.

ശബ്ദതരംഗങ്ങൾ ചെവിക്കുള്ളിൽ പ്രവേശിച്ചാൽ കർണ്ണപടത്തെ കമ്പനം ചെയ്യിക്കും. ഈ കമ്പനം മദ്ധ്യകർണ്ണത്തിലെ അസ്ഥിശൃംഖലവഴി കടന്ന് അണ്ഡാകാരജാലകത്തെ കമ്പനം ചെയ്യിക്കുകയും കമ്പനം പെരിലിംഫിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പെരിലിംഫിലുണ്ടാകുന്ന പ്രകമ്പനങ്ങൾ കോക്ലിയയുടെ ഉള്ളിലുള്ള സം‌വേദകോശങ്ങളെ ഉദ്ദീപിപ്പിക്കുകയും അങ്ങനെയുണ്ടാകുന്ന സം‌വേദനങ്ങൾ ശ്രവണനാഡിയിലൂടെ തലച്ചോറിലെത്തുകയും ചെയ്യുന്നു. തലച്ചോർ ഈ സം‌വേദങ്ങളെ തിരിച്ചറിയുമ്പോൾ ശബ്ദം കേൾക്കുന്നതായി അനുഭവപ്പെടുന്നു. ഇരുചെവികളിലും ശബ്ദം എത്താനെടുത്ത സമയവ്യത്യാസം കണക്കുകൂട്ടി തലച്ചോർ‍ ശബ്ദം പുറപ്പെട്ട ദിശ കണ്ടെത്തുന്നു. വളരെ പെട്ടെന്നു നടക്കുന്ന പ്രക്രിയകളാണിതെല്ലാം.

ചെവിയും ശരീരതുലനവും

തിരുത്തുക

അർദ്ധവൃത്താകാരകുഴലുകൾ, യൂട്രിക്കിൾ, സാക്യൂൾ എന്നിവ ശരീരത്തിന്റെ തുലനാവസ്ഥ നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. തലയുടെ ഏതൊരു ചലനവും അവയിൽ നിറഞ്ഞിരിക്കുന്ന ദ്രവത്തിൽ ചലനം സൃഷ്ടിക്കുന്നു. ഈ ഭാഗങ്ങളിലെല്ലാം രോമകോശങ്ങളുണ്ട്. ഈ രോമകോശങ്ങളുടെ അഗ്രത്തിലായി ഓടോലിത്ത് (Otolith) എന്ന കാൽസ്യം കാർബണേറ്റ് തരികൾ ഉണ്ട്[6]. തലയുടെ ചലനത്തിൽ ഓടോലിത്തുകൾക്ക് സ്ഥാനചലനം ഉണ്ടാവുകയും ഈ സ്ഥാനചലനം രോമകോശങ്ങൾ തിരിച്ചറിയുകയും, ബന്ധപ്പെട്ട നാഡീതന്തുക്കളെ ഉദ്ദീപിപ്പിക്കുകയും തുടർന്ന് ആ വിവരം സെറിബല്ലത്തിലെത്തുകയും ചെയ്യുന്നു. സെറിബല്ലം കണ്ണുകൾ, പേശികൾ, സന്ധികൾ തുടങ്ങിയ ഭാഗങ്ങളിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിക്കുകയും തുലനാവസ്ഥപാലിക്കാൻ വേണ്ട തീരുമാനങ്ങൾ എടുത്ത് പേശികളിൽ എത്തിക്കുകയും ചെയ്യുന്നു.

ചെവിയിലുണ്ടാകാവുന്ന പ്രശ്നങ്ങൾ

തിരുത്തുക

അണുബാധയാണ്‌ ചെവിയിലുണ്ടാവുന്ന സാധാരണ പ്രശ്നം, മലിനജലത്തിൽ കുളിക്കുന്നതുമൂലമോ, ജലദോഷത്തെ തുടർന്നോ ചെവിയിൽ അണുബാധയുണ്ടായേക്കാം. മുഖത്ത് പ്രത്യേകിച്ച് പാർശ്വഭാഗങ്ങളിൽ ഏൽക്കുന്ന ആഘാതങ്ങൾ കർണ്ണപടത്തിൽ ക്ഷതമേൽക്കാനോ, പാടേ തകർന്നു പോകാനോ കാരണമായേക്കാം, ഇത് പൂർണ്ണബധിരതയ്ക്കും കാരണമാകാറുണ്ട്. ഉച്ചത്തിലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്നതും കർണ്ണപടത്തിനു ക്ഷതമേൽപ്പിച്ചേക്കാം.

വെർട്ടിഗോ

തിരുത്തുക

ചെവിയുടെ സന്തുലനാവസ്ഥയെ ബാധിക്കുന്ന രോഗമാണ് വെർട്ടിഗോ.[7] [8]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-21. Retrieved 2009-03-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-19. Retrieved 2009-03-21.
  3. http://www.ias.ac.in/resonance/July2008/p638-647.pdf
  4. page 146, All about human body, Addone Publishing Group
  5. http://www.absoluteastronomy.com/topics/Stapes
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-06. Retrieved 2009-03-21.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-30. Retrieved 2016-10-19.
  8. Britton, the editors Nicki R. Colledge, Brian R. Walker, Stuart H. Ralston ; illustated by Robert (2010). Davidson's principles and practice of medicine (21st ed.). Edinburgh: Churchill Livingstone/Elsevier. pp. 1151–1171. ISBN 978-0-7020-3084-0. {{cite book}}: |first1= has generic name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ചെവി&oldid=3804256#ആന്തരകർണ്ണം" എന്ന താളിൽനിന്ന് ശേഖരിച്ചത്