അനുമസ്തിഷ്കം

(സെറിബല്ലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മസ്തിഷ്കത്തിന്റെ ഒരു പ്രധാന ഭാഗമാണ് അനുമസ്തിഷ്കം അഥവാ സെറിബെല്ലം(Cerebellum). ഇതിന്റെ ഘടന വെർമിസ് (vermis) എന്ന ഒരു കേന്ദ്രഭാഗവും രണ്ട് പാർശ്വാർധഗോളങ്ങളും (hemispheres) ചേർന്നതാണ്. ഓരോ അർധഗോളവും മസ്തിഷ്കസ്തംഭവുമായി (brain stem) മൂന്ന് വൃന്തകങ്ങൾ (peduncles) വഴി ബന്ധപ്പെട്ടിരിക്കുന്നു. വെർമിസിനകത്ത് രണ്ട് മർമകേന്ദ്രങ്ങളുണ്ട്. മാംസപേശികളുടെ ചലനങ്ങളെ നിയന്ത്രിച്ച് അവയെ ചുരുക്കാനും സന്തുലിതാവസ്ഥയിലേക്ക് വികസിപ്പിക്കാനുമുള്ള പ്രേരണയും ശരീരത്തിന് മുൻപോട്ടും പുറകോട്ടും ചലിക്കാനുള്ളശേഷിയും നൽകുന്നത് ഈ കേന്ദ്രങ്ങളാണ്. അനുമസ്തിഷ്കത്തിന്റെ പാർശ്വപാളികൾക്ക് ഡന്റേറ്റ് ന്യൂക്ളിയസ്, എമ്പോളിഫോർമിസ് ന്യൂക്ളിയസ് എന്നീ രണ്ടു കേന്ദ്രങ്ങളുണ്ട്.

Brain: Cerebellum
മനുഷ്യ മസ്തിഷ്കം പിങ്കുനിറത്തി കാണുന്നത് അനുമസ്തിഷ്കം
മനുഷ്യമസ്തിഷ്കം അനുമസ്തിഷ്കം അടയാളം ചെയ്തിരിക്കുന്നു
Part of Metencephalon
Artery SCA, AICA, PICA
Vein superior, inferior
NeuroLex ID birnlex_1489

ജീവികളുടെ സന്തുലനം നിലനിർത്തുന്നു തിരുത്തുക

ജീവികളുടെ സന്തുലനാവസ്ഥ നിലനിർത്തുന്ന കേന്ദ്രഭാഗമാണ് അനുമസ്തിഷ്കം. ഇത് ചെവിയുമായി അടുത്ത ബന്ധം പുലർത്തുന്നു. അനുമസ്തിഷ്കത്തിന്റെ വലിപ്പവും വികാസത്തിന്റെ വിവിധ ഘട്ടങ്ങളും വിവിധ കശേരുകികളിൽ വ്യത്യസ്തനിലകളിലാണ്. ഇത് പ്രധാനമായും ജീവിയുടെ ചലനക്ഷമതയെയും വിവിധ ശാരീരിക പ്രവർത്തനങ്ങളുടെ സമന്വയത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണമായി പക്ഷികളിൽ അനുമസ്തിഷ്കം വലിപ്പമേറിയതും ഉഭയജീവികളിൽ വളരെ ചെറുതും ആയിട്ടാണ് കാണപ്പെടുന്നത്.

സന്തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന മധ്യകർണം (middle ear), പേശീതന്തുക്കൾ, ചർമത്തിന്റെ ചില ഭാഗങ്ങൾ, നേത്രം, ചെവി, സെറിബ്രൽ കോർട്ടെക്സ് തുടങ്ങിയവയിൽ നിന്നും അനുമസ്തിഷ്കം ആവേഗങ്ങൾ (impulses) സ്വീകരിക്കുന്നു. ഈ ആവേഗങ്ങൾ അനുമസ്തിഷ്ക ആവൃതിയിലെ ഗ്രേമാറ്ററിൽ എത്തുകയും അവിടെനിന്നും ഡന്റേറ്റ് ന്യൂക്ളിയസ്സിലേക്കു കടക്കുകയും ചെയ്യും. ഇവിടെനിന്നും നാഡികൾ വഴി തലാമസ് എന്ന കേന്ദ്രത്തിലെത്തിച്ചേരുന്നു. മറ്റുചില നിയന്ത്രണസ്പന്ദങ്ങൾ അനുമസ്തിഷ്കത്തിൽനിന്നും പുറപ്പെട്ട് പോൺസിലൂടെ സുഷുമ്നാ നാഡിയിലെത്തി, അവിടെനിന്നും മാംസപേശികളിലെത്തിച്ചേരുന്നു. മൂന്നാമതൊരുതരം നിയന്ത്രണസ്പന്ദങ്ങൾ മറ്റൊരു നാഡിവഴി അനുമസ്തിഷ്കത്തിലെ സീറ്റർ ന്യൂക്ളിയസ് എന്ന കേന്ദ്രത്തിലേക്കും അവിടെനിന്നും ശിരോനാഡി(cranial nerves)കളിലേയ്ക്കും (III, IV, VI, XI എന്നീ ശിരോനാഡികളിലേയ്ക്ക്) എത്തുന്നു. കണ്ണുകളുടെയും കഴുത്തിന്റെയും ചലനങ്ങളെ നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഇതിനെ ബാധിക്കുന്ന രോഗങ്ങൾ തിരുത്തുക

അനുമസ്തിഷ്കത്തിലെ കേന്ദ്രബിന്ദുക്കളിൽനിന്നും പുറപ്പെടുന്ന നാഡികൾ നാരുകളായി മാറുക, അനുമസ്തിഷ്കത്തിലെ രക്തക്കുഴലിൽ രക്തം കട്ടപിടിക്കുക, രക്തക്കുഴൽ പൊട്ടി രക്തം ചിതറുക എന്നീ ക്രമക്കേടുകൾകൊണ്ട് അനുമസ്തിഷ്കത്തിന്റെ പ്രവർത്തനത്തിൽ മാറ്റം സംഭവിക്കുന്നു.

പലതരം രോഗങ്ങൾ അനുമസ്തിഷ്കത്തെ ബാധിക്കാറുണ്ട്.പ്രമസ്തിഷ്കപർവകപാളി(floculo-nodular lobe)യെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് മെഡുലോബ്ലാസ്റ്റോമ. അനുമസ്തിഷ്കത്തെ ക്ഷയരോഗവും (ട്യുബർക്കുലോമ) സിഫിലിസ്‌രോഗവും (ഗമ്മ) ബാധിക്കാറുണ്ട്.

കുട്ടികളിൽ മെഡുല്ലോ ബ്ലാസ്റ്റോമ ഉണ്ടാകുമ്പോൾ തലവേദനയും തലചുറ്റലും ഛർദിയും അനുഭവപ്പെടും; കാഴ്ചശക്തി ഇല്ലാതാകുകയും ചെയ്യും. രോഗം വർധിച്ചുവരുമ്പോൾ ശിരോനാഡികൾക്ക് തളർച്ച വരികയും, ശരീരത്തിന് ഭാഗികമായി സ്വാധീനതയില്ലാതാവുകയും ചെയ്യും. രക്തസമ്മർദം കുറയുന്നു. ഇതോടൊപ്പം ശ്രവണശക്തിയും നഷ്ടപ്പെട്ടെന്നുവരാം. എഴുന്നേറ്റുനില്ക്കുമ്പോൾ മറിഞ്ഞുവീഴുകയും ഉദ്ദേശിക്കുന്നതുപോലെ നടക്കാൻ കഴിയാതെവരികയും ചെയ്യും. കോർണിയ (cornea) ഉദ്ദിഷ്ട സ്ഥാനത്ത് ഉറപ്പിക്കാൻ പറ്റാതെ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടിരിക്കും. ഇതിന് അക്ഷിദോലനം (nistagmus) എന്നു പറയുന്നു.

അനുമസ്തിഷ്കത്തിലെ രക്തക്കുഴൽ പൊട്ടി രക്തം കട്ടപിടിക്കുമ്പോൾ രോഗിക്ക് അസഹ്യമായ വേദനയും തലകറക്കവും അനുഭവപ്പെടും. ഛർദിയും വിശപ്പില്ലായ്മയും ഉണ്ടാകും. രോഗിക്ക് എഴുന്നേറ്റു നില്ക്കുവാനുള്ള ശക്തി നഷ്ടപ്പെടുകയും കൺപോളകൾ അടഞ്ഞിരിക്കുകയും ചെയ്യും.

അനുമസ്തിഷ്കത്തിന്റെ ഒരു ഭാഗത്തുമാത്രം ക്ഷതം സംഭവിച്ചാൽ ആ ഭാഗത്തെ മാംസപേശികളുടെ ചലനത്തെ അത് സാരമായി ബാധിക്കുകയും അവയുടെ ശക്തി ക്ഷയിക്കുകയും ചെയ്യും.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുമസ്തിഷ്കം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുമസ്തിഷ്കം&oldid=3247840" എന്ന താളിൽനിന്ന് ശേഖരിച്ചത്