കേരളീയ ജ്യോതിശാസ്ത്രം

(കേരളീയ ജ്യോതിശ്ശാസ്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളീയമായ ജ്യോതിശാസ്ത്രത്തിന്‌ വളരെ പുരാതനവും അഭിമാനാർഹവുമായ ഒരു ചരിത്രം തന്നെയുണ്ട്‌. പ്രഗല്ഭരായ പല പ്രാചീനഗണിതശാസ്ത്രജ്ഞന്മാരും കേരളത്തിൽ ജനിച്ചിട്ടും ജീവിച്ചിട്ടും ഉണ്ട്‌.[1] ഭാസ്കരൻ, ആര്യഭടൻ തുടങ്ങിയവർ ഉദാഹരണം.

മലയാള ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനം

തിരുത്തുക

ആകാശമണ്ഡലം മൊത്തമായി ഭൂമിയെ കിഴക്കുനിന്നും പടിഞ്ഞാറു ദിശയിൽ (മുകളിലേക്കു നോക്കുമ്പോൾ) ഒരു ദിവസത്തിൽ ഒരിക്കലെന്ന വണ്ണം ചുറ്റിക്കൊണ്ടിരിക്കുന്നു എന്നു സങ്കൽപ്പിക്കുക. ( ഭൂമിയുടെ സ്വയംഭ്രമണം മൂലം ആപേക്ഷികമായി ഇങ്ങനെയാണ്‌ ഭൂമിയിൽ നിൽക്കുന്ന ഒരാൾക്ക്‌ കാണുവാൻ സാധിക്കുക)

ഈ ആകാശത്തിനെ ആദ്യം 12 ഭാഗങ്ങളായി വിഭജിച്ച്‌ 12 രാശികളുടെ പേർ കൊടുത്തിരിക്കുന്നു. വളരെ വളരെ അകലത്തിലുള്ള നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി ഇപ്രകാരം ഒരു ചാക്രികമാനദണ്ഡം (protractor)ആപേക്ഷികമായി കണക്കാക്കാവുന്നതാണ്‌.

മലയാളം പഞ്ചാംഗത്തിലെ നക്ഷത്രങ്ങൾ (27)

തിരുത്തുക

27 1/3 ദിവസം കൊണ്ട്‌ ചന്ദ്രൻ ആകാശമണ്ഡലത്തിൽ പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്ന 27 നക്ഷത്രങ്ങളുടെ സമീപത്തുകൂടി കടന്നുപോകുന്നു(ഭൂമിയിൽ നിന്നു നോക്കുമ്പോൾ ആപേക്ഷികമായി). ഒരു പ്രത്യേക ദിവസം ചന്ദ്രൻ ഏതു നക്ഷത്രത്തിന്റെ സമീപമാണോ ആ ദിവസത്തിന് നക്ഷത്രത്തിന്റെ പേരു നൽകുന്നു (കൃത്യം 24 മണിക്കൂർ എന്ന്‌ അർത്ഥമില്ല. വിശദമായ ഗണിതത്തിലൂടെ ഈ സമയവേളകൾ കൃത്യമായി കണക്കാക്കി വെക്കാവുന്നതേ ഉള്ളൂ). ഉദാഹരണത്തിന് അശ്വതി നക്ഷത്രത്തിന്റെ സമീപം ചന്ദ്രൻ നിൽക്കുന്ന ദിവസം അശ്വതി നാൾ.

ഇതു കൂടാതെ തിഥി (പക്കം) എന്ന നിലയിലും ദിവസം കണക്കാക്കാം. ചന്ദ്രന്റെ വൃദ്ധിയും (waxing) ക്ഷയവും (waning) അടിസ്ഥാനമാക്കി 15 ദിവസങ്ങളെ ശുക്ലപക്ഷം എന്നും അടുത്ത 15 ദിവസങ്ങളെ കൃഷ്ണപക്ഷം എന്നും വിഭജിച്ചിരിക്കുന്നു. ഈ 15 ദിവസങ്ങൾ പ്രഥമാ, ദ്വിതീയ എന്നിങ്ങനെ അടയാളപ്പെടുത്തി. പതിനഞ്ചാമത്തെ ദിവസം പൗർണ്ണമിയോ അമാവാസിയോ ആയിരിക്കും.

അശ്വതി നക്ഷത്രം, ഭരണി നക്ഷത്രം, കാർത്തിക നക്ഷത്രം, രോഹിണി നക്ഷത്രം, മകയിരം നക്ഷത്രം, തിരുവാതിര നക്ഷത്രം, പുണർതം നക്ഷത്രം, പൂയം നക്ഷത്രം, ആയില്യം നക്ഷത്രം, മകം നക്ഷത്രം, പൂരം നക്ഷത്രം, ഉത്രം നക്ഷത്രം, അത്തം നക്ഷത്രം, ചിത്തിര നക്ഷത്രം, ചോതി നക്ഷത്രം, വിശാഖം നക്ഷത്രം, അനിഴം നക്ഷത്രം, തൃക്കേട്ട നക്ഷത്രം, മൂലം നക്ഷത്രം, പൂരാടം നക്ഷത്രം, ഉത്രാടം നക്ഷത്രം, തിരുവോണം നക്ഷത്രം, അവിട്ടം നക്ഷത്രം, ചതയം നക്ഷത്രം, പൂരൂരുട്ടാതി നക്ഷത്രം, ഉത്രട്ടാതി നക്ഷത്രം, രേവതി നക്ഷത്രം എന്നിവയാണ് മലയാളത്തിലെ 27 നാളുകൾ(നക്ഷത്രങ്ങൾ).

മലയാളം രാശികൾ

തിരുത്തുക

ചന്ദ്രൻ ഭൂമിയെ വലം വെക്കുന്നതായനുഭവപ്പെടുന്നതുപോലെ. ഭൂമി സൂര്യനെ വലം വെയ്ക്കുന്ന പാതയിലെ 12 നക്ഷത്ര ഗണങ്ങളെ രാശികളായി കണക്കാക്കുന്നു.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം, എന്നിവയാണ് മലയാളം രാശികൾ

(കൊല്ലവർഷത്തിലെ മാസങ്ങൾക്കും ഈ പേരുകൾ തന്നെയാണ്‌.)

വ്യക്തമായി കാണാവുന്ന നക്ഷത്രങ്ങളെ അങ്കനങ്ങൾ (markings) ആയി ഉപയോഗിച്ചുകൊണ്ട്‌ ഈ രാശിസ്ഥാനങ്ങളെ എളുപ്പം തിരിച്ചറിയാം.

രാശിക്കൂറ്

തിരുത്തുക

സൂര്യന്റേയും ചന്ദ്രന്റേയും പാതകൾ തമ്മിൽ വലിയ വ്യത്യാസമില്ല. വെറും 5° ചരിവേയുള്ളു. അതായത് രണ്ടു വളയങ്ങളെടുത്ത് ഒന്നിനകത്തു കൂടി കയറ്റി 5° ചരിച്ചുവക്കുന്ന അത്രമാത്രം. സൂര്യ-ചന്ദ്ര പാതകൾ പരസ്പരം മുറിച്ചുകടക്കുന്ന പാതകളെ രാഹു, കേതു എന്നു പറയുന്നു(രാഹുവിലോ കേതുവിലോ ആണ് ഗ്രഹണങ്ങൾ സംഭവിക്കുന്നത്. ചന്ദ്രന്റെ നാളിൽ വരുന്ന നക്ഷത്രങ്ങൾ സ്വാഭാവികമായും സൂര്യന്റെ രാശിയിലും പെടും അങ്ങനെ 12 രാശികളും 27 നക്ഷത്രങ്ങളെക്കൊണ്ട്‌ ബന്ധിപ്പിച്ചിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ ഒരു രാശിയിൽ 2 ¼ നാൾ. ഇതിനെ ആണ് രാശിക്കൂറ്‌ എന്നു പറയുന്നത്. അതായത് മേടം രാശിയിൽ അശ്വതിയും ഭരണിയും കാർത്തികയുടെ കാൽ ഭാഗവും കാണും. അശ്വതി, ഭരണി, കാർത്തികക്കാൽ മേടക്കൂറ്‌ എന്നു പറയും. കാർത്തിക മുക്കാലും, രോഹിണിയും മകയീരം പകുതിയും ഇടവക്കൂറ്‌ എന്നിങ്ങനെ.

ഞാറ്റുവേല

തിരുത്തുക

ഒരുമാസത്തെ തന്നെ വീണ്ടും ഞാറ്റുവേലകളായി വിഭജിക്കാം. അതായത് ഒരു രാശിയിൽ സൂര്യൻ ഒരു മാസക്കാലം കാണും അതുപോലെ ഒരു നാളിൽ 12-13 ദിവസം കാണും. അതിനെ ആണ് ഞാറ്റുവേലകൾ(ഞായർ വേള, സൂര്യനുള്ള കാലം‍) എന്നു പറയുന്നത്. ഉദാ: മേടമാസത്തിലെ ആദ്യത്തെ (ഏകദേശം) 13 ദിവസം സൂര്യൻ അശ്വതി നക്ഷത്രകോണിലായതുകൊണ്ട്‌ അത്‌ അശ്വതി ഞാറ്റുവേല. സൂര്യൻ തിരുവാതിര നാളിലുള്ളപ്പോൾ തിരുവാതിര ഞാറ്റുവേല.

ഒരു സൗരവർഷം കൊണ്ട്‌ ഭൂമി സൂര്യനെ ഒരു പ്രാവശ്യം വലം വെക്കുന്നു. അതായത്‌ സൂര്യൻ 12 രാശികൾ മറി കടക്കുന്നു. ഓരോ രാശിയിലും സൂര്യൻ നിൽക്കുന്ന സമയത്തിനെ ഒരു മാസം എന്നു പറയാം.

ഉദാഹരണത്തിന്‌ അശ്വതി നക്ഷത്രം മുതൽ കിഴക്കോട്ടുള്ള 30 degree അകാശഭാഗത്തിലൂടെ സൂര്യൻ ക്രമേണ കടന്നുപോകുമ്പോൾ മേടമാസം.

ഗ്രഹങ്ങൾ

തിരുത്തുക

സൂര്യനെയും ചന്ദ്രനേയും എന്നപോലെ തന്നെ ഗ്രഹങ്ങളേയും ഇപ്രകാരം പ്രതിലേഖീകരി(mapping) ക്കാവുന്നതാണ്‌. അങ്ങനെയാണ്‌ വ്യാഴവട്ടം തുടങ്ങിയ കാലഗണനയുണ്ടാവുന്നത്‌. ഉദാ: വ്യാഴം (Jupiter) 12 വർഷം കൊണ്ടാണ്‌ രാശിചക്രം കടക്കുന്നത്‌.

  1. ജ്യോതിശാസ്ത്രത്തെപറ്റിയുള്ള ലേഖനം, മലയാളമനോരമ ദിനപത്രം, സൺ‍ഡേ സപ്ലിമെൻറ്. ഒക്ടോബർ 22
കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി
ആര്യഭടൻ | വടശ്ശേരി പരമേശ്വരൻ | സംഗമഗ്രാമ മാധവൻ | നീലകണ്ഠ സോമയാജി | ജ്യേഷ്ഠദേവൻ | ശങ്കര വാര്യർ | മേൽപ്പത്തൂർ നാരായണ ഭട്ടതിരി | അച്യുത പിഷാരടി | പുതുമന ചോമാതിരി | തലക്കുളത്തൂർ ഭട്ടതിരി| കൈക്കുളങ്ങര രാമവാര്യർ| ശങ്കരനാരായണൻ
"https://ml.wikipedia.org/w/index.php?title=കേരളീയ_ജ്യോതിശാസ്ത്രം&oldid=3964955" എന്ന താളിൽനിന്ന് ശേഖരിച്ചത്