പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഗണിതജ്ഞനാണ് പുതുമന ചോമാതിരി. ത്രികോണമിതി, കലനം, അനന്തശ്രേണികൾ തുടങ്ങിയ ഗണിതശാസ്ത്രശാഖകളെക്കുറിച്ച് പരാമർശിക്കുന്ന'കരണപദ്ധതി'യെന്ന സുപ്രധാന ഗ്രന്ഥത്തിന്റെ രചയിതാവാണ് ഇദ്ദേഹം. ത്രികോണമിതി, കലനം തുടങ്ങിയ ഗണിതശാസ്‌ത്രശാഖകൾ പാശ്ചാത്യലോകത്ത്‌ വികാസം പ്രാപിക്കുന്നതിനും മുമ്പ്‌ കേരളത്തിലെ പ്രതിഭകൾ അവ കണ്ടെത്തിയിരുന്നു എന്ന്‌ തെളിയിക്കുന്ന ഒട്ടേറെ കൃതികളുണ്ട്‌. ആ ഗ്രന്ഥപരമ്പരയിൽ സുപ്രധാന സ്ഥാനം അർഹിക്കുന്ന കൃതിയാണ്‌ 'കരണപദ്ധതി'. ചോമാതിരിയുടെ ജീവിതകാലമായ പതിനേഴാം നൂറ്റാണ്ടിൽത്തന്നെയാണ് ഐസക് ന്യൂട്ടണും, ലൈബനിസും പാശ്ചാത്യലോകത്ത് കലിതം (കാൽക്കുലസ്) കണ്ടെത്തിയത്.

പുതാതനഭാരതത്തിൽ ജ്യോതിശാസ്‌ത്രവും ഗണിതശാസ്‌ത്രവും ജ്യോതിഷവും കൂടിക്കുഴഞ്ഞാണ്‌ കിടന്നത്‌. അതിനാൽ ഇവ ഒറ്റശാസ്‌ത്രമായി കണക്കാക്കപ്പെട്ടു. ഇന്ത്യയിലെ പല ജ്യോതിശാസ്‌ത്രഗ്രന്ഥങ്ങളും ഗണിതശാസ്‌ത്രഗ്രന്ഥങ്ങളും ജ്യോതിഷഗ്രന്ഥങ്ങളായും ശാസ്‌ത്രജ്ഞർ ജ്യോതിഷികളായും ഇന്നും തെറ്റിദ്ധരിക്കപ്പെടുന്നു. ഇത്തരത്തിൽ വേണ്ടത്ര അറിയപ്പെടാതെ പോയവരിൽ പുതുമന ചോമാതിരിയും ഉൽപ്പെടുന്നു. ചോമാതിരിയുടെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതർ വ്യത്യസ്‌ത അഭിപ്രായങ്ങൾ പ്രകടിപ്പിട്ടുണ്ട്‌. 'ദൃഗ്ഗണിതം' എന്ന ഗണിതഗ്രന്ഥം രചിച്ച വടശ്ശേരി പരമേശ്വരന്റെ (1360-1455) കാലത്താണ്‌ ചോമാതിരിയും ജീവിച്ചിരുന്നതെന്ന്‌, വടക്കുംകൂർ രാജരാജവർമ, ഉള്ളൂർ തുടങ്ങിയവർ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ, പ്രശസ്‌ത പണ്ഡിതനായ കെ.വി. ശർമയാണ്‌ ചോമാതിരിയുടെ കാലം കണ്ടെത്തിയത്‌.[അവലംബം ആവശ്യമാണ്]

ജീവിതകാലം

തിരുത്തുക

കെ.വി.ശർമ നടത്തിയ കണക്കുകൂട്ടൽ പ്രകാരം, 1660-ൽ തൃശ്ശൂരിൽ പുതുമന ഇല്ലത്താണ്‌ ചോമാതിരി (സോമയാജി) ജനിച്ചത്‌. 1732-ൽ അദ്ദേഹം കരണപദ്ധതി രചിച്ചു. 1740-ൽ അന്തരിച്ചു.

ഗ്രന്ഥങ്ങൾ

തിരുത്തുക

കേരളത്തിൽ നിലവിലുണ്ടായിരുന്ന രണ്ട്‌ ഗണിതപദ്ധതികളാണ്‌ പരഹിതവും ദൃക്കും. പൊതുവർഷം 683-ൽ ഹരിദത്തൻ ആവിഷ്‌ക്കരിച്ച സമ്പ്രദായമാണ്‌ പരഹിതം. 1430-ൽ വടശ്ശേരി പരമേശ്വരൻ ആണ്‌ ദൃക്‌ സമ്പ്രദായം ആവിഷ്‌ക്കരിച്ചത്‌. പരഹിതസമ്പ്രദായമനുസരിച്ച്‌ കേരളത്തിൽ ജ്യോത്സ്യൻമാർ മുഹൂർത്തം ഗണിക്കുന്നത്‌ ഇപ്പോഴും പതിവാണ്‌; ഗ്രഹണം മുതലായവ ഗണിക്കുന്നത്‌ ദൃക്‌ സമ്പ്രദായം അനുസരിച്ചും. ഈ രണ്ട്‌ ഗണിതപദ്ധതികളും ചോമാതിരി 'കരണപദ്ധതി'യിൽ ഉപയോഗിച്ചിട്ടുണ്ട്‌. കരണപദ്ധതിയുടെ പഴയ കൈയെഴുത്തുപ്രതികൾ തമിഴ്‌നാട്ടിലും ആന്ധ്രയിലും നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്‌ ആ പ്രദേശങ്ങളിൽ പ്രചാരം സിദ്ധിച്ചിരുന്നു എന്നതിന്‌ തെളിവാണിത്‌.

കേരളത്തിലെ ഗണിത-ജ്യോതിശ്ശാസ്‌ത്രപാരമ്പര്യത്തിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌-ഗണിതഭാഗവും ഫലഭാഗവും. ആദ്യത്തേത്‌ ശുദ്ധശാസ്‌ത്രമാണ്‌. ജാതകഗണനം ഫലപ്രവചനം എന്നിവ ഉൾപ്പെടുന്ന ജ്യോതിഷമാണ്‌ രണ്ടാംഭാഗം. ഇവ സംബന്ധിച്ച കൃതികൾക്കു പുറമേ, നമ്പൂതിരിമാരുടെ ആചാരങ്ങൾ വിവരിക്കുന്ന ഒട്ടേറെ കൃതികൾ ചോമാതിരി രചിച്ചു. ജാതകാദേശമാർഗം, ആശൗചം, ബഹ്വലച സ്‌മാർത്തപ്രായശ്ചിത്തം, വേണ്വാരോഹാഷ്‌ടകം, പഞ്ചബോധം, ന്യായരത്‌നം, ഗ്രഹണഗണിതം തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ പെടുന്നു. ജാതകാദേശം എന്നത്‌ ചോമാതിരി രചിച്ച പ്രശസ്‌ത ജ്യോതിഷകൃതിയാണ്‌. മാനസഗണിതം എന്നൊരു കൃതി രചിച്ചിട്ടുള്ളതായി സൂചനയുണ്ടെങ്കിലും അത്‌ കണ്ടുകിട്ടിയിട്ടില്ല.

പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായ സംഗമഗ്രാമ മാധവൻ രചിച്ച വേണ്വാരോഹം എന്ന കൃതിയുടെ ചുവടുപിടിച്ച്‌ ചോമാതിരി രചിച്ച ഗ്രന്ഥമാണ്‌ വേണ്വാരോഹാഷ്ടകം. ചന്ദ്രന്‌ ഓരോ കാലങ്ങളിലുള്ള സ്ഥാനവ്യതിയാനം കൃത്യമായി ഗണിക്കാൻ ഈ ഗ്രന്ഥം സഹായിക്കുന്നു. ഗ്രഹചലനത്തെക്കുറിച്ചുള്ള ആധികാരികപഠനം അവതരിപ്പിക്കുന്ന എട്ട്‌ അധ്യായങ്ങളുള്ള കൃതിയാണ്‌ ന്യായരത്‌നം. കാവ്യരൂപത്തിൽ എഴുതപ്പെട്ട ഗ്രന്ഥമാണിത്‌. ആശൗചം, ബഹ്വലച സ്‌മാർത്തപ്രായശ്ചിത്തം എന്നീ കൃതികൾ ധർമശാസ്‌ത്രം എന്ന വിഭാഗത്തിൽ പെടുത്താവുന്നവയാണ്‌. നമ്പൂതിരിമാരുടെ മരണസമയത്ത്‌ ആചരിക്കേണ്ട കാര്യങ്ങളുടെ വിശദീകരണമാണ്‌, മലയാളത്തിൽ രചിക്കപ്പെട്ട ആശൗചം എന്ന കൃതിയുടെ ഉള്ളടക്കം. അതിൽ 18 ശ്ലോകങ്ങളുണ്ട്‌. 173 ശ്ലോകങ്ങളിൽ രചിക്കപ്പെട്ട സംസ്‌കൃതകൃതിയാണ്‌ ബഹ്വലച സ്‌മാർത്തപ്രായശ്ചിത്തം. ഉപനയനം, വിവാഹം തുടങ്ങിയവയ്‌ക്ക്‌ ലോപം സംഭവിച്ചാൽ നമ്പൂതിരിമാർ അനുഷ്‌ഠിക്കേണ്ട കാര്യങ്ങളാണ്‌ ഈ ഗ്രന്ഥത്തിലുള്ളത്‌.

കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി
ആര്യഭടൻ | വടശ്ശേരി പരമേശ്വരൻ | സംഗമഗ്രാമ മാധവൻ | നീലകണ്ഠ സോമയാജി | ജ്യേഷ്ഠദേവൻ | ശങ്കര വാര്യർ | മേൽപ്പത്തൂർ നാരായണ ഭട്ടതിരി | അച്യുത പിഷാരടി | പുതുമന ചോമാതിരി | തലക്കുളത്തൂർ ഭട്ടതിരി| കൈക്കുളങ്ങര രാമവാര്യർ| ശങ്കരനാരായണൻ
"https://ml.wikipedia.org/w/index.php?title=പുതുമന_ചോമാതിരി&oldid=4023658" എന്ന താളിൽനിന്ന് ശേഖരിച്ചത്