ഭാരതീയരീതികളിലെ പഞ്ചാംഗത്തിലെ അഞ്ച് അംഗങ്ങളിൽ ഒരു ഭാഗമാണ് തിഥി. വാരം, നാൾ, തീയതി, തിഥി തുടങ്ങി ഒരു പ്രത്യേക ദിവസത്തെ സൂചിപ്പിക്കാനുള്ള വിവിധ മാർഗ്ഗങ്ങളിൽ ഒന്നു്. തിഥിയെ പക്കം എന്നും പറയാറുണ്ടു്.

ശുക്ലപക്ഷത്തിലെ തിഥികളും ചന്ദ്രന്റെ സ്ഥാനവും
The astronomical basis of the Hindu lunar day

ചന്ദ്രനും സൂര്യനും കോണീയ അകലം 12°(പന്ത്രണ്ടു ഡിഗ്രി) വ്യത്യാസം വരാൻ വേണ്ടി വരുന്ന സമയമാണ് ഒരു തിഥി. ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം വെക്കുന്പോൾ സൂര്യപ്രകാശം ചന്ദ്രമണ്ഡലത്തിൽ തട്ടി പ്രതിഫലിക്കുന്നത്തിന്റെ അളവിൽ വ്യത്യാസം വരുന്നു. ചന്ദ്രന്റെ ഈ വൃദ്ധി‌‌ക്ഷയമനുസരിച്ചാണ് തിഥി കണക്കാക്കുന്നത്. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനത്തിനനുസരിച്ചു തിഥിയുടെ കാലയളവ്‌ വ്യത്യസ്തമാണ്. സാധാരണ ഈ കാലയളവ്‌ പത്തൊൻപതു മുതൽ ഇരുപത്തിയാറു മണിക്കൂർ വരെയാണ്[1].

കൃത്യമായ കാലഗണന

തിരുത്തുക

ആകാശത്തു് സൂര്യന്റേയും ചന്ദ്രന്റേയും സ്ഥാനം ഒരൊറ്റ സ്ഫുടത്തിൽ വരുന്ന നിമിഷമാണു് അമാവാസി സംഭവിക്കുന്നതു്. ഈ സമയത്തു് ചന്ദ്രന്റെ, ഭൂമിയ്ക്കഭിമുഖമായി നിൽക്കുന്ന അർദ്ധഗോളം സൂര്യനു് എതിരെയായതുകൊണ്ട് ഏകദേശം പൂർണ്ണമായിത്തന്നെ ഇരുണ്ടിരിക്കും. കൂടാതെ അതേ പശ്ചാത്തലത്തിൽ തന്നെ, ശക്തമായ പ്രകാശത്തോടെ സൂര്യനും സ്ഥിതിചെയ്യുന്നു. അതിനാൽ ഭൂമിയിൽനിന്നും നോക്കുമ്പോൾ ചന്ദ്രൻ അദൃശ്യമായിരിക്കും.

ഈ നിമിഷം മുതൽ സമയം കണക്കാക്കിയാൽ വീണ്ടും ഇതേ സംഭവം നടക്കുന്നതു് ഏകദേശം ഒരു മാസം കഴിഞ്ഞതിനുശേഷം ആയിരിക്കും. ഈ രണ്ടു സമയബിന്ദുക്കൾക്കിടയിലുള്ള ഇടവേളയെ 30 ആക്കി ഭാഗിച്ചിരിക്കുന്നു. അതിൽ ഒന്നാണു് ഒരു തിഥി.

എന്നാൽ രണ്ട് അമാവാസികൾക്കിടയിലുള്ള ദൂരം കൃത്യം 30 കലണ്ടർ ദിവസങ്ങളല്ല. സൂര്യനും ചന്ദ്രനും വീണ്ടും ഒരേ സ്ഥാനത്തെത്തുന്നതു് 360 ഡിഗ്രിയിൽ അല്ലെന്നതും വർഷത്തിലെ വിവിധ സമയങ്ങളിൽ ഇവയുടെ ഗതിവേഗം (ഭൂമിയിൽനിന്നു നോക്കുമ്പോൾ) വ്യത്യാസപ്പെട്ടിരിക്കുമെന്നതുമാണു് ഇതിനു കാരണം. അതിനാൽ ഒരു തിഥി എത്ര മണിക്കൂർ ആണെന്നതിനു് സൂക്ഷ്മമായ കണക്കുകൂട്ടൽ ആവശ്യമാണു്.

തിഥിയുടെ പേരുകളും ബന്ധപ്പെട്ട വാക്കുകളും

തിരുത്തുക

പ്രഥമ അഥവാ പ്രതിപദം, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പഞ്ചദശി എന്നിങ്ങനെയാണു് തിഥികൾക്കു് പേരിട്ടിരിക്കുന്നതു്. പഞ്ചദശി പൌർണമിയോ അമാവാസിയോ ആകാം. പതിനഞ്ചു തിഥി കൂടുന്നതാണ് ഒരു പക്ഷം അഥവാ പക്കം ('പക്ഷം'(ചിറകു്) എന്ന വാക്കിന്റെ മലയാളതത്ഭവമാണു് പക്കം.) ഒരു മാസത്തിൽ രണ്ടു പക്ഷങ്ങളുണ്ട് - കറുത്ത പക്ഷവും (കൃഷ്ണപക്ഷം) വെളുത്ത പക്ഷവും (ശുക്ലപക്ഷം). കറുത്ത വാവ് കഴിഞ്ഞുള്ള ആദ്യത്തെ ദിവസം (ശുക്ലപക്ഷപ്രഥമ) മുതൽ പൌർണമി വരെ ശുക്ലപക്ഷവും വെളുത്ത വാവു കഴിഞ്ഞുള്ള ആദ്യത്തെ ദിവസം (കൃഷ്ണപക്ഷപ്രഥമ) മുതൽ അമാവാസി വരെ കൃഷ്ണപക്ഷവും.

ഒരു ദിവസത്തെ തിഥി എന്ന നിലയിലും പക്കം എന്നു പറയാറുണ്ടു്. ഒരു പ്രത്യേക സംഭവം കഴിഞ്ഞ് ഇത്ര ദിവസം എന്ന അർത്ഥത്തിൽ 'മൂന്നാംപക്കം', 'ഏഴാംപക്കം' എന്നെല്ലാം ഭാഷയിൽ സാധാരണ പ്രയോഗിക്കാറുണ്ടു്.

സന്ദർഭത്തിനനുസരിച്ച്, തിഥി എന്നതിന് അമാവാസി എന്നും സമയം എന്നും അർത്ഥമുണ്ട്. ഒരു തിഥിയിൽ കൂടുതൽ സമയം തങ്ങാത്തവൻ എന്ന അർത്ഥത്തിലാണു് അതിഥി എന്ന വാക്കു പ്രചാരത്തിൽ വന്നതു്.

  1. Defouw, Hart (2003). Light on Life: An Introduction to the Astrology of India. Lotus Press. p. 186. ISBN 0-940985-69-1. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=തിഥി&oldid=3310207" എന്ന താളിൽനിന്ന് ശേഖരിച്ചത്