ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)

ജനാധിപത്യത്തിൻ്റെ മരണമണി
(ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലം (1975 - 77) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ അടിയന്തരാവസ്ഥ (1975-1977) സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 21 മാസങ്ങൾ ആയിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ദിരയ്ക്ക് ഉത്തരവുകൾ (ഡിക്രീകൾ [൧]) പുറപ്പെടുവിച്ച് ഭരിക്കുവാനും തിരഞ്ഞെടുപ്പുകൾ റദ്ദാക്കുവാനും പൗരാവകാശങ്ങൾ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും ഉള്ള അധികാരം ഇത് നൽകി. 1975 മുതൽ 1977 വരെ ആയിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം.

പശ്ചാത്തലം

തിരുത്തുക

ഇന്ദിരയുടെ പാർട്ടിയായ കോൺഗ്രസ് പാർട്ടി 1971-ൽ നടന്ന തിരഞ്ഞെടുപ്പിൽ പരക്കെ തിരഞ്ഞെടുപ്പു കൃത്രിമം കാട്ടി എന്ന് ഇന്ദിരയുടെ എതിരാളികൾ വളരെ നാൾ ആയി ആരോപിച്ചിരുന്നു. ഗാന്ധിയൻ സോഷ്യലിസ്റ്റ് നേതാ‍വായ ജയപ്രകാശ് നാരായൺ ബിഹാറിൽ പ്രവിശ്യാ സർക്കാരിനെ മാറ്റുന്നതിനുവെണ്ടി പ്രക്ഷോഭം നടത്തിവരികയായിരുന്നു. അദ്ദേഹം സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സർക്കാരിനെ പുറത്താക്കുവാൻ ജനകീയ പ്രക്ഷോഭം നടത്തുവാൻ ശ്രമം തുടങ്ങി.

നാരായണും അദ്ദേഹത്തിന്റെ അനുയായികളും അഹിംസാ മാർഗ്ഗത്തിലൂടെ ഇന്ത്യൻ സമൂഹത്തെ മാറ്റിമറിക്കുവാനായി ഒരു സമ്പൂർണ്ണ വിപ്ലവത്തിനായി വിദ്യാർത്ഥികളെയും കർഷകരെയും തൊഴിലാളി സംഘടനകളെയും ഒരുമിപ്പിക്കുവാൻ ശ്രമിച്ചു. ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ പാർട്ടി പല രാഷ്ട്രീയകക്ഷികളുടേ സഖ്യമായ ജനതാ പാർട്ടിയോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പാർലമെന്റിൽ സർക്കാർ ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിച്ചു.

അലഹബാദ് ഹൈക്കോടതി വിധി

തിരുത്തുക

ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ നാരായണൻ തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു. 1975 ജൂൺ 12-നു ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻ‌ഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകൾ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മത്സരിക്കുന്നതിൽ നിന്ന് കോടതി വിലക്കി. എങ്കിലും വോട്ടർമാർക്ക് കൈക്കൂലികൊടുത്തു, ഇലക്ഷൻ തിരിമറി തുടങ്ങിയ ഗൗരവമേറിയ കുറ്റാരോപണങ്ങൾ കോടതി തള്ളി. സംസ്ഥാന പോലീസ് ഇലക്ഷൻ വേദികൾ നിർമ്മിച്ചു, സംസ്ഥാന വൈദ്യുതി വകുപ്പിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വൈദ്യുതി ഉപയോഗിച്ചു, പ്രസംഗ വേദി വളരെ ഉയർന്നതായിരുന്നു, തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇന്ദിരാഗാന്ധിയെ കോടതി ശിക്ഷിച്ചത്. എന്നാൽ ഇവയിൽ പലതും പ്രധാനമന്ത്രിയുടെ സുരക്ഷാ ചട്ടങ്ങളുടെ (പ്രോട്ടോക്കോൾ) ഭാഗമായിരുന്നു. മറ്റൊരു കുറ്റം ഒരു സർക്കാർ ഉദ്യോഗസ്ഥനായ യശ്പാൽ കപൂർ തന്റെ രാജി മേലുദ്യോഗസ്ഥർ അംഗീകരിക്കുന്നതിനു മുൻപായി തിരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചു എന്നതായിരുന്നു. മാരകമായ കുറ്റങ്ങൾക്ക് വെറുതേ വിടുകയും താരതമ്യേന ലഘുവായ കുറ്റങ്ങൾക്ക് ശിക്ഷിക്കുകയും ചെയ്തതിനെ റ്റൈംസ് മാസിക രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ട്രാഫിക്ക് ടിക്കറ്റിന് പുറത്താക്കി എന്ന് വിശേഷിപ്പിച്ചു. എങ്കിലും തൊഴിൽ, ട്രേഡ് യൂണിയനുകൾ, വിദ്യാർത്ഥി സംഘടനകൾ, സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ തുടങ്ങിയവയുടെ സമരങ്ങൾ രാജ്യമെമ്പാടും വ്യാപിച്ചു. മൊറാർജി ദേശായി, ജയപ്രകാശ് നാരായൺ എന്നിവർ നയിച്ച പ്രക്ഷോഭങ്ങൾ ദില്ലിയിൽ നിയമസഭ, പ്രധാനമന്ത്രിയുടെ വസതി, എന്നിവയോടു ചേർന്നുള്ള നിരത്തുകൾ ജനങ്ങളെ കൊണ്ടു നിറച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപനം

തിരുത്തുക

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്‌ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ദിരയുടെ തന്നെ വാക്കുകളിൽ ഇന്ദിര ജനാ‍ധിപത്യത്തെ “നിശ്ചലാവസ്ഥ”യിൽ കൊണ്ടുവന്നു.

ഭരണഘടനയനുസരിച്ച് ഇന്ദിരയുടെ ഉപദേശമനുസരിച്ച് രാഷ്ട്രപതി അഹമ്മദ് എല്ലാ ആറുമാസം തോറും അടിയന്തരാവസ്ഥ തുടരുവാനുള്ള അനുമതി നൽകി. ഇത് 1977-ൽ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടർന്നു.

അടിയന്തരാവസ്ഥ കേരളത്തിൽ

തിരുത്തുക

അടിയന്തരാവസ്ഥ നിലവിൽ വരുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ(സി.പി.ഐ) നേതാവ്‌ സി. അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രി. ഇന്ദിരാഗാന്ധിയുടെ വൃന്ദത്തില്പെട്ട പ്രമുഖ കോൺഗ്രസ്സ് നേതാവ്‌ കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയും. വളരെ കുപ്രസിദ്ധി ആർജ്ജിച്ച രാജൻ കേസ്‌ ഉണ്ടായത്‌ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ്‌. അന്നത്തെ പോലീസ്‌ ക്രൈം ബ്രാഞ്ച്‌ ഡി.ഐ.ജി ജയറാം പടിക്കൽ, സബ്‌-ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ എന്നിവർ ഈ കേസിൽ കുറ്റാരോപിതരായിരുന്നു. വിവാദമായ ഈ കേസിനെ തുടർന്ന് ആഭ്യന്തരമന്ത്രി കെ.കരുണാകരന്‌ രാജി വെക്കേണ്ടി വരികയും ചെയ്തു[1].

അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂടം

തിരുത്തുക

സംസ്ഥാന സർക്കാരുകളിലേക്കും കേന്ദ്രമന്ത്രിസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നീട്ടിവെക്കപ്പെട്ടു. ഇന്ത്യൻ ഭരണഘടനയുടെ 352-ആം വകുപ്പ് ഉപയോഗിച്ച് ഇന്ദിര സ്വയം അമിതമായ അധികാരങ്ങൾ നൽകി. പൗരാവകാശങ്ങൾക്കും രാഷ്ട്രീയ എതിർപ്പിനും എതിരെ വ്യാപകമായ അടിച്ചമർത്തൽ തുടങ്ങി. പാകിസ്താനുമായി ഉള്ള യുദ്ധം അവസാനിച്ച് അധികം വർഷങ്ങൾ ആയിരുന്നില്ല. രാജ്യ സുരക്ഷയ്ക്കുള്ള ഭീഷണിയായിരുന്നു സർക്കാർ ഈ അടിച്ചമർത്തലുകൾക്ക് ന്യായീകരണമായി പറഞ്ഞത്. സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ഭരണത്തെ സ്തംഭിപ്പിച്ചു എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്നും സർക്കാർ അരോപിച്ചു. വ്യാപകമായ രാഷ്ട്രീയ എതിർപ്പിനും രാജ്യമൊട്ടാകെയും പാർട്ടിയിലും അനുയായികൾ വിട്ടുപോവുന്നതിനും ഇടയ്ക്ക് ഇന്ദിര വളരെ കുറച്ച് അടുത്ത പാർട്ടി അനുഭാവികളുടെയും ഇളയ മകനായ സഞ്ജയ് ഗാന്ധിയുടെയും ഉപദേശം സ്വികരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രാജ്യമൊട്ടാകെ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും പ്രതിഷേധിക്കുന്ന ജനങ്ങളെയും സർക്കാർ അറസ്റ്റ് ചെയ്തു. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, ചരൺ സിംഗ്, രാജ നാരായണൻ, ജെ.ബി. കൃപലാനി, അടൽ ബിഹാരി വാജ്പേയി, മധു ലിമയേ, ലാൽ കൃഷ്ണ അഡ്വാനി, തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഉടൻ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആർ.എസ്.എസ്,ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും നിരോധിക്കപ്പെട്ടു. ബറോഡ ഡൈനാമിറ്റ് കേസിൽ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ജോർജ് ഫെർണാണ്ടസും എ കെ ഗോപാലനേപ്പോലുള്ള കമ്യൂണിസ്റ്റ്(മാര്ക്സിസ്റ്റ്) നേതാക്കളും ധാരാളം അണികളും അറസ്റ്റ് ചെയ്യപ്പെട്ടു. പലരും മാരകമായി പീഡിപ്പിക്കപ്പെട്ടു.

നിയമസഭയുടെ സഹായത്തോടെ രാജ്യത്തെ നിയമങ്ങൾ തിരുത്തിയെഴുതുവാൻ ഇന്ദിര ശ്രമിച്ചു. നിയമസഭയിൽ കോൺഗ്രസിന് മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നു. അധികാരം വേണ്ടത്ര വേഗതയിൽ തന്റെ കയ്യിൽ എത്തുന്നില്ല എന്നു തോന്നിയ ഇന്ദിര പാർലമെന്റിനെ പൂർണ്ണമായി കവച്ചുവെക്കുന്ന തരത്തിൽ രാഷ്ട്രപതിയെക്കൊണ്ട് അസാധാരണമായ നിയമങ്ങൾ പുറപ്പെടുവിച്ചു. അങ്ങനെ ഉത്തരവുകൾ കൊണ്ട് ഭരിക്കുവാൻ (w:rule by decree) ഇന്ദിരയ്ക്ക് സാധിച്ചു. രാജ്യത്തിന്റെ വ്യാവസായിക-കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുവാനും സർക്കാർ പൊതുസേവനങ്ങൾ കാര്യക്ഷമമാ‍ക്കുവാനും ദാരിദ്ര്യം, നിരക്ഷരത എന്നിവയ്ക്കെതിരേ പോരാടുവാനും ഇന്ദിര ഒരു 20-ഇന പരിപാടി നിർമ്മിച്ചു. തിരഞ്ഞെടുപ്പ് കൃത്രിമ കേസിൽ നിന്നും ഇന്ദിരയെ പൂർണ്ണമായും കുറ്റവിമുക്തയാക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിക്കുവാനും ഇന്ദിരയ്ക്ക് പ്രയാസമുണ്ടായില്ല. ഇന്ദിരയ്ക്ക് എതിരായ പാർട്ടികൾ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ട് ഇന്ദിര രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെയും അണികളെയും ഈ സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്തു.

അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രധാന സംഭവം ഇന്ദിരയ്ക്ക് ഇന്ത്യൻ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താമെങ്കിലും ഭരണഘടനയുടെ മൂലക്കല്ലുകൾ - അതിന്റെ അടിസ്ഥാന ഘടന - ഇന്ത്യൻ പാർലമെന്റിന് തിരുത്താൻ പറ്റില്ല എന്ന സുപ്രീം കോടതി വിധിയായിരുന്നു.

1977-ലെ പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക

ഇതും കാണുക: ജനതാ പാർട്ടി, ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി 1977 ജനുവരി 23-നു ഇന്ദിരാഗാന്ധി എല്ലാ രാഷ്ട്രീയ തടവുകാരെയും ജയിൽ വിമുക്തരാക്കി, പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. അടിയന്തരാവസ്ഥ 1977 മാർച്ച് 23-നു ഔദ്യോഗികമായി അവസാനിച്ചു.

രാജ്യത്തെ ഔദ്യോഗിക ഇന്റലിജൻസ് സ്രോതസ്സുകൾ ഇന്ദിരയോട് ഭരണം രാജ്യമൊട്ടാകെ വളരെ ജനപ്രിയമാണെന്ന് പറഞ്ഞതിനാലാണ് ഇന്ദിര അടിയന്തരാവസ്ഥ പിൻ‌വലിച്ചത് എന്ന് പറയപ്പെടുന്നു. കരസേനാ മേധാവി ആയിരുന്ന ഫീൽഡ് മാർഷൽ സാം മനേക്ഷാ ഇന്ദിര ഉടനെ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തില്ലെങ്കിൽ ഇന്ദിരയെ ഭരണത്തിൽ നിന്ന് പുറത്താക്കും എന്ന് ഭീഷണിപ്പെടുത്തി എന്നും പറയപ്പെടുന്നു. എങ്കിലും പിന്നീട് ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ ദിനപത്രത്തിന് അനുവദിച്ച ഒരു അഭിമുഖത്തിൽ മനേക്ഷാ ഇങ്ങനെയുള്ള എല്ലാ ഊഹങ്ങളും നിഷേധിച്ചു.

ജനതാ പാർട്ടിയുടെ പ്രചരണം രാജ്യത്തെ ജനങ്ങളോട് ഈ തിരഞ്ഞെടുപ്പ് “ജനാധിപത്യവും സ്വേഛാധിപത്യവും തമ്മിൽ“ തിരഞ്ഞെടുക്കുവാനുള്ള അവരുടെ അവസാനത്തെ അവസരം ആയിരിക്കും ഇത് എന്ന് ആഹ്വാനം ചെയ്തു. ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരയും സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു. ഇന്ദിരയുടെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പല കോൺഗ്രസ് അനുഭാവികളും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരയെ കയ്യൊഴിഞ്ഞു. കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ 153 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. ഇതിൽ 92 സീറ്റുകളും നാല് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. ജനതാ പാർട്ടിയുടെ 295 സീറ്റുകൾ 542 അംഗ പാർലമെന്റിൽ ജനതാപാർട്ടിക്ക് നേരിയ ഭൂരിപക്ഷമേ നൽകിയുള്ളൂ. എങ്കിലും കോൺഗ്രസ് ഇതര കക്ഷികൾക്ക് ഒരുമിച്ച് നിയമസഭയിൽ മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നു. മൊറാർജി ദേശായി ഇന്ത്യയുടെ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി.

അടിയന്തരാവസ്ഥക്കാലത്തെ സർക്കാർ ഉദ്യോഗസ്ഥരെയും കോൺഗ്രസ് രാഷ്ട്രീയ നേതാക്കളെയും വിചാ‍രണ ചെയ്യുവാനുള്ള ജനതാ ഭരണകൂടത്തിന്റെ ശ്രമങ്ങൾ മിക്കവാറും പരാജയമായിരുന്നു. വളരെ സങ്കീർണ്ണവും കുത്തഴിഞ്ഞതും രാഷ്ട്രീയ പ്രേരിതവുമായ ഒരു വിചാരണാ സംവിധാനമായിരുന്നു പരാജയത്തിനു പ്രധാ‍ന കാരണം. പ്രത്യേക വിചാരണ കോടതികൾ സ്ഥാപിച്ച് ധാരാളം മുതിർന്ന കോൺഗ്രസ് അംഗങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും വിചാരണ ചെയ്തെങ്കിലും പോലീസിന് മിക്കവാറും കേസുകളിൽ വേണ്ടത്ര തെളിവുകൾ ഹാജരാക്കാനായില്ല. വളരെ കുറച്ച് താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർ മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളൂ.

ജനങ്ങൾക്ക് വിചാരണയിലെ തുടർച്ചയായ തിരിച്ചടികളും സങ്കീർണ്ണമായ സ്വഭാവവും കാരണം ഇതിൽ താല്പര്യം നഷ്ടപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ആവശ്യങ്ങൾ ജനങ്ങൾക്ക് കൂടുതൽ കൂടുതൽ പ്രധാനമായി വന്നു. അഴിമതിയും രാഷ്ട്രീയ അട്ടിമറികളും നീതി വ്യവസ്ഥയെ തകിടം മറിക്കുന്നു എന്ന ഒരു ധാരണ പരന്നു.

അടിയന്തരാവസ്ഥയെ കുറിച്ചുള്ള വിവാദങ്ങൾ

തിരുത്തുക

ഇന്ദിരയുടെ അടിയന്തരാവസ്ഥ 21 മാസത്തോളം നീണ്ടുനിന്നു. അടിയന്തരാവസ്ഥ ഇന്നും വിവാദവിഷയമാണ്.

ഇന്ദിരയുടെ തീരുമാനങ്ങൾക്ക് അനുകൂലമായ പ്രതികരണങ്ങൾ

തിരുത്തുക

അടിയന്തരാവസ്ഥയെ വിനോബാ ഭാവേ, മദർ തെരേസ എന്നിവർ പിന്താങ്ങി[2]. (അനുശാസൻ പർവ്വ, അല്ലെങ്കിൽ അച്ചടക്കത്തിന്റെ സമയം എന്നായിരുന്നു വിനോബ ഭാവെ അടിയന്തരാവസ്ഥയെ വിളിച്ചത്). പ്രശസ്ത വ്യവസാ‍യി ആയ ജെ.ആർ.ഡി. ടാറ്റ, എഴുത്തുകാരനായ ഖുശ്‌വന്ത് സിങ് എന്നിവർ അടിയന്തരാവസ്ഥയെ അനുകൂലിച്ചവരിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവരിൽ പലരും പിന്നീട് ഇത് തെറ്റായിപ്പോയി എന്ന് പറഞ്ഞിട്ടുണ്ട്.[അവലംബം ആവശ്യമാണ്] 1971-ലെ ഇന്തോ-പാക്ക് യുദ്ധത്തിൽ തകർന്ന സമ്പദ് വ്യവസ്ഥയിൽ നിന്ന് സാമ്പത്തിക കരകയറ്റത്തിന് അടിയന്തരാവസ്ഥ അത്യാവശ്യമായിരുന്നു എന്ന് ചിലർ വാദിക്കുന്നു. ഇന്ദിരയുടെ 20-ഇന സാമ്പത്തിക പദ്ധതി കാർഷിക ഉല്പാദനം, വ്യാവസായിക ഉല്പാദനം, കയറ്റുമതി, രാജ്യത്തിന്റെ വിദേശ നാണയ ശേഖരം എന്നിവ ഉയർത്തി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ഉയർന്ന വളർച്ചയും നിക്ഷേപവും രേഖപ്പെടുത്തി. സമരങ്ങൾ ഇല്ലാതിരുന്നതിനാൽ ഉല്പാദനക്ഷമത ഗണ്യമായി വർദ്ധിച്ചു. 1960-കളിലും 70-കളിലും തലപൊക്കിയ ഹിന്ദു-മുസ്ലീം ലഹളകൾ പൂർണ്ണമായും ഇല്ലാതായി. ആദ്യമൊക്കെ സർക്കാർ വളരെ ആവേശത്തോടെ പ്രവർത്തിച്ചു. ഗുണ്ടാ സംഘങ്ങളെയും മാഫിയകളെയും നശിപ്പിക്കുവാൻ അടിയന്തരാവസ്ഥ പോലീസിന് അമിതമായ അധികാരം നൽകി.

സർക്കാരിനെതിരെ ഉള്ള കുറ്റാരോപണങ്ങൾ

തിരുത്തുക

അടിയന്തരാവസ്ഥ കാലഘട്ടത്തിനെതിരെ ഉള്ള വിമർശനങ്ങളും ആരോപണങ്ങളും പൊതുവെ ഇങ്ങനെ തരംതിരിക്കാം:

  • ഒരു കേസും ഇല്ലാതെയും അവരുടെ കുടുംബങ്ങളെ അറിയിക്കാതെയും നിരപരാധികളെ പിടിച്ചുവെക്കാനും അറസ്റ്റ് ചെയ്യാനും പോലീസിന് അധികാരം നൽകി. 1,10,806 പേരെ ഇത്തരത്തിൽ വിചാരണാ കൂടാതെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതായി ഷാ കമ്മീഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്[3].
  • രാഷ്ട്രീയ തടവുകാരെയും മറ്റ് തടവുകാരെയും ദ്രോഹിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുക.
  • പൊതു, സ്വകാര്യ മാധ്യമങ്ങളെ (ഉദാഹരണത്തിന് ദൂരദർശൻ) പ്രചരണത്തിനുവേണ്ടി (പ്രൊപഗാൻഡ) ഉപയോഗിക്കുക
  • 81,32,209 പുരുഷന്മാരെ നിർബന്ധിത വന്ധ്യംകരണത്തിനു വിധേയമാക്കി[3].[4][5][അവലംബം ആവശ്യമാണ്].
  • പഴയ ദില്ലിയിലെ തുർക്മാൻ ഗേറ്റ്, ജുമാ മസ്ജിദ് പ്രദേശങ്ങളിലെ ചേരികളുടെയും താഴ്ന്ന വരുമാനമുള്ളവരുടെ വീടുകളുടെയും നശീകരണം. ദൽഹിയിൽ മാത്രം 1,50,105 കുടിലുകൾ തകർക്കപ്പെട്ടു[3].

ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെ ഉള്ള ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യൻ ജനാധിപത്യത്തെ ശക്തരായ നേതാക്കൾക്കും നിയമസഭയിലെ മൃഗീയ ഭൂരിപക്ഷമുള്ള കക്ഷികൾക്കും സ്വന്തം ഇഷ്ടം അനുസരിച്ച് വളയ്ക്കുവാൻ കഴിഞ്ഞു.

സാഹിത്യത്തിൽ

തിരുത്തുക

ഹിന്ദി ചലച്ചിത്രമായ ഹസാരോൻ ഖ്വായിഷേൻ ഐസീ എന്ന ചിത്രം അടിയന്തരാവസ്ഥക്കാലത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്നു. സുധീർ മിശ്ര സംവിധാനം ചെയ്ത ഈ ചിത്രം അടിയന്തരാവസ്ഥ കാലഘട്ടത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയും ചിത്രീകരിക്കുന്നു.

രോഹിന്റൺ മിസ്റ്റ്രി എഴുതിയ എ ഫൈൻ ബാലൻസ് എന്ന പുസ്തകവും അടിയന്തരാവസ്ഥ കാലഘട്ടത്തെ ആസ്പദമാക്കിയുള്ളതാണ്. അടിയന്തരാവസ്ഥക്കാലത്തെ ചില മനുഷ്യാവകാശ ധ്വംസനങ്ങളെ ഈ പുസ്തകം എടുത്തുകാണിക്കുന്നു.

സൽമാൻ റുഷ്ദി എഴുതിയ മിഡ്നൈറ്റ്സ് ചിൽഡ്രൺ എന്ന പുസ്തകത്തിലെ കഥാനായകനായ സലീം സിനായി അടിയന്തരാവസ്ഥക്കാലത്തുകൂടിയും കടന്നുപോവുന്നു. ഇന്ത്യയിലെ ദേശീയ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി കഥാനായകന്റെ വീട് സ്ഥിതിചെയ്യുന്ന “മജീഷ്യൻസ് ഘെറ്റോ” എന്ന താഴ്ന്ന വരുമാനക്കാരുടെ ചേരിയും നിരത്തപ്പെടുന്നു. കഥാനായകനും അടിയന്തരാവസ്ഥക്കാലത്ത് നിർബന്ധിതമായി വന്ധ്യംകരിക്കപ്പെടുന്നു.

രാഹി മാസൂം എഴുതിയ ഹിന്ദി നോവലായ “കത്ര ബി ആർസൂ“ എന്ന കൃതി അടിയന്തരാവസ്ഥയുടേ ദൂഷ്യഭലങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഒരു ചെറിയ ഗ്രാമത്തിലെ ജനങ്ങളുടെ കഥ പറയുന്നു.


മലയാളത്തിൽ ബാലു മഹേന്ദ്ര സംവിധാനം ചെയ്തു മമ്മൂട്ടിയും ശോഭനയും ചെര്നഭിനയിച്ച "യാത്ര" എന്ന സിനിമയും ഇതിനോടനുബന്തിച്ചു എടുക്കപെട്ട ഒന്നാണ്..

അടിയന്തിരാവസ്ഥ (Emergency) പ്രമേയമായി മലയാളത്തിൽ ഉണ്ടായിട്ടുള്ള ചില പ്രശസ്ത സാഹിത്യ കൃതികൾ ഇവയാണ്:

1. **"പോരാട്ടം"** - എം. മുകുന്ദൻ: അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതിപാദിക്കുന്ന ഒരു നോവൽ.

2. **"ഇന്ത്യ എൻ നാടാണ്"** - എം. ടി. വാസുദേവൻ നായർ: അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട് ഒരു സാധാരണ മനുഷ്യന്റെ അനുഭവങ്ങളെ കുറിച്ചുള്ള കഥകൾ ഉൾക്കൊള്ളുന്ന പുസ്തകം.

3. **"നിഴൽ പദങ്ങൾ"** - എസ്. കെ. പൊറ്റക്കാട്: അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തെ പ്രതിപാദിക്കുന്ന കഥകളുടെ സമാഹാരം.

4. **"അനുഭവങ്ങൾ"** - കെ. എസ്. സി. പണിക്കർ: അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട ഒരു ആത്മകഥ.

5. **"ആമുഖം"** - അരവിന്ദ് കോലങ്ങാട്: അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട് 1970-കളിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ പ്രതിപാദിക്കുന്ന കൃതി.

കുറിപ്പുകൾ

തിരുത്തുക
  • ^ നിയമത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സ്വയം തീരുമാനങ്ങൾ എടുക്കാനും അത് നടപ്പാക്കാനും രാജ്യത്തിന്റെ തലവന് അനുമതി നൽകുന്നതിനെയാണ് ഡിക്രി എന്നു പറയുന്നത്. ഇത് രാജ്യത്തിനനുസരിച്ച് മാറ്റം വരാം. 1975 ലെ ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി ഈ ഡിക്രി അധികാരം ഉപയോഗിച്ചിരുന്നു. മദ്ധ്യ പൗരസ്ത്യ രാജ്യങ്ങളിൽ രാഷ്ട്രങ്ങളുടെ തലവനോ, അതോ അദ്ദേഹംകൂടി ഉൾപ്പെടുന്ന ഒരു കമ്മിറ്റിയോ ആണ് ഡിക്രി അധികാരം ഉപയോഗിക്കുന്നത്. ഇത് ജനാധിപത്യപരമായ നീക്കം അല്ലെന്ന് വിലയിരുത്തപ്പെടുന്നു
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 674. 2011 ജനുവരി 11. Retrieved 2013 മാർച്ച് 09. {{cite news}}: Check date values in: |accessdate= and |date= (help)
  2. ഐലീൻ, ഈഗൻ (1986). സച്ച് എ വിഷൻ ഓഫ് ദ സ്ട്രീറ്റ്. ഗലീലി ട്രേഡ്. p. 405. ISBN 978-0385174916.
  3. 3.0 3.1 3.2 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. Retrieved 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
  4. ഗ്വാട്കിൻ ഡേവിഡ്സൺ. 'പൊളിറ്റിക്കൽ വിൽ & ഫാമിലി പ്ലാനിംഗ്: ദ ഇംപ്ലിക്കേഷൻസ് ഓഫ് ഇന്ത്യാസ് എമർജൻസി എക്സ്പീരിയൻസ്', പോപ്പുലേഷൻസ് & ഡെവലപ്പ്മെന്റ് റിവ്യൂ, 5/1, 29-59;
  5. അടിയന്തരാവസ്ഥകാലത്തെ വന്ധ്യംകരണംപോപ്പുലേഷൻസ് & ഡെവലപ്പ്മെന്റ് റിവ്യൂ