ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

(ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ (ഇംഗ്ലീഷ്: Jamaat-e-Islami Hind) ഇന്ത്യയിലെ സ്വതന്ത്രമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒരു ഇസ്‌ലാമിക പ്രസ്ഥാനമാണ്. മതം, രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രസ്ഥാനം ഇടപെട്ടു കൊണ്ടിരിക്കുന്നു. സയ്യിദ് സആദത്തുല്ല ഹുസൈനിയാണ് അഖിലേന്ത്യാ അമീർ.[1]

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
ന്യൂ ഡൽഹിയിലെ ആസ്ഥാനം
രൂപീകരണം26 ഓഗസ്റ്റ് 1941 (1941-08-26)
ആസ്ഥാനംഅബുൽ ഫസൽ എൻക്ലേവ്
Location
സയ്യിദ് സആദത്തുല്ല ഹുസൈനി
ബന്ധങ്ങൾഇസ്‌ലാമിസം, ഇസ്‌ലാം
വെബ്സൈറ്റ്jamaateislamihind.org

ചരിത്രം

തിരുത്തുക

അവിഭക്ത ഇന്ത്യയിൽ 1941[2] ആഗസ്റ്റ് 26-ന്‌ സയ്യിദ് അബുൽ അ‌അ്‌ലാ മൗദൂദിയുടെ[3] അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ ജമാ‌അത്തെ ഇസ്‌ലാമി രൂപം കൊണ്ടത്.[4] ഇന്ത്യാ- പാക് വിഭജനാനന്തരം 1948 ഏപ്രിലിൽ അലഹബാദിൽ വെച്ച് മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നൽകി. ഇതേ സമയം ജമ്മു-കശ്മീരിലെ പ്രവർത്തകർ സ്വതന്ത്രമായി ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‌ലാമിക്കും രൂപം നൽകി.[5]

നേതൃത്വം

തിരുത്തുക

ഇസ്‌ലാമിക കാഴ്ച്ചപ്പാടിൽ ഒരു സമൂഹനിർമിതിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് ജമാ‌അത്ത് വിശ്വസിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് (ഇഖാമത്തുദീൻ) ജമാഅത്തിന്റെ ലക്ഷ്യം. ഇന്ത്യൻ ഭരണഘടനക്കു വിധേയമായി സമാധാന മാർഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുന്നുള്ളു. തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു. മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അത് ഇടപെടുന്നു.[6]

ജനസേവന സംരംഭങ്ങൾ

തിരുത്തുക

ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ജനസേവന സംരംഭമാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സന്നദ്ധ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആണ്. പിന്നോക്ക ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വ്യത്യസ്ത ട്രസ്റ്റുകളും സൊസൈറ്റികളും രൂപവത്കരിച്ചുകൊണ്ട് രൂപീകരിച്ച വിഷൻ 2026 പദ്ധതിയാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മുഖ്യ ഊന്നൽ. നൂറോളം ഏജൻസികളുമായി സഹകരിച്ചാണ് വിഷന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. 55 ബില്ല്യൻ ഇന്ത്യൻ രൂപ ($ 125 million) രൂപയുടേതാണ് പദ്ധതി[7].

വിവിധ സംസ്ഥാനങ്ങളിൽ

തിരുത്തുക

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകളോ ഉപശാഖകളോ ആയി പ്രവർത്തിക്കുന്നു. പ്രധാന സോണുകൾ 19 എണ്ണമാണ്. ജമ്മു കാശ്മീർ ഒഴികെ എല്ലായിടത്തും ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ നയപരിപാടികൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്[8].

ജമാഅത്തെ ഇസ്‌ലാമി കേരള

തിരുത്തുക

ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ കേരള ഘടകമായ ജമാഅത്തെ ഇസ്‌ലാമി കേരള 1948-ലാണ് നിലവിൽ വന്നത്[9]. കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഹിറാ സെൻറർ ആണ് ഈ സംഘടനയുടെ ആസ്ഥാനം. പി മുജീബുറഹ്മാൻ ആണ് നിലവിൽ അമീർ (അധ്യക്ഷൻ). അധ്യക്ഷനെക്കൂടാതെ ജനറൽ സെക്രട്ടറി, രണ്ട് അസിസ്റ്റന്റ് അമീറുമാർ, നാല് സെക്രട്ടറിമാർ എന്നതാണ് നേതൃഘടന.

ചരിത്രം

തിരുത്തുക

അബുൽ അ‌അ്‌ലാ മൗദൂദി ഹൈദരാബാദിൽ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തർജുമാനുൽ ഖുർആനിന് കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ പ്രചാരമുണ്ടായിരുന്നു. 1935 മുതൽ കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ അൽ മുർശിദ് മാസികയിൽ മൗലാനാ മൗദൂദിയുടെ ലേഖനങ്ങളുടെ പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. കെ.എം. മൗലവിയായിരുന്നു അക്കാലത്ത് ഇതിന്റെ പത്രാധിപരും വിവർത്തകനും. ഇതിലൂടെ കേരളത്തിലെ പണ്ഡിതന്മാർക്കിടയിൽ മൗദൂദി സാഹിബിന്റെ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാവാൻ ഇടയാക്കി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് എടയൂരിലെ വി.പി. മുഹമ്മദലി[3] എന്ന ഹാജിസാഹിബ് ഇവരിൽപ്പെടുന്നു. മൗദൂദിസാഹബിനെ നേരിൽക്കാണാൻ പത്താൻകോട്ടിലെ ദാറുൽ ഇസ്‌ലാമിലേക്ക് പോയ വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് തിരിച്ചെത്തിയ ശേഷം 1944 ൽ കേരളത്തിൽ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട്ട് പട്ടാളപ്പള്ളിയിലെ ഖത്തീബായിരുന്ന ഹാജിസാഹിബ് സ്വദേശമായ വളാഞ്ചേരിയിലും പ്രവർത്തിച്ചു. ആദ്യമേ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, 1946ൽ വളാഞ്ചേരിയിൽ ജംഇയ്യത്തുൽ മുസ്തർശിദീൻ[3][10] എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അതിന്റെ കീഴിൽ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം. ഇത് പിന്നീട് ജമാഅത്തെ ഇസ്‌ലാമി ആയി മാറി. തുടർന്ന് 1948[9] ജനുവരി 30-ന് കോഴിക്കോട്ടും പിന്നീട് വളാഞ്ചേരിയിലും ജമാഅത്തെ ഇസ്‌ലാമിയുടെ ഘടകങ്ങൾ നിലവിൽവന്നു.[11]

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
പ്രബോധനം വാരിക
തിരുത്തുക

ജമാഅത്തെ ഇസ്‌ലാമി കേരളയുടെ മുഖപത്രമാണ് പ്രബോധനം വാരിക. സംഘടനയുടെ ആദർശവും ലക്ഷ്യവും പരിചയപ്പെടുത്തുകയും ലോകസംഭവങ്ങളെ പ്രാസ്ഥാനിക കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രബോധനം [12] ആരംഭിച്ചത്. 1948 ഓഗസ്റ്റ് 21-ന് കോഴിക്കോട്ടു ചേർന്ന ജമാഅത്ത് സംസ്ഥാന സമ്മേളനത്തിലാണ് പ്രബോധനം ആരംഭിക്കാൻ തീരുമാനമെടുത്തത്. തുടർന്ന് ഒരു വർഷത്തിനുശേഷം 1949[13] ഓഗസ്റ്റിൽ പ്രബോധനം ദ്വൈവാരികയായി പ്രസിദ്ധീകരണമാരംഭിച്ചു. 1964 ലാണ്[14] വാരികയാക്കി മാറ്റിയത്. അടിയന്തരാവസ്ഥക്കാലത്തും 1992 ൽ ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിലും ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ച അവസരങ്ങളിൽ മാത്രമാണ് പ്രബോധനം പ്രസിദ്ധീകരണം നിർത്തിവെച്ചിട്ടുള്ളത്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ജമാഅത്ത് കൃതികളിലധികവും മുൻകാലങ്ങളിൽ പ്രബോധനത്തിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കപ്പെട്ടവയാണ്[15]

ബോധനം ദ്വൈമാസിക
തിരുത്തുക

1975 ജൂലൈയിൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന് ജമാഅത്തെ ഇസ്‌ലാമിയും, പ്രബോധനം വാരികയും മാസികയും നിരോധിക്കപ്പെട്ട സാഹചര്യത്തിൽ പ്രബോധനം വാരികക്ക് പകരമായി 1976 മെയ് മാസത്തിലാണ് ബോധനം [16][പ്രവർത്തിക്കാത്ത കണ്ണി]ആദ്യമായി പുറത്തിറങ്ങുന്നത്. മാസികയായിട്ടായിരുന്നു പ്രസിദ്ധീകരണം. 1977 മാർച്ചിൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുകയും ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും നിരോധം നീക്കപ്പെടുകയും ചെയ്തപ്പോൾ പ്രബോധനം വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങിയതിനെത്തുടർന്ന് 1977 ഏപ്രിൽ ലക്കത്തോടെ ബോധനം പ്രസിദ്ധീകരണം നിർത്തിവെച്ചു.

1992 ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർക്കപ്പെട്ട പശ്ചാത്തലത്തിൽ ജമാഅത്തെ ഇസ്‌ലാമിയും പ്രബോധനവും വീണ്ടും നിരോധിക്കപ്പെട്ടപ്പോൾ, ബോധനം വീണ്ടും വാരികായി അവതരിക്കപ്പെട്ടു. ജമാഅത്തിന്റെ നിരോധനം നീങ്ങി പ്രബോധനം വാരിക പുനഃപ്രസിദ്ധീകരണം തുടങ്ങിയശേഷം മൂന്ന് മാസത്തിലൊരിക്കൽ ഇറങ്ങുന്ന ഒരു അക്കാദമിക് ജേർണലായി പുറത്തിറങ്ങാൻ തുടങ്ങി. എട്ട് ലക്കം പുറത്തിറങ്ങിയശേഷം 1995 ഒക്ടോബർ ലക്കത്തോടെ പ്രസിദ്ധീകരണം നിലച്ചു.

പിന്നീട്, ഗഹനമായ പഠന ഗവേഷണങ്ങൾ, വ്യക്തിപരിചയം, ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ അവലോകനം, കാലിക വിഷയങ്ങളെ സംബന്ധിച്ച ഇസ്‌ലാമിക നിലപാടുകൾ വ്യക്തമാക്കുന്ന ഫത്‌വകൾ തുടങ്ങിയ വിഷയങ്ങളുൾക്കൊള്ളിച്ച് 1998 സെപ്റ്റംബർ മുതൽ ബോധനം ദ്വൈമാസികയായി പ്രസിദ്ധീകരിച്ചുവരുന്നു.[17]

ആരാമം വനിതാ മാസിക
തിരുത്തുക

ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ (ജി.ഐ.ഒ) യുടെ മുഖപത്രമായി 1985-ലാണ് ആരാമം[18] വനിതാ മാസിക ആരംഭിച്ചത്[19][20][21]. നിലവിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം വനിതാമാസികകളിൽ ആദ്യത്തേതാണ് ആരാമം[അവലംബം ആവശ്യമാണ്]. ഫീച്ചറുകൾ, ലേഖനങ്ങൾ, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ, തുടങ്ങിയവയ്ക്കു പുറമേ, ഖുർആൻ, ഹദീസ്, കർമശാസ്ത്രം, വനിതാലോകം, നിയമവേദി തുടങ്ങിയ പംക്തികളും കൃഷി, ആരോഗ്യം, പാചകം തുടങ്ങി സ്ത്രീകൾക്ക് പ്രത്യേകം താൽപര്യമുള്ള വിഷയങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു.[22]

മലർവാടി കുട്ടികളുടെ മാസിക
തിരുത്തുക

കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മൂവ്മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റിന്റെ കീഴിൽ 1980 നവംബറിൽ കൊച്ചി ആസ്ഥാനമായാണ് മലർവാടി[23] പ്രസിദ്ധീകരണം തുടങ്ങിയത്. നല്ലതു മാത്രം കുട്ടികൾക്ക് എന്ന മുദ്രാവാക്യവുമായി പുറത്തിറങ്ങിയ മലർവാടിയിൽ കാർട്ടൂണിസ്റ് ബി.എം ഗഫൂർ, കാർട്ടൂണിസ്റ് യേശുദാസ്, സീരി, വേണു, ശിവൻ, പോൾ കല്ലാനോട്, ഹാഫിസ് മുഹമ്മദ് എന്നിവരുടെ സഹകരണം ഉണ്ടായിരുന്നു.[24]

1986 മുതൽ മാസികയുടെ ഉടമസ്ഥാവകാശം മലർവാടി പബ്ളിക്കേഷൻസ് ട്രസ്റ് ഏറ്റെടുക്കുകയും ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ മുതൽ കോഴിക്കോടുനിന്നാണ് പ്രസിദ്ധീകരിച്ചുവരുന്നത്. വെള്ളിമാടുകുന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിനാണ് ഇപ്പോഴത്തെ ഉടമസ്ഥാവകാശം.

മാധ്യമം ദിനപത്രം
തിരുത്തുക

വാർത്താ മാധ്യമങ്ങളിൽ ഒരു വഴിത്തിരിവ് എന്ന മുദ്രാവാക്യവുമായി 1987 ജൂൺ 1-നാണ് മാധ്യമം ദിനപത്രം പ്രസിദ്ധീകരണമാരംഭിച്ചത്. കോഴിക്കോട് വെള്ളിമാട്കുന്നിൽ പ്രശസ്ത പത്രപ്രവർത്തകൻ കുൽദീപ് നയ്യാറാണ് മാധ്യമം പ്രകാശനം ചെയ്തത്. ജമാഅത്തെ ഇസ്‌ലാമി കേരളക്ക് കീഴിലുള്ള ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ.

സ്വദേശത്ത് ഒമ്പതും വിദേശത്ത് എട്ടും (ഗൾഫ് മാധ്യമം) എഡിഷനുകളുള്ള പത്രമാണിന്ന് മാധ്യമം. വാരാദ്യ മാധ്യമം, തൊഴിൽ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, ബിസിനസ് മാധ്യമം, ഇൻഫോ മാധ്യമം, സർവീസ് മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം, വെളിച്ചം എന്നിങ്ങനെ വിവിധങ്ങളായ പതിപ്പുകൾ മാധ്യമം പ്രസിദ്ധീകരിക്കുന്നു.[25]

മാധ്യമം ആഴ്ചപ്പതിപ്പ്
തിരുത്തുക

മാധ്യമം ദിനപത്രത്തിനു കീഴിൽ 1998 മുതൽ മാധ്യമം ആഴ്ചപ്പതിപ്പ് [26] പ്രസിദ്ധീകരിച്ചുവരുന്നു.

പുസ്തകപ്രസാധനം

തിരുത്തുക

ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഔദ്യോഗിക പുസ്തകപ്രസാധനാലയമാണ് ഐ.പി.എച്ച്[27] [28]. 1945-ൽ വി.പി. മുഹമ്മദലി തുടക്കം കുറിച്ചു. അബുൽ അഅ്‌ലാ മൗദൂദിയുടെ ഇസ്‌ലാംമതം എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ കേന്ദ്രം നൽകിയ 700 രൂപ മൂലധനമാക്കിയാണ് ഐ.പി.എച്ച് ആരംഭിച്ചത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വിഷയങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിരോധനഘട്ടം

തിരുത്തുക

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അനേകം അപവാദങ്ങൾ സംഘടനയുടെ മേൽ ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തും ബാബറി മസ്ജിദ്‌ തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടർന്ന് 1992-ലും ജമാഅത്തെ ഇസ്‌ലാമിയെ ഭാരതസർക്കാർ‍ നിരോധിച്ചിരുന്നു. ആദ്യ തവണ അടിയന്തരാവസ്ഥ അവസാനിച്ചതിനെ തുടർന്ന് നിരോധം നീക്കി. രണ്ടാം തവണ 1994-ൽ സുപ്രീംകോടതി ഈ നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക്‌ പ്രവർത്തനസ്വാതന്ത്ര്യം അനുവദിയ്ക്കുകയും ചെയ്തു.[29]

വിശകലനങ്ങൾ

തിരുത്തുക

ജമാഅത്തെ ഇസ്‌ലാമിയെ നിരൂപണം ചെയ്ത പലരും വ്യത്യസ്ഥമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ‘സാധുക്കളുടെ സംഘം’ എന്നാണ് ജമാഅത്തെ ഇസ്‌ലാമിയെ വിശേഷിപ്പിച്ചത്. 1946 ഏപ്രിൽ 26, പാറ്റ്‌നയിൽ ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ഗാന്ധിജി ഇങ്ങനെ എഴുതി: ”ഞാൻ ഇന്നലെ ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തിൽ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വങ്ങൾ തുടച്ചുനീക്കുകയും നിങ്ങൾ ദൈവദാസരാണെങ്കിൽ ദൈവത്തിന്റെ കൽപനകൾ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം” (സർച്ച്‌ലൈറ്റ്, പാറ്റ്‌ന 1946 ഏപ്രിൽ 27).[30] നന്മേഛുക്കളുടെ സംഘമായി ചിലർ വിലയിരുത്തുമ്പോൾ മറ്റുചിലർ ജമാഅത്തിനെ മതമൗലിക-തീവ്രവാദപ്രസ്ഥാനമായി വിലയിരുത്തുന്നു. [31][32][33]. ആർ.എസ്.എസ്സിന്റെ മുസ്‌ലിം പതിപ്പാണ് ജമാഅത്ത് എന്ന് ഇടതുപക്ഷ നിരീക്ഷകർ വാദിക്കുന്നുണ്ട്.

കേരള ഹൈക്കോടതിയിലെ സത്യവാങ്മൂലം

തിരുത്തുക

ഇന്ത്യയുടെ ഭരണഘടനയേയും ഭരണ-നിയമവ്യവസ്ഥകളേയും അംഗീകരിക്കാത്തതും ഇടതു തീവ്രവാദ, മത തീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കുന്നതുമായ സംഘടനയാണിതെന്നു 2014-ൽ കേരളാ ആഭ്യന്തരവകുപ്പ് കേരളാ-ഹൈക്കോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ സംഘടന വിമർശിക്കപ്പെട്ടിട്ടുണ്ട്. ദേശവിരുദ്ധപ്രവർത്തനങ്ങൾ സംഘടന നടത്തിയതിന് തെളിവില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു[34]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-14. Retrieved 2019-05-14.
  2. Encyclopaedia Dictionary Islam Muslim World-Volume 2. E.J Brill. p. 437. Retrieved 3 ഒക്ടോബർ 2019.
  3. 3.0 3.1 3.2 മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Abstract. p. 7. Retrieved 24 ഒക്ടോബർ 2019.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-14. Retrieved 2011-11-04.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-14. Retrieved 2011-11-04.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-07. Retrieved 2011-07-29.
  7. "An action plan to 'emancipate' Indian Muslims - Thainindian.com August 6th, 2008". Archived from the original on 2012-10-08. Retrieved 2011-11-22.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-29. Retrieved 2011-11-15.
  9. 9.0 9.1 Miller, Roland E. Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity. State University of New York Press. p. 226. Retrieved 30 April 2020.
  10. മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Islahi Movement. p. 135. Retrieved 22 ഒക്ടോബർ 2019.
  11. ടൈംലൈൻ
  12. പ്രബോധനം
  13. Press in India, Part 2, 1971. p. 258. Retrieved 15 ഫെബ്രുവരി 2020.
  14. Press in India, Part 2, 1971. p. 231. Retrieved 15 ഫെബ്രുവരി 2020.
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-27. Retrieved 2020-09-27.
  16. ബോധനം
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-22. Retrieved 2020-09-27.
  18. Press in India 1989. p. 369. Retrieved 19 ഒക്ടോബർ 2019.
  19. Islamic Studies in India: A Survey of Human, Institutional and Documentary Sources. p. 42. Retrieved 19 ഒക്ടോബർ 2019.
  20. U. Mohammed. Educational Empowerment of Kerala Muslims: A Socio-historical Perspective. p. 68. Retrieved 19 നവംബർ 2019.
  21. Shefi, A E. Islamic Education in Kerala with special reference to Madrasa Education (PDF). അധ്യായം 4. p. 160. Archived from the original (PDF) on 2020-07-26. Retrieved 19 നവംബർ 2019.{{cite book}}: CS1 maint: location (link)
  22. http://www.aramamonline.net/about%20us.html
  23. "മലർവാടി". Archived from the original on 2008-10-19. Retrieved 2020-09-27.
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-13. Retrieved 2020-09-27.
  25. http://www.madhyamam.com/aboutus
  26. മാധ്യമം ആഴ്ചപ്പതിപ്പ്
  27. "Article". Samakalika Malayalam Weekly. 19 (48): 42. 22 April 2016. Archived from the original on 2020-07-17. Retrieved 27 May 2020.
  28. "ഐ.പി.എച്ച്". Archived from the original on 2009-05-28. Retrieved 2020-09-27.
  29. "ജമാഅത്തെ ഇസ്‌ലാമിയുടെ പത്രക്കുറിപ്പുകൾ". Archived from the original on 2007-04-12. Retrieved 2007-03-28.
  30. ഗാന്ധിജി, സർച്ച്ലൈറ്റ്‌ - പറ്റ്ന 27 ഏപ്രിൽ 1946
  31. ഇന്ത്യാടുഡേ.
  32. [1].
  33. എക്കണോമിക് ടൈംസ്.
  34. "ജമാ അത്തെ ഇസ്‌ലാമി ഹിന്ദ് ഭരണ നിയമ വ്യവസ്ഥകളെ അംഗീകരിക്കുന്നില്ല: ആഭ്യന്തര വകുപ്പ്". മലയാള മനോരമ. ജനുവരി 29, 2014. Archived from the original (പത്രലേഖനം) on 2014-01-29 14:46:27. Retrieved 2014 ജനുവരി 29. {{cite news}}: Check date values in: |accessdate= and |archivedate= (help)