സത്യാഗ്രഹം
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധി വികസിപ്പിച്ചെടുത്ത അഹിംസയിലധിഷ്ഠിതമായ ഒരു സമരരീതിയാണ് സത്യാഗ്രഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ദക്ഷിണാഫ്രിക്കയിലെ ആദ്യകാലങ്ങളിലും ഗാന്ധിജി ഈ സമരമുറ ഉപയോഗിക്കുകയുണ്ടായി.ഏതു തരത്തിലുള്ള പീഡനത്തെയും അടിച്ചമർത്തലിനെയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്. 1906 സെപ്റ്റംബർ 11- ന് ജോഹന്നാസ് ബർഗിൽ ചേർന്ന യോഗത്തിൽ വെച്ചാണ് ഗാന്ധിജിയുടെ പ്രക്ഷോഭ സമരങ്ങൾക്ക് സത്യാഗ്രഹം എന്ന പേര് നൽകുന്നത്. നല്ലകാര്യത്തിനുവേണ്ടി ആഗ്രഹിക്കുന്ന എന്ന് അർത്ഥം വരുന്ന 'സത്യാഗ്രഹം' എന്ന പേര് മദൻലാൽ ഗാന്ധി നിർദ്ദേശിച്ചപ്പോൾ അതു ഗാന്ധിജി അംഗീകരിക്കുകയായിരുന്നു. സത്യത്തെ ആഗ്രഹിക്കുക എന്ന് ഈ വാക്കിനർത്ഥം. അമേരിക്കയിലെ പൗരാവകാശ സമരങ്ങളിൽ സത്യാഗ്രഹ സമരമുറ സ്വീകരിച്ച മാർട്ടിൻ ലൂഥർ കിംഗ് തന്നെ ഇതിന് മികച്ച ഉദാഹരണം.
തത്ത്വങ്ങൾ
തിരുത്തുകരാഷ്ട്രീയ സമരമുറ എന്നതിനുപരി അനീതിക്കും ഹിംസയ്ക്കുമെതിരെയുള്ള ആഗോള പരിഹാരം എന്ന രീതിയിൽ സത്യാഗ്രഹത്തെ വളർത്തിയെടുക്കാനാണ് ഗാന്ധിജി വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി സത്യാഗ്രഹം പഠിപ്പിക്കുന്നതിനായി അദ്ദേഹം സബർമതി ആശ്രമം സ്ഥാപിക്കുകയും ചെയ്തു. സത്യാഗ്രഹികൾ പ്രധാനമായും 11 തത്ത്വങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചു.