സാം മനേക്‌ഷാ

(സാം മനേക്ഷാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ്‌ സാം ഹോർമുസ്ജി "സാം ബഹാദൂർ" ജംഷെഡ്ജി മനേക്‌ഷാ (ഏപ്രിൽ 3, 1914 - ജൂൺ 27, 2008). നൈനിത്താളിലെ ഷർവുഡ് കോളേജിലും ഡെറാഡൂനിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും കാഹൂട്ട മിലിട്ടറി സ്റ്റാഫ് കോളേജിലുമായിരുന്നു പഠനം.

ഫീൽഡ് മാർഷൽ
സാം മനേക്ഷാ
Field marshal SHFJ Manekshaw.jpg
ഫീൽഡ് മാർഷൽ സാം മനേക്ഷ
(ജനറലിന്റെ ചിഹ്നം ധരിച്ചിരിക്കുന്ന ചിത്രം c. 1970)
7 ആമത്തെ കരസേനാ മേധാവി (ഇന്ത്യ)
ഓഫീസിൽ
8 ജൂൺ 1969 (1969-06-08) – 15 ജനുവരി 1973 (1973-01-15)
പ്രസിഡന്റ്വി വി ഗിരി
മുഹമ്മദ് ഹിദായത്തുള്ള (acting)
പ്രധാനമന്ത്രിഇന്ദിരാഗാന്ധി
മുൻഗാമിജനറൽ പി.പി. കുമാരമംഗലം
പിൻഗാമിജനറൽ ഗോപാൽ ഗുരുനാഥ് ബേവൂർ
9-ആം ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, ഈസ്റ്റേൺ കമാൻഡ്
ഓഫീസിൽ
16 നവംബർ 1964 – 8 ജൂൺ 1969
മുൻഗാമിLt Gen പരമശിവ പ്രഭാകർ കുമാരമംഗലം
പിൻഗാമിLt Gen ജഗ്ജിത് സിംഗ് അറോറ
9-ആം ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, വെസ്റ്റേൺ കമാൻഡ്
ഓഫീസിൽ
4 ഡിസംബർ 1963 – 15 നവംബർ 1964
മുൻഗാമിLt Gen ദൌലത്ത് സിംഗ്
പിൻഗാമിLt Gen ഹർബക്ഷ് സിംഗ്
2-ആം ജനറൽ ഓഫീസർ കമാൻഡിംഗ്, IV കോർ
ഓഫീസിൽ
2 ഡിസംബർ 1963 - 4 ഡിസംബർ 1963
മുൻഗാമിLt Gen ബ്രിജ് മോഹൻ കൌൾ
പിൻഗാമിLt Gen മൻ മോഹൻ ഖന്ന
വ്യക്തിഗത വിവരങ്ങൾ
ജനനം(1914-04-03)3 ഏപ്രിൽ 1914
അമൃത്സർ, പഞ്ചാബ്(ബ്രിട്ടീഷ് ഇന്ത്യ), ബ്രിട്ടീഷ് ഭരണം
മരണം27 ജൂൺ 2008(2008-06-27) (പ്രായം 94)
വെല്ലിംഗ്ടൺ, തമിഴ്നാട്, തമിഴ്നാട്, ഇന്ത്യ
പങ്കാളി(കൾ)സില്ലോ ബോഡെ
അവാർഡുകൾ
മാറപ്പേര്(കൾ)സാം ബഹാദൂർ
Military service
Allegiance British India
 India
Branch/service British Raj Army
 ഇന്ത്യൻ ആർമി
Years of service1934 – 2008 (1973-ൽ മനേക്ഷ സജീവ സേവനത്തിൽ നിന്ന് വിരമിച്ചു, എന്നിരുന്നാലും, ഇന്ത്യൻ മിലിട്ടറി ഫൈവ്-സ്റ്റാർ റാങ്ക് ഉദ്യോഗസ്ഥർ ആജീവനാന്തം അവരുടെ റാങ്ക് നിലനിർത്തുന്നു, അവരുടെ മരണം വരെ സേവിക്കുന്ന ഓഫീസർമാരായി കണക്കാക്കപ്പെടുന്നു.)
RankField Marshal of the Indian Army.svg ഫീൽഡ് മാർഷൽ
UnitBadge of 12th Frontier Force Regiment.jpg 12-ആം ഫ്രൊണ്ടിയർ ഫോഴ്സ് റെജിമെന്റ്
8th Gorkha rifles Insignia (India).svg 8 ഗൂർഖ റൈഫിൾസ്
Commands
 • IA Eastern Command.jpg ഈസ്റ്റേൺ കമാൻഡ്
 • IA Western Command.svg വെസ്റ്റേൺ കമാൻഡ്
 • Gajraj corps.png IV കോർ
 • 26th indian infantry div.svg 26-ാമത്തെ ഇൻഫൻററി ഡിവിഷൻ
 • The Owl - The logo of DSSC, Wellington.png ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, വെല്ലിംഗ്ടൺ
 • ദ ഇൻഫൻട്രി സ്കൂൾ
 • 167th ഇൻഫൻററി ബ്രിഗേഡ്
Battles/wars
സേവന നമ്പർIC-14

1934 ഫെബ്രുവരിയിൽ പട്ടാളത്തിൽ ചേർന്ന മനേക് ഷാ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. മിലിട്ടറി സ്റ്റാഫ് കോളേജ് ഡയറക്ടർ, ബ്രിഗേഡിയർ, മേജർ, ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. 1969-ൽ മനേക് ഷാ കരസേനാധിപനായി. 1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പ്രമുഖമായ പങ്ക്‌ വഹിച്ചു. പട്ടാളക്കാരുടെ പട്ടാളക്കാരനെന്നും ബംഗ്ലാദേശിന്റെ വിമോചകനെന്നും അറിയപ്പെടുന്ന അദ്ദേഹത്തിന് സഹപ്രവർത്തകരുടെ സ്നേഹം പിടിച്ചുപറ്റുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു. കരസേനയുടെ നെടുംതൂണും ചരിത്രപുരഷനുമായിരുന്ന മനേക് ഷാ 1971–ലെ ഇന്ത്യ-പാക്‌ യുദ്ധത്തിൽ ഇന്ത്യയുടെ സർവസൈനാധിപനായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും വലിയ തന്ത്രശാലിയായ സൈനികനായാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌.

14 ദിവസം നീണ്ട യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചതോടെ മനേക്‌ ഷാ രാജ്യത്തിന്റെ വീരനായകനായി മാറുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെയും രാജ്യത്തിന്‌ നല്‌കിയ സംഭാവനകളെയും മാനിച്ച്‌ 1973ൽ രാജ്യം ഫീൽഡ്‌ മാർഷൽ പദവി നൽകി മനേക് ഷായെ ആദരിച്ചു. ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന റാങ്കായ ‘ഫീൽഡ് മാർഷൽ’ റാങ്ക് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നൽകപ്പെട്ട സൈനികനായിരുന്നു മനേക് ഷാ. രാജ്യത്താകെ രണ്ടു പേർക്ക്‌ മാത്രമാണ്‌ ഫീൽഡ്‌ മാർഷൽ പദവിയുള്ളത്‌. ആദ്യ കരസേനാ മേധാവി കെ.എം. കരിയപ്പയാണ്‌ മറ്റൊരാൾ. ഇന്ത്യയുടെ പ്രഥമ ഫീൽഡ് മാർഷലായ മനേക് ഷായ്ക്ക്‌ 1968-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌.[1]

ജനനം, മിലിറ്ററി അക്കാദമി പഠനംതിരുത്തുക

ഗുജറാത്ത് തീരത്തെ ചെറുപട്ടണമായ വൽസാദിൽ നിന്ന് പഞ്ചാബിലേക്ക് കുടിയേറിയ പാഴ്‌സികളായ ഡോക്ടർ[2] ഹോർമുസ്ജി മനേക്ഷായുടെയും ഹീരാബായിയുടെയും മകനായി 1914 ഏപ്രിൽ 3ന് അമൃത്‌സറിലായിരുന്നു സാം ജനിച്ചത്.[1] [3] പഞ്ചാബിലും നൈനിറ്റാളിലെ ഷെർവുഡ് കോളേജിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, 15-ാം വയസ്സിൽ കേംബ്രിഡ്ജ് ബോർഡിന്റെ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഡിസ്റ്റിങ്ഷനോടെ മികച്ച വിജയം നേടിയ ശേഷം, ഗൈനക്കോളജിസ്റ്റാകാൻ തന്നെ ലണ്ടനിലേക്ക് അയയ്ക്കാൻ അദ്ദേഹം പിതാവിനോട് ആവശ്യപ്പെട്ടു.[2] എന്നാൽ സ്വന്തമായി വിദേശത്ത് തങ്ങി പഠിക്കാൻ പ്രായമായില്ലെന്ന് പറഞ്ഞ് അച്ഛൻ സാമിന്റെ ആഗ്രഹം നിരസിച്ചു.[3][4] പ്രായമാകുന്നതുവരെ പിതാവ് അവനെ അയയ്ക്കാൻ വിസമ്മതിച്ചപ്പോൾ, അതിന്റെ വാശിക്ക്, മനേക്ഷാ ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐഎംഎ) എൻറോൾ ചെയ്യുന്നതിനുള്ള പ്രവേശന പരീക്ഷ എഴുതി . അദ്ദേഹം വിജയിക്കുകയും അതിന്റെ ഫലമായി 1932 ഒക്ടോബർ 1-ന് 40 കേഡറ്റുകളുടെ ആദ്യ ഇൻടേക്കിന്റെ ഭാഗമാവുകയും ചെയ്തു. 1934 ഫെബ്രുവരി 4-ന് ഐ.എം.എ.യിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സെക്കൻഡ്‌ ലെഫ്റ്റനന്റായി കമ്മീഷൻ ചെയ്യപ്പെട്ടു (പിന്നീട് സ്വാതന്ത്ര്യം ലഭിച്ച ശേഷം പിന്നീട് ഇന്ത്യൻ ആർമിയിൽ ആയി).[4]

കരസേനയിലേക്ക്, രണ്ടാം ലോക മഹായുദ്ധംതിരുത്തുക

കരസേനയിൽ കമ്മീഷൻ ചെയ്യുമ്പോൾ, അന്നത്തെ സമ്പ്രദായമനുസരിച്ച്, മനേക്ഷയെ ആദ്യം ബ്രിട്ടീഷ് ബറ്റാലിയനായ റോയൽ ഫീൽഡ് മാർഷൽ ഷംഷർജി ഹോർമുസ്ജി ഫ്രാംജിസ്‌കോട്സ് എന്ന രണ്ടാം ബറ്റാലിയനുമായി ബന്ധിപ്പിച്ചു. പിന്നീട് 12-ആം ഫ്രോണ്ടിയർ ഫോഴ്സ് റെജിമെന്റിന്റെ 4-ആം ബറ്റാലിയനിലേക്ക്, (54 സിഖ് എന്ന് പൊതുവെ അറിയപ്പെടുന്നത്) മാറ്റി. രണ്ടാം ലോകമഹായുദ്ധസമയത്ത്, അന്നത്തെ ക്യാപ്റ്റൻ മനേക്ഷാ 1942-ൽ 4/12 ഫ്രോണ്ടിയർ ഫോഴ്‌സ് റെജിമെന്റിനൊപ്പം ബർമയിൽ സിറ്റാങ് നദിയിൽ നടന്ന യുദ്ധത്തിൽ, യുദ്ധക്കളത്തിലെ ധീരതയ്ക്ക് ആദരിക്കപ്പെട്ടു.[2] 1942-ൽ ബർമ്മയിൽ ജപ്പാൻകാർക്കെതിരെ സിത്താങ് പാലത്തിനായുള്ള യുദ്ധത്തിൽ സാം മനേക്ഷയ്ക്ക് ഒമ്പത് തവണ വെടിയേറ്റതായി പറയപ്പെടുന്നു. തന്റെ വിശ്വസ്തനായ സിഖ് ഓർഡർലി  ശിപായി ഷേർ സിംഗ് സാമിന്റെ തന്റെ  കൈകളിൽ കോരി  എടുത്ത്  കയറ്റുകയും എന്നിട്ട്  ഒരു ഡോക്ടറിന്റെ  കോളറിൽ പിടിച്ചു നിർത്തി സാമിന്റെ മുറിവുകൾ പരിചരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അല്ലെങ്കിൽ സാം മരിക്കുമായിരുന്നു. ഓസ്‌ട്രേലിയൻ സർജൻ സാമിനെ ഓപ്പറേഷൻ ചെയ്യാൻ വിസമ്മതിച്ചു, കാരണം സാമിന് ഉണ്ടായ പരിക്കുകൾ മാരകമായിരുന്നു. സാം അവ അതിജീവിക്കാനുള്ള സാധ്യത കുറവായിരുന്നു എന്ന് ഡോക്ടർക്ക് തോന്നി. എന്നിരുന്നാലും, ഷേർ സിംഗ് ഡോക്ടറെ വിട്ടില്ല. അപ്പോഴേക്കും സാമിന് ബോധം വന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് സർജൻ ചോദിച്ചപ്പോൾ സാം മറുപടി പറഞ്ഞു: "ഒരു ബ്ലഡി കോവർകഴുത എന്നെ ചവിട്ടി". ശസ്‌ത്രക്രിയാ വിദഗ്‌ധൻ ചിരിച്ചുകൊണ്ട്‌ പറഞ്ഞു: “ നിങ്ങൾക്ക്‌ നല്ല നർമ്മബോധമുണ്ട്‌. നിങ്ങൾ സംരക്ഷിക്കപ്പെടാൻ അർഹനാണെന്ന് ഞാൻ കരുതുന്നു. ” അയാൾ സാമിന്റെ കുടലിലെ ഭൂരിഭാഗവും നീക്കം ചെയ്യുകയും അത് തുന്നിക്കെട്ടുകയും ചെയ്തു. [5]

1943 ഓഗസ്റ്റ് 23 മുതൽ ഡിസംബർ 22 വരെ ക്വറ്റയിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിലെ എട്ടാമത്തെ സ്റ്റാഫ് കോഴ്‌സിൽ മനേക്ഷ ചേർന്ന്  പങ്കെടുത്തു. തുടർന്ന് റസ്മാക് ബ്രിഗേഡിന്റെ ബ്രിഗേഡ് മേജറായി നിയമിതനായി.  1944 ഒക്ടോബർ 22 വരെ ആ തസ്തികയിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് ബർമ്മയിലെ 12 ഫ്രോണ്ടിയർ ഫോഴ്സ് റെജിമെണ്ടിന്റെ  9-ആം ബറ്റാലിയനിലേക്ക് (ജനറൽ വില്യം സ്ലിമിന്റെ 14-ആം ആർമിയുടെ ഭാഗമായി) അദ്ദേഹം മാറ്റപ്പെട്ടു.  രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ, ഇൻഡോ-ചൈനയിലെ ജനറൽ ഡെയ്‌സിയുടെ സ്റ്റാഫിൽ സേവനം അനുഷ്ടിക്കാന് മനേക്ഷയെ അയച്ചു. അവിടെ, ജപ്പാൻ കീഴടങ്ങലിനുശേഷം, 10,000-ത്തിലധികം മുൻ യുദ്ധത്തടവുകാരെ (പിഒഡബ്ല്യു) തിരിച്ചയക്കാൻ അദ്ദേഹം സഹായിച്ചു.  . തുടർന്ന് 1946-ൽ ഓസ്‌ട്രേലിയയിലേക്ക് ആറ് മാസത്തെ പ്രഭാഷണ പര്യടനം നടത്തി, തിരിച്ചെത്തിയ ശേഷം ലെഫ്റ്റനന്റ് കേണൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ ഒന്നാം ഗ്രേഡ് സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചു.[2]

ഇന്ത്യയുടെ ആദ്യത്തെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർതിരുത്തുക

 
COAS (പിന്നീട് ഫീൽഡ് മാർഷൽ) SHFJ മനേക്ഷ 1969 സെപ്റ്റംബറിൽ റെജിമെന്റ് സന്ദർശിക്കുന്നു

1947-ൽ ഇന്ത്യയുടെ വിഭജനത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ മാതൃ യൂണിറ്റ് - 12-ആം ഫ്രോണ്ടിയർ ഫോഴ്സ് റെജിമെന്റ് - പാകിസ്ഥാൻ ആർമിയുടെ ഭാഗമായി. അത് ഫ്രോണ്ടിയർ ഫോഴ്സ് റെജിമെന്റ് ആയി പുനർനാമകരണം ചെയ്യപ്പെട്ടു. അതിനാൽ മനേക് ഷായെ 16-ആം പഞ്ചാബ് റെജിമെന്റിലേക്ക് മാറ്റി. പിന്നെ അദ്ദേഹത്തെ 5-ആം ഗൂർഖ റൈഫിൾസിന്റെ മൂന്നാം ബറ്റാലിയനിലേക്ക്  കമാൻഡറായി  നിയമിച്ചു. വിഭജനത്തിന്റെ പ്രക്ഷുബ്ധമായ സംഭവങ്ങൾ കാരണം, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ ലെഫ്റ്റനന്റ് കേണലായി മനേക്ഷയെ ആർമി ആസ്ഥാനത്ത് നിലനിർത്തേണ്ടി വന്നു. ഇക്കാരണത്താൽ, പിന്നീട് ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിച്ചതിനാൽ, കാലാൾപ്പടയുടെ ഒരു ബറ്റാലിയൻ നയിക്കാനുള്ള അവസരം അദ്ദേഹത്തിന് നഷ്ടമായി. [2]ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം ആദ്യത്തെ ഇന്ത്യക്കാരനായ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ആയി നിയമിതനായി. [2]പിന്നെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനത്തേക്ക് മേജർ ജനറൽ,  പിന്നെ ലെഫ്റ്റനന്റ് ജനറൽ റാങ്കുകൾ ഉള്ളവരെ നിയമിച്ചു തുടങ്ങി. ഇപ്പോൾ ആ സ്ഥാനത്തെ ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് (DGMO) എന്ന് വിളിക്കുന്നു.[2] 1947-ലെ വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, ആസൂത്രണത്തിലും ഭരണത്തിലും മനേക്ഷാ തന്റെ മിടുക്ക് പ്രകടിപ്പിച്ചു. പിന്നീട് 1947-48 കാലഘട്ടത്തിൽ ജമ്മു & കശ്മീരിലെ പ്രവർത്തനങ്ങളിൽ തന്റെ യുദ്ധ വൈദഗ്ധ്യം അദ്ദേഹം പ്രകടിപ്പിച്ചു.[2]

കശ്മീരിലെ ദൗത്യംതിരുത്തുക

സ്വതന്ത്ര ഇന്ത്യ രൂപംകൊണ്ടതിനുശേഷം ബ്രിട്ടീഷ് ആർമിയിൽ ഡയറക്ടറേറ്റ് ഓഫ് മിലിറ്ററി ഓപ്പറേഷൻസിൽ കേണലായിരുന്ന മനേക് ഷാ, വി.പി. മേനോനോടൊപ്പം കശ്മീരിൽ നിയോഗിക്കപ്പെട്ടു. ഇന്ത്യയിലോ പാകിസ്താനിലോ ചേരാതിരുന്ന കശ്മീരിൽ ഗോത്രപഠാൻവിഭാഗം പാക് സഹായത്തോടെ നടത്തിയ ആക്രമണം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. കശ്മീർ രാജാവ് മഹാരാജാ ഹരിസിങ്ങും ജമ്മുകശ്‌മീരിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിസ് മെഹർചന്ദ് മഹാജനും വി.പി. മേനോനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യൻ യൂണിയനിൽ ലയിക്കാനുള്ള ഉടമ്പടിയിൽ മഹാരാജാവ് ഒപ്പിട്ടു.[1] [6]കരാർ ഒപ്പിടൽ ചർച്ചകൾക്ക് മനേക് ഷാ സാക്ഷിയായിരുന്നില്ല. പക്ഷേ, പുറത്തേക്കു വന്ന വി.പി. മേനോൻ മനേക് ഷായോട് പറഞ്ഞു, "സാം നമുക്ക് അക്‌സഷൻ (കൂട്ടിച്ചേർക്കൽ ഉടമ്പടി) കിട്ടിയിരിക്കുന്നു’’. കരാറിൽ ഒപ്പിട്ടശേഷം അന്നത്തെ വ്യോമസേനയുടെ ഡക്കോട്ട വിമാനത്തിൽ ഡൽഹിയിൽ തിരിച്ചെത്തിയ മനേക് ഷായെ അന്നത്തെ കാബിനറ്റ് സബ്കമ്മിറ്റി യോഗത്തിലേക്ക് ബ്രിട്ടീഷുകാരനായ അവസാനത്തെ സൈനികമേധാവി സർ റോയ് ബുച്ചറിനൊപ്പം പ്രധാനമന്ത്രി നെഹ്രു വിളിപ്പിച്ചു. മൗണ്ട് ബാറ്റനായിരുന്നു അധ്യക്ഷത വഹിച്ചത്. നെഹ്രു, പട്ടേൽ, പ്രതിരോധമന്ത്രി ബൽദേവ്സിങ്‌ എന്നിവരുണ്ടായിരുന്നു. വ്യോമമാർഗം അടിയന്തരമായി ഇന്ത്യൻ പട്ടാളം കശ്മീരിൽ എത്തേണ്ട സാഹചര്യം മനേക് ഷാ വിശദീകരിച്ചു. അന്നുച്ചയ്ക്കുതന്നെ ലെഫ്റ്റനന്റ് കേണൽ ഡെവാൻ രഞ്ജിത് റേയുടെ നേതൃത്വത്തിൽ സിഖ് റെജിമെന്റ് ശ്രീനഗറിലേക്ക് നീങ്ങി. ആദ്യ ഇന്ത്യാ-പാക് യുദ്ധം എന്നറിയപ്പെടുന്ന ഈ സൈനിക നീക്കത്തിൽ ആക്രമണകാരികളെ തുരത്തിയെങ്കിലും ദെഹ്‌റാദൂൺ മിലിറ്ററി അക്കാദമിയിൽ മനേക് ഷായ്ക്കൊപ്പമുണ്ടായിരുന്ന രഞ്ജിത് റേ യുദ്ധത്തിൽ കൊല്ലപ്പെട്ടു.[1][6]രാജ്യം പരമ വീരചക്ര നൽകി ആദരിച്ചു ആ യോദ്ധാവിനെ. 1949 ൽ പാകിസ്താനുമായുള്ള വെടിനിർത്തൽ കരാറിന് വേണ്ടിയുള്ള കറാച്ചിയിൽ നടന്ന ചർച്ചകളിൽ ഇന്ത്യൻ സേനാപ്രതിനിധി സംഘത്തിൽ സാം മനേക് ഷായുമുണ്ടായിരുന്നു.[6]

ചൈനീസ് അതിർത്തിയിലേക്ക്തിരുത്തുക

 
കിഴക്കൻ കമാൻഡ് GOC-in-C ആയി ലഫ്റ്റനന്റ് ജനറൽ മനേക്ഷ.

1962-ൽ ചൈനീസ് യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൽ മനേക് ഷാ ഊട്ടി വെല്ലിങ്‌ടൺ ഡിഫൻസ് സർവീസസ് കോളേജിൽ ആയിരുന്നു. [1]രാഷ്ട്രീയ നേതൃത്വവും അന്നത്തെ പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോനോടും മറ്റൊരു സൈനിക മേധാവിയോടുമുള്ള ഭിന്നതകൾ തന്നെയായിരുന്നു കാരണം. സൈനിക ഭരണത്തിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിനെ വിമർശിച്ച മനേക് ഷാ അച്ചടക്ക നടപടിയും മറ്റും നേരിട്ടു. [6]1962 അവസാനം നെഹ്രു നിർദേശിച്ചതനുസരിച്ച് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസി (ഇപ്പോഴത്തെ അരുണാചൽപ്രദേശ്)യിൽ നാലാം കോറിന്റെ കമാൻഡ് ഏറ്റെടുക്കാനെത്തി. പിൻവാങ്ങിയ സേനയുടെ ആത്മവീര്യം വീണ്ടെടുക്കുകയായിരുന്നു പിന്നീട് മനേക് ഷായുടെ ദൗത്യം. 1967-ൽ സിക്കിമിലെ നാഥുലാചുരത്തിൽ ചൈനീസ് സംഘർഷമുണ്ടായപ്പോൾ 1962-ലെ ആവർത്തനമായിരുന്നില്ല സംഭവിച്ചത്. 1969-ൽ രാജ്യത്തിന്റെ എട്ടാമത്തെ കരസേനാ മേധാവിയായി മനേക് ഷാ നിയമിക്കപ്പെട്ടു. കശ്മീരിലെ വെടിനിർത്തൽരേഖാ ചർച്ചകളിൽ പങ്കാളിയായതുപോലെ സീസ് ഫയർ ലൈൻ സിംലാ കരാറിനെത്തുടർന്ന് നിയന്ത്രണരേഖ(LoC)യായി നിശ്ചയിക്കപ്പെട്ടത് മനേക് ഷാ സൈനികമേധാവിയായിരിക്കുമ്പോഴാണ്.[1]

1965ൽ പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തിൽ ഭാരതത്തിന് നിർണായക വിജയം ഉറപ്പാക്കിയത് സാം ബഹാദൂറിൻറെ തന്ത്രങ്ങളായിരുന്നു. കര, നാവിക, വ്യോമ വിഭാഗങ്ങളെ ഒറ്റക്കെട്ടായി നിർത്തി അന്ന് അദ്ദേഹം നയിച്ച യുദ്ധം പാക്കിസ്ഥാനെ ഞെട്ടിച്ചത് തെല്ലെന്നും അല്ല. [3][7] മാരകമായ ആയുധങ്ങളും വെടിക്കോപ്പുകളുമായി ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 300 നാഗുകളുടെ കുപ്രസിദ്ധമായ സംഘത്തെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം പിടികൂടി. ഇത് നാഗാ കലാപത്തിന്റെ ശാശ്വതമായ ഉന്മൂലനത്തിലേക്ക് നയിച്ചു. ഇതിന് 1968ൽ സാം ബഹാദൂറിന് പത്മഭൂഷൺ ലഭിച്ചു.[7]

നെഹ്രുവിനുശേഷം ഇന്ദിരാഗാന്ധിയുമായി മികച്ച വ്യക്തിബന്ധമുണ്ടായിരുന്നു മനേക് ഷായ്ക്ക് . ‘‘അവർ എന്നെ വിശ്വസിച്ചിരുന്നു. താനവരെയും. വിമർശനങ്ങൾപോലും തുറന്നുപറയാവുന്ന ബന്ധം... ഞാൻ അവരെ കാണുമ്പോൾ സ്വീറ്റി എന്നുവിളിക്കും. അവർ എന്നെ സാം എന്നും’’.[1]അവരുടെ പാഴ്സി ബന്ധം (ഇന്ദിരയുടെ ഭർത്താവ് ഫിറോസ് ഗാന്ധി പാഴ്സി ആയിരുന്നു) കാരണം അദ്ദേഹം ഇന്ദിരയെ സ്വീറ്റി അല്ലെങ്കിൽ സ്വീറ്റ്ഹാർട്ട് എന്ന് വിളിക്കുമായിരുന്നു. [4]

കരസേനാ മേധാവിതിരുത്തുക

ജനറൽ പി.പി. കുമാരമംഗലം, 1969 ജൂണിൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് (COAS) ആയി വിരമിച്ചു. മനേക്ഷാ ഏറ്റവും മുതിർന്ന സൈനിക കമാൻഡറായിരുന്നുവെങ്കിലും, പ്രതിരോധ മന്ത്രി സർദാർ സ്വരൺ സിംഗ്, 1965-ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധസമയത്ത് വെസ്റ്റേൺ കമാൻഡിലെ  GOC-in-C ആയി ഒരു പ്രധാന പങ്ക് വഹിച്ചിരുന്ന ലെഫ്റ്റനന്റ് ജനറൽ ഹർബക്ഷ് സിംഗിനെ അനുകൂലിച്ചു.[8]  എന്നിരുന്നാലും, 1969 ജൂൺ 8-ന് മനേക്ഷാ കരസേനയുടെ എട്ടാമത്തെ മേധാവിയായി നിയമിതനായി. തന്റെ ഭരണകാലത്ത് അദ്ദേഹം ഇന്ത്യൻ സൈന്യത്തെ ഒരു കാര്യക്ഷമമായ യുദ്ധോപകരണമായി വികസിപ്പിച്ചെടുത്തു. പട്ടാളത്തിൽ പട്ടികജാതി പട്ടികവർഗ്ഗക്കാർക്കായി സംവരണം ചെയ്യാനുള്ള പദ്ധതി നിർത്തലാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അദ്ദേഹം  ഇന്ത്യയിലെ ഒരു ന്യൂനപക്ഷ വിഭാഗമായ പാഴ്‌സി ആയിരുന്നെങ്കിലും, ഈ സമ്പ്രദായം സൈന്യത്തിന്റെ ധാർമികതയിൽ വിട്ടുവീഴ്ച ചെയ്യുമെന്ന് മനേക്ഷയ്ക്ക് തോന്നി.  എല്ലാവർക്കും തുല്യ അവസരം നൽകണമെന്ന് അദ്ദേഹം വിശ്വസിച്ചു.[9]

ബംഗ്ലാദേശ് യുദ്ധത്തിലേക്ക്തിരുത്തുക

 
പാകിസ്താൻ കീഴടങ്ങൽ 1971 ഡിസംബർ 16-ന് ഒപ്പുവച്ചു (ഒപ്പ് ഇടുന്ന ജനറൽമാർ: ഇന്ത്യൻ-ജഗ്ജിത് സിംഗ് അറോറ, പാകിസ്ഥാൻ-അമീർ അബ്ദുള്ള ഖാൻ നിയാസി എന്നിവരായിരുന്നു, )

1971-ലെ ബംഗ്ലാദേശ് യുദ്ധത്തിന് സൈന്യം സജ്ജമാണോയെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആരാഞ്ഞപ്പോൾ, അനവസരത്തിൽ ആക്രമിച്ചാൽ പരാജയമായിരിക്കും ഫലമെന്ന് ചൂണ്ടിക്കാട്ടി തയ്യാറെടുപ്പിന് സമയം ചോദിക്കുകയായിരുന്നു മനേക് ഷാ.[1] കിഴക്കൻ പാകിസ്താനിലെ ആഭ്യന്തരകലാപങ്ങൾകാരണം ബംഗാളിലേക്കും അസമിലേക്കും ത്രിപുരയിലേക്കും അഭയാർഥികളുടെ പ്രവാഹമായിരുന്നു. അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ടെലിഗ്രാം സന്ദേശങ്ങൾ മുന്നിൽവെച്ചാണ് ഇന്ത്യൻസൈന്യം കിഴക്കൻ പാകിസ്താനിലേക്ക് കടക്കണമെന്ന് ഇന്ദിരാഗാന്ധി മനേക് ഷായോട് നിർദേശിച്ചത്. പ്രധാനമന്ത്രി ഉദ്ദേശിച്ചത് യുദ്ധമാണോ? മനേക് ഷായുടെ ചോദ്യത്തിന്, ‘യുദ്ധമെങ്കിൽ യുദ്ധം’ എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മറുപടി. കാബിനറ്റ് മീറ്റിങ്ങിനുശേഷം ഇന്ദിരാഗാന്ധിയോട് സാം മനേക്‌ ഷാ പറഞ്ഞു: ‘‘യുദ്ധം ചെയ്യുക എന്റെ ജോലിയാണ്. പക്ഷേ, യുദ്ധത്തിനുപോയാൽ വിജയിക്കണം’’. ചിരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ‘‘എനിക്കുവേണ്ടത് തനിക്കറിയാമല്ലോ?’’. ‘‘അറിയാം, പ്രധാനമന്ത്രിക്ക് വേണ്ടതെന്താണെന്ന് എനിക്കറിയാം. പക്ഷേ, ഏപ്രിൽ മാസങ്ങളിൽ ഹിമാലയൻചുരങ്ങൾ തുറക്കുന്ന സമയം ചൈനീസ് അതിർത്തിയിൽ കൂടുതൽ ശ്രദ്ധവേണം. മാത്രമല്ല, അക്കാലം കിഴക്കൻ ബംഗാളിൽ മഴക്കാലമാണ്. സൈനികനീക്കത്തിന് അനുയോജ്യമായ സമയമല്ലിത്’’. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വ്യോമസേനയ്ക്കും സഹായമെത്തിക്കാൻ തടസ്സം നേരിടും. കാത്തിരിക്കണം -ഇതാണ് സാം മനേക്‌ ഷാ പ്രധാനമന്ത്രിയോട്‌ സമയമാവശ്യപ്പെടാനുള്ള കാരണം. പ്രധാനമന്ത്രിക്ക്‌ ആദ്യം അതുൾക്കൊള്ളാൻ ആയില്ലെന്നുതോന്നിയപ്പോൾ മനേക് ഷാ പറഞ്ഞു: ‘‘പ്രധാനമന്ത്രി, താങ്കൾ സംസാരിക്കാൻ വാതുറക്കുന്നതിന് മുമ്പുതന്നെ ഞാൻ എന്റെ രാജിക്കത്ത് അയക്കട്ടെ. മാനസികമോ ശാരീരികമോ ആയ കാരണങ്ങളാൽ’’. ഇതേത്തുടർന്ന്, തന്റെ നിർദേശം ഇന്ദിരാഗാന്ധി അംഗീകരിച്ചെന്ന്‌ സാം മനേക്‌ ഷാ പറയുന്നു. ഒമ്പതുമാസം കഴിഞ്ഞ് പ്രധാനമന്ത്രി വീണ്ടും ചോദിച്ചപ്പോഴായിരുന്നു മനേക്‌ ഷായുടെ പ്രശസ്തമായ ആ മറുപടി: ‘‘ഐ ആം ആൾവേയ്‌സ് റെഡി സ്വീറ്റി’’. [1]യുദ്ധം ആരംഭിക്കേണ്ടത്‌ എപ്പോഴെന്ന് രാഷ്ട്രീയനേതൃത്വത്തോട് നിർദേശിക്കാനുള്ള പ്രൊഫഷണൽ നേതൃത്വമികവ് സാം മനേക് ഷായ്ക്കുണ്ടായിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനുമായി മനേക്‌ ഷായ്ക്കുണ്ടായിരുന്ന അകൽച്ചയും വിവാദങ്ങളുമെല്ലാം മനേക്‌ ഷായുടെ ഈ തന്റേടത്തിന്റെ പ്രതിഫലനമായിരുന്നു.[1][6]മനേക് ഷായും വാക്കുപാലിച്ചു.

യുദ്ധ തന്ത്രങ്ങൾതിരുത്തുക

മനേക്ഷാ ആസൂത്രണം ചെയ്ത തന്ത്രത്തെ തുടർന്ന്, ബംഗാളി ദേശീയവാദികളുടെ പ്രാദേശിക മിലിഷ്യ ഗ്രൂപ്പായ മുക്തി ബാഹിനിയെ പരിശീലിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നതുൾപ്പെടെ സൈന്യം കിഴക്കൻ പാകിസ്ഥാനിൽ നിരവധി തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. സാധാരണ ബംഗ്ലാദേശ് സൈനികരുടെ ഏകദേശം മൂന്ന് ബ്രിഗേഡുകൾ പരിശീലിപ്പിക്കപ്പെട്ടു, 75,000 ഗറില്ലകൾക്ക് പരിശീലനം നൽകി ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജീകരിച്ചു. യുദ്ധത്തിന് മുന്നോടിയായുള്ള കിഴക്കൻ പാകിസ്ഥാനിൽ നിലയുറപ്പിച്ച പാകിസ്ഥാൻ സൈന്യത്തെ ഉപദ്രവിക്കാൻ ഈ ശക്തികൾ ഉപയോഗിച്ചു.[10] 1971 ഡിസംബർ 3-ന് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഇന്ത്യൻ വ്യോമസേനാ താവളങ്ങളിൽ പാകിസ്ഥാൻ വിമാനങ്ങൾ ബോംബ് ഇട്ടതോടെയാണ് യുദ്ധം ഔദ്യോഗികമായി ആരംഭിച്ചത്. മനേക്ഷയുടെ നേതൃത്വത്തിൽ കരസേനാ ആസ്ഥാനം ഇനിപ്പറയുന്ന തന്ത്രം രൂപപ്പെടുത്തി: ലഫ്റ്റനന്റ് ജനറൽ (പിന്നീട് ജനറലും സിഒഎഎസും) തപീശ്വർ നരേൻ റെയ്‌ന കമാൻഡറായ II കോർപ്‌സ് പടിഞ്ഞാറ് നിന്ന് പ്രവേശിക്കണം; ലഫ്റ്റനന്റ് ജനറൽ സഗത് സിങ്ങിന്റെ കമാൻഡറായ IV കോർപ്സ് കിഴക്ക് നിന്ന് പ്രവേശിക്കണം; ലെഫ്റ്റനന്റ് ജനറൽ മോഹൻ എൽ ഥാപ്പന്റെ കമാൻഡറായ XXXIII കോർപ്‌സ് വടക്ക് നിന്ന് പ്രവേശിക്കേണം; മേജർ ജനറൽ ഗുർബാക്‌സ് സിങ്ങിന്റെ നേതൃത്വത്തിലുള്ള 101 കമ്മ്യൂണിക്കേഷൻ സോൺ ഏരിയ വടക്കുകിഴക്കൻ ഭാഗത്ത് നിന്ന് പിന്തുണ നൽകണം. ലഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിംഗ് അറോറയുടെ കീഴിലുള്ള ഈസ്റ്റേൺ കമാൻഡ് ഈ തന്ത്രം നടപ്പിലാക്കണം. മനേക്ഷാ ഈസ്റ്റേൺ കമാൻഡ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ജെ.എഫ്.ആർ. ജേക്കബിനോട് ഈസ്റ്റേൺ കമാൻഡിൽ നിന്ന് സൈനിക നീക്കം തുടങ്ങുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിക്കാൻ നിർദ്ദേശിച്ചു. അടുത്ത ദിവസം, നാവികസേനയും വ്യോമസേനയും കിഴക്കൻ, പടിഞ്ഞാറൻ മുന്നണികളിൽ പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.[11]

ബംഗ്ലാദേശ് യുദ്ധംതിരുത്തുക

 
മൂന്ന് സേനാ മേധാവികളായ ജനറൽ സാം മനേക്ഷാ, അഡ്മിറൽ സർദാരിലാൽ മത്രദാസ് നന്ദ, എയർ ചീഫ് മാർഷൽ പ്രതാപ് ചന്ദ്ര ലാൽ എന്നിവരെ അഭിനന്ദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി, ഇന്ദിരാഗാന്ധി
 
1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ അന്നത്തെ കരസേനാ മേധാവി ജനറൽ സാം മനേക്ഷയോട് ബ്രിഗേഡിയർ ബി സി പാണ്ഡെ വിവരിക്കുന്നു

1971 ഡിസംബർ നാലിന് ബംഗ്ലാദേശ് യുദ്ധം തുടങ്ങി. യുദ്ധം പുരോഗമിച്ചപ്പോൾ  പാക്കിസ്ഥാന്റെ ചെറുത്തുനിൽപ്പ് തകർന്നു. ഇന്ത്യ അനുകൂലമായ ഭൂരിഭാഗം സ്ഥാനങ്ങളും പിടിച്ചെടുക്കുകയും കീഴടങ്ങാനോ പിൻവലിക്കാനോ തുടങ്ങിയ പാകിസ്ഥാൻ സേനയെ ഒറ്റപ്പെടുത്തുകയും ചെയ്തു.[12] സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ 1971 ഡിസംബർ 4 ന് യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേർന്നു. ഡിസംബർ 7-ന് നീണ്ട ചർച്ചകൾക്ക് ശേഷം, "ഉടൻ വെടിനിർത്തലിനും സൈന്യത്തെ പിൻവലിക്കലിനും" വേണ്ടിയുള്ള ഒരു പ്രമേയം അമേരിക്ക മുന്നോട്ടുവച്ചു, ഭൂരിപക്ഷം പിന്തുണച്ചപ്പോൾ, സോവിയറ്റ് യൂണിയൻ രണ്ട് തവണ വീറ്റോ ചെയ്തു, ബംഗാളികൾക്ക് എതിരായ പാകിസ്ഥാനികളുടെ അതിക്രമങ്ങൾ കാരണം ബ്രിട്ടനും ഫ്രാൻസിനും വിട്ടുനിന്നു.[13] ഡിസംബർ 9, 11, 15 തീയതികളിൽ റേഡിയോ സംപ്രേക്ഷണത്തിലൂടെ പാകിസ്ഥാൻ സൈനികരെ അഭിസംബോധന ചെയ്ത മനേക്ഷ, കീഴടങ്ങിയാൽ ഇന്ത്യൻ സൈനികരിൽ നിന്ന് മാന്യമായ പരിഗണന ലഭിക്കുമെന്ന് അവര്ക്ക്  ഉറപ്പുനൽകി. അവസാനത്തെ രണ്ട് പ്രക്ഷേപണങ്ങളും പാകിസ്ഥാൻ കമാൻഡർമാരായ മേജർ ജനറൽ റാവു ഫർമാൻ അലി, ലെഫ്റ്റനന്റ് ജനറൽ അമീർ അബ്ദുല്ല ഖാൻ നിയാസി എന്നിവർ തങ്ങളുടെ സൈനികർക്ക് അയച്ച സന്ദേശങ്ങൾക്കുള്ള മറുപടിയായാണ് നൽകിയത്. അത് പക്ഷേ പാകിസ്താന്  വിനാശകരമായ ഫലമുണ്ടാക്കി ; കൂടുതൽ ചെറുത്തുനിൽപ്പിന്റെ അർത്ഥശൂന്യത ആ സന്ദേശം സൈനികരെ ബോധ്യപ്പെടുത്തുകയും അവരുടെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു.[12] ഡിസംബർ 11 ന്, വെടിനിർത്തലിന് അഭ്യർത്ഥിച്ച് അലി ഐക്യരാഷ്ട്രസഭയ്ക്ക് സന്ദേശം അയച്ചു, പക്ഷേ അത് പ്രസിഡന്റ് യഹ്യാ ഖാൻ അംഗീകരിച്ചില്ല, യുദ്ധം തുടർന്നു. നിരവധി ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഇന്ത്യൻ സൈന്യത്തിന്റെ തുടർന്നുള്ള ആക്രമണങ്ങൾക്കും ശേഷം, പാകിസ്ഥാൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ യുദ്ധം നിർത്താൻ ഖാൻ തീരുമാനിച്ചു. [12]കീഴടങ്ങാനുള്ള യഥാർത്ഥ തീരുമാനം ഡിസംബർ 15 ന് നിയാസി എടുക്കുകയും വാഷിംഗ്ടൺ വഴി ധാക്കയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസൽ ജനറൽ മുഖേന മനേക്ഷയെ അറിയിക്കുകയും ചെയ്തു. ഡിസംബർ 16-ന് 09:00-നകം പാകിസ്ഥാൻ സൈനികർ തങ്ങളുടെ ഇന്ത്യൻ സൈനികർക്ക് കീഴടങ്ങിയാൽ മാത്രമേ താൻ യുദ്ധം നിർത്തുകയുള്ളൂവെന്ന് മനേക്ഷാ മറുപടി പറഞ്ഞു. നിയാസിയുടെ അഭ്യർത്ഥന പ്രകാരം അതേ ദിവസം തന്നെ സമയപരിധി 15:00 വരെ നീട്ടി.  1971 ഡിസംബർ 16-ന് , കീഴടങ്ങൽ ഉടമ്പടിയിൽ പാകിസ്താൻ  ലെഫ്റ്റനന്റ് ജനറൽ അമീർ അബ്ദുല്ല ഖാൻ നിയാസി ഔദ്യോഗികമായി ഒപ്പുവച്ചു.[14]

1971 ഡിസംബർ 9-ന് പാകിസ്ഥാൻ സൈനികർക്ക് മനേക്ഷയുടെ ആദ്യ റേഡിയോ സന്ദേശം:
"ഇന്ത്യൻ സൈന്യം നിങ്ങളെ വളഞ്ഞിരിക്കുന്നു. നിങ്ങളുടെ വ്യോമസേന നശിച്ചു. അവരിൽ നിന്ന് ഒരു സഹായവും നിങ്ങൾക്ക് പ്രതീക്ഷയില്ല. ചിറ്റഗോങ്, ചൽന, മംഗള തുറമുഖങ്ങൾ തടഞ്ഞേക്കുകയാണ്. കടലിൽ നിന്ന് ആർക്കും നിങ്ങളെ സമീപിക്കാൻ കഴിയില്ല. നിങ്ങളുടെ വിധി തീരുമാനിച്ചു കഴിഞ്ഞു. നിങ്ങൾ ചെയ്ത ക്രൂരതകൾക്കും ക്രൂരതകൾക്കും പ്രതികാരം ചെയ്യാൻ മുക്തി ബാഹിനിയും ജനങ്ങളും തയ്യാറാണ്... എന്തിന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുത്തണം. നിങ്ങൾക്ക് വീടുകളിൽ തിരികെപ്പോയി നിങ്ങളുടെ കുട്ടികളെ കാണണ്ടേ. ഒരു ഭടനുമുന്നിൽ ആയുധംവെച്ച് കീഴടങ്ങുന്നതിൽ ഒരഭിമാനപ്രശ്നവുമില്ല. ഒരു സൈനികന് യോജിച്ച എല്ലാ ആദരവും നിങ്ങൾക്ക് ലഭിക്കും. "

Page 209, Leadership in the Indian Army: Biographies of Twelve Soldiers, Vijay Kumar Singh, SAGE Publications, 2005, ISBN 978-0-7619-3322-9

ഇന്ത്യയുടെ ധീരവും ചടുലവും അവിസ്മരണീയവുമായ യുദ്ധവിജയങ്ങളിലൊന്നായിരുന്നു അത്. യുദ്ധത്തിന്റെ പതിമ്മൂന്നാം നാൾ ധാക്കയിൽ ഇന്ത്യൻപതാക പാറിപ്പറന്നു. രണ്ടാഴ്ചയിൽ താഴെ നീണ്ടുനിന്ന യുദ്ധത്തിൽ, 90,000-ത്തിലധികം പാകിസ്ഥാൻ സൈനികർ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടു.  പാകിസ്താനിൽനിന്ന് വേറിട്ട് ബംഗ്ലാദേശ് എന്നൊരു പുതുരാഷ്ട്രം പിറന്നു.[1][6] ധാക്കയിൽ പോയി പാകിസ്ഥാൻ സേനയുടെ കീഴടങ്ങൽ അംഗീകരിക്കാൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ, മനേക്ഷ അത് നിരസിച്ചു. ആ ബഹുമതി തന്റെ കിഴക്കൻ സൈനിക കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിംഗ് അറോറയ്ക്ക് നൽകണമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു.[2]

ഈ യുദ്ധത്തിൽ ഇന്ത്യയോട് പരാജപ്പെടുമ്പോൾ പാകിസ്താൻ പ്രസിഡന്റായിരുന്ന യാഹ്യാ ഖാൻ മനേക് ഷായ്‌ക്കൊപ്പം ബ്രിട്ടീഷ് ഇന്ത്യൻ മിലിട്ടറിയിലുണ്ടായിരുന്നു. ഡെറാഡൂൺ മിലിട്ടറി അക്കാദമിയിലെ സതീർത്ഥ്യനും ആയിരുന്നു യാഹ്യാ ഖാൻ. ആർമി ജനറലായിരുന്ന യാഹ്യാ ഖാൻ പാകിസ്താന്റെ മൂന്നാമത്തെ പ്രസിഡന്റാവുകയായിരുന്നു. വിഭജന സമയത്ത് പാകിസ്താനിലേക്ക് പോയ യാഹ്യാഖാന് മനേക് ഷാ തന്റെ മോട്ടോർ ബൈക്ക് വിറ്റു. വിലയായ ആയിരം രൂപ യാഹ്യാ ഖാൻ അയച്ചു കൊടുക്കാമെന്നേറ്റുവെങ്കിലും മനേക് ഷായ്ക്ക് അത് ലഭിച്ചില്ല.[6] ബംഗ്ലാദേശ് യുദ്ധത്തിലെ പരാജയത്തിന് ശേഷം അതെ പറ്റി മനേക് ഷായുടെ കമന്റ് ഇങ്ങനെയായിരുന്നു. 'എന്റെ മോട്ടോർ ബൈക്കിന്റെ വിലയായ ആയിരം രൂപ ഇതുവരെ നൽകാത്ത യാഹ്യാ പകരം രാജ്യത്തിന്റെ പാതി ഇതാ പകുത്ത് നൽകിയിരിക്കുന്നു '.[6] വിഭജനസമയത്ത് മനേക് ഷാ അംഗമായിരുന്ന ബ്രിട്ടീഷ് ആർമിയുടെ 12-ാം ഫ്രണ്ടിയർ ഫോഴ്‌സ് റെജിമെന്റിന്റെ നാലാം ബറ്റാലിയൻ പൂർണമായും പാകിസ്താൻ പട്ടാളത്തിന്റെ ഭാഗമായി മാറി. പാകിസ്താൻ ആർമിയിൽ തുടരണമെന്ന് മുഹമ്മദാലി ജിന്ന മനേക് ഷായോട് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയിലെത്തി ഗൂർഖാ റൈഫിൾസിന്റെ കമാൻഡിങ് ഓഫീസറാവുകയാണ് ചെയ്തത്. പാകിസ്താൻ ആർമിയിലാണ് പോയിരുന്നതെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ഒരിക്കൽ മനേക് ഷായോട് ആരോ ചോദിച്ചു. എന്നാൽ എല്ലാ യുദ്ധങ്ങളും പാകിസ്താൻ ജയിക്കുമായിരുന്നു എന്നായിരുന്നു മനേക് ഷായുടെ മറുപടി.[6]

ഗൂർഖ പട്ടാളക്കാരുടെ സ്നേഹം പിടിച്ചു പറ്റിയ അദ്ദേഹത്തെ നേപ്പാൾ 1972-ൽ നേപ്പാൾ ആർമിയുടെ ഓണററി ജനറലായി ആദരിച്ചു.[2]

രാഷ്ട്രീയ-ബ്യൂറോക്രസിയുമായി ഉള്ള അനിഷ്ടംതിരുത്തുക

 
ഇന്ത്യൻ പ്രസിഡന്റ്, വി. വി. ഗിരി 1973 ജനുവരിയിൽ രാഷ്ട്രപതി ഭവനിൽ COAS സാം മനേക്ഷയ്ക്ക് ഫീൽഡ് മാർഷൽ പദവി നൽകി.
 
മനെക്‌ഷോ ഓട്ടോഗ്രാഫ് ചെയ്ത കത്ത്

ഇന്ദിരാഗാന്ധിയെ "മാഡം" എന്നതിനുപകരം "പ്രധാനമന്ത്രി" എന്ന് അഭിസംബോധന ചെയ്ത ഒരേയൊരു വ്യക്തി അദ്ദേഹം മാത്രമായിരിക്കാം. [5]പ്രധാനമന്ത്രിയോട് കാണിക്കുന്ന ഈ അനാദരവ് ഇഷ്ടപ്പെടാഞ്ഞ ചില ഉദ്യോഗസ്ഥർ, അന്നത്തെ കാബിനറ്റ് സെക്രട്ടറിയോട് അതേ കുറിച്ച് പരാതിപ്പെട്ടു. സെക്രട്ടറിമാരുടെ കമ്മറ്റി യോഗത്തിൽ സാമിന്റെ സാന്നിധ്യത്തിൽ ക്യാബിനറ്റ് സെക്രട്ടറി ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹത്തെ നിശബ്ദനാക്കുന്ന മറുപടിയാണ് സാമിൽ നിന്ന് ലഭിച്ചത്. "ഈ പദം മോശം പ്രശസ്തിയുള്ള വീടുകളുടെ ചുമതലയുള്ള ചില സ്ത്രീകൾക്കായി നീക്കിവച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."[5] രാജ്യത്തെ ബ്യൂറോക്രസിക്ക് അദ്ദേഹത്തെയത്ര ഇഷ്ടം ആല്ലായിരുന്നു. രാഷ്ട്രീയക്കാരെക്കുറിച്ച് അദ്ദേഹത്തിന് വല്യ അഭിപ്രായം ഉണ്ടായിരുന്നില്ല. അദ്ദേഹം തന്റെ അനിഷ്ടം പരസ്യമാക്കുകയും പലപ്പോഴും രാഷ്ട്രീയ ഉന്നതരെ അംഗീകരിക്കാത്തതായി അദ്ദേഹം പറയുന്നതായി പറയപ്പെടുകയും ചെയ്തു. ഒരു പൊതുചടങ്ങിൽ അദ്ദേഹം രാഷ്ട്രീയക്കാർ  നിരക്ഷരരാണെന്ന് പ്രഖ്യാപിച്ചു. [5]അദ്ദേഹം പറഞ്ഞു, “രാജ്യത്തിന്റെ പ്രതിരോധത്തിന്റെ ചുമതലയുള്ള നമ്മുടെ രാഷ്ട്രീയ യജമാനന്മാർക്ക് ഒരു മോർട്ടാറിനെ (ചെറുപീരങ്കി) ഒരു മോട്ടറിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയുമോ എന്നും, ഒരു ഹോവിറ്റ്സറിൽ നിന്ന് തോക്ക് വേർതിരിച്ചറിയാൻ  കഴിയുമോ എന്നും ഒരു ഗൊറില്ലയിൽ (ഒളിപ്പടയാളി) ഒരു ഗറില്ലയെ വേർതിരിച്ചറിയാൻ കഴിയുമോ എന്നും ഞാൻ അത്ഭുതപ്പെടുന്നു; മുൻകാലങ്ങളിൽ പലരും രണ്ടാമത്തേതുമായി സാമ്യമുള്ളവരാണെങ്കിലും." ആത്യന്തികമായി പ്രതികാരം ചെയ്ത രാഷ്ട്രീയ മേലധികാരികൾക്കും സാമിനും  ഇടയിൽ സ്നേഹം നഷ്ടപ്പെട്ടതിൽ അതിശയിക്കാനില്ല. [5]

1971ലെ ഇന്ത്യ - പാക് യുദ്ധത്തിന് ശേഷം മനേക് ഷായെ ഫീൽഡ് മാർഷലായി പ്രൊമോട്ട് ചെയ്യാനും തുടർന്ന് അദ്ദേഹത്തെ ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിക്കാനും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തീരുമാനിച്ചു. എന്നാൽ നാവിക,​ വ്യോമ സേനകളിലെ കമാൻഡർമാരും ബ്യൂറോക്രസിയും സി. ഡി. എസ് നിയമനത്തെ എതിർത്തതിനെ തുടർന്ന് ഇന്ദിരാഗാന്ധി ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ചീഫ് ഒഫ് ആർമി സ്റ്റാഫ് പദവിയിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുൻപ് 1973 ജനുവരി 3ന് സാം മനേക് ഷായ്‌ക്ക് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് ഫീൽഡ് മാർഷൽ റാങ്ക് നൽകിയത്.[15]

ഊട്ടിയിലെ വസതിതിരുത്തുക

 
2008-ലെ ഇന്ത്യയുടെ സ്റ്റാമ്പിൽ മനേക്ഷാ
 
മനേക് ഷാ

തമിഴ്‌നാട്ടിലെ നീലഗിരിക്കുന്നിൽ അന്ത്യവിശ്രമം കൊള്ളുന്ന മനേക്‌ ഷായുടെ ഊട്ടി ബന്ധം തുടങ്ങുന്നത് 1950-കളിലാണ്. വെല്ലിങ്‌ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ കമാൻഡന്റ്‌ ആയി വന്നതുമുതൽ.[1] സാം മനേക് ഷാ വിരമിച്ചശേഷം ഊട്ടിയിലാണ് സ്ഥിരവാസമാക്കിയത്. വെല്ലിങ്‌ടണിനടുത്തായുള്ള ‘സ്റ്റാവ്ക’ എന്ന ബംഗ്ലാവിലാണ് സാം മനേക് ഷാ തൻറെ വിശ്രമജീവിതം നയിച്ചുവന്നിരുന്നത്.

''1958 മുതൽ 62 വരെ ഇവിടെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ കമാൻഡർ ആയി ജോലി നോക്കുകയായിരുന്നു ഞാൻ. 1962 ലെ ചൈനീസ് യുദ്ധത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നെഹ്‌റു നിർദേശിച്ചതനുസരിച്ചാണ് ഞാൻ പോയത്. ഞാൻ യുദ്ധത്തിനായി പോയപ്പോൾ എന്റെ ഭാര്യ ഇവിടെ തനിച്ചായി. അവരാണ് മൂന്നര ഏക്കർ വരുന്ന ഈ സ്ഥലം വാങ്ങി അതിലൊരു വീടുവെച്ചത്. ശിഷ്ടജീവിതം ഇവിടെ തന്നെയാകാമെന്ന് വിചാരിച്ചു. ഇവിടെ പരമസുഖം. ഞങ്ങൾക്ക് ഇവിടെ വിട്ട് മറ്റൊരിടവും പോകാനില്ല. അത്രമേൽ പ്രിയപ്പെട്ടതായി ഞങ്ങൾക്ക് ഈ സ്ഥലം''. [1]1973 ൽ വിരമിച്ച ശേഷമാണ് മനേക് ഷാ സ്ഥിരമായി ഊട്ടിയിലെത്തുന്നതും വീടു പണിയുന്നതും. റഷ്യൻ പട്ടാളത്തിലെ വരേണ്യവിഭാഗമായ 'സ്റ്റാവ്ക'യുടെ പേരാണ് അദ്ദേഹം വസതിക്ക് നൽകിയിരിക്കുന്നത്.

1973 ൽ വിരമിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഫീൽഡ് മാർഷലായി പ്രഖ്യാപിച്ചത്. മനേക് ഷായെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിക്കാൻ ഇന്ദിരാഗാന്ധിയ്ക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. എതിർപ്പുകൾ കാരണം നടന്നില്ല .ബ്രിട്ടീഷ് ഹൈക്കമ്മിഷണർ പദവി, ഗവർണർ പദവി തുടങ്ങിയവയൊക്കെ, വിരമിക്കുമ്പോൾ മനേക് ഷായെ തേടിവന്നുവെങ്കിലും അതെല്ലാം അദ്ദേഹം നിരസിച്ചു.[6]മനേക് ഷാ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും മാറിമാറിവന്ന സർക്കാരുകൾ ആദ്യ ഫീൽഡ് മാർഷലിനോട് നീതി പുലർത്തിയില്ലെന്ന പരാതി സേനയിലെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിരമിച്ച ശേഷമുള്ള 30 വർഷത്തെ ശമ്പളാനുകൂല്യങ്ങളുടെ കുടിശ്ശികയായ 1.3 കോടി രൂപയുടെ ചെക്ക് 2007 ൽ അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾകലാം നേരിട്ട് വെല്ലിങ്ടണിലെത്തി കൈമാറുമ്പോൾ മനേക് ഷാ ശയ്യാവലംബിയായിരുന്നു. ചെക്കിൽ പണമുണ്ടാകുമോ എന്ന് നർമം വിതറാനും മറക്കാത്ത അദ്ദേഹം പിറ്റേവർഷം മരിക്കുകയും ചെയ്തു.[6]

മരണംതിരുത്തുക

2008 ജൂൺ 27-ന്‌ മനേക്ഷാ തമിഴ്‌നാട്ടിലെ ഊട്ടി വെല്ലിങ്ടണിലെ മിലിട്ടറി ഹോസ്പിറ്റലിൽ 94-ാം വയസ്സിൽ മരണമടഞ്ഞത്. ന്യുമോണിയ ബാധിച്ച് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. [4] അദ്ദേഹവുമായുള്ള അനിഷ്ടം കാരണം ആകും ഒരു രാഷ്ട്രീയക്കാരനും അദ്ദേഹത്തിന്റെ ശവസംസ്കാരത്തിന് എത്തിയില്ല.[4] ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചില്ല. [4]ഊട്ടിയിലെ പാഴ്‌സി സെമിത്തേരിയിൽ മനേക് ഷാ അന്ത്യവിശ്രമം കൊള്ളുന്നു. 2001 ൽ മരിച്ച ഭാര്യയുടെ അന്ത്യനിദ്രാസ്ഥലത്തിനരികെ. ഇന്ത്യയുടെ പ്രശസ്തനായ ആ യോദ്ധാവിന്റെ പൂർണകായ പ്രതിമയുണ്ട് ഊട്ടി-കുനൂർ റോഡിലെ മനേക് ഷാ ബ്രിഡ്ജിന്റെ കവാടത്തിനരികെ.[6]

പാരമ്പര്യംതിരുത്തുക

 
മനേക്ഷാ പരേഡ് ഗ്രൗണ്ട്

1971-ൽ മനേക്ഷയുടെ നേതൃത്വത്തിൽ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 16-ന് വിജയ് ദിവസ് ആഘോഷിക്കുന്നു.[16] 2008 ഡിസംബർ 16-ന്, ഫീൽഡ് മാർഷലിന്റെ യൂണിഫോമിൽ മനേക്ഷയെ ചിത്രീകരിക്കുന്ന ഒരു തപാൽ സ്റ്റാമ്പ് അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ പുറത്തിറക്കി.ഡൽഹി കന്റോൺമെന്റിലെ മനേക്ഷാ സെന്റർ ഫീൽഡ് മാർഷലിന്റെ പേരിലാണ് അറിയപ്പെടുന്നത്.[16]ഇന്ത്യൻ ആർമിയുടെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ് 25 ഏക്കറോളം ഭൂപ്രകൃതിയുള്ള സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ അത്യാധുനിക കൺവെൻഷൻ സെന്റർ. 2010 ഒക്‌ടോബർ 21-ന് ഇന്ത്യൻ രാഷ്ട്രപതിയാണ് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ദ്വൈവാർഷിക ആർമി കമാൻഡർമാരുടെ സമ്മേളനം, കരസേനയുടെ നയം രൂപീകരിക്കുന്ന ഉന്നതതല സമ്മേളനം ഈ കേന്ദ്രത്തിൽ ആണ് നടക്കുന്നത്. ബാംഗ്ലൂരിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടും അദ്ദേഹത്തിന്റെ പേരിലാണ്. [16]എല്ലാ വർഷവും ഈ മൈതാനത്താണ് കർണാടകയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്നത്. അഹമ്മദാബാദിലെ ശിവരഞ്ജീനി പ്രദേശത്തുള്ള ഒരു മേൽപ്പാലത്തിന് 2008-ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പേരിട്ടു.[16] 2014-ൽ, അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നീലഗിരി ജില്ലയിലെ വെല്ലിംഗ്ടണിൽ ഊട്ടി-കൂനൂർ റോഡിലെ മനേക്ഷാ പാലത്തിന് സമീപം 2009-ൽ അദ്ദേഹത്തിന്റെ ഒരു കരിങ്കൽ പ്രതിമ സ്ഥാപിച്ചു. പൂനെ കന്റോൺമെന്റിലെ മെൻക്ജി മേത്ത റോഡിലും അദ്ദേഹത്തിന്റെ പ്രതിമയുണ്ട്.[16]

അവാർഡുകൾതിരുത്തുക

   
      
       
       
       
പത്മവിഭൂഷൺ(1972) പത്മഭൂഷൺ(1968)
ജനറൽ സർവീസ് മെഡൽ 1947 പൂർവി സ്റ്റാർ പശ്ചിമി സ്റ്റാർ രക്ഷാ മെഡൽ
സംഗ്രാം മെഡൽ സൈന്യ സേവാ മെഡൽ ഇന്ത്യൻ സ്വാതന്ത്ര്യ മെഡൽ 25-ാം സ്വാതന്ത്ര്യ വാർഷികം മെഡൽ
20 വർഷം നീണ്ട സേവന മെഡൽ 9 വർഷം നീണ്ട സേവന മെഡൽ മിലിറ്ററി ക്രോസ് 1939–45 സ്റ്റാർ
ബർമ്മ സ്റ്റാർ വാർ മെഡൽ 1939–1945 ഇന്ത്യ സർവീസ് മെഡൽ ബർമ്മ ഗാലൻട്രി മെഡൽ

റാങ്കിന്റെ തീയതികൾതിരുത്തുക

ചിഹ്നം റാങ്ക് ഘടകം റാങ്ക് തീയതി
  സെക്കൻഡ് ലെഫ്റ്റനന്റ് ബ്രിട്ടീഷ് ഇന്ത്യൻ ആർമി 1934 ഫെബ്രുവരി 4
  ലെഫ്റ്റനന്റ് ബ്രിട്ടീഷ് ഇന്ത്യൻ ആർമി 4 മെയ് 1936 [17]
  ക്യാപ്റ്റൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമി 1940 ജൂലൈ (ആക്ടിങ്)[18]
1 ഓഗസ്റ്റ് 1940 (താൽക്കാലികം)[18]
20 February 1941 (യുദ്ധം - സ്ഥിരമായി )[18]
4 February 1942 (സ്ഥിരമായ)[18]
  മേജർ ബ്രിട്ടീഷ് ഇന്ത്യൻ ആർമി 7 ഓഗസ്റ്റ് 1940 ((ആക്ടിങ്))[18]
20 ഫെബ്രുവരി 1941 (താൽക്കാലികം)[18]
4 ഫെബ്രുവരി 1947 (സ്ഥിരമായ)[19]
  ലെഫ്റ്റനന്റ് കേണൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമി 30 ഒക്ടോബർ 1944 (local)[18]
5 മെയ് 1946 (ആക്ടിങ്)[19]
  മേജർ ഇന്ത്യൻ ആർമി 15 ആഗസ്റ്റ് 1947[a]
  കേണൽ ഇന്ത്യൻ ആർമി 1948 (ആക്ടിങ്)[a][20]
  ബ്രിഗേഡിയർ ഇന്ത്യൻ ആർമി 1948 (ആക്ടിങ്)[a][20]
  ലെഫ്റ്റനന്റ് കേണൽ ഇന്ത്യൻ ആർമി 26 ജനുവരി 1950 (സ്ഥിരമായ; റീകമ്മീഷനിംഗും ചിഹ്നത്തിലെ മാറ്റവും)[21][22]
  കേണൽ ഇന്ത്യൻ ആർമി 4 ഫെബ്രുവരി 1952
  ബ്രിഗേഡിയർ ഇന്ത്യൻ ആർമി 26 ഫെബ്രുവരി 1950 (ആക്ടിങ്)
ഏപ്രിൽ 1954 (ആക്ടിങ്)
4 ഫെബ്രുവരി 1957 (സ്ഥിരമായ)
  മേജർ ജനറൽ ഇന്ത്യൻ ആർമി 20 ഡിസംബർ 1957 (ആക്ടിങ്)
1 മാർച്ച് 1959 (സ്ഥിരമായ)
  ലെഫ്റ്റനന്റ് ജനറൽ ഇന്ത്യൻ ആർമി 2 ഡിസംബർ 1962 (ആക്ടിങ്)
20 ജൂലൈ 1963 (സ്ഥിരമായ)
  ജനറൽ
(COAS)
ഇന്ത്യൻ ആർമി 8 ജൂൺ 1969[23]
  ഫീൽഡ് മാർഷൽ ഇന്ത്യൻ ആർമി 1 ജനുവരി 1973[24]

അവലംബംതിരുത്തുക

 1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 "യുദ്ധവും സമാധാനവും" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-08.
 2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 2.9 Singh, Harmeet (2020-10-26). "Field Marshal Sam Manekshaw : The no-nonsense and most remembered Indian soldier" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-08.
 3. 3.0 3.1 3.2 "ഏറ്റവും ധീരനായ സൈനികമേധാവി; ഇന്ന് സാം മനേക്‌ഷാ യുടെ ജന്മദിനം". ശേഖരിച്ചത് 2022-12-08.
 4. 4.0 4.1 4.2 4.3 4.4 4.5 Apr 3, TIMESOFINDIA COM /; 2018; Ist, 12:39. "Field Marshal Sam Manekshaw: 10 interesting facts | India News - Times of India" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-08.CS1 maint: numeric names: authors list (link)
 5. 5.0 5.1 5.2 5.3 5.4 "From the archives: Field Marshal Sam Manekshaw, the gentleman soldier" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-08.
 6. 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 6.11 "ബംഗ്ലാദേശിന്റെ പിറവിക്ക് പിന്നിലെ മനേക് ഷാ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-08.
 7. 7.0 7.1 contact@mbarendezvous.com. "MBA Rendezvous Presenting Motivational Story: Sam Manekshaw..." (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-08.
 8. Singh, Vijay Kumar (2005). Leadership in the Indian Army: Biographies of Twelve Soldiers. SAGE Publications. പുറം. 201. ISBN 978-0-7619-3322-9.
 9. Singh, Vijay Kumar (2005). Leadership in the Indian Army: Biographies of Twelve Soldiers. SAGE Publications. പുറം. 213. ISBN 978-0-7619-3322-9.
 10. Singh, Vijay Kumar (2005). Leadership in the Indian Army: Biographies of Twelve Soldiers. SAGE Publications. പുറം. 206. ISBN 978-0-7619-3322-9.
 11. Singh, Vijay Kumar (2005). Leadership in the Indian Army: Biographies of Twelve Soldiers. SAGE Publications. പുറം. 207. ISBN 978-0-7619-3322-9.
 12. 12.0 12.1 12.2 Singh, Vijay Kumar (2005). Leadership in the Indian Army: Biographies of Twelve Soldiers. 2005: SAGE Publications. പുറം. 208. ISBN 978-0-7619-3322-9.CS1 maint: location (link)
 13. "The World: India and Pakistan: Over the Edge". The World: India and Pakistan: Over the Edge. Time Magazine. 13 December 1971. ശേഖരിച്ചത് 08 ഡിസംബർ 2022. Check date values in: |access-date= (help)
 14. Singh, Vijay Kumar (2005). Leadership in the Indian Army: Biographies of Twelve Soldiers. SAGE Publications. പുറം. 209. ISBN 978-0-7619-3322-9.
 15. Daily, Keralakaumudi. "സി. ഡി. എസ് ആകാതെ പോയ മനേക് ഷാ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-08.
 16. 16.0 16.1 16.2 16.3 16.4 "Sam Manekshaw", Wikipedia (ഭാഷ: ഇംഗ്ലീഷ്), 2022-12-07, ശേഖരിച്ചത് 2022-12-08
 17. Indian Army 1938, പുറങ്ങൾ. 221E.
 18. 18.0 18.1 18.2 18.3 18.4 18.5 18.6 Indian Army 1945, പുറങ്ങൾ. 198–199.
 19. 19.0 19.1 Indian Army 1947, പുറങ്ങൾ. 198–199.
 20. 20.0 20.1 Panthaki & Panthaki 2016, പുറങ്ങൾ. 43–44.
 21. Panthaki & Panthaki 2016, പുറം. 38.
 22. "New Designs of Crests and Badges in the Services" (PDF). Press Information Bureau of India – Archive. മൂലതാളിൽ നിന്നും 8 August 2017-ന് ആർക്കൈവ് ചെയ്തത് (PDF).
 23. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 19 July 1969. പുറം. 664.
 24. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India-Extraordinary. 2 January 1973. പുറം. 1.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=സാം_മനേക്‌ഷാ&oldid=3826942" എന്ന താളിൽനിന്ന് ശേഖരിച്ചത്