മൊറാർജി ദേശായി

ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു

മൊറാർജി ദേശായി (ഫെബ്രുവരി 29, 1896 - ഏപ്രിൽ 10, 1995) ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു.[1] പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. (81-)മത്തെ വയസ്സിൽ). പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പരവൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി.

മൊറാർജി ദേശായി
6-ആമത്തെ പ്രധാനമന്ത്രി
ഓഫീസിൽ
24 മാർച്ച് 1977 – 15 ജൂലൈ 1979
രാഷ്ട്രപതിബാസപ്പ ദാനപ്പ ജട്ടി & നീലം സഞ്ജീവ റെഡ്ഡി
മുൻഗാമിഇന്ദിരാ ഗാന്ധി
പിൻഗാമിചരൺ സിംഗ്
സാമ്പത്തിക വകുപ്പു മന്ത്രി
ഓഫീസിൽ
21 ഓഗസ്റ്റ് 1967 – 26 ഓഗസ്റ്റ് 1970
മുൻഗാമിടി.ടി.കൃഷ്ണമാചാരി
പിൻഗാമിഇന്ദിരാ ഗാന്ധി
ഓഫീസിൽ
15 ഓഗസ്റ്റ് 1959 – 29 മെയ് 1964
മുൻഗാമിജവഹർലാൽ നെഹ്രു
പിൻഗാമിടി.ടി.കൃഷ്ണമാചാരി
വ്യക്തിഗത വിവരങ്ങൾ
ജനനം(1896-02-29)29 ഫെബ്രുവരി 1896
ഭാദെലി, ബോംബെ പ്രസിഡൻസി, ബ്രിട്ടീഷ് രാജ്
മരണംഏപ്രിൽ 10, 1995(1995-04-10) (പ്രായം 99)
ഡൽഹി, ഇന്ത്യ
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ് ( 1969 വരെ), കോൺഗ്രസ്സ്(O) (1969-1977), ജനതാ പാർട്ടി
ജോലിപൊതുജന സേവനം

മുൻപ് ബോംബെ പ്രസിഡൻസിയും ഇപ്പോൾ ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭാഗവുമായ ബൽസാർ ജില്ലയിലാണ് ദേശായി ജനിച്ചത്.[2] പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ വിൽസൺ കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സിവിൽ സർവ്വീസിൽ ചേർന്നു. 1927-1928 കാലത്തെ കലാപത്തിൽ ഹൈന്ദവ സമുദായത്തോട് ആഭിമുഖ്യം കാണിച്ചതിന്റെ പേരിൽ ഗോധ്ര ജില്ലയിലെ കളക്ടർ സ്ഥാനം രാജിവെക്കേണ്ടി വന്നു.[3] കോൺഗ്രസ്സിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.[4]

1963 ൽ കോൺഗ്രസ്സിൽ കാമരാജ് പദ്ധതി നടപ്പിലാക്കിയപ്പോൾ ദേശായി കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു.[5] 1967 ൽ ഇന്ദിരാ ഗാന്ധി സർക്കാരിൽ സാമ്പത്തിക വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായിരുന്നു. 1969 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ ഔദ്യോഗിക വിഭാഗത്തിന്റെ കൂടെ നിന്നു. പിന്നീട് ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ ചേർന്നു. 1975 ലെ അടിയന്തരാവസ്ഥകാലത്ത് ജയിലിലടക്കപ്പെട്ടു. 1977 ലെ പൊതു തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഐക്യകണ്ഠേന പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[6]

ആദ്യകാലം

തിരുത്തുക

മൊറാർജി ദേശായി ഗുജറാത്തിലെ ബദേലി എന്ന സ്ഥലത്ത് 1896-ൽ ജനിച്ചു. സൗരാഷ്ട്രയിലുള്ള ഒരു വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മുംബൈ വിൽസൺ കോളേജിൽ നിന്നും സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം സിവിൽ സർവീസിൽ പ്രവേശിച്ചു.[7] 1927-1928 കാലഘട്ടത്തിൽ നടന്ന കലാപത്തിൽ ഹൈന്ദവ വിഭാഗത്തിനോട് മൃദുസമീപനം കാണിച്ചു എന്ന പേരിൽ കുറ്റാരോപിതനായി, പിറകെ അദ്ദേഹം സിവിൽ സർവീസിൽ നിന്നും രാജിവെച്ചു.[8] ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ദേശായി 1930-ലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഒരുപാടുനാളുകൾ മൊറാർജി ജയിലിൽ കഴിച്ചുകൂട്ടി. തന്റെ നേതൃത്വഗുണം കൊണ്ടും തളരാത്ത ആത്മവിശ്വാസം കൊണ്ടും അദ്ദേഹം സ്വാതന്ത്ര്യസമരസേനാനികൾക്കിടയിൽ പ്രിയങ്കരനായിരുന്നു. ഗുജറാത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1934-ലെയും 1937-ലെയും പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബ്രിട്ടീഷ് ഭരണകാലത്തെ ബോംബെ പ്രസിഡൻസി യിൽ റവന്യൂ മന്ത്രിയും ആഭ്യന്തരമന്ത്രിയും ആയി സേവനമനുഷ്ഠിച്ചു.[9]

സ്വാതന്ത്ര്യത്തിനു ശേഷം

തിരുത്തുക

സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുൻപ് അദ്ദേഹം ബോംബെ യുടെ ആഭ്യന്തരമന്ത്രിയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം 1952-ൽ ബോംബെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മറാഠി ഭാഷയും, ഗുജറാത്തി ഭാഷയും സംസാരിക്കുന്ന ജനങ്ങൾ തിങ്ങിപ്പാർത്ത ബോംബെ സംസ്ഥാനത്ത് ഇരു വിഭാഗങ്ങളും ഭാഷാടിസ്ഥാനത്തിൽ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടു. ഒരു ശക്തനായ നേതാവായി അറിയപ്പെട്ട മൊറാർജി ചിലപ്പോഴൊക്കെ അധികാരത്തിന്റെ മുഷ്കും അസാധാരണമായ പ്രവർത്തികളും കാണിക്കാറുണ്ടായിരുന്നു. സംയുക്ത മഹാരാഷ്ട്ര സമിതിയുടെ ഒരു സമാധാനപരമായ ജാഥയ്ക്കുനേരെ മൊറാർജിയുടെ ഉത്തരവനുസരിച്ച് പോലീസ് വെടിവെച്ചു. ഈ വെടിവെയ്പ്പിൽ 105 നിരപരാധികൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ രൂപവത്കരണത്തിന് ഈ സംഭവം ഹേതുവായി. ആഭ്യന്തരമന്ത്രി എന്ന നിലയിൽ മൊറാർജി സിനിമകളിലും എല്ലാ വിധ രംഗാവതരണങ്ങളിലും ചുംബനരംഗങ്ങൾ നിരോധിച്ചു. ഒരു അടിയുറച്ച ഗാന്ധിയനായിരുന്നുവെങ്കിലും മൊറാർജി സാമുദായികമായി യാഥാസ്ഥിതികനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നവനും തുറന്ന വാണിജ്യ വ്യവസ്ഥയ്ക്കുവേണ്ടി നിലകൊള്ളുന്നവനുമായിരുന്നു. ഈ നിലപാടുകൾ നെഹ്രുവിന്റെ‍‍ സോഷ്യലിസ്റ്റ് ചിന്താഗതികൾക്കു കടകവിരുദ്ധമായിരുന്നു.

കോൺഗ്രസ് നേതൃനിരയിൽ മൊറാർജി പലപ്പോഴും നെഹറുവിന്റെ എതിരാളിയായി കണക്കാക്കപ്പെട്ടു. നെഹറുവിനെ പ്രായാധിക്യവും അവശതകളും അലട്ടിയപ്പോൾ മൊറാർജിക്ക് നെഹറുവിനുശേഷം പ്രധാനമന്ത്രിപദം ലഭിക്കുമെന്ന് പലരും വിശ്വസിച്ചിരുന്നു. എങ്കിലും നെഹറുവിന്റെ മരണത്തിനുശേഷം (1964) നെഹറുവിന്റെ പക്ഷത്തുനിലകൊണ്ട ലാൽ ബഹാദൂർ ശാസ്ത്രിക്ക് പ്രധാനമന്ത്രിപദം ലഭിച്ചു.[10] അന്ന് മൊറാർജി ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധം പ്രകടിപ്പിച്ചില്ല. എങ്കിലും ശാസ്ത്രിയുടെ മരണത്തിനു ശേഷം (1966) അദ്ദേഹം പ്രധാനമന്ത്രിപദത്തിനു വേണ്ടി തീവ്രമായി ശ്രമിക്കുകയും ഇന്ദിരയുമായി രാജ്യത്തിന്റെ ഭാവി ഭാഗധേയത്തിനുവേണ്ടി ഒരു തുറന്ന പോരാട്ടം നടത്തുകയും ചെയ്തു. 351 വോട്ടുകൾ ലഭിച്ച ഇന്ദിര 169 വോട്ടുകൾ ലഭിച്ച മൊറാർജിയെ തോല്പിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയായി.[11][12]

1969-ലെ പിളർപ്പ്

തിരുത്തുക

ഇതിനുശേഷം ആദ്യം മൊറാർജി ഇന്ദിര മന്ത്രിസഭയിൽ നിന്ന് വിട്ടുനിന്നു. ഭരണരംഗത്ത് പുതുമുഖവും ചെറുപ്പവുമായ ഇന്ദിരയുടെ കീഴിൽ രാജ്യം ഒരു മോശമായ വിളവെടുപ്പ്, രൂപയുടെ മൂല്യശോഷണം, രാജ്യത്തെ ജനങ്ങളുടെ ഭരണകൂടത്തോടുള്ള അകൽച്ച തുടങ്ങി പല പ്രതിസന്ധികളും നേരിട്ടു. മൊറാർജിയുടെ പ്രാധാന്യം ഇതോടെ വളരെ വർദ്ധിക്കുകയും അദ്ദേഹം 1967-ൽ മന്ത്രിസഭയിലേക്ക് തിരിച്ചുവരികയും ചെയ്തു. അദ്ദേഹം ആഭ്യന്തര പദവി ആവശ്യപ്പെട്ടെങ്കിലും ഉപ പ്രധാനമന്ത്രി എന്ന പദവിയും ധനമന്ത്രി സ്ഥാനവും കൊണ്ട് തൃപ്തിപ്പെട്ടു. 71 വയസ്സായ കടുപ്പക്കാരനായ മൊറാർജ്ജിയും 50 വയസ്സായ അദ്ദേഹത്തിന്റെ വനിതാ നേതാവും തമ്മിലുള്ള ബന്ധം അടിക്കടി വഷളായി. മൊറാർജ്ജി പലപ്പോഴും ഇന്ദിരയെക്കുറിച്ച് ‘ആ പെൺകുട്ടി’ എന്നു വിശേഷിപ്പിച്ച് സംസാരിച്ചു. ബാങ്കുകളുടെ ദേശസാത്കരണം നടക്കുന്ന സമയത്ത്, ദേശായിയോട് ചോദിക്കുകപോലും ചെയ്യാതെ ഇന്ദിരാ ഗാന്ധി അദ്ദേഹത്തിൽ നിന്നും സാമ്പത്തിക വകുപ്പിന്റെ അധികാരം എടുത്തുമാറ്റി. ഇതിൽ അതൃപ്തനായ ദേശായി മന്ത്രിസഭയിൽ നിന്നും രാജിവെച്ചു.[13]

1969-ൽ ഇന്ദിരയും കൂട്ടാളികളും കോൺഗ്രസ് പാർട്ടിയിൽ പിളർപ്പുണ്ടാക്കി കോൺഗ്രസ് (ആർ) രൂ‍പീകരിച്ചു. ഇത് പിന്നീട് കോൺഗ്രസ് ഐ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ദേശായിയും കോൺഗ്രസ് നേതൃത്വവും കോൺഗ്രസ് (ഒ‌‌) എന്നറിയപ്പെട്ടു. 1971-ൽ പാകിസ്താൻ യുദ്ധത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ യുദ്ധകാല നേതാവ് എന്നരീതിയിൽ പ്രശസ്തി ലഭിച്ച ഇന്ദിരയോട് കോൺഗ്രസ് (ഒ) ദയനീയമായി പരാജയപ്പെട്ടു. സ്വാതന്ത്ര്യസമര പശ്ചാത്തലമുള്ള ഒരുകൂട്ടം വൃദ്ധന്മാരുടെ തലവനായി മൊറാർജി പ്രതിപക്ഷനേതാവായി തുടർന്നു.

ജനതാ പാർട്ടി

തിരുത്തുക

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കോടതി 1974-ൽ തിരഞ്ഞെടുപ്പു കേസിൽ കുറ്റക്കാരിയായി വിധിച്ചപ്പോൾ മൊറാർജി ദേശായി ജയപ്രകാശ് നാരായണനോടു ചേർന്ന് ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.[14] രാജ്യമൊട്ടാകെ അഴിമതിയിലുള്ള ജനങ്ങളുടെ മടുപ്പും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ഈ ആവശ്യത്തോടു ചേർത്ത് പ്രതിപക്ഷ സഖ്യം രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ചു. ഇന്ദിര 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മൊറാർജി ദേശായിയെയും ജയപ്രകാശ് നാരായണനെയും അസംഖ്യം പ്രതിപക്ഷ നേതാക്കളെയും അറസ്റ്റുചെയ്ത് ജയിലിൽ അടക്കുകയും ചെയ്തു.[15] നെഹറുവിന്റെ മകൾ ഒരു സ്വാതന്ത്ര്യസമര സേനാനിയെ സിവിൽ-നിസ്സഹകരണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് ചരിത്രത്തിന്റെ വിരോധാഭാസമായിരുന്നു.

ഇന്ദിര 1977-ൽ തിരഞ്ഞെടുപ്പിന് ആവശ്യപ്പെട്ടപ്പോൾ മിക്കവാറും എല്ലാ പ്രതിപക്ഷ പാർട്ടികളും യോജിച്ച് ജനതാ സഖ്യം രൂപവത്കരിച്ചു. ജനതാ സഖ്യം പാർലമെന്റിൽ 356 സീറ്റുകൾ നേടി തിരഞ്ഞെടുപ്പിൽ വിജയിച്ചു.[16] ജയപ്രകാശ് നാരായണൻ മൊറാർജി ദേശായിയെ ഈ സഖ്യം നിലനിറുത്താൻ കഴിവുള്ള ഏറ്റവും നല്ലയാൾ എന്നു വിശേഷിപ്പിച്ചു. മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[17] 81 വയസ്സായിരുന്നെങ്കിലും അദ്ദേഹം രോഗവിമുക്തനും വളരെ ആരോഗ്യവാനും ഊർജ്ജസ്വലനുമായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഉപപ്രധാനമന്ത്രിയാണ് അദ്ദേഹം. ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയും അദ്ദേഹം തന്നെ. അതേസമയം, തന്റെ ജന്മദിനമായ ഫെബ്രുവരി 29നെ മുൻനിർത്തി തനിക്ക് 20 വയസ്സേ ആയിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു!

പ്രധാനമന്ത്രി

തിരുത്തുക

പരസ്പരം യോജിച്ചുപോവാത്ത ഒരു സഖ്യത്തിന്റെ സർക്കാരിനെയായിരുന്നു മൊറാർജി ദേശായി നയിച്ചത്. വിവാദങ്ങളും പടലപിണക്കങ്ങളും കാരണം സർക്കാരിന് അധികമൊന്നും പ്രവർത്തിക്കാനായില്ല. സഖ്യത്തിന്റെ നേതൃസ്ഥാനത്ത് ഒരു പ്രത്യേക പാർട്ടിയും ഇല്ലാതിരുന്ന അവസ്ഥയിൽ വിരുദ്ധചേരികൾ മൊറാർജി ദേശായിയെ പ്രധാ‍നമന്ത്രി പദത്തിൽ നിന്ന് താഴെയിറക്കുവാൻ മത്സരിച്ചു. ഇന്ദിരാഗാന്ധിയുൾപ്പെടെ പ്രശസ്ത കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കേസുകൾ സർക്കാരിന്റെ ഒരു നല്ല സമയം അപഹരിച്ചു. മൊറാർജി ദേശായി പാകിസ്താനുമായുള്ള ബന്ധം നന്നാക്കുകയും ചൈനയുമായി നയതന്ത്രബന്ധം ഉലച്ചിൽ തട്ടാതെ നോക്കുകയും ചെയ്തു. പക്ഷേ സഖ്യകക്ഷികൾ തമ്മിലുള്ള തുടർച്ചയായ വഴക്കുകൾ കാരണം പ്രധാനപ്പെട്ട പ്രമേയങ്ങളൊന്നും അവതരിപ്പിച്ച് വിജയിപ്പിക്കുവാനായില്ല. ഇന്ദിരയ്ക്ക് എതിരായ കേസുകൾ നിരാലംബയായ ഒരു സ്ത്രീക്കെതിരെ ഒരു സർക്കാർ മുഴുവനും പ്രവർത്തിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു.[18] ജനങ്ങൾ ഇതോടെ സർക്കാരിൽ നിന്ന് അകന്നുതുടങ്ങി. മൊറാർജി ദേശായിയുടെ പുത്രന്റെ പേരിൽ അഴിമതി, പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ കൈകടത്തൽ, സർക്കാ‍ർ സംവിധാങ്ങളുടെ ദുരുപയോഗം എന്നീ ആരോപണങ്ങൾ ചാർത്തപ്പെട്ടു.[19]

പാകിസ്താനുമായുള്ള ബന്ധം ഊഷ്മളമാക്കിയത് മൊറാർജി ദേശായിയാണ്. അദ്ദേഹവും സിയാ ഉൾ ഹഖും തമ്മിൽ നല്ല സൗഹൃദം നിലനിന്നിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധം അദ്ദേഹം കൂടുതൽ മെച്ചപ്പെടുത്തി. ഇന്ത്യൻ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിച്ചു എന്നതാണ്. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയിൽ കൊണ്ടുവന്ന പല മാറ്റങ്ങളും അദ്ദേഹം നീക്കം ചെയ്തു. പിൽക്കാലത്ത് ഏതെങ്കിലും സർക്കാരിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് അദ്ദേഹം ദുഷ്കരമാക്കി.

1979-ൽ ചരൺ സിംഗ് തന്റെ ബി.എൽ.ഡി. പാർട്ടിയെ ജനതാ സഖ്യത്തിൽ നിന്നും പിൻ‌വലിച്ച് സർക്കാരിനുള്ള ഭൂരിപക്ഷം ഇല്ലാതാക്കി.[20] മൊറാർജി ദേശായി ഇതിനെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. അന്ന് അദ്ദേഹത്തിന് 83 വയസ്സായിരുന്നു. 1980 ലെ പൊതുതിരഞ്ഞെടുപ്പിൽ ജനതാപാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയെങ്കിലും ദേശായി മത്സരരംഗത്തുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം ബോംബെയിൽ താമസിച്ചു. 1995 ഏപ്രിൽ 10ന് 99 ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.[21] മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ അഹമ്മദാബാദിലെ അഭയ് ഘട്ട് ശ്മശാനത്തിൽ സംസ്കരിച്ചു. അവസാന കാലത്ത് അദ്ദേഹത്തിന് പല ബഹുമതികളും സമ്മാനിക്കപ്പെടുകയും ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രശസ്തനായ സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ അദ്ദേഹം ഒരുപാട് ബഹുമാനിക്കപ്പെടുകയും ചെയ്തു.

  1. "ഇന്ത്യയിലെ മുൻ പ്രധാനമന്ത്രിമാർ". ഭാരതസർക്കാർ. Retrieved 05-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  2. മൊറാർജി ദേശായി - ദ മാൻ ആന്റ് ഹിസ് ഐഡിയാസ്. ആൻമോൾ പബ്ലിക്കേഷൻസ്. 1993. ISBN 978-8170414940.
  3. അജയ്, ഉമാത് (10-ജൂൺ-2013). "ക്യാൻ നരേന്ദ്ര മോഡി ഫോളോ ദേശായി ഫുട് സ്റ്റെപ്സ്". ഇക്കണോമിക് ടൈംസ്. {{cite news}}: Check date values in: |date= (help)
  4. "ഇന്ത്യയിലെ മുൻ പ്രധാനമന്ത്രിമാർ". ഭാരതസർക്കാർ. Retrieved 05-ജൂലൈ-2013. മൊറാർജി ദേശായി {{cite web}}: Check date values in: |accessdate= (help)
  5. ശങ്കർ, ഘോഷ്. ജവഹർലാൽ നെഹ്രു - എ ബയോഗ്രഫി. അലൈഡ് പബ്ലിഷേഴ്സ്. p. 317. ISBN 978-8170233695.
  6. "ഇന്ത്യയിലെ മുൻ പ്രധാനമന്ത്രിമാർ". ഭാരതസർക്കാർ. Retrieved 05-ജൂലൈ-2013. മൊറാർജി ദേശായി {{cite web}}: Check date values in: |accessdate= (help)
  7. "ഒബിച്വറ - മൊറാർജി ദേശായി". ദ ഇൻഡിപെൻഡൻസ് ദിനപത്രം. 11-ഏപ്രിൽ-1995. {{cite news}}: Check date values in: |date= (help)
  8. അജയ്, ഉമാത് (10-ജൂൺ-2013). "ക്യാൻ നരേന്ദ്ര മോഡി ഫോളോ ദേശായി ഫുട് സ്റ്റെപ്സ്". ഇക്കണോമിക് ടൈംസ്. ദേശായി കുറ്റാരോപിതനായി, സിവിൽ സർവീസിൽ നിന്നും രാജിവെച്ചു {{cite news}}: Check date values in: |date= (help)
  9. "ഇന്ത്യയിലെ മുൻ പ്രധാനമന്ത്രിമാർ - മൊറാർജി ദേശായി". ഭാരതസർക്കാർ. Retrieved 05-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  10. ശങ്കർ, ഘോഷ്. ജവഹർലാൽ നെഹ്രു - എ ബയോഗ്രഫി. അലൈഡ് പബ്ലിഷേഴ്സ്. p. 316. ISBN 978-8170233695.
  11. "ഇന്ദിരാ ഗാന്ധി ടേക്സ് ചാർജ് ഇൻ ഇന്ത്യ". ബി.ബി.സി. 19-ജനുവരി. {{cite news}}: Check date values in: |date= (help)
  12. ശങ്കർ, ഘോഷ്. ജവഹർലാൽ നെഹ്രു - എ ബയോഗ്രഫി. അലൈഡ് പബ്ലിഷേഴ്സ്. p. 317. ISBN 978-8170233695.
  13. ജെ., വെങ്കിടേശ്വരൻ (07-ഫെബ്രുവരി-2000). "ഇന്ദിരാ ഗാന്ധി വേഴ്സസ് മൊറാർജി ദേശായി - ദ റിയൽ റീസൺ ഫോർ ബാങ്ക് നാഷണലൈസേഷൻ". ദ ഹിന്ദു ബിസിനസ് ലൈൻ. {{cite news}}: Check date values in: |date= (help)
  14. "ഇന്ദിരാ ഗാന്ധി കൺവിക്ടഡ് ഫോർ ഇലക്ഷൻ ഫ്രോഡ്". ദ ഹിസ്റ്ററി.കോം. 12-ജൂൺ-1975. {{cite news}}: Check date values in: |date= (help)
  15. ആർ.വി, ചന്ദ്രമൗലി (24-ജൂൺ-2005). "ഇറ്റ് വാസ് ദ ഡാർക്കസ്റ്റ് പിരീഡ് ഓഫ് ഇന്ത്യൻ ഡെമോക്രസി - എ ബ്ലോട്ട്". റിഡിഫ്.കോം. {{cite news}}: Check date values in: |date= (help)
  16. "1977 ലെ പൊതു തിരഞ്ഞെടുപ്പ് ഫലം" (PDF). കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ - ഭാരത സർക്കാർ. Archived from the original (PDF) on 2014-07-18. Retrieved 06-ജൂലൈ-2013. {{cite web}}: Check date values in: |accessdate= (help)
  17. "ദ റൈസ് ഓഫ് ഇന്ദിരാ ഗാന്ധി". ലൈബ്രറി ഓഫ് കോൺഗ്രസ്സ് - അമേരിക്ക. Retrieved 06-ജൂലൈ-2013. {{cite news}}: Check date values in: |accessdate= (help)
  18. മീന, അഗർവാൾ (2004). ഇന്ദിരാ ഗാന്ധി. ഡയമണ്ട് പോക്കറ്റ് ബുക്സ്. p. 55-57. ISBN 978-8128809019.
  19. "ഇറ്റ് പേയ്സ് ടു ബി എ പൊളിറ്റീഷ്യൻസ് സൺ". ഹിന്ദുസ്ഥാൻ ടൈംസ്. Archived from the original on 2013-01-01. Retrieved 06-ജൂലൈ-2013. {{cite news}}: Check date values in: |accessdate= (help)
  20. വീർ, സംഘ്വി (07-ഡിസംബർ-1998). "കോൺഗ്രസ്സ് മസ്റ്റ് ഡ്രോ ഇൻസ്പിറേഷൻ ഫ്രം നെഹ്രു അച്ചീവ്മെന്റ്". റീഡിഫ്ഓൺനെറ്റ്. {{cite news}}: Check date values in: |date= (help)
  21. സഞ്ജോയ്, ഹസാരിക (11-ഏപ്രിൽ-1995). "മൊറാർജി ദേശായി ഡൈസ് അറ്റ് 99". ന്യൂയോർക്ക് ടൈംസ്. {{cite news}}: Check date values in: |date= (help)
പദവികൾ
മുൻഗാമി സാമ്പത്തികവകുപ്പ് മന്ത്രി
1958–1963
പിൻഗാമി
മുൻഗാമി ഉപപ്രധാനമന്ത്രി
1967–1969
പിൻഗാമി
പിൻഗാമി
മുൻഗാമി സാമ്പത്തികവകുപ്പ് മന്ത്രി
1967–1969
പിൻഗാമി
മുൻഗാമി പ്രധാനമന്ത്രി
1977–1979
പിൻഗാമി
ആസൂത്രണ കമ്മീഷൻ - ചെയർപേഴ്സൺ
1977–1979
മുൻഗാമി ആഭ്യന്തരവകുപ്പു മന്ത്രി
1978–1979
പിൻഗാമി
മുൻഗാമി ബോംബെ സംസ്ഥാന മുഖ്യമന്ത്രി
1952-1957
പിൻഗാമി


"https://ml.wikipedia.org/w/index.php?title=മൊറാർജി_ദേശായി&oldid=3656372" എന്ന താളിൽനിന്ന് ശേഖരിച്ചത്