ഫക്രുദ്ദീൻ അലി അഹമ്മദ്

(ഫക്രുദ്ദീൻ അലി അഹമ്മദ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1974 മുതൽ 1977 വരെ ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതിയായിരുന്ന അസാമിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു ഫക്രുദ്ദീൻ അലി അഹമ്മദ്.(1905-1977) ഇന്ത്യയുടെ രാഷ്ട്രപതിയായ രണ്ടാമത്തെ ഇസ്ലാം മത-വിശ്വാസിയും പദവിയിലിരിക്കുമ്പോൾ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതിയുമാണ്.[1][2][3]

ഫക്രുദ്ദീൻ അലി അഹമ്മദ്
ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതി
ഓഫീസിൽ
24.08.1974 - 11.02.1977
പിൻഗാമിബി.ഡി.ജട്ടി
മുൻഗാമിവി.വി.ഗിരി
വ്യക്തിഗത വിവരങ്ങൾ
ജനനം1905 മെയ് 13
ഡൽഹി
മരണംഫെബ്രുവരി 11, 1977(1977-02-11) (പ്രായം 71)
ഡൽഹി
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിആബിദ ബീഗം
കുട്ടികൾ3
As of 20 നവംബർ, 2022
ഉറവിടം: രാഷ്ട്രപതിയുടെ ഔദ്യോഗിക വെബ്സൈറ്റ്

ജീവിതരേഖ

തിരുത്തുക

1905 മെയ് 13ന് പുരാതന ഡൽഹി നഗരത്തിൽ ഡോ.സൽനൂർ അലി അഹമ്മദിൻ്റെയും റുഖിയയുടേയും മകനായി ജനനം. ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ നിന്ന് ഇന്ത്യൻ പ്രസിഡൻറാകുന്ന ആദ്യത്തെയാളാണ് ഫക്രുദ്ദീൻ അലി അഹമ്മദ്. ഉത്തർ പ്രദേശിലെ ഗോണ്ട, ഡൽഹി, പഞ്ചാബ് സർവകലാശാല, കേംബ്രിഡ്ജ്, ഇന്നർ ടെമ്പിൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി പഞ്ചാബ് ഹൈക്കോടതിയിൽ അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ചു.

1925-ൽ ജവഹർലാൽ നെഹ്റുവിനെ പരിചയപ്പെട്ട ഫക്രുദ്ദീനെ നെഹ്റുവിൻ്റെ പുരോഗമന ചിന്താഗതി ആഴത്തിൽ സ്വാധീനിച്ചു. തുടർന്ന് 1931-ൽ കോൺഗ്രസിൽ പ്രാഥമിക അംഗത്വമെടുത്ത് ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചു. 1940-ൽ ഒരു വർഷത്തെ തടവുശിക്ഷ അനുഭവിച്ച ഫക്രുദ്ദീൻ 1942-ലെ ക്വിറ്റിന്ത്യ സമരകാലത്ത് അറസ്റ്റിലായി മൂന്നര വർഷം ജയിലിൽ കഴിഞ്ഞു.

1938-ൽ അവിഭക്ത ആസാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഗോപിനാഥ് ബർദ്ദലോയിയുടെ മന്ത്രിസഭയിലെ ധനകാര്യ-തൊഴിൽ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സ്ഥാനമേറ്റു. ഇന്ത്യയിലാദ്യമായി കാർഷികാദായ നികുതി ഏർപ്പെടുത്തി. 1946-ൽ അസമിലെ അഡ്വക്കേറ്റ് ജനറലായി. 1954 മുതൽ 1957 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ച ഫക്രുദ്ദീൻ 1957-ൽ ഐക്യ രാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യൻ പ്രതിനിധിയായി.

1967-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇന്ദിര ഗാന്ധി മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായി. 1970 മുതൽ 1974 വരെ ഇന്ദിര ഗാന്ധി മന്ത്രിസഭയിലെ ഭക്ഷ്യ-കൃഷി വകുപ്പ് മന്ത്രിയായിരിക്കെ ഗോതമ്പ് വിതരണം ദേശസാത്കരിച്ചു.

1974-ൽ ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജേന്ദ്രപ്രസാദിനു ശേഷം ഉപ-രാഷ്ട്രപതിയാകാതെ നേരിട്ട് രാഷ്ട്രപതി പദവിയിലെത്തിയ രണ്ടാമത്തെയാളാണ് ഫക്രുദ്ദീൻ അലി അഹമ്മദ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ത്രിദേവ് ചൗധരിയായിരുന്നു മുഖ്യ എതിരാളി.

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുമായി എക്കാലവും മികച്ച ബന്ധം കാത്തു സൂക്ഷിച്ച ഫക്രുദ്ദീൻ 1975-ൽ ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്[4] ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി, നിർഭാഗ്യവാനായ രാഷ്ട്രപതി എന്നും അറിയപ്പെടുന്നു.

1972-ൽ ഇന്ത്യൻ റിപ്പബ്ലിക് സ്വതന്ത്ര്യത്തിൻ്റെ രജത-ജൂബിലി (25 വർഷം) ആഘോഷിച്ചപ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദായിരുന്നു.

ഒരു കായിക താരം കൂടിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് അസം ഫുട്ബോൾ അസോസിയേഷൻ, അസം ക്രിക്കറ്റ് അസോ. എന്നിവയുടെ പ്രസിഡൻ്റായിരുന്നു. അസം സ്പോർട്ട്സ് കൗൺസിൽ വൈസ്-പ്രസിഡൻറായും പ്രവർത്തിച്ചു.[5]

പ്രധാന പദവികളിൽ

 • 1931 : കോൺഗ്രസിൽ ചേർന്നു
 • 1936 : വർക്കിംഗ് പ്രസിഡൻറ്, അസാം പി.സി.സി
 • 1937-1946 : നിയമസഭാംഗം, അസാം, കംരൂപ് (നോർത്ത്)
 • 1946-1947 : എ.ഐ.സി.സി, പ്രവർത്തക സമിതി അംഗം
 • 1954-1957 : രാജ്യസഭാംഗം, അസാം (1)
 • 1964-1974 : കോൺഗ്രസ്, പാർലമെൻ്ററി ബോർഡ് അംഗം
 • 1966-1967 : രാജ്യസഭാംഗം, അസാം (2)
 • 1967-1974 : ലോക്സഭാംഗം, ബാർപ്പെട്ട (2)
 • 1974-1977 : ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതി

ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതി പദവിയിലിരിക്കവെ 1977 ഫെബ്രുവരി പതിനൊന്നിന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാർലമെൻറ് മന്ദിരത്തിനടുത്തുള്ള ഡൽഹി ജുമാ-മസ്ജിദിൻ്റെ പൂന്തോട്ടത്തിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്.[6]

 1. https://cnewslive.com/news/32323/fakhruddin-ali-ahmed-the-president-of-india-has-declared-a-state-of-emergency-eb
 2. https://rashtrapatisachivalaya.gov.in/composition-of-delegation-of-the-former-presidentvisit/23
 3. https://www.manoramanews.com/news/india/2022/07/21/Video-story-about-Fakruddinaliahmed-.html
 4. https://malayalam.indiatoday.in/keralam/story/emergency-year-turns-46-dark-memories-284072-2021-06-25
 5. https://ml.rankfiles.com/2020/03/blog-post.html?m=1
 6. https://newsthen.com/2022/06/27/70850.html
"https://ml.wikipedia.org/w/index.php?title=ഫക്രുദ്ദീൻ_അലി_അഹമ്മദ്&oldid=3821810" എന്ന താളിൽനിന്ന് ശേഖരിച്ചത്