അൾജീരിയ (അറബി: الجزائر, അൽ ജസ'യിർ IPA: [ɛlʤɛˈzɛːʔir], ബെർബെർ: , ലെഡ്സായെർ [ldzæjər]), ഔദ്യോഗിക നാമം: പീപ്പിൾസ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് അൾജീരിയ ആഫ്രിക്കൻ വൻ‌കരയിലെ ഏറ്റവും വലിയ രാജ്യമാണ്.[1]. വടക്കേ ആഫ്രിക്കയിലെ സ്വതന്ത്ര പരമാധികാര രാജ്യമാണ്‌ അൾജീറിയ. ദ്വീപ്‌ എന്നർത്ഥമുള്ള അറബി വാക്കിൽ നിന്നാണ്‌ അൾജീറിയ എന്ന പേരു ലഭിച്ചത്‌. ഭരണഘടനാപരമായി അൾജീറിയ ഒരു അറബി, ഇസ്ലാമിക രാജ്യമാണ്. അൾജീരിയയുടെ അയൽ രാജ്യങ്ങൾ ടുണീഷ്യ (വടക്കുകിഴക്ക്), ലിബിയ (കിഴക്ക്), നീഷർ (തെക്കുകിഴക്ക്), മാലി, മൗറിത്താനിയ (തെക്കുവടക്ക്), മൊറോക്കോ, പശ്ചിമ സഹാറയുടെ ഏതാനും കിലോമീറ്ററുകൾ (പടിഞ്ഞാറ്) എന്നിവയാണ്. ഭരണഘടനാപരമായി അൾജീരിയ ഒരു ഇസ്ലാമിക്ക് അറബ്, അമാസിഘ് (ബെർബെർ) രാജ്യമാണ്. [2] അൾജീരിയ ആഫ്രിക്കൻ യൂണിയൻ, ഒപെക് (പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന) എന്നിവയുടെ അംഗമാണ്.

പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അൾജീരിയ

الجمهورية الجزائرية الديمقراطية الشعبية
Al-Jumhūrīyah al-Jazā’irīyah
ad-Dīmuqrāṭīyah ash-Sha’bīyah
Flag of അൾജീരിയ
Flag
എംബ്ലം of അൾജീരിയ
എംബ്ലം
ദേശീയ മുദ്രാവാക്യം:  من الشعب و للشعب   (അറബിക്)
"ജനങ്ങളിൽ നിന്ന്, ജനങ്ങൾക്കുവേണ്ടി"
ദേശീയ ഗാനം: കസ്സമാൻ  (അറബിക്)
ദ് പ്ലെഡ്ജ്
Location of അൾജീരിയ
തലസ്ഥാനം
and largest city
അൾജിയേഴ്സ്
ഔദ്യോഗിക ഭാഷകൾപ്രധാന ഭാഷ:   അറബിക്ബെർബെർ
പൊതു ഭാഷ:  ഫ്രഞ്ച്1
നിവാസികളുടെ പേര്അൾജീരിയൻ
ഭരണസമ്പ്രദായംസെമി-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
അബ്ദെലസീസ് ബൌറ്റെഫ്ലിക
അബ്ദെലസീസ് ബെൽഖാടെം
ഭരണചരിത്രം
• സിയാനിഡ് രാജവംശം
1236 മുതൽ
• ഒട്ടോമാൻ ഭരണം
1516 മുതൽ
• ഫ്രെഞ്ച്  ഭരണം
1830 മുതൽ
• റിപ്പബ്ലിക്ക്
ജൂലൈ 5, 1962
•  ജലം (%)
വളരെ തുഛം
ജനസംഖ്യ
• 2007 estimate
33,190,000 (35-ആം)
• 1998 census
29,100,867
ജി.ഡി.പി. (PPP)2006 estimate
• ആകെ
$2534 കോടി (38-ആം)
• പ്രതിശീർഷം
$7,700 (88-ആം)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
$1020.26 കോടി (48-ആം)
• Per capita
$3,086 (84-ആം)
ജിനി (1995)35.3
medium
എച്ച്.ഡി.ഐ. (2004)Increase 0.728
Error: Invalid HDI value · 102-ആം
നാണയവ്യവസ്ഥഅൾജീരിയൻ ദിനാർ (DZD)
സമയമേഖലUTC+1 (സി.ഇ.റ്റി)
• Summer (DST)
not observed
കോളിംഗ് കോഡ്213
ഇൻ്റർനെറ്റ് ഡൊമൈൻ.dz
  1. കബ്യിൽ ഭാഷയും കബ്യിലിയയിൽ ഔദ്യോഗിക ഭാഷയാണ്, ഇതുപോലുള്ള മറ്റ് ബെർബെർ ഭാഷകളും "ദേശീയ ഭാഷകളായി അംഗീകരിച്ചിരിക്കുന്നു".

ഭൂമിശാസ്ത്രം തിരുത്തുക

ഭൂവിജ്ഞാനീയം തിരുത്തുക

ഭൂവിജ്ഞാനപരമായി സഹാറാമരുഭൂമി, അറ്റ്ലസ് പീഠപ്രദേശം എന്നിങ്ങനെ അൽജീരിയയെ രണ്ടായി വിഭജിക്കാം. ഭൗമായുസ്സിലെ പ്രാചീന യുഗങ്ങൾ മുതൽക്കേ കാര്യമായ പ്രതലവ്യതിയാനങ്ങൾക്കു വിധേയമാകാതെ തുടർന്നുപോന്ന ഉറച്ച ശിലാഘടനയാണ് സഹാറാപ്രദേശത്തിനുള്ളത്. പ്രീകാംബ്രിയൻ ശിലകളുടെ മേൽ പാലിയോസോയിക് യുഗത്തിലേതായ നിക്ഷേപങ്ങളും ക്രിട്ടേഷ്യസ് യുഗത്തിൽ സമുദ്രാതിക്രമണത്തിനു വിധേയമായതിലൂടെ രൂപംകൊണ്ടിട്ടുള്ള ചുണ്ണാമ്പുകല്ല് അട്ടികളുടെ നേരിയ ആവരണങ്ങളും അടങ്ങുന്നതാണ് ഈ പ്രദേശത്തെ ശിലാസംരചന. ഉത്തര അൽജീരിയ അറ്റ്ലസ് വലന പർവതന(folded mountain)ങ്ങളുടെ ഒരു ഭാഗമാണ്. ഭൂവിജ്ഞാനികളുടെ അഭിപ്രായത്തിൽ സഹാറ, റ്റിറേനിയ എന്നീ പുരാതന ഭൂഖണ്ഡങ്ങളുടെ ഞെരുങ്ങലിൽപ്പെട്ട് മടങ്ങി ഉയർന്നു പർവതങ്ങളായിത്തീർന്ന ഒരു ഭൂഅഭിനതിയാണ് അൽജീരിയ. ഈ പർവതന പ്രക്രിയയുടെ കാലം ടെർഷ്യറിയുഗമായി അനുമാനിക്കപ്പെടുന്നു. ചുണ്ണാമ്പുകല്ല്, മണൽക്കല്ല് തുടങ്ങിയവയുടെ ആധിക്യമുള്ള നൂതനശിലാക്രമങ്ങളാണ് ഈ പ്രദേശത്തുള്ളത്.

ഭൂപ്രകൃതി തിരുത്തുക

ഉത്തര അൽജീരിയയിൽ മെഡിറ്ററേനിയൻ തീരത്തിനു സമാന്തരമായും സഹാറയ്ക്ക് അരികിലായും രണ്ടു പർവതനിരകൾ കാണുന്നു. ഇവയ്ക്കിടയിലായി നിമ്നോന്നതഭാഗങ്ങൾ കുറഞ്ഞ ഒരു പീഠപ്രദേശവുമുണ്ട്. വടക്കേ അറ്റത്തെ പർവതനിരയുടെ ശാഖകളായ കുന്നുകൾ സമുദ്രതീരത്തോളം വിച്ഛിന്നമായി നീണ്ടു കാണുന്നു. അവയ്ക്കു പിറകിലായുള്ള മലനിര 'ടെൽ' എന്നു വിളിക്കപ്പെടുന്നു. സമുദ്രതീരത്ത് ഈ നിരകളുടെ ശരാശരി ഉയരം 450 മീ. ആണ്. എന്നാൽ ഉള്ളിലേക്കു പോകുന്തോറും അതു ഗണ്യമായി കൂടുന്നു. അൽജിയേഴ്സിനടുത്തുള്ള ജുർജുരായുടെ ഉയരം 2,308 മീ. ആണ്. ഈ മലനിരകൾക്കിടയ്ക്ക് ഫലഭൂയിഷ്ഠങ്ങളായ നിരവധി താഴ്വരകളുണ്ട്; ഇവ പൊതുവേ ക്രമരഹിതമായി കാണപ്പെടുന്നു. സമുദ്രതീരത്തുള്ള പർവതനിരകൾ മൊറോക്കോയുടെ കിഴക്കൻ ഭാഗം മുതൽ ട്യുണീഷ്യവരെ എത്തുന്നു. തെസ്സാല, ക്വാർസെനിസ് എന്നിവ ഈ മലനിരകളുടെ അൽജീരിയൻ ഭാഗങ്ങളാണ്.

 
Topographic map of Algeria

സമുദ്രതീര മലനിരകൾക്കും, തെ. സഹാറ-അറ്റ്ലസിനും മധ്യേ ഏതാണ്ട് സമനിരപ്പായുള്ള പീഠപ്രദേശമാണുള്ളത്. ശരാശരി 1,050 മീ. ഉയരത്തിലുള്ള ഈ പ്രദേശം സ്റ്റെപ് മാതൃകയിലുള്ള പുൽമേടുകളും, ഇടയ്ക്കിടെയുള്ള ചതുപ്പുകളും ഉൾക്കൊണ്ടു കാണുന്നു. ഗ്രീഷ്മകാലത്തു വരണ്ടുണങ്ങുന്ന ഈ ചതുപ്പുകൾ ശിശിരകാലത്തു ലവണജലതടാകങ്ങളായി രൂപാന്തരം പ്രാപിക്കുന്നു; 'ഷാട്ട്' (ചോട്ട്) എന്നാണ് ഇവ അറിയപ്പെടുന്നത്. സഹാറ-അറ്റ്ലസ് കി.പടിഞ്ഞാറായി രാജ്യത്തുടനീളമുള്ള ഉയർന്നമലനിരകളാണ്. ഉത്തര അൽജീരിയയുടെ കാലാവസ്ഥയിൽ തെക്കുള്ള സഹാറാമരുഭൂമിയുടെ പ്രഭാവം ഇല്ലാതാക്കുന്നത് ഈ പർവതങ്ങളാണ്. തെ പ-വ. കി. ആയി സ്ഥിതിചെയ്യുന്ന ഇവയുടെ ഉയരം ക്രമേണ കുറഞ്ഞ് വടക്കുള്ള പീഠപ്രദേശത്ത് ലയിക്കുന്നു.

കാലാവസ്ഥ തിരുത്തുക

മെഡിറ്ററേനിയൻ സമുദ്രത്തിനും വിസ്തൃതമായ സഹാറാമരുഭൂമിക്കും ഇടയ്ക്കുള്ള സ്ഥാനം കാലാവസ്ഥയിൽ ഋതുവ്യവസ്ഥകൾക്കു കൂടുതൽ സ്വാധീനത കൈവരുത്തുന്നു. ശൈത്യകാലത്താണ് മഴ ലഭിക്കുന്നത്; പശ്ചിമവാതങ്ങളുടെ പ്രഭാവം മൂലമുള്ള ചുഴലിമഴ (cyclonic rain) ഇവിടെ സാധാരണമാണ്. ഗ്രീഷ്മകാലത്തു വ.കിഴക്കുനിന്നെത്തുന്ന ശുഷ്കമായ ഉഷ്ണക്കാറ്റുകളുടെ പ്രഭാവം മൂലം പൊതുവേ വരൾച്ച അനുഭവപ്പെടുന്നു. മൊത്തത്തിൽ ആർദ്രവും തണുത്തതുമായ ശൈത്യകാലവും വരണ്ടു ചൂടു കൂടിയ വേനൽക്കാലവുമാണുള്ളത്. എല്ലാ മാസങ്ങളിലും സൂര്യപ്രകാശം വേണ്ടുവോളം ലഭിക്കുന്നു. തീരപ്രദേശങ്ങളിൽ കടൽക്കാറ്റുകളുടെ ഫലമായി കാലാവസ്ഥ ഏറെക്കുറെ സമീകൃതമാണ്. രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങൾ അത്യുഷ്ണവും മഴക്കുറവും അനുഭവപ്പെടുന്ന മരുപ്രദേശങ്ങളാണ്.

സസ്യജാലം തിരുത്തുക

വടക്കേ അൽജീരിയയിൽ മെഡിറ്ററേനിയൻ കാലാവസ്ഥയ്ക്കിണങ്ങുന്ന സസ്യജാലമാണുള്ളത്. സഹാറ- അറ്റ്ലസ് വരെയുള്ള പ്രദേശങ്ങൾ സസ്യസമൃദ്ധമാണ്; അൽജീരിയയിൽ മാത്രം കണ്ടുവരുന്ന മുന്നൂറോളമിനം ചെടികളുണ്ട്. തെക്കൻ ഭാഗങ്ങളിലേക്കു ചെല്ലുന്തോറും മഴക്കുറവു മൂലം സസ്യങ്ങളുടെ വിതരണം ക്രമേണ കുറഞ്ഞുവരുന്നു.

മെഡിറ്ററേനിയൻ പ്രദേശത്ത് നിത്യഹരിതവൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ് സാർവത്രികമായുള്ളത്; താഴ്വാരങ്ങളിലും കടൽത്തീരത്തുള്ള കുന്നുകളിലും ഒലീവ് വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. ഉയർന്ന പ്രദേശങ്ങളിൽ ആലെപ്പോ, പൈൻ, കോർക്ക്, ഓക്, സെഡാർ, തൂജ തുടങ്ങിയ വൃക്ഷങ്ങളാണ് ധാരാളമായുള്ളത്. കുന്നിൻചരിവുകളും താഴ്വാരങ്ങളും പടർപ്പുകൾ മൂടി കാണപ്പെടുന്നു. തെക്കോട്ടു പോകുന്തോറും സ്റ്റെപ് മാതൃകയിലുള്ള സസ്യജാലമാണുള്ളത്; ഉയരം കുറഞ്ഞ പുൽവർഗങ്ങളും കുറ്റിച്ചെടികളും അങ്ങിങ്ങായി ജലസമൃദ്ധമായ സ്ഥലങ്ങളിൽ ജൂണിപെർ വൃക്ഷക്കൂട്ടങ്ങളും കാണാം. സഹാറാപ്രദേശം സസ്യരഹിതമായ മണൽപ്പുറങ്ങളാണ്; അങ്ങിങ്ങായി മരൂരുഹങ്ങളും വളരുന്നു.

ജന്തുവർഗങ്ങൾ തിരുത്തുക

മെഡിറ്ററേനിയൻ കാലാവസ്ഥയാണെങ്കിൽ പോലും ആന, സിംഹം തുടങ്ങിയ വന്യമൃഗങ്ങൾ കാണാനില്ല. ഇവ നാമാവശേഷമായിയെന്നു കരുതാം. കാട്ടുപന്നി, കുറുനരി തുടങ്ങിയവയും മാൻവർഗങ്ങളുമാണ് ഇപ്പോഴുള്ള വന്യമൃഗങ്ങൾ. പിതിക്കസ് ഇനുവസ് (pithecus innuus) എന്ന പ്രത്യേകയിനം കുരങ്ങുകളെയും അൽജീരിയയിൽ കാണാം. കഴുകൻ, പരുന്ത്, ഒട്ടകപ്പക്ഷി തുടങ്ങിയ പക്ഷികളും സമൃദ്ധമായി ഉണ്ട്. മരുപ്രദേശങ്ങളിൽ കൊമ്പുള്ള അണലികളും തേൾവർഗങ്ങളും ധാരാളമാണ്.

ജനങ്ങളും ജീവിതരീതിയും തിരുത്തുക

അൽജീരിയയിലെ പ്രാചീനനിവാസികൾ ബെർബർവർഗക്കാരായിരുന്നു. അറബികളുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ അൽജീരിയയിൽ അറബിസംസ്കാരവും ഇസ്ലാം വിശ്വാസവും വ്യാപിക്കുന്നതിനു സഹായകമായി. എന്നാൽ അറബികൾ ഈ പ്രദേശത്തു സ്ഥിരമായി പാർപ്പുറപ്പിക്കുകയോ സങ്കരവർഗങ്ങൾ ഉടലെടുക്കുന്നതിനു സാഹചര്യം സൃഷ്ടിക്കുകയോ ചെയ്തില്ല. ഉയർന്ന പ്രദേശങ്ങളിൽ സ്ഥിരമായി പാർപ്പുറപ്പിച്ചു കാർഷികവൃത്തിയിലേർപ്പെട്ടിരുന്ന ബെർബർ വർഗക്കാർ തനതായ സംസ്കാരം അഭിവൃദ്ധിപ്പെടുത്തുന്നതിൽ പ്രത്യേകം തത്പരരായിരുന്നു. അറബികൾ സാധാരണയായി കൂടാരങ്ങൾ നിർമിച്ചു പാർത്തുപോന്ന സാർഥവാഹന്മാരായിരുന്നു. ഫ്രഞ്ച് ആധിപത്യകാലത്തും മുസ്ലിങ്ങളുടെ സംഖ്യ ഗണ്യമായി വർധിച്ചു. യൂറോപ്യരും ഇസ്ലാമികേതര സമുദായങ്ങളും തലസ്ഥാനമായ അൽജിയേഴ്സിലും തെക്കൻ പ്രവിശ്യകളിലുമാണു പാർപ്പുറപ്പിച്ചിട്ടുള്ളത്. യൂറോപ്യരിൽ ഭൂരിപക്ഷവും ഫ്രഞ്ചുകാരാണ്; സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇവരുടെ സംഖ്യ ഗണ്യമായി കുറഞ്ഞിരിക്കുന്നു. യൂറോപ്യരിൽ ഭൂരിഭാഗവും കത്തോലിക്കരാണ്. ജനപ്പെരുപ്പം അൽജീരിയയുടെ വികസനത്തെ സാരമായി ബാധിക്കുന്നു.

പ്രധാന ഭാഷ അറബിയാണ്. പ്രാക്തനഭാഷകളിൽ ഇന്നും പ്രചാരത്തിലുള്ളത് ബെർബർ ആണ്. താരെഗ് വർഗക്കാരാണ് ഈ ഭാഷ സംസാരിക്കുന്നത്. കബീലിയാ പ്രദേശത്തും ആറെസ് മലവാരങ്ങളിലും ഇതിനു പ്രചാരമുണ്ട്.

സമ്പദ്ഘടന തിരുത്തുക

കൃഷി തിരുത്തുക

അൽജീരിയയുടെ ഭൂരിഭാഗവും കൃഷിയോഗ്യമല്ല. എന്നാൽ മെഡിറ്ററേനിയൻ തീരത്തെ ഫലഭൂയിഷ്ഠമായ താഴ്വാരങ്ങളിൽ ശാസ്ത്രീയ കൃഷി സമ്പ്രദായത്തിലൂടെ മികച്ച വിളവ് ലഭിക്കുന്നു. മലഞ്ചരിവുകളും കുന്നിൻപുറങ്ങളും മേച്ചിൽസ്ഥലങ്ങളോ, നിയന്ത്രിത വനങ്ങളോ ആയി ഉപയോഗിക്കപ്പെടുന്നു. ഈ പ്രദേശങ്ങളിൽ കൃഷി താരതമ്യേന കുറവാണ്. ഗോതമ്പ്, ബാർലി, ഓട്സ് എന്നീ ധാന്യങ്ങളാണ് പ്രധാനവിളകൾ. മെഡിറ്ററേനിയൻ തീരത്തുള്ള ഒറാൻ ഡിപ്പാർട്ടുമെന്റിൽ മുന്തിരിക്കൃഷി ധാരാളമായി നടക്കുന്നു. ഒലീവ് മരങ്ങളും, നാരകം, ആപ്രിക്കോട്ട്, ബദാം തുടങ്ങിയ ഫലവൃക്ഷങ്ങളും സമൃദ്ധമാണ്. സമുദ്രതീരഭാഗങ്ങളിൽ ശിശിരകാലം കാഠിന്യം കുറഞ്ഞ് അനുഭവപ്പെടുന്നതിനാൽ പച്ചക്കറിക്കൃഷി സാമാന്യമായി നടക്കുന്നു. കോൺസ്റ്റന്റയിൻ ഡിപ്പാർട്ടുമെന്റിൽ പുകയിലക്കൃഷി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ജലസേചനസൗകര്യങ്ങളും പദ്ധതികളും താരതമ്യേന വിരളമാണ്. സഹാറാപ്രദേശത്ത് ഈന്തപ്പന കൃഷി ചെയ്യുന്നു.

പീഠപ്രദേശത്തും അറ്റ്ലസ് പർവതത്തിന്റെ കടൽത്തീരനിരകളിലും ആടുവളർത്തൽ വികസിച്ചിട്ടുണ്ട്. ആടുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന സഞ്ചാരികളായ ഇടയൻമാരിൽ അധികവും മുസ്ലിങ്ങളാണ്.

വനവിഭവങ്ങൾ തിരുത്തുക

കോർക്ക് ആണ് ഏറ്റവും വിലപ്പെട്ട വനവിഭവം. ടെലിഗ്രാഫ് തൂണുകൾക്കും റെയിൽപ്പാളങ്ങളിലെ സ്ളീപ്പറുകൾക്കും ഉപയോഗപ്പെടുന്ന പൈൻ വർഗത്തിൽപ്പെട്ട ആലെപ്പോ മരം അറ്റ്ലസിന്റെ കിഴക്കൻ പകുതിയിൽ സുലഭമാണ്. ഓക്, സെഡാർ തുടങ്ങിയ വൃക്ഷങ്ങളും ഗണ്യമായി വളരുന്നു.

ധാതുക്കൾ തിരുത്തുക

പെട്രോളിയമാണ് അൽജീരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ധാതുദ്രവ്യം. സഹാറാപ്രദേശത്തിന്റെ വടക്കരികിലും രാജ്യത്തിന്റെ കിഴക്കൻ പകുതിയിൽപ്പെട്ട ഹാസി-മസൂദ്, എഡ്ജ്ലെ തുടങ്ങിയ പ്രദേശങ്ങളിലും ധാതുഎണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സമൃദ്ധ നിക്ഷേപങ്ങളുണ്ട്. അൽജീരിയയിൽ എണ്ണ ഉത്പാദനം ഗണ്യമായി നടന്നുവരുന്നു. എണ്ണഖനികളെ കുഴൽമാർഗ്ഗം ബോഗ്, ആർസ്യൂ തുടങ്ങിയ നഗരങ്ങളുമായി ബന്ധിച്ചിട്ടുണ്ട്. ട്യുണീഷ്യയിലെ ആസ്, സുഖൈരാ തുടങ്ങിയ നഗരങ്ങളിലേക്കും പൈപ്പ് ലൈൻ ഘടിപ്പിച്ചിരിക്കുന്നു. എണ്ണനഗരങ്ങളായ ഹാസി-മസൂദ്, ഹാസി ആമെൻ എന്നിവിടങ്ങളിൽനിന്ന് ഒറാൻ, ആർസ്യൂ എന്നിവിടങ്ങളിലൂടെ അൽജിയേഴ്സിലേക്കു പോകുന്ന ഒരു പൈപ്പ്ലൈൻ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. വൈദ്യുതി ഉത്പാദനവും ഗണ്യമായി വികസിച്ചിട്ടുണ്ട്.

ഇരുമ്പ്, നാകം, ഈയം എന്നിവയാണ് സാമ്പത്തികപ്രാധാന്യമുള്ള ഇതരധാതുക്കൾ; പരിമിതമായ തോതിൽ കൽക്കരിയും ലഭിക്കുന്നു.

മത്സ്യബന്ധനം തിരുത്തുക

മെഡിറ്ററേനിയൻ തീരത്ത് മത്സ്യബന്ധനം വിപുലമായി നടന്നുവരുന്നു; മത്തി, ആൻകോവിയസ്, ടണ്ണി, കവചമത്സ്യം തുടങ്ങിയവയാണു കൂടുതലായി ലഭിക്കുന്നത്.

വ്യവസായം തിരുത്തുക

രണ്ടാം ലോകയുദ്ധക്കാലത്താണ് യന്ത്രവത്കൃതവ്യവസായങ്ങൾ അൽജീരിയയിൽ ആരംഭിച്ചത്; എന്നാൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെയും മൂലധനത്തിന്റെയും കുറവുമൂലം വ്യാവസായിക പുരോഗതി മന്ദീഭവിക്കുകയുണ്ടായി. ദേശസാത്കരണ നയം വിദേശ മൂലധനത്തെ ആകർഷിക്കാതിരുന്നതും ഇതിനു കാരണമായി ഭവിച്ചു. രാജ്യത്തെ ഇറക്കുമതിയിൽ ഭൂരിഭാഗവും യന്ത്രോത്പാദിത വസ്തുക്കളായിത്തീർന്നു.

കാനിംഗ്, മദ്യനിർമ്മാണം, ഗവ്യവ്യവസായം, എണ്ണ ശുദ്ധീകരണം തുടങ്ങിയവയും പുകയില സാധനങ്ങൾ, തുകൽ വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ നിർമ്മാണവുമാണ് അൽജീരിയയിലെ പ്രധാന വ്യവസായങ്ങൾ, രാസവളം, തീപ്പെട്ടി, കൊഴുപ്പ്, കടലാസ്, കണ്ണാടി, വാസ്തുദ്രവ്യങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും വാർത്താവിനിമയോപകരണങ്ങളുടെ ഉത്പാദനവും വികസിച്ചുവരുന്നു. കുടിൽവ്യവസായങ്ങളിൽ പ്രധാനം പരവതാനി, തുകൽ സാധനങ്ങൾ എന്നിവയുടെ നിർമ്മാണമാണ്. അന്നാബയിലെ ഇരുമ്പുരുക്കു നിർമ്മാണശാലയാണ് യന്ത്രവത്കൃതവ്യവസായങ്ങളിൽ ഏറ്റവും മുഖ്യം.

വാണിജ്യം തിരുത്തുക

ഫ്രാൻസാണ് മുഖ്യ വാണിജ്യ പങ്കാളി. തീരുവനിരക്കുകളിലെ അയവാണ് ഇതിനു കാരണം. യന്ത്രോത്പാദിത വസ്തുക്കളും, പഞ്ചസാര, ഭക്ഷ്യഎണ്ണ, ഗവ്യപദാർഥങ്ങൾ തുടങ്ങിയവയുമാണ് മുഖ്യമായ ഇറക്കുമതികൾ. കയറ്റുമതിയിൽ പെട്രോളിയം, വീഞ്ഞ്, ഫലവർഗങ്ങൾ എന്നിവയ്ക്കാണ് പ്രാമുഖ്യമുള്ളത്.

ഫ്രഞ്ചുനാണയമായ ഫ്രാങ്കുമായി ഏതാണ്ട് തുല്യവിലയുള്ള ദീനാർ ആണ് വിനിമയ മാധ്യമം.

ഗതാഗതം തിരുത്തുക

റോഡുഗതാഗതം വിപുലപ്പെട്ടിട്ടുണ്ട്. സഹാറാപ്രദേശത്തിനു കുറുകെപ്പോലും മോട്ടോർ ഗതാഗതത്തിനുപയുക്തമായ പാതകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മൊറോക്കോ മുതൽ ട്യുണീഷ്യവരെ ചെന്നെത്തുന്ന മുഖ്യ റെയിൽപ്പാതയുടെ ശാഖകൾ എല്ലാ പ്രധാനതുറമുഖങ്ങളിലേക്കും നീളുന്നതിനു പുറമേ, തെക്കരികിലെ ക്രാംപെൽ, കെനാദ്സാ തുടങ്ങിയ നഗരങ്ങളോളവും ദീർഘിച്ചിട്ടുണ്ട്. തലസ്ഥാനമായ അൽജിയേഴ്സാണ് പ്രധാന തുറമുഖം. ധാതുദ്രവ്യങ്ങളുടെ വിപണനംമൂലം അന്നാബയുടെ പ്രാധാന്യവും വർധിച്ചിട്ടുണ്ട്.

ചരിത്രം തിരുത്തുക

'അൽ ജെസയർ' (ദ്വീപുകൾ) എന്ന അറബിവാക്കുകളിൽനിന്നാണ് അൽജീരിയ എന്ന വാക്കിന്റെ നിഷ്പത്തി. ഈ പ്രദേശത്ത് മൂന്നു ലക്ഷം വർഷങ്ങൾക്കു മുൻപുതന്നെ ജനവാസമുണ്ടായിരുന്നുവെന്നുള്ളതിന്റെ ലക്ഷ്യങ്ങൾ പുരാവസ്തുഗവേഷകർക്കു ലഭിച്ചിട്ടുണ്ട്. പ്രാചീന കാലത്ത് മൊറോക്കോ, അൽജീരിയ, ട്യുണീഷ്യ എന്നീ ആധുനിക രാഷ്ട്രങ്ങളുൾപ്പെടുന്ന പ്രദേശങ്ങൾ മഗ്രിബ്, ബെർബറി എന്നീ പേരുകളിലറിയപ്പെട്ടുവന്നു. ആധുനിക അൽജീരിയ ഉൾപ്പെട്ട പ്രദേശത്തിന് നുമീഡിയ എന്നും പേരുണ്ടായിരുന്നു. വ. മെഡിറ്ററേനിയൻ കടലും തെ. മരുഭൂമിയുമായിരുന്നു മഗ്രിബിന്റെ അതിർത്തികൾ.

ഫിനീഷ്യർ തിരുത്തുക

എ.ഡി. ഏഴാം നൂറ്റാണ്ടിൽ മുസ്ലിങ്ങൾ ഉത്തരാഫ്രിക്കയിൽ എത്തുന്നതു വരെയുള്ള അൽജീരിയൻ ചരിത്രം, ഈ പ്രദേശങ്ങൾ ആക്രമിക്കുകയും അവിടെ അധിനിവേശം നടത്തുകയും ചെയ്ത ജനവർഗങ്ങളിൽപ്പെട്ടവരുടെ വിവരണങ്ങളിൽനിന്നാണ് ലഭിച്ചിട്ടുള്ളത്. ഇവിടത്തെ ആദിവാസികൾ ബെർബർ വർഗക്കാരാണ്; ആദ്യം കുടിയേറിപ്പാർത്ത വിദേശീയർ ഫിനീഷ്യരും. ബി.സി. ഏഴാം ശതകത്തിൽ ഫിനീഷ്യർ ഈ ഭൂഭാഗങ്ങളിൽ അവരുടെ കോളനികൾ സ്ഥാപിച്ചു. കാർത്തേജ് ആയിരുന്നു അവരുടെ മുഖ്യകേന്ദ്രം. നുമീഡിയയിൽ ബി.സി. മൂന്നാം ശ.-ത്തിൽ കാർത്തേജുകാരുടെ സുഹൃത്തായ സിഫാക്സ് എന്ന രാജാവും റോമാക്കാരുടെ അനുകൂലിയായ മാസിനിസ്സാ എന്ന മറ്റൊരു രാജാവും പ്രബലൻമാരായുണ്ടായിരുന്നു. രണ്ടാം പ്യൂണിക് യുദ്ധത്തിനു (ബി.സി. 218-201) ശേഷം മാസിനിസ്സാ നുമീഡിയ മുഴുവനും തന്റെ ആധിപത്യത്തിൻ കീഴിലാക്കി. മൂന്നാം പ്യൂണിക് യുദ്ധത്തിന്റെ അന്ത്യത്തോടെ (ബി.സി. 146) കാർത്തേജ് നിശ്ശേഷം നശിച്ചു.

റോമാക്കാർ തിരുത്തുക

കാർത്തേജിന്റെ പതനത്തോടുകൂടി അൽജീരിയ (ബെർബറി പ്രദേശം) റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. അന്നും റോമാക്കാരുടെ ആധിപത്യത്തിനെതിരായ സമരങ്ങൾ ബെർബറി പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരുന്നു. ജുഗുർത്ത എന്ന നേതാവ് റോമൻ ഭരണത്തിനെതിരായി ഒളിപ്പോർ പോരാട്ടം സംഘടിപ്പിച്ചിരുന്നു. ജുഗുർത്തയെ റോമാക്കാർ തോല്പിച്ച് അൽജീരിയയെ റോമാസാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കി. റോമൻ ആധിപത്യകാലത്ത് പല പ്രദേശങ്ങളിലും കോട്ടകൾ പണികഴിപ്പിച്ച് അവർ രാജ്യത്തിന്റെ സുരക്ഷിതത്വം കൈവരുത്തി. റോമൻ അധിനിവേശത്തിന്റെ പല അവശിഷ്ടങ്ങളും അവിടെക്കാണാം.

എ.ഡി. 429 മുതൽ ഒരു നൂറ്റാണ്ടുകാലം വാൻഡൽ വർഗക്കാർ ബെർബറി പ്രദേശത്ത് അധീശത്വം സ്ഥാപിച്ചു. റോമൻ സംസ്കാരം ഉൾക്കൊണ്ട തദ്ദേശീയരും വാൻഡൽ വർഗക്കാരും നിരന്തരം സംഘട്ടനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതു വിദേശീയാക്രമണത്തിനു വഴിതെളിയിച്ചു. എ.ഡി. 533-ൽ ബൈസാന്തിയൻ പട്ടാളമേധാവിയായ ബെലിസാറിയസ് വാൻഡലുകളെ തോല്പിച്ച ശേഷം ബെർബറിയുടെ കിഴക്കുഭാഗത്ത് അധികാരം ഉറപ്പിച്ചു. ഈ പ്രദേശങ്ങളിലെല്ലാം അക്കാലത്ത് ക്രിസ്തുമതം സാമാന്യമായി പ്രചരിച്ചിരുന്നു.

മുസ്ലിങ്ങൾ തിരുത്തുക

7-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ മുസ്ലിങ്ങൾ ഈജിപ്തിൽനിന്നും ബെർബറിയിലേക്കു കടന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടു കാലംകൊണ്ട് ഈ പ്രദേശത്തെ ജനങ്ങൾ ഇസ്ലാം മതസ്ഥരായി. ഉമയാദ് ഖലീഫമാരുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ബെർബറി. എന്നാൽ എ.ഡി. 742-ഓടുകൂടി ദമാസ്കസിന്റെ കേന്ദ്രഭരണത്തിൽനിന്നു സ്വതന്ത്രമായ അനേകം രാജ്യങ്ങൾ അൽജീരിയൻ പ്രദേശങ്ങളിൽ രൂപംകൊണ്ടു. താഹർത്ത് കേന്ദ്രമാക്കി റോസ്തമീഡുകളും ഖൈറുവാൻ തലസ്ഥാനമാക്കി അഖ്ലാബിദുകളും ഭരണം നടത്തി. ഖബായിലു(വിവിധ ബെർബർ ഗോത്രങ്ങൾ)കളുടെ സഹായത്തോടെ ഷിയാ വിഭാഗത്തിൽപ്പെട്ട ഫാത്തിമിദുകളും തുടർന്ന് 11-ാം ശ.-ത്തിന്റെ ഉത്തരാർധം വരെ ഫാത്തിമിദുകളുടെ ശത്രുക്കളായിരുന്ന സെനാത്താ ബെർബറുകളും പടിഞ്ഞാറൻ അൽജീരിയയിൽ ശക്തി പ്രാപിച്ചു. അനന്തരം ഈ ഭൂവിഭാഗങ്ങളെല്ലാം അൽമൊറാവിദുകളുടെ സാമ്രാജ്യവിഭാഗമായി. 11-ാം ശ.-ത്തിന്റെ മധ്യകാലത്ത് അറബിഗോത്രങ്ങൾ അൽജീരിയയിൽ ആക്രമണങ്ങൾ നടത്തി; ബദൂയിൻ അറബികളുടെ ആക്രമണം അൽജീരിയയിൽ വലിയ സാമൂഹിക സാമ്പത്തിക പരിവർത്തനങ്ങൾക്കു വഴിതെളിച്ചു. അറബിഭാഷ ഇവിടെ പ്രചരിച്ചതാണ് മറ്റൊരു പ്രധാന ഫലം. അൽമൊറാവിദുകൾക്കു (അൽമുറബിദുകൾ) ശേഷം അൽമൊഹാദുകൾ (അൽമുവഹിദുകൾ) അൽജീരിയയിൽ ശക്തന്മാരായി. 13-ാം ശതാബ്ദത്തിൽ അൽമൊഹാദുകളുടെ ഭരണവും അസ്മതിച്ചു. ഈ സാമ്രാജ്യങ്ങളുടെ തിരോധാനത്തോടെ ബെർബറിയിൽ മൂന്നു സ്വതന്ത്ര ഭരണകൂടങ്ങൾ രൂപം പ്രാപിച്ചു; (1) ഫെസിലെ മാരിനിദുകൾ; (2) ടെലിംസനിലെ അബ്ദുൽവദീദുകൾ; (3) ട്യൂണിസിലെ ഹാഫ്സിദുകൾ. അൽമൊഹാദുകളുടെ ഭരണകാലത്ത് അറബി സംസ്കാരം അൽജീരിയയിലുടനീളം പ്രചരിച്ചു. വിദ്യാഭ്യാസകേന്ദ്രങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിതമായി. ടെലിംസൻ, ബൂഗി, കോൺസ്റ്റന്റിൻ, ടൂണിസ് എന്നിവിടങ്ങളിൽ സ്ഥാപിതമായിരുന്ന സർവകലാശാലകളിൽ യൂറോപ്യൻമാരുൾപ്പെടെ അനേകം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസം നടത്തിയിരുന്നു.

തുർക്കികൾ തിരുത്തുക

യൂറോപ്പിലെ അറബിസാമ്രാജ്യത്തിന്റെ അധഃപതനത്തോടു (1942) കൂടി അൽജീരിയയിലെ പല സ്ഥലങ്ങളും സ്പെയിൻകാർ കീഴടക്കി. അബ്ദുൽ വദീദ് സുൽത്താൻ സ്പെയിൻകാരുടെ ആധിപത്യം അംഗീകരിച്ചു. അൽജീരിയയിലെ മുസ്ലിങ്ങളുടെ അഭ്യർഥനയനുസരിച്ച് ഒട്ടോമൻ തുർക്കികൾ 1518-ൽ സുശക്തമായ ഒരു സേനയെ അൽജീരിയയിലേക്കയച്ചു. തുടർന്നുണ്ടായ സംഭവപരമ്പരകളുടെ ഫലമായി അൽജീരിയ തുർക്കി സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. തുർക്കിയുടെ ആധിപത്യത്തിൻകീഴിലായ അൽജീരിയയെ 'ബേ' എന്ന ഉദ്യോഗസ്ഥനാണ് യഥാർഥത്തിൽ ഭരിച്ചിരുന്നത്. ബേയും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റ് ഉദ്യോഗസ്ഥന്മാരും (ഖായിദ്) കൂടി അൽജീരിയയിൽ സ്വതന്ത്രഭരണം നടത്തിയിരുന്നതിനാൽ കേന്ദ്രഗവൺമെന്റിന്റെ ആധിപത്യം നാമമാത്രമായിരുന്നു.

ഫ്രഞ്ചുകാർ തിരുത്തുക

ഫ്രഞ്ചുകോൺസലും അൽജീരിയയിലെ ഭരണാധികാരിയായിരുന്ന ഹുസ്സൈനും തമ്മിൽ അതിപ്രധാന കാര്യങ്ങൾക്കായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടയിൽ നടന്ന വാഗ്വാദം ബലപ്രയോഗത്തിൽ കലാശിക്കുകയും ഫ്രഞ്ചു കോൺസലിനോട് അപമര്യാദയായി പെരുമാറിയതിനു തക്ക ശിക്ഷ നല്കാൻ ഫ്രഞ്ചുകാർ തീരുമാനിക്കുകയും ചെയ്തു. 1830 ജൂൺ 14-നു ഒരു ഫ്രഞ്ചു നാവികസേന അൽജീരിയയിൽ എത്തി; യുദ്ധത്തിൽ അൽജീരിയ പരാജയപ്പെട്ടു. അൽജീരിയയുടെ അധിപന്മാരായിത്തീർന്ന ഫ്രഞ്ചുകാർ തങ്ങളുടെ ഭരണാധികാരം തീരപ്രദേശങ്ങളിൽനിന്നു ക്രമേണ ഉൾനാടുകളിലേക്കു വ്യാപിപ്പിച്ചു. എങ്കിലും ഫ്രഞ്ചുകാർക്ക് കടുത്ത എതിർപ്പുകൾ അഭിമുഖീകരിക്കേണ്ടിവന്നു; ദേശീയ നേതാവായി ഉയർന്ന അബ്ദുൽ ഖാദർ ഈ വിദേശ ഭരണമേധാവിത്വത്തിനെതിരായ സമരത്തിന്റെ ഒരു സമുന്നത നേതാവായിരുന്നു. 1839 ന. 18-നു ഇദ്ദേഹം ഫ്രഞ്ചുകാർക്കെതിരായ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചു. അൽജീരിയ പൂർണമായും ഫ്രഞ്ച് ആധിപത്യത്തിൻകീഴിലാക്കാനുള്ള ശ്രമം 1840-ൽ ഫ്രഞ്ചുകാർ ആരംഭിച്ചു. അബ്ദുൽ ഖാദറിന്റെ സേനയ്ക്കെതിരായ യുദ്ധം ആരംഭിക്കുകയും പല പ്രദേശങ്ങളും ഫ്രഞ്ചുസേന കീഴടക്കുകയും ചെയ്തു. മൊറോക്കോയിലെ സുൽത്താൻ അബ്ദുൽ ഖാദറിനെ സഹായിച്ചപ്പോൾ ഫ്രഞ്ചുകാർ മൊറോക്കോയിലെ പല പട്ടണങ്ങളും ആക്രമിച്ചു. 1847 ഡി. 23-ന് അബ്ദുൽ ഖാദർ കീഴടങ്ങിയതോടെ ഫ്രഞ്ചുകാരുടെ ഭരണമേധാവിത്വം അൽജീരിയയിൽ ഉറച്ചു.

1830 മുതല്ക്കുള്ള ഭരണംകൊണ്ട് യൂറോപ്യൻ പക്ഷപാതികളായ ഒരു വിഭാഗം അൽജീരിയക്കാരെ വാർത്തെടുക്കാൻ ഫ്രഞ്ചുകാർക്കു സാധിച്ചു. ഇവരിൽ സ്പെയിൻകാർ, ഇറ്റലിക്കാർ, മാൾട്ടാക്കാർ, യഹൂദന്മാർ എന്നിവർ ഉൾപ്പെടും. അൽജീരിയക്കാരായ മുസ്ലിം ജനവിഭാഗങ്ങൾക്കു രണ്ടാം സ്ഥാനം മാത്രമേ സ്വദേശത്തു ലഭിച്ചിരുന്നുള്ളു. അൽജീരിയയിൽ ഫ്രഞ്ചുകാർക്കെതിരായ സമരങ്ങൾ നിരന്തരം തുടർന്നു. മുഹമ്മദ് അൽ മൊഖ്റാതിയുടെ നേതൃത്വത്തിൽ നടന്ന വിപ്ളവം (1871) ഫ്രഞ്ചുകാർ അടിച്ചമർത്തി. ഫ്രഞ്ചുഭരണകാലത്ത് വളരെയധികം യൂറോപ്യൻമാർ, പ്രത്യേകിച്ച് ഫ്രഞ്ചുകാർ, അൽജീരിയയിൽ കുടിയേറിപ്പാർത്തു. ഇവരായിരുന്നു ഫ്രഞ്ചുഭരണത്തിന്റെ നെടുംതൂണുകൾ. 1848-ൽ അൽജീരിയയെ ഫ്രഞ്ചു അധീനപ്രദേശമായി പ്രഖ്യാപിച്ചു. നെപ്പോളിയൻ III അൽജീരിയ സന്ദർശിക്കുകയുണ്ടായി. 1865-ലെ സെനറ്റ് ഡിക്രി പ്രകാരം ഓരോ അൽജീരിയൻ മുസ്ലിമും ഫ്രഞ്ചുകാരനായിത്തീർന്നു; എന്നാൽ ഫ്രഞ്ചു പൗരത്വം അവർക്കു ലഭിച്ചില്ല. അൽജീരിയയുടെ ഭരണം പൂർണമായും ഫ്രഞ്ചു ഗവർണർ ജനറലിൽ നിക്ഷിപ്തമായിരുന്നു. ഫ്രഞ്ചുകാർ നടപ്പിലാക്കിയിരുന്ന ഭരണപരിഷ്കാരങ്ങൾ ഒന്നുംതന്നെ അൽജീരിയൻ ജനവിഭാഗങ്ങൾക്കു ഭരണത്തിൽ പങ്കു നല്കുന്നവയായിരുന്നില്ല.

സ്വാതന്ത്ര്യസമരങ്ങൾ തിരുത്തുക

20-ാം ശ.-ത്തിന്റെ ആരംഭത്തോടുക്കൂടി അൽജീരിയയിൽ വിദേശികൾക്കെതിരായ സ്വാതന്ത്ര്യസമരങ്ങൾ വീണ്ടും ആരംഭിച്ചു. ഫെർഹത് അബ്ബാസായിരുന്നു നേതാവ്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നേതാവായ മെസാലി ഹജ് ആയിരുന്നു മറ്റൊരു സ്വാതന്ത്ര്യസമര സേനാനി. കുടിയേറിപ്പാർത്ത യൂറോപ്യൻ ജനവിഭാഗങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള ജീവിതസൗകര്യങ്ങൾ ലഭിച്ചപ്പോൾ നാട്ടുകാരായ മുസ്ലിങ്ങൾ ദാരിദ്ര്യത്തിലും അജ്ഞതയിലുമാണ് കഴിഞ്ഞിരുന്നത്. ഈ അന്തരം സ്വാതന്ത്ര്യസമരങ്ങൾക്കു വളരെയേറെ പ്രചോദനം നല്കി. ഈ സ്വാതന്ത്ര്യസമരങ്ങളുടെ ഫലമായി മുസ്ലിങ്ങൾക്കു ചില സൗജന്യങ്ങൾ ഭരണതലത്തിൽ നല്കിയെങ്കിലും അവയൊന്നും സാധാരണക്കാരെ തൃപ്തിപ്പെടുത്താൻ പര്യാപ്തമായിരുന്നില്ല. 1943, 44, 45, 46 എന്നീ വർഷങ്ങളിലെ ഭരണപരിഷ്കാരങ്ങൾ അൽജീരിയക്കാരെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല. 1945-ലെ യുദ്ധവിജയാഘോഷങ്ങൾക്കിടയിൽ പൊലീസുകാരും ദേശീയപതാകകൾ വഹിച്ചിരുന്ന അൽജീരിയൻ പൗരന്മാരും തമ്മിൽ നടന്ന സംഘട്ടനം അനവധി പേരുടെ മരണത്തിൽ കലാശിച്ചു. അൽജീരിയയ്ക്കു സ്വയംഭരണം നല്കാനുള്ള ഒരു ഒത്തുതീർപ്പിനും ഫ്രഞ്ചുകാർ സന്നദ്ധരായില്ല.

1954 ന. 1-ന് ഒരു സംഘടിത സായുധവിപ്ളവം അൽജീരിയയിൽ ഫ്രഞ്ചുഭരണത്തിന്നെതിരായി ഉണ്ടായി. ഈ സായുധസമരക്കാർ ഒരു പുതിയ ദേശീയ സംഘടനയ്ക്ക് (Front de Liberation Nationale-FLN) രൂപംനല്കി. പരിപൂർണ സ്വാതന്ത്ര്യമുള്ള ഒരു അൽജീരിയയായിരുന്നു അവരുടെ ലക്ഷ്യം. 1955-ലും അൽജീരിയയിൽ കൂടുതൽ ശക്തിയാർജിച്ച മറ്റൊരു സായുധ കലാപം നടന്നു. ഈ സമരങ്ങളിൽ വളരെയേറെ ഫ്രഞ്ചുകാരും നാട്ടുകാരും വധിക്കപ്പെട്ടു. ഗവർണർ ജനറലായ ജാക്വിസ് സോസ്റ്റെലേയുടെ ഭരണപരിഷ്കാരങ്ങൾ കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായില്ല. 1956-ൽ ഫ്രഞ്ചുപ്രധാനമന്ത്രി അൽജീരിയ സന്ദർശിച്ചു. മുസ്ലിങ്ങൾക്കു ഭരണത്തിൽ കൂടുതൽ പങ്കു നല്കുന്നത് അൽജീരിയയിൽ വസിച്ചിരുന്ന യൂറോപ്യൻ വംശജരുടെ എതിർപ്പിനു കാരണമായി. തുടർന്ന് അൽജീരിയയിൽ പലയിടത്തും ഭീകരപ്രവർത്തനങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അവയെ ഫ്രഞ്ചുകാർ അടിച്ചമർത്തി. 1957-ൽ അൽജീരിയൻ പ്രശ്നം യു.എൻ. പൊതുസഭ ചർച്ച ചെയ്തു. ഇതിനിടയ്ക്ക് എണ്ണശേഖരമുണ്ടായിരുന്ന ചില പ്രദേശങ്ങളെ അൽജീരിയയിൽ നിന്ന് വേർതിരിച്ച് പാരിസിന്റെ നേരിട്ടുള്ള ഭരണത്തിൽ കീഴിലാക്കി.

1958-ൽ അൽജീരിയയിൽ നടന്ന സംഭവങ്ങളുടെ പ്രത്യാഘാതമായി ചാൾസ് ഡിഗോൾ ഫ്രാൻസിൽ ഭരണം പിടിച്ചെടുത്തു. ഫ്രാൻസുമായി സഹകരിക്കുന്ന ഒരു സ്വതന്ത്ര അൽജീരിയയുടെ സൃഷ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ഉന്നം. ഇതിനിടയ്ക്ക് ഫെർഹത്ത് അബ്ബാസ് പ്രധാനമന്ത്രിയായുള്ള ഒരു താത്കാലിക ഗവൺമെന്റ് ടൂണിസ് കേന്ദ്രമാക്കി രൂപവത്കരിക്കപ്പെട്ടു.

ചാൾസ് ഡിഗോൾ അൽജീരിയയിലെ മുസ്ലിങ്ങൾക്കനുകൂലമായ പല ഭരണപരിഷ്കാരങ്ങളും നിർദ്ദേശിച്ചു. അതിനെതിരായി അൽജീരിയയിലെ യൂറോപ്യൻ വംശജർ ആരംഭിച്ച വിപ്ളവം പരാജയപ്പെട്ടു. പട്ടാള ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ നടന്ന കലാപവും (1961) ഡിഗോൾ വിശേഷാധികാരങ്ങൾ ഏറ്റെടുത്തതോടെ പരാജയപ്പെടുകയാണുണ്ടായത്. 1961 ആഗ. 27-ന് ഫെർഹത് അബ്ബാസ് പ്രധാനമന്ത്രിപദം രാജിവച്ചു; ബെൻ യൂസുഫ് ബെൻ ഖെദ്ദ തത്സ്ഥാനം ഏറ്റെടുത്തു. 1962 മാ. 18-ന് രഹസ്യസംഭാഷണങ്ങളുടെ ഫലമായി അൽജീരിയൻ ദേശീയ നേതൃത്വവും ഫ്രഞ്ച് അധികാരികളും തമ്മിൽ യുദ്ധവിരാമ ഉടമ്പടി ഒപ്പുവച്ചു. 1962-ൽ ബെൻ ബെല്ല ഉൾപ്പെടെയുള്ള അൽജീരിയൻ ദേശീയനേതാക്കൾ ജയിൽ വിമോചിതരായി. ഫ്രഞ്ച് ദേശീയവാദികളുടെ സംഘടനയായ ഒ.എ.എസ്. (Organisation Del'Armee) അൽജീരിയയും ഫ്രാൻസും തമ്മിലുണ്ടായ ഉടമ്പടിവ്യവസ്ഥകൾ നടപ്പാക്കാതിരിക്കുന്നതിനു സ്വീകരിച്ച തന്ത്രങ്ങളുടെ ഫലമായി അൽജീരിയയിൽ അട്ടിമറി പ്രവർത്തനങ്ങൾ ആരംഭിച്ചു. അനേകം അൽജീരിയൻ മുസ്ലിങ്ങൾ വധിക്കപ്പെട്ടു. ഈ സംഘടന(ഒ.എ.എസ്)യുടെ നേതാവ് ജനറൽ സലാൻ 1962 ഏ. 20-ന് ബന്ധനസ്ഥനായി. ആ വർഷം ജൂല. 1-ന് നടന്ന ഹിതപരിശോധനയിൽ ജനങ്ങൾ സ്വതന്ത്ര അൽജീരിയയ്ക്കനുകൂലമായി വോട്ടു രേഖപ്പെടുത്തി. രണ്ടു ദിവസത്തിനുശേഷം അൽജീരിയയുടെ സ്വാതന്ത്ര്യം ചാൾസ് ഡിഗോൾ അംഗീകരിച്ചു; ഒ.എ.എസ്. സംഘടനാനേതാക്കന്മാർ ബന്ധനസ്ഥരാവുകയോ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു പലായനം ചെയ്യുകയോ ചെയ്തു.

സ്വതന്ത്ര അൽജീരിയ തിരുത്തുക

1962 ജൂല. മൂന്നിന് അൽജീരിയൻ വിപ്ലവഗവൺമെന്റ് ടൂണിസിൽ നിന്ന് അൽജിയേഴ്സിലേക്കു മാറ്റപ്പെട്ടു. ബെൻ ഖെദ്ദയുടെ ഗവൺമെന്റിനെ അൽജീരിയൻ മുസ്ലിങ്ങൾ ഉത്സാഹപൂർവം സ്വീകരിച്ചു. എന്നാൽ ഉപപ്രധാനമന്ത്രിയായിരുന്ന ബെൻ ബെല്ലയുമായുള്ള അഭിപ്രായഭിന്നതകൾ വീണ്ടും സംഘർഷാവസ്ഥയിലേക്കു നീങ്ങുകയും അൽജീരിയൻ പീപ്പിൾസ് ആർമി, കേണൽ ഹുആരി ബുമീദിന്റെ നേതൃത്വത്തിൽ അൽജീരിയയുടെ തലസ്ഥാനമായ അൽജിയേഴ്സിൽ പ്രവേശിക്കുകയും ചെയ്തു. ബെൻ ബെല്ല ഈ സേനയെ സ്വാഗതം ചെയ്തു. 1962-ൽ നടത്തിയ തെരഞ്ഞെടുപ്പിൽ യൂസഫ് ബെൻ ഖെദ്ദ പുറന്തള്ളപ്പെടുകയും നാഷണൽ അസംബ്ളി ബെൻ ബെല്ലയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്തു; ഹുആരി ബുമീദിൻ പ്രതിരോധമന്ത്രിയായി. 1962-ൽ അൽജീരിയയ്ക്ക് യു.എൻ. അംഗത്വം ലഭിച്ചു. 1965 ജൂൺ 19-ന് ബെൻ ബെല്ല ഒരു പട്ടാളവിപ്ലവത്തിന്റെ ഫലമായി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ഹുആരി ബൂമെദിൻ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. പുതിയൊരു ഭരണഘടന അംഗീകരിക്കുന്നതുവരെ രാഷ്ട്രീയ അധികാരം 'വിപ്ളവസമിതി'ക്കായിരുന്നു. തികഞ്ഞ ദേശീയവാദിയും ഇസ്ലാമിക വിശ്വാസിയുമായ ബൂമെദിൻ ഫ്രഞ്ചുഭാഷയ്ക്കു പുറമേ അറബിയിലും വിദഗ്ദ്ധനായിരുന്നു. 1967-68-ൽ നടന്ന അട്ടിമറിശ്രമങ്ങളെ പരാജയപ്പെടുത്തിയ ബൂമെദിൻ എതിരാളികളെ നാടുകടത്തുകയും അധികാരം ഊട്ടിയുറപ്പിക്കുകയും ചെയ്തു. 1971-ൽ നടപ്പിലാക്കിയ കാർഷികവിപ്ളവത്തിന്റെ ഭാഗമായി മിച്ചഭൂമി പിടിച്ചെടുക്കുകയും സഹകരണകൃഷി സ്ഥാപനങ്ങൾക്കു നൽകുകയും ചെയ്തു.

1976-ൽ പുതിയ ഭരണഘടന നിലവിൽവരികയും 95 ശ. വോട്ടുകളോടെ ബൂമെദിൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബൂമെദിന്റെ മരണത്തെത്തുടർന്ന് 1979-ൽ കേണൽ ചാദ്ലി ബെൻജെദിദ് പ്രസിഡന്റായി അവരോധിക്കപ്പെട്ടു. 1980-84 കാലയളവിൽ ഇദ്ദേഹം നടപ്പിലാക്കിയ പഞ്ചവത്സരവികസനപദ്ധതി സാമ്പത്തികരംഗത്ത് പുത്തനുണർവുണ്ടാക്കി. അറബിവത്ക്കരണത്തിനെതിരെ സർവകലാശാലാവിദ്യാർഥികൾ നടത്തിയ സമരത്തെ നേരിട്ട ചാദ്ലി വിദ്യാഭ്യാസരംഗത്തും പരിഷ്കാരങ്ങൾ നടപ്പിലാക്കി.

1982-ൽ ഇസ്ലാമികശക്തികൾ പുതിയൊരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഇതേത്തുടർന്നുണ്ടായ ആഭ്യന്തരകലാപത്തെ ചാദ്ലി ഫലപ്രദമായി നേരിടുകയും 1984-ൽ ഏറ്റവും മികച്ച ഒരു ഇസ്ലാമിക സർവകലാശാല കോൺസ്റ്റന്റയ്നിൽ ആരംഭിക്കുകയും ചെയ്തു. ശരിയത്തിൽ അധിഷ്ഠിതമായ അൽജീരിയൻ ഫാമിലി കോഡ് അംഗീകരിക്കുവാനും ഇദ്ദേഹം തയ്യാറായി.

1980-കളിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാർ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽനിന്നു വ്യതിചലിച്ച് സ്വകാര്യസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനാരംഭിച്ചു. അസംതൃപ്തരായ ജനങ്ങൾ 1988-ൽ ആഭ്യന്തരകലാപം ആരംഭിച്ചു. അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഭരണകൂടം അക്രമങ്ങൾ അടിച്ചൊതുക്കി. 'ബ്ളാക്ക് ഒക്ടോബർ' കലാപത്തെത്തുടർന്ന് ഇസ്ലാമികശക്തികൾ ചില പ്രദേശങ്ങളിൽ അധികാരം സ്ഥാപിച്ചു. 1989-ൽ നിലവിൽവന്ന പുതിയ ഭരണഘടന സോഷ്യലിസം ഒഴിവാക്കുകയും ജനാധിപത്യത്തിനു മുൻതൂക്കം നൽകുകയും ചെയ്തു. ഇതേവർഷംതന്നെ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് നിലവിൽവന്നു. ഈ സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ഫലമായി സിദ് അഹമദ് ഖോസാലിയുടെ നേതൃത്വത്തിൽ പുതിയ ഭരണകൂടം നിലവിൽവന്നു.

1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് പകുതിയോളം സ്ഥാനങ്ങളിൽ ഭൂരിപക്ഷം നേടി. തുടർന്നു പാർലമെന്റ് പിരിച്ചുവിടുകയും ഒരു അധികാരസമിതി ഭരണമേറ്റെടുക്കുകയും ചെയ്തു. പ്രതിഷേധപ്രകടനങ്ങൾ അക്രമാസക്തമായപ്പോൾ 1992-ൽ ഗവൺമെന്റ് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു. 1994-ൽ ലാമിൻ സെറൂൾ അധികാരമേറ്റെടുത്തു. പുതുതായി രൂപംകൊണ്ട 'ആമ്ഡ് ഇസ്ലാമിക് ഗ്രൂപ്പ്' അക്രമപ്രവർത്തനങ്ങളിലേക്കു തിരിഞ്ഞു. പതിനായിരക്കണക്കിനു നിരപരാധികൾ ഇക്കാലത്തു വധിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

1995-ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സെറൂളിന് 75 ശ.മാ. വോട്ടു ലഭിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ടിനെ ഉൾപ്പെടുത്തിയിരുന്നില്ല. 1999-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പാർട്ടികളും പങ്കെടുത്തില്ല. സൈന്യത്തിന്റെ പിൻബലമുള്ള അബ്ദലസിഡ് ബൂത്ഫ്ളികയാണ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത്. തുടർന്നുള്ള കാലയളവിൽ ബൂത്ഫ്ളിക പ്രതിപക്ഷവുമായി സമവായത്തിലേർപ്പെടുകയും സാമ്പത്തികപരിഷ്കാരങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്തു.

2001-ലെ വെള്ളപ്പൊക്കം അൽജീരിയയിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചു. 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ ബൂത്ഫ്ളിക 85 ശ. വോട്ടുനേടി അധികാരത്തിൽ തിരിച്ചെത്തി.

ഭരണസംവിധാനം തിരുത്തുക

ഇരുപത്തിനാലംഗങ്ങളുള്ള ഒരു വിപ്ലവകൗൺസിലിന് (Revolutionary Council) ആണ് ഭരണകാര്യങ്ങളിൽ നിർണായക സ്വാധീനം. സൈനികോദ്യോഗസ്ഥന്മാർക്ക് ഭൂരിപക്ഷമുള്ളതാണ് ഈ കൌൺസിൽ. പട്ടാള ഉദ്യോഗസ്ഥന്മാർക്ക് മുൻതൂക്കമുള്ള ഏകകക്ഷിഭരണവ്യവസ്ഥയാണു നിലവിലുള്ളത്. 1989-ൽ പുതിയ ഭരണഘടന നിലവിൽവന്നു. 1996-ൽ പ്രസിഡന്റിന് കൂടുതൽ അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി നടപ്പിലായി. വാർത്താവിതരണ ഏജൻസികളുടെ പൂർണമായ നിയന്ത്രണം ഗവൺമെന്റിനാണ്. അർധ ഔദ്യോഗികപത്രങ്ങൾക്ക് ഒരു പരിധിവരെ വിമർശനസ്വാതന്ത്ര്യ നല്കപ്പെട്ടിട്ടുണ്ട്. വ്യാപകമായ വ്യവസായവത്കരണം ലക്ഷ്യമാക്കിയുള്ളതാണ് ഗവൺമെന്റുനയം; വൻകിടതോട്ടങ്ങൾ, ഖനികൾ, കമ്പനികൾ തുടങ്ങിയവ ദേശസാത്കരിക്കപ്പെട്ടിരിക്കുന്നു.

മറ്റ് ലിങ്കുകൾ തിരുത്തുക

സർക്കാർ തിരുത്തുക

വാർത്തകൾ തിരുത്തുക

പുറമെ തിരുത്തുക


മറ്റുള്ളവ തിരുത്തുക

സാംസ്കാരിക പാരമ്പര്യം തിരുത്തുക


അവലംബം തിരുത്തുക

  1. "സി.ഐ.എ ഫാക്ട്‌ബുക്ക്". Archived from the original on 2012-09-30. Retrieved 2007-06-05.
  2. http://www.apn-dz.org/apn/english/constitution96/preambule.htm ഭരണഘടന 1996
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൾജീറിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൾജീറിയ&oldid=3801321" എന്ന താളിൽനിന്ന് ശേഖരിച്ചത്