പ്രധാന മെനു തുറക്കുക

ജ്ഞാനസ്നാനം

മാമ്മോദീസാ എന്ന വാക്ക് അർത്ഥമാക്കുക മുങ്ങുക മുക്കുക (ജലത്തിൽ മുങ്ങുക അഥവാ രണ്ടാമതൊരു ആൾ മറ്റൊരാളെ ചെയ്യിപ്പിക്കുക
(മാമ്മോദീസ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വ്യക്തിയെ ജലത്താൽ ശുദ്ധീകരണം നടത്തി ക്രൈസ്തവസഭയുടെ അംഗമായി ചേർക്കുന്ന ചടങ്ങിനെ ജ്ഞാനസ്നാനം (ഇംഗ്ലീഷ്: Baptism) അഥവാ മാമ്മോദീസ എന്നറിയപ്പെടുന്നു. സുറിയാനി ഭാഷയിലെ കഴുകുക എന്നർത്ഥമുള്ള മ'ആമോദീതാ എന്ന വാക്കിൽ നിന്നാണ്‌ മാമ്മോദീസ എന്ന പദം ഉരുത്തിരിഞ്ഞത്. [1]

ചരിത്രംതിരുത്തുക

യോർദ്ദാൻ നദിയിൽ സ്നാപക യോഹന്നാനിൽ നിന്ന്‌ യേശു നേടിയ സ്നാനത്തിൽ അധിഷ്ഠിതമാണ് ക്രിസ്ത്യാനികളുടെ ജ്ഞാനസ്നാനം. യഹൂദരുടെയിടെയിലെ മിക്‌വാഹ് എന്ന ആചാരത്തിൽ നിന്നാണ് ക്രിസ്തീയ സ്നാനം ഉരുവായത് എന്ന് അഭിപ്രായമുണ്ട്.

ബൈബിൾ പരാമർശങ്ങൾതിരുത്തുക

യേശുക്രിസ്തു നൽകിയ പ്രധാന കല്പനകളിലൊന്നാണ് സ്നാനം. തന്റെ സ്വർഗ്ഗാരോഹണത്തിന് മുമ്പായി ശിഷ്യൻമാർക്ക് നൽകിയ അന്ത്യനിയോഗത്തിൽ സ്നാനത്തെക്കുറിച്ച് യേശുക്രിസ്തു പറഞ്ഞിരിക്കുന്നത് മത്തായി എഴുതിയ സുവിശേഷത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു(മത്തായി 28:18,19). യേശുക്രിസ്തുവിൽ വിശ്വസിച്ചവരെല്ലാം സ്നാനപ്പെട്ടതായി പുതിയനിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഒരു വിശ്വാസി ക്രിസ്തുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും ഏകീഭവിച്ചു എന്നതിന്റെ പരസ്യമായ പ്രഖ്യാപനമാണ് സ്നാനത്തിലൂടെ നിവൃത്തിക്കുന്നത് എന്ന് പൗലോസ് അപ്പോസ്തോലൻ തന്റെ ലേഖനങ്ങളിലൂടെ ഉദ്ബോധിപ്പിക്കുന്നുണ്ട്.[2]

സ്നാനം വിവിധസഭകളിൽതിരുത്തുക

 
മാമ്മോദീസത്തൊട്ടി

ചില സഭകൾ ജന്മപാപം കഴുകിക്കളഞ്ഞ് ക്രിസ്തുവിനോട് ചേർക്കപ്പെടുന്ന കൂദാശയായി ജ്ഞാനസ്നാനത്തെ അഥവാ മാമ്മോദീസയെ കാണുമ്പോൾ ജന്മപാപത്തിൽ വിശ്വസിക്കാത്ത ക്രിസ്തീയവിഭാഗങ്ങൾ, സഭയിൽ ചേർക്കുന്നതിനുള്ള ഒരു ചടങ്ങായി മാത്രം ഇതിനെ കാണുന്നു. സുറിയാനി ഓർത്തഡോക്സ്, മലങ്കര ഓർത്തഡോക്സ്, റോമൻ കത്തോലിക്ക,മലങ്കര കത്തോലിക്ക, മലങ്കര മാർത്തോമ്മാ തുടങ്ങിയ സഭകൾ നന്നെ ചെറുപ്പത്തിൽ തന്നെ ശിശുക്കളെ മാമ്മോദീസ മുക്കണം എന്ന നിഷ്ക്കർഷ പുലർത്തുന്നവരാണ്. ഏഴ് പ്രധാന കൂദാശകളിലൊന്നായ് ഈ സഭകൾ മാമ്മോദീസയെ കാണുന്നു. വി. മൂറോൻ കൂദാശയും മാമ്മോദീസയോടൊപ്പമാണ് നൽകപ്പെടുന്നത്.

 
വൈദികൻ മാമ്മോദീസ നൽകുന്നു

കേരളത്തിൽ‍ തന്നെ,ഈ ചടങ്ങിലേക്കായി പലതരം ചട്ടവട്ടങ്ങളാണ് നിലവിലുള്ളത്. ശിശുക്കളുടെ മാമ്മോദീസ സാധാരണ ജനനത്തിന് അൻപത്താറ് ദിവസം തികഞ്ഞതിനു ശേഷമാവണം എന്നതായിരുന്നു ആദ്യകാലങ്ങളിലെ നിഷ്ക്കർഷ. ശിശുക്കൾ മാമ്മോദീസ മുക്കപ്പെടവെ, വൈദികൻ ചൊല്ലുന്ന പ്രാർത്ഥന ഏറ്റ് ചൊല്ലുന്നത് തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആണ്. മാമ്മോദീസ ചെയ്യപ്പെടുന്ന കുട്ടിയുടെ ബന്ധത്തിൽ പെട്ട പ്രായപൂർത്തിയവരാരെങ്കിലുമാവും സാധാരണ തലതൊട്ടപ്പനോ, തലതൊട്ടമ്മയോ ആകാൻ സന്നദ്ധരാകുന്നത്. കുട്ടികൾക്ക് പള്ളിയിലെ പേരും ഈയവസരത്തിലാണ് നൽകപ്പെടുന്നത്.

മാമ്മോദീസ ചെയ്യപ്പെടുന്ന കുട്ടിയെ വൈദികൻ മാമ്മോദീസ തൊട്ടിയിലിരുത്തി തലവഴി വെള്ളമൊഴിച്ച് കുളിപ്പിച്ച ശേഷം മൂറോൻ എന്ന വിശുദ്ധ തൈലം പുരട്ടുന്നതാണ് ഈ ചടങ്ങിന്റെ കാതൽ. ചടങ്ങ് കഴിയുമ്പോൾ മാമ്മോദീസ തൊട്ടിയിലെ ജലം പള്ളിക്ക് കീഴെയുള്ള മണ്ണിലേക്ക് ഒഴുക്കിവിടത്തക്കവണ്ണമാണ് പരമ്പരാഗതമായി മാമ്മോദീസാ തൊട്ടികൾ നിർമ്മിച്ചിരുന്നത്.

 
യോർദ്ദാൻ നദിയിൽ സ്നാനം ഏൽക്കുന്നതിന്റെ ദൃശ്യം

എന്നാൽ സുവിശേഷ വിഹിത സഭകൾ എന്നറിയപ്പെടുന്ന പെന്തകൊസ്ത്, ബ്രദറൺ തുടങ്ങിയ സഭാവിഭാഗങ്ങൾ ഇത്തരത്തിലുള്ള ശിശുസ്നാനം വേദപുസ്തകാനുസൃതമല്ലെന്നും മുതിർന്നതിന് ശേഷം വിശ്വാസം ഏറ്റുപറഞ്ഞു കൊണ്ടുള്ള വിശ്വാസസ്നാനം മാത്രമാണ് യഥാർത്ഥ സ്നാനം എന്നും പഠിപ്പിക്കുന്നു. ഒരു വ്യക്തി യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് ഏറ്റുപറയുമ്പോൾ തന്റെ ഹൃദയത്തിൽ ആന്തരീകമായി നടന്ന ആത്മീകാനുഭവത്തിന്റെ പരസ്യമായ പ്രഖ്യാപനമാണ് സ്നാനത്തിലൂടെ ലോകത്തിനു മുമ്പിൽ സാക്ഷ്യപ്പെടുത്തുന്നത് എന്ന് ഇവർ വിശ്വസിക്കുന്നു. പുഴകൾ, തോടുകൾ മുതലായ ജലസ്രോതസ്സുകളിൽ പൂർണ്ണമായി നിമജ്ജനം ചെയ്തു കൊണ്ടുള്ള ജ്ഞാനസ്നാന രീതിയാണ് ഇവർ പൊതുവേ സ്വീകരിക്കുന്നത്.

കൂടുതൽ വായനയ്ക്ക്തിരുത്തുക

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  2. റോമർ 6:3-5
"https://ml.wikipedia.org/w/index.php?title=ജ്ഞാനസ്നാനം&oldid=2090746" എന്ന താളിൽനിന്ന് ശേഖരിച്ചത്