ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ

(ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഗോള കത്തോലിക്കാ സഭയിലെ പോപ്പ് എമിരിറ്റസാണ് ബെനഡിക്റ്റ് പതിനാറാമൻ. (യഥാർഥനാമം: ജോസഫ്‌ റാറ്റ്‌സിംഗർ, ജനനം: ഏപ്രിൽ 16, 1927, ബവേറിയ, ജർമ്മനി). 2005 - 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ്‌ 7-ന്‌ സ്ഥാനമേറ്റു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പക്ക് ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്.

ബെനഡിക്റ്റ് പതിനാറാമൻ
ബെനഡിക്റ്റ് പതിനാറാമൻ, 2010-ൽ റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ
സ്ഥാനാരോഹണം19 ഏപ്രിൽ 2005
ഭരണം അവസാനിച്ചത്28 ഫെബ്രുവരി 2013
മുൻഗാമിജോൺ പോൾ രണ്ടാമൻ
പിൻഗാമിഫ്രാൻസിസ് മാർപ്പാപ്പ
വൈദിക പട്ടത്വം29 ജൂൺ 1951
മെത്രാഭിഷേകം28 മേയ് 1977
കർദ്ദിനാൾ സ്ഥാനം27 ജൂൺ 1977
വ്യക്തി വിവരങ്ങൾ
ജനന നാമംജോസഫ് അലോഷ്യസ് റാറ്റ്‌സിങ്ങർ
ജനനം (1927-04-16) 16 ഏപ്രിൽ 1927  (97 വയസ്സ്)
മാർക്ടൽ, ബവേറിയ, ജർമ്മനി
മരണം31 ഡിസംബർ 2022(2022-12-31) (പ്രായം 95)
മദർ ചർച്ച് മൊണാസ്ട്രി, വത്തിക്കാൻ സിറ്റി
ദേശീയതജർമ്മൻ (along with Vatican citizenship)
വിഭാഗംറോമൻ കത്തോലിക്കാ സഭ
മാതാപിതാക്കൾJoseph Ratzinger, Sr., Maria Ratzinger
ഒപ്പ്ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ's signature
ബെനഡിക്ട് എന്ന പേരിൽ മാർപ്പാപ്പ പദവി വഹിച്ച മറ്റുള്ളവർ
ബെനഡിക്ട് പതിനാറാമന്റെ പേപ്പൽ മുദ്ര. പേപ്പൽ റ്റിയാറയ്ക്കു പകരം ബിഷപ്പിന്റെ തലപ്പാവ് ഉപയോഗിച്ചിരിക്കുന്നു. മുദ്രയുടെ താഴെയായി പാല്ലിയവും ചേർത്തിരിക്കുന്നു.


ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുന്നതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ്‌ ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ,വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

എഴുപത്തെട്ടാം വയസിൽ മാർപ്പാപ്പയായ ബെനെഡ്കിട് പതിനാറാമൻ ക്ലമൻറ് പന്ത്രണ്ടാമനു (1724-1730) ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീൻ, ഗ്രീക്ക്‌, ഹീബ്രു ഭാഷകൾ വശമുള്ള മാർപ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌.

കാലഘട്ടത്തിൻറെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയിൽ ആദ്യ വർഷങ്ങളിൽ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19-ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പ സ്ഥാനത്യാഗം ചെയ്യുന്നത്. 2022 ഡിസംബർ 31-ന് സെൻട്രൽ യൂറോപ്യൻ സമയം രാവിലെ 9:34-ന് വത്തിക്കാനിലെ വസതിയിൽ വച്ച് കാലം ചെയ്തു.[1]

ജീവിതരേഖ

തിരുത്തുക

ബാല്യ കൌമാരങ്ങൾ

തിരുത്തുക

ജർമ്മനിയിലെ ബവേറിയയിലുള്ള മാർക്ടൽ ആം ഇൻ (Marktl am Inn) എന്ന സ്ഥലത്തായിരുന്നു ജോസഫ് റാറ്റ്സിംഗറുടെ ജനനം.ജനന ദിവസംതന്നെ മാമ്മോദീസയുംനടന്നു. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗർ സീനിയറിൻറെയുംമരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു. മരിയയുടെ കുടുംബ വേരുകൾ ഇറ്റലിയിലെ ബൊൽസാനൊ-ബോസെൻ മേഖലയിലാണ്. ജോസഫ് റാറ്റ്സിംഗർ സീനിയറുമായുള്ള വിവാഹത്തിനു മുന്പ് മരിയ ഹോട്ടൽ തൊഴിലാളിയായിരുന്നു.

മാർപാപ്പയുടെ സഹോദരൻ ഫാ. ജോർജ് റാറ്റ്സിംഗർ ജർമനിയിലെ റീഗൻസ്ബർഗിൽ സേവനമനുഷ്ഠിക്കുന്നു. അറിയപ്പെടുന്ന സംഗീതജ്ഞനായ ഇദ്ദേഹം റീഗൻസ്ബർഗ് കത്തീഡ്രൽ ഗായകസംഘം ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയായിരുന്ന സഹോദരി മരിയ 1991ൽ മരണം വരെ ബവേറിയയിലെ കുടുംബവീടിൻറെ ചുമതല വഹിച്ചിരുന്നു.

സാൽസ്‌ബർഗിൽനിന്നും 30 കിലോമീറ്റർ അകലെ ,ഓസ്ട്രിയൻ അതിർത്തിയിലെ ട്രോൺസ്റ്റീൻ ഗ്രാമത്തിലാണ്‌ ജോസഫ്‌ റാറ്റ്‌സിംഗർ ബാല്യ, കൗമാരങ്ങൾ ചെലവഴിച്ചത്‌. ബാല്യത്തിൽതന്നെ അദ്ദേഹം പൗരോഹിത്യത്തോട്‌ ആഭിമുഖ്യം പുലർത്തിയിരുന്നതായി ബന്ധുക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. സ്വന്തം ഇടവകയിൽ സന്ദർശനം നടത്തിയ മ്യൂണിക്ക്‌ കർദ്ദിനാളിനെ വരവേറ്റ കുട്ടികളുടെ സംഘത്തിൽ അഗമായിരുന്ന അഞ്ചു വയസുകാരൻ ജോസഫ്‌ റാറ്റ്‌സിംഗർ കർദ്ദിനാളിൻറെ സ്‌നേഹമസൃണമായ പെരുമാറ്റത്തിൽ ആകൃഷ്‌ടനായി, തനിക്കും ഒരു കർദ്ദിനാളാകണമെന്ന്‌ അന്ന്‌ മാതാപിതാക്കളോടു പറഞ്ഞു.

1941ൽ പതിനാലാം പിറന്നാളിനു പിന്നാലെ ജോസഫ്‌ റാറ്റ്‌സിംഗർ ,നാസി യുവ സംഘടനയായ ഹിറ്റ്ലർ യൂത്തിൽഅംഗമായി. അക്കാലത്ത്‌ ജർമനിയിൽ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റലർ യൂത്തിൽ പ്രവർത്തിച്ചിരിക്കണമെന്ന്‌ നിഷ്‌കർഷയുണ്ടായിരുന്നു. കത്തോലിക്കാ വിരുദ്ധരാണെന്ന്‌ കരുതിയിരുന്നതിനാൽ അദ്ദേഹത്തിൻറെ പിതാവ്‌ ജോസഫ്‌ ജോസഫ്‌ റാറ്റ്‌സിംഗർ സീനിയർ നാസികർക്ക്‌ എതിരായിരുന്നു. അതുകൊണ്ടുതന്നെ ഹിറ്റ്‌ലർ യൂത്തിൽ സജീവമാകാൻ ജോസഫ്‌ റാറ്റ്‌സിംഗർ തൽപരനായിരുന്നില്ലെന്ന്‌ മാർപ്പാപ്പയുടെ ജീവചരിത്രകാരൻ ജോൺ എൽ അലെൻ ജൂനിയർ വ്യക്തമാക്കുന്നു.

വിശുദ്ധ കുർബാന അർപ്പിച്ചതിന്‌ വൈദികനെ നാസികർ ആക്രമിക്കുന്നത്‌ ഉൾപ്പെടെ കത്തോലിക്കാ സഭക്കെതിരായ ഒട്ടേറെ പീഡനങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചു വളർന്നത്‌ ജോസഫിൻറെ വിശ്വാസം കൂടുതൽ ശക്തമാക്കി.

വൈകാതെ സെമിനാരിയിൽ ചേർന്ന ജോസഫ്‌ റാറ്റ്‌സിംഗർ 1943ൽ പതിനാറാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽജർമനിനിയിലെ ആൻറി എയർക്രാഫ്‌റ്റ്‌ കോർപ്‌സ്‌ വിഭാഗത്തിൽ സഹായിയായി സേവനമനുഷ്‌ഠിച്ചു. തുടർന്ന്‌ ജർമൻ കാലാൾപടയിൽ പരിശീലനം നേടിയെങ്കിലും അനാരോഗ്യത്തെ തുടർന്ന്‌ കടുത്ത സൈനിക ജോലികളിൽനിന്ന്‌ ഒഴിവു ലഭിച്ചു. റാറ്റ്‌സിംഗറുടെ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ അമേരിക്കൻ സൈന്യം ചുവടുറപ്പിച്ചതിനെ തുടർന്ന്‌ അദ്ദേഹം യുദ്ധത്തടവുകാരുടെ ക്യാമ്പിൽ അടക്കപ്പെട്ടു. 1945ൽ യുദ്ധത്തിനു ശേഷം മോചിപ്പിക്കപ്പെട്ട റാറ്റ്‌സിംഗർ അതേ വർഷം നവംബറിൽ സഹോദരൻ ജോർജിനൊപ്പം വീണ്ടും സെമിനാരിയിൽ തിരിച്ചെത്തി. ട്രോൺസ്റ്റീനിലെ സെൻറ് മൈക്കിൾ സെമിനാരിയിലായിരുന്നു തുടർപഠനം. 1946 മുതൽ 1951 വരെ മ്യൂണിക്ക്‌ സർവകലാശാലക്കു കീഴിലുള്ള ഫ്രെയ്‌സിംഗ്‌ സ്‌കൂളിൽ തത്ത്വശാസ്‌ത്രവും ദൈവശാസ്‌ത്രവും പഠിച്ചു.

പൗരോഹിത്യം, അധ്യാപനം

തിരുത്തുക

1951 ജൂൺ 29ന്‌ ഫ്രെയ്‌സിംഗിൽ മ്യൂണിക്കിലെ കർദ്ദിനാൾ മൈക്കിൾ വോൺ ഫോൾഹാർബറിൽനിന്ന്‌ ഇരുവരും തിരുപ്പട്ടം സ്വീകരിച്ചു. 1953ൽ ജോസഫ്‌ റാറ്റ്‌സിംഗറിന്‌ ദൈവശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റ്‌ ലഭിച്ചു. വിശുദ്ധ അന്തോനീസിൻറെ സഭാ നിയമങ്ങളിലെ ജനങ്ങളും ദൈവഭവനവും എന്നതായിരുന്നു ഗവേഷണ വിഷയം. നാലു വർഷത്തിനുശേഷം വിഖ്യാത ഫണ്ടമെന്റൽ തിയോളജി പ്രഫസർ ഗോട്ടിലെബ്‌ സൊഹെൻഗെനിൻറെ കീഴിൽ സർവകലാശാലാ ആധ്യാപനത്തിനുള്ള യോഗ്യത നേടി. വിശുദ്ധ ബോണവെഞ്ചറിനെക്കുറിച്ചായിരുന്നു റാറ്റ്‌സിംഗർ ഗവേഷണ പഠനം നടത്തിയത്‌.

1959ൽ ബോൺ സർവകലാശാലയിൽ അദ്ധ്യാപകനായി. വിശ്വാസത്തിൻറെയും തത്ത്വശാസ്‌ത്രത്തിൻറെയും ദൈവം എന്ന വിഷയത്തിലായിരുന്നു ആദ്യ ക്ലാസ്‌. 1963ൽ മുൻസ്റ്റെർ സർവകലാശാലയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട്‌ ദൈവശാസ്‌ത്ര പണ്ഡിതനെന്ന നിലയിൽ വിഖ്യാതനായിക്കഴിഞ്ഞ ഫാ. ജോസഫ്‌ റാറ്റ്‌സിംഗർ മുൻസ്റ്റെറിൽ നിറഞ്ഞ സദസ്സിനു മുമ്പാകെയാണ്‌ ആദ്യ പ്രഭാഷണം നടത്തിയത്‌.

മുതൽ 1963 വരെ ബോണിൽ അദ്ധ്യാപകനായിരുന്നു. 1962 മുതൽ 65 വരെ രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആർച്ച്‌ ബിഷപ്പ്‌ കർദ്ദിനാൾ ജോസഫ്‌ ഫ്രിംഗ്‌സിൻറെ ദൈവശാസ്‌ത്ര ഉപദേശകനെന്ന നിലയിൽ നിർണായക സംഭാവനകൾ നൽകി. ഇക്കാലയളവിൽ ഹാൻസ്‌ കുംഗ്‌, എഡ്വേഡ്‌ ഷില്ലെബീക്‌സ്‌ തുടങ്ങിയവർക്കൊപ്പം സഭയിലെ പരിഷ്‌കരണ വാദികളായ ദൈവശാസ്‌ത്രജ്ഞരിലൊരാളായി കർദ്ദിനാൾ റാറ്റ്‌സിംഗർ അംഗീകരിക്കപ്പെട്ടു. ദൈശവശാസ്‌ത്രത്തിലെ അഗാധ പാണ്ഡിത്യം കണക്കിലെടുത്ത്‌ ജർമൻ ബിഷപ്‌സ്‌ കോൺഫറൻസിൻറെയും അന്താരാഷ്‌ട്ര ദൈവശാസ്‌ത്ര കമ്മീഷൻറെയും നിർണായക പദവികളിൽ അദ്ദേഹം നിയമിതനായി.

1963 മുതൽ 1966 വരെ മുൻസ്റ്റെറിലും 1966 മുതൽ 1969 വരെ തുബിൻഗെനിലും അദ്ധ്യാപകനായി പ്രവർത്തിച്ചു. 1969ൽ റീഗൻസ്ബർഗ് സർവകലാശാലയിൽ ഗവേഷണ മേധാവിയായും സർവകലാശാലാ വൈസ്‌ പ്രസിഡൻറായും പ്രവർത്തിച്ചു. 1968ൽ എഴുതിയ ക്രിസ്‌തീയതക്ക്‌ ആമുഖം എന്ന പുസ്‌തകത്തിൽ തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ്‌ സഭയിലെ ഭിന്ന സ്വരങ്ങൾ കേൾക്കാൻ മാർപ്പാപ്പ ബാധ്യസ്ഥനാണെന്ന്‌ റാറ്റ്‌സിംഗർ ചൂണ്ടിക്കാട്ടി. സഭക്ക്‌ കേന്ദ്രീകൃത സ്വഭാവും നിയമ വിധേയത്വവും കൂടുതലാണെന്നും റോമിൽനിന്ന്‌ അമിത നിയന്ത്രണമുണ്ടെന്നും അദ്ദഹം എഴുതി.

1969ൽ റീഗൻസ്‌ബർഗ്‌ സർവകലാശാലയിൽ സേവനമാരംഭിച്ച റാറ്റ്‌സിംഗർ ഹാൻസ്‌ ഉർസ വോൺ ബൽത്തസർ, ഹെന്റി ഡേ ലുബാക്‌, വാൾട്ടർ കാസ്‌പെർ തുടങ്ങിയവർക്കൊപ്പം കമ്യൂണോ എന്ന ദൈവശാസ്‌ത്ര പ്രസിദ്ധീകരണത്തിൻറെ പ്രസാധനത്തിന്‌ മുൻകൈ എടുത്തു. 1972ലാണ്‌ കമ്യൂണോയുടെ ആദ്യ പ്രതി പുറത്തിറങ്ങിയത്‌. പിൽക്കാലത്ത്‌ ഒന്നാംകിട കത്തോലിക്കാ ദൈവശാസ്‌ത്ര പ്രസിദ്ധീകരണങ്ങളിലൊന്നായി വളർന്ന കമ്യൂണോ ഇന്ന്‌ പതനേഴു ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്‌. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ കമ്യൂണോയുടെ പ്രധാന എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം.

അർച്ച്‌ബിഷപ്പ്‌, കർദ്ദിനാൾ

തിരുത്തുക

1977 മാർച്ച്‌ 25ന്‌ പോൾ ആറാമൻ മാർപ്പാപ്പ ജോസഫ്‌ റാറ്റ്‌സിംഗറെ മ്യൂണിക്‌ ആർച്ച്‌ ബിഷപ്പായി നിയമിച്ചു. അതേ വർഷം മെയ്‌ 28ന്‌ അദ്ദേഹം അഭിഷിക്തനായി. എൺപതു വർഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആർച്ച്‌ ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദ്ദേഹം.

അതേ വർഷം ജൂൺ 27ന്‌ പോൾ ആറാമൻ മാർപ്പാപ്പ ആർച്ച്‌ ബിഷപ്പ്‌ ജോസഫ്‌ റാറ്റ്‌സിംഗറെ കർദ്ദിനാളായി ഉയർത്തി. ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയെ തെരഞ്ഞെടുത്ത 1978 ഓഗസ്റ്റിലെ പേപ്പൽ കോൺക്ലേവിൽപങ്കെടുത്ത കർദ്ദിനാൾ റാറ്റ്‌സിംഗർ അതേ വർഷം സെപ്‌റ്റംബറിൽ ഇക്വഡോറിലെ ഗുയൈക്വിലിൽ നടന്ന പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട മൂന്നാമത്‌ രാജ്യാന്തര സമ്മേളനത്തിൽ മാർപ്പാപ്പയെ പ്രതിനിധീകരിച്ചു. ഒക്‌ടോബറിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിലും പങ്കെടുത്തു. 1980ൽ ഇന്നത്തെ ലോകത്ത്‌ ക്രിസ്‌തീയ കുടുംബത്തിൻറെ ദൗത്യം എന്ന വിഷയത്തിൽ നടന്ന അഞ്ചാമത്ത്‌ സാധാരണ ജനറൽ അസംബ്ലിയുടെ റിലേറ്ററായിരുന്ന അദ്ദേഹം 1983ൽ ആറാമത്‌ ജനറൽ അസംബ്ലിയുടെ ഡെലഗേറ്റ്‌ പ്രസി‍ഡൻറായിരുന്നു.

വിശ്വാസ തിരുസംഘം അധ്യക്ഷൻ

തിരുത്തുക

1981 നവംബർ 25ന്‌ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കർദിനാൾ റാറ്റ്‌സിംഗറെ വിശ്വാസ തിരുസംഘത്തിൻറെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്‌ത്ര കമ്മീഷൻറെയും പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻറെയും പ്രസിഡൻറായും നിയമിച്ചു.

1982 ഫെബ്രുവരി 15ന്‌ മ്യണിക്‌ ആന്റ്‌ ഫ്രൈയ്‌സിംഗ്‌ അതിരൂപതയുടെ അജപാലന ചുമതല അദ്ദേഹം രാജിവെച്ചു. 1993 ഏപ്രിൽ അഞ്ചിന്‌ മാർപ്പാപ്പ അദ്ദേഹത്തെ വെല്ലെറ്റി -സെഗ്നി കർദ്ദിനാൾ ബിഷപ്പായും1998 നവംബർ ആറിന്‌ കർദ്ദിനാൾ സംഘത്തിൻറെ വൈസ്‌ ഡീനായും 2002 നവംബർ 30ന്‌ ഡീനായും ഉയർത്തി.

ഇക്കാലങ്ങളിലെല്ലാം ജനന നിയന്ത്രണം, സ്വവർഗ ലൈംഗികത, മതാന്തര സംവാദം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾ അരക്കിട്ടുറപ്പിക്കുന്നതിൽ കർദ്ദിനാൾ റാറ്റ്‌സിംഗർ പ്രത്യേക ശ്രദ്ധ ചെലുത്തി. വിശ്വാസ തിരുസംഘത്തിൻറെ പ്രിഫെക്‌ട്‌ ആയിരിക്കെ ലാറ്റിൻ അമേരിക്കയിലെ ചില വിമോചന ദൈവശാശ്‌ത്ര പ്രചാരകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. 1984ലും 1986ലും വിമോചന ദൈവശാസ്‌ത്രത്തെ ശക്തമായ ഭാഷയിൽ അപലപിച്ച കർദ്ദിനാൾ റാറ്റ്‌സിംഗർ ഇത്‌ മനുഷ്യർക്കിടയിൽ വെറുപ്പം ആക്രമണോത്സുകതയും വളർത്തുന്ന മാർക്‌സിസ്റ്റ്‌ പ്രവണതയാണെന്ന്‌ ആരോപിച്ചു. റോമൻ കൂരിയയിൽ പൗരസ്‌ത്യ തിരുസംഘം ഉൾപ്പെടെ നിരവധി വിഭാഗങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്‌.

മാർപ്പാപ്പ തിരഞ്ഞെടുപ്പ്‌

തിരുത്തുക

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മരിക്കുകയോ പദവിയിൽ തുടരാനാകാത്ത വിധം അദ്ദേഹത്തിൻറെ ആരോഗ്യം ക്ഷയിക്കുകയോ ചെയ്യുന്ന പക്ഷം പിൻഗാമായാകൻ പരിഗണിക്കപ്പെടുന്നവരിൽ ഒന്നാം സ്ഥാനത്തുള്ളത്‌ കർദ്ദിനാൾ ജോസഫ്‌ റാറ്റ്‌സിംഗറാണെന്ന്‌ പേരു വെളിപ്പെടുത്താത്ത വത്തിക്കാൻ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈം മാസിക 2005 ജനുവരിയിൽ റിപ്പോർട്ട്‌ ചെയ്‌തു.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മരണത്തിനു പിന്നാലെ കർദ്ദിനാൾ ജോസഫ്‌ റാറ്റ്‌സിംഗർ അടുത്ത മാർപ്പാപ്പയാകുമെന്ന്‌ ഏറെക്കുറെ ഉറപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. 2005 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു പേരുടെ പട്ടികയിലേക്ക്‌ അദ്ദേഹത്തെ ടൈം മാസിക തെരഞ്ഞെടുത്തു.

അതേസമയം ആധുനിക കാലത്ത്‌ മാർപ്പായുടെ തെരഞ്ഞെടുപ്പു സംബന്ധിച്ച പ്രവചനങ്ങൾ അപൂർവമായേ യാഥാർത്ഥ്യമായിട്ടുള്ളു എന്നതുകൊണ്ട്‌ കർദ്ദിനാൾ റാറ്റ്‌സിംഗർക്ക്‌ സാധ്യതയില്ലെന്ന പ്രചാരണങ്ങളുമുണ്ടായി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും മുൻഗാമിയായ ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയും അപ്രതീക്ഷിതമായാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

അതുകൊണ്ടുതന്നെ സാധ്യതാ പട്ടികയിൽ മുൻനിരക്കാരനായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ തെരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു തരത്തിൽ അപ്രതീക്ഷിതമായി. 2005 ഏപ്രിൽ 19ന്‌ പേപ്പൽ കോൺക്ലേവിൻറെ രണ്ടാം ദിനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

ഒരു പ്രത്യേക സാഹചര്യത്തിൽ ഞാൻ ദൈവത്തോട്‌ പ്രാർത്ഥിച്ചു ഇത്‌ എന്നോടു ചെയ്യരുതേ എന്ന്‌...പക്ഷെ, ഇക്കുറി അവിടുന്ന്‌ എന്റെ പ്രാർത്ഥന കേട്ടില്ല. വിരമിക്കുന്നതിന്‌ താൻ മുൻപ്‌ ആഗ്രഹം പ്രകടിപ്പിച്ചതു പരാമർശിച്ച്‌ അദ്ദേഹം പറഞ്ഞു.

മധ്യകാലഘട്ടത്തിലെ വിഖ്യതാനായ ജർമൻ മാർപ്പാപ്പലിയോ ഒമ്പതാമൻറെ ഓർമദിവസമാണ്‌ ജർമനിയിൽനിന്നുള്ള പുതിയ മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പ്‌ നടന്നത്‌ എന്നതും ശ്രദ്ധേയമായി.

കർദ്ദിനാൾ തിരുസംഘത്തിൻറെ പ്രോട്ടോഡീക്കൻ ജോർജ്‌ മെദിന എസ്‌തെവെസ്‌ പുതിയ മാർപ്പാപ്പ䴯ുടെ പേരു പ്രഖ്യാപിച്ചു. സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്ക പരിസരത്ത്‌ തടിച്ചുകൂടിയിരുന്ന വിശ്വാസി സമൂഹത്തെ ഇറ്റാലിയൻ, സ്‌പാനിഷ്‌, ഫ്രഞ്ച്‌, ജർമൻ, ഇംഗ്ലീഷ്‌ ഭാഷകളിൽ അഭിസംബോധന ചെയ്‌ത ശേഷമാണ്‌ കർദ്ദിനാൾ എസ്‌തെവെസ്‌ ലത്തീൻ ഭാഷയിൽ പ്രഖ്യാപനം നടത്തിയത്‌*

ബസലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട പുതിയ മാർപ്പാപ്പ ഇറ്റാലിയനിലാണ്‌ ആദ്യമായി സംസാരിച്ചത്‌. തുടർന്ന്‌ ലത്തീൻ ഭാഷയിൽ പരമ്പരാഗത ഉർബി ഇത്‌ ഓർബി പ്രഭാഷണം നടത്തി.

പ്രിയ സഹോദരി സഹോദരൻമാരേ, ശ്രേഷ്‌ഠനായ ജോൺ പോൾ രണ്ടാമനു ശേഷം കർദ്ദിനാൾമാർ ദൈവത്തിൻറെ മുന്തിരിത്തോപ്പിലെ വിനീത വേലക്കാരനായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. ഉപകരണങ്ങളുടെ അപര്യാപ്‌തത എനിക്കു മുന്നിലുണ്ടെങ്കിലും എങ്ങനെ ജോലി ചെയ്യണമെന്ന്‌ ദൈവത്തിനറിയാം. എല്ലാത്തിനുമപരിയായി എന്നെ നിങ്ങളുടെ പ്രാർത്ഥനക്കായി സമർപ്പിക്കുന്നു. തിരുവുദ്ധാനത്തിൻറെ ആഹ്ലാദത്തിലും അവിടുത്തെ അവസാനിക്കാത്ത കൃപാകടാക്ഷത്തിലുള്ള ആത്മവിശ്വാസത്തിലും നമുക്ക്‌ മുന്നോട്ടു നീങ്ങാം. ദൈവം നമ്മെ സഹായിക്കും. അവിടുത്തെ പരിശുദ്ധ മാതാവ്‌ നമ്മോടൊപ്പമുണ്ടാകും. നന്ദി.

ഏപ്രിൽ 24ന്‌ വിശുദ്ധ പത്രോസിൻറെ ചത്വരത്തിൽ പ്രഥമ ദിവ്യബലി മധ്യേ അദ്ദേഹത്തെ പാല്ലിയവും മുക്കുവൻറെ മോതിരവും അണിയിച്ചു. മെയ്‌ ഏഴിന്‌ അദ്ദേഹം തന്റെ കത്തീഡ്രൽ ദേവാലയമായ അർച്ച്‌ സെൻറ് ജോൺ ലാറ്ററൻ ആർച്ച്‌ ബസിലിക്കയുടെ ചുമതലയേറ്റു.

നുർസിയയിലെ വിശുദ്ധ ബെനെഡിക്‌ടിന്റെയും ഒന്നാം ലോക മഹായുദ്ധ കാലത്തെ മാർപ്പാപ്പയായിരുന്ന ബെനെഡിക്‌ട്‌ പതിനഞ്ചാമൻറെയും ബഹുമാനാർത്ഥമാണ്‌ അനുഗൃഹീതൻ എന്ന്‌ അർത്ഥമുള്ള ബെനെഡിക്‌ട്‌ എന്ന പേര്‌ കർദ്ദിനാൾ റാറ്റ്‌സിംഗർ തെരഞ്ഞെടുത്തത്‌.

സഭാഭരണം

തിരുത്തുക

പുതിയ മാർപ്പാപ്പയുടെ പ്രഥമ ദിവ്യബലിയിൽ കർദ്ദിനാൾമാർ ഓരോരുത്തരായി അദ്ദേഹത്തോട്‌ വിധേയത്വം പ്രഖ്യാപിച്ച്‌ ആശീർവാദം വാങ്ങുന്ന പതിവുണ്ട്‌. ഇതിനു പകരം ബെനഡിക്‌ട്‌ പതിനാറാമൻറെ പ്രഥമ ദിവ്യബലിയിൽ കർദ്ദിനാൾമാർ വൈദികർ അൽമായർ,ദമ്പതികൾ, കുട്ടികൾ, പുതിയതായി സ്ഥൈര്യലേപനം സ്ഥീകരിച്ചവർ തുടങ്ങിവരുടെ പ്രതിനിധികളായി പന്ത്രണ്ടുപേർ അദ്ദേഹത്തിന്‌ ആശംസയറിയിക്കുകയായിരുന്നു. (തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുതന്നെ കർദ്ദിനാൾമാർ മാർപ്പാപ്പയോടുള്ള വിധേയത്വം പ്രഖ്യാപിച്ചിരുന്നു).

വിശ്വാസികളോട്‌ കൂടുതൽ അടുത്ത്‌ ഇടപഴകുന്നതിനായി തുറന്ന പേപ്പൽ കാറാണ്‌ ബെനെഡിക്‌ട്‌ പതിനാറാമൻ തെരഞ്ഞെടുത്തത്‌. റോമിൻറെ മെത്രാൻ എന്ന നിലയിൽ എല്ലാ വർഷാരംഭത്തിലും സിസ്റ്റൈൻ ചാപ്പലിൽ നവജാതത ശിശുക്കളെ മാമ്മോദീസ മുക്കുന്ന ചടങ്ങ്‌ ജോൺ പോൾ രണ്ടാമനെപ്പോലെ ബെനെഡിക്‌ട്‌ പതിനാറാമനും തുടർന്നു.

മാർപ്പാപ്പയുടെ സ്ഥാനിക മുദ്രയിൽ ലൗകിക അധികാരത്തിൻറെ പ്രതീകമായിരുന്ന മൂന്നു തട്ടുകളുള്ള കിരീട (റ്റിയാറ )ത്തിനു പകരം ആത്മീയാധികാരത്തിൻറെ പ്രതീകമായ പൗരാണിക കിരീടം(മെറ്റ്‌ർ) ഉൾപ്പെടുത്തി. പരമ്പരാഗതമായ പാല്ലിയവും അദ്ദേഹം ധരിക്കുന്നുണ്ട്‌.

നാമകരണ നടപടികൾ

തിരുത്തുക

തന്റെ മുൻഗാമിയായിരുന്ന ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിൻറെ പ്രാരംഭ നടപടിയായ നാമകരണത്തിന്‌ 2005 മെയ്‌ ഒമ്പതിന്‌ ബെനെഡിക്‌ട്‌ പതിനാറാമൻ തുടക്കം കുറിച്ചു. സാധാരണ ഗതിയിൽ ഒരാൾ മരിച്ച്‌ ചുരുങ്ങിയത്‌ അഞ്ചു വർഷം പിന്നിട്ട ശേഷമാണ്‌ നാമകരണ പ്രക്രിയ ആരംഭിക്കുക. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഈ സമയപരിധിയിൽ മാറ്റം വരുത്താവുന്നതാണെന്ന്‌ നാമകരണത്തിൻറെ ചുമതല വഹിക്കുന്ന റോം രൂപതാ വികാരി ജനറാൾ കാമില്ലോ റൂയിനി വ്യക്താക്കിയിട്ടുണ്ട്‌. മുൻപും പ്രത്യേക സാഹചര്യങ്ങളിൽ അഞ്ചു വർഷം തികയുന്നതിനു മുൻപ്‌ നാമകരണ നടപടി ആരംഭിച്ചിട്ടുണ്ട്‌.

പുതിയ മാർപ്പാപ്പ ചുമതലയേറ്റശേഷം ആദ്യമായി വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത്‌ മദർ മരിയാനെ കോപെയും മദർ അസെൻഷൻ നിക്കോൾ ഗോണിയുമാണ്‌. 2005 മെയ്‌ 14ന്‌ വിശുദ്ധീകരണ തിരുസംഘത്തിൻറെ പ്രീഫെക്‌ടായ കർദ്ദിനാൾ ഹോസെ സരാവിയ മാർട്ടിൻസാണ്‌ നാമകരണം നിർവഹിച്ചത്‌.

മുൻഗാമികളുടെ പതിവിൽനിന്ന്‌ വ്യത്യസ്‌തമായാണ്‌ വിശുദ്ധീകരണ തിരുക്കർമകളുടെ കാർമികനായി വിശുദ്ധീകരണ തിരുസംഘത്തിന്റെ പ്രീഫെക്‌ടിനെ ബെനെഡിക്‌ട്‌ പതിനാറാമൻ നിയോഗിച്ചത്‌.

വിശുദ്ധരെ പ്രഖ്യാപിക്കൽ

തിരുത്തുക

2005 ഒക്‌ടോബർ 23ന്‌ മെത്രാൻമാരുടെ സിനഡിന്‌ സമാപനം കുറിച്ച്‌ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ദിവ്യബലിയിലാണ്‌ ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പ ചുമതലേയേറ്റശേഷം ആദ്യമായി വിശുദ്ധരുടെ പ്രഖ്യാപനം നടന്നത്‌. ആർച്ച്‌ ബിഷപ്പ്‌ ജോസഫ്‌ ബിൽസെവ്‌സ്‌കി(ഉക്രൈൻ), ഫാ. ആൽബെർട്ടോ ഹുർട്ടാഡോ(ചിലി), ഫാ. സിഗ്‌മണ്ട്‌ ഗൊരാസ്‌ദോവ്‌സ്‌കി(പോളണ്ട്‌), ഫാ. ഗയെറ്റാനൊ കറ്റനോസോ(ഇറ്റലി) എന്നിവരെയാണ്‌ അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ചത്‌.

പ്രബോധനങ്ങൾ

തിരുത്തുക

യേശുക്രിസ്‌തുവുമായുള്ള സൗഹൃദം എന്നതാണ്‌ ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ പ്രബോധനങ്ങളുടെ പ്രധാന വിഷയം. കൃത്രിമ ജനനനിയന്ത്രണം, ഗർഭഛിദ്രം, സ്വവർഗ്ഗ ലൈംഗികത എന്നീ വിഷയങ്ങളിൽ വളരെ കടുത്ത നിലപാടുകളാണ്‌ അദ്ദേഹം സ്വീകരിക്കുന്നത്‌. ഈ വിഷയങ്ങളിൽ തൻറെ മുൻഗാമിയെപ്പോലെ അദ്ദേഹം സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിൽ ഉറച്ചുനിൽക്കുന്നു. സ്വതന്ത്ര ചിന്താഗതികൾ മൂലം പാശ്ചാത്യ ലോകത്ത്‌ സഭയ്ക്കുണ്ടായ ക്ഷീണത്തിൽനിന്നും കരകയറാൻ വിശ്വാസ സംബന്ധിയായി കർക്കശനിലപാടുകൾ സ്വീകരിക്കാനാണ്‌ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്‌.

മതസൗഹാർദ്ദ നീക്കങ്ങൾ

തിരുത്തുക

വിമത കത്തോലിക്കർ

തിരുത്തുക

റോമൻ കത്തോലിക്കാ സഭാ നേതൃത്വവുമായി 1975 മുതൽ അഭിപ്രായ ഭിന്നതയിൽ കഴിയുന്ന വിശുദ്ധ പത്താം പീയുസിന്റെ സമൂഹത്തിന്റെ പ്രതിനിധി ബിഷപ്പ്‌ ബെർനാഡ്‌ ഫെലേയുമായി 2006 ഓഗസ്റ്റ്‌ 29ന്‌ മാർപ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തി. കർദ്ദിനാൾ റാറ്റ്‌സിംഗറെ മാർപ്പാപ്പയായി തെരഞ്ഞെടുത്തതിനെ ബിഷപ്പ്‌ ബെർനാഡ്‌ ഫെലേ നേരത്തെ സ്വാഗതം ചെയ്‌തിരുന്നു.

ഓർത്തഡോക്‌സ്‌ സഭകൾ

തിരുത്തുക

വത്തിക്കാൻ ഇയർ ബുക്കിൽനിന്ന്‌ പടിഞ്ഞാറിന്റെ പാത്രിയാർക്കീസ്‌ എന്ന തന്റെ പദവി നീക്കം ചെയ്യാനുള്ള ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ തീരുമാനത്തിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമിനിക്കൽ ഓർത്തഡോക്‌സ്‌ പാത്രിയാർക്കേറ്റിലെ മെത്രാൻമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യേശുക്രിസ്‌തുവിന്റെ വികാരി, ആഗോള സഭയുടെ പരമോന്നത വൈദികൻ എന്നീ വിശേഷണങ്ങൾ നിലനിർത്തി പടിഞ്ഞാറിന്റെ പാത്രീയാർക്കീസ്‌ എന്ന പദവി നീക്കം ചെയ്യുന്നത്‌ മാർപ്പാപ്പക്ക്‌ ആഗോള തലത്തിലുള്ള അധികാരത്തിന്റെ പരോക്ഷ സൂചനയാണെന്നും ഇത്‌ ഓർത്തഡോക്‌സ്‌ സഭാ വിഭാഗങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും 2006 ജൂൺ എട്ടിന്‌ ഓർത്തഡോക്‌സ്‌ ബിഷപ്പ്‌സ്‌ സിനഡ്‌ സെക്രട്ടറി പുറത്തിറക്കിയ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. എന്നാൽ പടിഞ്ഞാറിന്റെ പാത്രിയാർക്കീസ്‌ എന്ന വിശേഷണം ഒഴിവാക്കിയതിനു പിന്നിൽ പൗരസ്‌ത്യ പാത്രിയാർക്കേറ്റിന്റെ പ്രാധാന്യം കുറക്കാനുള്ള ഉദ്ദേശ്യമില്ലെന്ന്‌ ക്രൈസ്‌തവ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ്‌ കർദ്ദിനാൾ വാൾട്ടർ കാസ്‌പെർ വ്യക്തമാക്കിയെങ്കിലും ഓർത്തഡോക്‌സ്‌ സിനഡ്‌ ഇത്‌ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഏതൻസ്‌ ആർച്ച്‌ബിഷപ്പ്‌ ക്രിറ്റോഡോളസ്‌ 2006 ഡിസംബർ 13ന്‌ ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയെ സന്ദർശിച്ചു. ഗ്രീസിലെ സഭയുടെ പ്രതിനിധി വത്തിക്കാനിൽ നടത്തുന്ന പ്രഥമ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്‌.

പ്രൊട്ടസ്റ്റന്റ്‌ സഭകൾ

തിരുത്തുക

ഫ്രാൻസിലെ പ്രധാന പ്രൊട്ടസ്റ്റന്റ്‌ സഭാ വിഭാഗമായ റീഫോംഡ്‌ ചർച്ച്‌ ഓഫ്‌ ഫ്രാൻസിന്‌ 2005ൽ മാർപ്പാപ്പ സന്ദേശമയച്ചിരുന്നു. പരിഗണനയുടെ സൂചനകൾ നൽകിയതിന്‌ സഭാ പ്രതിനിധികൾ മാർപ്പാപ്പക്ക്‌ നന്ദി അറിയിച്ചു. അതേ വർഷം ജർമനിയിലെ കോളോണിൽ നടത്തിയ പ്രഭാഷണത്തിലും അദ്ദേഹം പ്രൊട്ടസ്റ്റന്റ്‌ സഭകളെക്കുറിച്ച്‌ പരാമർശിച്ചിരുന്നു. 2006ൽ ആഗ്ലീക്കൻ സഭാ നേതാവായ കാന്റർബറി ആർച്ച്‌ബിഷപ്പ്‌ റൊവാൻ വില്യംസുമായി മാർപ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തി. ഇരു സഭകളും തമ്മിൽ നാലു പതിറ്റാണ്ടുകളായി നടന്നുവരുന്ന സംവാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംയുക്ത പ്രസ്‌താവന ഇരുവരും ചേർന്ന്‌ പുറത്തിറക്കുകയും ചെയ്‌തു. 2008 ജനുവരിയിൽ യോർക്ക്‌ ആർച്ച്‌ബിഷപ്പ്‌ ജോൺ സെന്റാമുവുമായി മാർപ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തി.

ലേറ്റർ ഡേ സെയ്‌ൻറ്സ്‌

തിരുത്തുക

2008ൽ അമേരിക്കൻ പര്യടന വേളയിൽ മാർപ്പാപ്പയുടെ സാന്നിധ്യത്തിൽ നടന്ന സർവമതപ്രാർത്ഥനാ സമ്മേളനത്തിൽ ദ ചർച്ച്‌ ഓഫ്‌ ജീസസ്‌ ക്രൈസ്റ്റ്‌ ഓഫ്‌ ലേറ്റർ ഡേ സെയ്‌ന്റ്‌സ്‌ പ്രതിനിധികളെയും ക്ഷണിച്ചിരുന്നു. ഇതാദ്യമായാണ്‌ മാർപ്പാപ്പയുടെ ഒരു ചടങ്ങിൽ ഈ സഭക്ക്‌ ക്ഷണം ലഭിച്ചത്‌.

മതാന്തര സംവാദം

തിരുത്തുക

മറ്റു മതങ്ങളുമായി സംവാദം നടത്താനും ബന്ധം മെച്ചപ്പെടുത്താനും ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. അദ്ദേഹത്തിന്റെ ചില നിലപാടുകൾ വിവാദങ്ങൾക്ക്‌ വഴിതെളിക്കുകയും ചെയ്‌തു.

യഹൂദ മതം

തിരുത്തുക

ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പിനെ ലോക ജൂത കോൺഗ്രസ്‌ സ്വാഗതം ചെയ്‌തിരുന്നു. ജൂത മതത്തിന്റെ ചരിത്രത്തോടും ഹിറ്റ്ലറുടെ കൂട്ടക്കുരിതിയോടും അദ്ദേഹം പുലർത്തുന്ന വൈകാരികമായ സമീപനത്തെ കോൺഗ്രസ്‌ പുറത്തിറക്കിയ പ്രസ്‌താവനയിൽ പ്രത്യേകം പരാമർശിച്ചിരുന്നു. എന്നാൽ ജൂത വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഒരു പോളിഷ്‌ വൈദികനുമായി മാർപ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തിയത്‌ ആഗോള വ്യാപകമായി ജൂതൻമാരുടെ പ്രതിഷേധത്തിന്‌ ഇടയാക്കി. മാർപ്പാപ്പയുടെ നടപടി തങ്ങളെ ഞെട്ടിച്ചതായി യൂറോപ്യൻ ജൂത കോൺഗ്രസ്‌ വത്തിക്കാനയച്ച കത്തിൽ വ്യക്തമാക്കി.

ഇസ്‌ലാം

തിരുത്തുക

താൻ മുൻപ്‌ അദ്ധ്യാപകനായിരുന്ന ജർമനിയിലെ റീഗൻസ്‌ബർഗ്‌ സർവകലാശാലയിൽ 2006 സെപ്‌റ്റംബറിൽ നടത്തിയ പ്രഭാഷണത്തിനിടെ ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പ ഉപയോഗിച്ച ഒരു ഉദ്ധരണി ആഗോള വ്യാപകമായി മുസ്‌ലിം സമൂദായത്തിന്റെ പ്രതിഷേധങ്ങൾക്ക്‌ ഇടയാക്കി. ഇതേ തുടർന്ന്‌ മാർപ്പാപ്പ ക്ഷമാപണം നടത്തി.

ബുദ്ധമതം

തിരുത്തുക

മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തിബത്തൻ ബുദ്ധമതസ്ഥരുടെ ആത്മീയാചാര്യൻ ദലൈലാമ ബെനെഡിക്‌ടിക്‌ പതിനാറാമനെ അഭിനന്ദിച്ചിരുന്നു. 2008 ഒക്‌ടോബറിൽ ദലൈലാമ വത്തിക്കാൻ സന്ദർശിച്ചു.

ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്‌ ഇദ്ദേഹം. ക്രിസതീയതക്ക്‌ ഒരു ആമുഖം എന്ന പേരിൽ 1968ൽ പ്രസിദ്ധീകരിച്ച പ്രഭാഷണ സമാഹാരം ഏറെ ശ്രദ്ധേയമാണ്‌. ദൈവശാസ്‌ത്രത്തിൽ വിശദമായ പഠനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട രേഖകളാണ്‌ ബനഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ രചനകൾ.

ആരോഗ്യം

തിരുത്തുക

പ്രായാധിക്യവുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ മൂലവും എഴുത്തിനായി കൂടുതൽ സമയം ചെലവഴിക്കാനുള്ള ആഗ്രഹം കൊണ്ടും വിശ്വാസ തിരുസംഘത്തിൻറെ അധ്യക്ഷ പദവിയിൽനിന്ന്‌ രാജിവെക്കാൻ തീരുമാനിച്ച കർദ്ദിനാൾ റാറ്റ്‌സിംഗർ മൂന്നു തവണ രേഖാമൂലം രാജി സമർപ്പിച്ചിരുന്നു. പക്ഷെ, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നിർദ്ദേശമനുസരിച്ച്‌ തുടരുകയായിരുന്നു.

1991 സെപ്‌റ്റംബറിൽ പക്ഷാഘാതത്തെ തുടർന്ന്‌ കാഴ്‌ച്ചശക്തി താൽകാലികമായി ക്ഷയിച്ചു. 1992ൽ ആൽപ്‌സിൽ അവധിക്കാലം ചെലവഴിക്കവെ വീണ്‌ തലക്ക്‌ പരിക്കേറ്റിരുന്നു. 2005 മേയിൽ കർദ്ദിനാൾ റാറ്റ്‌സിംഗർക്ക്‌ വീണ്ടും നേരിയ പക്ഷാഘാതമുണ്ടായതായി വത്തിക്കാൻ വെളിപ്പെടുത്തി. അദ്യത്തെ പക്ഷാഘാതം അദ്ദേഹത്തിൻറെ ഹൃദയത്തിൻറെ പ്രവർത്തനത്തെ ബാധിച്ചതായും അതുകൊണ്ട്‌ മരുന്ന്‌ കഴിക്കുന്നതായും വെളിപ്പെടുത്തലുണ്ടായി.

2006ൽ ബൈപാസ് ശസ്ത്രക്രിയക്ക് മുന്നോടിയായി മാർപ്പാപ്പയ്ക്ക് മറ്റൊരു ശസ്ത്രക്രിയ നടത്തിയതായി 2006ൽ അഭ്യൂഹം പരന്നു. 2009 ജൂലൈ 17ന് ആൽപ്സിൽ അവധിക്കാലം ചെലവഴിക്കവേ വീണ് വലതു കൈത്തണ്ട ഒടിഞ്ഞ ബെനഡിക്റ്റ് പതിനാറാമൻ ശത്രക്രിയക്ക് വിധേയനായി. പരിക്ക് ഗുരുതരമല്ലെന്ന് വത്തിക്കാൻ വൃത്തങ്ങൾ വെളിപ്പെടുത്തി.

പൊതു വിവരങ്ങൾ

തിരുത്തുക

ഉപേക്ഷിക്കപ്പെടുകയോ മറവിയിലാകുകയോ ചെയ്ത പല സ്ഥാനിക വേഷങ്ങളും ചിഹ്നങ്ങളും ബെനഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പ പുനരവതരിപ്പിച്ചു. ചുവന്ന നിറമുള്ള പേപ്പൽ ഷൂസാണ്‌ ഇതിൽ ഏറെ ശ്രദ്ധേയം. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആദ്യ നാളുകളിൽ ഉപയോഗിച്ചിരുന്നെങ്കിലും പേപ്പൽ ഷൂസ്‌ പിന്നീട്‌ വിസ്‌മൃതിയിലായിരുന്നു.

ഈ ഷൂസ്‌ ഇറ്റലിയിലെ ഒരു ഫാഷൻ ഡിസൈനിംഗ്‌ സ്ഥാപനം നിർമിച്ചതാണെന്ന്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നെങ്കിലും ഇത്‌ മാർപ്പാപ്പക്കു വേണ്ടി ഷൂ നിർമ്മിക്കുന്നയാൾതന്നെ തന്നെ തയ്യാറാക്കിയതാണെന്ന് വത്തിക്കാൻ വ്യക്തമാക്കി.

മാർപ്പാപ്പമാർ പരമ്പരാഗതമായി ശൈത്യകാലത്ത്‌ ഉപയോഗിച്ചിരുന്ന ചുവന്ന തൊപ്പിയായ കമൗറോ 2005 ഡിസംബർ 21 മുതൽ ബെനെഡിക്‌ട്‌ പതിനാറാമൻ ഉപയോഗിച്ചു തുടങ്ങി. ജോൺ 23ആമൻ മാർപ്പാപ്പയുടെ കാലത്താണ്‌ (1958-1963)കമൗറോ ഇതിനു മുമ്പ്‌ ഏറ്റവുമൊടുവിൽ ഉപയോഗിച്ചത്‌.

പുറത്ത്‌ പോകുമ്പോൾ ഉപയോഗിക്കുന്ന കാപെല്ലോ റൊമാനോ എന്ന തൊപ്പിയും ബെനഡിക്‌ട്‌ പതിനാറാമൻ പുനരവതരിപ്പിച്ചു. മുൻകാല മാർപ്പാപ്പമാർ വ്യാപകമായി ഉപയോഗിച്ചിരുന്ന കാപെല്ലോ റൊമാനോ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇടക്കിടെ മാത്രമെ ധരിച്ചിരുന്നുള്ളൂ. മൂന്ന തരം പേപ്പൽ മോസ്സെറ്റയും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്‌. ചുവപ്പു നിറമുള്ള വേനൽകാല മോസെറ്റ മാത്രമാണ്‌ ജോൺ പോൾ രണ്ടാമൻ ധരിച്ചിരുന്നത്‌. പോൾ ആറാമൻ മാർപ്പാപ്പ ഉപയോഗിച്ചിരുന്ന ശൈത്യകാല മോസ്സെറ്റയും പാസ്‌കൽാസെറ്റയുമാണ്‌ ബെനഡിക്‌ട്‌ പതിനാറാമൻ കൂട്ടിച്ചേർത്തത്‌.

സ്ഥാനാരോഹണ പ്രഭാഷണത്തിൽ പാല്ലിയത്തിൻറെ പ്രാധാന്യത്തെക്കുറിച്ച്‌ ബെനെഡിക്‌ട്‌ പതിനാറാമൻ വിശദമായി പ്രതിപാദിച്ചിരുന്നു. ആദ്യ സഹസ്രാബ്‌ദത്തിലെ മാർപ്പാപ്പമാർ ഉപയോഗിച്ചിരുന്ന പാല്ലിയമാണ്‌ അദ്ദേഹം തെരഞ്ഞെടുത്തത്‌. മാർപ്പാപ്പ പദത്തിൻറെയും സഭയുടെയും നൈരന്തര്യം വ്യക്തമാക്കാൻ ആരാധനാക്രമവുമായി ബന്ധപ്പെട്ട പല പ്രതീകങ്ങളും അദ്ദേഹം പുനരവതരിപ്പിച്ചു.

മാർപ്പാപ്പയുടെ വേഷവിതാനങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ആഡംബരമാണെന്ന്‌ വിഖ്യാത ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ ഫ്രാങ്കോ സെഫെറെലി ആരോപിച്ചിരുന്നു. ഇന്നത്തെ കാലത്ത്‌ സഭാ വസ്‌ത്രങ്ങൾക്ക്‌ അമിത ആഡംബരത്തിൻറെ ആവശ്യമില്ല. അമിത ആഡംബരമുള്ള വസ്‌ത്രങ്ങൾ മാർപ്പാപ്പയെ ചുറ്റുപാടുകളിൽനിന്ന്‌ അകറ്റി നിർത്തുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ആരാധനാക്രമ ആഘോഷങ്ങൾ പഴയകാലത്തിൻറെ തുടർച്ചയാണെന്ന്‌ വ്യക്തമാക്കാനാണെന്ന്‌ വത്തിക്കാൻ പറയുന്നു.

അപ്പസ്തോലിക സന്ദർശനങ്ങൾ

തിരുത്തുക

മാർപ്പാപ്പയായി ചുമതലയേറ്റ് മൂന്നു വർഷത്തിനുള്ളിൽതന്നെ ബെനഡിക്റ്റ് പതിനാറാമൻ ഇറ്റലിയിലും പുറത്തും ഒട്ടേറെ അപ്പസ്തോലിക യാത്രകൾ നടത്തി.ജൻമരാജ്യമായ ജർമനി അദ്ദേഹം രണ്ടു തവണ സന്ദർശിച്ചു. ലോക യുവജന ദിനാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു ആദ്യ യാത്ര. ബാല്യകാലം ചെലവഴിച്ച സ്ഥലങ്ങളിലേക്കായിരുന്നു രണ്ടാമത്തെ സന്ദർശനം.

പോളണ്ടിലും സ്പെയിനിലും മാർപ്പാപ്പക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ജർമനിയിലെ റീഗൻസ്ബർഗ് സർവകലാശാലയിൽഅദ്ദേഹം നടത്തിയ പ്രഭാഷണവുമായി ബന്ധപ്പെട്ടുയർന്ന വിവാദം കെട്ടടങ്ങും മുന്പായിരുന്നു മുസ്ലിം ഭൂരിപക്ഷ രാജ്യമായ തുർക്കിയിലേക്കുള്ള യാത്ര. മുസ്ലിം സംഘടനകളുടെ പ്രതിഷേധം മൂലം മാർപ്പാപ്പക്ക് തുർക്കിയിൽ കനത്ത സുരക്ഷ ക്രമീകരിച്ചിരുന്നു.ബർത്തലോമിയോ ഒന്നാമൻ പാത്രിയാർക്കീസുമായി ചേർന്ന് മാർപ്പാപ്പ നടത്തിയ സംയുക്ത പ്രഖ്യാപനം കത്തോലിക്ക-ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള അകലം കുറക്കുന്നതിനുള്ള നീക്കങ്ങളുടെ തുടക്കമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

2007ൽ ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമായ ബ്രസീൽ സന്ദർശിച്ച മാർപ്പാപ്പ അവിടെ ബിഷപ്പുമാരുടെ സമ്മേളത്തിൽ പങ്കെടുത്തു. അതേ വർഷം ജൂണിൽ വിശുദ്ധ ഫ്രാൻസീസ് അസീസിയുടെജൻസ്ഥലമായ അസീസിയേലേക്ക് മാർപ്പാപ്പ തീർത്ഥയാത്ര നടത്തി. സെപ്റ്റംബറിൽ ഓസ്ട്രിയയിൽ ത്രിദിന സന്ദർശനം നടത്തിയ മാർപ്പാപ്പ നാസി ക്യാന്പുകളിൽ കൊല്ലപ്പെട്ട വിയന്നയിലെ ജൂതൻമാരുടെ സ്മരണക്കായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.മിറാസസെലിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അദ്ദേഹം ദിവ്യബലി അർപ്പിക്കുകയും ചെയ്തു.

അമേരിക്കൻ പര്യടനം 2008

തിരുത്തുക

വൈദികർ ഉൾപ്പെട്ട ലൈംഗിക പീഡന വിവാദങ്ങളെ തുടർന്ന് അമേരിക്കയിലെ റോമൻ കത്തോലിക്കാ സഭ രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന വേളയിലാണ് 2008 ഏപ്രിൽ 15 മുതൽ 20 വരെ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ രാജ്യത്ത് സന്ദർശനം നടത്തിയത്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരു വൈദികനെ താൻ സംരക്ഷിച്ചതായി 2002ൽ ബോസ്റ്റൺ ആർച്ച് ബിഷപ്പ് നടത്തിയ വെളിപ്പെടുത്തലാണ് അമേരിക്കൻ കത്തോലിക്കാ സമൂഹത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ കോളിളക്കങ്ങളിലൊന്നിന് നാന്ദി കുറിച്ചത്. വൈദികരുടെ പീഡനങ്ങൾക്ക് വിധേയരായ അനേകമാളുകൾ ഇതേ തുടർന്ന് പരസ്യമായി രംഗത്തെത്തി.1960 മുതൽ 2002 വരെ അയ്യായിരത്തോളം വൈദികർ പതിനാലായിരത്തോളം കുട്ടികളെ പീഡിപ്പിച്ചതായാണ് കണക്ക്. പീഡനത്തിന് ഇരകളായവരും ബന്ധുക്കളും ഉൾപ്പെടെ അനേകം പേർ സഭ വിട്ടു. പള്ളികളുടെ ആസ്തികൾ വിറ്റുവരെ നഷ്ടപരിഹാരം കൊടുക്കാൻ സഭ നിർബന്ധിതമായി.

ഈ വിവാദത്തോട് മാർപ്പ എങ്ങനെ പ്രതികരിക്കും എന്നതാണ് അദ്ദേഹത്തിൻറെ അമേരിക്കൻ സന്ദർശന വേളയിൽ ലോകം ഉറ്റുനോക്കിയിരുന്നത്.അമേരിക്കയിലേക്കുള്ള യാത്രാമധ്യേതന്നെ മാർപ്പാപ്പ തൻറെ നിലപാട് വ്യക്തമാക്കി.ഒരുപാട് വൈദികർ ഉണ്ടാകുന്നതിനേക്കൾ നല്ല വൈദികർ ഉണ്ടാകുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം വിമാനത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടക്കാതെ സഭയുടെ വീഴ്ച്ചകൾ തുടർച്ചയായി ഏറ്റുപറയുകയും ക്ഷമാപണം നടത്തുകയും ചെയ്ത മാർപ്പാപ്പ ജനഹൃദയങ്ങൾ കീഴടക്കുന്നതാണ് അമേരിക്കയിൽ കണ്ടത്.

ആദ്യ ദിനത്തിൽ വാഷിംഗ്ടണിൽ കർദ്ദിനാൾമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുതൽ അവസാന ദിവസം ന്യുയോർക്ക് യാങ്കി സ്റ്റേഡിയത്തിൽ നടന്ന ദിവ്യബലിയിൽവരെ അദ്ദേഹം വിവാദത്തെക്കുറിച്ച് പരാമർശിക്കാൻ തയ്യാറായത് ശ്രദ്ധേയമായി. ഇതിനു പുറമെ ലൈംഗിക പീഡനങ്ങൾക്ക് വിധേയരായ നാലു പേരുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച്ച നടത്തിയ മാർപ്പാപ്പ അവരെ ആശ്വസിപ്പിച്ചു.അമേരിക്കയിൽ പര്യടനം നടത്തുന്ന മൂന്നാമത്തെ മാർപ്പാപ്പയാണെങ്കിലും പല കാര്യങ്ങളിലും ഒന്നാമത്തെ മാർപ്പാപ്പ എന്ന ഖ്യാതി കുറിച്ചാണ് അദ്ദേഹം മടങ്ങിയത്.

 
അമേരിക്കയിൽ പര്യടനത്തിനെത്തിയ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയെ പ്രസിഡൻറ് ജോർജ് ബുഷും ഭാര്യ ലോറയും മെരിലാൻറ് ആൻഡ്രൂസ് എയർ ബേസിൽ സ്വീകരിക്കുന്നു.

അമേരിക്കൻ പ്രസിഡൻറ് ജോർജ് ബുഷും ഭാര്യ ലോറയും വിമാനത്താവളത്തിലെത്തിയാണ് മാർപ്പാപ്പയെ സ്വീകരിച്ചത്. അമേരിക്കൻ പ്രസിഡൻറ് വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തുന്നത് അത്യപൂർവമാണ്. പതിനാറാം തീയതി തൻറെ 81ആം ജൻമദിനത്തിൽ വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ മാർപ്പാപ്പ കേക്ക് മുറിച്ചു. വലിയ ഇടയന് പിറന്നാൾ മംഗളങ്ങൾ നേരാൻ ഒട്ടേറെയാളുകൾ വൈറ്റ് ഹൗസിൻറെ സൗത്ത് ലോണിൽ എത്തി.

ഓവൽ ഓഫീസിൽ ബുഷുമായി കൂടിക്കാഴ്ച്ച നടത്തിയ മാർപ്പാപ്പ വൈകുന്നേരം പ്രസി‍ഡൻറിനും ഭാര്യക്കുമൊപ്പം പ്രാർത്ഥന നടത്തുകയും രാജ്യത്തെ കത്തോലിക്കാ വൈദിക ശ്രേഷ്ഠരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.17ആം തീയതി രാവിലെ വാഷിംഗ്ടണിലെ നാഷണൽ ബേസ്ബോൾ സ്റ്റേഡിയത്തിൽ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 48000ഓളം പേർ പങ്കെടുത്തു.

തുടർന്ന് അമേരിക്കയിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളുമായും വിവിധ മത പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. 18ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത മാർപ്പാപ്പ മനുഷ്യാവകാശ സംരക്ഷണത്തിൽ എല്ലാ രാജ്യങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഉദ്ബോധിപ്പിച്ചു. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിൽ ചില രാജ്യങ്ങളുടെ ഏകപക്ഷീയ സമീപനങ്ങൾ അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടർന്ന് ന്യോയോർക്കിലെ പാർക്ക് ഈസ്റ്റ് ജൂത സിനഗോഗിൽ മാർപ്പാപ്പ നടത്തിയ സന്ദർശനവും ചരിത്രത്തിൽ ഇടം നേടി. അമേരിക്കയിൽ ഒരു സിനഗോഗ് സന്ദർശിക്കുന്ന ആദ്യ മാർപ്പാപ്പയാണ് ബെനഡിക്റ്റ് പതിനാറാമൻ. ജൂതൻമാരുടെ പരിവർത്തനത്തിനുവേണ്ടിയുള്ള പ്രാർത്ഥന ദുഃഖവെള്ളിയാഴ്ച്ചയിലെ തിരുക്കർമങ്ങളിൽ ഉൾപ്പെടുത്തിയതിനെ തുടർന്നുള്ള വിവാദം തുടരുന്നതിനിടെയാണ് മാർപ്പാപ്പ സിനഗോഗിലെത്തിയത്.

സഭയെ പ്രശ്നങ്ങളിൽനിന്ന് മുന്നോട്ടു നയിക്കാൻ വൈദികരും വിശ്വാസികളും ബിഷപ്പുമാരോട് സഹകരിക്കണമെന്ന് സെൻറ് പാട്രിക് കത്തീഡ്രലിലെ ദിവ്യബലിമധ്യേ മാർപ്പാപ്പ നിർദ്ദേശിച്ചു. 19ന് യോങ്കേഴ്സിലെ സെൻറ് ജോസഫ് സെമിനാരിയിൽ അംഗവൈകല്യം ബാധിച്ച കുട്ടികളുമായി ഏതാനും മിനിറ്റ് ചെലവഴിച്ച ശേഷം മുപ്പതിനായിരത്തോളം യുവതീയ യുവാക്കൾ അണിനിരന്ന റാലിയെ അഭിസംബോധന ചെയ്തു.

തീവ്രവാദി ആക്രമണത്തിൽ തകർന്ന വേൾഡ് ട്രേഡ് സെൻറർ നിലനിന്നിരുന്ന ന്യുയോർക്കിലെ ഗ്രൗണ്ട് സീറോയിൽ 20ന് സന്ദർശനം നടത്തിയ മാർപ്പാപ്പ അവടെ മരിച്ചവർക്കും കുടുംബാംഗങ്ങൾക്കും ലോക സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും ദുരന്തത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരുടെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.ന്യോയോർക്കിലെ യാങ്കി സ്റ്റേഡിയത്തിൽ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിലും പതിനായിരങ്ങൾ പങ്കെടുത്തു. അന്നു വൈകുന്നേരം ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ വൈസ് പ്രസിഡൻറ് ഡിക് ചെനിയുടെ നേതൃത്വത്തിൽ മാർപ്പാപ്പക്ക് യാത്രയയ്പ്പ് നൽകി.

അമേരിക്കയിൽ കത്തോലിക്കാ വൈദികരുടെ എണ്ണം 1965ൽ 58,000മായിരുന്നത് 2007ൽ 41,500 ആയി കുറഞ്ഞതായാണ് ജോർജ് ടൗൺ സർവകലാശാലയിലെ സെൻറർ ഫോർ അപ്ലൈഡ് റിസർച്ചിൻറെ കണക്ക്. അതേസമയം വിശ്വാസികളുടെ സഖ്യ 1965ലെ 45.6 ദശലക്ഷത്തിൽനിന്ന് 64.4 ദശലക്ഷമായി ഉയർന്നു.

മാർപ്പാപ്പയുടെ സന്ദർശനം രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന് ഉണർവ് പകർന്നതായി അമേരിക്കൻ മാധ്യമങ്ങൾ വിലയിരുത്തി. സന്ദർശനം ലക്ഷ്യ മിട്ടിരുന്നതിലും വലിയ വിജയമായെന്ന് വത്തിക്കാൻ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാർദി പറഞ്ഞു.

ലോക യുവജന ദിനം (സിഡ്നി-2008)

തിരുത്തുക

2008 ജൂലെ 15 മുതൽ 20 വരെ ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന ലോകമെമ്പാടുമുള്ള കത്തോലിക്കാ യുവനജങ്ങളുടെ സമ്മേളനമായ ലോക യുവജനദിനത്തിൻറെ പ്രധാന ആകർഷണം മാർപ്പാപ്പയുടെ സാന്നിധ്യമായിരുന്നു.

ബെനെഡിക്‌ട്‌ പതിനാറാമൻറെ പ്രഥമ ഓസ്‌ട്രേലിയൻ പര്യടനമായിരുന്നു ഇത്‌. പതിനാലാം തീയതി ഓസ്‌ട്രേലിയയിൽ എത്തിയ അദ്ദേഹം പതിനേഴാം തീയതിയാണ്‌ വേൾഡ്‌ യൂത്ത്‌ ഡേ വേദിയിൽ പ്രത്യക്ഷപ്പെട്ടത്‌. സൂപ്പർ തേസ്‌ഡേ എന്ന്‌ മാധ്യമങ്ങൾ വിശേഷിപ്പിച്ച ദിവസം ജാക്‌സൺ തുറമുഖത്തിനു ചുറ്റും ബോട്ടിൽ സഞ്ചരിച്ച മാർപ്പാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്‌തു.

തുടർന്ന്‌ ബറാംഗാരുവിൽ 170 രാജ്യങ്ങളിൽനിന്നുള്ള യുവതീയുവാക്കൾ അണിനിരന്ന പൊതു ചടങ്ങിൽ പങ്കെടുത്തു. ജൂലൈ 18 വെള്ളിയാഴ്‌ച്ച നടന്ന കുരിശിൻറെ വഴിയുടെ പുനരാവിഷ്‌കാരത്തിനും അദ്ദേഹം സാക്ഷിയായി.

20ന്‌ ഞായറാഴ്‌ച്ച റാൻഡ്‌വിക്‌ റേസ്‌കോഴ്‌സിൽ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന സമാപന ദിവ്യബലിയിൽ നാലു ലക്ഷത്തിലേറെ ആളുകൾ പങ്കെടുത്തു. ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ ഏറ്റവുമധികം വിശ്വാസികൾ പങ്കെടുത്ത വിശുദ്ധ കുർബാനയാണിത്.

സ്‌നേഹത്തിനു സാക്ഷികളാകാൻ വഹിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത മാർപ്പാപ്പ ആധുനിക കാലം ഉയർത്തുന്ന വെല്ലുവിളികളെയും വ്യാപകമായിക്കൊണ്ടിരിക്കുന്ന വിശ്വാസ ഊഷരതയെയും അതിവിജീവിച്ച്‌ വിശ്വാസം നിലനിർത്താൻ ജാഗ്രത പുലർത്തണമെന്ന്‌ നിർദ്ദേശിച്ചു.

അമേരിക്കയിലെന്ന പോലെ ഓസ്‌ട്രേലിയയിലും പുരോഹിതരുടെ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് മാർപ്പാപ്പ ക്ഷമാപണം നടത്തി. ``പീഡനത്തിന്‌ ഇരകളായവരോട്‌ ഞാൻ മാപ്പു ചോദിക്കുന്നു. അവരുടെ ഇടയനെന്ന നിലയിൽ അവരുടെ വേദനയിൽ ഞാനും പങ്കുചേരുന്നു-അദ്ദേഹം പറഞ്ഞു. പുരോഹിതരുടെ പീഡനങ്ങൾക്ക് ഇരകളായ രണ്ട് ആൺകുട്ടികളെയും രണ്ടു പെൺകുട്ടികളെയും 21ന് വത്തിക്കാനിലേക്ക് മടങ്ങും മുന്പ് സിഡ്നി സെൻറ് മേരീസ് കത്തീഡ്രലിൽവെച്ച് മാർപ്പാപ്പ നേരിൽ കണ്ടു.

മാർപ്പാപ്പയെ വരവേൽക്കാനെന്നപോലെ യാത്രയാക്കാനും വിമാനത്താവളത്തിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി കെവിൻ റുഡ് വത്തിക്കാനിലെ ആദ്യത്തെ ഓസ്ട്രേലിയൻ റസിഡൻറ് അംബാസഡറായി മുൻ ഉപപ്രധാനമന്ത്രി ടിം ഫിഷറിനെ നിയമിച്ചതായി പ്രഖ്യാപിച്ചു.

ഫ്രാൻസ്(സെപ്റ്റംബർ 2008)

തിരുത്തുക

2008 സെപ്‌റ്റംബർ 12 മുതൽ 15 വരെയായിരുന്നു ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ പ്രഥമ ഫ്രഞ്ച്‌ പര്യടനം. 12ന്‌ എലിസി കൊട്ടാരത്തിൽ ഫ്രഞ്ച്‌ പ്രസിഡൻറ് നിക്കോളാസ് സർക്കോസിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ അദ്ദേഹം 13ന്‌ പാരിസിലെ ഇൻവാലിദെസിൽ അർപ്പിച്ച ദിവ്യബലിയിൽ 2.6 ലക്ഷം വിശ്വാസികൾ പങ്കെടുത്തു.

അതേ ദിവസം ലാകത്തിലെ ഏറ്റവും വിഖ്യാത റോമൻ കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ലൂർദിലെത്തിയ മാർപ്പാപ്പ ഇടയബാലിക ബെർണാർദെറ്റെ സൗബിറൗസിന്‌ 1858ൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഗ്രോട്ടോയിൽ പ്രാർത്ഥന നടത്തി.

കന്യകാ മറിയം പ്രത്യക്ഷപ്പെട്ടതിന്റെ 150ആം വാർഷികാചരണത്തോടെ 15ആം തീയതിയാണ്‌ മാർപ്പാപ്പയുടെ ഫ്രാൻസ്‌ സന്ദർശനം അവസാനിച്ചത്‌. ഗ്രോട്ടോക്ക്‌ സമിപമുള്ള ജപമാലയുടെ ബസലിക്കയിൽ നടന്ന ദിവ്യബലിയിൽ ആയിരക്കണക്കിന്‌ രോഗികൾ ഉൾപ്പെടെ ഒന്നര ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്തു. പത്തു തീർത്ഥാടകർക്ക്‌ മാർപ്പാപ്പ രോഗീലേപനം നൽകി.

സ്ഥാനമൊഴിയൽ

തിരുത്തുക

പ്രായാധിക്യംമൂലം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സാധിക്കാത്തതിനാൽ 2013 ഫെബ്രുവരി 28-ന് സ്ഥാനമൊഴിയുമെന്ന് ബെനഡിക്റ്റ് പതിനാറാമൻ പ്രഖ്യാപിച്ചു[2]. 1294-ൽ സ്ഥാനത്യാഗം നടത്തിയ സെലസ്റ്റീൻ അഞ്ചാമനാണ് ഇതിനു മുൻപ് സ്വമനസാ അധികാരമൊഴിഞ്ഞ അവസാനത്തെ മാർപ്പാപ്പ. അതിനു ശേഷം, കുപ്രസിദ്ധമായ പാശ്ചാത്യഛിദ്രത്തിന്റെ (Western Schism) സമാപനഘട്ടത്തിൽ ഗ്രിഗോരിയോസ് 12-ആമൻ അധികാരമൊഴിഞ്ഞിരുന്നെങ്കിലും നിർബ്ബന്ധത്തിനു വഴങ്ങിയുള്ള രാജി ആയിരുന്നു അദ്ദേഹത്തിന്റേത്.[3] തുടർന്ന് പോപ്പ് എമിരിറ്റസ് എന്ന സ്ഥാനം വഹിച്ച് സമയം ചെലവഴിച്ച അദ്ദേഹം, 2022 ഡിസംബർ 31-ന് 95-ആം വയസ്സിൽ കാലം ചെയ്തു. മൃതദേഹം ഒരാഴ്ചയോളം വത്തിക്കാനിൽ പൊതുദർശനത്തിന് വച്ചശേഷം ജനുവരി 7-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ശവകുടീരത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കരിച്ചു. ബെനഡിക്ട് പതിനാറാമന്റെ പിൻഗാമിയായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പയാണ് അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്. ഒരു മാർപ്പാപ്പ തന്റെ മുൻഗാമിയുടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിയ്ക്കുന്ന ആദ്യത്തെ സമയമായിരുന്നു അത്.

  1. "പോപ്പ് എമിരറ്റസ് ബെനഡിക്‌ട് പതിനാറാമൻ കാലം ചെയ്തു". 2022-12-31. Retrieved 2022-12-31.
  2. "28 ന് സ്ഥാനമൊഴിയുമെന്ന് മാർപാപ്പ, മാതൃഭൂമി ഓൺലൈൻ - Published on 11 Feb 2013". Archived from the original on 2013-02-11. Retrieved 2013-02-11.
  3. Pope Benedict XVI to step down, Financial times.com

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
മുൻഗാമി മാർപ്പാപ്പ
ഏപ്രിൽ 19, 2005 – ഫെബ്രുവരി 28, 2013
പിൻഗാമി