ടി.എം. ജേക്കബ്
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ടി.എം. ജേക്കബ് (സെപ്റ്റംബർ 16 1950 - ഒക്ടോബർ 30 2011). കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയുടെ നേതാവായിരുന്നു. തന്റെ ഇരുപത്തിയാറാം വയസ്സിൽ, 1977-ൽ പിറവത്ത്[1] നിന്നാണ് ആദ്യമായി നിയമസഭയിൽ അംഗമാകുന്നത്[2]. പിന്നീട് 1980, 1982, 1987 വർഷങ്ങളിൽ കോതമംഗലം മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. 1991 മുതൽ 2001 വരെയും പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചു [1]. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം നിയമസഭാമണ്ഡലത്തിൽ നിന്നു 157 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ[3] തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ എട്ടാം തവണയാണ് അംഗമായത്. നാലു മന്ത്രിസഭകളിൽ അംഗമായിരുന്നിട്ടുണ്ട്. വിദ്യാഭ്യാസം, ജലസേചനം, ജലവിഭവം, സാംസ്കാരികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി ടി.എം. ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്.[3]
ടി.എം. ജേക്കബ് | |
---|---|
![]() | |
കേരളാ ഭക്ഷ്യ, പൊതു വിതരണ വകുപ്പു മന്ത്രി | |
ഓഫീസിൽ 2011–2011 | |
മുൻഗാമി | സി. ദിവാകരൻ |
പിൻഗാമി | അനൂപ് ജേക്കബ് |
കേരള ജലസേചനവകുപ്പു മന്ത്രി | |
ഓഫീസിൽ 2001–2004 | |
മുൻഗാമി | വി.പി. രാമകൃഷ്ണപിള്ള |
പിൻഗാമി | തിരുവഞ്ചൂർ രാധാകൃഷ്ണൻ |
കേരള ജലസേചന, സാംസ്കാരികവകുപ്പു മന്ത്രി | |
ഓഫീസിൽ 1991–1996 | |
മുൻഗാമി | ബേബി ജോൺ |
പിൻഗാമി | വി.പി. രാമകൃഷ്ണപിള്ള |
കേരള വിദ്യാഭ്യാസമന്ത്രി | |
ഓഫീസിൽ 1982–1987 | |
മുൻഗാമി | പി.ജെ. ജോസഫ് |
പിൻഗാമി | കെ. ചന്ദ്രശേഖരൻ |
കേരളനിയമസഭാംഗം | |
ഓഫീസിൽ 2011–2012 | |
മുൻഗാമി | എം.ജെ. ജേക്കബ് |
പിൻഗാമി | അനൂപ് ജേക്കബ് |
മണ്ഡലം | പിറവം |
കേരളനിയമസഭാംഗം | |
ഓഫീസിൽ 1991–2006 | |
മുൻഗാമി | ഗോപി കോട്ടമുറിക്കൽ |
പിൻഗാമി | എം.ജെ. ജേക്കബ് |
മണ്ഡലം | പിറവം |
കേരളനിയമസഭാംഗം | |
ഓഫീസിൽ 1980–1987 | |
മുൻഗാമി | എം.വി. മണി |
പിൻഗാമി | വി.ജെ. പൗലോസ് |
മണ്ഡലം | കോതമംഗലം |
കേരളനിയമസഭാംഗം | |
ഓഫീസിൽ 1977–1980 | |
പിൻഗാമി | പി.സി. ചാക്കോ |
മണ്ഡലം | പിറവം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒലിയപ്പുറം, എറണാകുളം ജില്ല | 16 സെപ്റ്റംബർ 1950
മരണം | 30 ഒക്ടോബർ 2011 | (പ്രായം 61)
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | കേരളാ കോൺഗ്രസ് (ജേക്കബ്) |
പങ്കാളി(കൾ) | ആനി ജേക്കബ് |
കുട്ടികൾ | അനൂപ് ജേക്കബ് അമ്പിളി ജേക്കബ് |
വസതി(കൾ) | എറണാകുളം, തിരുവനന്തപുരം |
കോട്ടയത്ത് എം.ജി. വാഴ്സിറ്റി സ്ഥാപിക്കുന്നതും, കോളേജുകളിൽ നിന്ന് പ്രീഡിഗ്രി കോഴ്സ് വേർപെടുത്തുന്ന പ്രക്രിയ തുടങ്ങുന്നതും, ടി.എം. ജേക്കബ് 1982-1987 സമയത്ത് വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്ന കാലത്താണ്[1]. എന്റെ ചൈനാ പര്യടനം എന്ന പുസ്തകം ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4] 2011 ഒക്ടോബർ 30-ന് രാത്രി 10.30ന്[5] കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ വച്ച് ഹെപ്പറ്റൈറ്റിസ്-ബി രോഗബാധിതനായി[5] അദ്ദേഹം അന്തരിച്ചു [2]. 61 വയസ്സായിരുന്നു അദ്ദേഹത്തിന്.
ജീവചരിത്രം തിരുത്തുക
എറണാകുളം തിരുമാറാടി പഞ്ചായത്തിലെ ഒലിയാപുറത്ത് ടി. എസ്. മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റെയും മകനായി 1950 സെപ്തംബർ 16നാണ് ടി എം ജേക്കബ് ജനിച്ചത്[1][2][3][4]. നാലാം ക്ലാസ് വരെ മണ്ണത്തൂർ ഗവൺമെന്റ് എൽ.പി. സ്കൂളിൽ പഠിച്ച ജേക്കബ്, പിന്നീട് പഠിച്ചത് മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ പഠിച്ച വടകര സെന്റ് ജോൺസ് ഹൈസ്കൂളിലാണ്[6]. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടിയതിന് ശേഷം തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽ.എൽ.ബി., എൽ.എൽ.എം. ബിരുദങ്ങളും നേടി.[6] നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ച ജേക്കബ് "എന്റെ ചൈന പര്യടനം", "മൈ ചൈനീസ് ഡയറി" എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ ആനി ജേക്കബ് മുൻ എം.എൽ.എ. പെണ്ണമ്മ ജേക്കബിന്റെ മകളും ഫെഡറൽ ബാങ്കിൽ അസിസ്റ്റന്റ് ജനറൽ മാനേജരുമാണ്. മകൻ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ്. മകൾ അമ്പിളി (ഇൻകെൽ). മരുമക്കൾ : ദേവ് തോമസ്, അനില അനൂപ്[3].
രാഷ്ട്രീയ പ്രവർത്തനം തിരുത്തുക
കേരള കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ കെ.എസ്.സി. യിലൂടെയാണ് ടി.എം. ജേക്കബ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. മാർ ഇവാനിയോസ് കോളേജ് യൂണിറ്റ് പ്രസിഡൻറായിട്ടായിരുന്നു തുടക്കം. തുടർന്ന് കെ.എസ്.സി.യുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറായി. 1971-ൽ കെ.എസ്.സിയുടെ വൈസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെ.എസ്.സി.യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു[6]. വിദ്യാർഥിപ്രസ്ഥാന നേതൃസ്ഥാനത്തുനിന്ന് ജേക്കബ് പിന്നെ എത്തിപ്പെട്ടത് കേരള യൂത്ത് ഫ്രണ്ടിലേക്കാണ്. 1975-76 കാലയളവിൽ കേരള യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട്, 1976-78 കാലയളവിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറായി പ്രവർത്തിച്ചിരുന്നു[6] . 1979-82 കാലയളവിലും 1987-91 കാലഘട്ടത്തിലും കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു ടി.എം. ജേക്കബ്[6]. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 1993-ൽ കേരള കോൺഗ്രസുമായി വേർപിരിഞ്ഞ ജേക്കബ് പുതിയ രാഷ്ട്രീയ കക്ഷി രൂപീകരിക്കുകയുണ്ടായി.
1977 മുതൽ 2001 വരെ തുടർച്ചയായി ഏഴുതവണ നിയമസഭയിലെത്തി. 1982-87ൽ വിദ്യാഭ്യാസ മന്ത്രിയായും 1991-96ൽ ജലസേചന-സാംസ്കാരിക മന്ത്രിയായും 2001-05ൽ ജലസേചന-ജലവിതരണ മന്ത്രിയായും പ്രവർത്തിച്ചു. 2005-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെ. കരുണാകരനോടൊപ്പം ഡി.ഐ.സിയിൽ പോവുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരെ പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് യു.ഡി.എഫിൽ തിരികെയെത്തിയ അദ്ദേഹം 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം മണ്ഡലത്തിൽ സി.പി.ഐ.(എം)-ലെ എം. എം. ജേക്കബിനോട് പരാജയപ്പെട്ടു[3]. നിയമസഭ കണ്ട ഏറ്റവും മികച്ച സാമാജികൻ എന്ന് ഒരിക്കൽ സി. അച്യുതമേനോൻ ടി.എം. ജേക്കബിനെ വിശേഷിപ്പിച്ചിട്ടുണ്ട്[7].
ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച നിയമസഭാ സാമാജികരിലൊരാളാണ് ടി.എം. ജേക്കബ്. വിദ്യാഭ്യാസമന്ത്രിയായിരിക്കെ, 1986 ജൂൺ 24-ന്[7], നിയമസഭയിൽ ചോദ്യത്തോരവേള മുഴുവൻ പ്രീഡിഗ്രി ബോർഡിനെപ്പറ്റിയുള്ള ചോദ്യങ്ങളും ഉപചോദ്യങ്ങളുമുൾപ്പടെ, 30 ചോദ്യങ്ങൾക്കാണ് ജേക്കബ് ഒറ്റയ്ക്ക് മറുപടി നൽകിയത്. രാവിലെ എട്ടര മുതൽ പതിനൊന്നര വരെ നിയമസഭയിൽ മറുപടി നൽകി വിസ്മയിപ്പിച്ചത് കേരള നിയമസഭയിലെ ആദ്യസംഭവമായിരുന്നു.[8]
കുടുംബം തിരുത്തുക
ഭാര്യ - ആനി ജേക്കബ്. പെണ്ണമ്മ ജേക്കബിന്റെ മകളാണ്. മകൻ അനൂപ് ജേക്കബ്], മകൾ അമ്പിളി ജേക്കബ്.
അവലംബം തിരുത്തുക
- ↑ 1.0 1.1 1.2 1.3 "മന്ത്രി ടി.എം.ജേക്കബ് അന്തരിച്ചു". മലയാള മനോരമ. മൂലതാളിൽ നിന്നും 2011-11-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-30.
- ↑ 2.0 2.1 2.2 "മന്ത്രി ടി.എം.ജേക്കബ് അന്തരിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 2011-11-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-30.
- ↑ 3.0 3.1 3.2 3.3 3.4 "ടി.എം.ജേക്കബ് അന്തരിച്ചു". ദേശാഭിമാനി.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 4.0 4.1 "ടി.എം.ജേക്കബ് അന്തരിച്ചു". കേരള കൗമുദി.
- ↑ 5.0 5.1 "മന്ത്രി ടി.എം.ജേക്കബ് അന്തരിച്ചു". മാധ്യമം. മൂലതാളിൽ നിന്നും 2011-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-30.
- ↑ 6.0 6.1 6.2 6.3 6.4 "സമാനതകളില്ലാത്ത ടി.എം. ജേക്കബ്". മാതൃഭൂമി. മൂലതാളിൽ നിന്നും 2011-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-31.
- ↑ 7.0 7.1 "മികച്ച സാമാജികൻ". ദേശാഭിമാനി. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-31.
- ↑ "ടി.എം.ജേക്കബ് അന്തരിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 2011-11-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-30.