എട്ടാം കേരള നിയമ സഭയിൽ പിറവം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായിരുന്നു ഗോപി കോട്ടമുറിക്കൽ (ജനനം : 24 ജൂൺ 1948). സി.പി.ഐ.എം എറണാകുളം ജില്ലാസെക്രട്ടറിയായിരുന്നു. കേരള കർഷക സംഘത്തിന്റെ സംസ്ഥാനകമ്മിറ്റി അംഗമാണ്. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട സംഘടനാ നടപടിയെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തായി. ഗോപി കോട്ടമുറിക്കലിന്റെ ജനകീയ ബന്ധങ്ങൾ കണക്കിലെടുത്ത്‌ കേന്ദ്രകമ്മിറ്റി പാർട്ടിയിൽ തിരിച്ചെടുത്തു. നിലവിൽ ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.

ജീവിതരേഖതിരുത്തുക

കരിങ്കൽതൊഴിലാളിയായ നീലകണ്ഠന്റെയും ലക്ഷ്മിയുടെയും മകനായി മൂവാറ്റുപുഴയിൽ ജനിച്ചു.ഗവ.ബേസിക് ട്രെയിനിംഗ് സ്‌കൂൾ, മൂവാറ്റുപുഴ, ആനിക്കാട് സെന്റ് ആന്റണീസ് എൽപി സ്‌കൂൾ, മൂവാറ്റുപുഴ ശിവൻകുന്ന് ഗവ.യുപിഎസ്, മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.മൂവാറ്റുപുഴ നിർമ്മലകോളേജിൽ പ്രീഡിഗ്രി കോഴ്‌സ്‌ പൂർത്തിയാക്കി. കളമശ്ശേരി ഗവണ്മെന്റ്‌ പോളിടെക്‌നിക്കിൽ ഉപരിപഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1970 ൽ എസ്.എഫ്‌.ഐ രൂപീകരണസമയത്ത് താലൂക്ക് സെക്രട്ടറിയായിരുന്നു. 1969 ൽ ഇടതുപക്ഷ യുവജനസംഘടനയായ കെഎസ്‌വൈഎഫ് ന്റെ പ്രവർത്തകനായി. കെഎസ്‌വൈഎഫ് മൂവാറ്റുപുഴ താലൂക്ക് സെക്രട്ടറി, എറണാകുളം ജില്ലാജോയിന്റ് സെക്രട്ടറി, ജില്ല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.' 1980 ൽ ഡി.വൈ.എഫ്‌.ഐ രൂപീകരണസമയത്ത്‌ എറണാകുളം ജില്ലാകമ്മിറ്റിയുടെ പ്രഥമസെക്രട്ടറിയായി ചുമതല വഹിച്ചു. ഡി.വൈ.എഫ്‌.ഐ.യുടെ പ്രഥമ കേന്ദ്രകമ്മിറ്റിയിൽ അംഗമായിരുന്നു. കോഴിക്കോട് സമ്മേളനത്തിൽ സിപിഐ(എം)സംസ്ഥാനകമ്മിറ്റിയിൽ അംഗമായി. നിരവധി വർഗ്ഗ ബഹുജന സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ട്രാൻസ്‌പോർട്ട് സമരത്തിലും അടിയന്തരാവസ്ഥക്കാലത്തും പാർട്ടി പ്രവർത്തനങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ മർദ്ദനങ്ങൾക്കിരയായിട്ടുണ്ട്. സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽവാസമനുവഭിച്ചു. 1970 ലെ ട്രാൻസ്‌പോർട്ട് സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദ്ദനങ്ങൾക്കിരയായി. 1970 ൽ എസ്എഫ്‌ഐ രൂപീകരണത്തിനു ശേഷം നടന്ന വിദ്യാർത്ഥിസമരത്തിനിടെ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. മൂവാറ്റുപുഴ ആനിക്കാട് ഇട്ടിയക്കാടന്റെ മിച്ചഭൂമി സമരത്തിൽ അറസ്റ്റിലായി ജയിലിൽ അടയ്ക്കപ്പെട്ടു. 1987 ൽ പിറവത്തുനിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[1] സെറിഫെഡ് ചെയർമാൻ, കേരള സ്‌റ്റേറ്റ് ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്‌.'ആജ്ഞാശക്തിയുടെയും നേതൃപാടവത്തിന്റെയും കേരളീയ പൗരുഷത്വത്തിന്റെയും ഉദാത്തമായ ഉദാഹരണമാണ്‌ പിണറായി വിജയൻ' എന്ന ഗോപികോട്ടമുറിക്കലിന്റെ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടു.

1969ൽ സിപിഐ(എം) ൽ അംഗമായി. 1972 ൽ മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി. 1973 ൽ മൂവാറ്റുപുഴ മുനിസിപ്പൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. 1982 ൽ ജില്ലാകമ്മിറ്റി അംഗമായി. 1985 ൽ കൂത്താട്ടുകുളം ഏരിയാസെക്രട്ടറിയുടെ ചുമതലയിലെത്തി. 2002 ഫെബ്രുവരിയിൽ ജില്ലാസെക്രട്ടറിയായിരുന്ന എ.പി.വർക്കിയുടെ മരണത്തെത്തുടർന്ന് സിപിഐ(എം) എറണാകുളം ജില്ലാസെക്രട്ടറിയായി ചുമതലയേറ്റു. 2011 വരെ ജില്ലാസെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. കെഎസ്‌കെടിയു എറണാകുളം ജില്ലാജോയിന്റ് സെക്രട്ടറി, പിറവം റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, മൂവാറ്റുപുഴ താലൂക്ക് ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി, മൂവാറ്റുപുഴ എരിയ പീടികത്തൊഴിലാളി യൂണിയൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്‌. കേരള കർഷകസംഘം എറണാകുളം ജില്ലാസെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന ട്രഷറർ, അഖിലേന്ത്യാ കിസാൻ സഭ അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

സംഘടനാ നടപടിതിരുത്തുക

വിഭാഗീയതയെത്തുടർന്നുണ്ടായ ആരോപണത്തിൽ അന്വേഷണവിധേയനായിരിക്കെ ടിവി ചാനലിൽ സിപിഐ(എം)നേതാക്കളായ എം.സി.ജോസഫൈൻ,എസ്.ശർമ്മ, കെ.ചന്ദ്രൻപിള്ള എന്നിവർക്കെതിരെ ആരോപണമുന്നയിച്ചതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് 2012 ജൂൺ 24ന് പുറത്താക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും കർഷകസംഘം സംസ്ഥാനട്രഷറർ സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നില്ല. നിലവിൽ കർഷകസംഘം പ്രവർത്തനങ്ങളുമായി സഹകരിച്ച് സിപിഐ(എം) നൊപ്പം തന്നെ പ്രവർത്തിക്കുന്നു. ഗോപി കോട്ടമുറിക്കലിന്റെ ജനകീയ ബന്ധങ്ങൾ കണക്കിലെടുത്ത്‌ പാർട്ടിയിൽ തിരിച്ചെടുത്തു. ഇപ്പോൾ എറണാകുളം ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1987 പിറവം നിയമസഭാമണ്ഡലം ഗോപി കോട്ടമുറിക്കൽ സി.പി.എം., എൽ.ഡി.എഫ്. ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബംതിരുത്തുക

ഭാര്യ ശാന്ത ഗോപി. മകൻ അജേഷ് കോട്ടമുറിക്കൽ , പരേതനായ അജു കോട്ടമുറിക്കൽ. അജേഷ് കോട്ടമുറിക്കൽ സിപിഐ(എം) മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു. പരേതനായ കെ.എൻ.സുകുമാരൻ (കെഎസ്ആർടിസി ഡ്രൈവർ), എൻ.പുഷ്പൻ (തയ്യൽതൊഴിലാളി), പരേതയായ എൻ.ലീല (കോടതി ജീവനക്കാരി), രമണി, അമ്മിണി (റിട്ട. പോസ്റ്റ് ഓഫീസ് ജീവനക്കാരി), കുമാരി (റിട്ട. ലാന്റ് റീസർവ്വേ ഓഫീസ് ജീവനക്കാരി), വിമല എന്നിവരാണ് സഹോദരങ്ങൾ.

അവലംബംതിരുത്തുക

  1. http://www.niyamasabha.org/codes/members/m194.htm
  2. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=ഗോപി_കോട്ടമുറിക്കൽ&oldid=3432324" എന്ന താളിൽനിന്ന് ശേഖരിച്ചത്