ഏരിയൽ
യുറാനസിന്റെ ഉപഗ്രഹമാണ് ഏരിയൽ. 1851 ൽ വില്ല്യം ലാസൽ ആണ് ഈ ഉപഗ്രഹത്തെ കണ്ടുപിടിച്ചത്. മാതൃഗ്രഹത്തിൽ നിന്ന് 1,91,000 കി.മീറ്റർ അകലെയായി 2.5 ഭൗമ ദിവസങ്ങൾകൊണ്ട് മധ്യരേഖയ്ക്കു സമാന്തരമായ വൃത്താകൃതി സഞ്ചാരപഥത്തിലൂടെ ഇതൊരു പ്രദക്ഷിണം വയ്ക്കുന്നു. ഗോളാകൃതിയിലുള്ള ഇതിന്റെ വ്യാസം 1158 കി.മീറ്ററും ഭാരം 1.27 × 10²¹ കി.ഗ്രാമാണ്. നമ്മുടെ ചന്ദ്രന്റെ മൂന്നിലൊന്ന് വലിപ്പം ഇതിനുണ്ട്. യുറാനസിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും തിളക്കമുള്ളത് ഏരിയലിനാണ്.
ഏരിയലിലെ ഉപരിതലത്തിൽ പഴയ ഗർത്തങ്ങൾക്ക് പുറമേ നീണ്ട വിള്ളലുകൾ കാണാം. ഇവയിൽ ചിലതിന് നൂറുകണക്കിന് കി.മീ. നീളവും 10 കി.മീ. വരെ ആഴവുമുണ്ട്. വിള്ളലുകളുടെ നിരയായ കച്ചീന ചാസ്മറ്റ, കുയിപി ചാസ്മ, സ്പ്രൈറ്റ് വാലിസ്, ലെപ്ര ചൗൻ വാലിസ്, പിക്സി ചാസ്മ എന്നിവ ഏരിയലിന്റെ ഉപരിതല പ്രത്യേകതകളാണ്. വിള്ളലുകളുടെ കീഴ്ത്തലം നടുവിൽ വരമ്പുകളുള്ള നിരപ്പുപ്രതലമാണ്. ഉപഗ്രഹത്തിന്റെ ഹിമം കൊണ്ടുള്ള ബാഹ്യപടലം ഉറഞ്ഞപ്പോൾ അത് വികസിച്ചു വിള്ളലുകളുണ്ടായെന്നും അപ്പോൾ അകത്തുനിന്ന് അതിലേക്ക് ദ്രവം ഒഴുകിവന്നുവെന്നുമാണ് ശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നത്. ഈ ദ്രാവകം ജലമാകാൻ സാധ്യതയില്ല. കാരണം, ജലഹിമം ഏരിയലിലെ ഇത്രയും താഴ്ന്ന താപനിലയിൽ കാരിരുമ്പ് പോലെ ദൃഢമായിരിക്കും. ഈ ദ്രാവകം ദ്രവാവസ്ഥയിലെ അമോണിയ, മീഥെയ്ൻ, കാർബൺ മോണോക്സൈഡ് എന്നിവ ആയിരിക്കാനാണ് സാധ്യത. രണ്ടാംഘട്ടമായിട്ടായിരിക്കണം ഹിമം വിള്ളലുകളുടെ നടുവിൽ ഉയർന്നുവന്ന് വരമ്പുകൾ ഉണ്ടാക്കിയത്. വോയേജർ 2 ഉപഗ്രഹത്തിന്റെ ധ്രുവങ്ങളിൽ ഒന്നിന് അടുത്തുകൂടി പോയി ഏതാനും ഫോട്ടോകൾ എടുത്തത് മാത്രമാണ് ഏരിയൽ വിശകലനത്തിന് നമുക്ക് ലഭ്യമായ ആധാരം. അതുപയോഗിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും അറിയേണ്ടതുണ്ട്.