വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാരൂർ സോമൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ലേഖനത്തിൽ മായ്ക്കൽനിർദ്ദേശത്തിന് കാരണമായ 'സാഹിത്യചോരണ വിവാദവും' അനുബന്ധ സ്ത്രോതസ്സുകളും ചേർത്ത് ലേഖനം മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നത് പരിഗണിച്ച്, ഞാൻ മായ്ക്കൽ നിർദ്ദേശം പിൻവലിക്കുന്നു --Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:16, 30 നവംബർ 2024 (UTC)[മറുപടി]
- കാരൂർ സോമൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
മറ്റുള്ളവരുടെ രചനകൾ മോഷ്ടിച്ച് പുസ്തകമാക്കി വിൽപ്പന നടത്തുന്ന വ്യക്തിയാണ് കാരൂർ സോമൻ. നിരക്ഷരൻ എന്ന പേരിലറിയപ്പെടുന്ന മനോജ് രവീന്ദ്രന്റെ പുസ്തക ഉള്ളടക്കം വള്ളിപുള്ളി മാറ്റാതെ പുതിയ തലക്കെട്ടിൽ പ്രസിദ്ധീകരിച്ചതിന് നിയമനടപടി തുടർന്നുകൊണ്ടിരിക്കുന്നു. [1][2] [3][4][5][6][7][8][9][10][11]. ഈ ലേഖനം കാരൂർ സോമന്റെ പുസ്തകങ്ങളുടെ പരസ്യം എന്ന പോലെയാണ് കാണുന്നത്. പുറത്തേക്കുള്ള കണ്ണികൾ എല്ലാം ( Books by Author Karoor Soman Karoor Soman books in Amazon, Books by Karoor Soman) മാർക്കറ്റിങ് പേജിലാണ് എത്തുന്നത്. ഇതൊരു നല്ല പ്രവണതയല്ല എന്നുകൂടി പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.-- Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:17, 26 നവംബർ 2024 (UTC)[മറുപടി]
- നിലനിർത്തുക. ലേഖനത്തിൽ കാരൂർ സോമനുമായി ബന്ധപ്പെട്ട 'സാഹിത്യചോരണ വിവാദവും' ലേഖനത്തിനാവശ്യമായ കൂടുതൽ വിവരങ്ങളും അനുബന്ധ സ്ത്രോതസ്സുകളും ചേർത്ത് ലേഖനം മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുറത്തേക്കുള്ള കണ്ണികളിൽ നിന്നും സൂചിത ലിങ്കുകൾ നീക്കം ചെയ്തിട്ടുണ്ട്.കൈതപ്പൂമണം (സംവാദം) 18:01, 27 നവംബർ 2024 (UTC)[മറുപടി]
- നിലവിൽ ഈ വ്യക്തിയുടെ ശ്രദ്ധേയത സാഹിത്യചോരൻ എന്നത് മാത്രമാണ്. വിക്കിപീഡിയയിൽ നിന്നും ലേഖനം പകർത്തി പുസ്തകമാക്കി പ്രസിദ്ധീകരിച്ചതും വ്യക്തമാണ് (അവലംബം കണ്ണി കാണുക). ഇദ്ദേഹത്തിന്റേതായി വന്നിട്ടുള്ള പുസ്തകങ്ങളെല്ലാം തന്നെ സംശയനിഴലിലാണ്. കുറ്റം നിഷേധിച്ചു എന്നത് മഹാനാക്കാനുള്ള കാരണമല്ല. ഇത്തരമൊരു വ്യക്തിക്ക് വിക്കിപീഡിയയിൽ ഇടം നൽകരുത്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:54, 28 നവംബർ 2024 (UTC)[മറുപടി]
- എന്തു മാനദണ്ഡമാണീ ലേഖനത്തിനുള്ളത്? മോഷണം എന്നതോ? പലപല സൃഷ്ടികൾ അപ്പാടെ പകർത്തിയെഴുതി വിറ്റഴിച്ചതല്ലേ ഇയാൾ? ആവശ്യമില്ലാത്തെ വിവരശേഖരണമാണിത്. ഡിലീറ്റ് ചെയ്യുക. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- നിലനിർത്തുക വിക്കിപീഡിയ ശ്രദ്ധേയതാ നയപ്രകാരം പോയന്റ് നമ്പർ 2 (ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10) ശ്രദ്ധേയനാണ്. പുസ്തകങ്ങൾ കോപ്പി അടിച്ചതാണോ എന്നയോ എന്നുള്ള കാര്യങ്ങളൊക്കെ വിക്കിപീഡിയക്ക് പുറത്തു നിശ്ചയിക്കേണ്ട കാര്യങ്ങളാണ്. അക്കാര്യം ലേഖനത്തിൽ പരാമർശിച്ചിട്ടുമുണ്ട്. എഴുതുന്ന കണ്ടന്റിന്റെ മെറിറ്റ് നോക്കിയല്ല എഴുത്തുകാരന്റെ ശ്രദ്ധേയത വിക്കിപീഡിയയിൽ നിശ്ചയിക്കേണ്ടത്. ഇതും കാണുക --DasKerala (സംവാദം) 14:09, 28 നവംബർ 2024 (UTC)[മറുപടി]
- //ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10) ശ്രദ്ധേയനാണ്.// ഒന്ന് വ്യക്തമാക്കാമോ? ഏതാണ് ആ പ്രസാധകശാലകൾ? മാതൃഭൂമിയാണോ? മോഷണം ബോധ്യപ്പെട്ടപ്പോൾ മാതൃഭൂമി പുസ്തകങ്ങൾ പിൻവലിച്ചു. പിന്നെയേത് പ്രസാധകശാല? കാരൂർ സോമന്റെ തന്നെ പ്രസിദ്ധീകരണശാലയാണോ? സന്തുലിതമായ കാഴ്ച്ചപ്പാട് ഉള്ളതുകൊണ്ടുതന്നെയാണ് മായ്ക്കാൻ നിർദ്ദേശിച്ചത്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:21, 28 നവംബർ 2024 (UTC)[മറുപടി]
- സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, പ്രഭാത് ബുക്ക് ഹൗസ് ഇതൊക്കെ കാരൂർ സോമന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകശാലകളാണെന്ന് ലേഖനത്തിൽ അവലംബങ്ങളോടെ കാണുന്നു. ഇവയൊന്നും ശ്രദ്ധേയമായ പുസ്തകശാലകൾ അല്ലെങ്കിൽ നീക്കം ചെയ്യാൻ പരിഗണിക്കാം. DasKerala (സംവാദം) 15:29, 28 നവംബർ 2024 (UTC)[മറുപടി]
- സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, പ്രഭാത് ബുക്ക് ഹൗസ് എന്നിവർ പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ പുസ്തകങ്ങളും കോപ്പിയടിയാണെന്ന് ഓണലൈനിൽത്തന്നെ കാണാം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:45, 28 നവംബർ 2024 (UTC)[മറുപടി]
- വിക്കിയിൽ നിന്നും നിരക്ഷരനെ പോലുള്ള മറ്റ് ബ്ലോഗരുടേയും മറ്റും കണ്ടൻ്റ് മോഷ്ടിച്ചെഴുതി പ്രസിദ്ധീകരിക്കുന്ന ഒരാളെ പറ്റി വിക്കിയിൽ എഴുതുന്നതുതന്നെ അരോചകമാണ്. മോഷ്ടാവാണയാൾ എന്നതിനു വ്യക്തവും ശുദ്ധവും ആയിട്ടുള്ള തെളിവുകൾ ഓൺലൈനിൽ തന്നെ നിരവധിയുണ്ടു താനും! നല്ല കാശുമുടക്കി ആ കക്ഷി അവാർഡുകളും മറ്റും തനിക്കുതന്നെ നൽകി സരോജ് കുമാറാവുന്ന തരത്തിലും വാർത്തകൾ കണ്ടിരുന്നു. മലയാളം വിക്കിയിലും പെയ്ഡ് പ്രമോട്ടർമാർ എത്തിയിട്ടുണ്ടെന്നു തോന്നുന്നു ചർച്ച കാണമ്പോൾ!! Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. അല്ലാതെ നല്ലതു മാത്രം എഴുതിപ്പിടിപ്പിക്കാനുള്ള ഒരു സാരോപദേശ പുസ്തകമല്ലെന്നെങ്കിലും മനസിലാക്കുക. പെയ്ഡ് പ്രൊമോട്ടർമാർ എന്നൊക്കെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനു മുൻപ് ഇതും ഇതും വായിച്ചു നോക്കുന്നത് നന്നായിരിക്കും. കൂടുതൽ ഒന്നും പറയാനില്ല. --DasKerala (സംവാദം) 16:28, 28 നവംബർ 2024 (UTC)[മറുപടി]
- Vijayanrajapuram മാഷേ... ആദ്യമേ ഒരു കാര്യം പറയട്ടെ. DasKerala സൂചിപ്പിച്ചതാണ് അതിന്റെ ശരി. നമ്മൾ അടിസ്ഥാനപരമായി വിക്കിപീഡിയയിലെ ലേഖകരാണല്ലോ. ഇവിടത്തെ നമ്മുടെ കർത്തവ്യം വിക്കിപീഡിയയുടെ നയങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ലേഖനങ്ങൾ സൃഷ്ടിക്കുകയും നിലനിർത്തുകയും വിക്കിയുടെ നയങ്ങൾക്ക് എതിരായി സൃഷ്ടിക്കപ്പെട്ടവ നീക്കം ചെയ്യലും മറ്റും ആണല്ലോ. അതിനും അപ്പുറത്ത്/ വിക്കിയുടെ നയപരിധിയിലും നിയന്ത്രണത്തിലും വരാത്ത കാര്യങ്ങൾ നമ്മളെ അലട്ടേണ്ടതില്ല എന്നാണെനിക്കു തോന്നുന്നത്. Das Kerala പറഞ്ഞതുപോലെ ഒരു വ്യക്തിയുടെ സത്യസന്ധത - മൊറാലിറ്റി - സദാചാരം തുടങ്ങിയവയെ ഡിപൻഡ് ചെയ്ത്, അത് ഉണ്ടെങ്കിൽ മാത്രമേ ആ വ്യക്തിയെകുറിച്ചു ലേഖനം ഉണ്ടാകാൻ പാടുള്ളൂ എന്നൊരു നയം ഏത് ഭാഷയിലെ വിക്കിയിലാണെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ഉണ്ടെങ്കിൽ മാത്രമാണ് ഒരു ലേഖനത്തിൽ അതിനെ അടിസ്ഥാനപ്പെടുത്തി ഡിലീറ്റ് ചർച്ച ഉയരേണ്ടതുള്ളൂ എന്നാണ് എന്റെയും അഭിപ്രായം.
- വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. അല്ലാതെ നല്ലതു മാത്രം എഴുതിപ്പിടിപ്പിക്കാനുള്ള ഒരു സാരോപദേശ പുസ്തകമല്ലെന്നെങ്കിലും മനസിലാക്കുക. പെയ്ഡ് പ്രൊമോട്ടർമാർ എന്നൊക്കെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനു മുൻപ് ഇതും ഇതും വായിച്ചു നോക്കുന്നത് നന്നായിരിക്കും. കൂടുതൽ ഒന്നും പറയാനില്ല. --DasKerala (സംവാദം) 16:28, 28 നവംബർ 2024 (UTC)[മറുപടി]
അതുമാത്രമല്ല, ശ്രദ്ധേയതാനയത്തിലെ വ്യക്തികൾക്കുള്ള നയത്തിൽ (വിക്കിപീഡിയ:ശ്രദ്ധേയത (വ്യക്തികൾ)) കുറ്റകൃത്യങ്ങളുടെ ഇരകളും കുറ്റവാളികളും എന്ന ഭാഗത്ത് കുറ്റവാളികൾ എന്ന ഉപശീർഷകത്തിലെ കുറിപ്പിൽ പറയുന്നത് നോക്കൂ...
"ഒരു ജീവിച്ചിരിക്കുന്ന വ്യക്തി കുറ്റം ചെയ്തിട്ടുണ്ട് എന്ന് ആരോപണമുണ്ടെങ്കിലും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതുവരെ കുറ്റവാളിയാണെന്ന് കരുതാൻ പാടില്ല. ഒരു കുറ്റാരോപിതന്റെ കേസിൽ വിധി വരാത്തിടത്തോളം അയാളെപ്പറ്റി ലേഖനം സൃഷ്ടിക്കാതിരിക്കുക എന്നതിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്."
അതായത്, 'കുറ്റവാളി' എന്നതിന്റെ മാനദണ്ഡത്തിലാണ് ഒരാളുടെ ലേഖനം വിക്കിയിൽ ഉൾപ്പെടുത്തുന്നത് എന്നാണെങ്കിൽപോലും ആ ആളിന്റെ പേരിൽ ഒരു ലേഖനം സൃഷ്ടിക്കണമെങ്കിൽ വിചാരണ കോടതിയെങ്കിലും അയാളെ കുറ്റവാളി എന്ന് വിധിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം, വിക്കിപീഡിയയും അതെഴുതിയ ലേഖകനും ചിലപ്പോൾ കോടതി കയറേണ്ടിയും വരും. ആരോപണങ്ങൾ ഒരാളെ കുറ്റവാളിയാക്കുന്നില്ല എന്നു തന്നെയാണ് വിക്കിയും പറയുന്നത്.
തന്നെയുമല്ല, വ്യാപകമായി പ്രചാരണം ലഭിച്ച ആരോപണങ്ങളും വിവാദങ്ങളും ഒരുപക്ഷെ, അതിലെ ഇരയുടെ പേരിലോ കുറ്റവാളിയുടെ പേരിലോ വിക്കിയിൽ ലേഖനം നിലനില്ക്കാനുള്ള ശ്രദ്ധേയതാ മാനദണ്ഡമായും മാറാറുണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾതന്നെ മാഷ് സൂചിപ്പിച്ച ഈ വിവാദംപോലും ഒരുപക്ഷെ ഈ ലേഖനത്തിന്റെ ശ്രദ്ധേയതയ്ക്ക് ആവശ്യമായ മാനദണ്ഡമോ അധിക മാനദണ്ഡമോ ആയേക്കാം. പക്ഷെ, ഇവിടെ അതിന്റെ ആവശ്യമുണ്ടെന്ന് ഈ ലേഖനം ചെയ്യാനെടുത്തപ്പോൾ എനിക്കു തോന്നിയില്ല. കാരണം, ഈ ലേഖനത്തിലെ പ്രതിപാദ്യ വ്യക്തി ഒരു ലോക റെക്കാർഡിനു ഉടമയാണ്. ആ റെക്കാർഡ് ലഭിച്ചത് മുപ്പത്തിനാല് പുസ്തകങ്ങൾ ഒരേ ദിവസം തന്നെ പ്രകാശനം ചെയ്തതിനാണ്. പ്രിന്റഡിൽ ഇറങ്ങുന്ന പുസ്തകങ്ങളാണ് ഒരു പൊതുവേദിയിൽ സാധാരണ പ്രകാശനം ചെയ്യുക എന്നതിൽ നിന്നും തന്നെ ആ വ്യക്തിക്ക് ശ്രദ്ധേയത ലഭിക്കുന്നതിന് കാരണമാകുന്നു എന്നു തോന്നി. കൂടാതെ പ്രശസ്തമായ ഒരു അവാർഡ് ലഭിക്കുകയും ചെയ്തു. അതിലും ശ്രദ്ധേയ കിട്ടുന്നുണ്ടെന്ന് തോന്നി. കൂടാതെ, ഏതോ ഒരു ലിങ്കിൽ അദ്ദേഹത്തിൻറെ മൂന്ന് പുസ്തകങ്ങൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തിട്ടുണ്ടെന്നും മനസിലായി. അപ്പോൾ, എഴുത്തുകാർക്കുള്ള ശ്രദ്ധേയതാ മാനദണ്ഡത്തിൽ ഏതെങ്കിലും ഒരെണ്ണം എന്നിടത്ത് ഇതോടെ (ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി) ഇദ്ദേഹത്തിന് മൂന്ന് ശ്രദ്ധേയതാ മാനദണ്ഡങ്ങൾ ഉണ്ട് എന്നു തോന്നി.
അതുകൊണ്ടാണ്, ലേഖനം ആരംഭിച്ച സമയത്തു തന്നെ മാഷ് സൂചിപ്പിച്ച വിവാദം ശ്രദ്ധയിൽ പെട്ടെങ്കിലും തത്സമയം ചേർക്കാതിരുന്നത്. പിന്നീട് ചേർക്കാമെന്നു കരുതി. വിക്കിപീഡിയ എഷ്യൻമാസം 2024 ത്തിലേക്ക് മറ്റു ചില ലേഖനങ്ങളും എഴുതാൻ തയ്യാറെടുത്തു നില്ക്കുന്ന സമയത്താണ് ഇത്തരം ഒരു പ്രശ്നം വന്നത്. അതോടെ ഈ ലേഖനം ഒന്നും കൂടി വികസിപ്പിക്കാനുള്ള ശ്രമമായി. മറ്റു ലേഖനങ്ങൾ പിന്നീടാകാമെന്നു കരുതി.
ഞാനിത്രയും പറഞ്ഞത്, Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - ന്റെ പ്രസ്താവ്യം ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്. അദ്ദേഹം വിക്കിയിൽ ദീർഘകാലം പ്രാക്ടീസ് ഉള്ള ആളാണ്. എന്നിട്ടും അങ്ങനെ പറഞ്ഞപ്പോൾ ഇങ്ങനെ ഒരു കുറിപ്പ് ഇടണമെന്ന് തോന്നി. സദയം ക്ഷമിക്കുക.കൈതപ്പൂമണം (സംവാദം) 18:42, 28 നവംബർ 2024 (UTC)[മറുപടി]
- പ്രിയ കൈതപ്പൂമണം, താങ്കളുടെ വാദഗതികൾക്ക് സ്വാഗതം. //ഒരു ജീവിച്ചിരിക്കുന്ന വ്യക്തി കുറ്റം ചെയ്തിട്ടുണ്ട് എന്ന് ആരോപണമുണ്ടെങ്കിലും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതുവരെ കുറ്റവാളിയാണെന്ന് കരുതാൻ പാടില്ല. ഒരു കുറ്റാരോപിതന്റെ കേസിൽ വിധി വരാത്തിടത്തോളം അയാളെപ്പറ്റി ലേഖനം സൃഷ്ടിക്കാതിരിക്കുക എന്നതിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്// എന്നതിൽ തർക്കമില്ല. താങ്കൾ വ്യക്തമാക്കിയപോലെ, അയാളെപ്പറ്റി ലേഖനം സൃഷ്ടിക്കാതിരിക്കുക എന്നുതന്നെയാണ് എന്റേയും കാഴ്ചപ്പാട്.
നിലവിൽ ഈ വ്യക്തിയുടെ ശ്രദ്ധേയത എന്താണ്? //മുപ്പത്തിനാല് പുസ്തകങ്ങൾ ഒരേ ദിവസം തന്നെ പ്രകാശനം ചെയ്തത്// ആണെങ്കിൽ, അതിന്റെ പിന്നിലെ വസ്തുതയും കാണണം. പണമുള്ളവർക്ക് ഇങ്ങനെ ചെയ്യാൻ ഇന്ന് യാതൊരു പ്രയാസവുമില്ല. യാതൊരു മര്യാദയുമില്ലാതെ, വിക്കിപീഡിയയിൽ നിന്നും മറ്റുള്ളവരുടെ പുസ്തകങ്ങളിൽ നിന്നും ഈച്ചക്കോപ്പിയെടുത്ത് പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രതിഭയൊന്നും വേണ്ടതില്ല. ശ്രദ്ധയതയുള്ള ഏതെങ്കിലും പ്രസിദ്ധീകരണസ്ഥാപനമാണോ പ്രസാധകർ? സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്], പ്രഭാത് ബുക്ക് ഹൗസ്, മാതൃഭൂമി എന്നിവയിലൂടെ മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ മോഷണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
//വ്യാപകമായി പ്രചാരണം ലഭിച്ച ആരോപണങ്ങളും വിവാദങ്ങളും ഒരുപക്ഷെ, അതിലെ ഇരയുടെ പേരിലോ കുറ്റവാളിയുടെ പേരിലോ വിക്കിയിൽ ലേഖനം നിലനില്ക്കാനുള്ള ശ്രദ്ധേയതാ മാനദണ്ഡമായും മാറാറുണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾതന്നെ മാഷ് സൂചിപ്പിച്ച ഈ വിവാദംപോലും ഒരുപക്ഷെ ഈ ലേഖനത്തിന്റെ ശ്രദ്ധേയതയ്ക്ക് ആവശ്യമായ മാനദണ്ഡമോ അധിക മാനദണ്ഡമോ ആയേക്കാം// എന്നതിനോട് യോജിക്കുന്നു. പക്ഷേ ലേഖനം ആരംഭിക്കേണ്ടത് അത് സൂചിപ്പിച്ചുകൊണ്ടായിരിക്കണം. അതുണ്ടായില്ല. അറിയപ്പെടുന്ന ഒരു സാഹിത്യചോരനാണ് എന്ന വിശേഷണത്തോടെ ലേഖനം ആരംഭിക്കേണ്ടിവരും, സാധിക്കുമോ?
//ഒരു വ്യക്തിയുടെ സത്യസന്ധത - മൊറാലിറ്റി - സദാചാരം തുടങ്ങിയവയെ ഡിപൻഡ് ചെയ്ത്, അത് ഉണ്ടെങ്കിൽ മാത്രമേ ആ വ്യക്തിയെകുറിച്ചു ലേഖനം ഉണ്ടാകാൻ പാടുള്ളൂ എന്നൊരു നയം ഏത് ഭാഷയിലെ വിക്കിയിലാണെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ഉണ്ടെങ്കിൽ മാത്രമാണ് ഒരു ലേഖനത്തിൽ അതിനെ അടിസ്ഥാനപ്പെടുത്തി ഡിലീറ്റ് ചർച്ച ഉയരേണ്ടതുള്ളൂ എന്നാണ് എന്റെയും അഭിപ്രായം.// എന്നത് മുൻപും ചർച്ച ചെയ്തിരുന്നതാണ്. ഫ്രാങ്കോ മുളയ്ക്കൽ, ബോബി ചെമ്മണ്ണൂർ എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കപ്പെട്ടത് ഇത്തരം ചർച്ചകളെത്തുടർന്നാണ്. വിശ്വസനീയമായ അവലംബങ്ങളില്ലാത്ത അവകാശവാദങ്ങളെ മുൻനിർത്തിയുണ്ടാക്കുന്ന പ്രശസ്തി പ്രസിദ്ധിയല്ല; കുപ്രസിദ്ധിയാണ് എന്നതിൽ തർക്കമില്ലല്ലോ? അത്തരക്കാർക്കും വിക്കിപീഡിയ ലേഖനമുണ്ട്, പക്ഷേ, പ്രാധാന്യം കുപ്രസിദ്ധിക്കുതന്നെയാവണം.
//ലേഖനം ആരംഭിച്ച സമയത്തു തന്നെ മാഷ് സൂചിപ്പിച്ച വിവാദം ശ്രദ്ധയിൽ പെട്ടെങ്കിലും തത്സമയം ചേർക്കാതിരുന്നത്. പിന്നീട് ചേർക്കാമെന്നു കരുതി.//എന്നതും ഇവിടെ പ്രസക്തമാണ്. വിഷയത്തെ സംബന്ധിച്ച പ്രധാന ശ്രദ്ധേയത തമസ്ക്കരിച്ച് വ്യക്തിയെ വെള്ളപൂശാനുള്ള ശ്രമമായി അതിനെ തെറ്റിദ്ധരിച്ചേക്കാം. Paid News എന്നതരത്തിൽ പല ടി.വി / പത്ര വാർത്തകളും കാണാറുണ്ട്. ഇതും അതുപോലെയെന്ന് തെറ്റിദ്ധരിക്കാം. ഇനി, ഇതൊക്കെ ചേർത്തു എന്നുതന്നെ കരുതുക, കുറേശ്ശെക്കുറേശ്ശെയായി ഇത്തരം പരാമർശങ്ങൾ ലയിപ്പിച്ച്, നേർപ്പിച്ച് നീക്കം ചെയ്യും. മറ്റു പല ലേഖനങ്ങളിലും ഈ പ്രവണത കണ്ടിട്ടുണ്ട്. പട്രോളർമാർക്ക് / കാര്യനിർവ്വാഹകർക്ക് എന്നും ഇതൊക്കെ നോക്കിയിരിക്കാനാവുമോ?
നിലവിലുള്ള സാഹചര്യത്തിൽ, ലേഖനം നീക്കം ചെയ്യുന്നതാണ് വിക്കിപീഡിയയ്ക്ക് നന്ന്. കേസിന് തീർപ്പുണ്ടാവുമ്പോൾ, ശ്രദ്ധേയതയ്ക്ക് വിശ്വസനീയ അവലംബങ്ങൾ ലഭിക്കുമെങ്കിൽ, അന്ന് പുനഃപരിശോധിക്കാമല്ലോ? ഇനി, അഥവാ നിലനിർത്തണമെന്നാണ് തീരുമാനമെങ്കിൽ, ചോരണവിവരം വിശദാംശങ്ങളോടെ ചേർക്കേണ്ടിവരും. എന്തുവേണമെന്ന്, സുഹൃത്തുക്കൾക്ക് തീരുമാനിക്കാം. നന്ദി. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:34, 29 നവംബർ 2024 (UTC)[മറുപടി]
ലഭ്യമായ വിവരങ്ങൾ വെച്ച് സാഹിത്യ ചോരണത്തിൽ പേരുകേട്ട പ്രവാസി കോപ്പി റൈറ്ററാണ് ഡാനിയേൽ സാമുവേൽ എന്ന കാരൂർ സോമൻ. ഒറ്റയടിക്ക് 34 തരം ബുക്കുകളുടെ കോപ്പിയടി ഒറ്റ ദിവസം തന്നെ നടത്തിയ ലോകറെക്കോർഡ് ഇദ്ദേഹത്തിനുണ്ട്. എന്ന രീതിയിൽ ലേഖനം മതിയായ തെളിവുകൾ കൊടുത്ത് അപ്ഡേറ്റ് ചെയ്യുന്നതിൽ തെറ്റില്ല. അല്ലാതെയുള്ള ലേഖനത്തിനു തീരെ പ്രസക്തി ഇവിടെ ഇല്ല. ഒന്നുകിൽ സ്വന്തമായ സൃഷ്ടിയായിരിക്കണം, അതല്ലെങ്കിൽ സുന്ദരമായ കള്ളത്തരമായിരിക്കണം. രണ്ടിലൊന്നറിയാതെ വെറുതേ വ്യക്തിപൂജ ചെയ്യാനുള്ള സ്ഥലമല്ല വിക്കിപീഡിയ. തീർച്ചയായും നിരക്ഷരൻ എന്ന യൂസർക്ക് ഇവിടെ കൂടുതൽ വിവരങ്ങൾ നൽകുവാൻ കഴിയുമെന്നു കരുതുന്നു. വ്യക്തമായി അറിവുള്ളവർ വരട്ടെ, അല്ലാതെ വെറുതേയിരുന്നു ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലല്ലോ! Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- Vijayanrajapuram മാഷേ...
വിക്കിയെ സ്നേഹിക്കുന്ന, അതിന്റെ മേന്മയെയും സമൂഹമധ്യത്തിലുള്ള വിക്കിയുടെ സുതാര്യതയെയും വിശ്വനീയതയെയും പ്രതിബന്ധതയെയും കുറിച്ച് വ്യക്തമായ അവബോധമുള്ള ഏതൊരു എഡിറ്ററും പുതുതായി ലേഖനം തുടങ്ങുമ്പോൾ, പ്രത്യേകിച്ചും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചു ലേഖനം തുടങ്ങുമ്പോൾ ആ വ്യക്തി സമൂഹത്തിൽ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയത്തെ മുൻ നിർത്തി തന്നെയാണ് തുടങ്ങാറ്. ഒരാൾ ഒരു അഭിനേതാവ്, സംവിധായകൻ, കഥാകൃത്ത് അങ്ങനെ മറ്റു പലതുമാകാം. അതിൽ അയാൾ ഏറ്റവും കൂടുതൽ ഇൻവോൾവ്ഡ് ആയതോ ശ്രദ്ധിക്കപ്പെട്ടതോ ആയ വിഷയമാണ് അയാളെ ആദ്യം ഐഡിന്റി ഫൈ ചെയ്യുക. ഞാനും അതാണ് ചെയ്തത്. അല്ലാതെ ഇതിലൊരു വെള്ളപൂശലും മഹാനാക്കുന്ന വസ്തുതയും ഇല്ല. ഇനി ഞാൻ അങ്ങനെ ശ്രമിച്ചു എന്നാണെങ്കിൽ പോലും അതു കണ്ടെത്തുന്ന മുറയ്ക്ക് ഏത് എഡിറ്റർക്കു വേണമെങ്കിലും തിരുത്താവുന്നതാണല്ലോ? മറ്റൊരു കാര്യം, മാഷും മറ്റൊരു സുഹൃത്തും സൂചിപ്പിക്കുന്നതു പോലെ ഇതൊരു പെയ്ഡ് ആർട്ടിക്കിൾ ആണെന്നു വെച്ചാൽ പോലും മാഷേ... ഞാനൊന്നു ചോദിച്ചോട്ടെ... 'പണം വാങ്ങി' എന്ന ഒരൊറ്റ കാരണം കൊണ്ട് ഏതെങ്കിലും ഒരാൾക്ക് വിക്കിയിൽ ഒരു ലേഖനം തുടങ്ങാൻ കഴിയുമോ? 'പണം വാങ്ങി' എന്ന മാനദണ്ഡമല്ലാതെ മറ്റൊന്നും ആവശ്യമില്ലേ ഒരു ലേഖനം വിക്കിയിൽ നിലനിർത്താൻ?
ലേഖനം ഒഴിവാക്കാൻ മാഷ് ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു കാര്യം കാരൂർ സോമൻ എന്ന വ്യക്തിയുടെ മൊറാലിറ്റിയുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ വിക്കി ഉയർത്തിപ്പിടിക്കുന്ന മെറിറ്റ് ഇല്ല എന്നതിന്റെ അടിസ്ഥാനത്തിലല്ല. അത് ഖേദകരമാണ്. സത്യസന്ധത/ ധാർമികത തുടങ്ങിയ വിഷയങ്ങളിൽ DasKerala വും ഞാനും അഭിപ്രായപ്പെട്ട അതേ അഭിപ്രായം മാത്രമാണ് 'പെയ്ഡ് ആർട്ടിക്കിൾസ്' ഇവിടെ ഉണ്ടെങ്കിൽ/ അങ്ങനെ സാധ്യമാകുമെങ്കിൽ ആ കാര്യത്തിലും എനിക്കുള്ളത്. അത് വിക്കിയ്ക്ക് പുറത്തുള്ള കാര്യമാണ്. വിക്കിയ്ക്ക് അത് അറിയേണ്ട കാര്യമില്ലെന്നു ഞാൻ വിശ്വസിക്കുന്നു. വിക്കിയ്ക്ക് അറിയേണ്ടത്, വിക്കിയുടെ നയങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായ മെറിറ്റ് ആ ലേഖനത്തിനുണ്ടോ ഇല്ലയോ എന്നതു മാത്രമാണെന്നു ഞാനിപ്പോഴും വിശ്വസിക്കുന്നു.
കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി പറയട്ടെ... ആറേഴു കൊല്ലമേ ആയിട്ടുള്ളൂ ഞാൻ വിക്കിയിൽ എത്തിയിട്ട്. ആദ്യമായാണ് ഇപ്പോഴാണ് ഇവിടെയും ഈ 'പെയ്ഡ് ആർട്ടിക്കിൾസ്' ഉണ്ടെന്നു കേൾക്കുന്നതു തന്നെ. അതിനു കാരണം ഞാൻ വളരെ കുറച്ചുമാത്രം വിക്കിയിൽ വരുന്ന ആളായതു കൊണ്ടാകാം. ഇതുവരെ അങ്ങനെ ഒന്ന് കേട്ടിട്ടില്ല. മാഷ് പറഞ്ഞതുപോലെ വിക്കിയ്ക്കു പുറത്ത് കേൾക്കുന്നുണ്ട് ഇത്തരം വാർത്തകൾ. അവിടെ പക്ഷെ, ഒരു വാർത്താമാധ്യമത്തിനു അങ്ങനെ ചെയ്യാൻ സാധിക്കുന്നത് ആ മാധ്യത്തിനു ഒരേ ഒരു ഉടമസ്ഥൻ അല്ലെങ്കിൽ ഏതാനും ഉടമസ്ഥർ മാത്രമാണ് ഉള്ളത് എന്നതുകൊണ്ടാണ്. വിക്കി അങ്ങനെ അല്ലല്ലോ... ഏതു പ്രാദേശിക വിക്കിയിലാണെങ്കിലും ലോഗിൻ ചെയ്യാൻ കഴിയുന്ന ഒരു ഐ പി മെമ്പർ പോലും വിക്കിയുടെ ഉടമസ്ഥൻ അല്ലേ... അഥവാ വിക്കിയ്ക്ക് 'ഉടമസ്ഥൻ' ഇല്ല സ്ഥാപകൻ/ സ്ഥാപകർ മാത്രമാണ് ഉള്ളത് എന്നാണ് സൂചിപ്പിച്ചത്. മാഷിനും എല്ലാവർക്കും ഇതൊക്കെ അറിയാവുന്ന കാര്യമാണ്. എങ്കിലും വീണ്ടും വീണ്ടും 'പെയ്ഡ്' വിഷയം വന്നതുകൊണ്ടാണ് ഇത്രയും സൂചിപ്പിച്ചത്.
മാഷ് പറഞ്ഞ മറ്റൊരു കാര്യം എന്നത്, "നിലവിൽ ഈ വ്യക്തിയുടെ ശ്രദ്ധേയത എന്താണ്?" എന്നതാണ്. അതിനുള്ള ഉത്തരം എന്റെ മുൻ കമന്റിൽ തന്നെ ഉണ്ടല്ലോ. മാഷ് പറഞ്ഞതുപോലെ "മുപ്പത്തിനാല് പുസ്തകങ്ങൾ ഒരേ ദിവസം തന്നെ പ്രകാശനം ചെയ്തത്" അല്ല ഞാൻ ഈ ലേഖനം ചെയ്യാനെടുത്തപ്പോൾ 'വിക്കിയിൽ വരേണ്ട ലേഖനം' എന്നതിന് മാനദണ്ഡമായി കണ്ടത്, മറിച്ച് ആ വ്യക്തി എഴുത്തുകാരനുള്ള വിക്കി ശ്രദ്ധേയതകളിൽ ഒരെണ്ണമല്ല മൂന്നെണ്ണം പാലിക്കുന്നുണ്ട് എന്നുള്ളതാണ് എന്നു തന്നെയാണ്. പിന്നെ, 'അതിന്റെ പിന്നിലെ വസ്തുത' എന്ന് മാഷ് പറയുന്നത് പുറത്തു നടക്കുന്ന ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ്, അല്ലാതെ, കൃത്യമായ തെളിവുകളോടെ ഏതെങ്കിലും ഒരു കോടതി കണ്ടെത്തിയ സത്യങ്ങളല്ല. കോടതിയ്ക്കു മാത്രമല്ല വിക്കിക്കും വേണ്ടത് തെളിവുകളാണെന്നു ഞാൻ പറയാതെ തന്നെ മാഷിനും അറിയാവുന്നതല്ലേ? ഒരു പൊതുസമൂഹത്തിന് കേവല ആരോപണങ്ങളെ അടിസ്ഥാനമാക്കി ഒരാളെ 'തൂക്കികൊല്ലാൻ' വരെ കൃത്യമായ തെളിവുകൾ വേണമെന്നില്ല, നാക്കുകൾ തന്നെ ധാരാളം. പക്ഷെ, കോടതിക്കും വിക്കിക്കും അതുമാത്രം പോരല്ലോ ഉദാ: ഈയടുത്ത് നടൻ നിവിൻ പോളിയെകുറിച്ചും മറ്റും അതിശക്തമായ ആരോപണങ്ങൾ ഉയർന്നു. അതിൽ, നിവിൻ പോളിയുടെ വിഷയത്തിൽ സംഭവിച്ചതു മാഷും അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു.
എക്കാലത്തും മുഖ്യധാരയിൽ, അത് എഴുത്ത് മേഖലയായാലും ചലച്ചിത്ര മേഖലയായാലും കളിക്കള മേഖലയായാലും ഏതു മേഖലയിൽ പ്രവർത്തിച്ചു വരുന്നവരായാലും അവരിൽ പലരെയും പറ്റി സമൂഹത്തിൽ പലവിധ ആരോപണങ്ങൾ ലോകത്തെല്ലായിടത്തും ഉയരാറുണ്ട്. സാധാരണക്കാർക്കും നേരിടേണ്ടി വരാറുണ്ട്. അതിൽ സത്യവും അസത്യവും കണ്ടേക്കാം. അതിന്റെ പിന്നാലെ പോകേണ്ട പാപ്പരാസികളല്ല വിക്കിയുടെ എഡിറ്റർമാർ എന്നുതന്നെയാണ് എന്റെ വിശ്വാസം. വിക്കി എഡിറ്റർമാരുടെ ദൗത്യം അതല്ല. അത്തരം കണ്ടന്റുകൾ ഉണ്ടെങ്കിൽ, അതൊരു വ്യക്തിയോ പൊതുസമൂഹമോ ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിൽ, അത് സത്യമോ അസത്യമോ ആകട്ടെ അക്കാര്യംകൂടി/ ഇങ്ങനെയൊരു സംഭവംകൂടി ഉണ്ട് എന്നുകൂടി ആ ലേഖനത്തിൽ ഉൾപ്പെടുത്തുക എന്നതു മാത്രമാണ് ഒരു ലേഖകന്റെ കർത്തവ്യം എന്നുതന്നെയാണ് എന്റെ വിശ്വാസം. അത് ഈ ലേഖനത്തിലും ഞാൻ അനുവർത്തിച്ചിട്ടുണ്ട്.
ഈ ചർച്ചയ്ക്ക് ഉപയുക്തമാണോ അല്ലയോ എന്നെനിക്കറിയില്ല. മാഷ് സൂചിപ്പിച്ചതുകൊണ്ടു മാത്രം പൊതുവായ ചില കാര്യങ്ങൾകൂടി അങ്ങയുടെ ശ്രദ്ധയിൽ വരുവാൻവേണ്ടി എഴുത്തു മേഖലയിലെ മേല്പറഞ്ഞ പ്രവണതകളെ പറ്റി പറയുന്നതാണ്. കേരളത്തിൽ ആദ്യമായൊന്നുമല്ല ഒരു എഴുത്തുകാരനെ സംബന്ധിച്ചു ഇങ്ങനെ ഒരു ആരോപണം ഉയരുന്നത് എന്നറിയാമല്ലോ... ഒരുപാടുണ്ട്... അതിൽ ഇന്നും സാഹിത്യലോകം ചർച്ച ചെയ്യുന്ന ഒന്നുരണ്ടെണ്ണം സൂചിപ്പിക്കാം. എം.ടിയുടെ ഏറെ പ്രസിദ്ധമായ 'മഞ്ഞ്' ഹിന്ദിയിലെ നിർമൽ വർമയുടെ 'പറവകൾ' എന്ന പുസ്തകത്തിന്റെ മലയാളീകരിച്ച ഒരു അനുകരണം മാത്രമാണെന്ന് ഇന്നും ഒരു വിഭാഗം മുന്തിയ സാഹിത്യകാരന്മാർ ആരോപിക്കുന്നുണ്ട്. അതുപോലെ, രവീന്ദ്രനാഥ ടാഗോറിന്റെ 'ജപ്പാൻ യാത്രി' എന്ന യാത്രാവിവരണ ഗ്രന്ഥത്തിലെ ഭാഗങ്ങൾ അതുപോലെ/ ഈച്ച കോപ്പി ആയിത്തന്നെ 'കന്യാവനങ്ങൾ' എന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ യാത്രാവിവരണ കൃതിയിൽ കടപ്പാടോ മറ്റു സൂചനകളോ ഇല്ലാതെ തന്നെ പകർത്തിവെച്ചിട്ടുണ്ടെന്നും വ്യാപകമായ ആരോപണങ്ങൾ ഉണ്ട്. മേല്പറഞ്ഞ രണ്ട് ഉദാഹരണങ്ങളിൽ, ഒന്ന് സർഗാത്മക സൃഷ്ടിയിൽ നിന്നുള്ള അടിച്ചുമാറ്റലും മറ്റൊന്ന് വൈജ്ഞാനിക ഗ്രന്ഥത്തിൽനിന്നും ഉള്ളതാണ്. മോഷണം മോഷണം തന്നെ ആണെങ്കിലും രണ്ടിനേയും രണ്ടുതരം മനോഭാവത്തോടെയാണ് നിയമംപോലും നോക്കി കാണുക. അതിലേക്ക് കൂടുതൽ കടക്കുന്നില്ല. പറയാൻ ഉദ്ദേശിച്ചത് അങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും മോഷണ ആരോപണങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത് എന്നാണ്. ഈയടുത്ത്, ബെന്യാമിന്റെ 'ആടുജീവിതം' എന്ന കൃതിയേക്കുറിച്ചും പൊതുസമൂഹത്തിൽ ആരോപണങ്ങൾ കനത്തു വന്നു. ചലച്ചിത്രങ്ങളെ എടുത്തുനോക്കൂ... 'അടിച്ചു മാറ്റൽ' ആരോപണങ്ങളിൽ സംവിധായകൻ പ്രിയദർശൻ, ശ്രീനിവാസൻ തുടങ്ങിയവർക്കെതിരെ എത്രയെത്ര ആരോപണങ്ങൾ ഉയർന്നിരിക്കുന്നു...
അതുകൊണ്ടുതന്നെ... നമ്മുടെ കോടതികളെ പോലെ തന്നെ നമ്മൾ എഡിറ്റർമാരും നിഷ്പക്ഷതയോടെ ഒരു വിഷയത്തെ സമീപിക്കണം. ഒരാൾ ഒരു കുറ്റവാളി ആണോ അല്ലയോ എന്നതൊന്നും അയാളെക്കുറിച്ചൊരു ലേഖനം എഴുതാനോ എഴുതാതിരിക്കാനോ ഉള്ള ഒരു എഡിറ്ററുടെ മാനദണ്ഡമോ ബാധ്യതയോ ആകരുത്. അയാൾ കുറ്റവാളി ആകുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ... അയാൾ കുറ്റവാളി ആണെന്നു തെളിഞ്ഞാൽ അയാൾ ഇന്ന കൃത്യത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നെഴുതണം. തെളിഞ്ഞില്ലെങ്കിൽ, ഇന്ന കൃത്യത്തിനു അയാൾ വിചാരണ നേരിട്ടിരുന്നു, നിരപരാധി എന്നു കണ്ട് വിട്ടയച്ചു എന്നും എഴുതണം. അതോടെ ആ എഡിറ്ററുടെ അഥവാ വിക്കിയുടെ ബാധ്യത തീർന്നു. അതല്ലാതെ, അയാൾ ഒരു ആരോപണത്തിന് വിധേയനാകുകയോ നിയമപരമായ കേസിൽ ഉൾപ്പെടുകയോ ചെയ്തു എന്ന കാരണത്താൽ അയാളെ ഒഴിവാക്കണം എന്ന വാദത്തോടു യോജിപ്പില്ല. കാരണം, വിക്കിപീഡിയയുടെത് ക്ലബ് പോലെ മറ്റു വിധമുള്ള ഒരു സംഘനാ പ്രവർത്തനമല്ലല്ലോ... കൂടാതെ, നിലവിൽ മാഷ് ഉണ്ടെന്ന് പറയപ്പെടുന്ന ഏഴ് വർഷം മുൻപുള്ള ഈ കേസ് സിവിൽ ആണോ ക്രിമിനൽ ആണോ രണ്ടും കൂടി ഉണ്ടോ അതിപ്പോഴും നടക്കുന്നുണ്ടോ എന്നൊന്നും മാഷ് സൂചിപ്പിച്ച ആ ബ്ലോഗിലെ സൂചനകളല്ലാതെ മറ്റൊന്നും എനിക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ആരോപണം ഉന്നയിക്കപ്പെടുന്ന സമയത്തുള്ള വാർത്തകളല്ലാതെ അതുമായി ബന്ധപ്പെട്ട പിന്നീട് കൂടുതൽ വിവരങ്ങൾ കാണുന്നുമില്ല. തന്നെയുമല്ല, കാതലായ അവലംബത്തിനു ബ്ലോഗ് എഴുത്തുകൾ നമുക്ക് സ്വീകാര്യവുമല്ലല്ലോ... ഇനി കേസ് ഇപ്പോഴും ഉണ്ടെങ്കിൽ തന്നെയും ഇത്തരം കേസുകളുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ അത് തീരാൻ പത്തോ മുപ്പതോ വർഷങ്ങൾ എടുത്തേക്കാം. അതുവരെ മൊറാൽലിറ്റിയുടെ പേരിൽ ഒരാളെക്കുറിച്ചുള്ള ലേഖനം ഇല്ലാതാക്കുന്നതിൽ യോജിപ്പില്ല. പിന്നെ, 'ബോബി ചെമ്മണ്ണൂർ', 'ഫ്രാങ്കോ മുളക്കൽ' എന്നീ പേജുകളിൽ ഇവിടെ എന്താണു നടന്നതെന്ന് അറിയില്ല. ഒഴിവാക്കൽ ചർച്ചയുടെ പേജുകൾ കിട്ടുന്നില്ല. ഫ്രാങ്കോ മുളക്കലിന് ഇംഗ്ലീഷ് ഉൾപ്പെടെ ആറ് ഭാഷകളിൽ നിലവിൽ വിക്കിയിൽ ലേഖനം ഉള്ളതായി കാണുന്നു. ശ്രദ്ധേയതാ നയം അനുസരിച്ച് ബോബി ചെമ്മണ്ണൂരിനു വിക്കിയിൽ ആർട്ടിക്കിൾ നിലനിൽക്കാനുള്ള സാദ്ധ്യത ഉണ്ടെന്നും തോന്നുന്നില്ല.
അതുപോലെതന്നെ, ഒരാൾക്കു പണമുണ്ട്/ പണമില്ല എന്നതും അതുകൊണ്ട് അയാൾ എന്തൊക്കെ വിലയ്ക്കു വാങ്ങുന്നു വാങ്ങുന്നില്ല എന്നതുതൊക്കെ നോക്കീം കണ്ടും ഒരു ലേഖനമെഴുത്തുകാരൻ ലേഖനമെഴുതണം എന്ന വാദത്തോടുള്ള വിയോജിപ്പും എല്ലാവിധ സ്നേഹാദരവുകളോടെയും മാഷിനെ അറിയിക്കുന്നു. നന്ദി.കൈതപ്പൂമണം (സംവാദം) 10:17, 29 നവംബർ 2024 (UTC)[മറുപടി]
- പ്രിയ കൈതപ്പൂമണം, ആദ്യമേ പറയട്ടെ, താങ്കൾ പണം വാങ്ങി ലേഖനമെഴുതുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. രാജേഷ് അങ്ങനെ ഒരു പരാമർശം നടത്തിയതായി താങ്കൾ സൂചിപ്പിച്ചതിനാൽ മാത്രം, ചില പ്രാഞ്ചികൾ അങ്ങനെ മീഡിയയെ സ്വാധീനിക്കുന്നത് കാണാറുണ്ട് എന്നതിനാൽ, അങ്ങനെയും തെറ്റിദ്ധരിക്കാം എന്ന് പറഞ്ഞുവെന്ന് മാത്രം. ഒരു വ്യക്തിയെക്കുറിച്ച് ലേഖനമെഴുതുമ്പോൾ, ഗുരുതരമായ ആരോപണം നേരിടുന്ന വ്യക്തി എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും അത് ചേർക്കാതെ ഒരുവശം മാത്രം കണ്ടതുകൊണ്ടാണ് മായ്ക്കൽ നിർദ്ദേശം ചേർത്തതുതന്നെ. വ്യക്തിയുടെ മോറാലിറ്റി മാത്രമല്ല ഇവിടെ പ്രശ്നം. മോഷണവിവാദ പശ്ചാത്തലത്തിൽ, എഴുത്തുകാരൻ എന്ന ശ്രദ്ധേയത തന്നെ റദ്ദായിപ്പോയിട്ടുണ്ട്. മറ്റെല്ലാം എഴുത്തുകാരൻ എന്നതിനെ ആശ്രയിച്ചുള്ള ശ്രദ്ധേയതയാണ്. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു എന്നുള്ളത് വിക്കിപീഡിയയിൽ ചേർക്കാനുള്ള കാരണമാകുന്നില്ല. മുപ്പതുവർഷം കഴിഞ്ഞ് കേസ് തീർന്നിട്ട് മാറിച്ചിന്തിക്കാം എന്നൊക്കെ പറയുന്നതിനോട് യോജിക്കാൻ പ്രയാസമുണ്ട്. ആരോപണത്തിൽ കഴമ്പുണ്ട് എന്നു കണ്ടതിനാലാണല്ലോ പ്രസിദ്ധീകരണശാല പുസ്തകം പിൻവലിച്ചത്? മറ്റു പലരും മോഷ്ടിച്ചിട്ടുണ്ടല്ലോ എങ്കിലെന്തുകൊണ്ട് സോമനും അതായിക്കൂടാ എന്നതിന് മറുപടി നൽകി സമയം കളയാനില്ല. വീരപ്പനും ഹിറ്റ്ലർക്കും വിക്കിയിൽ പേജുണ്ട്. അതുപോലെ ഇത്തരം വ്യക്തികൾക്കും പേജ് ആവാം. പക്ഷേ, നിലവിലെ ശ്രദ്ധേയത നെഗറ്റീവാണെന്ന് ഓർമ്മിക്കണം. അവാർഡ് നൽകിയ യു.ആർ.എഫ് ലോക റിക്കോർഡ് പ്രൈവറ്റ് ലിമിറ്റഡ് എന്താണെന്നുകൂടി ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. ഇത്തരം തട്ടിക്കൂട്ട് സംഘങ്ങൾ നൽകിയ ഡോക്ടറേറ്റും പേറി കുറേ നിർഗ്ഗുണ ജന്മങ്ങൾ എന്റെ നാട്ടിലും നടക്കുന്നുണ്ട്. പണം നൽകാൻ പ്രാഞ്ചിമാരും അവാർഡ് വിതരണം ചെയ്യാൻ രാഷ്ട്രീയനേതാക്കളും ഉള്ളയിടത്തോളം അവാർഡുകളുമുണ്ടാവും. ഒക്കെ നമ്മുടെ വിധി, അത്ര തന്നെ. കൂടുതലെഴുതാൻ സമയപരിമിതി അനുവദിക്കുന്നില്ല. നന്ദി. Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:47, 29 നവംബർ 2024 (UTC)[മറുപടി]
- കൈതപ്പൂമണം, പെയ്ഡ് എഴുത്തുകാർ മിക്ക വിക്കികളിലും നിരവധിയുണ്ട്. ഇംഗ്ലീഷ് വിക്കിയൊക്കെ അവരുടെ കളിയരങ്ങാണ്. 20 -തിൽ അധികം വിപിഎൻ വെച്ച് പലരാജ്യങ്ങളിൽ നിന്നായി പല യൂസേർസിൻ്റെ രൂപത്തിൽ വന്ന് ഇംഗ്ലീഷിൽ എഡിറ്റ് ചെയ്യുന്ന ബാംഗ്ലൂരിൽ ഉള്ള ഒരാളെ എനിക്ക് പേർസണലി അറിയാവുന്നതുമാണ്. വ്യക്തികളെ പറ്റിയല്ല, ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയും ഒരു ഓർഗനൈസേഷനെ പറ്റിയും എഴുതാനായി മലയാളത്തിൽ നിന്നും മുമ്പ് ചിലർ എന്നെയും സമീപിച്ചിരുന്നു. ഒരു പെരുംകള്ളനെ ഇങ്ങനെ വെള്ളപൂശാനുള്ള നിങ്ങളുടെ ശ്രമം കണ്ടപ്പോൾ എനിക്കു തോന്നിയത് ഇങ്ങനെയായിരുന്നു എന്നു മാത്രം ഓർമ്മിപ്പിക്കുന്നു. ഇത്തരം വെള്ളപൂശലുകൾ മലയാളം വിക്കിയിൽ തുടർന്നാൽ ക്രമേണ നിരവധി സമാന ലേഖനങ്ങൾക്കതു സാധ്യത നൽകുന്നുണ്ട്. വെറുതേ എന്തിനാണ് അനാവശ്യ കാര്യങ്ങളിൽ തലയിടുന്നത്? അല്ലാതെ തന്നെ വിക്കിയെ സമ്പുഷ്ടമാക്കാൻ വിഷയങ്ങൾ മലയാളത്തിൽ ഏറെയില്ലേ? Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
മാഷേ... മാഷ് സൂചിപ്പിച്ച ചില കാര്യങ്ങളിലേക്ക് ഒരിക്കൽകൂടി ഞാനെന്റെ അഭിപ്രായം പറയട്ടെ. മാഷ് ഉന്നയിക്കുന്ന പ്രശ്നം മൊറാലിറ്റി/ കുറ്റകൃത്യം ആണെങ്കിൽ, മാഷ് പറയുന്നതുപോലെ മാതൃഭൂമി അവരുടെ രണ്ടാം പതിപ്പ് പിൻവലിച്ചു എന്നത് ശരിയാണ്. പലവിധ വിവാദങ്ങളുടെയും പശ്ചാത്തലങ്ങളിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കാൻ താൽപ്പര്യമില്ലാത്ത പ്രസാധകർ അങ്ങനെ ചെയ്യാറുമുണ്ട്. എങ്കിലും പുസ്തകം നിയമപരമായി നിരോധിച്ചതായി എവിടെയും കാണുന്നില്ല. ഏകദേശം ഇതേ കാലയളവിൽ ഇന്ത്യയിൽ സംഭവിച്ച മറ്റൊരു സാഹിത്യമോഷണത്തിൽ ചേതൻ ഭഗത്തിന്റെ 'വൺ ഇന്ത്യൻ ഗേൾ' എന്ന നോവലിന് കോടതി നിരോധനം[1] ഏർപ്പെടുത്തിയിട്ടുണ്ട്. അതും ഒരാളുടെ സർഗാത്മക കൃതി അപ്പാടെ മോഷ്ടിച്ചതിന്. അങ്ങനെ എന്തെങ്കിലും ഒരു നിയമപരമായ നടപടി ഇതുവരെ ഈ പുസ്തകത്തിനോ ലേഖനത്തിലെ പ്രതിപാദ്യ വ്യക്തിക്കോ ഉണ്ടായിട്ടില്ല എന്നാണ് അറിവ്. ഫരീദ് സഖറിയ, സുനിൽ പി. ഇളയിടം... ഇങ്ങനെ പലരും ഇത്തരം ആരോപണങ്ങളിൽ പെട്ടിട്ടുമുണ്ട്.
ഇവരെയൊക്കെ, വീരപ്പനും ഹിറ്റ്ലർക്കും സമമായി അവരോധിക്കാമോ മാഷേ? കാരണം, സാഹിത്യത്തിലെ ലേഖന വിഭാഗത്തിൽ പണ്ടു പണ്ടേ നടന്നു വരുന്ന ഒരു പ്രക്രിയയാണ് ഇങ്ങനെയൊക്കെയുള്ള കട്ടെടുക്കൽ എന്നൊക്കെ മുൻപ് വായിച്ചിട്ടുമുണ്ട്. ചിലർ കടപ്പാട് വെയ്ക്കും ചിലർ വെയ്ക്കില്ല. പാശ്ചാത്യരാണ് ഈ പ്രവണത തുടങ്ങിവെച്ചത് എന്നാണ് പരക്കെ പറഞ്ഞു കേട്ടിട്ടുള്ളത്. സർഗാത്മക സൃഷ്ടിപോലെ എളുപ്പം ഉള്ള ഒന്നല്ലത്രെ ഈ ലേഖനമെഴുത്ത്. ഒരുപാട് റഫർ ചെയ്യണം. അതുകൊണ്ട്, കാശുള്ള എഴുത്തുകാർ ഒരു ലേഖന ഗ്രന്ഥത്തിലേക്ക് ആവശ്യമുള്ള വിവരങ്ങളുടെ ശേഖരണത്തിന് ഏജൻസികളെ ഏൽപ്പിക്കാറുണ്ടത്രെ. ചിലർ സ്വന്തമായി അനുചരരെ ചുമതലപ്പെടുത്തും. അവർ കൊണ്ടുവന്നു കൊടുക്കുന്ന വിവരങ്ങൾ ചിലപ്പോൾ പ്രൂഫ് റീഡിങ്ങ് പോലും ഇല്ലാതെ ലേഖകർ അവരുടെ കൃതികളിൽ ഉപയോഗിക്കും. അതു പിന്നീട് പിടിക്കപ്പെടുകയും പൊല്ലാപ്പാകുകയും ചെയ്യും. വിദേശത്തായാലും നമ്മുടെ നാട്ടിലായാലും ഇന്നും ആ പ്രവണത നിലനിൽക്കുന്നുണ്ട്. അതൊക്കെ നിരുത്സാഹപ്പെടുത്തേണ്ടതും ഇല്ലാതാക്കേണ്ടതും തന്നെയാണെന്ന കാര്യത്തിൽ ഞാനും നിങ്ങളോടൊപ്പമാണ്. അതിനു പക്ഷെ, ഈ ഒരു ലേഖനം ഇല്ലാതാക്കിയാൽ പരിഹാരമാകുമോ?
ഇനിയും പറയാനുണ്ട്. പക്ഷെ, ഈ ലേഖനത്തിന്റെ ഡിലേഷൻ ചർച്ചയിൽ അതിനുതകുന്ന കാര്യങ്ങൾ ആവശ്യത്തിലധികം പ്രതിപാദിച്ചു എന്നു തോന്നുന്നു. തന്നെയുമല്ല, മാഷ് പറഞ്ഞതുപോലെ എനിക്കും സമയപ്രശ്നമുണ്ട്. അതുകൊണ്ടാണ് ഞാനിവിടെ അധികം വരാത്തതും അധികസമയം ചെലവിടാൻ കഴിയാത്തതും. എങ്കിലും ഇവിടത്തെ എല്ലാവരെയും പോലെ എനിക്കും ഇവിടം വളരെ പ്രിയപ്പെട്ടതാണ്. സ്നേഹം മാഷേ... രാജേഷേ...കൈതപ്പൂമണം (സംവാദം) 16:37, 29 നവംബർ 2024 (UTC)[മറുപടി]
- കട്ടെടുക്കലിനും ഒരു മര്യാദയൊക്കെ വേണ്ടേ കൈതപ്പൂമണം? ചേതൻ ഭഗതും ബന്യാമനും ഒക്കെ ചെയ്തതു കോപ്പി പേസ്റ്റിങ്ങ് ആയിരുന്നില്ലല്ലോ? ആശയങ്ങളെ കടമെടുക്കുന്നവർ ഏറെ ഉണ്ട്, ചിലർ അതു പറയുന്നുമുണ്ട്. ജയരാജിൻ്റെ കളിയാട്ടം എന്ന സിനിമ ഷേക്സ്പിയറിൻ്റെ ഒഥല്ലോ എന്ന നാടകത്തിൻ്റെ കോപ്പിയാണെന്ന് സിനിമയിൽ തന്നെ എഴുതിക്കാണിക്കുന്നുണ്ട്. അതു കണ്ടാൽ പോലും കേവലമൊരു കോപ്പി പേസ്റ്റിങ്ങ് ആണു സിനിമ എന്നു താങ്കൾക്കു തോന്നുമോ? അവതാർ എന്ന ഇംഗ്ലീഷ് സിനിമ വിയറ്റ്നോം കോളനി എന്ന സിനിമയുടെ പകർപ്പാണെന്നു സമർത്ഥിക്കുന്നവരെ ഫെയ്സ്ബുക്കിൽ കണ്ടിരുന്നു. ഒരു പെരുങ്കള്ളനെ ന്യായീകരിക്കാനായി, മറ്റു കള്ളന്മാർക്കും ഇതൊക്കെ ആവാമെങ്കിൽ എൻ്റെ കള്ളനു മാത്രമെന്താ ഇത്ര കുഴപ്പമെന്നു ചോദിക്കേണ്ടതുണ്ടോ വിക്കിയിൽ? നിരക്ഷരൻ്റേയും അതുപോലെ സോമൻ കോപ്പിയടിച്ച മറ്റ് ബ്ലോഗേർസിൻ്റേയും ഒക്കെ കുടുംബാംഗങ്ങളുടെ പേരുവരെ ഈ പുസ്തകത്തിൽ ഉണ്ടത്രേ! (നിരക്ഷരൻ വിക്കിയിൽ ഇപ്പോൾ ഇല്ലെന്നു തോന്നുന്നു, മുപ്പർക്കു തെളിവുകളടക്കം ഇതൊക്കെ ഇവിടെ കാണിക്കാൻ കഴിഞ്ഞേനെ) കോപ്പിയെടുത്ത സാധനം ഒന്നു വായിച്ചു നോക്കാൻ പോലും ഉള്ള സാവകാശം കാണിക്കാതെയാണു ഈ പകർത്തെഴുത്തുകാരൻ പുസ്തകങ്ങൾ പബ്ലിഷ് ചെയ്തത് എന്നറിയുക. ഒരു ദിവസം 30-ഉം അമ്പതും ഒക്കെ ലക്ഷ്യം വെച്ച് വേൾഡ് റെക്കോർഡ് നേടാൻ ശ്രമിക്കുന്നയാൾക്ക് വായിച്ചു നോക്കാനെവിടെ സമയം! ഇത്തരം ലേഖനങ്ങൾ വിക്കിയിൽ ചേർക്കുന്നതു തന്നെ വിക്കിയെ വൃത്തികേടാക്കുന്നതിനു തുല്യമാണ്. വിട്ടുകള, ആർജ്ജവമുള്ള രചയിതാക്കൾ ഏറെയുണ്ടല്ലോ മലയാളത്തിൽ, നമുക്കവരെ കണ്ടെത്താം. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- //ലേഖനത്തിൽ കാരൂർ സോമനുമായി ബന്ധപ്പെട്ട 'സാഹിത്യചോരണ വിവാദവും' ലേഖനത്തിനാവശ്യമായ കൂടുതൽ വിവരങ്ങളും അനുബന്ധ സ്ത്രോതസ്സുകളും ചേർത്ത് ലേഖനം മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.// എന്നതും ലേഖനം നിലനിർത്തണം എന്നുള്ള അഭിപ്രായവും പരിഗണിച്ച്, ഞാൻ മായ്ക്കൽ നിർദ്ദേശം പിൻവലിക്കുന്നു. മായ്ക്കൽ ഫലകം നീക്കം ചെയ്തുകഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളുടെ പേജിലേക്കുള്ള കണ്ണി നഷ്ടപ്പെടും എന്നതിനാൽ, ഈ സംവാദം മുഴുവനായും ലേഖനത്തിന്റെ സംവാദതാളിലേക്ക് പകർത്തുന്നു. തുടർചർച്ചകൾ ആവശ്യമെങ്കിൽ ഈ പേജ് സന്ദർശിക്കുക. -- [ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]] ✉ 04:14, 30 നവംബർ 2024 (UTC)[മറുപടി]
അവലംബം
തിരുത്തുക- ↑ ഡെസ്ക്, സമകാലിക മലയാളം (2017-12-29). "ബ്ലോഗ് പകർത്തി പുസ്തകമാക്കി; കാരൂർ സോമനും പ്രസാധകർക്കുമെതിരെ നിരക്ഷരൻ നിയമനടപടിക്ക്". Retrieved 2024-11-30.
- ↑ സാഹിത്യം മോഷ്ടിക്കുന്നവരെ തിരിച്ചറിയേണ്ടേ?
- ↑ Word by word: Kerala blogger accuses UK-based writer of plagiarising his work
- ↑ സോമനടി – കഥ ഇതുവരെ
- ↑ Maloth, Muralikrishna (2018-01-03). "മാതൃഭൂമി അച്ചടിച്ച കാരൂർ സോമന്റെ പുസ്തകത്തിൽ വീണ്ടും കോപ്പിയടി.. തെളിവുമായി മൂന്നാമത്തെ ബ്ലോഗറും!". Retrieved 2024-11-30.
- ↑ "കോപ്പിയടി വിവാദം : മാതൃഭൂമി പുസ്തകം പിൻവലിച്ചു; കോപ്പിയടിച്ചത് പേരുപോലും മാറ്റാതെ". Retrieved 2024-11-30.
- ↑ "കോപ്പിയടി വിവാദം : മാതൃഭൂമി പുസ്തകം പിൻവലിച്ചു" (in ഇംഗ്ലീഷ്). 2017-12-30. Retrieved 2024-11-30.
- ↑ Southlive (2017-12-30). "കോപ്പിയടി വിവാദം; മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം പിൻവലിച്ചു". Retrieved 2024-11-30.
- ↑ Maaloth, Muralikrishna (2017-12-29). "ബ്ലോഗിൽ നിന്നും കോപ്പിയടിച്ച് പുസ്തകം; കാരൂർ സോമനും മാതൃഭൂമിക്കുമെതിരെ ബ്ലോഗർ നിരക്ഷരൻ നിയമനടപടിക്ക്". Retrieved 2024-11-30.
- ↑ ഡെസ്ക്, വെബ് (2017-12-31). "'അടിച്ചുമാറ്റിയ' യാത്രാവിവരണം പ്രസാധകർ പിൻവലിച്ചു | Madhyamam". Retrieved 2024-11-30.
{{cite web}}
: zero width space character in|title=
at position 20 (help) - ↑ Southlive (2017-12-29). "എഴുത്തുകാരൻ കാരൂർ സോമനെതിരെ കോപ്പിഅടി ആരോപണവുമായി ബ്ലോഗർ മനോജ് നിരക്ഷരൻ". Retrieved 2024-11-30.
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.