പ്രഭാത് ബുക്ക് ഹൗസ്
മലയാളത്തിലെ പ്രമുഖ പുസ്തക പ്രസാധകരാണ് പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം. 1952 ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ പ്രഭാതം പ്രിന്റിംഗ് & പബ്ലഷിംഗ് കമ്പിനി രജിസ്റ്റർ ചെയ്‌തു ആരംഭിച്ച ഈ സ്ഥാപനം കേരളത്തിലെ സോവിയറ്റ് പുസ്തകങ്ങളുടെ വിതരണക്കാർ എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചു. ആദ്യം കോഴിക്കോട്ടായിരുന്നു ആസ്ഥാനം പിന്നീട് തിരുവനന്തപുരത്തു ഹെഡാഫീസ് സ്ഥാപിച്ചു.
1955 മുതൽ 1990 വരെ സോവിയറ്റ് യൂണിയനിൽ നിന്നുള്ള പുസ്‌തകങ്ങളുടെ ഇറക്കുമതി പ്രഭാതിനായിരുന്നു. രാഷ്ട്രീയ ഗ്രന്ഥങ്ങൾക്ക് പുറമെ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ബാലസാഹിത്യകൃതികളും ശാസ്‌ത്രസാങ്കേതിക രംഗത്തെ അതിനൂതനങ്ങളായ കൃതികളും കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കാൻ പ്രഭാതിനു കഴിഞ്ഞു. 28 സോവിയറ്റ് മാസികകളാണ് പ്രഭാത് വഴി കേരളത്തിലെ വായനക്കാർക്ക് അക്കാലത്ത് എത്തിച്ചു കൊടുത്തത്. നൂറുക്കണക്കിന് ഏജൻസികളാണ് ഇതിനായി കേരളത്തിൽ പ്രവർത്തിച്ചിരുന്നത്. കേരളത്തിൽ വായനാശീലം വളർത്തിയെടുക്കുന്നതിനും വിശ്വപ്രസിദ്ധമായ റഷ്യൻ ക്ലാസ്സിക്കുകൾ മലയാളിക്ക് എത്തിച്ചു കൊടുക്കാനും പ്രഭാതിനു കഴിഞ്ഞു.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് , കോഴിക്കോട് , കണ്ണൂർ എന്നിങ്ങനെ ഒൻപതോളം സ്ഥലങ്ങളിൽ ഇവരുടെ ശാഖകൾ ഉണ്ട്. ഓരോ വർഷവും കേരളത്തിലങ്ങോളമിങ്ങോളം മൊബൈൽ പുസ്തക പ്രദർശനവും വിതരണവും നടത്തിയിരുന്നു.