എം.പി. പോൾ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മേനച്ചേരി പൗലോസ് പോൾ എന്ന എം.പി. പോൾ (മേയ് 1, 1904 - ജൂലൈ 12, 1952) ഇംഗ്ലീഷ്: M.P.Paul. മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകനായിരുന്നു. മലയാളത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചു. എഴുത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻ‌കൈയ്യെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം. മതസ്ഥാപനങ്ങളുടെ വിശേഷിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നടത്തിയിരുന്ന അദ്ദേഹത്തിന് തന്മൂലം ജീവിതകാലം മുഴുവൻ സഭയുടെ എതിർപ്പു നേരിടേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം. [1]

എം.പി. പോൾ
എം.പി. പോൾ
എം.പി. പോൾ
ജനനം1904 മേയ് 1
പുത്തൻപള്ളി, വരാപ്പുഴ, എറണാകുളം ജില്ല
മരണം1952 ജൂലൈ 12
തിരുവനന്തപുരം
Occupationഎഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ, സാഹിത്യ നിരൂപകൻ
Notable works
 • നോവൽ സാഹിത്യം
 • ചെറുകഥാപ്രസ്ഥാനം
 • സൗന്ദര്യത്തിന്റെ അടിസ്ഥാനം
 • ചിത്രകലയും കാവ്യകലയും
 • സാഹിത്യവിചാരം
Spouseമേരി പോൾ
Children

ജനനം, ബാല്യം തിരുത്തുക

1904 ൽ എറണാകുളം ജില്ലയിലെ പുത്തൻ‌പള്ളിയാണു പോളിന്റെ ജന്മദേശം.

ഔദ്യോഗിക ജീവിതം തിരുത്തുക

കോളജ് അദ്ധ്യാപകൻ എന്ന നിലയിലും പേരെടുത്തിരുന്നു എം.പി. പോൾ. തിരുച്ചിറപ്പള്ളി കോളേജിലാണ് ആദ്യം ജോലി ചെയ്തത്. അന്ന് ഐ.സി.എസ്. പരീക്ഷയിൽ ഒൻപതാമത്തെ റാങ്ക് കിട്ടിയിരുന്നു, എന്നാൽ ആദ്യത്തെ ആറു പേർക്കു മാത്രമേ ജോലി ലഭിച്ചിരുന്നുള്ളു. അതിനാൽ അദ്ദേഹം തൃശ്ശൂർ വന്നു. സെന്റ് തോമസ് കോളേജ്, തൃശൂർ, എസ്.ബി. കോളേജ് ചങ്ങനാശേരി എന്നിവിടങ്ങളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകനായി ജോലി ചെയ്തു. തുടർന്ന് “എം.പി. പോൾസ് ട്യൂട്ടോറിയൽ കോളജ് ”എന്ന പേരിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തി. കേരളത്തിൽ ഏറ്റവും ശ്രദ്ധനേടിയ സമാന്തര വിദ്യാഭ്യാസ സംരംഭമായിരുന്നു അത്.

സഭയുമായുണ്ടായ പിണക്കം തിരുത്തുക

സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു പ്രൊഫസ്സർ പോൾ. അക്കാലത്ത് പ്രേമവിവാഹം കഴിച്ചു എന്നതൊഴിച്ചാൽ കത്തോലിക്കാ സഭയുടെ ആചാരവിശ്വാസങ്ങളെ എതിർത്തതായി യാതൊരു തെളിവുകളുമില്ല. [2] അദ്ദേഹം തൃശ്ശൂർ സെൻറ്. തോമസ് കോളേജിൽ ആംഗലേയ ഭാഷാധ്യാപകനായി ജോലി നോക്കവേ ആണ് സഭയുമായി തെറ്റാനുണ്ടായ ആദ്യത്തെ സംഭവം. അന്ന് പ്രിൻസിപ്പാൾ ആയിരുന്നത് ഫാ. പാലോക്കാരൻ ആയിരുന്നു. സാഹിത്യകാരനായിരുന്നതിനാൽ പ്രിൻസിപ്പാളിന് പ്രൊ. പോളിനെ വലിയ കാര്യമായിരുന്നു. എന്നാൽ അന്ന് കോളേജിൽ കൃത്യമായ ഗ്രേഡിങ്ങ് സം‌വിധാനമോ, അതിനനുസരിച്ചുള്ള നിയമനമോ ഉദ്യോഗകയറ്റമോ നിലവിലില്ലായിരുന്നു. ശമ്പളവും തുച്ഛമായിരുന്നു. അദ്ധ്യാപകർ പുറമേ ട്യൂഷൻ ഏർപ്പെടുത്തിയാണ് കഴിഞ്ഞു കൂടിയിരുന്നത്. ശമ്പളം കൃത്യമായ തീയതിയിൽ ലഭിക്കുകയും ഇല്ലായിരുന്നു. പ്രിൻസിപ്പാളിന്റെ വിശ്വസ്തനുമായിരുന്ന ഹെഡ് ക്ലാർക്കായിരുന്നു ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചിരുന്നത്. പോൾ ഇതിനെതിരെ സംസാരിച്ചു. ശമ്പളം കൃത്യമായ തീയതിയിൽ വിതരണം ചെയ്യണമെന്ന് വ്യവസ്ഥ്യുണ്ടാക്കി. പിന്നീട് അതിന് വ്യക്തതയും സുതാര്യതയും വേണമെന്ന് പറഞ്ഞ് ആർ, എവിടെ വച്ച് എന്ന് ശമ്പളം തരും എന്നു ചോദിച്ച് പ്രിൻസിപ്പാളിന് കത്തുമയച്ചു. ഈ സംഭവത്തോടേ പോൾ കോളേജിൽ അനഭിമതനായിത്തീർന്നു. പിന്നീട് ഇന്ത്യാ ഗവർണ്മെൻറ് ശമ്പളം പിടിച്ചിരുന്നു എന്ന പേരിൽ അദ്ധ്യാപകരുടെ ശമ്പളത്തിൽ കുറവ് വരുത്താൻ പ്രിൻസിപ്പാൾ അച്ചൻ മറ്റാരോടും ചോദിക്കാതെ തീരുമാനം എടുത്തു. അതിൻ പ്രകാരം കോളേജിന്റെ ഉന്നമനത്തിനായി അദ്ധ്യാപകർ ത്യാഗം അനുഷ്ടിക്കണം എന്നായിരുന്നു. ഇതിനെതിരായി കോളേജിൽ അദ്ധ്യാപകർക്കിടയിൽ മുറുമുറുപ്പുണ്ടായി. ഈ സമയത്ത് ഏറ്റവും ധീരമായ തീരുമാനമെടുത്തത് പോൾ ആയിരുന്നു. അദ്ദേഹം പ്രിൻസിപ്പൾ അച്ഛന് ഒരു കത്തെഴുതി. അതിൽ താൻ ജോലിക്ക് ചേർന്നത്. ശമ്പളം സംബന്ധിച്ച് വ്യക്തമായ ഒരു ഉടമ്പടി അനുസരിച്ചായിരുന്നു എന്നും അതിനാൽ തന്നോട് ആലോചിക്കാതെ അതിൽ വ്യത്യാസം വരുത്തുവാൻ പറ്റില്ല എന്നും. മറ്റുള്ളവർ അടിച്ചേൽ‍പ്പിക്കുന്നത് ത്യാഗം ആവില്ല എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. പിന്നീട് അദ്ദേഹത്തിന് നിർബന്ധ ബുദ്ധിക്കാരനായ പ്രിൻസിപ്പാളിന്റെ മുന്നിൽ സ്വന്തം അഭിമാനം ത്യഗം ചെയ്യാതിരിക്കാൻ രാജി വയ്ക്കേണ്ടി വന്നു. പക്ഷേ സഭാധികാരത്തിന്റെ ദൃഷ്ടിയിൽ കുറ്റക്കാരൻ പോൾ ആയിരുന്നു, അദ്ദേഹം സഭാ വിരുദ്ധനായി മുദ്രയടിക്കപ്പെട്ടു.

പ്രൊഫ. പോളും ചങ്ങനാശ്ശേരി സെൻറ്. ബർക്ക് മെൻസ് കോളേജ് പ്രിൻസിപ്പാളുമായാണ് അദ്ദേഹത്തിന് പിന്നീട് ഇടയേണ്ടി വന്നത്. കോളേജ് ഭരണത്തിൽ അഭിപ്രായം ചോദിച്ചു പിന്നാലെ നടന്നിരുന്ന പ്രിൻസിപ്പാൾ ഫാ. റൊമയോ തോമാസിനോട് സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞതാണ് അവിടെ അദ്ദേഹത്തെ അനഭിമതനാക്കിയത്. അദ്ദേഹത്തെ അസമയത്ത് കൂടിക്കാഴ്ചക്ക് വിളിച്ച പ്രിൻസിപ്പാളിനോട് സാധ്യമല്ല എന്ന് തീർത്തു പറയുകയുണ്ടായി. ഇതിനു ശേഷം അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കിയെങ്കിലും അന്നത്തെ മെത്രാനായ ഡോ. കാളാശ്ശേരിയുടെ മധ്യസ്ഥതയിൽ രമ്യതയിൽ തീർത്തിരുന്നു. എന്നാൽ പ്രിൻസിപ്പാൾ വ്യക്തി വിരോധം മനസ്സിൽ സുക്ഷിച്ച് വയ്ച്ച് പിന്നീട് ചങ്ങനാശ്ശേരി വിട്ട് ദീർഘകാലം പുറത്ത് പോകുന്ന അദ്ധ്യാപകർ തന്നെ അറിയിക്കണം എന്ന നിയമത്തിൻ വീഴ്‌ച വരുത്തി എന്നാരോപിച്ച് പരീക്ഷാ ബോർഡ് ചെയർമാനായ അദ്ദേഹത്തെ കൊച്ചിയിൽ സഹപ്രവർത്തകരോട് ഒത്ത് സമ്മേളിച്ചു എന്നാരോപിച്ച് കലാലയത്തിൽ നിന്ന് പുറത്താക്കി. ആദർശശാലിയായ പോൾ മുട്ടുകുത്താൻ തയ്യാറാവാത്തതു കോണ്ടു മാത്രമാണ് ബലിയാടാക്കപ്പെട്ടത്. [3]എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ തന്നെ പുറത്താക്കിയ കോളേജിന്റെ സഹായത്തിനായി എത്താൻ പോളിന് മടിയുണ്ടായില്ല. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ, സെൻറ്. ബെർക്കുമാൻസിനോട് പകരം വീട്ടാനായി അവിടത്തെ ആംഗലേയ വിഭാഗം പ്രൊഫസ്സർ ആയിരുന്ന സഹസ്രനാമയ്യരെ നിർബന്ധപൂർവ്വം രാജി വയ്പ്പിച്ചു. രാമസ്വാമി അയ്യരെ ഭയം ആയിരുന്ന മറ്റാരും ആ സ്ഥാനത്തേയ്ക്ക് വരാനും തയ്യാറായില്ല. വകുപ്പു മേധാവി ഇല്ല എങ്കിൽ കലാലയത്തിന്റെ സർവ്വകലാശാല ബന്ധം നിലയ്ക്കുമെന്ന അവസ്ഥയിൽ അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. കോളേജിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചു.

ശ്രീ പോളിന്റെ ധീരമായ നിലപാടുകൾക്ക് കത്തോലിക്ക പുരോഹിത സഭ കനത്ത വിലയാണ് ആവശ്യപ്പെട്ടത്. കള്ള പ്രചരണങ്ങൾ അഴിച്ചു വിട്ട് പോളിനെ തിരെ സാമുദായിക ഭ്രഷ്ട് വരെ ആവശ്യപ്പെട്ടു. ഇതിനായി പള്ളിയും ധ്യാനകേന്ദ്രങ്ങളും നിർലോഭം ഉപയോഗിച്ചു. ഈ വിരോധം അദ്ദേഹത്തിന്റെ മരണശേഷവും തുടർന്നു. 1952-ൽ അദ്ദേഹം അന്തരിച്ചപ്പോൾ പള്ളിവക ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ സഭാ നേതൃത്വം വിസമ്മതിച്ചു. സഭാ വിരോധികൾക്കും പാഷണ്ഡികൾക്കും നീക്കിവച്ചിരിക്കുന്ന തെമ്മാടിക്കുഴിയിൽ പോളിനെ സംസ്കാരിക്കാനായിരുന്നു സഭാ നേതൃത്വത്തിന്റെ തീരുമാനം.

സാഹിത്യ മേഖല തിരുത്തുക

നവകേരളം എന്ന പേരിൽ ആഴ്ചപ്പതിപ്പും ചെറുപുഷ്പം എന്ന പേരിൽ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. കേരളാ പുരോഗമന സാഹിത്യ സംഘടനയുടെ അധ്യക്ഷനായി കുറച്ചുകാലം പ്രവർത്തിച്ചെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് പിന്നീട് സംഘടനയിൽ നിന്നും അകലം പാലിച്ചു. കേരള സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ സ്ഥാപക അദ്ധ്യക്ഷന്മാരിൽ ഒരാളായും പ്രവർത്തിച്ചു. [4] ഈ സംഘം പിന്നീട് നാഷണൽ ബുക്സ് സ്റ്റാളുമായി ചേർന്ന ശേഷം വിജയകരമായി സ്ഥാപനമായിത്തിർന്നു [5] 1960 മുതൽ മലയാള സാഹിത്യത്തിന്റെ സുവർണ്ണ കാലമായി പരിണമിക്കുകയും ചെയ്തു.

മലയാള സാഹിത്യ വിമർശനത്തിന് ആധുനിക പരിപ്രേക്ഷ്യം നൽകിയത് പോളായിരുന്നു. വിശ്വസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ സാഹിത്യ വിമർശന ശൈലികൾ മലയാളത്തിലേക്കും പറിച്ചുനട്ടു. പ്രൌഢവും സരസവുമായ ഗദ്യശൈലിക്കുടമയായിരുന്നു പോൾ. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു രൂപം നൽകാൻ ശ്രമിച്ചെങ്കിലും അതിനു മുൻപു മരണമടഞ്ഞു.

പുസ്തകങ്ങൾ തിരുത്തുക

 • നോവൽ സാഹിത്യം
 • ചെറുകഥാ പ്രസ്ഥാനം
 • സാഹിത്യ വിചാരം
 • സൗന്ദര്യ നിരീക്ഷണം
 • കാവ്യദർശനം
 • ഗദ്യഗതി
 • കലയും കാലവും

അദ്ദേഹത്തിന്റെ സ്മാരകങ്ങൾ തിരുത്തുക

1953- ല് അദ്ദേഹത്തിന്റെ സ്മാരകമായി കോട്ടയത്തെ നാട്ടകത്ത് ഒരു അച്ചടിശാല സഹകരണ സംഘം ആരംഭിച്ചു.

അവലംബം തിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-03-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-04.
 2. മുണ്ടശ്ശേരി; കൊഴിഞ്ഞ ഇലകൾ- പ്രതിപാദിച്ചിരിക്കുന്നത്- ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
 3. ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
 4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-25.
 5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-25.
"https://ml.wikipedia.org/w/index.php?title=എം.പി._പോൾ&oldid=3806639" എന്ന താളിൽനിന്ന് ശേഖരിച്ചത്