കാവാലം നാരായണപ്പണിക്കർ

മലയാളത്തിലെ നാടകകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകൻ,‍ സൈദ്ധാന്തികൻ

മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപണിക്കർ‍. നാടകകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു[1][2]. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു.[3] 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു.[4] 2016 ജൂൺ 26ന് തന്റെ 88-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. [5]

കാവാലം നാരായണപണിക്കർ
കാവാലം നാരായണ പണിക്കർ.
ജനനം(1928-05-01)മേയ് 1, 1928
മരണംജൂൺ 26, 2016(2016-06-26) (പ്രായം 88)
ദേശീയത ഇന്ത്യ
തൊഴിൽനാടകരചന, നാടകസംവിധാനം, ഗാനരചന
ബന്ധുക്കൾസർദാർ കെ.എം.പണിക്കർ(അമ്മാവൻ)

ജീവിതരേഖ

തിരുത്തുക
 
കാവാലം നാരായണപണിക്കർ, തിരുവനന്തപുരത്തെ വീട്ടിൽ ഒരു ചർച്ചക്കിടെ

ആലപ്പുഴ ജില്ലയിലെകുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനായിരുന്നു. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്പരനായിരുന്നു.

കുടുംബം

തിരുത്തുക

ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ.

നാടകപ്രവർത്തനം

തിരുത്തുക

ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവി എം. ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ‍ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നൽകി.

തനതുനാടകവേദി

തിരുത്തുക

1968-ൽ സി.എൻ. ശ്രീകണ്ഠൻ നായർ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത്‌ കാവാലമാണ്‌. ഇബ്‌സനിസ്റ്റുരീതി പിന്തുടർന്ന മലയാളനാടകവേദിയിൽ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്. മലയാളിയുടെ ആത്മഭാവമായി മാറാൻ നാടകം എന്ന കലാരൂപത്തിനു് സാധിച്ചില്ലെന്നും അതിനു കാരണം നമ്മുടെ പാരമ്പര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകൾ എന്നുമുള്ള ചിന്തയിൽ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും പടയണി തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതിയാണ് തനതുനാടകവേദിയുടെ സൗന്ദര്യശാസ്ത്രപരമായ അടിത്തറ[6]

കവിതയും സംഗീതവും

തിരുത്തുക
 
Kavalam

യഥാതഥ(Realistic) നാടകങ്ങളുടെ ബാഹുല്യവും അവയുടെ പ്രമേയസ്വീകരണത്തിലും പ്രതിപാദനരീതിയിലും അവതരണത്തിലും പ്രകടമായ കൃത്രിമത്വവും, ക്രമേണ നാടോടിക്കലകളിലേക്കും തനതുപാരമ്പര്യങ്ങളിലേക്കും തിരിയുവാൻ കാവാലം ഉൾപ്പെടെയുള്ള നാടകപ്രവർത്തകരെ പ്രേരിപ്പിച്ചു. നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്‌, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടുംകൂടി പാരമ്പര്യ നാടകവേദികളിൽ നിന്നും വ്യതിചലിച്ച്‌ തുറസ്സായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

നാടകങ്ങൾ

തിരുത്തുക

കാവാലത്തിന്റെ ആദ്യകാല നാടകങ്ങൾ സംവിധാനം ചെയ്തത് പ്രൊഫ. കുമാരവർമ്മ, ചലച്ചിത്രസംവിധായകൻ ജി. അരവിന്ദൻ എന്നിവരാണ്. പില്ക്കാലനാടകങ്ങൾ എല്ലാം കാവാലം തന്നെയാണ് സംവിധാനം ചെയ്തത്. കാവാലത്തിന്റെ ഏതാനും നാടകങ്ങൾ ചുവടെ.

  • സാക്ഷി (1968)
  • തിരുവാഴിത്താൻ (1969)
  • ജാബാലാ സത്യകാമൻ (1970)
  • ദൈവത്താർ (1976)
  • അവനവൻ കടമ്പ (1978)
  • കരിംകുട്ടി (1985)
  • നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം
  • കൈക്കുറ്റപ്പാട് (1993)
  • ഒറ്റയാൻ (1980)
  • പുറനാടി (അഞ്ച് നാടകങ്ങളുടെ സമാഹാരം)

നാടകവിവർത്തനങ്ങൾ

തിരുത്തുക

ചില പ്രമുഖ നാടകവിവർത്തനങ്ങൾ ചുവടെ.

  • ഭാസഭാരതം (1987) ഭാസന്റെ അഞ്ച് സംസ്കൃതനാടങ്ങളുടെ (ഊരുഭംഗം, ദൂതഘടോൽഖജം, മദ്ധ്യമവ്യായോഗം, ദൂതവാക്യം, കർണ്ണഭാരം) വിവർത്തനം
  • ഭഗവദജ്ജുകം (ബോധായനന്റെ സംസ്കൃതനാടകത്തിന്റെ വിവർത്തനം)
  • മത്തവിലാസം (മഹേന്ദ്രവിക്രമ വർമ്മന്റെ സംസ്കൃതനാടകത്തിന്റെ വിവർത്തനം)
  • ട്രോജൻ സ്ത്രീകൾ (സാർത്രിന്റെ ഫ്രഞ്ച് നാടകം)
  • ഒരു മദ്ധ്യവേനൽ രാക്കനവ് (ഷേൿസ്പിയർ നാടകം)
  • കൊടുങ്കാറ്റ്
  • കർണ്ണഭാരം
  • ഭഗവദജ്ജുകം
  • മദ്ധ്യമവ്യയോഗം

ഡോക്യുമെന്ററി

തിരുത്തുക
  • മാണി മാധവ ചാക്യാർ : ദി മാസ്റ്റർ അറ്റ് വർക്ക് [7]( കൂടിയാട്ടത്തിന്റെ കുലപതിയും മഹാനടനും ആയിരുന്ന നാട്യാചാര്യന് മാണി മാധവ ചാക്യാരുടെ ജീവിതത്തെ ആസ്പദമാക്കി കേന്ദ്ര സംഗീതനാടക അക്കാദമി നിർമ്മിച്ച ഡോക്യുമെന്ററി.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2014 [8]
  • പത്മഭൂഷൺ 2007 [9]
  • വള്ളത്തോൾ പുരസ്കാരം 2009 [10]

അന്ത്യം

തിരുത്തുക

ഏറെക്കാലമായി വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന കാവാലം 2016 ജൂൺ മാസത്തിൽ കുറച്ചുദിവസം ആശുപത്രിയിലായെങ്കിലും പിന്നീട് തിരിച്ചുവന്നു. തുടർന്ന് വീട്ടിൽ വിശ്രമിയ്ക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.[11] 2016 ജൂൺ 26ന് രാത്രി 10 മണിയോടെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വീട്ടിൽ വച്ചാണ് കാവാലം അന്തരിച്ചത്. മൃതദേഹം ആദ്യം തിരുവനന്തപുരത്തും പിന്നീട് ജന്മനാട്ടിലെ തറവാട്ടുവീട്ടിലും പൊതുദർശനത്തിന് വച്ചശേഷം ജൂൺ 28ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ തറവാട്ടുവീട്ടുവളപ്പിൽ സംസ്കരിച്ചു. 2009-ൽ അന്തരിച്ച മൂത്ത മകൻ ഹരികൃഷ്ണന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്താണ് കാവാലത്തിനും അന്ത്യവിശ്രമസ്ഥാനം കൊടുത്തത്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
  3. "Padma Bhushan for Nooyi, Mittal" (in English). ExpressIndia. 2007-01-26. Archived from the original on 2012-01-26. Retrieved 2009-05-26.{{cite news}}: CS1 maint: unrecognized language (link)
  4. "Vallathol Prize for Kavalam". The Hindu. Archived from the original on 2014-04-13. Retrieved ജൂൺ 4, 2010.
  5. "നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. 2016-06-26. Archived from the original on 2016-06-26. Retrieved 2016-06-26.{{cite news}}: CS1 maint: bot: original URL status unknown (link)
  6. അവനവൻ കടമ്പ എന്ന നാടകത്തിന്റെ ആമുഖമായുള്ള സംവാദം.
  7. "Films of Sangeet Natak Akademi New Delhi". Archived from the original on 2007-09-27. Retrieved 2008-01-29.
  8. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 2016 ഫെബ്രുവരി 29. {{cite web}}: Check date values in: |accessdate= (help)
  9. "Padma Awards 2007". outlook. Retrieved 2016 june 27. {{cite web}}: Check date values in: |accessdate= (help)
  10. "Vallathol Award". keralaculture.org. Retrieved 2016 june 27. {{cite web}}: Check date values in: |accessdate= (help)
  11. Kavalam Narayana Panicker

പുറത്തേക്കുള്ള കണ്ണി

തിരുത്തുക