തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
എറണാകുളം ജില്ലയിൽ കൊച്ചി നഗരപരിധിയോട് ചേർന്നുകിടക്കുന്ന ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ ചിറ്റൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണഭഗവാനാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി (ഭദ്രകാളി), ഹനുമാൻ, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിലുണ്ട്. ചിറ്റൂരപ്പൻ എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിച്ചുവരുന്നു. ഗുരുവായൂർ ക്ഷേത്രവുമായി പല കാര്യങ്ങളിലും സാമ്യം പുലർത്തുന്ന ഈ ക്ഷേത്രം തെക്കൻ ഗുരുവായൂർ എന്നും അറിയപ്പെടുന്നു. മേടമാസത്തിലെ തിരുവോണം നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ നടത്തപ്പെടുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിൽ വെളുത്ത ഏകാദശിദിവസം നടത്തപ്പെടുന്ന ചിറ്റൂർ ഏകാദശി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെത്തന്നെ വിഷു തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. പ്രസിദ്ധ നാടുവാഴികുടുംബമായ ചേരാനല്ലൂർ സ്വരൂപത്തിന്റെ കുടുംബക്ഷേത്രമാണിത്. എന്നാൽ, ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഐതിഹ്യം
തിരുത്തുകകൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ള പ്രസിദ്ധ നാടുവാഴിക്കുടുംബമാണ് ചേരാനല്ലൂർ സ്വരൂപം. ഈ കുടുംബത്തിലെ മഹാമാന്ത്രികനായിരുന്ന ചേരാനല്ലൂർ കുഞ്ചുക്കർത്താവിനെക്കുറിച്ച് ഐതിഹ്യമാലയിൽ ഒരു ലേഖനമുണ്ട്.[1] ഈ ലേഖനത്തിനിടയ്ക്ക് ഒരു ചെറിയ ഭാഗത്ത് അദ്ദേഹം ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ഉപത്തിയെക്കുറിച്ചും വിവരിയ്ക്കുന്നുണ്ട്. ആ കഥ ഇങ്ങനെ:
ചേരാനല്ലൂർ സ്വരൂപത്തിലെ കാരണവരായിരുന്ന രാമൻ കർത്താവ് അടിയുറച്ച ഗുരുവായൂരപ്പഭക്തനായിരുന്നു. എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ ദർശനത്തിന് പോയിവന്നിരുന്ന അദ്ദേഹത്തിന് പ്രായം അതിക്രമിച്ചപ്പോൾ തനിയ്ക്ക് പോകാൻ കഴിയില്ലെന്ന് മനസ്സിലായി. തന്റെ അവസാന ഗുരുവായൂർ ദർശനത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം തന്റെ തന്നെ ഉടമസ്ഥതയിലുള്ള ഭദ്രകാളിക്ഷേത്രത്തിനടുത്തുള്ള കുളത്തിൽ കുളിയ്ക്കാനിറങ്ങി. കയ്യിലുണ്ടായിരുന്ന ഓലക്കുട അദ്ദേഹം കുളക്കരയിൽ ഒരു പ്രത്യേക സ്ഥലത്ത് ഒതുക്കിവച്ചിരുന്നു. കുളി കഴിഞ്ഞ് കർത്താവ് ഓലക്കുടയെടുത്ത് പുറപ്പെടാനൊരുങ്ങുമ്പോൾ അത് അനങ്ങുന്നില്ല എന്ന് അദ്ദേഹം മനസ്സിലാക്കി. തന്റെ ഇഷ്ടദേവനായ ഗുരുവായൂരപ്പൻ തന്റെ ഭക്തിയിൽ മനസ്സലിഞ്ഞ് തന്റെ നാട്ടിൽ കുടികൊണ്ടെന്ന് അറിഞ്ഞ അദ്ദേഹം, തന്റെ ഇഷ്ടദേവന് ക്ഷേത്രം പണിയാൻ തീരുമാനിച്ചു. കുളക്കരയിൽ നിന്ന് അഞ്ജനശില കണ്ടെത്തിയ അദ്ദേഹം, അതുപയോഗിച്ച് ഗുരുവായൂരപ്പന്റെ ഒരു വിഗ്രഹം നിർമ്മിച്ചു. ഇതേ സമയത്ത്, ഗുരുവായൂർ തന്ത്രിയായ പുഴക്കര ചേന്നാസ് മനയ്ക്കലെ നമ്പൂതിരിയ്ക്ക് ഒരു സ്വപ്നദർശനമുണ്ടായി. ദൂരെയുള്ള ചിറ്റൂർ ദേശത്ത് ചേരാനല്ലൂർ കർത്താവ് ഗുരുവായൂരപ്പന് ക്ഷേത്രം പണിയുന്നുണ്ടെന്നും അവിടെ വിഗ്രഹപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങണമെന്നും പ്രതിഷ്ഠാസമയത്ത് അവിടെയെത്തണമെന്നുമായിരുന്നു സ്വപ്നം. അതനുസരിച്ച് നമ്പൂതിരി ചിറ്റൂരെത്തുകയും, നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ ഗുരുവായൂരപ്പനെ ശ്രീലകത്ത് കുടിയിരുത്തുകയും ചെയ്തു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള ക്ഷേത്രമായതിനാൽ തെക്കൻ ഗുരുവായൂർ എന്ന പേരിൽ ചിറ്റൂർ ക്ഷേത്രം അറിയപ്പെട്ടു. ഭക്തനായ കർത്താവ് ചിറ്റൂരപ്പനായി മാറിയ ഗുരുവായൂരപ്പനെ തൊഴുത് മുക്തിയടഞ്ഞു.[2]
ക്ഷേത്രനിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകനാലുപാടും പെരിയാറിന്റെ കൈവഴികളാൽ ചുറ്റപ്പെട്ട ചിറ്റൂർ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത മധ്യത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന് മുന്നിലൂടെ എറണാകുളം-ചേരാനല്ലൂർ പാത കടന്നുപോകുന്നു. ക്ഷേത്രകവാടത്തിനുമുന്നിൽ തെക്കോട്ടുമാറി ശ്രീകൃഷ്ണഭഗവാൻ കാളിയൻ എന്ന സർപ്പത്തെ ചവിട്ടിമെതിയ്ക്കുന്നതിന്റെ ഒരു ശില്പം പണിതുവച്ചിട്ടുണ്ട്. ചിറ്റൂർ പോസ്റ്റ് ഓഫീസ്, എസ്.ബി.ഒ.എ. സ്കൂൾ, ചിറ്റൂർ കൊട്ടാരം, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ ഒരു ഭാഗത്തും ഗോപുരങ്ങളില്ല. അവ പണിയാൻ പദ്ധതികളുണ്ട്. ഗുരുവായൂരിലേതുപോലെ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. അഗ്നിഹോത്രതീർത്ഥം എന്നാണ് ഇതിന്റെ പേര്. ക്ഷേത്രകവാടത്തിൽ നിന്ന് ആനക്കൊട്ടിൽ വരെ വലിയ നടപ്പുര പണിതിട്ടുണ്ട്. ആനക്കൊട്ടിലിന്റെ വലിപ്പം എഴുന്നള്ളത്തുകൾക്ക് തികയാതെ വന്നപ്പോഴാണ് ഈ നടപ്പുര പണിതത്. ആനക്കൊട്ടിലിനപ്പുറം ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരവും അതിനുമപ്പുറം ബലിക്കൽപ്പുരയുമാണ്. തെക്കുകിഴക്കുഭാഗത്ത് അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ കാണാം. ഇതിന് താരതമ്യേന പഴക്കം കുറവാണ്. 2015-ലാണ് ഇവിടെ അയ്യപ്പപ്രതിഷ്ഠ നടന്നത്. ശബരിമലയിലെ പതിനെട്ടാം പടിയെ അനുസ്മരിപ്പിയ്ക്കും വിധത്തിൽ ഇവിടെയും അകത്തേയ്ക്ക് പതിനെട്ട് പടികളുണ്ട്. എന്നാൽ, ശബരിമലയിൽ നിന്ന് വ്യത്യസ്തമായി പടിഞ്ഞാറോട്ട് ദർശനമായാണ് അയ്യപ്പന്റെ പ്രതിഷ്ഠ. ശബരിമലയിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട് ഇവിടത്തെ അയ്യപ്പവിഗ്രഹത്തിനും. ഏകദേശം അതേ ഉയരവുമാണ്. ഈ ശ്രീകോവിലിന് ഒരു മുഖപ്പുണ്ട്. ഇവിടെ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. അയ്യപ്പന്റെ ശ്രീകോവിലിനടുത്ത് ഊട്ടുപുരയും ഭജനമണ്ഡപവും സ്ഥിതിചെയ്യുന്നു. താരതമ്യേന പുതിയ നിർമ്മിതിയാണ് ഇതും. നിത്യേന ഇവിടെ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃപ്പൂണിത്തുറ ഡിവിഷനിൽ പെട്ട ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് ചിറ്റൂർ ദേവസ്വം. പടിഞ്ഞാറുഭാഗത്ത് ക്ഷേത്രമതിലിന് പുറത്തായി ഹനുമാൻസ്വാമിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ചിരഞ്ജീവിയും ശ്രീരാമദാസനുമായ ഹനുമാനെ സ്മരിയ്ക്കുന്നത് സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. വടക്കുപടിഞ്ഞാറുഭാഗത്ത് മതിലിനകത്ത് പ്രത്യേകം തീർത്ത തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ആൽമരത്തിന്റെ ചുവട്ടിൽ കിഴക്കോട്ട് ദർശനമായി വാഴുന്ന നാഗദൈവങ്ങൾക്ക് എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ട്. നാഗദൈവങ്ങൾക്ക് തൊട്ടടുത്തുതന്നെയാണ് ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠ. സാധാരണപോലെത്തന്നെയാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ.
വടക്കുകിഴക്കുഭാഗത്താണ് ചിറ്റൂർ ദേശത്തെ ആദ്യക്ഷേത്രമായ ഭദ്രകാളിക്ഷേത്രം. കണ്ടൻകുളങ്ങര ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ഉഗ്രദേവതയായ ഭദ്രകാളി വടക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിന്റെ അതേ പ്രാധാന്യമാണ് ഈ ക്ഷേത്രത്തിനും. ധനുമാസത്തിലെ തിരുവാതിര നാളിൽ ദേവിയ്ക്ക് വിശേഷാൽ ഗുരുതിപൂജ നടത്തുന്നു. ഇത് അതിവിശേഷമാണ്. ഇതുകൂടാതെ നവരാത്രിയും വിശേഷമാണ്. ഗുരുവായൂരിൽ വരുന്നവർ ആദ്യം ഇടത്തരികത്തുകാവിൽ ദർശനം നടത്തണം എന്നതുപോലെ ചിറ്റൂർ ക്ഷേത്രത്തിൽ വരുന്നവർ ആദ്യം കണ്ടൻകുളങ്ങരയിൽ ദർശനം നടത്തണം എന്നാണ് ചിട്ട. ഭഗവതിയെ തൊഴുതശേഷമാണ് ഭക്തർ ശ്രീകൃഷ്ണനെ തൊഴാൻ പോകുന്നത്.
ശ്രീകോവിൽ
തിരുത്തുകഗുരുവായൂരിലേതുപോലെ ചതുരാകൃതിയിൽ തീർത്ത ഇരുനില ശ്രീകോവിലാണ് ഇവിടെയുമുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് നല്ല നീളവും വീതിയുമുണ്ട്. ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം നാലടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഗുരുവായൂരിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുള്ള ഈ വിഗ്രഹവും അഞ്ജനശിലയിൽ തീർത്തതാണ്. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യവും മുന്നിലെ ഇടതുകയ്യിൽ ഗദയും മുന്നിലെ വലതുകയ്യിൽ താമരയും കാണാം. അതേസമയം വിഗ്രഹരൂപം മഹാവിഷ്ണുവിന്റേതാണെങ്കിലും ശ്രീകൃഷ്ണസങ്കല്പത്തിലാണ് പൂജകൾ നടക്കുന്നത്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ശ്രീകൃഷ്ണഭഗവാൻ, ചിറ്റൂരപ്പനായി വാഴുന്നു.
ശ്രീകോവിൽ, മനോഹരമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. ദശാവതാരം, ശ്രീകൃഷ്ണലീലകൾ, ശിവകഥകൾ തുടങ്ങി നിരവധി പുരാണസംഭവങ്ങൾ ചുവർച്ചിത്രങ്ങളായും ദാരുശില്പങ്ങളായും പുനർജനിച്ചിട്ടുണ്ട്. വടക്കുവശത്ത് ഓവ്, വ്യാളീമുഖത്തോടുകൂടി മനോഹരമായി നിർമ്മിച്ചിട്ടുണ്ട്. ഭഗവാന് അഭിഷേകം ചെയ്യുന്ന ജലം, പാൽ, എണ്ണ തുടങ്ങിയവ ഇതിലൂടെ ഒഴുകിപ്പോകുന്നു.
നാലമ്പലം
തിരുത്തുകശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. സാമാന്യം വലുതാണ് ഇവിടത്തെ നാലമ്പലം. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കേ വാതിൽമാടം ഹോമങ്ങൾക്കും വടക്കേ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കുമായി ഉപയോഗിച്ചുവരുന്നു. പൂജകളുടെയും ദീപാരാധനയുടെയും സമയമൊഴികെയുള്ളപ്പോഴെല്ലാം ഇവിടെ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നത് കാണാം. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും. തെക്കുപടിഞ്ഞാറുഭാഗത്ത് ഒരേ ശ്രീകോവിലിൽ ഒരേ പീഠത്തിൽ കിഴക്കോട്ട് ദർശനമായി ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠകളുണ്ട്. ത്രിമൂർത്തികളിൽ സംഹാരമൂർത്തിയായി കണക്കാക്കപ്പെടുന്ന ശിവൻ ഉപദേവനായി വരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് തെക്കൻ ചിറ്റൂർ ക്ഷേത്രം. രണ്ടടിയോളം ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് ഇവിടെയുള്ളത്. ഗണപതിവിഗ്രഹത്തിനും ഏകദേശം അതേ ഉയരം വരും. രണ്ടും ശിലാവിഗ്രഹങ്ങളാണ്. ശിവന് ദിവസവും ധാര അടക്കമുള്ള അഭിഷേകങ്ങളും പ്രദോഷനാളുകളിൽ സന്ധ്യയ്ക്ക് വിശേഷാൽ പൂജയും നടത്തപ്പെടുന്നു. ഗണപതിയ്ക്ക് അപ്പമാണ് പ്രധാന വഴിപാട്.
ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ/സോമൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം അംഗരക്ഷകനായി, കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം അംഗരക്ഷകനായി, പടിഞ്ഞാറുഭാഗത്ത്), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനും ഇടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനും ഇടയിൽ), ദുർഗ്ഗാദേവി (വടക്കുപടിഞ്ഞാറിനും വടക്കിനും ഇടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും പടിഞ്ഞാറിനും ഇടയിൽ), നിർമ്മാല്യധാരി (വടക്കുകിഴക്കിനും വടക്കിനും ഇടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയ മൂർത്തികളെ പ്രതിനിധാനം ചെയ്യുന്ന ചെറിയ ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. വിഷ്ണുക്ഷേത്രമായതിനാൽ ഇവിടെ ഉത്തരമാതൃക്കൾ എന്ന പേരിൽ മറ്റൊരു സങ്കല്പവുമുണ്ട്. ശൈവദേവതകളായ സപ്തമാതൃക്കളുടെ വൈഷ്ണവരൂപഭേദമാണിത്. സപ്തമാതൃക്കൾക്ക് സ്ഥാനം അനുവദിച്ച ദിക്കിന് എതിർവശത്ത്, അതായത് വടക്കുവശത്താണ് ഇവരുടെ സ്ഥാനം. അതുമൂലമാണ് ഇവർ 'ഉത്തരമാതൃക്കൾ' എന്നറിയപ്പെടുന്നത്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഉത്തരമാതൃക്കൾ. സപ്തമാതൃക്കൾക്കൊപ്പം അംഗരക്ഷകരായി ഗണപതിയും വീരഭദ്രനുമുള്ളതുപോലെ ഉത്തരമാതൃക്കൾക്കൊപ്പം അംഗരക്ഷകരായി ശ്രീധരൻ, അശ്വമുഖൻ എന്നീ രണ്ട് ദേവന്മാരുമുണ്ട്. ഇവരെ ബലിക്കല്ലുകളായി പ്രതിനിധീകരിയ്ക്കാറില്ല. എന്നാൽ, ശീവേലിസമയത്ത് ഇവിടെയും ബലിതൂകാറുണ്ട്. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ, അവയെ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു. ബലിക്കല്ലുകൾ പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശി സംരക്ഷിച്ചുവരുന്നു.
നിത്യപൂജകൾ
തിരുത്തുകനിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയോടെയും ഏഴുതവണയുള്ള ശംഖുവിളിയോടെയും തകിൽ, നാദസ്വരം എന്നീ വാദ്യങ്ങളോടെയും ഭഗവാനെ പള്ളിയുണർത്തുന്നു. അതിനുശേഷം നാലുമണിയ്ക്ക് നടതുറക്കുന്നു. ആദ്യത്തെ ചടങ്ങ് നിർമ്മാല്യദർശനമാണ്. തലേദിവസത്തെ ആടയാഭരണങ്ങൾ ചാർത്തി നടത്തുന്നതാണ് ഈ ദർശനം. തുടർന്ന് അഭിഷേകച്ചടങ്ങുകൾ തുടങ്ങുന്നു. ആദ്യം എള്ളെണ്ണകൊണ്ടാണ് അഭിഷേകം. ചിറ്റൂരപ്പന് അഭിഷേകം ചെയ്ത എണ്ണ സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. തുടർന്ന് വാകച്ചാർത്ത്. നെന്മേനിവാകയുടെ പൊടികൊണ്ട് ഭഗവാന് അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. തുടർന്ന് ശംഖാഭിഷേകവും സുവർണ്ണകലശാഭിഷേകവും നടത്തുന്നതോടെ അഭിഷേകച്ചടങ്ങുകൾ സമാപിയ്ക്കുന്നു. തുടർന്ന് മലർ, ശർക്കര, കദളിപ്പഴം തുടങ്ങിയവ ഭഗവാന് നേദിയ്ക്കുന്നു. മലർ നിവേദ്യം കഴിഞ്ഞ് നടയടച്ച് ഉഷഃപൂജ നടത്തുന്നു. ആറുമണിയ്ക്ക് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. അതിനുശേഷം എതിരേറ്റുശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്നാണ് ശീവേലിയുടെ ചടങ്ങ്. ആദ്യം നാലമ്പലത്തിനകത്തും പിന്നീട് പുറത്തുമുള്ള ബലിക്കല്ലുകളിൽ മുഴുവൻ മേൽശാന്തി ബലിതൂകിവരുമ്പോൾ കീഴ്ശാന്തി തിടമ്പുമായി പുറകെ എഴുന്നള്ളുന്നു. അകത്ത് ഒന്നും പുറത്ത് രണ്ടും എന്ന ക്രമത്തിൽ മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി അവസാനം പ്രധാന ബലിക്കല്ലിലും ബലിതൂകുന്നതോടെ ചടങ്ങുകൾ അവസാനിയ്ക്കുന്നു. തുടർന്ന് എട്ടുമണിയ്ക്ക് പന്തീരടിപൂജ. പത്തരയ്ക്ക് ഉച്ചപ്പൂജയും പതിനൊന്നുമണിയ്ക്ക് ഉച്ചശീവേലിയും കഴിയുന്നതോടെ ക്ഷേത്രനട അടയ്ക്കുന്നു.
വൈകീട്ട് നാലരയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തയമനുസരിച്ച് ദീപാരാധന നടത്തപ്പെടുന്നു. ശ്രീലകത്തും പുറത്തുമുള്ള വിളക്കുകൾ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. ദീപാരാധന കഴിഞ്ഞ് ഏഴരയ്ക്ക് അത്താഴപ്പൂജയും എട്ടുമണിയ്ക്ക് അത്താഴശീവേലിയും നടത്തപ്പെടുന്നു. അത്താഴശീവേലി കഴിഞ്ഞാൽ എട്ടേപത്തിന് തൃപ്പുക. ശ്രീകോവിലിനകത്ത് അഷ്ടഗന്ധചൂർണ്ണം കൊണ്ട് പുകയ്ക്കുന്ന ചടങ്ങാണ് തൃപ്പുക. തൃപ്പുകസമയത്ത് ദർശനം നടത്തുന്നത് അതിവിശേഷമായി കണക്കാക്കപ്പെടുന്നു. തൃപ്പുക കഴിഞ്ഞ് രാത്രി എട്ടരയോടെ ക്ഷേത്രനട വീണ്ടും അടയ്ക്കുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഉദയാസ്തമനപൂജയുടെ അവസരങ്ങളിലും മേൽപ്പറഞ്ഞ ക്രമങ്ങളിൽ മാറ്റം വരും. ഉത്സവക്കാലത്ത് എല്ലാദിവസവം വിശേഷാൽ ശുദ്ധിക്രിയകളും അഭിഷേകങ്ങളുമുണ്ടാകാറുണ്ട്. അഷ്ടമിരോഹിണിയ്ക്ക് ഉച്ചയ്ക്ക് ഭഗവാന് പിറന്നാൾ സദ്യയുണ്ട്. വിഷുദിവസം നേരത്തേ നടതുറക്കും. ഗ്രഹണദിവസങ്ങളിൽ ഗ്രഹണം തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് അടയ്ക്കുന്ന നട, ഗ്രഹണശേഷം ശുദ്ധിക്രിയകൾ നടത്തിയേ തുറക്കാറുള്ളൂ. ഉദയാസ്തമനപൂജയുള്ള ദിവസം പതിനെട്ട് പൂജകളുണ്ടാകാറുണ്ട്. അന്ന് നടയടയ്ക്കാൻ രാത്രി പത്തുമണിയാകും.
ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാക്രമങ്ങളോട് ഏതാണ്ട് സാമ്യം പുലർത്തുന്ന ചിറ്റൂർ ക്ഷേത്രത്തിലെ തന്ത്രാധികാരം, ഗുരുവായൂർ തന്ത്രികുടുംബമായ പുഴക്കര ചേന്നാസ് മനയ്ക്കാണ്. മേൽശാന്തി, കീഴ്ശാന്തി ദേവസ്വം പദവികൾ ദേവസ്വം വക നിയമനമാണ്.
വിശേഷദിവസങ്ങൾ
തിരുത്തുകകൊടിയേറ്റുത്സവം
തിരുത്തുകമേടമാസത്തിലെ തിരുവോണം നക്ഷത്രദിവസം ആറാട്ട് വരുന്ന വിധത്തിൽ എട്ടുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഇതിനോടനുബന്ധിച്ച് നിരവധി വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. ധ്വജാദിമുറയിൽ (കൊടിയേറ്റത്തുകൂടി തുടങ്ങുന്ന മുറ) നടക്കുന്ന ഉത്സവമാണ് ഇവിടെയുള്ളത്. എങ്കിലും ഉത്സവത്തിന് മുന്നോടിയായി വിശേഷാൽ ശുദ്ധിക്രിയകളുണ്ടാകും. അവയ്ക്കുശേഷമാണ് കൊടിയേറ്റം.
ചിറ്റൂർ ഏകാദശി
തിരുത്തുകവൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഏകാദശിയാണ് ചിറ്റൂർ ഏകാദശിയായി ആചരിച്ചുവരുന്നത്. ഗുരുവായൂർ ഏകാദശിയുടെ അതേ ദിവസം നടക്കുന്ന ഈ ഉത്സവം, ചിറ്റൂർ ക്ഷേത്രത്തിന് ഗുരുവായൂരുമായുള്ള ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിയ്ക്കുന്നതാണ്.
അഷ്ടമിരോഹിണി
തിരുത്തുകവിഷു
തിരുത്തുക- ↑ "ചേരാനല്ലൂർ കുഞ്ചുക്കർത്താവ്", വിക്കിപീഡിയ, 2022-10-18, retrieved 2023-09-08
- ↑ "Chittoor Sree Krishnaswamy Temple". Retrieved 2023-09-08.