ആചാരസംഹിതകൾക്കനുസൃതമായി പുണ്യസ്ഥലത്തേക്ക് നടത്തുന്ന യാത്രയാണ് തീർത്ഥാടനം. ഒറ്റയ്ക്കോ കൂട്ടമായോ ആണ് തീർത്ഥാടനം നടത്തുന്നത്.

പുരാതനകാലം മുതൽ മിക്ക മതങ്ങളിലും തീർഥാടന സമ്പ്രദായം നിലനിന്നിരുന്നു. ഭൗതികമോ ആത്മീയമോ ആയ നേട്ടങ്ങൾ ലക്ഷ്യമാക്കിയാണ് തീർഥാടനം നടത്തുന്നത്. രോഗശാന്തിക്കായും സന്താനലബ്ധിക്കായും സമ്പദ്സമൃദ്ധിക്കായും തീർഥാടനം നടത്തുന്നു. ഉദ്ദിഷ്ട കാര്യം നടന്നതിന്റെ ഉപകാരസ്മരണയും, തീവ്രഭക്തിയും തീർഥാടനത്തിനു പ്രചോദനമേകുന്നു. മതപരമായ ഉദ്ദേശ്യങ്ങൾ സഫലമാകുന്നതിനു പുറമേ പുതിയ സ്ഥലങ്ങൾ കാണുവാനും കൂടുതൽ മനുഷ്യരെ പരിചയപ്പെടുവാനും ഇതിലൂടെ അവസരം ലഭിക്കുന്നു.

ഏതെങ്കിലും ഒരു വിശുദ്ധവ്യക്തിയുടേയൊ ആരാധനാമൂർത്തിയുടേയൊ ജീവിതവുമായി അടുത്ത ബന്ധമുള്ള സ്ഥലങ്ങളിൽ പോയി പ്രാർഥിച്ചാൽ അവർ കൂടുതൽ പ്രസാദിക്കും എന്ന വിശ്വാസമാണ് തീർഥാടനത്തിന് മുഖ്യ ആധാരം. വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ദേവാലയങ്ങൾ‍, ആരാധനാ മൂർത്തികൾ, അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങൾ തുടങ്ങിയവ തീർഥാടന കേന്ദ്രങ്ങളായിത്തീരുന്നു. അനേകം തീർഥാടകർ നിരവധി ക്ളേശങ്ങൾ സഹിച്ചും ദീർഘദൂരം യാത്രചെയ്തും തീർഥാടന കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നു. ചില തീർഥാടന കേന്ദ്രങ്ങൾ വ്യത്യസ്ത മതക്കാർക്ക് ഒരുപോലെ പ്രധാനപ്പെട്ടവയാണ്. ഉത്തര ആഫ്രിക്കയിലെ ചില ദേവാലയങ്ങൾ ഇസ്ലാം മതവിശ്വാസികളേയും യഹൂദരേയും ഒരുപോലെ ആകർഷിക്കുന്നു. ഇന്ത്യയിലെ ഏതാനും തീർഥാടന കേന്ദ്രങ്ങൾ ബുദ്ധമത വിശ്വാസികൾക്കും ഹിന്ദുമതവിശ്വാസികൾക്കും തുല്യ പ്രാധാന്യമുള്ളവയാണ്. ഉത്സവങ്ങളുടെ സമയത്താണ് തീർഥാടക പ്രവാഹം ഏറ്റവും വർധിക്കുന്നത്.

ചില പ്രത്യേക തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ പ്രത്യേകതരം വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുന്നു. ശബരിമല തീർഥാടകരുടെ കറുപ്പ്, നീല വസ്ത്രങ്ങൾ ഇതിനുദാഹരണമാണ്. പ്രത്യേകതരം ഭക്ഷണം മാത്രം ഉപയോഗിക്കുക, ചില പ്രവൃത്തികളിൽ നിന്ന് വിട്ടു നില്ക്കുക എന്നിങ്ങനെ പല വൃതങ്ങളും തീർഥാടകർ അനുഷ്ഠിക്കുന്നു. തീർഥാടന കേന്ദ്രത്തിൽ എത്തിക്കഴിഞ്ഞാൽ പ്രാർഥന നടത്തുന്നതിനു പുറമേ അവർ പല വഴിപാടുകളും കഴിക്കുന്നു. ദേവാലയത്തിലെ പ്രസാദമായി വിളക്കിലെ എണ്ണയോ, പുണ്യനദിയിലെ ജലമോ, വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലെ പൊടിയോ അങ്ങനെ എന്തെങ്കിലും തീർഥാടകർ കൊണ്ടുവരുന്നു. തീർഥാടന കേന്ദ്രങ്ങളിൽ ദീർഘകാലം താമസിക്കുകയും മറ്റു തീർഥാടകർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്ന തീർഥാടകരുമുണ്ട്. റഷ്യൻ സ്റ്റാർട്ട്സികൾ (Startsi)‍, ഹിന്ദു സന്യാസിമാർ തുടങ്ങിയവർ ജീവിതം മുഴുവൻ തീർഥാടനമായി മാറ്റുന്നു.

ചരിത്രം

തിരുത്തുക

തീർഥാടനങ്ങൾ നടന്നതിന്റെ ഏറ്റവും പഴക്കം ചെന്ന തെളിവുകൾ മെസപ്പൊട്ടേമിയയിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. ഗിൽ ഗാമേഷ് ഐതിഹ്യത്തിൽ നായകനായ ഗിൽഗാമേഷ് ഉട്ട്നാപിഷ്റ്റിമിന്റെ (Utnapishtim) വിദൂര വസതി തേടി പോകുന്നത് ഒരുതരം തീർഥാടനമാണ്. ബി.സി.19-ആം ശതകത്തിൽ അസ്സീറിയൻ രാജാവായിരുന്ന ശൽമനാസർ III ബാബിലോണിയയിലേയും ബോർസിപ്പയിലേയും ക്ഷേത്രങ്ങളിൽ തീർഥാടനം നടത്തിയതായി കാണുന്നു. സിറിയയിലെ ഹീരാപൊലിസ്-ലെ അത്തർഗത്തിസ് എന്ന ഉർവരതാദേവിയുടെ ക്ഷേത്രം, ഫിനീഷ്യയിലെ അഡോനിസ് നദിക്കരയിലെ അസ്റ്റാർട്ടെ എന്ന ഉർവരതാദേവിയുടെ ക്ഷേത്രം എന്നിവ പ്രമുഖ തീർഥാടന കേന്ദ്രങ്ങളായിരുന്നു.

പുരാതന ഈജിപ്തിൽ ക്ഷേത്രങ്ങളിലെ വാർഷിക ഉത്സവങ്ങൾ നിരവധി തീർഥാടകരെ ആകർഷിച്ചിരുന്നു. പരേതാത്മാക്കളുടെ അധിപനായ ഓസൈറിസിന്റെ കുഴിമാടമായ അബി ദോസിലേക്ക് ഒരിക്കലെങ്കിലും ചെല്ലുവാൻ തീർഥാടകർ ആഗ്രഹിച്ചു. അവിടെ അവർ ശിലാഫലകങ്ങൾ ഉയർത്തുകയും അപ്രകാരം ഓസൈറിസുമായി താദാത്മ്യം പ്രാപിച്ച് അനശ്വരത ഉറപ്പു വരുത്തുകയും ചെയ്തു.

പുരാതന ഗ്രീസിൽ‍, ഒളിംപിയയിലെ സീയൂസ് ക്ഷേത്രം ഒരു പ്രധാന തീർഥാടന കേന്ദ്രമായിരുന്നു. ഒളിംപിക് മത്സരങ്ങൾ നടക്കുമ്പോൾ ക്ഷേത്രത്തിലേക്കുള്ള തീർഥാടക പ്രവാഹവും വർധിച്ചിരുന്നു. ഡൊഡോണയിലെ സീയൂസ് ക്ഷേത്രം, ഡെൽഫിയിലെ അപ്പോളോ ക്ഷേത്രം തുടങ്ങിയവയും പ്രധാന തീർഥാടന കേന്ദ്രങ്ങളായിരുന്നു.

തീർത്ഥാടനം വ്യത്യസ്ത മതങ്ങളിൽ

തിരുത്തുക
 
ഒരു ഹസ്സിദിക്ക് സിനഗോഗ്

പുരാതന കാലത്ത് യഹൂദർക്ക് (ജൂതന്മാർ), മതപരമായ സദ്യകളും തീർഥാടനങ്ങളും 'ഹാഗ്' (Hag) എന്ന പേരിൽ അറിയപ്പെടുന്ന ചടങ്ങിന്റെ രണ്ട് ഭാഗങ്ങളായിരുന്നു. മൂന്ന് തീർത്ഥാടനാഘോഷങ്ങളാണ് അക്കാലത്തുണ്ടായിരുന്നത്: ഈജിപ്തിൽ നിന്നുള്ള കൂട്ട പലായനത്തെ സൂചിപ്പിക്കുന്ന പാസ്സ്ഓവർ (Passover), സിനായി പർവതത്തിനു മുകളിലെ അരുളപ്പാടിനെ സൂചിപ്പിക്കുന്ന പെന്തക്കോസ്ത് (Pentecost), മരുഭൂമികളിലൂടെ അലഞ്ഞുതിരിഞ്ഞതിന്റെ പ്രതീകമായ കൂടാരപ്പെരുന്നാൾ (Tabernacles) എന്നിവയാണവ. പ്രായപൂർത്തിയായ എല്ലാ പുരുഷന്മാരും ഈ മൂന്ന് അവസരങ്ങളിലും ജെറുസലേമിലേക്ക് തീർത്ഥയാത്ര നടത്തണമെന്ന് യഹൂദ നിയമം നിഷ്കർഷിക്കുന്നു. എ.ഡി. 70-ൽ ജെറുസലേമിലെ രണ്ടാമത്തെ ക്ഷേത്രം തകർക്കപ്പെട്ടതോടുകൂടി യഹൂദർ മറ്റു തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിക്കുവാൻ തുടങ്ങി. ഇറാഖിലേയും ഉത്തരാഫ്രിക്കയിലേയും വിശുദ്ധ റബ്ബിമാരുടെ ശവകുടീരങ്ങൾ‍, കിഴക്കൻ യൂറോപ്പിലെ ഹസ്സിദിക്ക് റബ്ബിമാരുടെ ശവകുടീരങ്ങൾ തുടങ്ങിയവയായിരുന്നു ജൂതന്മാരുടെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ‍.

 
ക്രിസ്തുമത വിശ്വാസികൾ സന്ദർശിക്കുന്ന മലയാറ്റൂർ സെന്റ്. തോമസ് പള്ളിയുടെ അൾത്താര

മൂന്നാം ശതകത്തോടെ ക്രിസ്തുമതവിശ്വാസികൾ ജെറുസലേമിലേക്കും ബൈബിളിൽ‍ പരാമർശിച്ചിട്ടുള്ള പലസ്തീനിലെ മറ്റു പുണ്യസ്ഥലങ്ങളിലേക്കും തീർത്ഥാടന യാത്രകൾ നടത്തിയിരുന്നു. നാലാം ശതകത്തിൽ കോൺസ്റ്റന്റിൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ മാതാവായ ഹെലനയും യേശുക്രിസ്തുവിന്റെ ശവകുടീരവും 'യഥാർത്ഥ കുരിശും' (True Cross) കണ്ടെത്തി എന്നവകാശപ്പെട്ടതോടുകൂടി തീർത്ഥാടകപ്രവാഹം വർധിച്ചു. തീർത്ഥാടനങ്ങൾ പ്രോത്സാഹിപ്പിക്കുവാനായി വിശുദ്ധ ജെറോം (Saint Jerome) അവയുടെ മാഹാത്മ്യത്തെക്കുറിച്ച് എഴുതുകയും ചെയ്തു. ആദ്യകാല തീർഥാടകർ ഈജിപ്തിലെ സന്ന്യാസിമാരെ സന്ദർശിച്ച് ആശീർവാദം നേടിയിരുന്നു. പീറ്റർ‍, പോൾ തുടങ്ങിയ വിശുദ്ധരുടെ റോമിൽ‍ സ്ഥിതിചെയ്യുന്ന ശവകുടീരങ്ങൾ‍, ടുർസ്‌ലെ (Tours) സെയ്ന്റ് മാർട്ടിൻ (Saint Martin) ദേവാലയം തുടങ്ങിയവയും നിരവധി തീർത്ഥാടകരെ ആകർഷിച്ചിരുന്നു.

പതിനൊന്നാം ശതകത്തിൽ സെൽജുക് തുർക്കികൾ (Seljuk Turks) പലസ്തീൻ പിടിച്ചടക്കിയതോടുകൂടി, പുണ്യഭൂമിയെ കുരിശു യുദ്ധത്തിലൂടെ മോചിപ്പിക്കുവാൻ ശ്രമിക്കുന്ന സാഹസികരായ തീർത്ഥാടകരും രംഗത്തുവന്നു. ശാന്തിയും സമാധാനവും കാംക്ഷിച്ച തീർത്ഥാടകർ തങ്ങളുടെ തീർത്ഥയാത്രകൾ റോം പോലെയുള്ള കേന്ദ്രങ്ങളിലേക്കു മാറ്റി. ഗ്ളാസ്റ്റൺബറിയിലെ ജോസഫ് ഓഫ് അരിമത്യ ദേവാലയം, ഡോനഗലിലെ ലഫ്ദെർഗിലുള്ള സെയ്ന്റ് പാട്രിക്സ് പർഗറ്ററി, ചാർട്ടർസിലെ ഔർ ലേഡി ദേവാലയം, കംപൊസ്റ്റെലയിലെ സെയ്ന്റ് ജയിംസ് ദേവാലയം, മെക്സിക്കോ നഗരത്തിനടുത്തുള്ള 'ഔർ ലേഡി ഒഫ് ഗ്വാദിലുപ്' ദേവാലയം, കാന്റർബറിയിലെ തോമസ് ബെക്കറ്റിന്റെ ദേവാലയം, ബാരിയിലെ നിക്കോളസ് ദേവാലയം, റാദോനെസിലെ സെർജിയസ് ദേവാലയം, ക്യുബെകിനു സമീപമുള്ള അന്ന ദ ബ്യൂപ്രെ ദേവാലയം എന്നിവ നിരവധി തീർത്ഥാടകരെ ആകർഷിച്ചിരുന്നു.

വേളാങ്കണ്ണിയിലെ മാതാവിന്റെ ദേവാലയം, ഗോവയിൽ ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ദേവാലയം, തിരുവനന്തപുരം വെട്ടുകാടുള്ള മാതൃ ദെദേവൂസ് ദേവാലയം, മലയാറ്റൂർ സെന്റ് തോമസ് പള്ളി, അർത്തുങ്കൽ പള്ളി, തുമ്പോളി പള്ളി, പരുമല പള്ളി തുടങ്ങിയവ ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളാണ്. ക്രൈസ്തവരിൽ കത്തോലിക്കരാണ് തീർത്ഥയാത്രകൾക്ക് വളരെയധികം പ്രാധാന്യം നല്കുന്നത്.

 
മക്കയിലെ കഅബക്ക് ചുറ്റും വിശ്വാസികൾ

ഇസ്ലാംമതത്തിൽ തീർഥയാത്രയ്ക്കായി അനുവദിക്കപ്പെട്ടിട്ടുള്ള ദേവാലയങ്ങൾ മൂന്നെണ്ണമാണ്. മക്കയിലെ കഅബ, മദീനയിലെ മസ്ജിദുന്നബവി (ഇവിടെയാണ് പ്രവാചകൻ മുഹമ്മദ് അന്ത്യവിശ്രമം കൊള്ളുന്നത്), ബൈത്തുൽ മുക്കദ്ദിസ് എന്നിവയാണ് ഈ പുണ്യസ്ഥലങ്ങൾ. ഏതു സമയത്തും ഈ സ്ഥലങ്ങളിലേക്ക് തീർത്ഥയാത്രയാകാമെങ്കിലും മക്കയിൽ ഏറ്റവും ശ്രേഷ്ഠമായ തീർഥാടനം നടത്തുന്നത് ഇസ്ളാമിലെ ആചാരാനുഷ്ഠാനങ്ങളിലൊന്നായ പരിശുദ്ധ ഹജ്ജ് കർമത്തിനാണ്. നിസ്കാരം, റമദാൻ മാസത്തിലെ നോമ്പ്, സക്കാത്ത് തുടങ്ങിയ അഞ്ച് അനുഷ്ഠാന കർമങ്ങളിലൊന്നാണ് പരിശുദ്ധ ഹജ്ജ്.

ഇസ്ലാംമതത്തിലെ ഏറ്റവും വലിയ തീർഥാടനമായ പരിശുദ്ധ ഹജ്ജ് ഹിജ്റ വർഷത്തിലെ പന്ത്രണ്ടാമത്തെ മാസമായ ദുൽ ഹജ്ജിനാണ് നിർവഹിക്കാറുള്ളത്. എല്ലാ രാജ്യത്തു നിന്നും വരുന്ന തീർത്ഥാടകർ ദുൽഹജ്ജ് 9-ന് മക്കയ്ക്കടുത്തുള്ള അറഫ മൈതാനത്ത് ഒത്തുകൂടുന്നു. ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. ശരീര സുഖവും സാമ്പത്തിക ശേഷിയുമുള്ള ഓരോരുത്തർക്കും നിർബന്ധമായിട്ടുള്ള കർമ്മമാണ് പരിശുദ്ധ ഹജ്ജ്. ഷിയാ വിഭാഗക്കാരായ മുസ്ളിങ്ങൾ ഇറാനിലെ മെഷദിലുള്ള ഇമാം അലി റെസയുടെ ശവകുടീരം, ഇറാക്കിലെ കർബലയിലുള്ള ഇമാം ഹുസൈന്റെ ശവകുടീരം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് തീർത്ഥയാത്ര നടത്താറുണ്ട്. പ്രാദേശിക പ്രസിദ്ധി നേടിയ സിദ്ധന്മാരുടെ ശവകുടീരങ്ങളിലേക്ക് തീർത്ഥാടനം നടത്തുന്നവരുമുണ്ട്.

ഇന്ത്യയിൽ അജ്മീറിലെ ഖാജാ മുഈനുദ്ദീൻ ചിസ്തിയുടെ ദർഗ പോലുള്ള സ്ഥലങ്ങളിലേക്ക് മുസ്ളിങ്ങൾ തീർത്ഥാടനം നടത്താറുണ്ട്. കേരളത്തിലെ പ്രധാന മുസ്ളിം തീർഥാടന കേന്ദ്രങ്ങൾ തിരുവനന്തപുരത്തുള്ള ബീമാപള്ളി, കടുവയിൽ തങ്ങൾ മസ്ജിദ് (കല്ലമ്പലം), ജോനകപ്പുറം മസ്ജിദ് (കൊല്ലം), ഇടിയങ്കര പള്ളി (കോഴിക്കോട്) തുടങ്ങിയവയാണ്.

 
ശബരിമല ധർമ്മശാസ്താക്ഷേത്രം

ഹിന്ദുമതവും തീർത്ഥാടനത്തിന് വളരെയധികം പ്രാധാന്യം കല്പിക്കുന്നു. പുരാണങ്ങളിൽ തീർത്ഥാടന മാഹാത്മ്യത്തെ കുറിച്ച് വളരെയധികം എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ പുണ്യസ്ഥലം സന്ദർശിക്കുന്ന എല്ലാവർക്കും മോക്ഷം സിദ്ധിക്കുന്നില്ല; ഹൃദയശുദ്ധിയുള്ളവർക്കു മാത്രമേ തീർത്ഥാടനഫലം ലഭിക്കുകയുള്ളൂ എന്നാണ് സങ്കല്പം. ആരുടെ കൈകാലുകളും മനസ്സും വിദ്യയും തപസ്സും കീർത്തിയും സംയമം പൂണ്ടിരിക്കുന്നുവോ അവന് തീർത്ഥഫലം കൈവരും. പ്രതിഗ്രഹം വാങ്ങാതെയും സന്തുഷ്ടനായും നിയതനായും ശുചിയായും അഹങ്കാരരഹിതനായുമിരിക്കുന്നവന് തീർഥഫലം കൈവരും. ആഹാരം കിട്ടിയില്ലെങ്കിൽ ആഹാരം കഴിക്കാതെയും ഇന്ദ്രിയങ്ങളെ ജയിച്ചും ദോഷമെല്ലാം വിട്ടുമിരിക്കുന്നവനു തീർഥഫലം കൈവരും. രാജേന്ദ്ര ക്രോധം കൂടാതെ സത്യശീലനായി ദൃഢവ്രതനായി പ്രാണികളെ, തന്നെപ്പോലെ കരുതുന്നവൻ യാതൊരുവനോ അവന് തീർഥഫലം കൈവരും. (പദ്മപുരാണം, 11-ാം അധ്യായം)

പ്രാചീന ഭാരതത്തിലെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങൾ പുഷ്കര തീർഥം, ജംബുമാർഗം, തണ്ഡുലികാശ്രമം, കണ്വാശ്രമം, കോടിതീർഥം, നർമദ, അർബുദം, ചർമണ്വതി, പിണ്ഡാരകം, ദ്വാരക, ഗോമതി, ബ്രഹ്മതീർഥം, തുംഗതീർഥം, പഞ്ചനദം, ഭീമതീർഥം, ഗിരീന്ദ്രതീർഥം, ദേവികാതീർഥം, പാപനാശിനിതീർഥം, വിനാശന തീർഥം, നാഗോത്ഭേദതീർഥം, അഘാർദുനതീർഥം, കുമാരകോടിതീർഥം, കുരുക്ഷേത്രം, ഗംഗ, ബ്രഹ്മാവർത്തം, സംഗമം, ഭൃഗുതുംഗം, കുബ്ജാമ്രം,ഗംഗോത്ഭേദം, വാരണാസി (കാശി) അവിമുക്തം, കപാലമോചനം, പ്രയാഗതീർഥം, വടേശതീർഥം, വാമനതീർഥം, കാളികാസംഗതീർഥം, ലൌഹിത്യം, കരതോയം, ശോണം, ഋഷഭം, ശ്രീപർവതം, കൊല്വഗിരി, സഹ്യാദ്രി, മലയാദ്രി, ഗോദാവരി, തുംഗഭദ്ര, കാവേരി, വരദ, ദണ്ഡകാരണ്യം, കാലഞ്ജരം, മുജ്ജവടം, ശൂർപ്പാരകം, മന്ദാകിനി, ചിത്രകൂടം, ശൃംഗിവേരപുരം, അവന്തി, അയോധ്യ, നൈമിശാരണ്യം എന്നിവയാണെന്ന് അഗ്നിപുരാണം 109-ാം അധ്യായത്തിൽ പറയുന്നു.

ബദരിനാഥ്, കേദാർനാഥ്, അമർനാഥ്, കാശിയിലെ വിശ്വനാഥക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ഹരിദ്വാറിലെ വിഷ്ണുക്ഷേത്രം, രാമേശ്വരത്തെ ശിവക്ഷേത്രം, ഗുരുവായൂരിലെ ശ്രീകൃഷ്ണക്ഷേത്രം, ശബരിമലയിലെ അയ്യപ്പക്ഷേത്രം, തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ ഇന്ന് ഇന്ത്യയിലുണ്ട്. കേരളത്തിൽ വർഷംതോറും ഡിസംബർ 30 മുതൽ ജനുവരി 1 വരെ നടത്തുന്ന ശിവഗിരി തീർത്ഥാടനം പ്രത്യേക പരാമർശം അർഹിക്കുന്നു. പഞ്ചശുദ്ധിയോടെ പത്ത് ദിവസത്തെ വ്രതം ആചരിച്ച്, മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ആർഭാടരഹിതമായാണ് വിശ്വാസികൾ തീർത്ഥാടനം നടത്തേണ്ടത്. തീർത്ഥാടന കാലത്ത് വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനങ്ങൾ എന്നീ വിഷയങ്ങളിൽ വൈദഗ്ദ്ധ്യമുള്ളവർ ശിവഗിരിയിൽ പ്രസംഗ പരമ്പര നടത്തണമെന്നും തീർത്ഥാടകർ അത് ശ്രദ്ധിച്ചുകേട്ട് പ്രാവർത്തികമാക്കുവാൻ ശ്രമിക്കണമെന്നും ശ്രീനാരായണ ഗുരുദേവൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിലൂടെ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകുമ്പോൾ ശിവഗിരി തീർഥാടനത്തിന്റെ ഉദ്ദേശ്യം സഫലമാകുമെന്നും ഗുരുദേവൻ പറയുന്നു.

ബുദ്ധമതവും ഷിന്റൊമതവും

തിരുത്തുക
 
ബാങ്കോക്കിലെ മരതക ബുദ്ധരൂപം

ബുദ്ധമതവും ഷിന്റോ മതവും തീർത്ഥാടനത്തിനു വളരെ പ്രാധാന്യം നല്കുന്നു. ബുദ്ധമതത്തിൽ ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട കപിലവസ്തു, കുശിനഗര, ബുദ്ധഗയ, സാരനാഥ് തുടങ്ങിയവയായിരുന്നു ആദ്യത്തെ തീർഥാടന കേന്ദ്രങ്ങൾ. ശ്രീലങ്കയിലെ കാൻഡിയിലുള്ള ദന്തക്ഷേത്രം (Temple of the Tooth), റംഗൂണിലെ ഷ്വെദഗോൺ പഗോഡ, ബാങ്കോക്കിലെ മരതക ബുദ്ധക്ഷേത്രം (Temple of the Emerald Budha) തുടങ്ങിയവ ഥേരാവാദ ബുദ്ധമതത്തിന്റെ പ്രധാന തീർഥാടന കേന്ദ്രങ്ങളാണ്.

ലാസയിലെ ദലൈലാമയുടെ മഠം, താഷി-ലുംപൊയിലെ (Tashi-Lumpo) പഞ്ചൻ ലാമയുടെ മഠം തുടങ്ങിയവ തിബത്തിലെ മഹായാന ബുദ്ധമതവിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളായിരുന്നു. ഇവർ തുണിയും വെണ്ണയും മറ്റും കാണിക്കയായി സമർപ്പിക്കുകയും തിന്മയെ അകറ്റാനായി സന്ന്യാസിമാർ മുഖംമൂടി ധരിച്ച് നൃത്തം ചെയ്യുന്നത് വീക്ഷിക്കുകയും ചെയ്തിരുന്നു. ചൈനീസ് തീർഥാടകർ ദിവ്യമലകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. ഒമൈ-ഷാൻലെ ‍(Omei-Shan) പു-ഷിയൻ (Pu-hsian) ക്ഷേത്രവും ക്വാൻയിനിലെ (Kwanyin) പു-ട്ടൊ-ഷാൻ (Pu-tto-shan) ക്ഷേത്രവും ആയിരുന്നു ഇവയിൽ പ്രമുഖം. ചൈനീസ് തീർഥാടകർ പൊതുവേ ശരത്കാലത്താണ് തീർത്ഥാടനം നടത്തിയിരുന്നത്. ആ സമയത്ത് ഇവർ മാംസം ഭക്ഷിക്കാതിരിക്കുകയും മൗനവ്രതം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

 
ജപ്പാനിലെ ഒരു ഷിന്റൊ ആരാധനാലയം

ജപ്പാനിൽ ബുദ്ധമതവും ഷിന്റോ മതവും തീർത്ഥാടനത്തെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു. ഇസയിലെ (Isa) ഷിന്റൊദേവിയായ അമതെരാസുവിന്റെ ക്ഷേത്രം, ക്വാനണിലേയും കാമകുരയിലേയും ബൌദ്ധക്ഷേത്രങ്ങൾ തുടങ്ങിയവയാണ് ഇവരുടെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തീർത്ഥാടനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തീർത്ഥാടനം&oldid=3770128" എന്ന താളിൽനിന്ന് ശേഖരിച്ചത്