ശിവഗിരി
8°44′19″N 76°43′54″E / 8.7387°N 76.7318°E വർക്കലയിൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത്. ശ്രീ നാരായണഗുരു സ്ഥാപിച്ച ശിവപാർവതി ക്ഷേത്രവും ശാരദാമഠം സരസ്വതിദേവി ക്ഷേത്രവും, സന്ന്യാസാശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. ശിവഗിരി തീർത്ഥാടന സമയത്ത് ശ്രീ നാരായണഗുരുവിന്റെ നിർദ്ദേശപ്രകാരമുള്ള വ്രതാനുഷ്ഠാനങ്ങളൊടു കൂടി ആളുകൾ ഇവിടേയ്ക്ക് തീർത്ഥാടനം ചെയ്യുന്നു. ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം നടത്തുന്നത്. വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളിൽ 1904 ൽ ആണ് ശിവഗിരി മഠം സ്ഥീപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്.[1] 1928 സെപ്റ്റംബർ ഇരുപതാം തീയതി ശിവഗിരിയിലെ ആശ്രമത്തിൽ വച്ചാണ് ശ്രീ നാരായണഗുരു സമാധിയായത്. അദ്ദേഹത്തിന്റെ ഭൌതികശരീരം സംസ്കരിച്ചയിടത്ത് ഇന്ന് ഗുരുദേവ സമാധിമന്ദിരം സ്ഥിതി ചെയ്യുന്നു.
ശിവഗിരി, വർക്കല, കേരളം വർക്കല ശിവഗിരി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഏറ്റവും അടുത്ത നഗരം | വർക്കല |
ലോകസഭാ മണ്ഡലം | ആറ്റിങ്ങൽ |
സിവിക് ഏജൻസി | വർക്കല നഗരസഭ |
സാക്ഷരത | 100%% |
സമയമേഖല | IST (UTC+5:30) |
ശ്രീനാരായണഗുരു വർക്കലയിലെ ശിവഗിരിക്കുന്നിൽ 1903 ഓട് കൂടി കൂടെക്കൂടെ സന്ദർശിക്കാൻ തുടങ്ങിയതായി ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കുന്നിന്റെ മുകളിൽ അദ്ദേഹവും അനുചരരും ചേർന്ന് ഒരു പർണ്ണശാല കെട്ടിയുണ്ടാക്കുകയും അവിടെ താമസം തുടങ്ങുകയും ചെയ്തു. അവിടെ അതിനെത്തുടർന്ന് നാരായണഗുരുവിനെ സന്ദർശിക്കാനായി ജനങ്ങൾ പലയിടത്തു നിന്നും എത്താൻ തുടങ്ങി. ഒരു ആശ്രമമായി വികസിച്ചപ്പോൾ നാരായണഗുരു ആ കുന്നിനെ സർക്കാരിൽ നിന്നു ചാർത്തി വാങ്ങി. അതിനോട് ചേർന്ന കുറേ ഭൂമി അതിന്റെ ഉടമസ്ഥർ അദ്ദേഹത്തിനു ദാനമായി നൽകുകയും ചെയ്തു.[2]
കർക്കടക മാസത്തിലെ കറുത്തവാവു ദിവസം ധാരാളം പേർ വർക്കല പാപനാശം കടപ്പുറത്ത് ശ്രാദ്ധമൂട്ടാനായി വന്നു ചേരാറുണ്ടായിരുന്നു. ഇന്നും ആ ആചാരം നിലനിൽക്കുന്നുണ്ട്. 1904 ലെ കർക്കിടകവാവു ദിവസം (മലയാള മാസം 1079 കർക്കിടകം 28) കടൽപ്പുറത്ത് ശ്രാദ്ധമൂട്ടുന്നതിനു പകരം തന്റെ അനുയായികൾ മഠത്തിൽ വന്നു ചേരുന്നതിനായി നാരായണഗുരു ആവശ്യപ്പെട്ടു. വന്നവരുടെ പൂർവികർക്കായി ശ്രാദ്ധകർമ്മങ്ങളെല്ലാം അവിടെവച്ച് അദ്ദേഹം തന്റെ ശിഷ്യന്മാരെക്കൊണ്ട് യഥാവിധി ചെയ്യിച്ചു. അങ്ങനെ അവിടം നാരായണഗുരുവിന്റെ അനുയായികൾക്കും ശിഷ്യന്മാർക്കും ഒത്തുചേരാനുള്ള ഒരു കേന്ദ്രമായി മാറി.
രണ്ടു കൊല്ലത്തിനു ശേഷം പാവപ്പെട്ട കുട്ടികൾക്ക് പഠിയ്ക്കാനായി ഒരു വിദ്യാലയവും ആ കുന്നിനടുത്ത് താമസിച്ചിരുന്ന ദളിത് ജനവിഭാഗങ്ങളിലെ മുതിർന്നവർക്ക് വിദ്യാഭ്യാസം നൽകാനായി ഒരു നിശാപഠനശാലയും നാരായണഗുരു ശിവഗിരിയിൽ സ്ഥാപിച്ചു. 1907ൽ അവിടെ ഒരു ശിവക്ഷേത്രത്തിന്റെ പണി ആരംഭിച്ചു. 1908ൽ ചിങ്ങമാസത്തിലെ ചതയദിനത്തിൽ (മലയാള വർഷം 1084) ശ്രീനാരായണ ഗുരുവിന്റെ ജന്മദിനത്തിനു ഒരു സരസ്വതീ ക്ഷേത്രത്തിനുള്ള പണി ആരംഭിയ്ക്കുകയും ചെയ്തു. ഇതാണ് ശാരദാമഠം. 1912 ൽ (മലയാള വർഷം 1087) മേടം 19, 20, 21 തീയതികളിൽ വർക്കല ശിവഗിരിയിൽ വച്ച് എസ് എൻ ഡീ പീ യുടെ ഒമ്പതാം വാർഷികയോഗവും ശാരദാമഠത്തിലെ സരസ്വതി പ്രതിഷ്ഠയും ഒരുമിച്ച് നടത്തി. അനേകായിരമാൾക്കാർ ആ പ്രതിഷ്ഠാ കർമ്മത്തിലും സമ്മേളനത്തിലും സംബന്ധിയ്ക്കുകയുണ്ടായി. ഇന്ന് കേരളത്തിലെ ഒരു പ്രസിദ്ധമായ നവരാത്രി വിദ്യാരംഭ കേന്ദ്രമാണ് വർക്കല ശിവഗിരിയിലെ ശാരദാമഠം സരസ്വതി ക്ഷേത്രം. [3]
ശിവഗിരി തീർത്ഥാടനം
തിരുത്തുകശ്രീ നാരായണ ഗുരുവിന്റെ അനുയായികളും ശിഷ്യന്മാരും എല്ലാ വർഷവും ജനുവരി ഒന്നാം തീയതി ശിവഗിരിയിലേയ്ക്ക് തീർത്ഥാടനം നടത്താറുണ്ട്.1933 ജനുവരി 1ന് ആദ്യത്തെ തീർത്ഥാടനം നടന്നു. അന്ന് ആകെ അഞ്ചുപേരാണ് പങ്കെടുത്തത്.
തുടക്കം
1928 ജനുവരി 19ന് ഗുരു കോട്ടയും നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രത്തിനരികിലുള്ള മാവിൻ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ. കിട്ടൻ റൈട്ടർ എന്നീ പ്രമുഖ വ്യക്തികൾ ഗുരുവിനെ സമീപിക്കുകയും ശിവഗിരിയിലേക്ക് തീർത്ഥാടനം നടത്തുവാനുള്ള അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തു.
ആ സംഭാഷണം താഴെ ചേർക്കുന്നു.[4]
വൈദ്യർ: റൈട്ടർക്ക് തൃപ്പാദസന്നിധിയിൽ ഒരു കാര്യം ഉണർത്തിച്ച് അനുവാദകൽപ്പന വാങ്ങിപ്പാനുണ്ട്.
ഗുരു: എന്താണ്? പറയാമല്ലോ.
വൈദ്യർ: കാര്യങ്ങൾ ചോദ്യരൂപത്തിൽ അക്കമിട്ട് എഴുതിവച്ചിരിയ്ക്കുകയാണ്. കൽപ്പിച്ചാൽ റൈട്ടർ വായിച്ചുകൊള്ളും.
റൈട്ടർ: ശിവഗിരി തീർത്ഥാടനം എന്ന് വായിച്ചു.
ഗുരു:തീർത്ഥാടനമോ? ശിവഗിരിയിലോ? കൊള്ളാം. നമ്മുടെ കുഴൽ വെള്ളത്തിൽ കുളിയ്ക്കാം. ശാരദാദേവിയെ വന്ദിയ്ക്കുകയും ചെയ്യാം. നല്ല കാര്യം. വായിയ്ക്കണം. കേൾക്കട്ടെ.
റൈട്ടർ: കേരളത്തിലെ ഈഴവർക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങൾ കൽപ്പിച്ച് അനുവദിയ്ക്കണമെന്ന് അപേക്ഷിയ്ക്കുന്നു.
ഗുരു: വർക്കല ജനാർദ്ധനം പുണ്യസ്ഥലമാണല്ലോ. അതിനടുത്ത് ശിവഗിരി കൂടി പുണ്യസ്ഥലമാകുമോ?
റൈട്ടർ: ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഞങ്ങൾക്കാർക്കും പ്രവേശനമില്ല. അല്ലാതെ പോകുന്നവർക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്. തൃപ്പാദങ്ങൾ കൽപ്പിച്ചാൽ ശിവഗിരി പുണ്യസ്ഥലമാകും. കൽപ്പന ഉണ്ടായാൽ മതി.
ഗുരു: നാം പറഞ്ഞാൽ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടരും വൈദ്യരും വിശ്വസിയ്ക്കുന്നു അല്ലേ? വൈദ്യർ: ഞങ്ങൾ പൂർണ്ണമായി വിശ്വസിയ്ക്കുന്നു.
ഗുരു: അപ്പോൾ ഞാൻ പറയുകയും നിങ്ങൾ രണ്ടാളും വിശ്വസിയ്ക്കുകയും ചെയ്താൽ ആകെ മൂന്നുപേരായി. മതിയാകുമോ?.
വൈദ്യർ: കൽപ്പന ഉണ്ടായാൽ ഞങ്ങൾ ഇരുപത് ലക്ഷവും ഞങ്ങളെപ്പോലെയുള്ള മറ്റ് അധഃകൃതരും ശിവഗിരി പുണ്യസ്ഥലമായി സ്വീകരിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്യും.
ഗുരു: വിശ്വാസമുണ്ടല്ലോ. കൊള്ളാം. അനുവാദം തന്നിരിയ്ക്കുന്നു.
റൈട്ടർ: തീർത്ഥാടകർ ആണ്ടിലൊരിയ്ക്കൽ ശിവഗിരിയിൽ വരണമെന്നാണ് ആഗ്രഹിയ്ക്കുന്നത്. അത് എപ്പോൾ, ഏത് മാസം, തീയതി, ആഴ്ച, നക്ഷത്രം ആയിരിക്കേണമെന്ന് കൽപ്പന ഉണ്ടായിരിയ്ക്കണം.
ഗുരു:(അൽപ്പം ആലോചിച്ചിട്ട്), തീർത്ഥാടകർ ശിവഗിരിയിൽ വന്ന് കൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിന് ആയിക്കൊള്ളട്ടെ. ജനുവരി മാസം ഒന്നാം തീയതി. അത് നമ്മുടെ കണക്കിനു ധനു മാസം പതിനാറ് പതിനേഴ് തീയതികളിലായിരിയ്ക്കും. അത് കൊള്ളാം നല്ല സമയം.
റൈട്ടർ: തീർത്ഥാടകർ വല്ല വൃതവും ആചരിയ്ക്കണമോ? അതിന്റെ രീതികൾക്ക് കൽപ്പന ഉണ്ടാകണം.
ഗുരു: നീണ്ട വൃതവും കഠിനവ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിച്ചെന്ന് വരില്ല. പത്ത് ദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോട് കൂടി ആചരിച്ചാൽ മതിയാകും. വൈദ്യർ എന്ത് പറയുന്നു?
വൈദ്യർ: കൽപ്പിച്ചതു ധാരാളം മതിയാകും.
ഗുരു: കൊള്ളാം അത് മതി നന്നായിരിയ്ക്കും.
റൈട്ടർ: തീർത്ഥാടകരുടെ വസ്ത്രധാരണരീതിയിൽ വല്ല പ്രത്യേകതയും ഉണ്ടായിരിയ്ക്കണമോ?
ഗുരു: വെള്ള വസ്ത്രം ഗൃഹസ്ഥന്മാരുടെത്. കാഷായം സംന്യാസിമാർക്ക്, കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാർക്ക്. ശിവഗിരി തീർത്ഥാടകർക്ക് മഞ്ഞവസ്ത്രം ആയിക്കൊള്ളട്ടെ. ശീകൃഷ്ണന്റേയും ശ്രീബുദ്ധന്റേയും മുണ്ട്. അത് കൊള്ളാം നന്നായിരിയ്ക്കും.
(ആ സമയം കൂട്ടത്തിൽ നിന്നൊരാൾ, തീർത്ഥാടകർ രുദ്രാക്ഷം ധരിയ്ക്കണമോ?) ഗുരു: വേണ്ട, രുദ്രാക്ഷം കുറേ ഉരച്ച് പച്ചവെള്ളത്തിൽ കുടിയ്ക്കുന്നത് നന്നായിരിയ്ക്കും. ഗുണമുണ്ടാകാതെയിരിയ്ക്കില്ല.
(അഭിമുഖസന്ദർശകർ തലേന്നാൾ രാത്രിയിൽ തയ്യാറാക്കിക്കൊണ്ട് വന്ന ചോദ്യങ്ങൾ ഇവിടെ അവസാനിച്ചു. പക്ഷേ ഗുരു തുടർന്നു)
ഗുരു: ഇനി എന്തെങ്കിലും ചോദിപ്പാനുണ്ടോ?
റൈട്ടർ: ഇനി ഒന്നുമില്ല.
ഗുരു: ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധി അറിയാമോ വൈദ്യർക്ക്?
വൈദ്യർ: അറിയാം, ഗുരു: പറയണം കേൾക്കട്ടെ.
വൈദ്യർ:ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക് ശുദ്ധി, കർമ്മശുദ്ധി.
ഗുരു:ശരി, ഇതനുഷ്ഠിച്ചാൽ മതിയാകും.(അൽപ്പം കഴിഞ്ഞ്) മഞ്ഞവസ്ത്രം എന്ന് പറഞ്ഞതിനു മഞ്ഞപ്പട്ട് വാങ്ങിയ്ക്കാൻ ആരും തുനിയരുത്. കോടിവസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തിലിരിയ്ക്കുന്ന വെള്ളവസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചാൽ മതി.പിന്നീട് അലക്കിത്തെളിച്ച് എടുത്ത്കൊള്ളാമല്ലോ.യാത്ര ആർഭാടരഹിതമാക്കണം. വിനീതമായിരിയ്ക്കണം. ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിയ്ക്കുന്നത് കൊള്ളാം. തീർത്ഥയാത്രയുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. കോട്ടയത്ത് നിന്ന് ഒരാൾ ശിവഗിരിയ്ക്ക് പോയി രണ്ട് ദിവസം താമസിച്ച് തിരികെ വരുന്നതിന് എന്ത് ചെലവു വരുമെന്ന് നോക്കാം. (അൽപ്പനേരം കണക്കുകൂട്ടുന്നതിനായി ആലോചിച്ചിട്ട്) മൂന്നു രൂപായുണ്ടെങ്കിൽ കുറച്ച് ചക്രം മിച്ചമുണ്ടായിരിയ്ക്കും.അത് ധാരാളം മതിയാകും. ഈഴവർ പണമുണ്ടാക്കും. പക്ഷേ മുഴുവൻ ചെലവു ചെയ്ത് കളയും. ചിലർ കടം കൂടി വരുത്തിവയ്ക്കും. അത് പാടില്ല. മിച്ചം വയ്ക്കാൻ പഠിയ്ക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നോക്കം. ഈ രീതി മാറണം. മാറ്റണം.(എല്ലാം കുറിച്ചെടുത്ത് കക്ഷത്തിൽ മടക്കി വച്ചിരിയ്ക്കുന്ന സന്ദർശകരോട്) ഇനി ഒന്നുമില്ലല്ലോ ചോദിപ്പാൻ?
സന്ദർശകർ: ഇല്ല.
(രണ്ട് മൂന്ന് മിനിട്ട് കഴിഞ്ഞ് പ്രധാനിയെ നോക്കി കൈവിരൽ ചൂണ്ടിക്കൊണ്ട്) ഗുരു: ഈ തീർത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശമെന്ത്? ഒന്നുമില്ലെന്നുണ്ടോ?
റൈട്ടർ:ഉദ്ദേശങ്ങൾ മുൻപ് കൽപ്പിച്ചിട്ടുണ്ടല്ലോ.
ഗുരു: അത് അതിന്റെ രീതികളല്ലായോ? രീതികളാണോ ഉദ്ദേശം. (ആരും മറുപടി പറഞ്ഞില്ല)
ഗുരു: വൈദ്യർ എന്ത് പറയുന്നു? തീർത്ഥാടനത്തിന് ഉദ്ദേശം ഒന്നുമില്ലെന്നുണ്ടോ?
(മറുപടിയില്ല).
അടുത്തുണ്ടായിരുന്ന സംന്യാസിമാരേയും ചുറ്റുപാടും നിന്നിരുന്ന ജനപ്രമാണികളേയും ഗുരുദേവൻ നോക്കി. എന്നിട്ട് അൽപ്പം ഗൌരവഭാവത്തിൽ തുടർന്നു.: ആണ്ടിലൊരിയ്ക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും മഞ്ഞവ്സ്ത്രവും ധരിച്ച് യാത്രചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റും നടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി വീടുകളിൽ ചെല്ലുന്നത്കൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടുകളും. അത് പാടില്ല. എന്ത് പ്രവൃത്തിയ്ക്കും ഒരു ഉദ്ദേശം വേണം.
(ഗുരുദേവൻ പ്രധാനിയുടെ നേർക്ക് നോക്കിക്കൊണ്ട് ‘എഴുതുക‘ എന്ന് പറഞ്ഞു)
ഗുരു: ശിവഗിരി തീർത്ഥയാത്രയുടെ ഉദ്ദേശങ്ങൾ - സാധിയ്ക്കേണ്ട കാര്യങ്ങൾ- അതിന്റെ ലക്ഷ്യം (ഇടതു കൈയ്യുടെ വിരലുകളൊരോന്നായെണ്ണിക്കൊണ്ട്.)
ഒന്ന് : വിദ്യാഭ്യാസം, രണ്ട്: ശുചിത്വം, മൂന്ന്: ഈശ്വരഭക്തി, നാല്: സംഘടന, അഞ്ച്: കൃഷി, ആറ്: കച്ചവടം, ഏഴ്: കൈത്തൊഴിൽ, എട്ട്: സാങ്കേതിക പരിശീലനങ്ങൾ, മനസ്സിലായോ ഈ വിഷയങ്ങൾ. ഓരോരോ വിഷയത്തിലും വൈദഗ്ദ്ധ്യം ഉള്ളവരെ ക്ഷണിച്ച് വരുത്തി പ്രസംഗം പറയിക്കണം. ജനങ്ങൾ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിയ്ക്കണം. അതിൽ വിജയം പ്രാപിയ്ക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും. ഈഴവർക്ക് മാത്രമല്ല ഈഴവരിലൂടെ എല്ലാ സമുദായക്കാർക്കും അഭിവൃദ്ധിയുണ്ടാകണം. അങ്ങനെ ജീവിതം മാതൃകാപരമാകണം. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിയ്ക്കണം. മനസ്സിലായോ?
ഗുരു പറഞ്ഞ് നിർത്തി.[5]
തീർത്ഥാടക സമയം |
വൃതം |
വസ്ത്രം | തീർത്ഥാടനത്തിന്റെ ഉദ്ദേശ്യം |
---|---|---|---|
ഡിസംബർ 30, 31, ജനുവരി 1 | പത്തുദിവസത്തെ വ്രതം ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിയ്ക്കണം. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി | മഞ്ഞവസ്ത്രം | തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്.
1. വിദ്യാഭ്യാസം 2. ശുചിത്വം 3. ഈശ്വരഭക്തി 4. സംഘടന 5. കൃഷി 6. കച്ചവടം 7. കൈത്തൊഴില് 8. സാങ്കേതിക പരിശീലനങ്ങൾ. എന്നീ വിഷയങ്ങളെക്കുറിച്ച് പ്രസംഗ പരന്പര നടത്തണം.തീർത്ഥാടകർ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിയ്ക്കണം. അതിൽ വിജയം പ്രാപിയ്ക്കണം. |
അവലംബം
തിരുത്തുക- ↑ ബാലകൃഷ്ണൻ നായർ, പ്രൊഫസർ. ജീ (2003). ശ്രീനാരായണഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം ഭാഗം-ഒന്ന്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. ISBN 81-7638-405-4.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help) - ↑ സാനു, എം കേ (2007). ശ്രീനാരായണഗുരുസ്വാമി (ജീവചരിത്രം). എച്&സീ ബുക്സ്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help) - ↑ സാനു, എം കേ (2007). ശ്രീനാരായണഗുരുസ്വാമി (ജീവചരിത്രം). എച്&സീ ബുക്സ്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help) - ↑ ബാലകൃഷ്ണൻ, പീ കേ (2012). നാരായണഗുരു. ഡീ സീ ബുക്സ്. ISBN 81-264-1186-4.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help) - ↑ സാനു, എം കേ (2007). ശ്രീനാരായണഗുരുസ്വാമി (ജീവചരിത്രം). എച്&സീ ബുക്സ്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help)