മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണ്‌ ഭാഷാപോഷിണി. ആദ്യ പത്രാധിപർ കണ്ടത്തിൽ വർഗീസ് മാപ്പിള. മലയാളത്തിലെ ഗദ്യ സാഹിത്യത്തിന്റെ വികാസത്തിൽ ഭാഷാപോഷിണിക്ക് നിർണ്ണായക പങ്കുണ്ട് [1][2]

ഭാഷാപോഷിണി
പ്രസിദ്ധീകരിക്കുന്ന ഇടവേളമാസിക
ആദ്യ ലക്കം1892
കമ്പനിമലയാള മനോരമ ഗ്രൂപ്പ്
രാജ്യം ഇന്ത്യ
ഭാഷമലയാളം,

ചരിത്രം

തിരുത്തുക

കവിസമാജവും ഭാഷാപോഷിണി സഭയും

തിരുത്തുക

1891 ആഗസ്റ്റ് 29നു് (കൊല്ലവർഷം 1097 ചിങ്ങമാസം 14നു്) കോട്ടയത്തുവെച്ച് മലയാള മനോരമയുടെ സ്ഥാപകപത്രാധിപരായിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ഉത്സാഹത്തിൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അദ്ധ്യക്ഷനായി ‘കവിസമാജം‘ എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടു. കേരളത്തിലെ ആദ്യത്തെ സാഹിത്യസഭയായിരുന്നു ഇതു്. ആദ്യസമ്മേളനത്തിൽ വെച്ചുതന്നെ സംഘടനയുടെ പേരു് ‘ഭാഷാപോഷിണി സഭ’ എന്നാക്കി മാറ്റാനും ‘ഭാഷാപോഷിണി’ എന്ന പേരിൽ ഒരു പത്രിക ആരംഭിക്കാനും തീരുമാനമായി. അക്കൊല്ലം തന്നെ നവമ്പറിൽ സമാജത്തിന്റെ പേരു് ‘ഭാഷാപോഷിണി സഭ’ എന്നു മാറ്റി. ഭാരതമഹാജനസഭ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രീതിയിൽ ജനാധിപത്യാടിസ്ഥാനത്തിലുള്ള ഒരു ഭരണസമ്പ്രദായമാണു് സംഘാടകർ ലക്ഷ്യമിട്ടിരുന്നതു്. അതിനാൽ, അന്നത്തെ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രമുഖരായ സാഹിത്യപ്രവർത്തകരെയെല്ലാം ഒരുമിച്ചുചേർത്ത് അവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിസഭയ്ക്കായിരുന്നു ഭാഷാപോഷിണിയുടെ ഭരണനിർവ്വഹണത്തിന്റെ ചുമതല. ഇതുകൂടാതെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഷാപ്രയോഗങ്ങൾക്കു് പൊതുവായ ഒരു ഐകരൂപ്യം വരുത്തുന്നതിനും അതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാനും വേണ്ടി ഭാഷാപോഷിണി സഭയുടെ കീഴിൽ മറ്റൊരു പ്രത്യേക സമിതി കൂടി രൂപീകരിച്ചു.[2][1] [3]

1892-ൽ തൃശ്ശൂർ വെച്ചു നടന്ന വിപുലമായ ആദ്യസമ്മേളനത്തിൽ ഭാഷാപോഷിണി സഭ തങ്ങളുടെ സംഘടനാദൌത്യം പ്രമേയരൂപത്തിൽ അവതരിപ്പിച്ചു. ഇതനുസരിച്ച് ആറു ലക്ഷ്യങ്ങളായിരുന്നു സഭയ്ക്കുണ്ടായിരുന്നതു്[1] :

  1. കേരളഭാഷയ്ക്കു് കഴിയുന്നത്ര ഐകരൂപ്യം വരുത്തുക
  2. ഗദ്യസാഹിത്യത്തിന്റെ വികാസം പ്രോത്സാഹിപ്പിക്കുക
  3. സഭയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി ഒരു ആനുകാലികപത്രിക (journal) പ്രസിദ്ധീകരിക്കുക.
  4. അർഹരായവർക്കു് പുരസ്കാരങ്ങൾ സമ്മാനിച്ചുകൊണ്ട് സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുക
  5. സാഹിത്യസമ്മേളനങ്ങൾ സംഘടിപ്പിക്കുക
  6. വിദ്യാലയങ്ങളും പ്രസിദ്ധീകരണങ്ങളും സ്ഥാപിച്ചുകൊണ്ട് ആധുനികവിദ്യാഭ്യാസം പ്രചാരത്തിലാക്കുക

1904-ൽ വറുഗീസ് മാപ്പിള നിര്യാതനായി. ഇതോടെ ഭാഷാപോഷിണിസഭയുടെ പ്രവർത്തനങ്ങൾക്കു മങ്ങലേറ്റു തുടങ്ങി. 1911-ൽ വൈക്കത്തു ചേർന്ന സമ്മേളനത്തിൽ‌വെച്ച് ഭാഷാപോഷിണി സഭ പിരിച്ചുവിട്ടു.[2]


ഭാഷാപോഷിണി ത്രൈമാസികം

തിരുത്തുക

മേല്പറഞ്ഞ ലക്ഷ്യങ്ങളുടെ ഭാഗമായി 1892ൽ തന്നെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ ഭാഷാപോഷിണി അച്ചടി ആരംഭിച്ചു. വർഷത്തിൽ നാലു തവണ (ത്രൈമാസികം) എന്നതായിരുന്നു പ്രസിദ്ധീകരണാവൃത്തി.[1]

മൂന്നു വർഷത്തോളം തുടർന്നതിനുശേഷം 1895-ൽ ഭാഷാപോഷിണി സി.പി. അച്ചുതമേനോൻ എന്ന പ്രമുഖ നിരൂപകസാഹിത്യകാരന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിദ്യാവിനോദിനി എന്ന മാസികയിൽ ലയിക്കപ്പെട്ടു. എന്നാൽ 1897-ൽ വീണ്ടും ഭാഷാപോഷിണി സ്വതന്ത്രരൂപത്തിൽ പുറത്തിറങ്ങി. അതിനുശേഷം 46 വർഷത്തോളം തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടു.1942-ൽ പ്രസിദ്ധീകരണം പൂർണ്ണമായും നിലച്ചുപോയി.

1977 ജൂണിൽ മലയാളമനോരമയുടെ നേതൃത്വത്തിൽ പുതിയ രൂപഭാവങ്ങളോടെ ദ്വൈമാസികയായി ഭാഷാപോഷിണി പുനരാരംഭിക്കപ്പെട്ടു. ഓരോ ലക്കത്തിലും ഒരോ വിഷയം സംബന്ധിച്ച് ലഘുസംവാദങ്ങളോ ചർച്ചകളോ പ്രസിദ്ധീകരിക്കുന്നു എന്നതായിരുന്നു പുതിയ ഒരു പ്രത്യേകത.

1993 ജൂൺ മുതൽ ഭാഷാപോഷിണി ഒരു പ്രതിമാസ പ്രസിദ്ധീകരണം (മാസിക) ആയി മാറി. ശ്രീ കെ എം തരകൻ, സി രാധാകൃഷ്ണൻ, എന്നിവർ മുഖ്യപത്രാധിപന്മാരായിരുന്നു. ഇപ്പോൾ മാമ്മൻ മാത്യു മുഖ്യപത്രാധിപരും ശ്രീ കെ സി നാരായണൻ പത്രാധിപരും ആണ്

  1. 1.0 1.1 1.2 1.3 Datta, A. (1987). Encyclopaedia of Indian Literature: A-Devo. Encyclopaedia of Indian literature. Sahitya Akademi. ISBN 9788126018031. Retrieved 13 October, 2013. {{cite book}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 കൃഷ്ണപിള്ള, എൻ. "പുതുയുഗപ്പുലരി പൊട്ടിവിടരുന്നു". കൈരളിയുടെ കഥ (2009 ed.). ഡി.സി. ബുക്സ്. p. 400.
  3. Laila T. Abraham, K. Sisupalan (2002). ഭാഷാപോഷിണി സൂചിക (1977-1992). യൂണിവേഴ്സിറ്റി ലൈബ്രറി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം.
"https://ml.wikipedia.org/w/index.php?title=ഭാഷാപോഷിണി_(മാസിക)&oldid=3703699" എന്ന താളിൽനിന്ന് ശേഖരിച്ചത്