താജ് മഹൽ

താജ്മഹൽ
(താജ്‌മഹൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താജ് മഹൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ താജ് മഹൽ (വിവക്ഷകൾ) എന്ന താൾ കാണുക. താജ് മഹൽ (വിവക്ഷകൾ)

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ (ഹിന്ദി: ताज महल; പേർഷ്യൻ/ഉർദു: تاج محل) ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.

താജ് മഹൽ
Native name
ഹിന്ദി: ताज महल
Southern view of the Taj Mahal
Locationആഗ്ര, ഇന്ത്യ
Coordinates27°10′30″N 78°02′31″E / 27.17500°N 78.04194°E / 27.17500; 78.04194
Elevation171 m (561 ft)
Built1632 - 1653
Architectഉസ്താദ് ഈസ
Architectural style(s)Mughal
VisitorsMore than 3 million (in 2003)
Typeസാംസ്കാരികം
Criteriai
Designated1983 (7th session)
Reference no.യുനെസ്കോയുടെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ
State Party ഇന്ത്യ
RegionAsia-Pacific
താജ് മഹൽ is located in India
താജ് മഹൽ
Located in western Uttar Pradesh, India

1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. [1]. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.[2] കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രവിന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.[3]

താജ് മഹലിന്റെ പ്രതിബിംബം

ഉറവിടവും പ്രചോദനവും

തിരുത്തുക
 
ഷാജഹാൻ - കലാകാരന്റെ ഭാവനയിൽ. ഷാജഹാൻ ഗ്ലോബിനും മുകളിൽ എന്ന ചിത്രം,സ്മിത്ത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും
 
കലാകാരന്റെ ഭാവനയിൽ മുംതാസ് മഹൽ

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹൽ 1631ൽ തന്റെ 14-ആമത്തെ കുട്ടിയായ ഗൗഹറ ബേഗത്തിന് ജന്മം നൽകുന്നതിനിടയിൽ (വിവാഹത്തിന്റെ പതിനെട്ടാം വർഷത്തിൽ) മരിച്ചു[4]. അക്കാലം ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു. [5] പക്ഷേ ഭാര്യയുടെ മരണം മൂലം അദ്ദേഹം വളരെ ദുഃഖത്തിലാവുകയായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹൽ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങൾ കാണിക്കുന്നു. [6] [7] താജ് മഹലിന്റെ പണികൾ മുംതാസിന്റെ മരണത്തിനു ശേഷം ഉടൻ തന്നെ തുടങ്ങുകയുണ്ടായി. 1648 ൽ ഒരു അടിസ്ഥാന ശവകുടീരം പണിതീർന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വർഷങ്ങൾ കൊണ്ട് പണിതീർന്നത്.

ഷാജഹാൻ ചക്രവർത്തി സ്വന്തം വാക്കുകളിൽ താജ്‌മഹലിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: (ഇംഗ്ലീഷിൽ വിവരിച്ചിരിക്കുന്നു:) [8] [കുറ്റവാളികൾ ഇവിടെ അഭയം തേടണം, മാപ്പുനൽകിയവനെപ്പോലെ അവൻ പാപത്തിൽ നിന്ന് മുക്തനാകുന്നു. ഒരു പാപി ഈ മാളികയിലേക്ക് പോകണോ? അവന്റെ മുൻകാല പാപങ്ങളെല്ലാം കഴുകിക്കളയണം. ഈ മാളികയുടെ കാഴ്ച ദുഖകരമായ നെടുവീർപ്പുകൾ സൃഷ്ടിക്കുന്നു; സൂര്യനും ചന്ദ്രനും അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു. ഈ ലോകത്ത് ഈ ഭവനം നിർമ്മിക്കപ്പെട്ടു; അതുവഴി സ്രഷ്ടാവിന്റെ മഹത്ത്വം പ്രദർശിപ്പിക്കുന്നതിന്.]

Should guilty seek asylum here,
Like one pardoned, he becomes free from sin.
Should a sinner make his way to this mansion,
All his past sins are to be washed away.
The sight of this mansion creates sorrowing sighs;
And the sun and the moon shed tears from their eyes.
In this world this edifice has been made;
To display thereby the creator's glory.

 
ഹുമയൂണിന്റെ ശവകുടീരം താജ്‌മഹലിന്റെ വാസ്തുവിദ്യയുടെ സമാനതകൾ ഉൾക്കൊള്ളുന്ന ഒന്നാണ്.

താജ് മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുർ രാജവംശത്തിൽ നിന്നുള്ള വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയിൽ ഉണ്ടായിരുന്നു. സമർകണ്ടിലെ ഗുർ-ഏ-അമീർ എന്ന കെട്ടിടം ,[9] ഹുമയൂണിന്റെ ശവകുടീരം (ചിലപ്പോൾ ചെറിയ താജ് എന്നും അറിയപ്പെടുന്നു), ഡെൽഹിയിലെ ഷാജഹാന്റെ സ്വന്തം നിർമിതിയായ ജുമാ മസ്ജിദ് എന്നിവയിൽ നിന്നും വാസ്തു പ്രചോദനങ്ങൾ ഉൾകൊള്ളുന്നതാണ് താജ്. ആദ്യകാലത്തെ മുഗൾ കെട്ടിടങ്ങൾ എല്ലാം തന്നെ ചുവന്ന മണൽക്കല്ലിലാണ്‌ പണിതിരുന്നത്. പക്ഷേ, ഷാജഹാൻ താജ് മഹൽ പണിയുന്നതിന് വെണ്ണക്കല്ലും വിലപിടിപ്പുള്ള മറ്റുചില കല്ലുകളും ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം മുഗൾ കാലഘട്ടത്തെ മറ്റ് കെട്ടിടങ്ങളേക്കാൾ താജ്മഹലിന് ഒരു പ്രത്യേക ആകർഷണം കൈവരുന്നു. [10]

മുംതാസിനോടുള്ള ഷാജഹാന്റെ പ്രണയത്തേയും അതിന്റെ സ്മാരകമായ ഈ സൗധത്തേയും കുറിച്ച് ടാഗോർ ലവേഴ്സ് ഗിഫ്റ്റ് എന്ന ഒരു കവിതയിൽ പരാമർശിക്കുന്നു [4].

വാസ്തുവിദ്യ

തിരുത്തുക

താജ് മഹലിന്റെ പ്രധാന ഭാഗം എന്നു പറയാവുന്നത് വെള്ള മാർബിളിൽ നിർമ്മിച്ചിട്ടുള്ള കുടീരമാണ്. ഇത് ഒരു സമചതുര സ്തംഭപാദത്തിൽ സ്ഥിതി ചെയ്യുന്നു.സാധാരണ കാണുന്ന എല്ലാ മുഗൾ, പേർഷ്യൻ വാസ്തു വിദ്യയിലേയും പോലെ ഇതിനു ചുറ്റും സമമായി പണിതീർത്തിരിക്കുന്ന ഭാഗങ്ങളും, ഇവാൻ എന്ന ഒരു കമാനാകൃതിയിലുള്ള വാതിലും, ഏറ്റവും മുകളിലായി ഒരു വലിയ കുംഭഗോപുരവും സ്ഥിതിചെയ്യുന്നു.

 
താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്.

താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്. നീളം, വീതി, ഉയരം ഈ മുന്നും സമയളവോടു കൂടിയ ഒരു വലിയ ഘനപദാർത്ഥത്തിന്റെ ആകൃതിയിലാണ് അടിത്തറ. ഇതിന്റെ ഏകദേശ നീളം 55 മീ. ആണ്. (അടിത്തറയുടെ പ്ലാൻ കാണുക). നീളമുള്ള വശങ്ങളിൽ പിസ്താക് എന്നറിയപ്പെടുന്ന കമാനാകൃതിയിലുള്ള ചട്ടക്കൂടുകൾ പിടിപ്പിച്ചിട്ടുണ്ട്. മുൻപിലെ കമാനത്തിന്റെ രണ്ടു വശത്തും മുകളിലും താഴെയുമായി കൂടുതൽ പിസ്താക്കുകൾ പിടിപ്പിച്ചിട്ടുണ്ട്. ഇതു പോലുള്ള പിസ്താക്കുകൾ ചരിഞ്ഞ ചുമരുകളുടെ വശങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്. ഈ വാസ്തുപരമായ പ്രത്യേകത കെട്ടിടത്തിന്റെ എല്ലാ വശങ്ങളിലും പ്രതി സമമായി കാണാം. ഈ ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും നാല്‌ മീനാറുകൾ സ്ഥിതി ചെയ്യുന്നു. ഇതിന്റെ മുകളിലും ഓരോ കുംഭഗോപുരങ്ങൾ സ്ഥിതി ചെയ്യുന്നു. അകത്തെ പ്രധാന അറക്കുള്ളിൽ ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവപ്പെട്ടികളുടെ മാതൃക കാണാം. യഥാർഥ ശവപ്പെട്ടികൾ ഇതിന്റെ താഴെയുള്ള അറകളിലാണ് സ്ഥിതി ചെയ്യുന്നത്.

മാർബിൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള ഗോപുരമാണ് ഇതിലെ ഏറ്റവും വലിയ ആകർഷണം. ഇതിന്റെ ഉയരം കെട്ടിടത്തിന്റെ അടിത്തറയുടെ അത്ര തന്നെ വരും. ഏകദേശം 35 മീറ്റർ ഉയരമുള്ളതാണ് ഈ കുംഭഗോപുരം. ഇതിന്റെ മുകളിലുള്ള ഗോളസ്തംഭത്തിന് 7 മീറ്റർ ഉയരമുണ്ട്. രൂപസവിശേഷത കൊണ്ട് ഇതിനെ ഓനിയൻ ഡോം അഥവാ ഉള്ളിയുടെ ആകൃതിയുള്ള സ്തംഭം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏറ്റവും മുകളിലുള്ള ഈ ഗോള സ്തംഭത്തിന്റെ മുകളിൽ താമരയുടെ ആകൃതിയിൽ അഭികല്പന ചെയ്തിട്ടുള്ള ഒരു രൂപം ഉണ്ട്. ഇതിന് ചുറ്റും നാല് ചെറിയ സ്തൂപങ്ങൾ നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ആകൃതിയും പ്രധാന സ്തൂപത്തിന്റെ ആകൃതിയിൽ തന്നെയാണ്. ഇതിനെ ചത്രി സ്തൂപം എന്ന് വിശേഷിപ്പിക്കുന്നു. ഈ ചത്രികൾ പ്രധാന സ്തൂപത്തിന്റെ രൂപത്തിൽ തന്നെ നാലു വശത്തും സ്ഥിതി ചെയ്യുന്നു. ഇതിന്റെ അടിഭാഗം പ്രധാന കുംഭ ഗോപുരത്തിന്റെ അകത്തേക്ക് തുറന്ന് അതിനകത്തേക്ക് വെളിച്ചം കടത്തിവിടുന്നു. അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയൻ ആകൃതിയിലുള്ള അലങ്കാരങ്ങൾ ചെയ്തിരിക്കുന്നു. ചത്രി കുംഭഗോപുരങ്ങൾ ഇവിടേയും നിർമ്മിച്ചിരിക്കുന്നു.

ഈ കുംഭഗോപുരത്തിന്റേയും ചത്രിയുടെയും മുകളിലായി ഫിനിയൽ എന്ന പേർഷ്യൻ, ഹിന്ദു ചിത്രപ്പണികൾ ചെയ്തിരിക്കുന്ന ലോഹ സ്തൂപം സ്ഥിതി ചെയ്യുന്നു. ആദ്യം സ്ഥാപിച്ചപ്പോൾ ഇത് സ്വർണ്ണം കൊണ്ടുള്ളതായിരുന്നു എന്ന് പറയപ്പെടുന്നു. കൊല്ലവർഷം 1800 വരെ സ്വർണ്ണം കൊണ്ട് നിർമ്മിച്ച സ്തൂപം ഇതിന്റെ മുകളിൽ സ്ഥിതി ചെയ്തിരുന്നു. പിന്നീട് ഈ സ്വർണ്ണത്തിന്റെ സ്തൂപം ബ്രിട്ടിഷുകാർ എടുത്ത് മാറ്റി എന്നാണ് പറയപ്പെടുന്നത്. അതിനു ശേഷം അതേ ആകൃതിയിലും വലിപ്പത്തിലുമുള്ള സ്തൂപം വെങ്കലം കൊണ്ട് നിർമ്മിച്ച് സ്ഥാപിക്കുകയായിരുന്നു. ഈ സ്തൂപത്തിന്റെ മുകളിലായി അർദ്ധ ചന്ദ്രന്റെ ആകൃതിയിൽ നിർമ്മിച്ച ഒരു ഫലകം സ്ഥിതി ചെയ്യുന്നു. ഇത് ഇസ്ലാമിക് മതത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

പ്രധാന സ്തംഭപാദത്തിന്റെ നാലു മൂലകളിലായി നാലു വലിയ മീനാരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ നാലു മീനാറുകൾക്കും 40 മീറ്റർ ഉയരമുണ്ട്. ഇവ താജ് മഹലിന്റെ പ്രതി സമത ആകൃതിയെ കാണിക്കുന്നു. ഓരോ മീനാറുകളും താഴെ നിന്ന് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ മുകളിലേക്ക് പോകുന്നതിൽ രണ്ട് ബാൽക്കണികളും ഏറ്റവും മുകളിലായി അവസാനത്തെ ബാൽക്കണിയും നിർമ്മിച്ചിരിക്കുന്നു. ഏറ്റവും മുകളിലുള്ള ബാൽക്കണിയിൽ പ്രധാന ഗോപുരത്തിന്റെ ആകൃതിയിലുള്ള ചത്രി സ്ഥിതി ചെയ്യുന്നു. പ്രധാന ഗോപുരത്തിന്റെ മുകളിലുള്ള കമലാകൃതിയിലുള്ള സ്തൂപം മീനാറിന്റെ മുകളിലും പണിതിരിക്കുന്നു. നാലു മീനാരുകളും പ്രധാന സ്തംഭപാദത്തിന്റെ മൂലയിൽ നിന്ന് പുറത്തേക്ക്‌ അല്പം ചരിച്ചാണ് പണിതിരിക്കുന്നത്. എന്തെങ്കിലും കാരണത്താൽ ഈ മീനാറുകൾ തകരുകയാണെങ്കിൽ അത് പ്രധാന ഗോപുരത്തിലേക്ക് വീഴാതെ വശങ്ങളിലേക്ക് വീഴുന്നതിനായിട്ടാണ് ഇങ്ങനെ നിർമ്മിച്ചിരിക്കുന്നത്.

പുറമേയുള്ള അലങ്കാരങ്ങൾ

തിരുത്തുക
 
പിസ്താക്കുകളിൽ സുന്ദരമായ കൈയക്ഷരം കൊണ്ടുള്ള വാസ്തുവിദ്യ

താജ് മഹലിന്റെ പുറമേയുള്ള അലങ്കാരങ്ങൾ മുഗൾ വംശത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അലങ്കാരങ്ങൾ എല്ലാം കൃത്യമായ ആനുപാതത്തിലാണ് പിസ്താക്കുളിലും ചുമരുകളിലും ചെയ്തിരിക്കുന്നത്. അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ്. പെയിന്റ് ഉപയോഗിച്ചും, കുമ്മായചാന്ത് ഉപയോഗിച്ചും, കൂടാതെ പ്രധാന രീതിയായ മാർബിളിൽ കൊത്തിയുമാണവ. ഇസ്ലാം മതത്തിന്റെ പ്രാധാന്യങ്ങളും വിലക്കുകളും കണക്കിലെടുത്ത് അലങ്കാരങ്ങൾ പ്രധാനമായും ചെയ്തിരിക്കുന്നത് കൈയക്ഷരങ്ങൾ ഉപയോഗിച്ചും, സസ്യലതാദികളുടെ രൂപാകൃതിയിലുമാണ്.

താജ് മഹലിൽ കാണപ്പെടുന്ന കൈയെഴുത്തുകൾ അത്യലംകൃതമായ തുളുത് എഴുത്തു രീതിയാണ്. ഇത് പ്രധാനമായും ചെയ്തിരിക്കുന്നത് പേർഷ്യൻ കൈയെഴുത്തുകാരനായ അമാനത്ത് ഖാൻ ആണ്. ഈ കൈയെഴുത്തുകൾക്കായി ഉപയോഗിച്ചിരിക്കുന്നത് വെള്ള മാർബിളുകൾ കൊത്തി അതിൽ ജാസ്പർ എന്ന കല്ല് ഉൾച്ചേർത്തിയിരിക്കുന്ന രീതിയിലാണ്. മുകളിലുള്ള ചുവരുകളിൽ അല്പം വലിയ അക്ഷരങ്ങളിലാണ് ഈ കൈയെഴുത്തുകൾ കൊത്തിയിരിക്കുന്നത്. താഴെ നിന്ന് നോക്കുമ്പോൾ എല്ലാ വശത്തും അക്ഷരങ്ങൾ ശരിയായ അനുപാതത്തിൽ കാണുവാൻ വേണ്ടിയിട്ടാണ് ഇത്. താജ് മഹലിന്റെ അകത്തും പുറത്തുമായി കൊത്തിയിരിക്കുന്ന ഈ കൈയെഴുത്തുകൾ ഖുറാനിൽ നിന്നുള്ള വചനങ്ങളാണ്.[11][12] ഈ എഴുത്തുകൾ ഖുറാനിലെ താഴെ പറയുന്ന പ്രതിപാദ്യങ്ങളും സന്നിശ്ചയങ്ങളുമാണ്:

താജ് മഹലിന്റെ പ്രധാന കവാടത്തിൽ പ്രവേശിക്കുന്നവർ ഇങ്ങനെ എഴുതിയിരിക്കുന്നത് വായിക്കാൻ കഴിയുന്നു. (ഇംഗീഷിൽ:) "O Soul, thou art at rest. Return to the Lord at peace with Him, and He at peace with you."[13][12]

വളരെ സംഗ്രഹീതമായ രൂപങ്ങളാണ് പ്രധാന സ്തംഭപാദം, പ്രധാന കവാടം, മോസ്ക്, ജവാബ് എന്നിവിടങ്ങളിലും ഒരു പരിധി വരെ ഇതിന്റെ തറകളിലും ഉപയോഗിച്ചിരിക്കുന്നത്. കുംഭഗോപുരത്തിന്റേയും പ്രധാന കമാനത്തിന്റെ ആർച്ചിലും മറ്റും ചെയ്തിരിക്കുന്ന പെയിന്റിങ്ങുകൾ കൃത്യമായ ജ്യാമീതീയ രൂപങ്ങളാലാണ് തീർത്തിരിക്കുന്നത്. എല്ലാ പ്രധാന അരികുകളിലും, ചുവരുകൾ ചേരുന്നിടത്തും ഹെറിങ്‌ബോൺ രീതിയിൽ കൊത്തുപണികൾ ചെയ്തിരിക്കുന്നു. ഉൾവശങ്ങളിൽ വെള്ള മണൽക്കല്ലുകൾ ഉപയോഗിച്ചിരിക്കുന്നു. അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. തറകളിലും നടപ്പാതകളിലും മാർബിൾ കൊണ്ടുള്ള ബ്ലോക്കുകൾ ടെസലേഷൻ ആകൃതിയിൽ ആണ് വിരിച്ചിരിക്കുന്നത്.

താഴത്തെ ചുമരുകളിൽ സസ്യങ്ങളുടെയും പൂക്കളുടെയും കൊത്തുപണികളാണ് ചെയ്തിരിക്കുന്നത്. ഈ കൊത്തുപണികൾ ചെയ്തിരിക്കുന്ന മാർബിളുകൾ നന്നായി മിനുക്കിയിരിക്കുന്നു. വെള്ള മാർബിളുകളിൽ തുരന്ന് പല നിറത്തിലുള്ള മാർബിളുകൾ ഉറപ്പിച്ചിരിക്കുന്ന രീതിയിലാണ് സസ്യലതാദികളുടെ കൊത്തുപണികൾ . വെള്ള മാർബിൾ തുരന്ന് അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ, ജാസ്പർ, ജേഡ് എന്നിവയാണ്. ഒറ്റനോട്ടത്തിൽ തുരന്ന് കൊത്തി വച്ചിരിക്കുന്ന രീതിയിലാണെന്ന് തോന്നാത്ത രീതിയിൽ ചുമരിന്റെ അതേ നിരപ്പിൽ തന്നെയാണ് ഈ കൊത്തുപണികൾ . ആ പൂർണ്ണത അതിൽ കാണാവുന്നതാണ്.

അകത്തെ അലങ്കാരങ്ങൾ

തിരുത്തുക
 
മൃതദേഹം അടക്കം ചെയ്തതിനെ മറക്കുന്ന ജാലി യവനിക അഥവ മൂടാപ്പ്
 
ഷാജഹാൻ, മുംതാസ് മഹൽ എന്നിവരുടെ യഥാർഥ ശവകുടീരം
 
മൃതദേഹം അടക്കം ചെയ്തിരിക്കുന്ന അകത്തളങ്ങൾ

മഹലിന്റെ അകത്തളത്തിലെ കൊത്തുപണികൾ പുറമേ ചെയ്തിരിക്കുന്ന തുരന്നുള്ള പണികളേക്കാൾ ഉന്നതമായ കൽകൊത്തുപണികളാണ്. ഇത് വളരെ വിലപ്പെട്ട കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ്. ഇതിന്റെ എല്ലാ വശങ്ങളിൽ നിന്നും ഇതിലേക്കുള്ള പ്രവേശനമുണ്ട്. പക്ഷേ, തെക്കെ വശത്തെ ഉദ്യാനത്തിലേക്ക് തുറക്കുന്ന വാതിൽ മാത്രമേ ഇവിടെ ഉപയോഗിക്കാറുള്ളു. അകത്തെ അറയുടെ ചുവരുകൾക്ക് 25 മീറ്റർ ഉയരമുണ്ട്. ഇതിന്റെ മുകളിലായി സൂര്യാകൃതിയിലുള്ള ഒരു സ്തൂപം സ്ഥാപിച്ചിരിക്കുന്നു. അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു. മുകളിലത്തെ നിലയിൽ നിന്നും താഴത്തെ അറ കാണാവുന്നതാണ്. അകത്തെ ഓരോ അറകളും വളരെ ഉന്നതമായ രീതിയിൽ അലങ്കരിച്ചിരിക്കുന്നു. ഇതിൽ തുരന്നുള്ള കൊത്തുപണികളും പുറത്തേ അകത്തളത്തിലുള്ള പോലെ കൈയെഴുത്ത് കൊത്തുപണികളും, വിലപിടിപ്പുള്ള കല്ലിലുള്ള കൊത്തു പണികളും ചെയ്തിരിക്കുന്നു. ഇതിന്റെ ഒത്ത നടുക്കായി ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ ശവകുടീരങ്ങളെ മറച്ചു കൊണ്ട് മാർബിൾ ജാലികൾ സ്ഥിതി ചെയ്യുന്നു. ഈ മാർബിൾ ജാലികൾ എട്ട് വശങ്ങളുള്ള ഒരു മാർബിൾ അറയാണ്. ഓരോ വശങ്ങളും സമാനമായ കൊത്തു പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിനു താഴെയുള്ള തറ ഭാഗം വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ കല്ലുകളിൽ സസ്യലതാദികളുടേയും വള്ളികളുടേയും ഫലങ്ങളുടേയും പുഷ്പങ്ങളുടേയും രൂപങ്ങൾ കൊത്തിയിരിക്കുന്നു.

മുസ്ലീം ആചാരമനുസരിച്ച് ശവകുടീരങ്ങൾ അലങ്കരിക്കുന്നത് നിഷേധകരമായ ഒരു കാര്യമായതിനാൽ ഷാജഹാൻ, മുംതാസ് മഹൽ എന്നിവരുടെ ശവകുടീരങ്ങൾ അകത്തേ അറയുടെ താഴെ തികച്ചും സമതലമായ ഒരു തറയിലാണ് ചെയ്യുന്നത്. അവരുടെ തലകൾ പുണ്യ നഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്. മുംതാസ് മഹലിന്റെ ശവകല്ലറ അകത്തളത്തിന്റെ ഒത്ത നടുക്കായിട്ടാ‍ണ് വച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനം 1.5 മീ x 2.5 മീ വിസ്തീർണ്ണമുള്ള മാർബിൽ കൊണ്ട് നിർമ്മിച്ചിരിക്കുന്നു. ഈ മാർബിൾ ഫലകങ്ങളുടെ ചുറ്റിലും വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇതു കൂടാതെ മുംതാസിനെ പുകഴ്ത്തിക്കൊണ്ടുള്ള കൈയെഴുത്ത് കൊത്തു പണികളും ചെയ്തിരിക്കുന്നു. ഷാജഹാന്റെ ശവക്കല്ലറ മുംതാസിന്റെ കല്ലറയുടെ അടുത്തായി സ്ഥാപിച്ചിരിക്കുന്നു. ഇത് മാത്രമാണ് ഈ മൊത്തം കെട്ടിടത്തിൽ അസമതലമായി അഥവാ അസിമട്റിക് ആയി കാണാവുന്ന ഒന്ന്. മുംതാസിനേക്കാൾ അല്പം വലിപ്പം കൂടിയതാണ് ഷാജഹാന്റെ കല്ലറ. മുംതാസിന്റെ കല്ലറയുടെ പോലെ തന്നെ മാർബിൾ കൊണ്ടുള്ള ഒരു അറ ഇതിനും തീർത്തിരിക്കുന്നു. വിലപിടിപ്പുള്ള കല്ലുകൾ കൊണ്ടും കൈയെഴുത്ത് കൊത്തു പണികളും കൊണ്ട് ഇതിനേയും അലങ്കരിച്ചിരിക്കുന്നു. കൈയെഴുത്ത് കൊത്തുപണികൾ ഷാജഹാനെ കുറിച്ചും അദ്ദേഹത്തെ പുകഴ്ത്തി കൊണ്ട് എഴുതിയിരിക്കുന്നു. ഈ അറയുടെ മുകളിലായി ഒരു പേനയുടെ ചെപ്പ് സ്ഥിതി ചെയ്യുന്നു. ഇത് മുഗൾ വംശജരുടെ ആചാരമനുസരിച്ച് ശവക്കല്ലറകളിൽ സ്ഥാപിക്കുന്ന ഒന്നാണ്. ഇതു കൂടാതെ ദൈവത്തിന്റെ പത്തൊൻപത് പേരുകൾ ഇവിടെ കൊത്തി എഴുതിയിരിക്കുന്നു. ഇതിന്റെ കൊത്തു പണികളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, (ഇംഗ്ലീഷിൽ:) "O Noble, O Magnificent, O Majestic, O Unique, O Eternal, O Glorious... ". ഷാജഹാന്റെ കുടീരത്തിന്റെ മുകളിൽ ഇങ്ങനെ കൊത്തി എഴുതിയിരിക്കുന്നു, (ഇംഗ്ലീഷിൽ:) ; "He traveled from this world to the banquet-hall of Eternity on the night of the twenty-sixth of the month of Rajab, in the year 1076 Hijri."

ഉദ്യാനം

തിരുത്തുക
 
ചഹർ ബാഗ് ഉദ്യാനത്തിന്റെ 360° പനോരമ ദൃശ്യം

താജ് മഹലിന്റെ ചുറ്റിലും ഏകദേശം 300 സ്ക്വകയർ മീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഉദ്യാനമാണ് ചാർ ബാഗ് ഉദ്യാനം. ഇത് ഒരു യഥാർഥ മുഗൾ ഉദ്യാനമായി കണക്കാക്കപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ നടുവിലൂടെ ഉയർത്തിയ വഴികൾ കൊണ്ട് ഉദ്യാനത്തിന്റെ നാലു ഭാഗങ്ങളായും 16 പൂത്തടങ്ങളായും തിരിച്ചിരിക്കുന്നു. ഇതിന്റെ നടുക്കായി മാർബിളിൽ ഉയർത്തി പണിതിരിക്കുന്ന വെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നു. താജ് കുടീരത്തിന്റേയും പ്രധാന തെക്കേ വാതിലിന്റേയും ഏകദേശം പകുതി വഴിയിലായിട്ടാണ് ഈ മാർബിൾ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഈ മാർബിൾ ടാങ്കിലെ വെള്ളത്തിൽ താജ് മഹലിന്റെ പ്രതിഫലനം (തെക്ക് വടക്ക് ഭാഗത്തായി) കാ‍ണാവുന്നതാണ്. മറ്റു ഭാഗങ്ങളിൽ ഉദ്യാനം പലവിധ മരങ്ങൾ കൊണ്ടും ചെറിയ ഫൗണ്ടനുകൾ കൊണ്ടും അലങ്കൃതമാണ്. .[14] ഉയർത്തി പണിതിരിക്കുന്ന ഈ മാർബിൾ വെള്ള ടാങ്ക് അൽ ഹവ്‌ദ് അൽ-കവ്‌താർ എന്നറിയപ്പെടുന്നു. .[15] പേർഷ്യൻ ഉദ്യാനങ്ങളുടെ മാതൃകയിൽ നിന്നും പ്രചോദനം കൊണ്ടിരിക്കുന്നതാണ് ചാർബാഗ് ഉദ്യാനം. ഈ രീതി ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മുഗൾ ചക്രവർത്തിയായ ബാബർ ആയിരുന്നു.

 
താജ് പ്രതിഫലിപ്പിക്കുന്ന ഫൗണ്ടനുകൾക്ക് അരികിലൂടെയുള്ള പാതകൾ

സാധാരണ മുഗൾ ഉദ്യാനങ്ങളിൽ ഉദ്യാനത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന കുടീരം ഉദ്യാനത്തിന്റെ അറ്റത്തായിട്ടാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ഈ ഉദ്യാനം നിലാവിന്റെ ഉദ്യാനം എന്ന് അറിയപ്പെടുന്നു. .[16] ഈ ഉദ്യാനത്തിന്റെ വാസ്തുവിദ്യകൾ, ഇതിന്റെ അടിസ്ഥാനം, ഇഷ്ടികകൾ വിരിച്ചിരിക്കുന്ന രീതികൾ, ഫൗണ്ടനുകൾ, മാർബിൾ നടപ്പാതകൾ, ജ്യാമീതീയ പൂത്തടങ്ങൾ എന്നിവ ജമ്മു കശ്മീരിലെ ഷാലിമാർ ഉദ്യാനവുമായി സാമ്യമുള്ളതിനാൽ രണ്ടിന്റെയും രൂപകല്പന ഷാലിമാർ ഉദ്യാനം രൂപകല്പന ചെയ്ത അലി മർദാൻ തന്നെ ആണെന്ന് കണക്കാക്കപ്പെടുന്നു. [17] ആദ്യകാല കണക്കനുസരിച്ച് ഇവിടെ റോസ്, ഡാഫോഡിൽ‌സ്, ഫലവൃക്ഷങ്ങൾ എന്നിവ ധാരാളമായി നില നിന്നിരുന്നതായി പറയപ്പെടുന്നു. [18] മുഗൾ വംശത്തിന്റെ അവസാനത്തോടെ പിന്നീട് വന്ന ബ്രിട്ടീഷുകാർ ഇതിന്റെ രൂപം ലണ്ടനിലെ ഉദ്യാനങ്ങളുടെ മാതൃകയിലാക്കുകയായിരുന്നു. [19]

ചുറ്റുമുള്ള കെട്ടിടങ്ങൾ

തിരുത്തുക
 
പ്രധാന കവാടമായ ദർവാസ-ഇ റൌസ - ഗേറ്റ്വേ ടു താജ് മഹൽ

താജ് മഹൽ കെട്ടിട സമുച്ചയം ചുറ്റിലും ചെത്തി ഭംഗി വരുത്തിയിരിക്കുന്ന ചെങ്കൽ കൊണ്ടും ചുമരുകൾ കൊണ്ടും മറച്ചിരിക്കുന്നു. മൂന്നു വശങ്ങൾ ഇത്തരത്തിൽ മറച്ചിരിക്കുകയും യമുന നദിയുടെ ഭാഗം തുറന്നിരിക്കുകയും ചെയ്യുന്‌നു. ഈ ചുമരുകൾക്ക് ചുറ്റിലും കുറെ അധികം ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൽ ഷാജഹാന്റെ മറ്റു ഭാര്യമാരുടെയും മുംതാസിന്റെ പ്രിയപ്പെട്ട ദാസിയുടെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ സമുച്ചയങ്ങളെല്ലാം ചെങ്കല്ല് കൊണ്ട് നിർമ്മിതമാണ്. ഇത് സാധാരണ മുഗൾ കെട്ടിടങ്ങൾ പോലെ തന്നെയാണ്. ഉദ്യാനങ്ങളെ അഭിമുഖീകരിക്കുന്ന ഈ കെട്ടിടങ്ങളുടെ രൂപം സാധാരണ ഹിന്ദു അമ്പലങ്ങളുടെ പോലെയായിരുന്നു. പിന്നീട് ഇതിനു മുകളിൽ ഒരു മോസ്ക് സ്ഥാപിക്കുകയും ഇതിന്റെ രൂപഭാവം മുസ്ലീം മോസ്ക് പോലെ ആക്കുകയായിരുന്നു. താജ് മഹലിന്റെ പോലെ മുകളിൽ ചത്രികളും ഇതിൽ സ്ഥാപിച്ചിരിക്കുന്നു. ഈ കെട്ടിടം ഇപ്പോൾ ഒരു മ്യൂസിയം ആയി ഉപയോഗിക്കുന്നു. താജ് മഹൽ കോംപ്ലക്സിന്റെ വാതിൽ (ദർവാസ) മാർബിൾ, ചെങ്കല്ല് എന്നിവയുടെ മിശ്രിതമായിട്ടാണ് പണിതിരിക്കുന്നത്. ഇതിന്റെ കമാനാകൃതിയിലുള്ള വാതിൽ മുഗൾ വംശജരുടെ സ്ഥായിയായ വാസ്തു രൂപമാണ്. ഇതിന്റെ മുകളിലും കൈയെഴുത്ത് കൊത്തു പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇതു കൂടാതെ പുഷ്പ അലങ്കാരങ്ങൾ കൊണ്ട് തുരന്ന കൊത്തു പണികളും ഇതിൽ ചെയ്തിരിക്കുന്നു. ഇതിന്റെ മുകളിൽ കമാനാകൃതമായ മേൽത്തട്ട്, ചുമർ എന്നിവയിൽ സമാനാകൃതമായ ജ്യാമീതീയ രൂപങ്ങൾ കൊണ്ട് കൊത്തു പണികൾ ചെയ്തിരിക്കുന്നു.

 
താജ് മഹൽ മോസ്ക് അഥവ മസ്ജിദ്ട'

താജ് മഹൽ കെട്ടിട സമുച്ചയത്തിന്റെ രണ്ട് അറ്റങ്ങളിലായി ചെങ്കല്ല് കൊണ്ട് പണി തീർത്ത ഓരോ വലിയ കെട്ടിടങ്ങൾ കുടീരത്തെ അഭിമുഖീകരിച്ചു കൊണ്ട് നില നിൽക്കുന്നു. ഇത് പടിഞ്ഞാറ്, കിഴക്ക് വശങ്ങളിലായി സ്ഥിതി ചെയ്യുന്നു. ഈ രണ്ട് കെട്ടിടങ്ങൾ എല്ലാ രീതിയിലും ഒരേ പോലെയാണ്. പടിഞ്ഞാ‍റെ വശത്തെ കെട്ടിടം മോസ്ക് ആയി ഉപയോഗിക്കുന്നു. കിഴക്ക് വശത്തെ കെട്ടിടം ജവാബ് (ഉത്തരം) എന്ന പേരിൽ അറിയപ്പെടുന്നു. ഇത് പ്രധാനമായും മറുവശത്തെ കെട്ടിടത്തിന് സമീകരണമെന്ന നിലയിൽ നിർമിച്ചതിണെന്ന് കരുതുന്നു. ഇത് മുൻപ് ഒരു അതിഥി മന്ദിരമായും ഉപയോഗിച്ചിരുന്നു .പടിഞ്ഞാറെ മോസ്ക് കെട്ടിടത്തിന്റെ തറയിൽ 569 പ്രാർഥന ഫലകങ്ങൾ സ്ഥാപിച്ചിരിക്കുന്നു. മോസ്കിന്റെ അടിസ്ഥാന രൂപകല്പന ഷാജഹാൻ പണി കഴിപ്പിച്ചിരിക്കുന്ന മറ്റു കെട്ടിടങ്ങളെപ്പോലെ തന്നെയാണ്. ഇതിന്റെ രൂപകല്പന ഡെൽഹിയിലെ ജുമാ മസ്ജിദ് പോലെ തന്നെയാണ്. ഈ കൂടെയുള്ള കെട്ടിടങ്ങൾ 1643 ഓടെ പൂർത്തീകരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്.

നിർമ്മാണം

തിരുത്തുക
 
തറയുടെ സ്ഥാന നിർണ്ണയ രൂപകല്പന

താജ് മഹൽ പണിതീർത്തിരിക്കുന്നത് ചുവരുകളുടെ നഗരം എന്നറിയപ്പെടുന്ന ആഗ്ര നഗരത്തിന്റെ തെക്ക് ഭാഗത്ത് യമുന നദിയുടെ തീരത്താണ്. മഹാരാജ ജയ് സിംഗിൽ നിന്നും വാങ്ങിയ ഭൂമിയായിരുന്നു ഇത്. പകരമായി ഷാജഹാൻ മഹാരാജ ജയ് സിങിന് ഒരു കൊട്ടാരം നൽകി എന്നാണ് പറയപ്പെടുന്നത്. [20] മൂന്ന് ഏക്കറോളം വരുന്ന ഭൂമി ആദ്യം നിരപ്പാക്കി എടുക്കുകയും പിന്നീട് യമുന നദിയുടെ നിരപ്പിൽ നിന്നും 50 മീറ്ററോളം ഉയരത്തിൽ നിരത്തി എടുക്കുകയുമായിരുന്നു. കുടീരം പണിത ഭാഗങ്ങളിൽ ആഴത്തിൽ കിണറുകൾ പോലെ പണിത് അതിൽ കല്ലും മറ്റു ഖരപദാർഥങ്ങളും നിറച്ച് അടിത്തറയാക്കി. മുളകൾ കൊണ്ട് ചട്ടക്കൂട് തീർക്കുന്നതിനു പകരം കുടീരം പണിയുന്നതിനായി തൊഴിലാളികൾ ഇഷ്ടികകൾ കൊണ്ടുള്ള ഭീമാകാരമായ ചട്ടക്കൂട് കുടീരത്തിന്റെ അതേ വലിപ്പത്തിൽ തീർത്തു. അതിനുശേഷമാണ് കുടീരത്തിന്റെ പണി തുടങ്ങിയത്. ഇത്ര വലിയ ഒരു ചട്ടക്കൂട് പൊളിക്കാൻ കാലങ്ങൾ എടുക്കുമെന്ന് ഇതിന്റെ മേൽനോട്ടക്കാർ കണക്കാക്കിയിരുന്നു. പക്ഷേ ചക്രവർത്തി ഷാജഹാൻ, ചട്ടക്കൂടിന് ഉപയോഗിച്ച ഇഷ്ടികകൾ ആർക്കും കൊണ്ടുപോകാമെന്ന് ഉത്തരവിറക്കി.അതോടെ ഒറ്റ രാത്രി കൊണ്ട് ഈ ഭീമാകാരമായ ചട്ടക്കൂട് ഗ്രാമീണരും കർഷകരും പൊളിച്ചു കൊണ്ട്പോയി . 15 കി. മീ. നീളമുള്ള ഒരു ഭൂഗർഭ പാത മാർബിളുകൾ കൊണ്ട് വരാനായി നിർമ്മിച്ചു. 20 മുതൽ മുപ്പത് വരെയുള്ള പണിക്കാർ ചേർന്നാണ് ഓരോ മാർബിൾ ഫലകങ്ങളും പണി സ്ഥലത്തേക്ക് എത്തിച്ചിരുന്നത്. ഇത് പ്രത്യേകം പണി തീർത്ത വണ്ടികളിലാണ് എത്തിച്ചിരുന്നത്. വിപുലീകരിച്ച കപ്പികൾ ഉപയോഗിച്ചുള്ള സംവിധാനം ഉപയോഗിച്ചാണ് വലിയ മാർബിൾ ഫലകങ്ങൾ മുകളിലേക്ക് എത്തിച്ചിരുന്നത്. ആവശ്യത്തിനുള്ള വെള്ളം എത്തിച്ചിരുന്നത് യമുന നദിയിൽ നിന്നും മൃഗങ്ങളെ ഉപയോഗിച്ച് വലിച്ചിരുന്ന ടാങ്കുകളിലായിരുന്നു. ഒരു പ്രധാന സംഭരണിയും അതിന്റെ അനുബന്ധമായി ചെറിയ സംഭരണികളും വെള്ളത്തിന്റെ വിതരണത്തിനായി ഉപയോഗിച്ചിരുന്നു. അതിനു ശേഷം പൈപ്പുകൾ ഉപയോഗിച്ച് അത് പണി സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.

താജ്മഹലിനെ കുറിച്ചുള്ള വീഡിയോ

ഇതിന്റെ അടിസ്ഥാന സ്തംഭപാദവും കുടീരവും പണിതീരുന്നതിനായി 12 വർഷങ്ങൾ എടുത്തു. സമുച്ചയത്തിന്റെ ബാക്കി ഭാഗങ്ങൾ പണി തീരുന്നതിനായി 10 വർഷങ്ങൾ കൂടി എടുത്തു. ഇതിൽ മീനാറുകൾ, മോസ്ക്, ജവാബ്, പ്രധാന തെക്കെ കവാടം എന്നിവ ഉൾപ്പെടുന്നു. മൊത്തം സമുച്ചയം പല തവണയായി പണിതതിനാൽ ഇപ്പോഴും നിർമ്മാണ സമയത്തെക്കുറിച്ച്‌ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ശവകുടീരം പണിതീർന്നത് 1643 ലാണെന്ന് പറയപ്പെടുന്നു. ബാക്കി പണികൾ അതിനു ശേഷവും തുടർന്നു എന്നും പറയപ്പെടുന്നു. പണി തീരാൻ എടുത്ത ചെലവുകളുടെ കാര്യത്തിലും പല അഭിപ്രായങ്ങൾ ഉണ്ട്. ഒരു കണക്കനുസരിച്ച് ചെലവ് അക്കാലത്തെ 32 ദശലക്ഷം രൂപ ആണെന്ന് കണക്കാക്കപ്പെടുന്നു. [21]

താജ് മഹൽ പണിയുന്നതിനായി ഏഷ്യയുടെ വിവിധഭാഗങ്ങളിൽ നിന്നും സാധന സാമഗ്രികൾ എത്തിച്ചു. ആയിരത്തിലധികം ആനകളെ സാധനങ്ങൾ പണി സ്ഥലത്തേക്കെത്തിക്കുന്നതിനായി ഉപയോഗിച്ചു. മാർബിൾ രാജസ്ഥാനിൽ നിന്നും ജാസ്‌പർ കല്ലുകൾ പഞ്ചാബിൽ നിന്നും , ജേഡ്, ക്രിസ്റ്റൽ എന്നിവ ചൈനയിൽ നിന്നുമാണ് കൊണ്ട് വന്നത്. ഇതു കൂടാ‍തെ തിബെത്ത്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും പലതരം കല്ലുകൾ കൊണ്ടു വന്നിരുന്നു. കൂടാതെ അറേബ്യയിൽ നിന്നും വിലപിടിപ്പുള്ള കല്ലുകൾ കൊണ്ടു വന്നിരുന്നു. വെള്ള മാർബിളുകളിൽ ഏഷ്യയുടെ വിവിധ മേഖലകളിൽ നിന്നും കൊണ്ടു വന്ന 28 തരത്തിലുള്ള വില പിടിപ്പുള്ള കല്ലുകൾ പിടിപ്പിച്ചിട്ടുണ്ട്. വെള്ള മാർബിൾ ജയ്പൂരിലെ ഒരു ഹിന്ദു രാജാവാണ്‌ നൽകിയത്[4].

 
കലാകാരന്റെ ഭാവനയിൽ താജ് മഹൽ സ്മിത്‌സോണിയൻ ഇൻസ്റ്റുസ്റ്റ്യൂഷനിൽ നിന്നും

താജ് മഹലിന്റെ പണിക്കു വേണ്ടി ഇരുപതിനായിരത്തിലധികം തൊഴിലാളികളെ വടക്കേ ഇന്ത്യയിൽ നിന്നും കൊണ്ടു വന്നു. ബുക്കാറയിൽ നിന്നും കാരുകന്മാരേയും, സിറിയ, പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് കൈയെഴുത്ത്/കൊത്തു പണിക്കാരെയും, തെക്കെ ഇന്ത്യയിൽ നിന്ന് കല്ലിൽ തുരന്ന് കൊത്തുപണി നടത്തുന്നവരേയും, ബലൂചിസ്ഥാനിൽ നിന്ന് മാർബിൾ മുറിയ്ക്കുന്നവരേയും കൊണ്ടു വന്നു. ഈ വിദഗ്ദ്ധ പണിക്കാർ അടങ്ങുന്ന 37 അംഗ സംഘമാണ് താജ് മഹലിന്റെ മൊത്തം കൊത്തു പണി, അലങ്കാര പണികൾ തീർത്തത്.

താജ് മഹലിന്റെ പണികളിൽ ഉൾപ്പെട്ടിരുന്ന ചില പണിക്കാർ:

  • പ്രധാന ഗോപുരം പണിതത് ഇസ്മായിൽ അഫാൻ‌ഡി (a.ka. ഇസ്മായിൽ ഖാൻ),[22] - ഓട്ടൊമൻ രാജവംശത്തിൽപ്പെട്ട ഈ വസ്തുവിദഗ്ദ്ധൻ താജ് മഹലിന്റെ പ്രധാന രൂപകാല്പനികനാണ്. ഗോപുരം അടക്കം പ്രധാന ഭാഗങ്ങളെല്ലാം രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്.
  • ഉസ്താദ് ഈസ - ഇറാനിൽ നിന്നും, ഇസ മുഹമ്മദ് എഫ്ഫാൻ‌ഡി - ഇറാനിൽ നിന്നു, ഇവരാണ് രൂപ കല്പനയിൽ പ്രധാനികൾ. [23][24] - പക്ഷേ , ഇവരുടെയെല്ലാം പങ്കിനെ സ്ഥിരീകരിക്കുന്ന കുറച്ച് തെളിവുകൾ മാത്രമേ നില നിൽക്കുന്നുള്ളൂ.
  • 'പുരു' ബെനാറസ് , പേർഷ്യയിൽ നിന്നും വന്ന പ്രധാന വാസ്തു വിദ്യ കാർമ്മികനായി കണക്കാക്കപ്പെടുന്നു. .[25]
  • ഖാസിം ഖാൻ - ലാഹോറിൽ നിന്നും - സ്വർണ്ണ ഫിനിയൽ രൂപകല്പന ചെയ്തത് .
  • ചിരഞ്ചിലാൽ - ഡെൽഹിയിൽ നിന്നുള്ള മിനുക്കുപണിക്കാരൻ. ഇദ്ദേഹം പ്രധാന കാരുകനും, മൊസൈക് മിനുക്കുകാരനുമായിരുന്നു.
  • അമാനത് ഖാൻ - ഷിരാസ് ഇറാൻ ൽ നിന്ന്- പ്രധാന കൈയെഴുത്ത് കൊത്തു പണിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പേര് പ്രധാന കവാടത്തിന്റെ കൈയെഴുത്ത് കൊത്തു പണികളുടെ അവസാനം എഴുതി ചേർത്തിട്ടുണ്ട്. [26]
  • മുഹമ്മദ് ഹനീഫ് - ആ‍ശാരിമാരുടെ പ്രധാന കാര്യാധിപനായിരുന്നു.
  • മിർ അബ്ദുൾ കരിം, മുക്കരിമത് ഖാൻ (ഇറാൻ)- എന്നിവർ പ്രധാന ധനകാര്യങ്ങൾ, ദിവസ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്നവരായിരുന്നു.

ചരിത്രം

തിരുത്തുക
 
സാമുവൽ ബോൺ, 1860 ൽ എടുത്ത താജ് മഹൽ ചിത്രം.
 
യുദ്ധകാലത്തെ താൽക്കാലിക സംരക്ഷണ ചട്ടക്കൂട്

താജ് മഹലിന്റെ നിർമാ‍ണത്തിനു ശേഷം ഷാജഹാന്റെ മകനായ ഔറംഗസീബ് അദ്ദേഹത്തെ ആഗ്ര കോട്ടയിൽ തടങ്കലിലാക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയുടെ അടുത്ത് തന്നെ അദ്ദേഹത്തെ അടക്കുകയും ചെയ്തു.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ താജ് മഹലിന്റെ ഒരു ഭാഗം വളരെയധികം ജീർണ്ണാ‍വസ്ഥയിലായി. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും, ഭടന്മാരും ചേർന്ന് താജ് മഹലിന്റെ ചുവരുകളിൽ നിന്ന് വിലപിടിപ്പുള്ള കല്ലുകളും രത്നങ്ങളും കവർന്നെടുത്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് വൈസ്രോയി താജ് മഹലിന്റെ പുനരുദ്ധാരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് നടന്ന പുനരുദ്ധാരണം 1908 ൽ അവസാനിച്ചു. അതോടനുബന്ധിച്ച് അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു. ഈ സമയത്താണ് ഉദ്യാനം ബ്രിട്ടീഷ് രീതിയിൽ ഇന്ന് കാണുന്ന പോലെ പുനർനവീകരിച്ചത്.

1942-ൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ജർമ്മനിയുടെ വ്യോമാക്രമണം ഭയന്ന് അന്നത്തെ ഗവണ്മെന്റ് താജ് മഹലിന് മുകളിൽ അതിനെ മറക്കുന്നതിനായി ഒരു താൽക്കാലിക ചട്ടക്കൂട് നിർമ്മിക്കുകയുണ്ടായി.ഇത്തരത്തിലുള്ള താൽക്കാലിക ചട്ടക്കൂട് പിന്നീട് 1965ലും 1971 ലും ഇന്ത്യ-പാകിസ്താൻ യുദ്ധക്കാ‍ലഘട്ടങ്ങളിൽ വീണ്ടും സ്ഥാപിക്കുകയുണ്ടായി. [27] അടുത്ത കാലങ്ങളിൽ താജ് മഹൽ പരിസ്ഥിതി മലിനീകരണം മൂലം വളരെയധികം ഭീഷണി നേരിടുന്നുണ്ട്. മഥുര എണ്ണ കമ്പനികളുടെയും യമുന നദിയിലെ മലിനീകരണം മൂലമുള്ള ആസിഡ് മഴ പ്രഭാവം കൊണ്ടും വെള്ള മാർബിളുകളുടെ നിറം മങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. താജ് മഹലിന്റെ നിറം മങ്ങുന്നതിൽ നിന്നും സംരക്ഷിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം മണ്ണ് ഉപയോഗിച്ചുള്ള ഒരുതരം സംരക്ഷണമാർഗ്ഗം അവലംബിക്കുന്നുണ്ട്. മൾട്ടാണി മിട്ടി എന്ന പ്രത്യേക തരം മണ്ണ് ഉപയോഗിച്ചാണ് ഈ നവീകരണം നടത്തുന്നത്. 1994, 2001, 2008 വർഷങ്ങളിൽ ഇത് ചെയ്തിരുന്നു. [28]

വിനോദസഞ്ചാരം

തിരുത്തുക

താജ് മഹൽ വർഷം തോറും 2 മുതൽ 4 ദശലക്ഷം ആളുകൾ സന്ദർശിക്കുന്നതായിട്ടാണ് കണക്ക്. ഇതിൽ 200,000 ലധികം വിദേശികളാണ്. ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് തണുപ്പുകാ‍ലമായ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. പുക വമിപ്പിക്കുന്ന മലിനീകരണ വാഹനങ്ങൾക്ക് താജ് മഹലിന്റെ അടുത്ത് പ്രവേശനമില്ല. സന്ദർശകർ നടന്നു എത്തുകയോ, സൈക്കിൾ റിക്ഷ മുതലായ പരിസ്ഥിതി മലിനീകരണത്തിന് കാരണമല്ലാത്ത വാഹനങ്ങൾ ഉപയോഗിച്ചോ എത്തണം. [29][30] താജ് മഹലിന് തെക്ക് ഭാഗത്തുള്ള ചെറിയ പട്ടണം താജ് ഗഞ്ച് എന്നറിയപ്പെടുന്നു. മുംതാസ്ബാദ് എന്നും പറയാറുണ്ട്. മുഗൾ കാലഘട്ടത്തിൽ ഒരു ചന്തയായി പണി തീർത്ത ഇവിടം ഇന്നും അങ്ങനെ തന്നെ സ്ഥിതി ചെയ്യുന്നു. [31]

ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുടെ പട്ടികയിൽ താജ് മഹൽ സ്ഥാനം നേടിയിട്ടുണ്ട്. ഈയിടെ പ്രഖ്യാപിച്ച പുതിയ ഏഴ് മഹാത്ഭുതങ്ങളിലും താജ് മഹൽ സ്ഥാ‍നം നേടിയിട്ടുണ്ട്. [32]

സന്ദർശന സമയം രാവിലെ 6 മണി മുതൽ വൈകുന്നേരം 7മണി വരെയാണ്. വെള്ളിയാഴ്ചകളിൽ മുസ്ലിം പ്രാർത്ഥന സമയത്ത് അടച്ചിടാറുണ്ട്. (ഉച്ചക്ക് 12 മണി മുതൽ 2 മണി വരെ). പൗർണ്ണമി നാളുകളിലും അതിനും മുൻപും പിൻപുമായി രണ്ടു ദിവസങ്ങൾ ചേർത്ത് മൊത്തം മാസത്തിൽ അഞ്ച് ദിവസങ്ങൾ രാത്രി താജ് മഹൽ തുറക്കാറുണ്ട്. (വെള്ളിയാഴ്ചകൾ അവധിയായിരിക്കും.) [1]. റംസാൻ മാസങ്ങളിൽ രാത്രി സന്ദർശനം ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ കാരണങ്ങളാൽ താജ് മഹലിനകത്തേക്ക് വെള്ളം, ചെറിയ ക്യാമറകൾ, മൊബൈൽ ഫോണുകൾ, ചെറിയ പഴ്സുകൾ എന്നിവ മാത്രമേ കടത്തി വിടുകയുള്ളൂ. [33]

എത്തിച്ചേരാൻ

തിരുത്തുക

ആഗ്രയിലേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പ മാർഗ്ഗം ഡെൽഹിയിൽ നിന്ന് റോഡ്, റെയിൽ മാർഗ്ഗമാണ്. ഡെൽഹി സരായി കാലേ ഖാൻ അന്തർ‌ദേശീയ ബസ് ടെർമിനലിൽ നിന്നും ബസ്സുകൾ ഉണ്ട്. ഇതു കൂടാതെ ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷനിൽ നിന്നും വിവിധ ട്രെയിനുകളും ഉണ്ട്.

ആഗ്രയിൽ സഞ്ചാരത്തിന് സാധാരണ നിലയിൽ ടാക്സികളും, ഓട്ടോറിക്ഷകളും ലഭ്യമാണ്. ഇതു കൂടാതെ കുതിരവണ്ടികളും ഇവിടെ സാധാരണമാണ്.

പഴങ്കഥകൾ

തിരുത്തുക

താജ് മഹൽ കെട്ടിട സമുച്ചയം സംസ്കാരികവും, ഭൂമിശാസ്ത്രപരവുമായി വളരെയധികം പ്രാധാ‍ന്യമുള്ള ഒന്നായതു കൊണ്ട് ഇതിനെ ചുറ്റിപ്പറ്റി ഒരു പാട് വ്യക്തിപരവും വൈകാരികവുമാ‍യ പഴങ്കഥകൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. [34]

 
ജീൻ-ബാപ്‌റ്റിസ്റ്റ് ടാവനിയർ, ആദ്യകാല താജ് മഹൽ സന്ദർശിച്ച യൂറോപ്യന്മാരിൽ പ്രധാനി

താജ് മഹൽ പണിതതിനു ശേഷം ഷാജഹാ‍ൻ ഒരു കറുത്ത താജ് മഹൽ യമുനയുടെ അക്കരെ ഇപ്പോഴത്തെ താജ് മഹലിന് എതിരായി പണിയാൻ ഉദ്ദേശിച്ചിരുന്നു എന്നത് നിലനിൽക്കുന്ന ഒരു കഥയാണ്. [35] ഈ ആശയം ഉരുത്തിരിഞ്ഞത്, 1665 ൽ ആഗ്ര സന്ദർശിച്ച യുറോപ്യൻ സന്ദർശകനും ജീൻ-ബാപ്‌റ്റിസ്റ്റ് ടാവനിയർ എന്ന എഴുത്തുകാരന്റെ ഭാവനയിൽ നിന്നാണ്. കറുത്ത താജ് മഹൽ പണിയുന്നതിനു മുൻപ് ഷാജഹാനെ മകനായ ഔറംഗസേബ് തടവിലാക്കിയതിനാൽ ഇത് നടന്നില്ലെന്ന് അദ്ദേഹം എഴുതി. യമുന നദിയുടെ എതിർഭാഗത്ത് മൂൺലൈറ്റ് ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന കറുത്ത മാർബിൾ കല്ലുകൾ ഇതിനെ താങ്ങുന്ന തെളിവുകളായിരുന്നു. പക്ഷേ 1990-കളിൽ നടത്തിയ ഗവേഷണങ്ങളിൽ ഇത് തെറ്റാണെന്ന് കണ്ടെത്തുകയും,ഇവ വെള്ള മാർബിളിന്റെ കഷണങ്ങൾ കാലപ്പഴക്കത്താൽ കറുത്തതായി തീർന്നതാണെന്നും കണ്ടെത്തുകയുണ്ടായി. [36]

കറുത്ത താജ് പണിയുന്നതിന്റെ കഥ തെറ്റാണെന്ന് തെളിയിക്കുന്ന ഒരു പരീക്ഷണം 2006ൽ പുരാവസ്തുഗവേഷകർ നടത്തി. മൂൺ‌ലൈറ്റ് ഉദ്യാനത്തിൽ ഒരു ചെറിയ കുളം ഇപ്പോഴത്തെ താജ് മഹലിൽ ഉള്ളതിന്റെ അതേ അളവുകളിൽ പണിയുകയും അതിൽ വെള്ള കുടീരത്തിന്റെ കറുത്ത പ്രതിഫലനം കാണുകയും ചെയ്തു. ഇതായിരിക്കാം കറുത്ത താജ് എന്ന മിത്ത് രൂപപ്പെടുത്തിയത് [37]

ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രധാന വാസ്തുശിൽപ്പികളെ, പണി തീർന്നതിനുശേഷം ഷാജഹാൻ കൊല്ലുകയോ, അംഗഭംഗം വരുത്തുകയോ ചെയ്തു എന്നത് മറ്റൊരു കഥയായി കേൾക്കപ്പെടുന്നു. മറ്റുചില കഥകൾ പ്രകാ‍രം ഇതിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാസ്തുശിൽപ്പികൾ താജ് മഹലിന്റെ പോലെയോ, ഇതിന്റെ ഭാഗങ്ങളുടെയോ പോലെയുള്ള ഒരു വാസ്തുവിദ്യകളും ചെയ്യില്ല എന്ന ഒരു കരാറിൽ ഒപ്പു വച്ചു എന്നും പറയുന്നു. [38] പക്ഷേ, ഇതിന് സ്ഥായിയായ ഒരു തെളിവും ഇല്ല. അതുപോലേ, 1830 ൽ ഇന്ത്യ ഗവണ്മെന്റ് ഗവർണ്ണറായിരുന്ന വില്യം ബെനഡിക്ട് പ്രഭു, താജ് മഹൽ പൊളിക്കാൻ ഉദ്ദേശിക്കുകയും, ഇതിലെ മാർബിൾ ലേലം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതായി പറയുന്നു. പക്ഷേ, ഇതിനും വ്യക്തമായ തെളിവുകളില്ല. ബെനടിക്ട് പ്രഭുവിന്റെ ജീവചരിത്രകാരനായ ജോൺ റോസല്ലി, ബെനഡിക്ട് പ്രഭു, ധനസംഭരണത്തിനു വേണ്ടി ആഗ്ര കോട്ടയിൽ പണിയിൽ ബാക്കി വന്ന മാർബിൾ വിൽക്കാൻ തീരുമാനിച്ചതിൽ നിന്നുണ്ടായ കഥയാണ് ഇതെന്ന് വെളിപ്പെടുത്തുന്നു. [39]

2000-ൽ പി. എൻ. ഓക്ക് നൽകിയ ഒരു അപേക്ഷ പ്രകാരം ഒരു ഹിന്ദു രാജാവാണ് താജ് മഹൽ പണിതത് എന്ന അവകാശ വാദം സുപ്രീം കോടതി തള്ളി.[40][38] ഓക്ക് തന്റെ അപേക്ഷയിൽ പറയുന്നതു പ്രകാരം, മറ്റ് ചരിത്ര സ്മാരകങ്ങളുടെ പോലെ താജ് മഹലും മുസ്ലീം സുൽത്താന്മാരുടെ പേരിലാണ് സ്ഥിതി ചെയ്യുന്നത്, പക്ഷേ അത് പണിതത് ഒരു ഹിന്ദു രാജാവാണെന്നുമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉന്നം വെച്ചുള്ള ഈ വാദങ്ങൾ സുപ്രീം കോടതി തള്ളുകയായിരുന്നു [41]


ചിത്രശാല

തിരുത്തുക

ഇതുകൂടി കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Tillitson, G.H.R. (1990). Architectural Guide to Mughal India, Chronicle Books
  2. UNESCO advisory body evaluation
  3. "Taj Mahal: Memorial to Love". PBS. Archived from the original on 2017-10-13. Retrieved 2017-10-19.{{cite web}}: CS1 maint: bot: original URL status unknown (link)
  4. 4.0 4.1 4.2 സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 100. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. http://www.pbs.org/treasuresoftheworld/a_nav/taj_nav/main_tajfrm.html
  6. Muhammad Abdullah Chaghtai Le Tadj Mahal D'Agra (Hindi). Histoire et description (Brussels) 1938 p46
  7. 'Abd al-Hamid Lahawri Badshah Namah Ed. Maulawis Kabir al-Din Ahmad and 'Abd al-Rahim u-nder the superintendence of Major W.N. Lees. Vol. I Calcutta 1867 pp384-9 ; Muhammad Salih Kambo Amal-i-Sal\lih or Shah Jahan Namah Ed. Ghulam Yazdani Vol.I (Calcutta) 1923 p275
  8. Mahajan, Vidya Dhar (1970). Muslim Rule In India. p. 200. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. Chaghtai Le Tadj Mahal p146
  10. Copplestone, p.166
  11. Taj Mahal Calligraphy - Calligraphy of Taj Mahal Agra - Taj Mahal Inscriptions and Calligraphy
  12. 12.0 12.1 Koch, p.100
  13. pbs.org
  14. "taj-mahal-travel-tours.com". Archived from the original on 2012-05-24. Retrieved 2008-12-21.
  15. Begley, Wayne E. (Mar, 1979). "The Myth of the Taj Mahal and a New Theory of Its Symbolic Meaning". The Art Bulletin. 61 (1): 14. Retrieved 2007-07-09. {{cite journal}}: Check date values in: |date= (help)
  16. Wright, Karen (July), "Moguls in the Moonlight - plans to restore Mehtab Bagh garden near Taj Mahal", Discover, archived from the original on 2007-12-09, retrieved 2008-12-21 {{citation}}: Check date values in: |date= and |year= / |date= mismatch (help)
  17. Allan, John (1958). The Cambridge Shorter History of India (edition = First). Cambridge: S. Chand. pp. 288 pages. {{cite book}}: Missing pipe in: |format= (help); Unknown parameter |origdate= ignored (|orig-date= suggested) (help), p.318
  18. The Taj by Jerry Camarillo Dunn Jr
  19. Koch, p. 139
  20. Chaghtai Le Tadj Mahal p54; Lahawri Badshah Namah Vol.1 p403
  21. Dr. A. Zahoor and Dr. Z. Haq
  22. Who designed the Taj Mahal
  23. William J. Hennessey, Ph.D., Director, Univ. of Michigan Museum of Art. IBM 1999 WORLD BOOK
  24. Marvin Trachtenberg and Isabelle Hyman. Architecture: from Prehistory to Post-Modernism. p223
  25. ISBN 964-7483-39-2
  26. "10877". Archived from the original on 2008-06-05. Retrieved 2008-12-21.
  27. Taj Mahal 'to be camouflaged'
  28. Taj Mahal Renovation Work
  29. Koch, p.120
  30. Koch, p.254
  31. Koch, p.201-208
  32. Travel Correspondent (2007-07-09). "New Seven Wonders of the World announced" (in English). The Telegraph. Archived from the original on 2011-08-25. Retrieved 2007-07-06. {{cite web}}: |author= has generic name (help); Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)CS1 maint: unrecognized language (link)
  33. DNA - India - Going to the Taj? This is all you can carry - Daily News & Analysis
  34. Koch, p.231
  35. Asher, p.210
  36. Koch, p.249
  37. Warrior Empire: The Mughals of India (2006) A+E Television Network
  38. 38.0 38.1 Koch, p.239
  39. Rosselli, J., Lord William Bentinck the making of a Liberal Imperialist, 1774-1839, London Chatto and Windus for Sussex University Press 1974, p.283
  40. PTI (2000-07-14). "Plea to rewrite Taj history dismissed". The Hindu. Archived from the original on 2014-06-05. Retrieved 8 നവംബർ 2010.
  41. Oak, Purushottam Nagesh. "The True Story of the Taj Mahal". Stephen Knapp. Retrieved 2007-02-23.

കുറിപ്പുകൾ

തിരുത്തുക
  • Asher, Catherine B. Architecture of Mughal India New Cambridge History of India I.4 (Cambridge University Press) 1992 ISBN 0-521-26728-5
  • Bernier, Françoi' Travels in the Moghul Empire A.D. 1657-1668 (Westminster: Archibald Constable & Co.) 1891
  • Carroll, David (1971). The Taj Mahal, Newsweek Books ISBN 0-88225-024-8
  • Chaghtai, Muhammad Abdullah Le Tadj Mahal d'Agra (Inde). Histoire et description (Brussels: Editions de la Connaissance) 1938
  • Copplestone, Trewin. (ed). (1963). World architecture - An illustrated history. Hamlyn, London.
  • Gascoigne, Bamber (1971). The Great Moguls, Harper & Row
  • Havel, E.B. (1913). Indian Architecture: Its Psychology, Structure and History, John Murray
  • Kambo, Muhammad Salih Amal-i-Salih or Shah Jahan Namah Ed. Ghulam Yazdani (Calcutta: Baptist Mission Press) Vol.I 1923. Vol. II 1927
  • Koch, Ebba (2006). The Complete Taj Mahal: And the Riverfront Gardens of Agra (First ed.). Thames & Hudson Ltd. pp. 288 pages. ISBN 0500342091. {{cite book}}: |format= requires |url= (help); Unknown parameter |origdate= ignored (|orig-date= suggested) (help)
  • Lahawri, 'Abd al-Hamid Badshah Namah Ed. Maulawis Kabir al-Din Ahmad and 'Abd al-Rahim under the superintendence of Major W.N. Lees. (Calcutta: College Press) Vol. I 1867 Vol. II 1868
  • Lall, John (1992). Taj Mahal, Tiger International Press.
  • Preston, Diana & Michael (2007). A Teardrop on the Cheek of Time (Hardback) (First ed.). London: Doubleday. pp. 354 pages. ISBN 9780385609470. {{cite book}}: Unknown parameter |origdate= ignored (|orig-date= suggested) (help)
  • Rothfarb, Ed (1998). In the Land of the Taj Mahal, Henry Holt ISBN 0-8050-5299-2
  • Saksena, Banarsi Prasad History of Shahjahan of Dihli (Allahabad: The Indian Press Ltd.) 1932
  • Stall, B (1995). Agra and Fathepur Sikri, Millennium
  • Stierlin, Henri [editor] & Volwahsen, Andreas (1990). Architecture of the World: Islamic India, Taschen
  • Tillitson, G.H.R. (1990). Architectural Guide to Mughal India, Chronicle Books


"https://ml.wikipedia.org/w/index.php?title=താജ്_മഹൽ&oldid=4137710" എന്ന താളിൽനിന്ന് ശേഖരിച്ചത്